31 ഒക്‌ടോബർ 2012

വാഗമൺ വിളിക്കുന്നു

പോകാന്‍ തന്നെ അവസാനം തീരുമാനിച്ചു. ഞങ്ങള്‍ അഞ്ചു പേരായിരുന്നു യാത്രയ്ക്കുണ്ടായിരുന്നത്. കാക്കനാട് നിന്ന് വാഗമണിലേക്ക് ഏതാണ്ട് 96 കിലോമീറ്റര്‍ ഉണ്ട്.  വഴി തെറ്റിപ്പോകാതിരിക്കാനായി പ്രധാന സ്ഥലങ്ങൾ കുറിച്ചെടുക്കണമെന്ന് അന്ന് കാലത്ത് പല്ല് തേക്കുമ്പോള്‍ സോണിക്ക് വെളിപ്പെട്ടിരുന്നു. ഒരു പുണ്യ പ്രവൃത്തി ചെയ്യാന്‍ പ്രേരിപ്പിക്കുന്ന സൌമനസ്യത്തോടെ അവന്‍ അത് എന്നെ ഏല്പിച്ചു. ഒരു തുണ്ടം കടലാസിലേക്ക് mapല്‍ നിന്ന് ആറ് സ്ഥലങ്ങള്‍ ഞാന്‍ പെറുക്കിയെടുത്ത് എഴുതി - പുത്തന്‍കുരിശ്, മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, മൂലമറ്റം, വാഗമണ്‍‌.

"രാത്രി അധികം വൈകുന്നതിന് മുമ്പ് തിരിച്ചെത്തണം.. തരപ്പെട്ടാല്‍.. കുറച്ചു ഫ്രൂട്ട്സും വാങ്ങണം", ഇത്രേം മാത്രമേ അവള്‍ ആവശ്യപ്പെട്ടുള്ളൂ.. "തരപ്പെട്ടാല്‍" എന്ന വാക്കിന്റെ അര്‍ത്ഥതലങ്ങള്‍ ഗതകാലസ്മരണകള്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ തലച്ചോറില്‍ രേഖപ്പെടുത്തി.

സോണിയുടെ വാഹനത്തിന്റെ കന്നി യാത്ര ആയിരുന്നു അത് - രാവിലെ വീട്ടില്‍ നിന്ന് ഓഫീസിലേക്കും, വൈകീട്ട് തിരിച്ചും ഉള്ള പതിവ് സഞ്ചാരം മാത്രമേ അതിനു ശീലമുണ്ടായിരുന്നുള്ളൂ.

ആദ്യം ഇന്ഫോപാര്‍ക്കിനു പുറകു വശത്തുകൂടെയുള്ള ഗേറ്റ് വഴി അകത്തു കടക്കണം. മുന്‍വശത്തു കൂടെയാണ് പുത്തന്‍കുരിശ് ചെന്നെത്തുന്ന റോഡ്‌. ആരുടെ കയ്യിലും ഐ.ഡി.കാര്‍ഡില്ല. അതില്ലാതെ ആ പരിസരത്തിനു അകത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ല. സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ ഓരോ വണ്ടിയും സൂക്ഷ്മമായി പരിശോധിച്ചിട്ടാണ് അകത്തേക്ക് വിടുക.

വാഹനം ഗെയിറ്റിനടുത്തെത്താറായി . "ഇവന്മാരെ ഒന്ന് വിശദമായി പരിശോധിച്ചേക്കാം", എന്ന് പറയുമായിരുന്ന ആജ്ഞാനുവർത്തിയായ സെക്യൂരിറ്റി ചേട്ടനെ അത് വഴി പോയ ബംഗാളി പയ്യന്‍ ഒരു സംശയം തീര്‍ക്കാനെന്നോണം വിളിച്ചു. ഒരു നിമിത്തം പോലെ അവിടെ വന്ന വാഗമൺ ദേവതയുടെ സ്വന്തം സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ ഗേറ്റ് തുറന്നു തന്നു, ഞങ്ങൾ സുരക്ഷിതരായി അകത്തു കടന്നു.. അങ്ങനെ മങ്ങിതുടങ്ങിയ ശുഭാപ്തിവിശ്വാസം വീണ്ടെടുത്ത് യാത്ര തുടര്‍ന്നു.

വഴികള്‍ പറയാന്‍ ജോളിയുടെ മൊബൈല്‍ അപ്ലിക്കേഷനും, എന്റെ തുണ്ടം കടലാസും മത്സരിച്ചുകൊണ്ടിരുന്നു.

ഇടയ്ക്ക്  തിരക്കുള്ള ഏതോ കവലയില്‍ വെച്ച് ഒരോട്ടോറിക്ഷ വന്ന് സ്കൂട്ടറിനെ ഇടിച്ചിട്ടു. ഇടിച്ചത് ഓട്ടോറിക്ഷക്കാരന്റെ ധൃതിയും അശ്രദ്ധയും കാരണമായിരുന്നെങ്കിലും, വീണ സ്കൂട്ടറുകാരന്‍ സാധാരണ രീതിയില്‍ പ്രതികരിക്കാഞ്ഞത് കൌതുകമായിരുന്നു. ചുവാങ് സു പറഞ്ഞത് കേട്ടിട്ടുണ്ടോ?

ഒരാള്‍ പുഴ കടക്കുകയായിരുന്നു
ഇടയ്ക്ക് ഒരു ഒഴിഞ്ഞ തോണി അയാളുടെ തോണിയില്‍ വന്നിടിച്ചു
മുൻശുണ്ഠിക്കാരനായിട്ടും അയാള്‍ ദേഷ്യപ്പെട്ടില്ല
പക്ഷെ  തോണിയില്‍ ഒരാളുണ്ടായിരുന്നെങ്കില്‍
അയാള്‍ കോപത്തോടെ അലറും
ചീത്ത വിളിക്കുന്നത് മറ്റെയാള്‍ കേള്‍ക്കുന്നില്ലെന്നു കണ്ടാല്‍ കൂടുതല്‍ ഒച്ചത്തില്‍ ചീത്ത വിളിക്കും
പിന്നീട് ശപിക്കാന്‍ തുടങ്ങുകയായി.
എല്ലാം തോണിയില്‍ ഒരാളുള്ളത് കൊണ്ട് മാത്രം
തോണി ഒഴിഞ്ഞതായിരുന്നെങ്കില്‍
അയാള്‍ ഒച്ച വെക്കില്ലായിരുന്നു, ദേഷ്യപ്പെടുകയുമില്ലായിരുന്നു.

സ്കൂട്ടറിൽ വന്നത് ചുവാങ് സു ഒന്നും ആയിരുന്നില്ല, അയാൾക്ക് അതിന്റെ പുറകേ പോകാൻ സമയം
ഇല്ലായിരുന്നു എന്ന് തോന്നുന്നു - അതിലും വിലകൂടിയ ഒരു ലക്ഷ്യം അയാൾക്കുണ്ടായിരിക്കണം.
വീണ സ്കൂട്ടറും പൊക്കിയെടുത്ത് അയാള്‍ യാത്ര തുടര്‍ന്നപ്പോള്‍ അപകടത്തിന്റെ ആ ലോകം അസ്തമിച്ചു.

പ്രാതലിന്റെ ഊര്‍ജം എരിഞ്ഞടങ്ങുന്നത് വരെ വീണ്ടും നിര്‍ത്താതെയുള്ള യാത്ര.

ഭക്ഷണം കഴിക്കാന്‍ കയറിയ ഹോട്ടല്‍, ഏതോ ഒരു നദിക്കരയില്‍ ആയിരുന്നു. അകത്തു ഓരോ മേശയിലും ഒരു കുഞ്ഞു ഫിഷ്‌ ബൌള്‍. ഓരോ ബൌളിലും രണ്ടോ മൂന്നോ ചെറിയ മത്സ്യങ്ങള്‍.
ഞങ്ങളുടെ മേശക്കു മുകളില്‍ വെച്ച ബൌളില്‍ ഈയിടെ പ്രസവിച്ച ഒരു പൊടിമീനും ഉണ്ടായിരുന്നു. ആദ്യം കണ്ടപ്പോള്‍ മത്സ്യത്തിന്റെ കാഷ്ഠം ആണെന്നാണ്‌ കരുതിയത്‌, പക്ഷെ വേഗത്തില്‍ കുതിച്ചു ചലിക്കുന്നതു കണ്ടപ്പോഴാണ് ജീവനുണ്ടെന്നു മനസ്സിലായത്‌.
വെറുതെ ജീവിച്ചു കൊണ്ട് മറ്റുള്ളവരെ ആകര്‍ഷിക്കുന്നത് എന്തൊരു ബോറന്‍ ജീവിതമാണ്. പക്ഷെ സമുദ്രത്തിലെ പഴയ സ്വാതന്ത്ര്യബോധം ബൌളിലെ ഓളങ്ങളില്‍ ഉറങ്ങികിടക്കുന്നുണ്ടാവും, വഴികള്‍ ഗോളാകൃതിയില്‍ അവസാനിക്കുമ്പോള്‍ അവരതിനെ അറിയാന്‍ ശ്രമിക്കുന്നുമുണ്ടാകും.

ചിന്തകള്‍ കാട് കയറുന്നതിനു മുമ്പേ - ഭാഗ്യം - വെജിറ്റബിള്‍ ബിരിയാണി വന്നു! ബിരിയാണിയില്‍ കുറച്ചു ചോറും കുറെ മസാലയും. ചോറ് കിട്ടാന്‍ മസാലക്കിടയില്‍ ഏറെ നേരം ഖനനം ചെയ്യേണ്ടിവന്നെങ്കിലും ബിരിയാണി എനിക്കിഷ്ടമായി. തണുത്ത കുടിവെള്ളവും, പഫ്സിന്റെ തോട് പോലുള്ള ഒരു സാധനവും, കറുത്ത വട്ടത്തിനകത്ത് വെളുത്ത പേസ്റ്റ്  ഉള്ള ബിസ്ക്കറ്റും വാങ്ങി അവിടെ നിന്ന് ഇറങ്ങി.
ആദ്യം ഇത്തിരി ദൂരം വഴി തെറ്റി മൂലമറ്റം പവര്‍ ഹൌസിന്റെ ഭാഗമായ ഒരു ഗുഹയ്ക്ക് മുന്നില്‍ ചെന്നെത്തി, ഗുഹയിലെക്കൊരു വഴി മാത്രമായപ്പോള്‍, തെറ്റ് തിരുത്തി ഞങ്ങള്‍ മടങ്ങി.

പോകുന്ന വഴിയില്‍ നിറയെ പച്ചക്കുന്നുകള്‍, തേയിലത്തോട്ടങ്ങള്‍, പേരറിയാത്ത ചെടികള്‍..
ആനയുടെ മണം ഇടയ്ക്കിടയ്ക്ക് വരുന്നുണ്ടായിരുന്നു.
വള്ളികള്‍ പോലെ വേരുകള്‍ ഇല്ലാതെ, ചെടികളില്‍ തൂങ്ങി കിടക്കുന്നതു "മൂടില്ലാ താളി"യാണെന്ന് ജോളി പറഞ്ഞു. വേരുകള്‍ ഇല്ലാത്ത അതിജീവന രഹസ്യം വിശദീകരിക്കുവാനുള്ള ഒരു ശ്രമം നടത്തിയെങ്കിലും, പിന്നീട് അവന്‍ അതുപേക്ഷിച്ചു.

ഉച്ച തിരിഞ്ഞപ്പോള്‍ വാഗമണിൽ ഉള്ള പൈൻ ഫോറസ്റ്റിനടുത്തെത്തി. പൈന്‍ മരങ്ങളെ കുറിച്ച് ആകെയുള്ള ഓര്‍മ്മ പണ്ട് പഠിച്ച male pine, female pine വ്യത്യാസങ്ങള്‍ മാത്രമായിരുന്നു. പ്ലസ് ടു  വിനു  കൊടൈക്കനാലിലേക്ക് ടൂര്‍ പോയപ്പോള്‍ പൈന്‍ മരത്തില്‍ നിന്ന് ഒരു കുല male pine പറിച്ച് ജിസ്മ ടീച്ചര്‍ക്ക് കൊടുത്തിട്ട്, "ഇത ടീച്ചറെ male pine" എന്ന് അഭിമാനത്തോടെ പറഞ്ഞത് ഓര്‍ക്കുന്നു.
അന്ന് ടീച്ചര്‍ക്ക് വലിയ സന്തോഷമായി, ടീച്ചര്‍ക്ക് ബോട്ടണി ഹരമായിരുന്നെന്ന് ഇപ്പോള്‍ തോന്നുന്നു.

മെയിൻ റോഡിൽ നിന്ന് ഒരു ഇരുപത് അടി മുമ്പോട്ട് നടന്നാൽ പൈന്‍ഫോറസ്റ്റിനകത്തെത്താം. അവിടെ ആദ്യം അനുഭവപ്പെട്ടത് ഘനമുള്ള നിശബ്ദതയാണ്. പൈൻ മരങ്ങളുടെ സാന്നിധ്യത്തിൽ മുങ്ങി നിൽക്കുന്ന അന്തരീക്ഷം. വീതിയേറിയ കുന്നിൻ ചെരുവിൽ പൈൻ മരങ്ങളുടെ നിലനില്പിന്റെ നിശബ്ദത മാത്രം.

വർഷങ്ങളായി പകലിനും രാത്രിക്കും കാറ്റിനും മഴയ്ക്കും മണ്ണിന്റെ രസവ്യതിയാങ്ങൾക്കും സാക്ഷികളായി പരിചയത്തിന്റെ ഏറ്റക്കുറച്ചിലുകൾ തീണ്ടാതെ ഉത്കൃഷ്ടമായ പാരസ്പര്യത്തിൽ ഒരേ അകലത്തില്‍ ജീവിക്കുന്ന പൈൻ മരങ്ങൾ. ഗർഭപാത്രത്തിലെ നിശബ്ദത ഇതായിരിക്കും, കുറേ നേരം കൂടി അവിടെ അങ്ങനെ നിന്നാൽ വേരുകൾ മുളച്ച് മരമാകാനുള്ള സാധ്യതയുണ്ട്.
"മരമായിരുന്നു ഞാൻ പണ്ടൊരു മഹാനദിക്കരയിൽ.." എന്ന വരികൾ ഓർമ്മ വന്നു, ആ വരികളിലെ അർത്ഥത്തിന്റെ ഒരു തരം ചുവയും..

ഒരു കൂട്ടം കോളേജ് വിദ്യാർത്ഥികളും, സന്ദർശകരും പൈൻ മരങ്ങൾക്കിടയിലുള്ള വഴികളിൽ നേരമ്പോക്കുകൾ പറഞ്ഞുകൊണ്ട് അവരുടെ യാത്ര ആസ്വദിയ്ക്കുന്നുണ്ടായിരുന്നു. പക്ഷെ ഒരു സംഭാഷണത്തിനും പൈൻ മരങ്ങളുടെ നിശബ്ദതയെ ഭേദിക്കാൻ കഴിഞ്ഞില്ല. സംഭാഷണത്തിന്റെ ഇടവേളകളിലെല്ലാം ഘനമുള്ള നിശബ്ദത കുത്തിയൊഴുകി വാക്കുകളെയും, അതിൽ പ്രബലമായിരുന്ന സംഭാഷണ പരമ്പരയുടെ കാരണബീജത്തെയും ശിഥിലീകരിച്ചുകൊണ്ടിരുന്നു.

പൈൻമരങ്ങൾ ഉറങ്ങുന്ന ചെരിഞ്ഞ മലനിരകൾ മുഴുവനും, അതിന്റെ ഉണങ്ങിയ ഇലകൾ മെത്ത വിരിച്ചിരുന്നു. ചെരിഞ്ഞ കുന്നിനു മുകളിലായി വിരിച്ച മെത്തയിലൂടെ ചെരിപ്പ് ഇടാതെ നടന്നില്ലെങ്കില്‍ വീഴുമെന്നു തോന്നും. പൈന്‍മരങ്ങള്‍ പൊഴിച്ച ഇലകളും, മണ്ണും നഗ്നമായ പാദങ്ങളെ സ്നേഹിച്ചിരുന്നു. ചെരുപ്പ് പറഞ്ഞു തേയാറുള്ള യന്ത്രക്കഥകള്‍ കേട്ട് മുഷിഞ്ഞ പാദങ്ങള്‍ മണ്ണിന്റെ സ്വന്തം കഥകളുമായി പറ്റിച്ചേര്‍ന്നു നടന്നു.
കുറച്ച് കഴിഞ്ഞപ്പോൾ ചെറുതായി മഴ ചാറിത്തുടങ്ങി, പൈൻ മരങ്ങൾ ചെറിയ മഴത്തുളികളൊന്നിനെയും നിലത്തെത്തിച്ചിരുന്നില്ല. പൈൻമരത്തോട് ചേർന്ന് നിന്ന് മുഖമുയർത്തി നോക്കിയപ്പോൾ ശാഖകളിലൂടെ കിനിഞ്ഞിറങ്ങി വന്ന മഴത്തുള്ളികൾ നെറ്റിയില്‍ വീണു - തണുപ്പ്..!

മഴ കനക്കുന്നതിനു മുമ്പ് തുറസ്സായ ആ സ്ഥലം വിട്ടു..

മൂന്ന് മലകളിലൂടെ നടക്കണം സൂയിസൈഡ്  പോയിന്റില്‍ എത്താന്‍..
മലകളിലൂടെ ആളുകൾ നടന്ന് ഒരു വഴി ഉണ്ടായിരിക്കുന്നു - ഇളം പച്ച മലകളിൽ പുല്ലുകൾ മുളക്കാത്ത ഒരു കറുത്ത വഴി. ചില ഭാഗത്ത്, കൈകള്‍ കോര്‍ത്ത്‌ അകലം പാലിച്ചു നടന്നവര്‍ ഇരട്ട വഴികളും ഉണ്ടാക്കിയിട്ടുണ്ട്.

നല്ല നീരുള്ള പച്ചപ്പുല്ല് കണ്ടിട്ടും ഒരാര്‍ത്തിയുമില്ലാതെ അവിടെ പശുക്കള്‍ അലസരായി ഉലാത്തുകയാണ്.
"വളരെ സെലക്‍റ്റീവ്" ആയിട്ടാണ്‌ ഞങ്ങള്‍ ഇവടത്തെ പുല്ലു തിന്നാറുള്ളതെന്ന് അത് വഴി വന്ന കറുത്ത പശു പറഞ്ഞു.
"ഞങ്ങളൊക്കെ പശുക്കളുള്ള തറവാട്ടീന്ന് തന്നെയാ വന്നിരിക്കുന്നത് ...", എന്ന മറുമൊഴി കേൾക്കാൻ നിൽക്കാതെ വീർത്ത വയറും കുലുക്കി പശു അതിന്റെ പാട്ടിനു പോയി.
വാഗമണിലെ പശുക്കളുടെ ചാണകത്തിന് ആനയുടെ (ആനപ്പിണ്ടത്തിന്റെ) ഗന്ധമാണ്. ഉത്സവത്തിന്റെയൊക്കെ  അതേ ഗന്ധം!

നടന്നും ഓടിയും, മല കയറി.. രണ്ടാമത്തെ മലയുടെ ഇറക്കത്തിൽ ചെറിയ അരുവിയുണ്ട്, അതിൽ സാധാരണക്കാരായ നാടന്‍ മീനുകള്‍. വെള്ളത്തില്‍ കൈകള്‍ ഇട്ടു നോക്കി - ഐസ് വാട്ടറിന്റെ തണുപ്പ്,  കൈ കൊണ്ടു തുഴഞ്ഞപ്പോള്‍ അടിത്തട്ടിലെ ചെളിയുടെ ഒരു പാളി ഇളകി മറഞ്ഞു വെള്ളത്തില്‍ വ്യാപിച്ചു, സമയമെടുത്തു അത് പിന്നീട് പൂര്‍വ്വ സ്ഥിതിയിലാവാന്‍..
മീനുകളില്‍ ഒരെണ്ണം കൈ വെള്ളയില്‍ വന്നിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു, വരാഞ്ഞപ്പോള്‍ കൈവെള്ളയിലേക്കുള്ള വഴിയും കാണിച്ചു കൊടുത്തു - എല്ലാവരും പ്രാണവെപ്രാളത്തോടെ  പരക്കം പായുകയായിരുന്നു. "വെള്ളം ഇളക്കി മറിച്ചതും പോര ഇനി ഇപ്പൊ കയ്യില്‍ കേറ്റി താലോലിക്കണം.. അശ്രീകരം..", ശക്തമായി പ്രതികരിച്ച ശേഷം മത്സ്യങ്ങള്‍ കൂട്ടത്തോടെ സ്വസ്ഥതയിലേക്ക് പലായനം ചെയ്തു. പാടം കവിഞ്ഞു റോഡിലുണ്ടായ വെള്ളക്കെട്ടില്‍ പണ്ട് സ്ഥിരമായി ചെയ്തിരുന്ന കാല്‍പാദം കൊണ്ട് ചെരിച്ചു വീശിയുള്ള മീന്‍പിടുത്തം മറന്നിട്ടില്ല, അത് ചെയ്യണ്ടെന്നു തോന്നി.

നടന്ന് നടന്ന് അറ്റത്തെത്തി.. കോട അടിച്ച് കയറുന്നുണ്ടായിരുന്നെങ്കിലും, കാഴ്ച മറഞ്ഞിരുന്നില്ല.. ദൂരത്തിലും, താഴ്ചയിലും കണ്ട മലനിരകളുടെ ചിലഭാഗങ്ങള്‍ക്ക് കടും പച്ചനിറങ്ങളും, വെയില്‍ വീണ ഭാഗങ്ങള്‍ക്ക് വെട്ടി തിളങ്ങുന്ന ഇളം പച്ചയും മഞ്ഞയും കലര്‍ന്ന നിറങ്ങളും.. ഏതാണ്ട് ജംഗിള്‍ബുക്കില്‍ മൗഗ്ളി അമ്പിളിമാമന്റെ അടുത്തേക്ക് ചാടുന്ന ആ മുനമ്പില്‍ നിന്നുള്ള ദൃശ്യം. അറ്റത്ത്‌ ചെന്ന് നിന്നപ്പോള്‍ നെഞ്ചിടിപ്പ് കൂടി, ഗുരുത്വാകര്‍ഷണം ശരിക്കും അനുഭവപ്പെട്ടു. കുറെ നേരം അവിടെ സിഗരറ്റ്‌ ഇല്ലാതെ പുകവിട്ട ശേഷം തിരിച്ചു നടന്നു.

വരുന്ന വഴിക്ക് പുല്ലിനു മൂല്യച്യുതി വരുത്തിയ അഹങ്കാരികളായ കുറെ പശുക്കള്‍ക്കിടയില്‍ ഓടിക്കയറി അടിയന്തിരാവസ്ഥ സൃഷ്ടിച്ചു. കറുത്ത വഴികളുള്ള പച്ച മലകളും, പശുക്കളും, മൂന്ന് പേര്‍ കള്ളു കുടിച്ചു പുലമ്പിയ ലഹരിയുള്ള ആദ്യത്തെ മലയും താണ്ടി ഞങ്ങള്‍ വാഹനത്തിനടുത്ത് തിരിച്ചെത്തി.

ഇടയ്ക്ക് വെച്ച് ഒരു ചായ കുടിച്ച ശേഷം ഞങ്ങള്‍ വാഗമണിനോട് യാത്ര പറഞ്ഞു. കടയെല്ലാം അടയ്ക്കുന്നതിന് മുമ്പേ, ധൈര്യത്തിനായി ഒരു കിലോ ആപ്പിള്‍ വാങ്ങി കയ്യില്‍ കരുതി.

വാഗമണ്‍ ദേവതയുടെ സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ അന്ന് രാത്രി കണ്ടു, ഒരു വാഹനം ചുരം ഇറങ്ങി വരുന്ന ദൃശ്യം. ദൂരെ എവിടെയോ വാഗമണിലേക്ക് യാത്ര ചെയ്യാന്‍ ആരോ തയ്യാറെടുക്കുന്നുള്ളത് പോലെ.. സ്വപ്നത്തിലെ കാതുകള്‍ കൂര്‍പ്പിച്ചു വാഗമണ്‍ ഉറങ്ങി.

28 ഓഗസ്റ്റ് 2012

ഉണ്ണിയേട്ടന്‍

"ഇന്റെ ഉണ്ണിയേട്ടന്റെ ഓപ്പീസിലെ ചൊമരില്‌ള്ള ബട്ടന്വേള്‌ ഞെക്കിയാ ചായേം കാപ്പീം വരൂല്ലോ..", അമ്മുവിന്റെ മേശയില്‍ പിടിച്ച് തൂങ്ങിക്കൊണ്ട് കണ്ണന്‍ പറഞ്ഞു.
"ഉം.. തൊടങ്ങി, അവന്റെ ഒരു ഉണ്ണിയേട്ടന്‍‌. ബഡായി പറയല്ലെ കണ്ണാ..", കടിച്ച് പിടിച്ചിരുന്ന ഹെയര്‍ക്ലിപ്പ് പുറത്തെടുത്ത ശേഷം അമ്മു പ്രതികരിച്ചു..
"ശരിക്കും ഇള്ളതാ.. കഴിഞ്ഞ പ്രാവശ്യം വന്നപ്പോ പറഞ്ഞൂല്ലോ.."
"അപ്പോ ചൊമരിനപ്പറത്ത്ള്ള അടുക്കളേന്ന് ഓട്ട ഉണ്ടാക്കി ഒഴിച്ച് കൊടുക്ക്വാ ചെയ്യ്യാ?", ഇഴകളിട്ട് മെടഞ്ഞ മുടിയില്‍ ക്ലിപ്പ് കോര്‍ത്ത ശേഷം അമ്മു തുടര്‍ന്നു.
"അല്ല.. ആകാശത്ത്ന്ന് ഉണ്ടാകും.. ചായേം കാപ്പീം.. അത്രക്ക് വല്ല്യ ഓപ്പീസാ ന്റെ ഉണ്ണിയേട്ടന്റെ..", അല്പ നേരത്തെ മൗനത്തിനു ശേഷം കണ്ണന്‍ പറഞ്ഞു.
അമ്മു സംശയത്തോടെ കണ്ണനെ നോക്കി
"ന്നേം കൊണ്ടോവ്വാന്ന് പറഞ്ഞിട്ട്ണ്ട്.. അടുത്ത സ്കൂള്‌പൂട്ടലിന്‌ ഒരാഴ്‌ച കൊണ്ടൂവാന്ന് പറഞ്ഞിട്ട്ണ്ട്", കണ്ണന്‍ ഗമയോടെ പറഞ്ഞു.

"പിന്നെ.. വേറേ എന്തൊക്കെ ണ്ട് ഉണ്ണിയേട്ടന്റെ അവടെ?"
"പിന്നേ.. തണ്‌പ്പ്‌ള്ള മുറിയേള്‌.. കൈ കാണിക്കിമ്പളയ്ക്കും വെള്ളം വര്‌ണ പൈപ്പ്.. നറയെ ഐസ്ക്രീമും.. അമ്മുച്ചേച്ചീ.. കേറി നിക്ക്മ്പളക്കും മ്മളേം കൊണ്ട് മോളീക്ക് പൂവും അവടത്തെ കോണി.."
"ഡാ കേറ്മ്പളക്കും മേളിലിക്ക് പോയാ വീണ്‌ പൂവില്ലേ?"
"അതിന്‌ ഉണ്ണിയേട്ടന്‌ ഭയങ്കര ധൈര്യാ അമ്മുച്ചേച്ചീ.. ഉണ്ണ്യേട്ടനിന്നെ പിടിച്ചോളും."
"ന്നാലും.. എന്തൊരു കഷ്ടാത്‌.. എനിക്ക് പേട്യാ അതിലൊക്കെ കേറാന്‍‌.., അമ്മു പുഞ്ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു."
"അയ്യേ.. അമ്മുച്ചേച്ചി ന്തിനാ പേടിക്ക്‌ണേ..? ഞാനാ ഉണ്ണിയേട്ടന്റെ കൂടെ ഓടുന്ന കോണീല്‌ കേറാന്‍ പോണേ.. അല്ലാണ്ട് അമ്മുച്ചേച്ചിയല്ല.."
"ഡാ.. നിന്റെ ഉണ്ണിയേട്ടനോട് പറയ്വോ ഈ അമ്മുച്ചേച്ചിയെക്കൂടി കൊണ്ടുവാന്‍‌..? പാവല്ലേ ഈ അമ്മുച്ചേച്ചി.."
"അമ്മുച്ചേച്ചിയെക്കുറിച്ച് ഞാന്‍ ഉണ്ണിയേട്ടനോട് പറയില്ല്യാട്ടോ.. ഉണ്ണിയേട്ടനേ ന്റെ മാത്രം ഉണ്ണിയേട്ടനാ..", കണ്ണന്‍ കാര്യം വ്യക്തമാക്കി
"ഒന്ന് പറയെടാ.. പാവം ഈ അമ്മുച്ചേച്ചിയെക്കൂടെ ഒന്നു കൊണ്ടൂവാന്‍‌.. നീ പറഞ്ഞാ ഉണ്ണിയേട്ടന്‍ കേക്കും", അമ്മു കെഞ്ചി..
"ഉം.. ഒരു പാവം.. പൊഴക്കരേല്‌ വെച്ച് ഷാജിയേട്ടന്റെ മോത്ത് മാന്തീത് പാവായിട്ടാ..?"
"അതിനവന്‍ ന്നോട് തോന്ന്യാസം പറയാന്‍ വന്നിട്ടല്ലേ..?"
കണ്ണന്‍ ഒച്ചയടക്കിപ്പിടിച്ച് ചോദിച്ചു - "ഉമ്മ തരാന്‍ പറയണത് തോന്ന്യാസാ?"
"പോടാ മണ്ടാ.. നിന്നോട് വര്‍ത്താനം പറയാന്‍ ഞാനില്ല.. എനിക്ക് വേറേ പണിണ്ട്.." അവള്‍ മേശക്കകത്ത് നിന്നും ഒരു പുസ്തകവും പേനയും എടുത്തു.. ടേബിള്‍ലാമ്പിന്റെ സ്വിച്ചമര്‍ത്തി.
"ശ്... അമ്മുച്ചേച്ചീ  ദാ മേശക്കകത്ത് ഒരു വണ്ട് പെട്ടിരിക്ക്ണൂ.. കേട്ടോ ഒര്‌ മൂളിച്ച.."
അമ്മു ഞെട്ടലോടെ കണ്ണനെ നോക്കി - "ങാ.. ഈ വണ്ട് കൊറേ നേരായി ഇവിടെ വന്ന് കളിക്ക്യാ ന്റെ കണ്ണാ.. അതിനെ പുറത്തെടുത്ത് കളയണം.. ഇപ്പോ അമ്മുച്ചേച്ചിക്ക് കൊറേ പടിക്കാന്‌ണ്ട്.. നീ പൊക്കൊ, താഴെ മുത്തശ്ശീടെ അട്ത്തിക്ക്.."
കണ്ണന്‍ പരുങ്ങിക്കൊണ്ട് അവിടെ തന്നെ നിന്നു..
"അല്ലാ നേരെത്രയായീന്നാ.. വീട്ടിലിക്കി പൊക്കോ നീയ്‌.. അമ്മ തെരക്ക്‌ണ്‌ണ്ടാവും.. നാളേ സ്കൂള്‌ കഴിഞ്ഞ് ഇത് വഴി വരണം ട്ടോ.. അമ്മുച്ചേച്ചിക്ക് ഒരു കൂട്ടം പറയാന്‌ണ്ട് നെന്നോട്.."

കണ്ണന്‍ മനസ്സില്ലാമനസ്സോടെ മുറിക്ക് പുറത്തിറങ്ങി.. ഇറങ്ങിയ ഉടനെ അമ്മുച്ചേച്ചിയുടെ മുറിയുടെ വാതിലടയുന്ന ശബ്ദം അവന്‍ കേട്ടു..
"ന്താപ്പൊ പെട്ടെന്നൊരു പടിത്തം..?"
കണ്ണന്‍ പതുക്കെ തിരിഞ്ഞ് നടന്ന് ജനാലക്കരികിലെത്തി.. ജനാല രണ്ടും അകത്ത്‌ന്ന് കൊളുത്തിട്ടിരിക്കുന്നു.. മുകളിലത്തെ ഒരു പാളി പകുതി തുറന്നതാണ്‌.. അവന്‍‌ ചിറ്റയുടെ 
മുറിയിലെ തുന്നല്‍ മെഷീന്റെ അടുത്തുള്ള സ്റ്റൂളെടുത്ത് പതുക്കെ ജനാലക്കരികില്‍ കൊണ്ടു വന്നു വെച്ചു.. സ്റ്റൂളില്‍ ചവിട്ടി ജനാലയുടെ തിണ്ണയില്‍ കയറി.. പതുക്കെ ഏന്തിനിന്ന് മുറിക്കകത്തേക്ക് നോക്കി..

അമ്മുച്ചേച്ചി കിടന്ന് കൊണ്ട് ആരോടോ സ്വകാര്യം പറയുന്നു.. മൊബൈല്‍ ഫോണില്‍..
അമ്മുച്ചേച്ചിക്ക് മൊബൈല്‍ ഫോണോ..?

"കണ്ണാ.."
"ശോ.. മുത്തശ്ശി.."
കണ്ണന്‍ ചാടിയിറങ്ങി, ഒന്നിടവിട്ട് കോണിപ്പടികളിലൂടെ ഓടിയിറങ്ങി വരാന്തയിലെത്തി..
കിതച്ചു കൊണ്ട് മുത്തശ്ശിക്ക് മുമ്പില്‍‌ ചെന്നു നിന്നു..
"എവട്യായിരുന്നു നീയ്.. എത്ര നേരായീന്നറിയ്വോ ഞാന്‍ നിന്നെ വിളിക്കണൂ.."
"ഞാന്‍ അമ്മുച്ചേച്ചീടെ അട്‌ത്ത്.. വെറ്‌തേ.."
"സന്ധ്യായിട്ടും വീട്ടിലിക്ക് പൂവാറായില്ല്യേ നിനക്ക് കണ്ണാ?"
"ദാ പോവ്വാ മുത്തശ്ശീ.."
"സന്ധ്യക്ക് മുമ്പ് വീട്ടിലെത്തണന്ന് പറഞ്ഞാ ഈ ചെക്കന്‌ മനസ്സിലാവില്ല.. നിന്റമ്മയ്‌ക്ക് നീ മാത്രല്ലേ ഉള്ളൂ കണ്ണാ.. ആണായിട്ടും, പെണ്ണായിട്ടും..."
"ഞാന്‍ ആങ്കുട്ട്യല്ലേ മുത്തശ്ശീ...?" കണ്ണന്‍ മുത്തശ്ശിയെ തിരുത്തി..
"ങാ.. ന്നാ വേം വീട്ടിലിക്കി പോ ന്റെ ആങ്കുട്ടി. അമ്മ പേടിക്കില്ലേ മോനേ?
അച്ഛനില്ലാത്ത ഈ ചെക്കന്‍ ഒരു നെലീലാകണത് വരെ അവള്‍ക്ക് സ്വസ്ഥതേണ്ടോ..?
അതൊക്കെ ഈ ചെക്കനെങ്ങനെ മനസ്സിലാവും ന്റെ കൃഷ്ണാ.. ന്നാലും അവള്‍ക്കീ ഗതി വന്നല്ലോ.. കര്‍മ്മഫലം.... ഭഗവാനേ..."

"ഞാന്‍ പൂവാ മുത്തശ്ശീ", കണ്ണന്‍ വരമ്പിലൂടേ ചാടിയോടി ചടുലതയോടെ, കവുങ്ങിന്‍ തോപ്പില്‍ പടര്‍ത്തിയ കുരുമുളകുവള്ളികള്‍ക്കിടയില്‍ അപ്രത്യക്ഷനായി..
മുത്തശ്ശി നാമം ജപിച്ചു കൊണ്ടു ഉമ്മറത്തെ നിലവിളക്കിലെ തിരികള്‍ താഴ്ത്തി..
രാത്രിയേറേ കഴിഞ്ഞിട്ടും അമ്മുവിന്റെ മുറിയില്‍ മാത്രം ഒരു മിന്നമിനുങ്ങിന്റെ പ്രകാശം കത്തിനിന്നു.. മുറിക്കകത്ത് ചൂടും, നേരിയ വെളിച്ചവും അവളെ വീര്‍പ്പു മുട്ടിക്കുവാന്‍ മത്സരിച്ച് കൊണ്ടിരുന്നു.

രാത്രി അമ്മ ചോറ് വിളമ്പിയപ്പോള്‍ കണ്ണന്‍ സംശയം ചോദിച്ചു - "ഈ മൊബൈല്‍ ഫോണില്‌ സൊകാര്യം പറഞ്ഞാ വിളിക്ക്ണ ആള്‌ കേക്ക്വോ അമ്മേ?"
"ആ.. കേക്കുമായിരിക്കും.. അല്ല, ആരാപ്പോ മൊബൈല്‍ ഫോണില്‌ സൊകാര്യം പറഞ്ഞേ..?"
"അമ്മുച്ചേച്ചി.."

അന്നു രാത്രി കണ്ണനൊരു സ്വപ്നം കണ്ടു.. ഉണ്ണിയേട്ടന്‍ കണ്ണനെ കാത്ത് നില്‍‌ക്കുകയാണ്‌ വീട്ടില്‍‌.. ഉണ്ണിയേട്ടന്‍ വന്നതറിഞ്ഞ് കണ്ണന്‍ സ്കൂളീന്ന് വീട്ടിലേക്ക് ഓടുകയാണ്‌... അവില്‍ മില്ലും, തിലകപ്പിഷാരഡിയുടെ പലചരക്ക് കടയും കഴിഞ്ഞ്, ഇടവഴികളിലൂടെ വീട്ടിലേക്ക് സകല ശക്തിയുമെടുത്ത് ഓടുകയാണ്‌ അവന്‍‌..
വീട്ടിലെത്തിയപ്പോഴേക്കും ഉണ്ണിയേട്ടന്റെ വെളുത്ത കാര്‍ പൊടി പറത്തി അമ്പലത്തിന്റെ വശത്തുള്ള ഗ്രൗണ്ടിലൂടെ റോഡിലേക്ക് കയറിയിരിക്കുന്നു.. ഓടി റോഡിലെത്തിയപ്പോഴേക്കും കാറിന്റെ പൊടി പോലുമില്ല..

പിറ്റേന്ന് വൈകുന്നേരം സ്കൂള്‌ വിട്ട് വന്നപ്പോള്‍ അമ്മുച്ചേച്ചി അവിടെ ഉണ്ടായിരുന്നില്ല..
"മുത്തശ്ശീ അമ്മുച്ചേച്ചി എവടേ?" കണ്ണന്‍ ആരാഞ്ഞു.
"അവള്‌ പോയി ന്റെ കുട്ടാ.."
"എവടയ്‌ക്കാ പോയേ?"
"നേരത്തോട് നേരം വടക്കാഞ്ചേരീന്ന് അവള്‍ടെ അച്ഛനും അമ്മേം വന്ന് അവളെ കൊണ്ടോയി.."
"എന്തിനാ കൊണ്ടോയേ? ഇനി എന്നാ വര്വാ?"
"മുത്തശ്ശിക്കറിയില്ലെന്റെ കുട്ട്യേ.. ഇപ്പഴത്തെ കുട്ട്യോള്‍ടെ ഓരൂ കാര്യങ്ങള്‌.."

കണ്ണന്‍ കോണിപ്പടികള്‍ കയറി അമ്മുച്ചേച്ചിയുടെ മുറിയിലെത്തി. അകത്ത് മൊബൈല്‍ ഫോണ്‍ മൂന്ന് കഷണങ്ങളായി ചിതറിക്കിടക്കുന്നു..
കിടക്കയിലും, നിലത്തുമായി കടലാസ് തുണ്ടങ്ങള്‍‌.. അതൊരു ഫോട്ടോയുടെ ഭാഗങ്ങളായിരുന്നു, ഒരാണിന്റെ മുഖത്തിന്റെ ഭാഗങ്ങള്‍‌..

കണ്ണന്‍ കൗതുകത്തോടെ തുണ്ടുകളോരോന്നായി ചേര്‍ത്ത് വെച്ച് നോക്കി.. അവന്റെ കണ്ണുകള്‍ വികസിച്ചു.. ഉണ്ണിയേട്ടന്‍‌..
കഷണങ്ങളെല്ലാം പെറുക്കിയെടുത്ത് കീശയില്‍ തിരുകി അവന്‍ വീട്ടിലേക്ക് ഓടി..

കണക്ക് പുസ്തകത്തില്‍ നിന്ന് ഒരു വെള്ളക്കടലാസ് കീറി.. അടുക്കളയില്‍ ചെന്ന്
ഒരു പിടി അന്നം കയ്യിലെടുത്ത് തിരിച്ചു വന്നു.. കടലാസില്‍ വറ്റ് തേച്ച് ഫോട്ടോയുടെ തുണ്ടുകള്‍ ഓരോന്നായി ചേര്‍ത്ത് വെച്ചു.. അന്നുച്ചക്ക് അമ്മുവിന്റെ അച്ഛന്‍ ചീന്തിയെറിഞ്ഞ ഉണ്ണിയേട്ടന്‍ കണ്ണന്റെ കണക്കു പുസ്തകത്തില്‍ പുനര്‍‌ജനിച്ചു..

രണ്ട് മാസങ്ങള്‍ക്ക് ശേഷം ഒരു സായാഹ്നം. ഇനി ഒരു മാസം കൂടിയേ ഉള്ളൂ പരീക്ഷ കഴിയാന്‍‌.. സ്കൂള്‌ പൂട്ടിയാല്‍ അമ്മേടേ വീട്ടില്‍ പോകും.. ഉണ്ണിയേട്ടന്‍ വരുമ്പോ കൂടെ പോകും.. കൊറേ സ്ഥലങ്ങള്‌ കാണും.. ഉണ്ണിയേട്ടന്റെ കൈ പിടിച്ച് ഓടുന്ന കോണീല്‌ കേറും.. ഉണ്ണിയേട്ടന്റെ കൂടെ കഥകള്‍ കേട്ടുറങ്ങും.. അങ്ങനെ പല പല സ്വപ്നങ്ങളാണ്‌ അവന്‌.. സ്കൂള്‌ വിട്ട് വീട്ടിലേക്ക് വരുന്ന വഴിക്കാണ്‌ അവന്റെ സ്വപ്നം കാണല്‍‌.. ഓരോ ദിവസവും ഓരോ പുതിയ സ്വപ്നം..

അന്ന് കണ്ണന്‍ സ്കൂള്‌ വിട്ട് വന്നപ്പോള്‍ മേശപ്പുറത്ത് ഒരു മിഠായിപ്പൊതി കണ്ടു..
"അമ്മേ, എവടന്നാ ഇത്രേം മിഠായ്വേള്‍..?"
"ഉണ്ണി ഇന്ന് വന്നിരുന്നു.. അറിഞ്ഞോ..? കല്ല്യാണച്ചെക്കനായി, നിന്റെ ഉണ്ണിയേട്ടന്‍‌.. അടുത്ത ആഴ്ച അവന്റെ കല്ല്യാണാ.. ഭയങ്കര ഓട്ടത്തിലാ ചെക്കന്‍‌.. എടിപിടീന്നല്ലേ കല്ല്യാണം.."

"കല്ല്യാണോ? ഉണ്ണിയേട്ടനോ? ആരെയാ ഉണ്ണിയേട്ടന്‍ കല്ല്യാണം കഴിക്കാന്‍ പോണേ?"
"ഹും.. നിന്റെ അമ്മുച്ചേച്ചിയെ തന്നെ.. അല്ലാണ്ടാര്യാ..?"

അത്രയും പറഞ്ഞ് ലക്ഷ്മി അടുക്കളയിലേക്ക് പോയി..
"അമ്മുച്ചേച്ചിയെയോ...?" കണ്ണന്‌ ഒന്നും വിശ്വസിക്കാന്‍ കഴിഞ്ഞില്ല..
അവന്‍ ഒരു മിഠായി വായിലിട്ട് നുണഞ്ഞു.. ഒരു രസോം ഇല്ലാത്ത പോലെ..

അടുക്കളയില്‍ അമ്മ ചിറ്റമ്മയോട് അടക്കം പറയുന്നത് കണ്ണന്‍ കേട്ടു..
"ന്റെ സാവിത്ര്യേ.. പിള്ളേരുടെ ഓരോ കാര്യങ്ങള്‌.. ശാരദയ്ക്ക് തീരേ താല്‍‌പര്യം ഉണ്ടായിരുന്നില്ലാട്ടോ.. കാര്യം മുള്ളിയേപ്പൊ തെറിച്ച ബന്ധൊക്കെ ഇണ്ട്.. ന്നാലും.. അവന്റെ ഒരു പഠിപ്പ് വെച്ച് നോക്കിയാ ഇതിലും എത്രയോ മെച്ചള്ളത് കിട്ട്വായിരുന്നു.. ഒറ്റാക്കാലില്‌ നിന്ന് ചെക്കന്‍ ഒരേ ഒരു ശാഠ്യം.. ഇത്‌ മതീന്ന്.. പിന്നെന്താ ചെയ്യ്വാ.."
"ന്നാലും.. അവളിതെപ്പൊ സാധിച്ചെടുത്തൂ ന്റെ ലക്ഷ്മ്യേ..?"
"അതിനു മാത്രം ദെവസം ഉണ്ണി ഇവടെ ഇണ്ടായിരുന്നോ?"
"ങാ.. കയ്യും കണ്ണും കാണിക്കാന്‍ അവള്‍ടെ അമ്മേം ഒട്ടും മോശല്ലാരുന്നു.. നിനക്ക്ക്കറയാല്ലോ പണ്ടത്തെ ഓരോ പുകിലുകള്‌.."
"ഉം.."
"അമ്മൂന്റെ അച്ഛന്‍ ആദ്യം വെറുതേ ഒരു ഗമക്ക് വേണ്ടി എതിര്‍ത്തെങ്കിലും പിന്നെ എല്ലാവര്‍ക്കും സമ്മതം.."
"സമ്മതിക്കാണ്ടിരിക്കാന്‍ പറ്റ്വോ.. പൂത്ത കാശല്ലേ ചെക്കനവടെ ഇണ്ടാക്കണത്‌..?"

കണ്ണന്‍ വാടിയ മുഖവുമായി മിഠായിപ്പൊതിയും പിടിച്ച് അടുക്കളയിലേക്ക് ചെന്നു.. എന്നിട്ട് പരിഭവം പറഞ്ഞു..
"അപ്പൊ വെക്കേഷന്‌ ന്നെ ഓപ്പീസില്‌ കൊണ്ടുവാന്ന് ഉണ്ണിയേട്ടന്‍ പറഞ്ഞതോ?"
"ഈ വെക്കേഷനില്‍ എന്തായാലും ഉണ്ടാവില്ല കണ്ണാ.. കല്ല്യാണം അല്ലേ.. പിന്നെ ഒരീസം അമ്മ കൊണ്ടൂവാം നിന്നെ", ലക്ഷ്മി ഉചിതമായി പ്രതികരിച്ചു..
"നൊണ പറയണ്ടമ്മേ.. ഉസ്കൂളിലിക്കും, ചായക്കടേലിക്കും, അമ്പലത്തിലിക്കും അല്ലാതെ അമ്മ ന്നെ എവടക്കെങ്കിലും ഇത് വരെ കൊണ്ടോയിട്ടുണ്ടോ? ഉണ്ണ്യേട്ടനെന്തിനാ അമ്മേ ഇപ്പൊ തന്നെ കല്ല്യാണം കഴിക്ക്‌ണത്..? ന്നെ കൊണ്ടോയിട്ട് പിന്നെ വരുമ്പൊ കഴിച്ചാ പോരേ.."
"ദാ പ്പൊ നന്നായേ.. അത് നീ അവനോട് ചെന്ന് ചോദിക്കെടാ.. ഹല്ല പിന്നെ.. മനുഷ്യനിവിടെ നൂറ് കൂട്ടം പണിയുണ്ട് അതിന്റെ എടയ്‌ക്കാ അവന്റെ ഒരു ഉണ്ണിയേട്ടന്‍‌..."
"അവനെ ചീത്ത പറയണ്ട ലക്ഷ്മീ ഉണ്ണി അവനെ ഒക്കത്ത് വെച്ച് കൊറേ നടന്നതല്ലേ.. സാരല്ല.. പോട്ടെ കണ്ണാ.." ചിറ്റ പരിതപിച്ചു.

"ഇനിക്ക് വേണ്ടാ ഈ മിഠായി, കണ്ണന്‍ മിഠായികള്‍ അടുക്കളയിലേക്ക് വലിച്ചെറിഞ്ഞു.."
"കണ്ണാ നിനക്ക് നല്ല അടി കിട്ടാത്തതിന്റെ സൂക്കേടാ.. കണ്ടോ സുമതീ അവന്റെ അഹങ്കാരം.. എനിക്ക് വയ്യ ഈ ചെക്കനെക്കൊണ്ട്.."
"ഇഷ്ടല്ല എനിക്ക് അമ്മയെ.." അവന്‍ വിതുമ്പിക്കൊണ്ട് അകത്തേക്കോടി.
കണ്ണന്റെ സങ്കടം അമ്മുച്ചേച്ചിയോടുള്ള ദേഷ്യമായി പണ്ടേ മാറിയിരുന്നു.. ഇപ്പോളത് ഉണ്ണിയേട്ടനോടുള്ള പരിഭവമായും രൂപാന്തരം പ്രാപിച്ചിരിക്കുന്നു..
ദൂരെ എവിടെയോ അമ്മുവിന്റെ മുറിയില്‍‌, ഒരു പുതിയ മൊബൈല്‍ ഫോണ്‍ മിന്നാമിനുങ്ങിനെ പോലെ ഇത്തിരി വെട്ടം പരത്തിക്കൊണ്ടിരുന്നു..
സമയവും ബോധവും നശിച്ച് അവള്‍ വിയര്‍ത്തു.. സ്വപ്നങ്ങളുടെ ചിലന്തിവലകളില്‍ അവള്‍ സ്വയം ചെന്ന് ചാടി.. ഉണ്ണിയേട്ടനിലെ ചിലന്തി അവളെ സമീപിക്കുന്നതിനായി അവള്‍ പ്രാര്‍ത്ഥനയ്യോടെ കണ്ണുകളടച്ചു.. പിന്നീടുള്ള മുപ്പത് ദിവസങ്ങളിലും രാത്രി മിന്നാമിനുങ്ങ് വെട്ടവും, ചിലന്തി വലകളും അമ്മുവിന്റെ മുറിയില്‍ നിഴലാട്ടമാടിക്കൊണ്ടിരുന്നു.. ഉണ്ണിയേട്ടനും അവള്‍ക്കുമിടയിലുള്ള ദൂരം ഓരോ ദിവസങ്ങളിലും കുറഞ്ഞു കൊണ്ടിരുന്നു..

കണ്ണന്റെ പരീക്ഷ കഴിഞ്ഞു.. വേനലവധി തുടങ്ങിയിട്ട് രണ്ട് ദിവസമായി..
ഇന്ന് ഉണ്ണിയേട്ടന്റെ വിവാഹമാണ്‌.. നഗരത്തിലുള്ള ഒരു ഓഡിറ്റോറിയത്തില്‍ വെച്ചാണ്‌ വിവാഹം.. കണ്ണനെ മുത്തശ്ശിയുടെ അടുത്താക്കി അമ്മ രണ്ട് ദിവസം മുമ്പേ പോയിരുന്നു..
ഇന്നലെ ചിറ്റ അവരുടെ കൂടെ ഉണ്ണിയേട്ടന്റെ വീട്ടിലേക്ക് പോകാന്‍ വിളിച്ചെങ്കിലും കണ്ണന്‍ പോയില്ല.. അവന്‍ കല്ല്യാണത്തിന്റെ അന്ന് മുത്തശ്ശീടെ കൂടെ വരാമെന്ന് ശഠിച്ചു..

കണ്ണന്‍ ഉണ്ണിയേട്ടന്റെ കല്ല്യാണം നടക്കുന്ന മണ്ഡപത്തിനടുത്തേക്ക് പോയില്ല..
ഭക്ഷണം പാകം ചെയ്യുന്ന സ്ഥലത്ത് പോയി അവിടെ കുത്തിയിരുന്നു അവന്‍‌.. ഇടയ്ക്കെപ്പഴോ വിവാഹത്തിന്റെ മം‌ഗള നാദം ഉച്ചസ്ഥായിയിലെത്തിയതും പിന്നീട് സാധാരണ താളത്തിലായതും അവന്‍ അലസമായി കേട്ടു..
അവന്‍ പതുക്കെ വണ്ടിയില്‍ ചെന്നിരുന്നു.. വണ്ടിക്കകത്ത് അവനും പൊള്ളുന്ന വെയിലും മാത്രം.. പുറത്തെ കാഴ്ചകളൊന്നും അവനെ ആകര്‍ഷിച്ചിരുന്നില്ല.. അവന്റെ മനസ്സ് ശൂന്യമായി മാറിയിരുന്നു..

ഇടയ്ക്കെപ്പ്ഴോ അലങ്കരിച്ച ഒരു വെളുത്ത കാര്‍ ആ വഴി പതുക്കെ കടന്നു പോകുന്നത് അവന്‍ നെഞ്ചിടിപ്പോടെ കണ്ടു. കാറിനുള്ളില്‍ ഉണ്ണിയേട്ടന്റെ കൈ ചിലന്തിയെപ്പോലെ അമ്മുവിന്റെ വിരലുകളിലേക്ക് പടര്‍ന്ന് കയറുന്നതും.. അവന്റെ കണ്ണുകള്‍ ചാലു കീറി കവിളിലൂടെ താഴേക്കൊഴുകി..

സ്വപ്നങ്ങളില്‍ മാത്രം കാണാറുള്ള സ്ഥലങ്ങളിലേക്ക് വെളുത്ത കുതിരയെ പോലെ പൊടി പറത്തിക്കൊണ്ട് ഉണ്ണിയേട്ടന്റെ കാര്‍ അപ്രത്യക്ഷമായപ്പോള്‍ കണ്ണന്റെ മനസ്സില്‍ ഒരു സംശയം മാത്രം ബാക്കിയായി.. ചോദിക്കാന്‍ ഭയമുള്ള ഒരു സംശയം..
"ഉണ്ണിയേട്ടന്‌ ന്നെ കല്ല്യാണം കഴിച്ചൂടാരുന്നോ?"

10 മേയ് 2012

പേഴ്സ് ഉണ്ടാക്കിയ കഥ

സിന്തോള്‍ സോപ്പ് ട്റേയില്‍ വെച്ച ശേഷം പൈപ്പ് പൂട്ടി അല്പം മുമ്പ് കേട്ട അശരീരിയുടെ പുനഃസം‌പ്രേക്ഷണത്തിനായി ഞാന്‍ കാതോര്‍ത്തു.
അശരീരി : ((((( "ആ പേഴ്സെവടെയാ വെച്ചത്? നാളെ ബസ്സിനു പോകാന്‍ ചില്ലറഇല്ല..")))))

പുത്തന്‍ സോപ്പുകളുടെ ധാരാളിത്തത്തില്‍ കാലം തേച്ചു മായ്‌ച്ചു കളഞ്ഞതായിരുന്നു സിന്തോള്‍ സോപ്പിന്റെ ഗന്ധം.

ഒരു വ്യാഴവട്ടത്തിന്‌ ശേഷം സൂപ്പര്‍ മാര്‍ക്കറ്റില്‍ വെച്ച് ആ സോപ്പ് വീണ്ടും കണ്ടപ്പോള്‍ തന്നെ ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു ബാല്യകാല സ്മരണകളെ സോപ്പ് തേച്ച് ഒന്നു പതപ്പിച്ചു നോക്കാമെന്ന്..
അതിനിടയ്‌ക്കാ അവളുടെ ഒരു അശരീരി...

"അത് ഇപ്പൊ തന്നെ വേണോ..? കുളിച്ച് വന്നിട്ട് ഞാനെടുത്ത് തരാം. ആ ഷെല്‍ഫില്‍ തന്നെ ഇണ്ടാവും..", അസമയത്ത് വന്ന ചോദ്യത്തിന്റെ അതൃപ്തി രേഖപ്പെടുത്തിക്കൊണ്ട് കൊണ്ട് ഞാന്‍ പൈപ്പ് തുറന്നു വിട്ടു..

ബക്കറ്റിനകത്തെ വെള്ളച്ചാട്ടത്തില്‍ അശരീരി വീണ്ടും അവ്യക്‍തമായിക്കൊണ്ടിരുന്നു..
പണ്ട് സോപ്പ് തേച്ച് ചെവി പൊത്തി ഷവറിനു കീഴെ നിന്നപ്പോള്‍ തല പൊള്ളയായ ചെമ്പ് പാത്രം പോലെ അനുഭവപ്പെട്ടത് ഓര്‍ത്തു.. ബാത്ടബ് ഇല്ലാത്തത് കാരണം ബക്കറ്റില്‍‌ വെള്ളം നിറച്ച്‌ അതില്‍ ഇരുന്ന് ആര്‍ക്കിമിഡീസ് പ്രിന്‍സിപ്പിള്‍‌ പരീക്ഷിച്ചതും..

ചെവിയിലെ വെള്ളം തലയ്ക്കകത്ത് ഭൂകമ്പം സൃഷ്ടിച്ചതും.. അങ്ങനെയുള്ള പല തരം സ്മരണകള്‍‌ അയവിറക്കി.

വിശദമായ കുളി കഴിഞ്ഞ് പുറത്ത് വന്നപ്പോള്‍ രാത്രി എട്ട് മണി കഴിഞ്ഞിരുന്നു.

അവള്‍ - "അതേയ്..ആ പേഴ്‌സെവടെയാ വെച്ചേ?"

ഞാന്‍ - "നീയല്ലേ എന്റെ പേഴ്സെടുത്ത് വെച്ചത്? എന്തൊക്കെയോ അടക്കി പെറുക്കി വെക്കുന്നത് ഞാന്‍ കണ്ടല്ലോ.."

അവള്‍ - "ഹയ്യടാ! ഞാനോ?"

ഞാന്‍ സംശയത്തോടെ അവളുടെ മുഖത്തേക്ക് നോക്കി - "പിന്നെ ഞാനോ?"

അവള്‍‌ - "ഞാനിനി തെരയാനൊരു സ്ഥലോം ബാക്കിയില്ല..!"
നിസ്സാരമായ ഒരു Missing case പെട്ടെന്ന് കണ്ടു പിടിക്കുന്ന ലാഘവത്തോടെ ഞാന്‍ ആ പരിസരത്തൊക്കെ ഒന്ന്‌ ഓടിച്ചു പരതി..
സാധാരണ - അല്ല - എല്ലായ്പോഴും പേഴ്സ് വെക്കാറുണ്ടായിരുന്ന ഷെല്‍ഫില്‍ ഇന്ന് പേഴ്സില്ല.. ഇട്ട പാന്റിന്റെ പോക്കറ്റിലും, ബാഗിലും ഒന്നും ഇല്ല.

ഓരോ സ്ഥലവും അരിച്ചു പെറുക്കിയിട്ടും പേഴ്സ് കണ്ടില്ല...

എന്റെയും അവളുടെയും ATM കാര്‍ഡുകള്‍‌, ID proof, PAN card, കാശ് കുറയ്‌ക്കാന്‍ വേണ്ടി അവള്‍ വാങ്ങിയ സൂപ്പര്‍ മാര്‍ക്കറ്റിലെ discount കാര്‍ഡ്, മറ്റ് പല തരം ലൊട്ട് ലൊഡുക്ക് കാര്‍ഡുകള്‍‌, 1600 രൂപ, അഞ്ചാം ക്ലാസ്സീന്ന് മിഥുന്‍ തന്ന ശിവന്റെ ഫോട്ടോ, ഡ്രസ്സ്

തുന്നാന്‍ കൊടുത്തതിന്റെ രശീതി, പിന്നെ കാലങ്ങളായി പേറിക്കൊണ്ടിരുന്ന എന്തൊക്കെയോ കാര്‍ഡുകള്‍‌.. ഇതെല്ലാം വഹിച്ചു കൊണ്ടിരുന്ന പേഴ്സായിരുന്നു അത്.

പേഴ്സ് കളഞ്ഞു പോയെന്ന ആശയം ഉള്‍ക്കൊള്ളാന്‍ കഴിയാതെ ഞാന്‍, ഒരിക്കലും വെയ്‌ക്കാന്‍ സാധ്യതയില്ലാത്ത സ്ഥലങ്ങളിലേക്കും പരതല്‍ വ്യാപിപ്പിച്ചു.
സിന്തോള്‍ സോപ്പിന്റെ ഗന്ധവുമായി വിയര്‍പ്പുകണങ്ങള്‍ മത്സരിച്ചു തുടങ്ങിയിരിക്കുന്നു.. തിരച്ചിലിന്റെ ഓരോ നിമിഷങ്ങളും സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിച്ചു.. ഇടയ്‌ക്കിടയ്‌ക്കുള്ള അവളുടെ വിലാപം അടിയന്തിരാവസ്ഥയുടെ ആക്കം കൂട്ടിക്കൊണ്ടേയിരുന്നു..

വീട്ടീന്നെങ്ങാനും വിളിച്ചാല്‍ ഈ കാര്യം മിണ്ടിപ്പോകരുതെന്നു ഞാന്‍ കാലേക്കൂട്ടി മുന്നറിയിപ്പ് കൊടുത്തു..

വെറുതേ എന്തിനാ സ്വസ്ഥമായി ഉറങ്ങാന്‍ പോകുന്നവരുടെ ഉറക്കം കെടുത്തുന്നത്?

അവസാനമായി അരിച്ചാക്കിലും കൂടി പരതിയ ശേഷം ഞാന്‍ ഉറപ്പിച്ചു പ്രഖ്യാപിച്ചു- "പേഴ്സ് ഇവിടെ ഇല്ല.."

"ഇനി അതാ ഓട്ടോര്‍ഷേലെങ്ങാനും....?" (ഗദ്ഗദം)

അവള്‍ - "യ്യോ.. ഈശ്വരാ.. എന്റെ പ്രെഷറ് കൊറയുന്ന പോലെ.." (നിലത്തിരുന്ന് ചുമരുകള്‍ മറച്ച ആകാശത്തേക്ക് നോക്കി അവള്‍ വിലപിച്ചു)

സിനിമയില്‍ പല ആള്‍ക്കാരും പ്രയോഗിക്കുന്ന ഫ്ലാഷ്‌ബാക്ക് തന്ത്രം പ്രയോഗിച്ച് നോക്കാനും ഒരു ശ്രമം നടത്തി നോക്കി :

നാട്ടില്‍ നിന്ന് തിരിച്ച് കാക്കനാട് എത്തിയപ്പോള്‍ വൈകീട്ട് അഞ്ചരയായി.. എന്റെയും അവളുടെയും രണ്ട് കൈയിലും ഓരോ ബാഗ് വീതം..

അതു കൊണ്ട് തന്നെ, കാക്കനാട് നിന്ന് ഓട്ടോറിക്ഷയില്‍ കയറിയതും, താമസസ്ഥലത്ത് ഇറങ്ങിയതും വിചിത്രമായ രീതിയിലായിരുന്നു. ഇറങ്ങുമ്പോള്‍ ബുദ്ധിമുട്ടേണ്ടല്ലോ എന്നു കരുതി ഓട്ടോറിക്ഷയില്‍ വെച്ചു തന്നെ ഞാന്‍ ബുദ്ധിപൂര്‍‌വ്വം പേഴ്സെടുത്ത് സ്ഥിരം ചാര്‍ജായ 30 രൂപ ഷര്‍ട്ടിന്റെ കീശയിലേക്ക് മാറ്റി... പിന്നീട് പേഴ്സെവിടെ വെച്ചു...?
എന്റെ ഫ്ലാഷ്ബാക്ക് അവിടെ വെച്ച് ഖണ്ഡിക്കപ്പെട്ടു. എത്ര ഓര്‍ക്കാന്‍ ശ്രമിച്ചിട്ടും ആ ഭാഗം ഓര്‍മ്മ വന്നതേ ഇല്ല.. അതിനു മുമ്പ്പുള്ള സീനുകള്‍ - ബസിലിരുന്ന് കേട്ട പാട്ടുകള്‍ - അതൊക്കെ നല്ല ഓര്‍മ്മ.. പക്ഷെ പേഴ്സുമായി ബന്ധപ്പെട്ട എല്ലാ ഓര്‍മ്മകളും ഞാന്‍ മറന്നു പോയി..

എവിടെയാ, എപ്പോഴാ എന്നൊക്കെ പെട്ടെന്ന് ഓര്‍ത്തെടുക്കാന്‍ പലപ്പോഴും പ്രയാസമാണ്. ഇത് നിമിത്തം, പല ചോദ്യങ്ങള്‍ക്കും സമയത്ത് ഉത്തരം കൊടുക്കാന്‍ കഴിയാതെ പരുങ്ങിയ അവസ്ഥ മുമ്പും ഉണ്ടായിട്ടുണ്ട്.. ഇതേ അവസ്ഥ സൂര്യക്കും, പിന്നീട് അമീര്‍ഖാനും അനുഭവപ്പെട്ടിട്ടുണ്ടെന്ന ആശ്വാസം മാത്രമുണ്ട്‌.. അവരതിനെ short term memory loss എന്നൊക്കെ ശാസ്ത്രീയമായി പറഞ്ഞെന്നു മാത്രം.

പേഴ്സില്ല എന്ന് സ്ഥിരീകരിച്ച സ്ഥിതിക്ക് ഇനിയും സമയം Waste ആക്കാനില്ല.. അടിയന്തിരമായി വല്ലതും ചെയ്‌തേ മതിയാവൂ..

"ഓട്ടോര്‍ഷാ സ്റ്റാന്‍ഡ് വരെ പോയി നോക്കാം..", സംഭവം ഇന്‍‌വെസ്റ്റിഗേറ്റ് ചെയ്യാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു.
രണ്ട് പേരും ധൃതിയില്‍ ഒരുങ്ങി പുറത്തിറങ്ങി. നടന്നു വന്ന വഴി മുഴുവന്‍ അരിച്ചു പെറുക്കി.

ഓട്ടോറിക്ഷാ സ്റ്റാന്‍ഡിലേക്ക് തിരിക്കുന്നതിനു മുന്‍പേ ബിനോയിനെ വിളിച്ചു, ഇന്‍‌വെസ്റ്റിഗേഷനില്‍ പങ്കാളിയാവാന്‍‌..
മുമ്പുംസമാനമായ ഒരു അവസരത്തില്‍ ബിനോയ് കൂടെ ഉണ്ടായിരുന്നു. അന്ന് ഒരാളെ chase ചെയ്യാന്‍ വേണ്ടി ആയിരുന്നു ബിനോയ് കൂടെ വന്നതെന്ന വ്യത്യാസമുണ്ട് (അത് പിന്നെ പറയാം)

ഞങ്ങള്‍ മൂന്ന് പേരും നേരെ ഓട്ടോറിക്ഷാ സ്റ്റാന്‍ഡിലെത്തി. കുറച്ച് ഓട്ടോറിക്ഷകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.. ആളുകള്‍ കയറുന്നു, ഡ്രൈവര്‍ പടപടപടേന്ന് വണ്ടി start ആക്കുന്നു.. പൊടി പറത്തി പോകുന്നു.. അങ്ങനെ രണ്ട് മൂന്ന് ഓട്ടോറിക്ഷകള്‍ വരുന്നതും പോകുന്നതും ഞങ്ങള്‍ "ആരാ-എന്താ-എവിടെയാ" അന്ധാളിപ്പോടെ നോക്കി നിന്നു..
പതുക്കെ ധൃതിയില്ലാത്ത ഒരു ഓട്ടോറിക്ഷ ഞങ്ങളുടെ അടുത്തു വന്നു നിന്നു..

"ചേട്ടാ ഒരു പേഴ്സ് പോയി.. ഓട്ടോയിലാണെന്നാ തോന്നുന്നത്", ഞങ്ങള്‍ കാര്യം പറഞ്ഞു തുടങ്ങി..

ഡ്രൈവര്‍‌ - "ഇതിലാണോ??"

"ഇതിലല്ല"

ഡ്രൈവര്‍‌ - "ഓട്ടോന്റെ പേരറിയുവോ?"

ഞാന്‍ - "ഇല്ല, ആളെ കണ്ടാലറിയാം. ഒരു കണ്ണിത്തിരി ഇടുങ്ങിയതാ.."

കയറുമ്പോഴും ഇറങ്ങുമ്പോഴും അവളുടെ തല ഇടിച്ചത് അങ്ങേര്‍ ശ്രദ്ധിച്ചിരുന്നു.. കാശ് കൊടുക്കാന്‍ നേരം അങ്ങേരീ കാര്യം ഞങ്ങളോട് പറയുകയും ചെയ്‌തു... ഇത്രയും ആയിരുന്നു ആകെ ഉണ്ടായിരുന്ന തെളിവ്..

കയറുമ്പോഴും ഇറങ്ങുമ്പോഴും തല ഇടിച്ചെന്ന് പറഞ്ഞ ഡ്രൈവറെ എങ്ങനെ കണ്ടു പിടിക്കും?
"ഡ്രൈവരുടെ കയ്യില്‍ കിട്ടാന്‍ ചാന്‍സ് കുറവാണ്‌. കിട്ടിയാല്‍ അവര്‍ എന്തായാലും വിളിച്ച് തരും.. അല്ലെങ്കില്‍ ഇവിടെ ഏല്പിക്കും..

ഇനി യാത്രക്കാരുടെ കയ്യിലാണെങ്കില്‍ അവരുടെ സ്വഭാവം പോലെ ഇരിക്കും. കിട്ടുന്നതും കിട്ടാത്തതും ഒക്കെ...", ഒരു ഡ്രൈവര്‍ ഇങ്ങനെ ഉപസംഹരിച്ചു.

ഒരു ചൂടന്‍ ഡ്രൈവര്‍ മാത്രം ചൂടായി. ഇത്-എന്നെ-ഉദ്ദേശിച്ച്-പറഞ്ഞതാണ്‌,എന്നെ-മാത്രം-ഉദ്ദേശിച്ച്-പറഞ്ഞതാണ്‌ എന്ന ചിന്താഗതിക്കാരനായിരുന്നു ആ മഹാന്‍.. അതു കൊണ്ട് തന്നെ അയാള്‍ കീശയില്‍ നിന്നും സ്വന്തം പേഴ്സെടുത്തിട്ട് ചോദിച്ചു - "ഇതാണോ നിങ്ങടെ പേഴ്സ്? ഇതാണോന്ന്? എനിക്ക് നിങ്ങടെ പേഴ്സൊന്നും വേണ്ട..", ചോദ്യങ്ങള്‍ മുഴുവനും ബിനോയോടായിരുന്നു.. "നിങ്ങള്‍ക്ക് ബോധമില്ലേ? പേഴ്സ് കണ്ടിടത്തെല്ലാം കൊണ്ടിടാന്‍‌...? എന്നിട്ട് ഓട്ടോര്‍ഷേല്‍ പോയെന്ന് പറഞ്ഞ് അന്വേഷിക്കാന്‍ വന്നിരിക്ക്യാ.."

ബിനോയ് അയാളെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നത് കണ്ടപ്പോള്‍ പേഴ്സ് ബിനോയുടേതാണോ എന്ന്‌ എനിക്ക് തന്നെ സംശയം തോന്നി..!
ഓട്ടോറിക്ഷകള്‍ ഓരോന്നായി അരിച്ചു പെറുക്കി. മുമ്പിലുള്ള ആളോട് സംഭവം വിശദീകരിക്കുമ്പോള്‍ പുറകിലുള്ള ഓട്ടോറിക്ഷക്കാര്‍ ആകാംക്ഷയോടെ ചോദിക്കും - "എന്താ എന്താ കാര്യം?"

അങ്ങനെ നേരം കുറച്ച് കഴിഞ്ഞപ്പോള്‍ ഒരു മൂത്ത ഡ്രൈവര്‍ ഉപദേശിച്ചു..

"നാളെ കാലത്ത് വന്നാല്‍ എല്ലാ ഓട്ടോറിക്ഷകളും ഇവിടെ തന്നെ ഉണ്ടാകും. അപ്പോള്‍ കാണാന്‍ കഴിയും.. എന്തായാലും ഒരു complaint കൊടുത്തിട്ടേക്ക്.. രേഖകളൊക്കെ ഉള്ളതല്ലേ.."
ഞങ്ങള്‍ പരസ്പരം നോക്കി.. അതിലുള്ള രേഖകളുടെ എല്ലാം Duplicates ഉണ്ടാക്കി എടുക്കാനുള്ള പൊല്ലാപ്പ് ഓര്‍ത്തപ്പോള്‍ തന്നെ എന്റെ വോള്‍ടേജ് കുത്തനെ ഇടിഞ്ഞു..
നേരേ പോലീസ് സ്റ്റേഷന്റെ മുന്നിലെത്തി.. പോലീസ് ഫോബിയ ഉള്ള അവളെ ശകടത്തിലിരുത്തി ഞാനും ബിനോയും പോലീസ് സ്റ്റേഷന്‍ ലക്ഷ്യമാക്കി നടന്നു..

ഇതൊക്കെ വളരെ Normal ആണെന്ന് കാണിച്ച് കൊണ്ട് ഞാന്‍ തലയുയര്‍ത്തി നടന്നു.

കയറുന്നതിനു തൊട്ടു മുമ്പ് ബിനോയ് കാതില്‍ പറഞ്ഞു - "എടാ... ഞാനിത് ആദ്യമായിട്ടാ.."

"ഞാനും.."
നേരെ ചെന്ന് കയറിയത് wireless ഉം പിടിച്ചിരിക്കുന്ന ആളുടെ അടുത്തായിരുന്നു..

"പേഴ്സ്.."

പറഞ്ഞ് മുഴുമിക്കുന്നതിനു മുമ്പ് വേറേ ഒരാളെ ചൂണ്ടിക്കാണിച്ചു കൊണ്ട് അങ്ങേര്‍ wireless ല്‍ എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരുന്നു.
ഞങ്ങള്‍ ചെന്ന് കാര്യം വിശദമായി ബോധിപ്പിച്ചപ്പോള്‍ അയാള്‍ ആശ്വസിപ്പിച്ചു- "നാളെ രാവിലെ ഒന്‍പത് മണി ആകുമ്പോള്‍ വന്ന്‌, ഒരു complaint എഴുതി കൊടുക്കുക.. അപ്പോള്‍ ഒരു receipt തരും.. അത് വെച്ച് duplicate ന്‌ അപേക്ഷിക്കാം..."
"OK സാര്‍‌........"

മടങ്ങുന്നതിനു മുമ്പ് ബിനോയുടെ കയ്യിലുണ്ടായിരുന്ന 210 രൂപ ഞാന്‍ വാങ്ങി. കയ്യില്‍ അഞ്ചു പൈസ പോലും വേറേ ഉണ്ടായിരുന്നില്ല.. കാശെടുക്കാനാണെങ്കില്‍ ഒരു കാര്‍ഡ് പോലും ഇല്ല..
തിരിച്ച് വീട്ടിനരികില്‍ വന്നെത്തിയപ്പോഴും വഴി മുഴുവന്‍ അരിച്ചു പെറുക്കി, ഉണ്ടാവില്ലെന്നറിഞ്ഞിട്ടും ഒരു സമാധാനത്തിന്‌.. പക്ഷെ പേഴ്സ്‌ എവിടെയും ഇല്ല..

കോണി കയറി വാതില്‍ തുറക്കാന്‍ നേരം അവള്‍ :

"എന്റെ കൃഷ്ണാ.. പേഴ്സ് കിട്ടിയാല്‌ ഞാന്‍ ഗുരുവായൂരപ്പന്‌ X രൂപ തരും...", അവള്‍ നെഞ്ചില്‍ കൈ വെച്ച് കൃഷ്ണനെ വിളിച്ച്‌ കഴിഞ്ഞതും ഞാന്‍ കോണിക്കരികെയുള്ള ടെറസിലേക്ക് ടോര്‍ച്ചടിച്ചതും ഒരുമിച്ചായിരുന്നു...

എന്റെ കണ്ണുകള്‍ തിളച്ച വെളിച്ചെണ്ണയില്‍ വീണ പപ്പടം പോലെ ആര്‍ത്തലച്ച് വികസിച്ചു.. ദാ താഴെ കിടക്കുന്നു - പേഴ്സ്..

നിരാശയുടെ ചാവുക്കടലിലേക്ക് അപ്രതീക്ഷിതമായി വന്ന അത്ഭുതം ഉള്‍ക്കൊള്ളാനാകാതെ ഞങ്ങള്‍ രണ്ടു പേരും വാ പൊളിച്ചു..

"ശോ.. ഞാന്‍ പറഞ്ഞില്ലേ ഇത് ഗുരുവായൂരപ്പന്‍ കൊണ്ട് ഇട്ടതാ.. ശരിക്കും ഗുരുവായൂരപ്പന്‍ കൊണ്ട് ഇട്ടതാ..", അവള്‍ ഗുരുവായൂരപ്പനുമായി കൃതജ്ഞതയുടെയും, ഉപകാരസ്മരണയുടെയും സെന്റിമെന്റ്സില്‍ ആറാടി..

ബോധം പതുക്കെ തെളിഞ്ഞു - (((( പേഴ്സ് എന്റെ കയ്യില്‍ തന്നെ ആയിരുന്നു. വാതില്‍ തുറക്കാന്‍ നേരം ബാഗിനു മുകളില്‍ വെച്ച പേഴ്സ് ബാലന്‍സ് തെറ്റി താഴെ വീണത് ശ്രദ്ധിച്ചില്ല..))))
ടെറസിലിറങ്ങി പേഴ്സെടുത്ത ഉടനെ, അവളുടെ കാര്‍ഡും, X രൂപയും അവള്‍ അതിനകത്തു നിന്നും മാറ്റി വെച്ചു.

(ഇനീം ഇതേ കാര്യം പറഞ്ഞ് വെറുതേ ഗുരുവായൂരപ്പനെ ശല്യപ്പെടുത്തേണ്ടതില്ലല്ലോ)
X രൂപ ഇപ്പോഴും ഗുരുവായൂരപ്പന്റെ ഫോട്ടോയ്‌ക്കു മുന്നില്‍ ഇരിക്കുന്നു, ഗുരുവായൂര്‍ യാത്രയും കാത്ത് :)