15 ജനുവരി 2011

ഇന്റര്‍‌വ്യൂ

പണ്ട് ഫിലിപ്പോസ് സാറ് പഠിപ്പിച്ചു തന്ന "ഏകതാന പ്രവേഗത്തിലുള്ള പിണ്ഡത്തെ" പോലെ, വാതില്‍ ഒരേ വേഗത്തില്‍ നീങ്ങി, പതുക്കെ പൂര്‍ണ്ണമായും അടഞ്ഞു..
ചില്ലുജാലകത്തിന്റെ അടുത്ത് ഇരുന്നിരുന്ന രണ്ടു പേര്‍ അവന്റെ ചേഷ്ടകള്‍ നിരീക്ഷിച്ചു കൊണ്ടിരിയ്ക്കുന്നു.. കാലില്‍ കാല്‍ കയറ്റി വെച്ചിരിയ്ക്കുന്ന ഒരാള്‍, പിന്നെ കണ്ണാടി വെച്ച വേറൊരാള്‍.. രണ്ടു പേരും ക്ലീന്‍ ഷേവ്, തണ്ടുകള്‍ ചെത്തി മാറ്റിയ ചെടി ആസകലം തളിര്‍ത്ത് പൊടിയ്ക്കുന്നതു പോലെ പച്ച നിറം വ്യാപിച്ചു തുടങ്ങിയിട്ടുണ്ട്, രണ്ടു പേരുടെയും കവിളുകളില്‍ ..

കാലില്‍ കാല്‍ കയറ്റി വെച്ചിരുന്നയാള്‍ - "ഗുഡ് ആഫ്റ്റര്‍നൂണ്‍.. പ്ലീസ് ടെയ്ക് യുവര്‍ സീറ്റ്.."

ഇരുന്നപ്പോള്‍ ആദ്യം താഴേക്ക് പോയ ഇരിപ്പിടം, പിന്നീട് അവന്റെ ഭാരവുമായി സമവായത്തിലായി.. മുന്നിലിരിയ്ക്കുന്ന രണ്ടാളുടെ ശ്വാസോച്ഛ്വാസവും, പിന്നെ അവന്റെ നെഞ്ചിടിപ്പും.. വേറേ ഒരു ശബ്ദവും മുറിയ്ക്കകത്തില്ല.. ടെക്‍നോളജിയുടെ അതിപ്രസരം ഉള്ള ശീതീകരിച്ച മുറി.. റൂംഫ്രെഷ്നറുടെ വില കൂടിയ ഗന്ധം അനര്‍ഹമായ ഒരു ഔദാര്യത്തിന്റെ ഗര്‍‌വ്വോടെ അവനെ ശ്വാസം മുട്ടിയ്ക്കുന്നുണ്ട്... കറുത്ത ചില്ലു ജാലകത്തിന്റെ പുറത്ത് ഏതോ സോഫ്റ്റ്‌വെയര്‍ കമ്പനിയുടെ പിരമിഡ് ആകൃതിയിലുള്ള സമുച്ചയങ്ങള്‍... അതിന്റെ വെണ്ണക്കല്‍ ചുമരുകളില്‍ വെള്ളിമേഘങ്ങളുടെ പരകായ പ്രവേശം...

കണ്ണാടി വെച്ച ആള്‍ അവന്റെ റെസ്യൂമേ പരിശോധിയ്ക്കുകയായിരുന്നു. പഠിത്തം കഴിഞ്ഞ് ആദ്യം ജോലിയില്‍ പ്രവേശിച്ച ചന്ദ്രു ആണ്‌ റെസ്യൂമേ ഉണ്ടാക്കാന്‍ അവനെ സഹായിച്ചത്‌. പേഴ്സണല്‍ ഡീറ്റെയില്‍സും, അക്കാഡമിക് ഡീറ്റെയില്‍സും മാത്രം മാറ്റിയാല്‍ മതി എന്നായിരുന്നു അവന്റെ നിര്‍ദ്ദേശം. അതിലെഴുതിയത്‌ ചോദിയ്ക്കുമ്പോള്‍ പറയാനുള്ള രീതി, മുഖഭാവം, ശബ്ദത്തിന്റെ ഘനം, ഇടേണ്ട കുപ്പായം എന്നു വേണ്ട ശ്രദ്ധിയ്ക്കേണ്ട എല്ലാ കാര്യങ്ങളും അവന്‍ വിശദമായി തന്നെ ഉപദേശിച്ചിരുന്നു.. നാലു കൊല്ലം എഞ്ചിനീയറിങ് കോളേജില്‍ പഠിച്ചെങ്കിലും റെസ്യൂമെ കാണുന്നത് ചന്ദ്രു അയച്ചു തന്നപ്പോള്‍ മാത്രമാണ്‌. ചന്ദ്രുവിന്റെ ആരൊക്കെയോ ബാംഗ്ലൂരിലും, കൊച്ചിയിലും, പുറത്തും ഒക്കെ ഐ.ടി. കമ്പനിയില്‍ വര്‍ക്ക് ചെയ്യുന്നുണ്ട്.. അതു കൊണ്ട് അവന്‍ പറഞ്ഞത് അക്ഷരം പ്രതി അനുസരിച്ചു..

കാലില്‍ കാല്‍ കയറ്റി വെച്ച ആള്‍ അവനെ ഇമ വെട്ടാതെ നോക്കി ഇരിയ്ക്കുന്നു. അതു കണ്ടപ്പോള്‍ ആകെ ഒരു വല്ലായ്മ. റംല മാത്രമേ അവനെ അതിനു മുമ്പ് അത്രയും നേരം ഇമ വെട്ടാതെ നോക്കിയിരുന്നിട്ടുള്ളൂ.. മേശയുടെ മുകളില്‍ വെച്ചിരുന്ന പളുങ്ക് പാത്രത്തില്‍ സ്വന്തം മുഖഭാവങ്ങള്‍ അവരറിയാതെ ഇടയ്ക്കിടയ്ക്ക് അവന്‍ നിരീക്ഷിയ്ക്കുന്നുണ്ട്... മുഖത്ത് ചന്ദ്രു പറഞ്ഞ ആ കോണ്‍ഫിഡന്‍സ് ഇല്ലേ...?

"ഓക്കെ.. പ്ലീസ് ഇന്‍‌ട്രൊഡ്യൂസ് യുവര്‍സെല്‍ഫ്..", റെസ്യൂമെയില്‍ ലോകസഞ്ചാരം നടത്തിക്കൊണ്ടിരുന്ന കണ്ണുകളെ വലിച്ചെടുത്ത് അയാള്‍ അവനെ സൂക്ഷിച്ചു നോക്കി..

അവന്റെ നെഞ്ച് പടപടാ ഇടിച്ചു. ഇപ്പോള്‍ പറയേണ്ടിയിരുന്ന "അയാം റിഷാദ്.. ബേസിക്കലി ഫ്രം കാലിക്കറ്റ്. " ഉം, ആവര്‍ത്തിച്ചു പഠിച്ച മറ്റെല്ലാ കാര്യങ്ങളും ശരീരമാസകലെയുള്ള ധമനികളിലൂടെ തലയ്ക്കകത്തേയ്ക്ക് ഇരച്ചു കയറി... പിന്നീട് പല പല ബിന്ദുക്കളില്‍ ചെന്ന് അതെല്ലാം അപ്രത്യക്ഷമായി... ഒരു മൂര്‍ച്ഛ..
ബാപ്പായുടെ മുറുക്കാന്റെയും, വിയര്‍പ്പിന്റെയും ഗന്ധം മുറിയ്ക്കകത്തേയ്ക്ക് അടിച്ചു കയറുന്നതു പോലെ.... റൂംഫ്രെഷ്നറുടെ വിലകൂടിയ ഗന്ധത്തിന്റെ രൂക്ഷത കുറഞ്ഞു..

"മോനേ റിഷാദേ..", ബാപ്പായുടെ ശബ്ദം
"വാപ്പാ......"
"ഇഞ്ഞിബഡെ ഇന്റഡുത്ത്‌ കുത്തിരിക്കി..."
"എന്താ ബാപ്പാ...?"
"അന്നോട് ഞമ്മക്ക് ചെലദ് പറയാന്‌ണ്ട്‌..."
"പറ ബാപ്പാ......"
"അന്നം മുട്ട്യാലും ഇഞ്ഞാരെ എടുത്തും തലേം കുനിച്ച് നിക്കണ്ടി വരര്‍ത്.. കേട്ടിക്കോ...?"
"കേട്ട് ബാപ്പാ....."
"പിന്നാ...... ഹറാമായിറ്റിള്ള കാര്യത്തിനൊന്നും ഇഞ്ഞ് പോഗൂലാന്ന് ഞമ്മക്കറയാ.. ഇന്നാലും.."
"ഇല്ല ബാപ്പാ......."
"സത്യം അന്റ സൈഡിലാണെങ്കില്‌ ഇഞ്ഞ്‌ ഒരിക്കലും ബേജാറഗര്‍ത്.. പടച്ചോനു നെരക്കാത്തതൊന്നും ഇഞ്ഞ് പറയ്വേം ചെയ്യ്വേം ചെയ്യര്‍ത്.."
"ഇല്ല ബാപ്പാ........"

വല്ലാത്ത ഒരു ആശ്വാസം.. നെഞ്ചിടിപ്പ് കുറഞ്ഞു കുറഞ്ഞ് സാധാരണത്തെ പോലെയായി.... വര്‍ത്തമാനം പറയുമ്പോള്‍ ഒച്ചയിടറി വിറയ്ക്കുമെന്ന് ഉറപ്പിച്ചതായിരുന്നു, പക്ഷെ ഇപ്പോള്‍... വീട്ടില്‍ ഉമ്മയോടും ബാപ്പയോടും സംസാരിയ്ക്കുന്നത് പോലെ സംസാരിയ്ക്കുവാന്‍ പറ്റുമെന്ന് ഒരു തോന്നല്‍.... അവന്റെ വിളറിയ മുഖഭാവങ്ങള്‍ പളുങ്കുപാത്രത്തില്‍ നിന്ന്‌ അപ്രത്യക്ഷമായി.. അവന്റെ കാതില്‍ ബാപ്പയുടെ വാക്കുകള്‍... അവന്റെ നാവിനിപ്പോള്‍ ബാപ്പായുടെ മുറുക്കാന്റെ ചൂര്‌...

അവന്‍ ഇന്‍‌ട്രൊഡ്യൂസ് ചെയ്തു തുടങ്ങി..
"ഞമ്മന്റെ പേര്‌ റിഷാദ്. പൊര കോയിക്കോട്ട്, കാട്ടിലപ്പീടിഗ - വെങ്ങളം ഓവര്‍ ബ്രിഡ്ജിന്റെ സെയ്ഡില്‌.. ബാപ്പായ്ക്ക് ഏലത്തൂരുള്ള ഈര്‍ച്ച മില്ലിലായിനും പണി.. ഇപ്പോ ഇല്ല.. കയിഞ്ഞ കൊല്ലം ബാപ്പാ മയ്യത്തായി... ഒര്‌ ഇത്താത്ത ണ്ട്‌.. സുഹറത്താത്ത.. ഓളെ നിക്കാഹ് കയിഞ്ഞ് ഇപ്പൊ തലശ്ശേരീലാണ്‌.. ഇപ്പോ പൊരേല് ഉമ്മേം ഞാനും മാത്തറം..
പ്ലസ് ടു കയിഞ്ഞേരത്ത് ഞമ്മള്‌ ഡിഗ്രി ഫിസിക്‍സ് എടുത്തുംകാണ്ടിറ്റ് പോഗാന്ന് ബെച്ചതായിനും.. നോക്കുമ്പൊ ഉമ്മാക്കും ബാപ്പാക്കും ഇന്നെക്കൊണ്ട് എഞ്ചിനിയര്‍ ന്റെ പടിത്തം പടിപ്പിയ്ക്കണന്ന് ബല്ലാത്ത പൂതി.. അങ്ങനെ കുറ്റിപ്പുറത്ത് ചേര്‍ന്ന്.. പടിച്ച്... ഇപ്പ ഇതാ ഇക്കൊല്ലം ഞമ്മള്‌ പാസ് ഔട്ട് ആയി.."

"ഓക്കെ.. ബിഫോര്‍ കണ്ടിന്യൂയിങ് ഫര്‍ദര്‍.. ഡോണ്ട് യു നോ ദാറ്റ് വി ആര്‍ ഏന്‍ എം.എന്‍.സി? ഏന്‍ഡ് ഔര്‍ ക്ലയന്റ്സ് ആര്‍ ഓഫ് ഇന്റര്‍‌നാഷനല്‍ സ്റ്റാന്‍‌ഡേര്‍ഡ്സ്? വീ എക്‍സ്പെക്‍റ്റ് ദാറ്റ് ഫ്രം യൂ ടൂ.."
"ഇങ്ങളെ രണ്ടാളേം മോന്തായം കണ്ടപ്പോ തോന്നി ഇങ്ങക്ക് മലയാളത്തില്‌ പറഞ്ഞാ തിരിയൂന്ന്.. അതോണ്ടാ ഞമ്മള്‌.. ഐ നോ ഇംഗ്ലീഷ്... ഓള്‍ദോ.. നോട് മച് ഫ്ലൂവന്റ്... "

"സൗണ്ട്സ് ഇന്റെറെസ്റ്റിങ്.. സോ, വാട്ട് ആര്‍ യുവര്‍ പേഷന്‍സ്?", ഇത്തവണ ചോദിച്ചത് കണ്ണട വെച്ച ആളാണ്‌.

"ഓരോ നേരത്തും പലേ പലേ പാഷന്‍സ് ആര്‍ന്ന്.. പണ്ട് നന്നെ ചെറുതായേരത്ത്, ഉസ്കൂള്‌ പൂട്ടുമ്പം.. പരപ്പനങ്ങാടീല്‌ള്ള ഉമ്മാന്റെ പൊരേലേക്ക് തീവണ്ടീല്‌ പോണതായിനും ഞമ്മന്റെ പാഷന്‍.. ലേശം പാടെ ബലുതായേരം പൊരേന്ന് ഉസ്കൂള് വരെ സന്ദീപിന്റെം, റംലേന്റെം കൂട്ടത്തില്‌ സൊറേം പറഞ്ഞ് നടക്ക്‌ന്നതായി പാഷന്‍.. പിന്ന..... ഒമ്പതില്‌ പടിയ്ക്കുമ്പളാണ്‌ റംലേമായിറ്റ് പിരിശത്തിലാവണത്.. അന്നൊക്കെ എടവയീന്ന് ഒറ്റയ്ക്ക് കാണുമ്പോ, ഓളെ കയ്യില്‌ പിച്ചുന്നതായിനും ഞമ്മന്റെ പാഷന്‍..... അപ്പൊ ഓള മൊകം ചോന്നു ബരും.. ഇനിപ്പോ പിച്ചില്ലെങ്കില്‌ ഓള്‌ ഞമ്മളക്കൊണ്ട് പിച്ചിക്കും.. ഞമ്മന്റെ ഹൂറി ആയിനു ഓള്‌..
പിന്ന ഓളെ ബാപ്പാ, ഓളെ നിക്കാഹ് ഒര്‌ ലോഹ്യക്കാരന്റെ ദോസ്തുആയിറ്റ് ഒറപ്പിച്ചപ്പോ... കൊറേ ദെവസം തലക്കണേന്റെ മേലെ മൊകോം ബെച്ച് കരയലായിരുന്ന് ഞമ്മന്റെ പാഷന്‍.. ഇന്റെ ബാപ്പാ മയ്യത്തായേരത്താണ്‌ ഓളെപ്പറ്റിള്ള ബെസമോം, ബിജാരോം കൊറഞ്ഞത്.. അപ്പഴേക്ക് ഓള്‌ ഒന്നു പെറ്വേം ചെയ്ത്.... ഇപ്പോ ഉമ്മാന്റെ ഇത്തിരി മോകങ്ങള്‌, അതാണ്‌ ഇന്റെ പാഷന്‍...."

"സൗണ്ട്സ് ഗുഡ്.. നവ്.. ഏന്‍സര്‍ ഏ സിമ്പിള്‍ ക്വെസ്റ്റ്യന്‍... വൈ ഷുഡ് വീ ഹയര്‍ യൂ?", കാലില്‍ കാല്‍ കയറ്റി വെച്ചയാള്‍ വിളിയ്ക്കാതെ വന്ന ഒരു അമ്പരപ്പ് വിഴുങ്ങിക്കൊണ്ട് ചോദിച്ചു.
"ഇങ്ങളെന്താണിപ്പറയണത്‌.. നേരത്ത ടെക്‍നിക്കല്‍ ഇന്റര്‍‌വ്യൂ ചെയ്തോര്‌ പറഞ്ഞീനല്ലോ, ഞമ്മളെ പെര്‍ഫോമന്‍സ് തരക്കേടില്ലാന്ന്‌.. ന്നിട്ടല്ലേ ഓല്‌ ഇങ്ങളടുത്തേക്ക് ഞമ്മള ബിട്ടേ... പിന്നെന്താണ്‌ ഇങ്ങളിങ്ങനെ കണ്ണീച്ചോരല്ലാത്ത ചോദ്യം ചോദിയ്ക്കണത്‌..?"

"ഐ മീന്‍.. വാട്ട് ബെനിഫിറ്റ് ഡു യു തിങ്ക് ദാറ്റ് യൂ ഹേവ്.. ദാറ്റ് വില്‍ ഹെല്പ് ഇന്‍ ദ ഗ്രോത് ഓഫ് ദ കമ്പനി?", അയാള്‍ തുടര്‍ന്നു.
"ഞമ്മക്ക് കായി കിട്ട്വാണെങ്കില്‌ ഇങ്ങളെ പണി ഞമ്മള്‌ ഉഷാറായിറ്റ്, മൊഞ്ചാക്കി‌ ചെയ്ത് തരും.. ഉമ്മാക്ക് കൊറച്ച് മോകങ്ങള്‌ണ്ട്‌... ഞമ്മക്കും.. ആദ്യം പുത്യേ ഒര്‌ പൊര, വയ്‌ത്താലെ ഒര്‌ സിഫ്റ്റ് കാറ്‌‌, പിന്ന കൊറേ കാണാത്ത സ്തലങ്ങള്‌ അയിന്റാത്ത്‌ ചുറ്റാന്‍ പോഗല്‌... ഐറ്റാല്‌ എന്തെല്ലം.. ഐനൊക്കെ നല്ലോണം കായി ബേണം.."

"സോ ദാറ്റ് മീന്‍സ് ഈഫ് യു ഗെറ്റ് ഏ ബെറ്റര്‍ ഓഫര്‍ യൂ വില്‍ ലീവ് അസ്..? ഏന്‍ഡ് യൂ ഡുനോട്ട് ഹേവ് എനി ഇന്റെറെസ്റ്റ് ഇന്‍ ദി കമ്പനി..?"
"ആ കാര്യത്തില്‌ ഇങ്ങക്ക് ഒര്‌ സംശോം ബേണ്ട.. ഇപ്പൊ ഞമ്മക്ക് കായാണ്‌ ബലുത്.. അത്‌ മറന്നിറ്റ്‌ള്ള ഒര്‌ പണിയ്ക്കും ഞമ്മള്‌ നിക്കൂല.. തോനെ കായി തരാന്ന് പറഞ്ഞ് ആരേലും ബിളിച്ചാ... പടച്ചോനാണെ ഞമ്മള്‌ പോഗും.. അദാണ്‌ ഞമ്മന്റെ അവസ്ത... ഇങ്ങക്കൊന്ന്‌ കേക്കണോ.. ഞമ്മള്‌ പാസ്പോര്‍ട്ട് ബരെ എടുത്ത് ബെച്ചിക്കി.. ലേശം പാടെ കയിഞ്ഞ് ഒര്‌ എക്‍സ്പീരിയന്‍സ് ഒക്ക ആയിറ്റ് മജീദിന്റെ ഇക്കാ കത്തറ്‌ല്‌ പണി നോക്കാന്ന്‌ പറഞ്ഞിറ്റ്‌ണ്ട്‌.. പിന്ന.. ഇനിക്ക് ഇന്ററസ്റ്റ് ഇണ്ടോന്ന് ഇങ്ങക്കെന്താ ഒരു സംശം? ഇങ്ങള്‌ ബേജാറാഗണ്ട.. ഇങ്ങള പണി നടക്കും.. ഞമ്മളെ ബിശ്വസിക്കിം..."

"വാട്ട് ആര്‍ യുവര്‍ പ്ലേന്‍സ് ഫോര്‍ ദ നെക്സ്റ്റ് റ്റൂ യിഏഴ്‌സ്?", വീണ്ടും കണ്ണട വെച്ചയാള്‍..
"റംലേനെ കെട്ട്‌ന്നത്‌ മൊതല്‌ക്ക് അങ്ങോട്ട്ള്ള ഞമ്മളെ ഒരുമാരിപ്പെട്ട സഗല പ്ലാന്വേളും പൊളിഞ്ഞ്..... അതോണ്ട്‌ ബല്യേ കിനാവും പ്ലാനിങ്ങും ഇപ്പോ ഞമ്മക്കില്ല.. മുന്ന പറഞ്ഞ പോലെ ഞമ്മള്‌ അങ്ങോട്ട് ചെയ്യാന്ന് ബിജാരിക്ക്‌ന്ന്ണ്ട്.. അങ്ങന ഒര്‌ ബിസ്വാസം ഞമ്മക്ക്‌ണ്ട്‌...
രണ്ട് കൊല്ലം പോയിറ്റ് ഒര്‌ കൊല്ലത്തേയ്ക്ക് ഇള്ള പ്ലാനിങ് പോലും ഞമ്മക്ക്‌ ഇപ്പോ ഇല്ല.. ഞമ്മള പ്ലാനിങ്ങിപ്പൊ ദാ ഈ മിനിറ്റിനാണ്‌... ഐലും കൂഡേല്‌ ഇല്ല..."

"ഓക്കെ റിഷാദ്.. വീ വില്‍ ഗെറ്റ് ബേക് ടു യു സൂണ്‍ ഐതര്‍ വേ...
വെല്‍.... ഡു യു ഹേവ് എനിതിങ് ടു നോ ഫ്രം അസ്?"
"ആദ്യങ്ങള്‌ ഗെറ്റ് ബാക്ക് ചെയ്യി.. ന്നിട്ട് ഞമ്മള്‌ ചോദിയ്ക്കാ.. മുന്നപ്പോയ രണ്ട് സ്തലത്തും പലേ കാര്യങ്ങള്‌ ഞമ്മള്‌ ചോദിച്ചറിഞ്ഞ്... എല്ലം ബെറുദനേ ആയിപ്പോയി.. ഞമ്മളെ എടുത്തില.. ന്തിനാ ഇപ്പോ ബെറുക്കനെ ഓരോ കാര്യങ്ങള്‌ അറയുന്നേ... പൈശേന്റെ കാര്യം അറയ്വാണെങ്കില്‌ തരക്കേടില്ലായിനും..."

"വീ ഹേവ് ടു തിങ്ക് ഓഫ് ദാറ്റ്.. വില്‍ ഗെറ്റ് ബേക് ടു യൂ.. താങ്ക്‌ യൂ ഫോര്‍ സ്പെന്റിങ് ടൈം വിത് അസ്.."
"ന്നാ.. അങ്ങനെ ആവട്ടെ.. അപ്പൊ ഞമ്മള്‌ പോണ്‌.."
അവന്‍ വാതില്‍ തുറന്ന് പുറത്ത് പോകുന്നത്‌ രണ്ട് പേരും അതിശയത്തോടെ നോക്കിയിരുന്നു..

ഏകതാന പ്രവേഗത്തില്‍ വാതില്‍ വീണ്ടും അടഞ്ഞു കഴിഞ്ഞപ്പോള്‍ കാലില്‍ കാല്‍ കയറ്റി വെച്ചിരുന്ന ആള്‍ ആ പോസ് മാറ്റി, കണ്ണട വെച്ച ആളോട്‌ പറഞ്ഞു...
"പടച്ചോനേ... പലേ ഹിമാറ്വേളേം ഇന്റര്‍‌വ്യൂ ചെയ്തിന്‌.. പക്കെങ്കില്‌ ഓനെപ്പോലൊര്‌ മനുസനെ ഞമ്മളിദ് ആദ്യായിറ്റാ.. ഓന്‍ പറഞ്ഞദ് മുയുക്കനും കേട്ടിനോ ഇഞ്ഞ്‌...?"
"കേട്ടിന്‌ മോനേ.. ഓനാളൊര്‌ നര്യാ....", ഇന്റര്‍‌വ്യൂ തുടങ്ങാന്‍ നേരം വലിച്ചെടുത്ത് സൂക്ഷിച്ച ദീര്‍ഘശ്വാസം പുറത്തേയ്ക്ക് വിട്ടുകൊണ്ട്‌ കണ്ണട വെച്ചയാള്‍ പ്രതികരിച്ചു.

25 അഭിപ്രായങ്ങൾ:

 1. ഈയിടെയായി കൊമെടിയില്‍ ആണല്ലോ കൂടുതല്‍ താല്പര്യം എന്ന് തോന്നുന്നു..

  മറുപടിഇല്ലാതാക്കൂ
 2. കൊള്ളാം കൊള്ളാം,
  ക്ലൈമാക്സ്‌ അടിപൊളി........

  മറുപടിഇല്ലാതാക്കൂ
 3. കലക്കി, നല്ലൊരു ഇന്റര്‍വ്യൂ തന്നെ :)

  മറുപടിഇല്ലാതാക്കൂ
 4. "ഞമ്മക്ക് കായി കിട്ട്വാണെങ്കില്‌ ഇങ്ങളെ പണി ഞമ്മള്‌ ഉഷാറായിറ്റ്, മൊഞ്ചാക്കി‌ ചെയ്ത് തരും.. ഉമ്മാക്ക് കൊറച്ച് മോകങ്ങള്‌ണ്ട്‌... ഞമ്മക്കും.. ആദ്യം പുത്യേ ഒര്‌ പൊര, വയ്‌ത്താലെ ഒര്‌ സിഫ്റ്റ് കാറ്‌‌, പിന്ന കൊറേ കാണാത്ത സ്തലങ്ങള്‌ അയിന്റാത്ത്‌ ചുറ്റാന്‍ പോഗല്‌... ഐറ്റാല്‌ എന്തെല്ലം.. ഐനൊക്കെ നല്ലോണം കായി ബേണം.."

  മറുപടിഇല്ലാതാക്കൂ
 5. സംസാര ഭാഷ വായിച്ചെടുക്കാന്‍ അല്പം ബുദ്ധിമുട്ടി,എങ്കിലും നിരാശപ്പെടേണ്ടിവന്നില്ല. ക്ലൈമാക്സ് അത്യുഗ്രനായി..ആശംസകള്‍...!!

  മറുപടിഇല്ലാതാക്കൂ
 6. റിഷാദ് നരിയാണെങ്കീ ജ്ജൊരു കുറുനരിയാ മോനെ.. അന്റെയീ പുതീ സ്റ്റൈല്‍ ഞമ്മക്കും പുടിചിക്ക്ണ്. അയിന്റെടക്ക്‌ പണ്ട് സ്കൂളില് പണ്ടാരടക്കിയ ഫിസിക്സ്‌ കേറ്റീത് വല്ലാത്ത ഹറാംപെറപ്പായി പോയി. കോയിക്കോടന്‍ ഹലുവേന്റെടക്ക് കലത്തപ്പത്തിന്റെ മുറി ബെദരിയ ചെലായിക്കണ് അത്.

  മറുപടിഇല്ലാതാക്കൂ
 7. വാപ്പയുടെ ഉപദേശ സ്മരണക്ക് ശേഷമുള്ള ഇന്റർ വ്യൂ പെർഫോമൻസ് ഭാഷാ പ്രയോഗത്താൽ മെച്ചമായി.അഭിനന്ദനങ്ങൾ

  മറുപടിഇല്ലാതാക്കൂ
 8. നല്ലൊരു പോസ്റ്റ്..ഒഴിവു കിട്ടുമ്പോള്‍ ഇവിടേക്ക് ഒന്ന് വന്നു നോക്കുക http://www.computric.co.cc/

  മറുപടിഇല്ലാതാക്കൂ
 9. വായിച്ച്‌ അഭിപ്രായം പറഞ്ഞ എലാവർക്കും ഞമ്മന്റെ സ്പേഷൽ സലാം.. ഇങ്ങക്കൊക്കെ ഇഷ്ടായി എന്ന്‌ അറഞ്ഞപ്പോ പെരുത്ത്‌ സന്തോഷായി..

  @അംജിത്‌ -
  ഹലാക്കിലെ ഫിസിക്സ്‌ കാറി ബന്നത്‌ അനക്ക്‌ പിടിച്ചിലേ.. റിഷാദിന്റെ പെരുത്ത്‌ ഇഷ്ടള്ള സബ്ജക്റ്റാ അത്‌. അതാ "ഏകതാന പ്രവേഗം" കേറി ബന്നതും :)

  മറുപടിഇല്ലാതാക്കൂ
 10. ഞാന്‍ നേരത്തെ വായിച്ചിരുന്നു.... കമന്റാന്‍ വൈകി ...

  എനിക്കീ concept ഒരുപാട് ഇഷ്ടപ്പെട്ടു ... ഒരു പുതിയ ഐഡിയ...
  ഭാഷ ഞമ്മക്ക് പണ്ടേ പെരുത്ത് ഇഷ്ടന്നെ :)

  മറുപടിഇല്ലാതാക്കൂ
 11. ജ്ജ് ആള് പുല്യന്നെ...ഉസാര്‍ ആയിക്കുന്നു ട്ടോ!!

  മറുപടിഇല്ലാതാക്കൂ
 12. കൊള്ളാം. ഭാഷ പ്രയോഗം വളരെ ഇഷ്ടപ്പെട്ടു. ഒരു ചോദ്യം ഈ റിഷാടിനെ ഞാനറിയുമോ :)

  മറുപടിഇല്ലാതാക്കൂ
 13. വായിച്ച് അഭിപ്രായം പറഞ്ഞതിന്‌ എല്ലാവര്‍ക്കും നന്ദി
  @ജയേഷ്
  ആ റിഷാദല്ല ഈ റിഷാദ്.

  മറുപടിഇല്ലാതാക്കൂ
 14. ഇന്റര്‍വ്യൂ കലക്കി . നല്ല കോണ്‍സെപ്റ്റ്.

  മറുപടിഇല്ലാതാക്കൂ
 15. ന്റെ ബദരീങ്ങളെ ഞമ്മക്കീ പുത്തി നേരത്തെ കിട്ടീലല്ലോ അല്ലെങ്കില് ഞമ്മളും ഇപ്പം ഒരു ഇന്റെര്ബ്യു എങ്കിലും എടുകുആയിനി... എന്നാലും പടച്ചോനെ ഓന്റെ ഒരു സ്റ്റൈല്‍ ഞമ്മക്ക് പെരുത്തിഷ്ടായി

  മറുപടിഇല്ലാതാക്കൂ
 16. നന്നായിട്ടുണ്ട്
  ഞാന്‍ ഇവിടെ പുതിയതാ...


  റിപ്ലേ ചെയുമ്പോള്‍ HTML tags ഉപയോഗിക്കുവാന്‍

  പറ്റുന്നില്ല....

  മറുപടിഇല്ലാതാക്കൂ
 17. ഹലോ പവനായി.. കമന്റിനു നന്ദി :) HTML tags, ഇപ്പോ ബ്ലോഗര്‍ എന്താ ചെയ്യുന്നതാവോ....

  മറുപടിഇല്ലാതാക്കൂ