10 ഡിസംബർ 2013

വൈഖരികള്‍

സംസാരിയ്ക്കുന്ന ഒരു "മാംസക്കഷണമെന്നാണ് " ചില നേരങ്ങളില്‍
മത്സരിച്ചുണ്ടാകുന്ന വില.
ആര്‍ത്തട്ടഹസിച്ച് മെല്ലെ മറക്കാവുന്നവ - എന്നാണ്‌ ചില വാക്കുകളും പ്രവൃത്തികളും.
പക്ഷെ ഓരോന്നും ഏതോ ഒരു നിമിഷത്തിന്റെ അര്‍ത്ഥത്തോട് ചേര്‍ന്ന്
ശൂന്യമാകാന്‍ തയ്യാറെടുക്കുകയാണ്‌ .
അത് ചില കൈ വിട്ട നിമിഷങ്ങളുടെ അനിവാര്യതയാണ്‌.

കോഴിയെ കഴുത്ത് ഞെരിച്ച് കൊല്ലുന്ന കശാപ്പുകാരനെപ്പോലെ
പകച്ചു നില്‍ക്കാന്‍ പോലും കഴിയാതെ
ചില പ്രവൃത്തികള്‍ ചെയ്യേണ്ടി വരുന്ന
കാലക്കേടിന്റെ വൃത്താകൃതിയിലേക്കാണ്‌
സ്നേഹത്തിന്റെ പേരിലായാലും
ചില നേരങ്ങളിലെ വാക്കുകള്‍ കൊണ്ടു പോവുക.

വിതച്ചത് കൊയ്യുന്ന ശാസ്ത്രമാണെന്നിരിക്കെ
"ഉദ്ദേശിച്ചത്.." എന്ന് പിന്നീട് ഒഴിയാന്‍ കഴിയാത്ത വിധം
സ്വന്തമാക്കി അണിയേണ്ടി വരും പറഞ്ഞ വാക്കുകളെ.

"എന്റെ" എന്നു കരുതുന്ന സ്വാതന്ത്ര്യത്തിലും
രഹസ്യമായും, പരസ്യമായും
ഒരു ജീവനെ ബഹുമാനിയ്ക്കുന്ന ശ്രദ്ധയോടെ
സംസാരിയ്ക്കുക, ചിന്തിയ്ക്കുക
എന്ന ലളിതമായ ആശയത്തില്‍ വൈഖരികള്‍ ഒടുങ്ങുമോ?

യോഗം വേണം, നല്ലത് കേള്‍ക്കാനും പറയാനും..

19 നവംബർ 2013

ആകാശം

ആകാശത്ത് നിന്ന് ഒരു നക്ഷത്രക്കുഞ്ഞിളകി
ദൂരേയ്ക്ക് പറന്നു പോവുന്നത് നോക്കിയിരിക്കുകയാണ്‌ ഉറക്കം വന്നു തുടങ്ങിയ കുട്ടി.
"ഈ പോക്ക് പോയാല്‍ സ്കൂളിന്റെ അടുത്തുള്ള പാടത്ത് ചെന്നു വീഴും.."

കൊച്ചിയും, അറബിക്കടലും കടന്ന് പടിഞ്ഞാട്ടേക്ക് കുതിയ്ക്കുന്ന
വിമാനം നോക്കിയിരിയ്ക്കുകയാണ്‌ വിയര്‍പ്പാറ്റിക്കൊണ്ടച്ഛന്‍
"നേരേ പടിഞ്ഞാറ് ഷാര്‍ജയാണോ അതോ സൗത്ത് ആഫ്രിക്കയോ?
ഏതാണ്ട് പതിനൊന്ന് മണിയ്ക്ക് ഷാര്‍ജയിലെത്തുമായിരിയ്ക്കും.
അല്ലാ ഇവിടത്തെ പതിനൊന്നു മണീന്നു വെച്ചാ അവിടെ എത്രമണിയാണോ ആവോ?"

നടു രണ്ടു തവണ പൊട്ടിച്ച ശേഷം ആകാശത്തേയ്ക്കു നോക്കി കോട്ടുവായിടുകയാണ്‌ അമ്മ
ആകാശത്ത്, നാളേക്കു വേണ്ട സാമ്പാര്‍ കഷണങ്ങളില്‍ വെണ്ടയ്ക്കയുടെ ഒരു കുറവുണ്ട്.
"അവിയല്‍ തന്നെ ഒറപ്പിയ്ക്കാം.."

19 ജൂലൈ 2013

പൊടിമോന്‍

ധൃതിയോടെയുള്ള ഒരു കാൽ വെപ്പിൽ ബാലൻസ് തെറ്റി ചെരുപ്പിൽ നിന്ന് റോഡിലേക്ക് തെറിച്ച്' വീഴുകയായിരുന്നു.. ചുട്ടുപൊള്ളുന്ന വെയിൽ. വെളുത്ത നിറമുള്ള പൊടിപടലങ്ങൾ അവിടം മുഴുവൻ ഒഴുകി നടക്കുന്നുണ്ട്..

ചെമന്ന പൊടി അങ്കലാപ്പോടെ നാലുപാടും നോക്കി, പതുക്കെ ചുട്ടു പൊള്ളുന്ന റോഡില്‍ നിന്നും ഉയര്‍ന്നു പൊങ്ങാന്‍ ശ്രമിച്ചു. അതുവഴി വന്ന വെളുത്ത നിറമുള്ള ഒരു സിമന്റ് പൊടി ചെമന്ന പൊടിയെക്കണ്ട്  പരിചയപ്പെടാനെന്നോണം തിരക്കി - "ഇവിടെയൊന്നും മുമ്പ് കണ്ടിട്ടില്ലല്ലോ..?",
ഗുരുത്വാകർഷണത്തോട് പൊരുതിക്കൊണ്ട്  ചെമന്ന പൊടി പറഞ്ഞു, "അങ്ങ് കോഴിക്കോടിനടുത്തുന്നാ.."
"ഓഹോ..! പല സ്ഥലത്തുന്നും ഉള്ള ആൾക്കാരായി ഇപ്പോൾ ഇവിടെ.. കോഴിക്കോട് എവിടെയാ?", സിമന്റ് പൊടി പരിചയഭാവത്തോടെ വീണ്ടും തിരക്കി.

ചെമന്ന പൊടി  തുടർന്നു - "മണ്ണിനടിയിൽ ആയിരുന്നു കാലാകാലങ്ങളായി. വലിയ ഒരു ഉറക്കം - ഓർക്കാൻ കഴിയാത്ത അത്രേം നേരം. ഏതോ കുടിവെള്ള പദ്ധതിയ്ക്ക് വേണ്ടി മണ്ണെടുത്തപ്പോഴാണ് ആദ്യമായി പുറം ലോകം കണ്ടത്. എന്തെല്ലാം ലോകങ്ങൾ ആണ് പുറത്ത്! പല സ്ഥലത്തും കഴിഞ്ഞു കൂടി. ഇരു ദിശകളിലേക്കും പാഞ്ഞുകൊണ്ടിരിക്കുന്ന വാഹനങ്ങൾ, അപകടം ഒളിഞ്ഞിരിക്കുന്ന ശരീരങ്ങളും വസ്ത്രങ്ങളും..."

വെളുത്ത പൊടിയെ നിരീക്ഷിച്ചുകൊണ്ട്  ചെമന്ന പൊടി തുടർന്നു - "മഴ പെയ്യുന്നത് വരെ പൂർണ്ണ  സ്വാതന്ത്ര്യം ആണ് എന്നാണ് അവിടെയുള്ളവർ പറഞ്ഞു കേട്ടിട്ടുള്ളത്. വെള്ളം തൊട്ടാൽ പിന്നെ ചളിയായി പരിണമിച്ച്  കുറച്ചു കാലം കഴിയണം.. വെയില്‍ ഉദിച്ച് വരണ്ടുണങ്ങുന്നത് വരെ റോഡിലോ വഴിയിലോ അങ്ങനെ കിടക്കണം..  പെട്ടെന്നൊരു ദിവസം ഏതെങ്കിലും ഒരു ബസ്സോ ലോറിയോ ചീറി പാഞ്ഞ് വരുമ്പോഴായിരിക്കും വീണ്ടും ഉണരുക..

ഇലകളും, മരങ്ങളും ആയിരുന്നു എല്ലാവര്‍ക്കും നോട്ടം. അതുകൊണ്ടു തന്നെ അവിടെ കയറിപ്പറ്റാന്‍ നല്ല തിക്കും തിരക്കുമാണ്‌.... കയറിപ്പറ്റിയാല്‍ പിന്നെ അടുത്ത മഴ വരുന്നത് വരെ വേറെ ഇടം തേടേണ്ട. പലപ്പോഴും ചില ഇലകളുടെ അടുത്ത് വരെ എത്തിയിട്ടും ഒട്ടി നില്ക്കാൻ ഇടമില്ലാതെ തിരിച്ചു പോന്നിട്ടുണ്ട്.", ചെമന്ന പൊടി ഓർത്തെടുത്തു.

"നെറം വേറെയാണെങ്കിലും നമ്മളൊക്കെ ചാർച്ചക്കാരാണല്ലോ", സിമന്റ് പൊടി അല്പം ചേര്‍ന്നു നിന്നു.. എന്നിട്ട് ആകാംക്ഷയോടെ ചോദിച്ചു - "ഇത്രേം ദൂരത്ത്‌ നിന്ന് ഇവിടെ എങ്ങനെ എത്തിപ്പെട്ടു ?"

"ഒരു സന്ധ്യയ്ക്ക് അപ്രതീക്ഷിതമായി ആ വഴി വന്ന ഒരാളുടെ ചെരുപ്പില്‍ പറ്റിപ്പിടിച്ചുപോയി. എന്തോ വാഹനമാണെന്നാണ്‌ ആദ്യം കരുതിയത്, ചെരുപ്പാണെന്ന് പിന്നീടാണ്‌ മനസ്സിലായത്. കൂടെയുണ്ടായിരുന്നവരെല്ലാം സഹതപിച്ചു -  ഏറിയാല്‍ അഞ്ചോ പത്തോ മണിക്കൂർ അതു കഴിഞ്ഞാല്‍ വെള്ളത്തില്‍ കലരേണ്ടി വരും.
"വെള്ളം തട്ടുമ്പോള്‍ പേടിക്കാനൊന്നുമില്ല", എന്ന് അനുഭവസ്ഥരും, "ഒരുറക്കം പോലെയാ തോന്നുക" എന്ന് കേട്ടറിവു മാത്രം ഉണ്ടായിരുന്നവരും പോകുന്ന വഴിക്ക് ആശ്വസിപ്പിച്ചു.

ആകെ ആശയക്കുഴപ്പത്തിലായിരുന്നു പിന്നീടുള്ള മണിക്കൂറുകൾ. പക്ഷെ ദിവസം, ഒന്നും രണ്ടും മൂന്നും എന്നല്ല.. ആഴ്ചകള്‍ തന്നെ കഴിഞ്ഞു! വെള്ളം കാണുന്നില്ല! ചെരുപ്പ് വെള്ളം തൊടുവിക്കാത്ത ഒരുത്തനായിരുന്നെന്ന് കുറേ കഴിഞ്ഞപ്പോഴാണ്‌ മനസ്സിലായത്.. അങ്ങനെ ദാ ഇവിടം വരെ ആ ചെരുപ്പിന്റെ കൂടെ എത്തി..", ചെമന്ന പൊടി ദീര്‍ഘനിശ്വാസത്തോടെ മുഴുമിപ്പിച്ചു.
പിന്നീട് എന്തോ വിട്ടു പൊയിട്ടെന്ന പോലെ കൂട്ടിച്ചേർത്തു - "ചില മനുഷ്യന്മാരുണ്ട് ഞങ്ങളെ കാണുന്നത് തന്നെ ചരുര്‍ത്ഥിയാണ്‌.......... , അവർ മൂക്കും വായും പൊത്തി കാവി നിറമായ  മരങ്ങളെ അവജ്ഞയോടെ നോക്കുന്നത് കാണാം... അവരുടെ ഭാവം കണ്ടാൽ തോന്നും ആ സിഗരറ്റ് മണക്കുന്ന ശ്വാസകോശങ്ങളിൽ കേറാൻ ഞങ്ങൾ തക്കം പാർത്തിരിക്കുകയാണെന്ന്.!

സിമന്റ് പൊടിയും ചെമന്ന പൊടിയും എന്തോ കേട്ടിട്ടെന്ന പോലെ കാതോര്‍ത്തു. ഒരു വലിയ കാറ്റടിക്കുന്ന ശബ്ദം.. അത്  കൂടുതല്‍ ശക്തമായിക്കൊണ്ടിരുന്നു. ചെമന്നപൊടി സിമന്റുപൊടിയെ മുറുക്കെപ്പിടിച്ചു. ശക്തിയായി കാറ്റ് വീശിയടിച്ചപ്പോള്‍ രണ്ടുപേരും ഉയര്‍ന്നുപൊങ്ങി. ഒരു നൂറായിരം സിമന്റ്പൊടികള്‍ വേറെയും. ആ പ്രദേശമാകെ വെളുത്ത പൊടിപടലം കൊണ്ട് മൂടി..

അല്പ നേരം കൂടി കഴിഞ്ഞപ്പോള്‍ രണ്ടു പേരും ഒരു ചില്ലില്‍ ഇരിയ്ക്കുകയായിരുന്നു.. ചെമന്നപൊടി സിമന്റുപൊടിയെ വിടാതെ പിടിച്ചിട്ടുണ്ട്. ചില്ല് മുഴുവനും ഇത്തിരിപ്പോന്ന സിമന്റ്പൊടികള്‍ പറ്റിച്ചേര്‍ന്ന് ഏതാണ്ട് വെളുത്ത നിറമായിരിയ്ക്കുന്നു. എതിര്‍ദിശയില്‍ ശക്തമായി കാറ്റടിയ്ക്കുന്നുണ്ട്. ചെമന്നപൊടി സിമന്റ്പൊടിയോട് ആശങ്കയോടെ ചോദിച്ചു - "ശരിക്കും ഇതേതാ സ്ഥലം?"
"ഇത് ..", സിമന്റ് പൊടി പറഞ്ഞു തുടങ്ങുമ്പോഴേക്കും ചെമന്നപൊടി എന്തോ മനസ്സിലാക്കിയിട്ടെന്നോണം പറഞ്ഞു - "ദേ കണ്ടോ.. ഞാന്‍ നേരത്തെ പറഞ്ഞില്ലേ ഇലകളിലെ കാവി നിറം കാണുമ്പോഴുള്ള ചില മനുഷ്യന്മാരുടെ അവജ്ഞയെപ്പറ്റി.. ഏതാണ്ട് ഇതിനകത്തിരിക്കുന്നവന്റെ അതേ ഭാവമാണത്.. സിമന്റ് പൊടി ആ ഭാവത്തെ കൌതുകത്തോടെ  നോക്കി നിന്നു..."

ചില്ലിനപ്പുറം കണ്ട ആളുടെ കൈകൾ, അവജ്ഞയോടെ, വെള്ളത്തോടൊപ്പം വൈപ്പർബ്ലെയ്ടിനെ ഇരു വശങ്ങളിലേക്കും വേഗത്തിൽ  പായിച്ചു.. നൂറു കോടി സിമന്റ് പൊടികൾ ഉറക്കത്തിലേക്ക് വീണു, ഒപ്പം ഒരു ചെമന്ന പൊടിയും..

10 ഏപ്രിൽ 2013

ഞാനും നീയും


പ്രണയിക്കുന്നവർക്ക് എല്ലാം അറിയണമെന്നാണ് ശാഠ്യം
ആരും അറിയാത്തിടത്തോളം ചെല്ലാൻ അനുവദിയ്ക്കുക,
ആരോടും പറയാത്തത് പറയുക,
അങ്ങനെ പ്രണയത്തിന്റെ ഉപാധികൾ വിചിത്രമാണ്.

ഉപാധികൾ ഇല്ലാത്ത പ്രണയമുണ്ട്.
നീ നീ എന്നു പറയുന്നതിനെയൊക്കെയും ഞാൻ ഞാൻ എന്നു
പ്രതിധ്വനിപ്പിയ്ക്കുന്ന ചില നേരങ്ങൾ പോലെ..
അവിടെ ഒരാൾ ഒരറ്റത്തു ആർക്കെന്നില്ലാതെ തന്നുകൊണ്ടിരിക്കുന്നു,
മറ്റെയാൾ വേറൊരറ്റത്തു ശ്രദ്ധയോടെ സ്വീകരിച്ചുകൊണ്ടിരിയ്ക്കുന്നു.

രണ്ടു പേരും "ഞാൻ" എന്നു സമ്മതിച്ചവരാണ്.
അതിന്റെ കാരണങ്ങൾ രഹസ്യമാണ്, അദൃഷ്ടവും.

രണ്ടു പേർക്കും ധൃതിയില്ല - ഇന്നൊരു കത്തെഴുതിയാൽ
ജന്മങ്ങൾ കഴിഞ്ഞാവും ചിലപ്പോൾ മറുപടി.

രണ്ടു പേർക്കും പ്രതീക്ഷകളില്ല - വരുമെന്ന് പറഞ്ഞിട്ട്
വരാതിരുന്നാൽ ദുഃഖമില്ല. "വരും, വരട്ടെ" എന്ന് സ്വസ്ഥമായുറങ്ങും.

അപ്പൂപ്പൻതാടികൾ ഒഴുകി നടക്കുമ്പോൾ
കാറ്റ് തീരുമാനിക്കും ഇനിയെവിടെ എന്ന്.

"ഞാനും പിന്നെ ഞാനും മാത്രം", "എന്റെ ഞാൻ"
അങ്ങനെ എന്തെല്ലാം കുസൃതികളാണ് ഞാനും നീയും തമ്മിൽ.

26 ജനുവരി 2013

ഫ്യൂഡലിസ്റ്റിന്റെ ഭാര്യ

വിവാഹത്തിനു ശേഷം ഭക്ഷണം പാകം ചെയ്ത് തുടങ്ങിയപ്പോഴുണ്ടായ അടിയന്തിരാവസ്ഥ അതിജീവിയ്ക്കാന്‍ തുല്യ പങ്കാളിത്തം ഉറപ്പാക്കുന്ന ചില കര്‍മ്മപദ്ധതികള്‍ക്ക് ചുക്കാന്‍ പിടിക്കുകയുണ്ടായി. അതോടനുബന്ധിച്ച് കായ്കറികളും ചേരുവകളും നന്നാക്കുന്ന ജോലി, ഉപ്പേരി (തോരന്‍ ) ഉണ്ടാക്കുന്ന ജോലി  എന്നിങ്ങനെ പല അടുക്കളപ്പണികള്‍ക്കും തലയില്‍ തോര്‍ത്തും കെട്ടി ഇറങ്ങിപ്പുറപ്പെട്ടു. അവസരം പോലെ അമ്മ പണ്ട് പാചകത്തില്‍ പ്രയോഗിച്ചിരുന്ന ചില നാടന്‍ ടിപ്സും ഓര്‍ത്തെടുത്ത് കൊടുത്തു - "വളരെ സൂക്ഷിക്കണം ചീരയിലയില്‍ ഉപ്പ് വേഗം പിടിക്കും" - അങ്ങനെയൊക്കെ.
"ഇന്നും ഇന്നലേം അല്ല ഉപ്പ് ഞാന്‍ കാണാന്‍ തുടങ്ങിയെ" എന്ന ഗൂഢമായ മന്ദസ്മിതത്തോടെ ഉപ്പ് വിതറും അവളപ്പോള്‍ .

മുമ്പ് എപ്പഴോ പഠിച്ച "മാക്സിമം യൂടിലൈസേഷന്‍ ", "മള്‍ട്ടി ടാസ്കിംഗ്" എന്നീ ആശയങ്ങള്‍ പാചകത്തിലും പരീക്ഷിയ്ക്കാന്‍ അവള്‍ തയ്യാറായിരുന്നു. അടുപ്പത്ത് ചായ തിളച്ച് ഇറങ്ങാന്‍ നേരമാകുമ്പോഴേക്കും, ചെസ്റ്റ് നമ്പര്‍ വിളിക്കാന്‍ കാത്തു നില്‍ക്കുന്ന മല്‍സരാർത്ഥിയെപ്പോലെ പുട്ടുംകുടം റെഡിയായി ഇരിക്കുന്നത് ഒരു സ്ഥിരം കാഴ്ചയാണ്‌. അടുപ്പില്‍ നിന്ന് ഒരു പാത്രം ഇറങ്ങി മറ്റൊന്നു കേറാനുള്ള ദൈര്‍ഘ്യം ഒരു സെക്കണ്ടിനു മീതെ ആയാല്‍ അവള്‍ അസ്വസ്ഥയാകുമായിരുന്നു.

തുടക്കത്തില്‍ ഒരു കൂട്ടുകൃഷി മനോഭാവത്തോടെ ഇത്തിരി ആയം കൊടുത്ത്, എല്ലാം ഒന്നു ശരിയാവുമ്പോള്‍ പതുക്കെ അടുക്കളയില്‍ നിന്ന് ഉള്‍വലിയണം എന്നായിരുന്നു എന്റെ കണക്കുകൂട്ടല്‍ . ഫ്യൂഡല്‍ സിനിമകളിലെപ്പോലെ ഭക്ഷണം കാലാവുമ്പോള്‍ കൈയും കഴുകി ഉണ്ണാനിരിക്കുന്ന ഒരു എഭ്യനായി രൂപാന്തരം പ്രാപിക്കുന്ന ദൃശ്യം ഉള്ളി വാട്ടുമ്പോഴെല്ലാം സ്വപ്നം കണ്ടു. അത് ഓര്‍ക്കുമ്പോള്‍ ഊണ് കഴിയുമ്പോളുള്ള കാരണവരുടെ ഏമ്പക്കത്തിന്റെ ആലസ്യം മുഖത്ത് പുഞ്ചിരി വിടര്‍ത്തും.
അപ്പോള്‍ അവള്‍ ചോദിക്കും - "എന്താ വെറുതെ ചിരിക്കുന്നെ?"
"ഒന്നുല്ലടോ..വെറ്തേ..", ഞാന്‍ പ്രതികരിക്കും.

ഒരു സല്‍ക്കര്‍മ്മം, ഒരു കൈ സഹായം - ആ ഭാവത്തിലായിരുന്നു അടുക്കളയില്‍ എപ്പോഴും ഞാന്‍ നിലയുറപ്പിച്ചത്. അത് വ്യക്തമാക്കുവാനായി ഉള്ളി വാട്ടുന്നതിനിടയില്‍ ഇടയ്ക്കൊക്കെ പത്രം വായിക്കാനും, ഫേസ്ബുക്ക് നോക്കാനും,  "ഹൃദയരാഗം" കാണാനും പോകുക പതിവായിരുന്നു. പക്ഷെ തിരിച്ചു വരുമ്പോള്‍ ഉള്ളി ആരും ഇളക്കാനില്ലാതെ ഒറ്റക്കിരുന്നു മൂത്ത് മൂത്താപ്പന്‍ ആയിട്ടുണ്ടാകും. ഉള്ളിയുടെ ഭാഗം അവള്‍ ഗൌനിക്കാഞ്ഞത് എന്നെ ആശയക്കുഴപ്പത്തില്‍ ആക്കി. എവിടെയോ കണക്കു കൂട്ടലുകള്‍ പിഴയ്ക്കുന്നത് പോലെ.

അങ്ങനെയിരിക്കെ ഉള്‍‌വലിയലിന്റെ ഭാഗമായി ഒരു തവണ ഉള്ളി വാട്ടുന്നതിനിടയില്‍ ഹൃദയരാഗം കാണാന്‍ പോയ നേരം.  പാട്ടോരോന്ന് കേട്ട് നേരം പോയതറിഞ്ഞു, പക്ഷെ അനങ്ങിയില്ല. "ഏതോ ജന്മ കല്പനയില്‍ ഏതോ ജന്മ വീഥികളില്‍ " എന്ന ലാസ്റ്റ് പാട്ടും മൂളി തിരിച്ചു വന്നപ്പോ ഉള്ളിയും ചീനച്ചട്ടിയും തമ്മിലൊരു അവിഹിതം. അവളാണെങ്കില്‍ ചോറ് വാര്‍പ്പും, ചായ തെളപ്പിക്കലും സംയോജിപ്പിച്ചു കൊണ്ടുള്ള മള്‍ട്ടി ടാസ്ക്കിംഗില്‍ വ്യാപൃതയായിരിക്കുന്നു. ഇത്തവണ സംഭവം ഗുരുതരം ആക്കാന്‍ തന്നെ തീരുമാനിച്ചു.. ഉള്ളി മൂത്തത് ശ്രദ്ധിച്ചില്ലെന്നും പറഞ്ഞു സംസാരവും തുടങ്ങി..

ഞാന്‍ - "ഇത് കണ്ടോ!"
അവള്‍ - (മൌനം)

ഞാന്‍ - "ഇതെന്താത്..!"
അവള്‍ - (മൌനം)

ഞാന്‍ - "നോക്ക് - ഒക്കെ ദേ അടീ പിടിച്ചു"
അവള്‍ - (മൌനം)

ഞാന്‍ - "ഛെ...." ( ഉച്ചത്തില്‍ ) വേസ്റ്റ് ആയില്ലേ....." ( ഉച്ചത്തില്‍ )
അവള്‍ - (മൌനം)

പ്രകോപനപരമായ പരാമര്‍ശങ്ങള്‍ക്കൊന്നും പ്രതികരിക്കാതെ അവള്‍ അടുപ്പത്ത് വെച്ച തിളച്ച വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ ചായപ്പൊടി എടുത്തിട്ടു.  എന്നിട്ട് അടുത്തതായി കേറേണ്ട പുട്ടുപാത്രത്തെ ഗ്യാസടുപ്പിനോട് ചേര്‍ത്ത് റെഡിയാക്കി വെച്ചു. അതിനു ശേഷം ഏറെ നേരം തിളയ്ക്കുന്ന ചായയെ നോക്കി നിന്നു.

ഞാന്‍ സംശയത്തോടെ അവളെ നിരീക്ഷിച്ചു. ഭിത്തിയില്‍ പിടിപ്പിച്ച പാത്രംതാങ്ങിയില്‍ അടുക്കി വെച്ചിരുന്ന സ്റ്റീല്‍ പാത്രങ്ങളുടെയും, സ്പൂണുകളുടെയും  ഇടയിലൂടെ മുഖത്തെ ഭാവമാറ്റങ്ങള്‍ കണ്ടു - ആറാം തമ്പുരാനില്‍ നരേന്ദ്രപ്രസാദ് പറഞ്ഞ പോലെ "കണ്ണുകളില്‍ എന്തോ തീക്ഷ്ണമായി കത്തുന്നതു പോലെ.."
"ഞാനൊരാളിവിടെയൊറ്റക്ക്" എന്ന് തുടങ്ങുന്ന ഗാനപ്രവാഹം പൊട്ടിപ്പുറപ്പെടാന്‍ പാകത്തിന് കണ്ണുകള്‍ കത്തിത്തുടങ്ങിയിരിക്കുന്നു. ഞാന്‍ സകല ശക്തിയുമെടുത്ത് അവളെ തിരിച്ചു വിളിച്ചു.

രംഗം അതോടെ ശാന്തമായെങ്കിലും, അതുവരെ സല്ക്കര്‍മ്മമെന്ന ഭാവേന ചെയ്തുപോന്ന ചേതമില്ലാത്ത കൈസഹായങ്ങള്‍ , ഒരിക്കലും തിരിച്ചുമാറാന്‍ കഴിയാത്ത വിധം ഉത്തരവാദിത്വമോ, ദിനചര്യയോ ഒക്കെയായി പൂര്‍ണ്ണമായി രൂപാന്തരം പ്രാപിച്ചു എന്ന ഞെട്ടിക്കുന്ന സത്യം ഞാന്‍ മനസ്സിലാക്കി.

എനിക്കാണെങ്കില്‍ ഫ്യൂഡലിസ്റ്റ് കാരണവരുടെ ഭക്ഷണശീലങ്ങളോടുള്ള അഭിനിവേശം ദിനം പ്രതി കൂടിക്കൊണ്ടിരുന്നു. അങ്ങനെയിരിക്കെ ഒരു രാത്രി വളരെ പണ്ട് ജീവിച്ചിരുന്ന ഒരു ഫ്യൂഡലിസ്റ്റ്‌ മദ്ധ്യവയസ്ക്കനും, അയാളുടെ ഭാര്യയും എന്റെ സ്വപ്നത്തില്‍ വന്നു.. വളരെ പഴക്കം ചെന്ന ഒറ്റപ്പെട്ട ഒരു തറവാട്. പണ്ട് കാണാറുള്ളത്‌ പോലെ കൂട്ടുകുടുംബം ഒന്നും ആയിരുന്നില്ല. പശുവും, തൊഴുത്തും, നെല്‍ കൃഷിയും ഒക്കെ ഉണ്ട് താനും. ഫ്യൂഡലിസ്റ്റ് കാരണവര്‍ അടിയാളന്മാരെക്കൊണ്ട് എല്ല് മുറിയെ പണിയെടുപ്പിച്ചിരുന്നു. അയാള്‍ അതു മാത്രമേ ചെയ്തിരുന്നുള്ളൂ. വീട്ടുജോലിയും തൊഴുത്തിലെ ജോലിയും, പിന്നെ വീടിനോട് ചേര്‍ന്നുള്ള പച്ചക്കറികൃഷിയും എല്ലാം ഭാര്യ ഒറ്റയ്ക്ക് തന്നെ നോക്കണം. വല്ല അത്യാവശ്യവും ഉണ്ടായാല്‍ വിളിച്ചാല്‍ വിളി കേള്‍ക്കാന്‍ പാകത്തിന് അടുത്തെങ്ങും ഒരു കുടിലു പോലും ഇല്ല. വീട്ടുജോലിയായാലും പുറത്തെ ജോലിയായാലും യാതൊരു വിധ വിട്ടുവീഴ്ചയ്ക്കും അയാള്‍ തയ്യാറാകുമായിരുന്നില്ല. സഹായത്തിന്‌ ആളെ വെയ്കുന്ന കാര്യം പറയാന്‍ പോലും അയാളുടെ ഭാര്യക്ക് ഭയമായിരുന്നു. അവര്‍ ക്ഷമിക്കാവുന്നതിന്റെ അങ്ങേയറ്റം ക്ഷമിച്ചു, സഹിക്കാവുന്നതിന്റെ അങ്ങേയറ്റം സഹിച്ചു.

രാത്രി അത്താഴം കഴിഞ്ഞ് ചൂട്ടും കത്തിച്ചു പിടിച്ച് പറമ്പിലൂടെ ഉലാത്തുന്നത് അയാളുടെ ഒരു പതിവ് രീതിയായിരുന്നു.  ആ സമയത്ത് വല്ല തേങ്ങയോ അടയ്ക്കയോ മോഷ്ടിക്കാനായി ശ്രമിയ്ക്കുന്നതെങ്ങാനും കണ്ണില്‍പെട്ടാല്‍ അവരുടെ വസ്ത്രവും, തൊലിയും ഉരിച്ച് വിടുമായിരുന്നു അയാൾ.
ഒരു ദിവസം അത്താഴം കഴിഞ്ഞുള്ള പതിവ് ഉലാത്തലിനിടയ്ക്ക് അയാള്‍ തൊഴുത്തിനടുത്തെത്തി. അതിലെ ഒരു വെളുത്ത പശുവിന്റെ ദേഹത്ത് ചാണകപ്പാട് കണ്ട് അയാള്‍ കലി തുള്ളി. പശുക്കളെ വൃത്തിയായി കുളിപ്പിയ്ക്കാത്തതിന്‌ അയാള്‍ ഭാര്യയെ പുലഭ്യം പറഞ്ഞുകൊണ്ട് അടുക്കളവശത്തേക്ക് പാഞ്ഞു. പാത്രം കഴുകാന്‍  തുടങ്ങുകയായിരുന്ന ഭാര്യ ഭയന്നു വിറച്ച് കൊണ്ട് എഴുന്നേറ്റു. ദേഷ്യത്തോടെ പലതും പുലമ്പിയ അയാൾ തൊഴുത്തിലുള്ള എട്ട് പശുക്കളെയും കുളിപ്പിച്ചിട്ട് ബാക്കി ജോലി ചെയ്‌താല്‍ മതിയെന്ന് തീര്‍ത്തു പറഞ്ഞ ശേഷം വിശ്രമിയ്ക്കാനായി ഉമ്മറത്തേയ്ക്ക് നടന്നു.

ഉറക്കെയൊന്നു കരയാനുള്ള സ്വാതന്ത്ര്യം പോലും അവര്‍ക്കവിടെയുണ്ടായിരുന്നില്ല. വീട്ടുജോലി ചെയ്ത് തളര്‍ന്ന ആ സാധു സ്ത്രീ ദേഷ്യവും സങ്കടവും സഹിക്കാനാകാതെ മുഖംപൊത്തി. കൈയിലുണ്ടായിരുന്ന വെണ്ണീറിന്റെ തരികള്‍ കണ്ണീരും വിയര്‍പ്പും ചേര്‍ന്നു കലങ്ങിയൊഴുകി. അവര്‍ നിലവിളിച്ചുകൊണ്ട് കിണറ്റിനടുത്തേക്കോടി. അത്രയും കാലം അടക്കി വെച്ചിരുന്ന സങ്കടവും ദേഷ്യവും അണപൊട്ടിയൊഴുകുകയായിരുന്നു. പെട്ടെന്ന് കണ്ണുകള്‍ കോപം കൊണ്ട് കലങ്ങിച്ചുവന്നു. ഒതുക്കിക്കെട്ടി വെച്ചിരുന്ന നീണ്ട മുടിക്കെട്ട് രണ്ടു കൈ കൊണ്ടും ശക്തിയോടെ വലിച്ചഴിച്ചിട്ടു. മുഷിഞ്ഞ ചേലത്തുമ്പു കൊണ്ട് മുഖത്തെ വിയര്‍പ്പും കണ്ണീരും അവർതുടച്ചു. പാളത്തൊട്ടി ദേഷ്യത്തോടെ കിണറ്റിലേക്ക് വലിച്ചെറിഞ്ഞു. പൊട്ടിപ്പുറപ്പെടാന്‍ തുടങ്ങിയ അലര്‍ച്ച കടിച്ചമര്‍ത്തിക്കൊണ്ട്  കോപത്തോടെ മുറ്റത്തു നിന്ന ചേനത്തൈയിനേക്കാള്‍ ഉയരത്തില്‍  അവർനാലു തവണ ചാടിത്തുള്ളി. കിതപ്പു മാറാത്ത അവര്‍ പലതും നിശ്ചയിച്ചുറപ്പിച്ചിട്ടെന്നോണം അടുക്കളയിലേക്ക് നടന്നു.

Image Courtesy : Harimenon Photography (http://www.flickr.com/photos/harimenon4u/2438082331/)
ഉച്ചക്ക് ചക്കവെട്ടിയ വെട്ടുകത്തി ചായ്പിലെ ചാക്കിനടിയില്‍ നിന്ന് വലിച്ചെടുത്തു. ചവിണിയും ചക്കപ്പശയും പറ്റിപ്പിടിച്ച ആ വെട്ടുകത്തിയുമായി ഗര്‍ജ്ജിച്ചുകൊണ്ട് അവള്‍ ഉമ്മറത്തേക്ക് പാഞ്ഞു. മയക്കത്തിലേക്ക് വീണു തുടങ്ങിയ ഫ്യൂഡലിസ്റ്റ് ഭാര്യയുടെ അന്നേ വരെ കണ്ടിട്ടില്ലാത്ത  ഭാവപ്പകര്‍ച്ച കണ്ടു പരിഭ്രാന്തനായി. ചാരുകസേരയില്‍ നിന്ന് ചാടിയെണീറ്റ് നിലവിളിച്ചു കൊണ്ടയാള്‍ ഉമ്മറത്തു കൂടി മരണവെപ്രാളത്തോടെ ഓടി. ഉച്ചത്തില്‍ അലറി വിളിച്ചും മുടിയിട്ടലച്ചും വെട്ടുകത്തിയുമായി ഭാര്യ തൊട്ടു പുറകെയുണ്ട്‌.. പ്രാണരക്ഷാര്‍ത്ഥം സകല ദൈവങ്ങളെയും ഉറക്കെ വിളിച്ചു കൊണ്ട് നിസ്സഹായതയോടെ അയാള്‍ ഒരു പരിഹാരത്തിനായി കേണു.

അലര്‍ച്ചയും കോലാഹലങ്ങളും പെട്ടെന്ന് നിലച്ചു. ഒരിലയനക്കം പോലും കേള്‍ക്കാനില്ല, കട്ടയായ ഇരുട്ട് മാത്രം.

"പോ..." (ഘനമുള്ള ഒരു പെണ്‍ശബ്ദം)
ഞാന്‍ ഞെട്ടിയെഴുന്നേറ്റു.
"പരിഹാരത്തിനായി അടുക്കളയിലേക്കു പോ..", പുതപ്പിനടിയില്‍ നിന്നാണ് അശരീരി.. ഫ്യൂഡലിസ്റ്റിന്റെ ഭാര്യയുടെ അതേ ശബ്ദം..
വെള്ളം കോരാന്‍ പോയ ഫ്യൂഡലിസ്റ്റിന്റെ ഭാര്യയുടെ ഭാവത്തോടെ അലറിവിളിച്ച് കൊണ്ട് അവള്‍ ചാടി എഴുന്നേറ്റു മുടി അഴിച്ചിട്ടു. മുഖത്ത് വെണ്ണീറും കണ്ണീരും ചേര്‍ന്നുണങ്ങിയ പാടുകള്‍ . നാലു വട്ടം അവള്‍ ഉയരത്തില്‍ കലിതുള്ളിച്ചാടി.

ആ സമയം ഞാന്‍ ദീര്‍ഘവീക്ഷണത്തോടെ അടുക്കളയിലേക്ക് ഓടിപ്പോയി വെട്ടുകത്തി തപ്പിയെടുത്ത് ഒളിപ്പിക്കാന്‍ ശ്രമിച്ചു. അലറി വിളിച്ചു കൊണ്ട് അവള്‍ എനിക്ക് പുറകെ കുതിച്ചു പാഞ്ഞെത്തി വെട്ടുകത്തി അസാമാന്യമായ ശക്തിയോടെ പിടിച്ചു വാങ്ങി. വെട്ടുകത്ത് വീശി അട്ടഹസിച്ചു കൊണ്ട് അവള്‍ പറഞ്ഞു - "ഒരെണ്ണം തെകച്ചുണ്ടാക്കീട്ട് ഇവടന്ന് പോയാ മതി"
"ങേ.. അതിപ്പൊ.. എന്താ ഞാന്‍‌?", ഞാന്‍ ആലില പോലെ വിറച്ചു.
"ഒന്നും കേക്കണ്ട.. എരൂള്ള എന്തെങ്കിലും.. വേം..", അവള്‍ വെട്ടുകത്തി വീശിക്കൊണ്ട് അലറി. വെട്ടുകത്തിയില്‍ നിന്ന് ചക്കച്ചവിണി എന്റെ മുഖത്ത് വന്നു വീണപ്പോള്‍ ഞാന്‍ പേടിച്ചരണ്ട ആ ഫ്യൂഡലിസ്റ്റാണെന്ന്  തോന്നി.

കൈകള്‍ യാന്ത്രികമായി ഒട്ടും സമയം കളയാതെ എന്തൊക്കെയോ ഭക്ഷണസാധനങ്ങള്‍ പരതിയെടുത്തു. എന്താണ് ഉണ്ടാക്കാന്‍ പോകുന്നതെന്ന് ഒരു നിശ്ചയവും ഉണ്ടായിരുന്നില്ല. "നട്ടപ്പാതിരായ്ക്ക് പശൂനെ കഴുകണോടാ" എന്നൊക്കെ അലറിവിളിച്ചു കൊണ്ട് വെട്ടുകത്തിയുമായി അവള്‍ പുറകെത്തന്നെയുണ്ട്.  പ്രാണനുവേണ്ടി പ്രാര്‍ത്ഥിച്ചു കൊണ്ട് കിതപ്പോടെ ഞാന്‍ എരുവുള്ള എന്തോ ഒരു വിഭവത്തിന്റെ പാചകം തുടര്‍ന്നു.

അന്ന് കാലത്ത്  അലാറം മുഴങ്ങുന്ന ഒച്ച കേട്ടില്ല. ബോധം വരുമ്പോള്‍ അവള്‍ എന്നെ പിടിച്ചു കുലുക്കുകയാണ്.
"യ്യോ.. ന്നെക്കൊല്ലല്ലേ.. ഞാമ്പരിഹാരം ചെയ്യാന്‍ തൊടങ്ങിയതാണേ..", ഞാന്‍ ഞെട്ടിപ്പിടഞ്ഞ്  എഴുന്നെറ്റു.
"എന്ത് പരിഹാരം?", അവള്‍ കാര്യം പിടികിട്ടാത്ത പോലെ ചോദിച്ചു.
"ചക്കപ്പശ ഉള്ള വെട്ടുകത്തി എവടേ? വെണ്ണീറൊക്കെ കഴുകിക്കളഞ്ഞല്ലേ?", ഞാന്‍ സംശയത്തോടെ ചോദിച്ചു.
"ഹോ..  ചക്ക കണ്ടിട്ട് കൊല്ലം ഒന്നായി.. എന്താ കാര്യം", അവള്‍ അക്ഷമയോടെ പ്രതികരിച്ചു.
" സത്യം പറ നീ ഫ്യൂഡലിസ്റ്റിന്റെ ഭാര്യയല്ലേ..?", ഞാന്‍ വീണ്ടും ചോദിച്ചു.
"എനിക്കേ കാലത്ത് വേറെ പണി ഉണ്ട്.", അവള്‍ മുഖം ചുളിച്ചു കൊണ്ട് അടുക്കളയിലേക്കു നടന്നു.

അല്‍പ സമയം കഴിഞ്ഞപ്പോഴേക്കും പോയതിനേക്കാള്‍ വേഗത്തില്‍ തുള്ളിച്ചാടിക്കൊണ്ട് അവള്‍ അതാ തിരിച്ചു വരുന്നു. മുഖത്ത് നൂറ്റിപ്പത്തിന്റെ ബള്‍ബ് കത്തിയ പ്രകാശം.
"അമ്പടാ അപ്പൊ സസ്പെന്‍സ് ആക്കിയതാണല്ലേ..?", അവള്‍ സന്തോഷത്തോടെ ചോദിച്ചു.
ഞാന്‍ അടുക്കളയിലേക്ക് ഓടിച്ചെന്നു നോക്കി. ചൂട് മാറിയിട്ടില്ലാത്ത ചീനച്ചട്ടിയില്‍ അതാ ഒരു വിഭവം തയ്യാറായി ഇരിക്കുന്നു.
അവള്‍ അതില്‍ നിന്ന് അല്പം എടുത്ത് രുചിച്ചു നോക്കി, "എരു കൂടുതലാ.. എന്നാലും നന്നായിട്ടുണ്ട്.. ഇതൊക്കെ ഉണ്ടാക്കാന്‍ അറിഞ്ഞിട്ടാണോ ഒന്നും അറിയാത്തവരെപ്പോലെ ഇങ്ങനെ..."

അപ്പോഴേക്കും എനിക്ക് സംഗതിയുടെ ഏതാണ്ടൊരു രൂപം കിട്ടി. എന്നാലും ഒരു ധൈര്യത്തിന്‌ വെട്ടുകത്തിയില്‍ ചക്കപ്പശ ഇല്ലെന്ന് ഉറപ്പു വരുത്തിയ ശേഷം ഇങ്ങനെ പ്രതികരിച്ചു.. "അതേ.. സസ്പെന്‍സ് തന്നെ.. എന്നും.. നീ മാത്രം ഇങ്ങനെ കഷ്ടപ്പെട്ടാല്‍ മതിയോ...?"

അന്ന് രാത്രി ആ പഴയ ഫ്യൂഡലിസ്റ്റിന്റെ വീട്ടിലെ അടുക്കളയിലും എരുവുള്ള ഒരു വിഭവം തയ്യാറായിരിക്കണം. ഭാര്യ അത് രുചിച്ചപ്പോള്‍ അയാളിലെ ഫ്യൂഡലിസത്തിന്റെ അണുക്കള്‍ അപ്പൂപ്പന്‍താടികള്‍ പോലെ ആകാശത്തേക്ക് പറന്നു പോയിരിക്കണം!

പിന്‍‌കുറിപ്പ്
അന്ന് രാത്രി ഫ്യൂഡലിസ്റ്റിന്റെ ആത്മാവ്‌ സ്വപ്നത്തില്‍ വന്നുണ്ടാക്കിയ എരു ഉള്ള ആ വിഭവം പരീക്ഷിച്ചു നോക്കണമെന്നുണ്ടോ?