01 മേയ് 2016

സമയം നില്‍ക്കുന്ന സന്ധ്യ

കടല്‍ത്തീരത്ത്‌ ഏതോ കളിയില്‍ മുഴുകിയിരുന്ന നമ്മോട്
ഒരുപാട് സ്നേഹം തോന്നിയ തിര സമ്മാനിച്ച ശംഖുകളല്ലേ ഈ ശരീരം!
അതുമായി "നമ്മൾ" എന്നാര്‍ത്ത് നീയും ഞാനും
എത്രകാലം ഈ തീരത്ത് ഓടിക്കളിച്ചു!

പൊള്ളയായ ആ ശംഖിലെ കടലിരമ്പം കേട്ട മാത്രയിൽ
നമുക്ക് ശംഖെന്നാല്‍ കടലിന്റെ മാറ്റൊലി മാത്രമായില്ലേ!

പ്രതീക്ഷിക്കാതെ ഒരു വലിയ തിരയതാ വന്നു,
അമ്പോ! നമ്മള്‍ ഭയന്ന് വിറച്ചു പോയി.
നഷ്ടപ്പെടാതിരിക്കാന്‍ മുറുകെ പിടിച്ചെങ്കിലും
"കഷ്ടം", നിന്റെ ശംഖ് മാത്രം തിരയില്‍ പെട്ടുപോയില്ലേ!

പ്രകാശം നൂലായും ഇരുട്ട് സൂചിയായും
പ്രപഞ്ചത്തിന്റെ കുപ്പായം തുന്നുന്നവനേ,
നിന്റെ നിമിഷസ്വപ്നമായിരുന്നോ ഞങ്ങളുടെ കേൾവി?

കടല്‍ത്തീരത്ത്‌ ഏതോ കളിയില്‍ മുഴുകിയിരുന്ന നമുക്ക്
ഒരു വലിയ തിര സമ്മാനിച്ച ശരീരം മാത്രമല്ലേ ഈ ശംഖുകള്‍‌!

നിന്റെയുള്ളിൽ ഞാനും എന്റെയുള്ളിൽ നീയും
കേട്ട കടലിരമ്പമല്ലേ നമ്മുടെ ജീവിതം!
ഉറങ്ങിയതും, ഉണർന്നതും, സ്വപ്നം കണ്ടതും,
ചിരിച്ചതും, കരഞ്ഞതും, ഇണങ്ങിയതും പിണങ്ങിയതും
ആ ശബ്ദത്തിന്റെ സ്വച്ഛന്ദതയിലല്ലേ!

നഷ്ടത്തിന്റെ ദുഃഖമെന്നാൽ നഷ്ടത്തിന്റെ സ്വീകാര്യതയെന്നല്ലേ?
നമ്മുടെ ആനന്ദമായിരുന്ന കേൾവിയുടെ നിരാസമെന്നല്ലേ?
നമ്മുടെ നിലനിൽപും, കേൾവിയും സ്വപ്നമാണെങ്കിൽക്കൂടി സംശയാതീതമാണ്.

ആകാശത്തിന്റെ സമയമില്ലായ്മയിലൂടെ
നമ്മൾ ഊർന്നു പോകുന്ന ആ സന്ധ്യയൊന്ന് വന്നിരുന്നെങ്കിൽ!
അന്നേരം നമ്മൾ സമയത്താൽ ബന്ധിതരല്ലാത്ത,
കളിയുടെ ആനന്ദത്താൽ ഭ്രാന്ത് പിടിച്ച,
എവിടെ നിന്നോ ഈ തീരത്ത് പൊട്ടി മുളച്ച രണ്ടു പിള്ളേരായിരിക്കണം.
അവരുടെ കളി എന്താണെന്ന് ഊഹിക്കാൻ കഴിയുമോ!
ഓടി നടന്ന് ശംഖുകൾ പെറുക്കിയെടുക്കുക,
പിന്നീട് ആർത്ത്  വിളിച്ച് അതൊക്കെ കടലിലേക്ക് വലിച്ചെറിയുക!

കടലിന്റെ കളിയിൽ പങ്കു ചേർന്ന് കടലിന്റെ ആനന്ദമറിഞ്ഞ് വേണമത്രേ
കടലിന്റെ ചില നേരമ്പോക്കുകളെ തോൽപിയ്ക്കാൻ!
അതിനായി കാത്തിരിപ്പിന്റെ എത്ര സന്ധ്യകൾ താണ്ടണം!
നമുക്ക്.

1 അഭിപ്രായം: