23 നവംബർ 2010

എന്റെ സങ്കല്പത്തിലെ യോയോ

സമകാലികമായ ശൈലികളില്‍ നിന്നും ഏറെ വ്യത്യസ്തമായ ഒരു തരം ശൈലിയാണ്‌ "യോയോ" ശൈലി. "യോയോ"വിനെ ഒരു പ്രസ്ഥാനം, ശൈലി, സമ്പ്രദായം, സംസ്കാരം, ചിന്താധാര - എങ്ങനെ വേണമെങ്കിലും വിശേഷിപ്പിയ്ക്കാം.

ഒരു ശരാശരി മനുഷ്യന്‌ "യോയോ" ആയി രൂപാന്തരം പ്രാപിയ്ക്കാന്‍ എത്രത്തോളം അധ്വാനം ആവശ്യമുണ്ട്, എന്നതിനെക്കുറിച്ച് നടത്തിയ പഠനത്തില്‍ നിന്നും ആവീര്‍ഭവിച്ച സാമാന്യമായ മാനദണ്ഡങ്ങള്‍ ആണ്‌ ഇവിടെ പ്രതിപാദിയ്ക്കുന്നത്‌. അത്ഭുതമെന്നു പറയട്ടെ! കുറച്ചു കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ആര്‍ക്കു വേണെമെങ്കിലും യോയോ ആവാം.. "യോയോ" ധാര പിന്തുടരുന്ന ഒരാള്‍ക്ക് മസില്‍ കൊണ്ട്‌ ഒന്നും ചെയ്യാനില്ല എന്നതു വളരെ വ്യക്തമാണ്‌. അതു കൊണ്ടു മെലിഞ്ഞവര്‍ക്കും, ശോഷിച്ചവര്‍ക്കും രണ്ടാമതൊന്നാലോചിയ്ക്കാതെ കണ്ണുമടച്ച്‌ തിരഞ്ഞെടുക്കാവുന്ന സമ്പ്രദായം ആണ്‌ "യോയോ".

ഭൗതികവും പ്രത്യക്ഷവുമായ രൂപത്തില്‍ നിന്നും തുടങ്ങി "യോയോ" യുടെ സൂക്ഷ്മ തലങ്ങളെ തെല്ലൊന്ന്‌ വിശകലനം ചെയ്യാനുള്ള ശ്രമമാണിവിടെ. യോയോ ധാര പിന്‍‌തുടരുന്നവര്‍ക്ക്‌ ആത്മപരിശോധന നടത്തുവാനും, യോയോ ആവാന്‍ കൊതിയ്ക്കുന്നവര്‍ക്ക്‌ ഒരു പ്രചോദനമാകാനും ഉതകട്ടെ ഈ കുറിപ്പ്‌..

യോയോയുടെ ശാരീരികമായ തലങ്ങളില്‍ നിന്നു തുടങ്ങാം.
1) തലമുടി - ടൗണിലുള്ള ടിവി വെച്ച ഹെയര്‍ ഡ്രസ്സിംഗ് സെന്ററില്‍ നിന്നു ഇഷ്ടമുള്ള ഡിസൈന്‍ തിരഞ്ഞെടുക്കാം.. ടിവി സര്‍‌വ്വസാധാരണമാകുന്നതു കൊണ്ട്‌ rate അന്വേഷിക്കുന്നതാവും കൂടുതല്‍ നന്നാവുക. എത്രത്തോളം പ്രാകൃതമാകുന്നുവോ അത്രയും നന്ന്‌. കണ്ടാല്‍ എല്ലാവരും "ഒന്നു" നോക്കണം. ഒരു പ്രാവിശ്യത്തില്‍ കൂടുതല്‍ നോക്കുന്നുണ്ടെങ്കില്‍ കാര്യമായി എന്തോ കുഴപ്പം സംഭവിച്ചിട്ടുണ്ടെന്നു വേണം കരുതാന്‍. ബ്രില്‍ ക്രീം വാങ്ങാന്‍ പറ്റുന്നവര്‍ അതു കോരിത്തേക്കുക അല്ലാത്തവര്‍ പച്ചവെളിച്ചെണ്ണ പൊത്തുക.
പുതിയ പുതിയ hair style കൊണ്ടു വരാന്‍ നിരീക്ഷണപാടവം പോഷിപ്പിച്ചേ മതിയാവൂ. M-TV, V-Channel, SS Music ഇതിലൊക്കെ വരുന്ന hip-hop ഗാനരംഗങ്ങള്‍ ശ്രദ്ധിച്ചുകൊണ്ടേയിരിക്കുക. പുത്തന്‍ "യോയോ" തരംഗങ്ങളുമായി എപ്പോഴും updated ആയിരിക്കുക.

2) മീശയും യോയോയും ഒരേ തൂവല്‍‌പക്ഷികള്‍ അല്ല. മീശയെ സ്നേഹിക്കുന്നവര്‍ക്ക്‌ യോയോ എന്നും വെല്ലുവിളി ആണെന്നു പറയാതെ വയ്യ. മീശ ഒന്നുകില്‍ trim ചെയ്യുക, അല്ലെങ്കില്‍ പൂര്‍ണ്ണമായും കളയുക. കട്ടി മീശയും വെച്ചുകൊണ്ട്‌ യോയോ lookല്‍ നടന്നാല്‍, യോയോ ദൈവങ്ങള്‍ ശപിയ്ക്കും. പിന്നെ ഒരു തിരിച്ചുവരവും ശാപമോക്ഷവും ഒക്കെ, സമയം കുറേ പിടിയ്ക്കും..

3) താടി - ബുള്‍ഗാന്‍, ഫ്രഞ്ച് എന്നീ പഴഞ്ചന്‍ styleല്‍ നിന്നു മാറി ക്രിയാത്മകമായ കൊത്തുപണികള്‍ ഉള്ള പുതു ശൈലിയിലേക്ക് വരണം. നേരത്തെ മുടിയുടെ കാര്യത്തില്‍ പറഞ്ഞ - "ഒന്നു" നോക്കണം എന്ന കാര്യം ഏറെക്കുറെ എല്ലാ "യോയോ" രീതികള്‍ക്കും ഉപയുക്തമാണ്‌.

4) കണ്ണാടി - അഥവാ glasses - "അയ്യേ.. ഇതിവനു ചേര്വോ.." എന്നു ആരും ചോദിക്കുന്ന തരത്തിലാവണം തിരഞ്ഞെടുക്കേണ്ടത്‌.. ഇതില്ലെങ്കിലും "യോയോ" ആകാം എന്നുള്ളതു കൊണ്ട് കണ്ണാടിയെ കുറിച്ചാലോചിച്ച്‌ കൂടുതല്‍ തല പുണ്ണാക്കേണ്ട കാര്യമില്ല.

5) തൊപ്പി - ഏതെങ്കിലും ഒരു തൊപ്പി, എന്തു രീതിയിലുള്ളതായാലും തൊപ്പിയായാല്‍ മതി. തൊപ്പി ഉണ്ടായേ തീരൂ..

6) ഷര്‍ട്ട് ഇറക്കം കുറഞ്ഞത്‌ പകുതി ഇന്‍സൈഡ് - അഥവാ പകുതി ഔട്ട്സൈഡ് ചെയ്യുക. യാതൊരു കാരണവശാലും മുഴുവനായി ഇന്‍സൈഡോ ഔട്ട്സൈഡോ ചെയ്യാന്‍ പാടില്ല. മുന്‍‌വശത്തെ പകുതിയോടൊപ്പം പുറകുവശം ലേശം ഇന്‍ ചെയ്യാം. എന്തായാലും കാണുന്നവര്‍ക്ക്‌ ഇന്‍സൈഡ് ആണോ ഔട്ട്സൈഡ് ആണോ എന്നു ആശയക്കുഴപ്പം ഉണ്ടാകാന്‍ പോന്നതാവണം. അത്രയും ശ്രദ്ധിയ്ക്കണം.
രണ്ട് layer ആവശ്യമുള്ളവര്‍ക്ക്‌ അകത്ത്‌ teeshirt ഉം, പുറത്ത്‌ കറുപ്പ്‌ ജാക്കറ്റും ധരിയ്ക്കാം. തണുപ്പുള്ള നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ്‌ ഈ വേഷം അഭികാമ്യം.

7) ഇനി പാന്റ് രണ്ടു പ്രധാന വിഭാഗങ്ങളില്‍ നിന്നും അഭിരുചിയ്ക്കനുസരിച്ച് യഥേഷ്ടം തിരഞ്ഞെടുക്കാം.
a) കാര്‍ഗോസ് - അകത്ത്‌ അത്രക്ക്‌ കേമമായ brand ഇല്ലാത്തവര്‍ക്കും, മാന്യതയുടെ അതിര്‍‌വരമ്പുകള്‍ക്കകത്ത് കഴിയുന്നവര്‍ക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന വളരെ ഉപയോഗപ്രദമായ ഇനം പാന്റാണിത്‌. ചറപറാ പോക്കറ്റുക്കളും, വലിയ കാലും, ഞാന്നു കിടക്കുന്ന കൊളുത്തും ആകെ ഒരു ആനച്ചന്തം ആണിവന്‌. ഇത്തിരി മെലിഞ്ഞവര്‍ക്ക് കേറി ഒന്നു മിനുങ്ങാന്‍ പറ്റുന്ന ഇനവും ഇവന്‍ തന്നെ. ഒരു ഇരുപതു കൂട്ടം സാമാനങ്ങള്‍ ഇവന്റെ പോക്കറ്റുകളില്‍ വെച്ച് അനായാസേന കൊണ്ടു പോകാം എന്ന ഒരു നേട്ടം കൂടി ഉണ്ട്‌ ഈ ചുള്ളന്‍ പാന്റിന്‌..
b) ലോ വെയ്സ്റ്റ് - അകത്ത്‌ കേമമായ brand ഉണ്ടെങ്കില്‍ മാത്രം - അതിന്റെ വിശേഷം നാട്ടുകാരെ അറിയിക്കാനും, മാന്യതയുടെ അതിര്‍‌വരമ്പുകളില്‍ "ആണോ" "അല്ലയോ" എന്നു നാട്ടുകാരെ ഇരുത്തി ചിന്തിപ്പിക്കാനും പോന്ന പോക്കിരി jeans ആണിവന്‍. മിഡി പോലെ താഴോട്ടിറക്കി, അകത്തെ ബ്രാന്‍ഡ് പ്രദര്‍ശിപ്പിച്ചു നടക്കാന്‍ പാകത്തിനേ ഇവനെ ധരിക്കാന്‍ പറ്റൂ. നാട്ടുകാരുടെ പ്രാര്‍ത്ഥനയാണോ അതോ ലോവെയിസ്റ്റിന്റെ design ആണോ ഇത്‌ ഊരിപോകാത്തതിനുള്ള കാരണം എന്ന് വ്യക്തമായി അറിവില്ല. എന്തായാലും - ഉരിഞ്ഞു ഉരിഞ്ഞില്ല, അകത്തും brand, പുറത്തും brand എന്നതൊക്കെയാണ്‌ ലോവെയിസ്റ്റ് സിദ്ധാന്തങ്ങള്‍.

8) ഫോര്‍മല്‍ ആണെന്ന് ഒരു കുഞ്ഞിനു പോലും സംശയം തോന്നാത്ത രീതിയിലുള്ള പാദരക്ഷകള്‍ വേണം തിരഞ്ഞെടുക്കാന്‍. പാദരക്ഷകള്‍ എന്നു പറയുമ്പോള്‍ ഷൂ എന്നു വേണം കരുതാന്‍. Adidas, Nike, Wu, Reebok, Woodland ഇങ്ങനെ അങ്ങോട്ട് പോകാം, അല്ലെങ്കില്‍ ഇത്തിരി തന്റേടവും, സാമര്‍ത്ഥ്യമുള്ളവര്‍ക്കായി "കമ്പിനി" സാധനങ്ങള്‍ വേറേയുണ്ട് - Adibas, Nikke, Woo, Reehok, Woodlands അങ്ങനേം പോകാം. എന്തായാലും ഷൂ ഇല്ലാതെ "യോയോ" ആവുന്നതിനെ കുറിച്ചു സ്വപ്നം കാണുകയേ വേണ്ട..

9) വാച്ച് - ഭാരം കൂടും തോറും "യോ" കൂടിക്കൊണ്ടേ ഇരിക്കും. ഇടത്തരം ഭാരം കൊണ്ട്‌ തൃപ്തിപ്പെടുന്നവര്‍ യോയോ-സാക്ഷാത്കാരം കിട്ടാതെ വെറും "യോ" ആയി ഗതി കിട്ടാതെ അലഞ്ഞു നടന്ന്‌, "യ്യോ" ആയി അവസാനിച്ച ചരിത്രവും ഉണ്ട്‌. മറ്റെല്ലാ വേഷവിധാനങ്ങളെയും പോലെ, "ഗഫൂര്‍ ക ദോസ്തിന്റെ" കടയില്‍ നിന്നും വാങ്ങാന്‍ പറ്റുന്ന ഇനം ഇതിലും ഉണ്ട്‌ - സമയം അല്ല പ്രധാനം സ്റ്റൈല്‍ ആണ്‌..

10) വള(ഒറ്റ കയ്യില്‍ മാത്രം - സ്റ്റീലിന്റെ), കടുക്കന്‍ (ഒറ്റ കാതില്‍ മാത്രം സ്റ്റീലിന്റെ), മാല(ചങ്ങല പോലുള്ളത്‌ - ഒരു കഴുത്ത്‌ മാത്രം ഉള്ളതു കൊണ്ടും, അര മാലയ്ക്ക്‌ നിലനില്പ്പില്ലാത്തതു കൊണ്ടും ഒരു മാല പൂര്‍ണ്ണമായും ധരിയ്ക്കാം).

11) Headphone/Earphone - നിര്‍ബന്ധമായും ധരിച്ചിരിക്കണം. പാട്ടുപെട്ടി ഇല്ലെങ്കിലും, earphone നിര്‍ബന്ധമായും ചെവിയിലുള്ള തുളകളില്‍ തിരുകണം, പാട്ടിന്റെ താളത്തില്‍ ഇടയ്ക്ക്‌ തല ആട്ടണം. പ്രത്യേകം ശ്രദ്ധിയ്ക്കുക - HipHop, Rock, Pop അല്ലാതെ വേറെ ഒരു genre പാട്ടുകള്‍ ഇതിനകത്തു നിന്നും കേട്ടാല്‍, അതില്‍‌പരം ഒരു നാണക്കേട്‌ ഒരു "യോയോ"ക്ക്‌ സംഭവിക്കാനില്ല. ഭക്തിഗാനവും കേട്ടു പോകുന്ന "യോയോ"വെ ആര്‍ക്കെങ്കിലും ഉള്‍ക്കൊള്ളാന്‍ പറ്റുമോ?

12) മുഖവ്യായാമം - അനുഭവത്തില്‍ നിന്നും ലഭിയ്ക്കുന്ന ഫലപ്രാപ്തി അഭിനയത്തിലൂടെ അപ്രാപ്ര്യമാണെങ്കിലും - സാമ്പത്തികമായ ഭദ്രത കൂടി പരിഗണിയ്ക്കുന്ന ഒരു യോയോ തൊഴുത്തിലും, അറവുശാലകളിലും ദിവസേന അല്പം സമയം ചെലവഴിയ്ക്കുന്നത് നന്നായിരിക്കും. പോത്ത്‌, എരുമ, പശു, ആട്‌ തുടങ്ങിയ മൃഗങ്ങളുടെ ഭോജനരീതിയും, ശൈലിയും പൂര്‍ണ്ണമായി ഉള്‍ക്കൊള്ളണം. ഇനി സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്നവര്‍ക്ക് bigbabol, boomer തുടങ്ങി orbit, Happy dent പോലുള്ള "ഒട്ടിപ്പോ" മിഠായികള്‍ സ്വാഭാവികമായി ചവച്ചു കൊണ്ടിരിയ്ക്കാം.. ഈ ചവയ്ക്കല്‍ അത്യന്താപേക്ഷിതമാണ്‌.. coolness ന്റെ ചിഹ്നമാണ്‌ ഈ ചവയ്ക്കല്‍. ചുറ്റും എന്തു മാരകമായ സംഭവങ്ങള്‍ നടന്നാലും, ചവച്ചു കൊണ്ട് എല്ലാം നേരിടണം..

സാധാരണക്കാരനായ "യോയോ" ആയാല്‍ മതിയെങ്കില്‍ ഇത്രയും കൊണ്ട്‌ അവസാനിപ്പിക്കാം. ഇത്തിരി കടുത്ത "യോയോ" ആവണമെങ്കില്‍, ശരീരത്തില്‍ ആസകലം തുളകളിട്ടു അവിടെയൊക്കെ സ്റ്റീല്‍ കൊളുത്തുകള്‍ ഞാത്തിയിട്ടു നടക്കാം.

ഇത്രയുമായപ്പോള്‍ ഭൗതികമായ വശങ്ങള്‍ ഏറെക്കുറേ പൂര്‍ത്തിയായെന്നു പറയാം. പക്ഷെ "യോയോ" അടുക്കും തോറും ആഴം കൂടി വരുന്ന സാഗരം ആണ്‌, ഒരു മിടുക്കന്‍ യോയോ ഭാഷാപരവും വാചികവുമായ ആയ ചില പ്രയോഗങ്ങള്‍ കൂടി സ്വായത്തമാക്കേണ്ടതുണ്ട്‌.
അടിസ്ഥാനപരമായുള്ള നിയമം - വാക്യങ്ങള്‍ വെട്ടി ചുരുക്കുക എന്നതു തന്നെ ആണ്‌. പിന്നെ അല്പം രൂപാന്തരങ്ങളും, കേള്‍‌വിക്കാരെ കോരിത്തരിപ്പിക്കുന്ന - ഇവന്‍ കൊള്ളാലോ - എന്നു തോന്നിപ്പിക്കുന്ന പ്രയോഗങ്ങളും..

ഒരു യോയോ മനുഷ്യന്‍ എഴുതുമ്പോള്‍ ഒരൊ വാക്കിലും യോയോ ശൈലി തുളുമ്പി നില്‍ക്കണം. വാക്കുകളിലെ അക്ഷരങ്ങള്‍ വെട്ടിച്ചുരുക്കുന്നതോടൊപ്പം താഴെ പറഞ്ഞതു പോലുള്ള ചില പരിണാമങ്ങളും അത്യന്താപേക്ഷിതമാണ്‌:-
1) my = ma (ഉദാ: my pen മറന്നേക്കൂ ഇനി മുതല്‍ ma pen)
2) s = z (s ന്റെ ഉപയോഗം പരമാവധി കുറയ്ക്കുക, z ന്റെ ഉപയോഗം പരമാവധി കൂട്ടുക. ഉദാ: becoz, wazz up, itz)
3) Yes = Yep, Yeah, Yo അല്ലെങ്കില്‍ Yup
4) OK = K
5) No = Nope (കോപ്പ്‌ ഇടയ്ക്കു പ്രയോഗിച്ചേ മതിയാവൂ)
6) want to = wanna
7) going to = gonna
8) ഡാ ചെക്കാ = Hi dude, Hey dude
9) girls = gals
10) then = den
11) there = der
12) the = d
13) are = r
14) I am = am
15) to = 2

ഇനി സന്ദര്‍ഭോചിതമായി ഉപയോഗിയ്ക്കാന്‍ പറ്റുന്ന ചില വാക്കുകളും, ശബ്ദങ്ങളും:-
1) ഒരു ഗ്യാപ് കിട്ടുമ്പോള്‍ cool എന്നു പറയണം, എത്ര hot ആണെങ്കിലും.
2) അബദ്ധം പറ്റുമ്പോള്‍, oops എന്നും, Oh! എന്നും.. പിന്നെ സ്വന്തമായി ചില പരീക്ഷണശബ്ദങ്ങള്‍ - ഓവര്‍ ആക്കാതെ പ്രയോഗിയ്ക്കുകയും ആവാം..
3) ആശ്ചര്യപ്പെടുമ്പോള്‍, WOW, OMG, Ah, Oh, huh, uh.. എന്നും.
4) നിര്‍‌വികാരത കാണിയ്ക്കാന്‍ mm, hmm എന്നൊക്കെ ഇടയ്ക്കു പറയണം.
5) അതൃപ്തി കാണിക്കാനായി, what the hell (WTH) ഉം ഇത്തിരി കടുത്ത പ്രയോഗമായ WTF ഉം പ്രയോഗിയ്ക്കാം.

എല്ലാ പ്രമുഖ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലും ഒരു account, ചേതന്‍ ഭഗതിന്റെ പുസ്തകങ്ങളോട്‌ തീക്ഷ്ണമായ ഒരു ആരാധന(5 point someone, 3 mistakes of my life ഇതു രണ്ടും വായിച്ചിട്ടൂണ്ടെന്ന് എല്ലാവരും അറിയണം). ഇതൊക്കെ ഒരു discussion ഉണ്ടാകുമ്പോള്‍ മറ്റ്‌ "യോയോ"കളുടെ ഇടയില്‍ പിടിച്ചു നില്‍ക്കാന്‍ ഗുണം ചെയ്യും..
ഫോട്ടോയ്ക്ക്‌ പോസ് ചെയ്യുമ്പോള്‍ "യോയോ" അടയാളം നിര്‍ബന്ധമായും കാണിയ്ക്കണം - ചൂണ്ടാണി വിരലും നടുവിരലും ചേര്‍ത്ത്‌ ഒരു വശത്തേയ്ക്കും, മോതിരവിരലും ചെരുവിരലും ചേര്‍ത്ത് മറുവശത്തേയ്ക്കും V ആകൃതിയില്‍ പിടിച്ച്‌ നില്‍ക്കുന്നതാണ്‌ അന്തരാഷ്ട്ര അംഗീകാരം ഉള്ള "യോയോ" അടയാളം.

വെറുതെ നില്‍ക്കുമ്പോള്‍, ഇടതുകയ്യിന്റെ പെരുവിരല്‍ പാന്റിന്റെ ഇടതു പോക്കറ്റിലും, വലതുകയ്യിന്റെ പെരുവിരല്‍ പാന്റിന്റെ വലതു പോക്കറ്റിലും താഴ്ത്തി, ചുമലുകള്‍ നന്നായി മുകളിലേക്കു stretch ചെയ്ത ശേഷം, ഇടത്തോട്ടും വലത്തോട്ടും, അരയ്ക്കു മുകള്‍ഭാഗം പതുക്കെ ചലിപ്പിച്ചു കൊണ്ടിരിയ്ക്കാം. ഇടയ്ക്കു ചുമലുകള്‍ താഴ്ത്തി വിശ്രമിയ്ക്കാം; ഒരു ഇടവേളയ്ക്കു ശേഷം ഇതു വീണ്ടും ആവര്‍ത്തിയ്ക്കാം.

ആദ്യകാലങ്ങളില്‍ മറ്റുള്ളവര്‍ക്ക് "യോയോ" മനുഷ്യനെ സ്വീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടാവും. "എടാ ബെടക്കേ, എന്താണ്ടാ അന്റെ കയുത്തില്‌ ഇയ്യ് ചങ്ങല ഞാത്തി നടക്കണത്‌.." എന്നു പറഞ്ഞ ആളുകള്‍ തന്നെ, പിന്നീട്‌, "ഓനോ.. ഓനാളൊരു യോയോ ല്ലേ മോനേ" എന്നു പറയും. അന്നാണ്‌ യഥാര്‍ത്ഥത്തില്‍ ഒരു "യോയോ" വിന്റെ ജനനം.

42 അഭിപ്രായങ്ങൾ:

 1. kalakki mashe....

  Superb... Hats off:)

  engane undu ente comment "yo yo" alle ?

  മറുപടിഇല്ലാതാക്കൂ
 2. തീര്‍ച്ചയായും കമന്റ് യോയോ തന്നെ!
  യോയോ കമന്റിന്‌ നന്ദി!!

  മറുപടിഇല്ലാതാക്കൂ
 3. "യോയോ" ധാര പിന്തുടരുന്ന ഒരാള്‍ക്ക് മസില്‍ കൊണ്ട്‌ ഒന്നും ചെയ്യാനില്ല എന്നതു വളരെ വ്യക്തമാണ്‌. അതു കൊണ്ടു മെലിഞ്ഞവര്‍ക്കും, ശോഷിച്ചവര്‍ക്കും ഒരു പോലെ തിരഞ്ഞെടുക്കാവുന്ന സമ്പ്രദായം ആണ്‌ "യോയോ" മസില് എന്നു കേള്ക്കുന്പോഴേ കലിയാണ്... ആ മസിലിന്റെ കഥ ഇവിടെ.http://mahircmr.blogspot.com/2010/11/blog-post.html..
  ഒരു സംശയം അയ്യയ്യോ ലോപിച്ചാണോ യോയോ ഉണ്ടായത്?.Superb ഒരു പാട് ചിരിപ്പിച്ചു.

  മറുപടിഇല്ലാതാക്കൂ
 4. ആദ്യമായാണിവിടെ. നന്നായിട്ടുണ്ട് കിരണ്‍!! ആശംസകള്‍!!

  മറുപടിഇല്ലാതാക്കൂ
 5. കലക്കി മോനെ... ജ്ജ് ഒരു വല്ലാത്ത പഹയന്‍ തന്നെ!!

  മറുപടിഇല്ലാതാക്കൂ
 6. സൂപ്പര്‍ബ്.........

  കട്ടി മീശയും വെച്ചുകൊണ്ട്‌ യോയോ lookല്‍ നടന്നാല്‍, യോയോ ദൈവങ്ങള്‍ ശപിയ്ക്കും. പിന്നെ ഒരു തിരിച്ചുവരവും ശാപമോക്ഷവും ഒക്കെ, സമയം കുറേ പിടിയ്ക്കും..


  നാട്ടുകാരുടെ പ്രാര്‍ത്ഥനയാണോ അതോ ലോവെയിസ്റ്റിന്റെ design ആണോ ഇത്‌ ഊരിപോകാത്തതിനുള്ള കാരണം എന്ന് വ്യക്തമായി അറിവില്ല.

  എന്തായാലും ഇഷ്ടായി......

  മറുപടിഇല്ലാതാക്കൂ
 7. haha !!! tatto inte kaaryam marannu !!!! athalle ippozhathe latest yoyo !! :)

  മറുപടിഇല്ലാതാക്കൂ
 8. @all
  എല്ലാവരും ആദ്യമായി വന്നതാണെന്നു തോന്നുന്നു, ഇവടം വരെ വന്നതിനും, വായിച്ചതിനും നന്ദി :)

  @mahir
  ഹാ.. ഇഷ്ടിക :D അയ്യയ്യോ ലോപിച്ചാണോ, യോയോ ഉണ്ടായത്‌? ആര്‍ക്കറിയാം.. ആവാനും chance ഉണ്ട്‌..

  @ഞാന്‍
  എന്റെ പേരെന്താണെന്നറിഞ്ഞില്ല :) എന്തായാലും വായിച്ചതിന്‌ നന്ദി :D

  @ആശിഷ്
  പോടാ ഹിമാറേ :)

  @ചെലക്കാണ്ട് പോടാ
  പേര്‌ കേട്ടപ്പോള്‍ ഞാന്‍ ശരിക്കും പേടിച്ചു! കലി പൂണ്ട വല്ല യോയോ യും ആണോന്നു വിചാരിച്ചു..

  @JK
  ശരിയാ ടാറ്റൂന്റെ കാര്യം മറന്നുപോയി.. ഹി ഹി.. ആ പരസ്യം ആണ്‌ ഓര്‍മ്മ വരുന്നത്‌, TATA DOCOMO ആണെന്നു തോന്നുന്നു. അമ്മേ ദേ നോക്ക്‌ എന്നു പറഞ്ഞ്‌ ഒരു പെണ്‍കുട്ടി പുറത്തെ ടാറ്റൂ കാണിച്ചു കൊടുക്കുന്നതും, ഒരു നിമിഷം എല്ലാം നിശ്ചലമായ ശേഷം അമ്മ ചിരിക്കുന്നതും :)

  മറുപടിഇല്ലാതാക്കൂ
 9. Wow!
  Cool post dude!
  Wanna tell u dat u rocked!

  തുണിയുപയോഗിച്ച് യോയോ ആകാൻ ഈ ജന്മത്തു കഴിയില്ല!
  എന്നാപ്പിന്നെ ആ ഫാഷ ഒന്നു പരൂഷിക്കാം എന്നു വച്ച്‌!

  എങ്ങനൊണ്ടെന്റെ ഫാഷ? യോ യോ അല്ലിയോ!?

  മറുപടിഇല്ലാതാക്കൂ
 10. @jayanEvoor
  cool honey ;)
  പിന്നേ.. ഫാഷ യോയോ അല്ല്യോന്നോ!!

  മറുപടിഇല്ലാതാക്കൂ
 11. @റിയാസ് (മിഴിനീര്‍ത്തുള്ളി), @shahir
  yO :D

  മറുപടിഇല്ലാതാക്കൂ
 12. യോയോ യെ കാണുന്ന നാട്ടില്‍ ഉള്ളവര്‍ക്കെല്ലാം ഒരു പ്രാര്‍ത്ഥന മാത്രേ ഉള്ളൂ. "ദൈവമേ ഇവന്‍റെ പാന്റ് ഊരിപ്പോവാതെ കാത്തു കൊള്ളേണമേ" എന്ന് മാത്രം. :)

  മറുപടിഇല്ലാതാക്കൂ
 13. അജ്ഞാതന്‍നവംബർ 26, 2010 1:17 PM

  Thakartheda moneeee.. Neeyanu yathartha yoooo.. :) Really good one da.. :)

  മറുപടിഇല്ലാതാക്കൂ
 14. i got this as a forwarded email !!! is that from your blog it started?

  മറുപടിഇല്ലാതാക്കൂ
 15. കിടിലം അളിയാ...കലക്കീട്ടുണ്ട്ട്ടാ...!!!

  മറുപടിഇല്ലാതാക്കൂ
 16. സുഹൃത്തെ, ഒരു സംശയം ചോദിക്കട്ടെ?എന്നെപ്പോലെ വയസ്സായവര്‍ക്കും "യോയോ" ആകാന്‍ പറ്റുമോ?

  മറുപടിഇല്ലാതാക്കൂ
 17. @റെവറി
  തിരുത്തലുകള്‍ക്കു നന്ദി പുത്രീ :)

  @Aneesh Anand
  I didnt forward the content however. Posted this on Nov 23 :)

  @സൂര്യജിത്ത്
  ഹേ ഡ്യൂഡ്! Thank you!

  @appachanozhakkal
  എന്തുകൊണ്ടായിക്കൂടാ.. തീര്‍ച്ചയായും.. C'mon dude :)

  മറുപടിഇല്ലാതാക്കൂ
 18. കൊള്ളാം മാഷേ..
  ഞാന്‍ യോ യോ ക്ക് പഠിക്കാന്‍ തുടങ്ങുകയായിരുന്നു.
  എങ്ങനെ വേണം, എവിടെ തുടങ്ങണം എന്നൊന്നും ഒരു ഐഡിയ ഉണ്ടായിരുന്നില്ല.
  ഇപ്പൊ എല്ലാം കിട്ടി.. ഐ മീന്‍, എല്ലാം തികഞ്ഞു.
  ഇനി ഞാന്‍ തന്നെ തമ്പുരാന്‍..
  yo dude.. gotta ma point..yeah?

  മറുപടിഇല്ലാതാക്കൂ
 19. "ഓനോ.. ഓനാളൊരു യോയോ ല്ലേ മോനേ"


  കലക്കന്‍സ് ..യോ ..യോ ...അയ്യോ........................................

  മറുപടിഇല്ലാതാക്കൂ
 20. @അംജിത്
  yO man. yO.. got ur point!

  @ഭൂതത്താന്‍
  നന്ദി ഭൂതത്താനേ..

  മറുപടിഇല്ലാതാക്കൂ
 21. എടാ പഹയാ ....ഞാന്‍ ഇന്നാ ഇതു കാണുന്നെ...കൊള്ളാം ..kiduuu ....

  മറുപടിഇല്ലാതാക്കൂ
 22. വായിച്ചപോള്‍ കോരിത്തരിച്ചുപോയി .
  ആ ശൈലിയും , വൃത്തവും , പ്രസങ്ങളും എല്ലാം പ്രസംസനീയം തന്നെ .പക്ഷെ , ഒരു യോയോ ആകുവാന്‍ അത്യാവശ്യം വേണ്ട ഒരു കാര്യം അതില്‍ വിട്ടു പോയി.

  ഒരു യോയോ സദാസമയവും ചെയ്തിരിക്കേണ്ട പ്രവൃത്തിയാണ്‌ *അയവിറക്കല്‍*. നാല്‍കാലി വര്‍ഗങ്ങള്‍ക് മാത്രം പറ്റുന്ന പണിയല്ല ഇത് എന്ന് നാട്ടുകാരെ വിളിച്ചറിയിക്കും വിധമായിരിക്കണം ഇതിന്റെ ചവക്കല്‍.കയ്യിലെ സാമ്പത്തികമനുസരിച്ചു ബിഗ്‌ ബബ്ബില്‍, ബൂമര്‍ എന്നിവയില്‍ തുടങ്ങി ഓര്‍ബിറ്റോ അതിനു മുകളിലുള്ളതോ ആയ പശ മിട്ടായികള്‍ ഉപയോഗിക്കാം.

  മറുപടിഇല്ലാതാക്കൂ
 23. @christu
  :) danks!

  @Ganesh
  യ്യോ... ശരിയാണല്ലോ.. U said it dude!!!

  മറുപടിഇല്ലാതാക്കൂ
 24. യോ യോ യ്ക്ക് ചവയ്ക്കല്‍ അത്യന്താപേക്ഷിതമാണെന്ന് കണ്ടെത്തി വിലയേറിയ ആ അഭിപ്രായം ഇവിടെ പങ്കു വെച്ച ഗണേഷിന്‌ നന്ദി. ഗണേഷിന്റെ അഭിപ്രായം ഇന്ന് യോയോ നിയമങ്ങളുടെ കൂട്ടത്തില്‍ പന്ത്രണ്ടാമത്തെ നിയമമായി രൂപാന്തരം പ്രാപിച്ചിരിയ്ക്കുന്നു..

  മറുപടിഇല്ലാതാക്കൂ
 25. അജ്ഞാതന്‍ഡിസംബർ 22, 2010 12:30 PM

  Flash News...

  ജെട്ടി കാണിച്ച് നടത്തം: പൊലീസ് പിഴയീടാക്കും


  മലബാര്‍ മേഖലയില്‍ പുതിയൊരുതരം ഫാഷന്‍ ഭ്രമം കാട്ടുതീ പോലെ പടര്‍ന്ന് പിടിക്കുകയാണ്. വീട്ടില്‍ നിന്ന് മാന്യമായി വസ്ത്രം ധരിച്ച് പുറത്തിറങ്ങുന്ന ‘പിള്ളേഴ്സ്’ വീടിന് പുറത്തെത്തിയാല്‍ പാന്‍റ്‌സ് വലിച്ചിറക്കുകയായി.

  ഇട്ടിരിക്കുന്ന ജെട്ടിയുടെ മുകള്‍‍ഭാഗമെങ്കിലും പുറത്ത് കാണിക്കുന്ന തരത്തിലാണ്‌ പാന്‍റ്‌സ് വലിച്ചിറക്കുക. ‘ലോവെയ്സ്റ്റ് സ്റ്റൈല്‍’ എന്നാണെത്രെ ഈ ഫാഷന്‍റെ പേര്‌! ഇങ്ങിനെ അടിവസ്ത്രം കാണിച്ച് നടക്കുന്ന പിള്ളേരെക്കൊണ്ട് മലബാറികള്‍ പൊറുതിമുട്ടിയിരിക്കുന്ന സാഹചര്യത്തില്‍ പൊലീസ് ജനത്തിന്‍റെ രക്ഷയ്ക്ക് എത്തിയിരിക്കുകയാണ്‌.

  പൊതുസ്ഥലങ്ങളില്‍ ജെട്ടി പ്രദര്‍ശനം നടത്തുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ 100 രൂപ പിഴയീടാക്കും എന്നാണ്‌ പൊലീസ് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ഇക്കഴിഞ്ഞ ദിവസം ചാവക്കാട് ബസ്റ്റാന്‍ഡില്‍ പൊലീസ് ഇത് പരീക്ഷിക്കുകയും ചെയ്തു.

  ജെട്ടി കാണിക്കുന്ന രീതിയില്‍ പാന്‍റിറക്കി ബസ്റ്റാന്‍ഡില്‍ വിലസിയ ചുള്ളന്‍മാരെ കൊണ്ട്‌ തോറ്റ ഒരുകൂട്ടം ആളുകള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ചാവക്കാട്‌ പൊലീസ് രംഗത്തെത്തുകയും ചുള്ളന്‍മാര്‍ക്ക് 100 രൂപാ വച്ച് ഫൈനിടുകയും ചെയ്തു. പിള്ളാരുടെ പുതിയ ഫാഷന്‍ ഭ്രമത്തെ പറ്റി അവരുടെ വീട്ടുകാരെ അറിയിക്കാനും പൊലീസ് മറന്നില്ല. മക്കള്‍ ജെട്ടി കാണിച്ചാണ്‌ പുറത്ത് വിലസുന്നത് എന്നറിഞ്ഞ മാതാപിതാക്കള്‍ ഞെട്ടലിലാണ്‌.

  അടിവസ്ത്രം പുറത്തുകാണുന്ന വിധം നൂറുകണക്കിന്‌ പേരാണ്‌ മലബാര്‍ മേഖലയിലെ പൊതുസ്ഥലങ്ങളില്‍ ചുറ്റിക്കറങ്ങുന്നതെത്രെ. ഇവരെ പിടികൂടാന്‍ മഫ്ടി വേഷത്തില്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിക്കുന്നു. ജെട്ടി കാണിച്ച അമ്പതോളം പേരെയാണ്‌ കഴിഞ്ഞ ദിവസങ്ങളില്‍ പിടികൂടി, പിഴ ഈടാക്കിയത്.

  ചാവക്കാടുള്ള യുവാക്കള്‍ക്കാണ്‌ ഈ ഭ്രമം ഏറ്റവുമധികം എന്ന് പൊലീസ് പറയുന്നു. കോഴിക്കോടും തൃശൂരും അപൂര്‍വമായി ഇത്തരക്കാരെ കാണാനുണ്ട്. ഇത് ഫാഷനല്ല എന്നും ഒരുതരം മനോരോഗം ആണെന്നും നാട്ടുകാര്‍ പറയുന്നു.

  മറുപടിഇല്ലാതാക്കൂ
 26. അജ്ഞാതന്‍ജനുവരി 14, 2011 2:16 AM

  വളരെ നന്നായിട്ടുണ്ട്. dis iz real cool ..:)

  മറുപടിഇല്ലാതാക്കൂ
 27. "ഒരു ഗ്യാപ് കിട്ടുമ്പോള്‍ cool എന്നു പറയണം, എത്ര hot ആണെങ്കിലും, അബദ്ധം പറ്റുമ്പോള്‍, oops എന്നും, Oh! എന്നും.. പിന്നെ സ്വന്തമായി ചില പരീക്ഷണശബ്ദങ്ങള്‍ - ഓവര്‍ ആക്കാതെ പ്രയോഗിയ്ക്കുകയും ആവാം " ithu super any kiraa...

  ithu vayichu kazhinjappozhanu oru karyam manassilayathu.. "yoyo" pillers ethra mathram kashtapedunnundu.... ooopps

  മറുപടിഇല്ലാതാക്കൂ
 28. http://adakkamaram.wordpress.com/2011/12/15/%E0%B4%A6%E0%B4%BF-yo-%E0%B4%AB%E0%B4%BE%E0%B4%95%E0%B5%8D%E0%B4%9F%E0%B4%B0%E0%B5%8D%E2%80%8D/

  Found this in my fb link

  മറുപടിഇല്ലാതാക്കൂ