30 നവംബർ 2009

"നീല"ത്താമര കാണാന്‍ വന്നവര്‍

ഏറെ പ്രതീക്ഷയോടെ ആയിരുന്നു ഞാന്‍ നീലത്താമര കാണാന്‍ ഒരുങ്ങിയത്‌. കുറേ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ നിര്‍മ്മിച്ച ഒരു സിനിമ പുനര്‍നിര്‍മ്മിച്ചത്‌ കാണാനുള്ള ഒരു കൌതുകം ഉണ്ടായിരുന്നു മനസ്സില്‍..വര്‍ണ്ണപ്പൊലിമ ഇല്ലാതിരുന്ന അറുപതുകളിലും നിറം മങ്ങാത്ത പ്രണയം ഉണ്ടായിരുന്നിരിയ്ക്കണം മനസ്സില്‍.. ഇന്നും പുതുമയും ജീവനും ഉള്ള പഴയ സിനിമയിലെ ഗാനങ്ങള്‍ കേള്‍ക്കുമ്പോള്‍ ഇതു സത്യമാണെന്നു സമ്മതിയ്ക്കാതെ വയ്യ.

എഴുതിയത്‌ എം.ടി. ആണെങ്കില്‍ കഥയ്ക്ക്‌ നട്ടെല്ലുണ്ടാകുമെന്ന്‌ ഒരു സഹപ്രവര്‍ത്തകന്‍ പറയുമായിരുന്നു. നല്ല പാട്ടുകള്‍ കൂടി കേട്ടപ്പോള്‍ കാണാനുള്ള ആഗ്രഹം ഇരട്ടിയായി..

ഒരു സിനിമ കാണാന്‍ ഒരുങ്ങുമ്പോള്‍, ചിത്രത്തിനേക്കാള്‍ ഉപരി മറ്റു ചില കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്ന് കഴിഞ്ഞ ദിവസം ഉണ്ടായ അനുഭവം എന്നെ പഠിപ്പിച്ചു. തരം താണു പോയ ആസ്വാദകവൃന്ദം തന്നെ കാരണം... വീട്ടിലിരുന്നു വ്യാജ സി ഡി ഉപയോഗിച്ച് സിനിമ കാണാതെ, തീയേറ്ററില്‍ പോയി സിനിമ കാണുന്നത്, ആസ്വാദനത്തിന്റെ പൂര്‍ണതയ്ക്കു വേണ്ടിയാണ്. എന്നാല്‍ കഴിഞ്ഞ ദിവസം കോഴിക്കോടുള്ള ഒരു തീയേറ്ററില്‍ വെച്ചുണ്ടായ ഈ അനുഭവം, സിനിമ ആസ്വാദനം എത്ര മാത്രം തരം താഴാം എന്നതിന്റെ ഒരു പ്രദര്‍ശനം ആയി തോന്നി!

ഇവിടെ നഷ്ടപ്പെടുന്നത് ആസ്വാദനമാണ്.. ഇന്ന് തീയേറ്ററുകള്‍ അടക്കി വാഴുന്നത്, ആസ്വാദകരുടെ ചോര കുടിയ്ക്കുന്ന ചില വിഷ ജന്തുക്കള്‍ ആണ്. ഇവരെ അരസികരെന്നോ, കാമഭ്രാന്തന്മാര്‍ എന്നോ, എന്താണ് വിളിക്കുക?

കൂവുക, തരം താണ അഭിപ്രായ പ്രകടനങ്ങള്‍ മുഴുനീളം നടത്തുക, അമ്മയെയും പെങ്ങളെയും വക വെയ്ക്കാതെ സ്ക്രീനില്‍ തെളിയുന്ന സ്ത്രീകളുടെ ശരീരത്തെക്കുറിച്ച് വികൃതമായ കാമ വിചാരങ്ങള്‍ ഉറക്കെ പുലമ്പുക തുടങ്ങിയവയാണ് ഇത്തരം ആളുകള്‍ ചെയ്തു പോരുന്ന ചര്യകള്‍.

കോഴിക്കോടുള്ള തീയേറ്ററുകളില്‍ മാത്രമാണോ ഈ പുതുമയുള്ള സമ്പ്രദായം എന്നെനിക്കറിയില്ല..
ഒന്നും സാമാന്യവല്‍ക്കരിയ്ക്കാന്‍ എന്റെ ഈ കുറിപ്പിന് ഉദ്ദേശ്യമില്ല.. ഉണ്ടായ അനുഭവങ്ങള്‍ എഴുതുന്നു.. അത്ര മാത്രം..

സിനിമ തുടങ്ങിയപ്പോള്‍ തന്നെ മനസ്സിലായി, ഒരു ശതമാനം പോലും ഈ സദസ്സില്‍ ആസ്വാദനം സാധ്യമല്ല എന്ന്.. ഉറക്കെ ഉള്ള അഭിപ്രായ പ്രകടനങ്ങളും, തമ്മിലുള്ള സംസാരവും, ജല്പനങ്ങളും കാരണം ഒന്നും കേള്‍ക്കാന്‍ തന്നെ വയ്യ.. അല്പം കഴിഞ്ഞപ്പോള്‍ മനസ്സിലായി കുറെ പേര്‍ വന്നിരിയ്ക്കുന്നത് നീലത്താമര കാണാന്‍ അല്ല "നീല"ത്താമാര കാണാന്‍ ആണ് എന്ന്!

രണ്ടര മണിക്കൂര്‍... നായികയുടെ ദുരവസ്ഥയോര്‍ത്തു സഹതപിയ്ക്കാനെ കഴിഞ്ഞുള്ളു.. മുണ്ടും ബ്ലൌസും ധരിച്ചെത്തിയ നായികയെ ഒന്ന് കുനിയാന്‍ പോലും, കാണികള്‍ സമ്മതിച്ചില്ല. നായിക ഈ സദസ്സില്‍ ഉണ്ടായിരുന്നെങ്കില്‍ ഒരു പക്ഷെ തീയേറ്ററിനകത്തു നിന്നും ഇറങ്ങി ഓടിയേനെ..

നായകന്‍റെ അടുത്തേയ്ക്ക് നീങ്ങുന്ന നായികയ്ക്ക് ഫുട്ബോളില്‍ ഗോള്‍ അടിയ്ക്കാന്‍ പോകുന്ന ആവേശത്തോടെയുള്ള ആരവങ്ങളായിരുന്നു കാണികള്‍ സമ്മാനിച്ചത്.. കഥയുടെ സ്വാഭാവികമായ ഗതിയില്‍ നായികയോട് സംസാരിയ്ക്കുന്ന വൃദ്ധനായ ഒരാളുടെ സംഭാഷണം പോലും ഇവര്‍ നായികയെ ഇക്കിളിപ്പെടുത്തുന്ന അശ്ലീലം പുരട്ടി വ്യാഖ്യാനിച്ചു രസിയ്ക്കുകയായിരുന്നു.

നീലച്ചിത്രങ്ങളും, നീലപ്പുസ്തകങ്ങളും സസുലഭം വാഴുന്ന ഇക്കാലത്ത് ഇത്തരത്തില്‍ അപൂര്‍വമായി വിരിയുന്ന നീലത്താമരകളെ പിച്ചി ചീന്തുന്നതെന്തിനാണ്? എന്ത് അസഹിഷ്ണുതയാണ് ഇത്തരം ഒരു പ്രഹസനത്തിനു ഇവരെ പ്രേരിപ്പിയ്ക്കുന്നത്? ഇത്തരം ആളുകള്‍ സ്വന്തം വീട്ടിലിരുന്നും ഇതേ പോലെ സിനിമ ആസ്വദിക്കുന്നുണ്ടാവുമോ? ഈ ചോദ്യങ്ങള്‍ ഇനിയും ബാക്കി..

സകല ഞരമ്പുകളും മുറുക്കിപ്പിടിച്ചു ശ്വാസം വിടാതെ സിനിമ ആസ്വദിയ്ക്കണം എന്നുള്ള അഭിപ്രായം ഒന്നും എനിക്കില്ല. മറ്റുള്ളവരെ ദ്രോഹിക്കാത്ത രീതിയിലുള്ള എന്താസ്വാദനവും നല്ലത്..
ഹൌസ് ഫുള്‍ ആയി പ്രദര്‍ശിപ്പിച്ച ആ സിനിമ എത്ര പേര്‍ ആസ്വദിച്ചു കാണും? തീര്‍ച്ചയായും ഈ ആളുകള്‍ മാത്രം ആസ്വദിച്ചിട്ടുണ്ടാവും..

നീലത്താമര മനോഹരമായിരിയ്ക്കും എന്നേ എനിയ്ക്ക് പറയാന്‍ കഴിയൂ..!നിറങ്ങളില്ലാത്ത പഴയ ആ നീലത്താമാരയെ മനോഹരമാക്കിയെങ്കില്‍, എത്ര മനോഹരമായിരിയ്ക്കണം അന്നത്തെ ആസ്വാദകവൃന്ദം.. ഒരു കാര്യം മനസ്സിലായി.. നീലത്താമരകള്‍ക്ക് നിറങ്ങള്‍ കൊടുക്കുന്നതില്‍ ആസ്വാദകസമൂഹവും ഒരു വലിയ പങ്കു വഹിയ്ക്കുന്നു.. സിനിമയും, സംവിധായകനും, നടനും, നടിയും, കഥയും മാത്രം പോരാ, ഇന്നൊരു നല്ല സിനിമ ആസ്വദിയ്ക്കാന്‍.. യോഗം വേണം, നല്ല ആസ്വാദകരെ കിട്ടാന്‍!!

കൊച്ചു കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഒരുമിച്ചിരുന്നു ആസ്വദിയ്ക്കുന്ന ഒരു സദസ്സില്‍ എങ്ങനെ പെരുമാറണമെന്ന് മനസ്സിലാക്കാന്‍ സാമാന്യ ബോധത്തില്‍ കൂടുതലായി വേറെ എന്തെങ്കിലും വേണോ? ഇതായിരിയ്ക്കണം പഴമക്കാര്‍ പറയുന്ന "പുതിയ തലമുറയുടെ അധപ്പതനം". ഇവിടെ മൃദുല വികാരങ്ങളും, സ്നേഹവും, സഹവര്‍ത്തിത്വവും ഒന്നും ഇല്ല.. വിഷബീജങ്ങളാണിവിടെ സുലഭം.. വൈകൃതങ്ങളുടെ വിഷബീജങ്ങള്‍..

ഒരു കാര്യം എന്തായാലും തീരുമാനിച്ചു..! ഇനി ഒരു നല്ല സിനിമ കാണാന്‍ മോണിംഗ് ഷോക്കെ പോകൂ..!! ഇരുട്ടിന്റെ മണമുള്ള ഇവര്‍ പകലൊക്കെ ഉറങ്ങുകയായിരിയ്ക്കും എന്നാ പ്രതീക്ഷയോടെ.. വിദ്വേഷം അല്ല ഇവരോട്.. സഹതാപം മാത്രം..