28 ഓഗസ്റ്റ് 2012

ഉണ്ണിയേട്ടന്‍

"ഇന്റെ ഉണ്ണിയേട്ടന്റെ ഓപ്പീസിലെ ചൊമരില്‌ള്ള ബട്ടന്വേള്‌ ഞെക്കിയാ ചായേം കാപ്പീം വരൂല്ലോ..", അമ്മുവിന്റെ മേശയില്‍ പിടിച്ച് തൂങ്ങിക്കൊണ്ട് കണ്ണന്‍ പറഞ്ഞു.
"ഉം.. തൊടങ്ങി, അവന്റെ ഒരു ഉണ്ണിയേട്ടന്‍‌. ബഡായി പറയല്ലെ കണ്ണാ..", കടിച്ച് പിടിച്ചിരുന്ന ഹെയര്‍ക്ലിപ്പ് പുറത്തെടുത്ത ശേഷം അമ്മു പ്രതികരിച്ചു..
"ശരിക്കും ഇള്ളതാ.. കഴിഞ്ഞ പ്രാവശ്യം വന്നപ്പോ പറഞ്ഞൂല്ലോ.."
"അപ്പോ ചൊമരിനപ്പറത്ത്ള്ള അടുക്കളേന്ന് ഓട്ട ഉണ്ടാക്കി ഒഴിച്ച് കൊടുക്ക്വാ ചെയ്യ്യാ?", ഇഴകളിട്ട് മെടഞ്ഞ മുടിയില്‍ ക്ലിപ്പ് കോര്‍ത്ത ശേഷം അമ്മു തുടര്‍ന്നു.
"അല്ല.. ആകാശത്ത്ന്ന് ഉണ്ടാകും.. ചായേം കാപ്പീം.. അത്രക്ക് വല്ല്യ ഓപ്പീസാ ന്റെ ഉണ്ണിയേട്ടന്റെ..", അല്പ നേരത്തെ മൗനത്തിനു ശേഷം കണ്ണന്‍ പറഞ്ഞു.
അമ്മു സംശയത്തോടെ കണ്ണനെ നോക്കി
"ന്നേം കൊണ്ടോവ്വാന്ന് പറഞ്ഞിട്ട്ണ്ട്.. അടുത്ത സ്കൂള്‌പൂട്ടലിന്‌ ഒരാഴ്‌ച കൊണ്ടൂവാന്ന് പറഞ്ഞിട്ട്ണ്ട്", കണ്ണന്‍ ഗമയോടെ പറഞ്ഞു.

"പിന്നെ.. വേറേ എന്തൊക്കെ ണ്ട് ഉണ്ണിയേട്ടന്റെ അവടെ?"
"പിന്നേ.. തണ്‌പ്പ്‌ള്ള മുറിയേള്‌.. കൈ കാണിക്കിമ്പളയ്ക്കും വെള്ളം വര്‌ണ പൈപ്പ്.. നറയെ ഐസ്ക്രീമും.. അമ്മുച്ചേച്ചീ.. കേറി നിക്ക്മ്പളക്കും മ്മളേം കൊണ്ട് മോളീക്ക് പൂവും അവടത്തെ കോണി.."
"ഡാ കേറ്മ്പളക്കും മേളിലിക്ക് പോയാ വീണ്‌ പൂവില്ലേ?"
"അതിന്‌ ഉണ്ണിയേട്ടന്‌ ഭയങ്കര ധൈര്യാ അമ്മുച്ചേച്ചീ.. ഉണ്ണ്യേട്ടനിന്നെ പിടിച്ചോളും."
"ന്നാലും.. എന്തൊരു കഷ്ടാത്‌.. എനിക്ക് പേട്യാ അതിലൊക്കെ കേറാന്‍‌.., അമ്മു പുഞ്ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു."
"അയ്യേ.. അമ്മുച്ചേച്ചി ന്തിനാ പേടിക്ക്‌ണേ..? ഞാനാ ഉണ്ണിയേട്ടന്റെ കൂടെ ഓടുന്ന കോണീല്‌ കേറാന്‍ പോണേ.. അല്ലാണ്ട് അമ്മുച്ചേച്ചിയല്ല.."
"ഡാ.. നിന്റെ ഉണ്ണിയേട്ടനോട് പറയ്വോ ഈ അമ്മുച്ചേച്ചിയെക്കൂടി കൊണ്ടുവാന്‍‌..? പാവല്ലേ ഈ അമ്മുച്ചേച്ചി.."
"അമ്മുച്ചേച്ചിയെക്കുറിച്ച് ഞാന്‍ ഉണ്ണിയേട്ടനോട് പറയില്ല്യാട്ടോ.. ഉണ്ണിയേട്ടനേ ന്റെ മാത്രം ഉണ്ണിയേട്ടനാ..", കണ്ണന്‍ കാര്യം വ്യക്തമാക്കി
"ഒന്ന് പറയെടാ.. പാവം ഈ അമ്മുച്ചേച്ചിയെക്കൂടെ ഒന്നു കൊണ്ടൂവാന്‍‌.. നീ പറഞ്ഞാ ഉണ്ണിയേട്ടന്‍ കേക്കും", അമ്മു കെഞ്ചി..
"ഉം.. ഒരു പാവം.. പൊഴക്കരേല്‌ വെച്ച് ഷാജിയേട്ടന്റെ മോത്ത് മാന്തീത് പാവായിട്ടാ..?"
"അതിനവന്‍ ന്നോട് തോന്ന്യാസം പറയാന്‍ വന്നിട്ടല്ലേ..?"
കണ്ണന്‍ ഒച്ചയടക്കിപ്പിടിച്ച് ചോദിച്ചു - "ഉമ്മ തരാന്‍ പറയണത് തോന്ന്യാസാ?"
"പോടാ മണ്ടാ.. നിന്നോട് വര്‍ത്താനം പറയാന്‍ ഞാനില്ല.. എനിക്ക് വേറേ പണിണ്ട്.." അവള്‍ മേശക്കകത്ത് നിന്നും ഒരു പുസ്തകവും പേനയും എടുത്തു.. ടേബിള്‍ലാമ്പിന്റെ സ്വിച്ചമര്‍ത്തി.
"ശ്... അമ്മുച്ചേച്ചീ  ദാ മേശക്കകത്ത് ഒരു വണ്ട് പെട്ടിരിക്ക്ണൂ.. കേട്ടോ ഒര്‌ മൂളിച്ച.."
അമ്മു ഞെട്ടലോടെ കണ്ണനെ നോക്കി - "ങാ.. ഈ വണ്ട് കൊറേ നേരായി ഇവിടെ വന്ന് കളിക്ക്യാ ന്റെ കണ്ണാ.. അതിനെ പുറത്തെടുത്ത് കളയണം.. ഇപ്പോ അമ്മുച്ചേച്ചിക്ക് കൊറേ പടിക്കാന്‌ണ്ട്.. നീ പൊക്കൊ, താഴെ മുത്തശ്ശീടെ അട്ത്തിക്ക്.."
കണ്ണന്‍ പരുങ്ങിക്കൊണ്ട് അവിടെ തന്നെ നിന്നു..
"അല്ലാ നേരെത്രയായീന്നാ.. വീട്ടിലിക്കി പൊക്കോ നീയ്‌.. അമ്മ തെരക്ക്‌ണ്‌ണ്ടാവും.. നാളേ സ്കൂള്‌ കഴിഞ്ഞ് ഇത് വഴി വരണം ട്ടോ.. അമ്മുച്ചേച്ചിക്ക് ഒരു കൂട്ടം പറയാന്‌ണ്ട് നെന്നോട്.."

കണ്ണന്‍ മനസ്സില്ലാമനസ്സോടെ മുറിക്ക് പുറത്തിറങ്ങി.. ഇറങ്ങിയ ഉടനെ അമ്മുച്ചേച്ചിയുടെ മുറിയുടെ വാതിലടയുന്ന ശബ്ദം അവന്‍ കേട്ടു..
"ന്താപ്പൊ പെട്ടെന്നൊരു പടിത്തം..?"
കണ്ണന്‍ പതുക്കെ തിരിഞ്ഞ് നടന്ന് ജനാലക്കരികിലെത്തി.. ജനാല രണ്ടും അകത്ത്‌ന്ന് കൊളുത്തിട്ടിരിക്കുന്നു.. മുകളിലത്തെ ഒരു പാളി പകുതി തുറന്നതാണ്‌.. അവന്‍‌ ചിറ്റയുടെ 
മുറിയിലെ തുന്നല്‍ മെഷീന്റെ അടുത്തുള്ള സ്റ്റൂളെടുത്ത് പതുക്കെ ജനാലക്കരികില്‍ കൊണ്ടു വന്നു വെച്ചു.. സ്റ്റൂളില്‍ ചവിട്ടി ജനാലയുടെ തിണ്ണയില്‍ കയറി.. പതുക്കെ ഏന്തിനിന്ന് മുറിക്കകത്തേക്ക് നോക്കി..

അമ്മുച്ചേച്ചി കിടന്ന് കൊണ്ട് ആരോടോ സ്വകാര്യം പറയുന്നു.. മൊബൈല്‍ ഫോണില്‍..
അമ്മുച്ചേച്ചിക്ക് മൊബൈല്‍ ഫോണോ..?

"കണ്ണാ.."
"ശോ.. മുത്തശ്ശി.."
കണ്ണന്‍ ചാടിയിറങ്ങി, ഒന്നിടവിട്ട് കോണിപ്പടികളിലൂടെ ഓടിയിറങ്ങി വരാന്തയിലെത്തി..
കിതച്ചു കൊണ്ട് മുത്തശ്ശിക്ക് മുമ്പില്‍‌ ചെന്നു നിന്നു..
"എവട്യായിരുന്നു നീയ്.. എത്ര നേരായീന്നറിയ്വോ ഞാന്‍ നിന്നെ വിളിക്കണൂ.."
"ഞാന്‍ അമ്മുച്ചേച്ചീടെ അട്‌ത്ത്.. വെറ്‌തേ.."
"സന്ധ്യായിട്ടും വീട്ടിലിക്ക് പൂവാറായില്ല്യേ നിനക്ക് കണ്ണാ?"
"ദാ പോവ്വാ മുത്തശ്ശീ.."
"സന്ധ്യക്ക് മുമ്പ് വീട്ടിലെത്തണന്ന് പറഞ്ഞാ ഈ ചെക്കന്‌ മനസ്സിലാവില്ല.. നിന്റമ്മയ്‌ക്ക് നീ മാത്രല്ലേ ഉള്ളൂ കണ്ണാ.. ആണായിട്ടും, പെണ്ണായിട്ടും..."
"ഞാന്‍ ആങ്കുട്ട്യല്ലേ മുത്തശ്ശീ...?" കണ്ണന്‍ മുത്തശ്ശിയെ തിരുത്തി..
"ങാ.. ന്നാ വേം വീട്ടിലിക്കി പോ ന്റെ ആങ്കുട്ടി. അമ്മ പേടിക്കില്ലേ മോനേ?
അച്ഛനില്ലാത്ത ഈ ചെക്കന്‍ ഒരു നെലീലാകണത് വരെ അവള്‍ക്ക് സ്വസ്ഥതേണ്ടോ..?
അതൊക്കെ ഈ ചെക്കനെങ്ങനെ മനസ്സിലാവും ന്റെ കൃഷ്ണാ.. ന്നാലും അവള്‍ക്കീ ഗതി വന്നല്ലോ.. കര്‍മ്മഫലം.... ഭഗവാനേ..."

"ഞാന്‍ പൂവാ മുത്തശ്ശീ", കണ്ണന്‍ വരമ്പിലൂടേ ചാടിയോടി ചടുലതയോടെ, കവുങ്ങിന്‍ തോപ്പില്‍ പടര്‍ത്തിയ കുരുമുളകുവള്ളികള്‍ക്കിടയില്‍ അപ്രത്യക്ഷനായി..
മുത്തശ്ശി നാമം ജപിച്ചു കൊണ്ടു ഉമ്മറത്തെ നിലവിളക്കിലെ തിരികള്‍ താഴ്ത്തി..
രാത്രിയേറേ കഴിഞ്ഞിട്ടും അമ്മുവിന്റെ മുറിയില്‍ മാത്രം ഒരു മിന്നമിനുങ്ങിന്റെ പ്രകാശം കത്തിനിന്നു.. മുറിക്കകത്ത് ചൂടും, നേരിയ വെളിച്ചവും അവളെ വീര്‍പ്പു മുട്ടിക്കുവാന്‍ മത്സരിച്ച് കൊണ്ടിരുന്നു.

രാത്രി അമ്മ ചോറ് വിളമ്പിയപ്പോള്‍ കണ്ണന്‍ സംശയം ചോദിച്ചു - "ഈ മൊബൈല്‍ ഫോണില്‌ സൊകാര്യം പറഞ്ഞാ വിളിക്ക്ണ ആള്‌ കേക്ക്വോ അമ്മേ?"
"ആ.. കേക്കുമായിരിക്കും.. അല്ല, ആരാപ്പോ മൊബൈല്‍ ഫോണില്‌ സൊകാര്യം പറഞ്ഞേ..?"
"അമ്മുച്ചേച്ചി.."

അന്നു രാത്രി കണ്ണനൊരു സ്വപ്നം കണ്ടു.. ഉണ്ണിയേട്ടന്‍ കണ്ണനെ കാത്ത് നില്‍‌ക്കുകയാണ്‌ വീട്ടില്‍‌.. ഉണ്ണിയേട്ടന്‍ വന്നതറിഞ്ഞ് കണ്ണന്‍ സ്കൂളീന്ന് വീട്ടിലേക്ക് ഓടുകയാണ്‌... അവില്‍ മില്ലും, തിലകപ്പിഷാരഡിയുടെ പലചരക്ക് കടയും കഴിഞ്ഞ്, ഇടവഴികളിലൂടെ വീട്ടിലേക്ക് സകല ശക്തിയുമെടുത്ത് ഓടുകയാണ്‌ അവന്‍‌..
വീട്ടിലെത്തിയപ്പോഴേക്കും ഉണ്ണിയേട്ടന്റെ വെളുത്ത കാര്‍ പൊടി പറത്തി അമ്പലത്തിന്റെ വശത്തുള്ള ഗ്രൗണ്ടിലൂടെ റോഡിലേക്ക് കയറിയിരിക്കുന്നു.. ഓടി റോഡിലെത്തിയപ്പോഴേക്കും കാറിന്റെ പൊടി പോലുമില്ല..

പിറ്റേന്ന് വൈകുന്നേരം സ്കൂള്‌ വിട്ട് വന്നപ്പോള്‍ അമ്മുച്ചേച്ചി അവിടെ ഉണ്ടായിരുന്നില്ല..
"മുത്തശ്ശീ അമ്മുച്ചേച്ചി എവടേ?" കണ്ണന്‍ ആരാഞ്ഞു.
"അവള്‌ പോയി ന്റെ കുട്ടാ.."
"എവടയ്‌ക്കാ പോയേ?"
"നേരത്തോട് നേരം വടക്കാഞ്ചേരീന്ന് അവള്‍ടെ അച്ഛനും അമ്മേം വന്ന് അവളെ കൊണ്ടോയി.."
"എന്തിനാ കൊണ്ടോയേ? ഇനി എന്നാ വര്വാ?"
"മുത്തശ്ശിക്കറിയില്ലെന്റെ കുട്ട്യേ.. ഇപ്പഴത്തെ കുട്ട്യോള്‍ടെ ഓരൂ കാര്യങ്ങള്‌.."

കണ്ണന്‍ കോണിപ്പടികള്‍ കയറി അമ്മുച്ചേച്ചിയുടെ മുറിയിലെത്തി. അകത്ത് മൊബൈല്‍ ഫോണ്‍ മൂന്ന് കഷണങ്ങളായി ചിതറിക്കിടക്കുന്നു..
കിടക്കയിലും, നിലത്തുമായി കടലാസ് തുണ്ടങ്ങള്‍‌.. അതൊരു ഫോട്ടോയുടെ ഭാഗങ്ങളായിരുന്നു, ഒരാണിന്റെ മുഖത്തിന്റെ ഭാഗങ്ങള്‍‌..

കണ്ണന്‍ കൗതുകത്തോടെ തുണ്ടുകളോരോന്നായി ചേര്‍ത്ത് വെച്ച് നോക്കി.. അവന്റെ കണ്ണുകള്‍ വികസിച്ചു.. ഉണ്ണിയേട്ടന്‍‌..
കഷണങ്ങളെല്ലാം പെറുക്കിയെടുത്ത് കീശയില്‍ തിരുകി അവന്‍ വീട്ടിലേക്ക് ഓടി..

കണക്ക് പുസ്തകത്തില്‍ നിന്ന് ഒരു വെള്ളക്കടലാസ് കീറി.. അടുക്കളയില്‍ ചെന്ന്
ഒരു പിടി അന്നം കയ്യിലെടുത്ത് തിരിച്ചു വന്നു.. കടലാസില്‍ വറ്റ് തേച്ച് ഫോട്ടോയുടെ തുണ്ടുകള്‍ ഓരോന്നായി ചേര്‍ത്ത് വെച്ചു.. അന്നുച്ചക്ക് അമ്മുവിന്റെ അച്ഛന്‍ ചീന്തിയെറിഞ്ഞ ഉണ്ണിയേട്ടന്‍ കണ്ണന്റെ കണക്കു പുസ്തകത്തില്‍ പുനര്‍‌ജനിച്ചു..

രണ്ട് മാസങ്ങള്‍ക്ക് ശേഷം ഒരു സായാഹ്നം. ഇനി ഒരു മാസം കൂടിയേ ഉള്ളൂ പരീക്ഷ കഴിയാന്‍‌.. സ്കൂള്‌ പൂട്ടിയാല്‍ അമ്മേടേ വീട്ടില്‍ പോകും.. ഉണ്ണിയേട്ടന്‍ വരുമ്പോ കൂടെ പോകും.. കൊറേ സ്ഥലങ്ങള്‌ കാണും.. ഉണ്ണിയേട്ടന്റെ കൈ പിടിച്ച് ഓടുന്ന കോണീല്‌ കേറും.. ഉണ്ണിയേട്ടന്റെ കൂടെ കഥകള്‍ കേട്ടുറങ്ങും.. അങ്ങനെ പല പല സ്വപ്നങ്ങളാണ്‌ അവന്‌.. സ്കൂള്‌ വിട്ട് വീട്ടിലേക്ക് വരുന്ന വഴിക്കാണ്‌ അവന്റെ സ്വപ്നം കാണല്‍‌.. ഓരോ ദിവസവും ഓരോ പുതിയ സ്വപ്നം..

അന്ന് കണ്ണന്‍ സ്കൂള്‌ വിട്ട് വന്നപ്പോള്‍ മേശപ്പുറത്ത് ഒരു മിഠായിപ്പൊതി കണ്ടു..
"അമ്മേ, എവടന്നാ ഇത്രേം മിഠായ്വേള്‍..?"
"ഉണ്ണി ഇന്ന് വന്നിരുന്നു.. അറിഞ്ഞോ..? കല്ല്യാണച്ചെക്കനായി, നിന്റെ ഉണ്ണിയേട്ടന്‍‌.. അടുത്ത ആഴ്ച അവന്റെ കല്ല്യാണാ.. ഭയങ്കര ഓട്ടത്തിലാ ചെക്കന്‍‌.. എടിപിടീന്നല്ലേ കല്ല്യാണം.."

"കല്ല്യാണോ? ഉണ്ണിയേട്ടനോ? ആരെയാ ഉണ്ണിയേട്ടന്‍ കല്ല്യാണം കഴിക്കാന്‍ പോണേ?"
"ഹും.. നിന്റെ അമ്മുച്ചേച്ചിയെ തന്നെ.. അല്ലാണ്ടാര്യാ..?"

അത്രയും പറഞ്ഞ് ലക്ഷ്മി അടുക്കളയിലേക്ക് പോയി..
"അമ്മുച്ചേച്ചിയെയോ...?" കണ്ണന്‌ ഒന്നും വിശ്വസിക്കാന്‍ കഴിഞ്ഞില്ല..
അവന്‍ ഒരു മിഠായി വായിലിട്ട് നുണഞ്ഞു.. ഒരു രസോം ഇല്ലാത്ത പോലെ..

അടുക്കളയില്‍ അമ്മ ചിറ്റമ്മയോട് അടക്കം പറയുന്നത് കണ്ണന്‍ കേട്ടു..
"ന്റെ സാവിത്ര്യേ.. പിള്ളേരുടെ ഓരോ കാര്യങ്ങള്‌.. ശാരദയ്ക്ക് തീരേ താല്‍‌പര്യം ഉണ്ടായിരുന്നില്ലാട്ടോ.. കാര്യം മുള്ളിയേപ്പൊ തെറിച്ച ബന്ധൊക്കെ ഇണ്ട്.. ന്നാലും.. അവന്റെ ഒരു പഠിപ്പ് വെച്ച് നോക്കിയാ ഇതിലും എത്രയോ മെച്ചള്ളത് കിട്ട്വായിരുന്നു.. ഒറ്റാക്കാലില്‌ നിന്ന് ചെക്കന്‍ ഒരേ ഒരു ശാഠ്യം.. ഇത്‌ മതീന്ന്.. പിന്നെന്താ ചെയ്യ്വാ.."
"ന്നാലും.. അവളിതെപ്പൊ സാധിച്ചെടുത്തൂ ന്റെ ലക്ഷ്മ്യേ..?"
"അതിനു മാത്രം ദെവസം ഉണ്ണി ഇവടെ ഇണ്ടായിരുന്നോ?"
"ങാ.. കയ്യും കണ്ണും കാണിക്കാന്‍ അവള്‍ടെ അമ്മേം ഒട്ടും മോശല്ലാരുന്നു.. നിനക്ക്ക്കറയാല്ലോ പണ്ടത്തെ ഓരോ പുകിലുകള്‌.."
"ഉം.."
"അമ്മൂന്റെ അച്ഛന്‍ ആദ്യം വെറുതേ ഒരു ഗമക്ക് വേണ്ടി എതിര്‍ത്തെങ്കിലും പിന്നെ എല്ലാവര്‍ക്കും സമ്മതം.."
"സമ്മതിക്കാണ്ടിരിക്കാന്‍ പറ്റ്വോ.. പൂത്ത കാശല്ലേ ചെക്കനവടെ ഇണ്ടാക്കണത്‌..?"

കണ്ണന്‍ വാടിയ മുഖവുമായി മിഠായിപ്പൊതിയും പിടിച്ച് അടുക്കളയിലേക്ക് ചെന്നു.. എന്നിട്ട് പരിഭവം പറഞ്ഞു..
"അപ്പൊ വെക്കേഷന്‌ ന്നെ ഓപ്പീസില്‌ കൊണ്ടുവാന്ന് ഉണ്ണിയേട്ടന്‍ പറഞ്ഞതോ?"
"ഈ വെക്കേഷനില്‍ എന്തായാലും ഉണ്ടാവില്ല കണ്ണാ.. കല്ല്യാണം അല്ലേ.. പിന്നെ ഒരീസം അമ്മ കൊണ്ടൂവാം നിന്നെ", ലക്ഷ്മി ഉചിതമായി പ്രതികരിച്ചു..
"നൊണ പറയണ്ടമ്മേ.. ഉസ്കൂളിലിക്കും, ചായക്കടേലിക്കും, അമ്പലത്തിലിക്കും അല്ലാതെ അമ്മ ന്നെ എവടക്കെങ്കിലും ഇത് വരെ കൊണ്ടോയിട്ടുണ്ടോ? ഉണ്ണ്യേട്ടനെന്തിനാ അമ്മേ ഇപ്പൊ തന്നെ കല്ല്യാണം കഴിക്ക്‌ണത്..? ന്നെ കൊണ്ടോയിട്ട് പിന്നെ വരുമ്പൊ കഴിച്ചാ പോരേ.."
"ദാ പ്പൊ നന്നായേ.. അത് നീ അവനോട് ചെന്ന് ചോദിക്കെടാ.. ഹല്ല പിന്നെ.. മനുഷ്യനിവിടെ നൂറ് കൂട്ടം പണിയുണ്ട് അതിന്റെ എടയ്‌ക്കാ അവന്റെ ഒരു ഉണ്ണിയേട്ടന്‍‌..."
"അവനെ ചീത്ത പറയണ്ട ലക്ഷ്മീ ഉണ്ണി അവനെ ഒക്കത്ത് വെച്ച് കൊറേ നടന്നതല്ലേ.. സാരല്ല.. പോട്ടെ കണ്ണാ.." ചിറ്റ പരിതപിച്ചു.

"ഇനിക്ക് വേണ്ടാ ഈ മിഠായി, കണ്ണന്‍ മിഠായികള്‍ അടുക്കളയിലേക്ക് വലിച്ചെറിഞ്ഞു.."
"കണ്ണാ നിനക്ക് നല്ല അടി കിട്ടാത്തതിന്റെ സൂക്കേടാ.. കണ്ടോ സുമതീ അവന്റെ അഹങ്കാരം.. എനിക്ക് വയ്യ ഈ ചെക്കനെക്കൊണ്ട്.."
"ഇഷ്ടല്ല എനിക്ക് അമ്മയെ.." അവന്‍ വിതുമ്പിക്കൊണ്ട് അകത്തേക്കോടി.
കണ്ണന്റെ സങ്കടം അമ്മുച്ചേച്ചിയോടുള്ള ദേഷ്യമായി പണ്ടേ മാറിയിരുന്നു.. ഇപ്പോളത് ഉണ്ണിയേട്ടനോടുള്ള പരിഭവമായും രൂപാന്തരം പ്രാപിച്ചിരിക്കുന്നു..
ദൂരെ എവിടെയോ അമ്മുവിന്റെ മുറിയില്‍‌, ഒരു പുതിയ മൊബൈല്‍ ഫോണ്‍ മിന്നാമിനുങ്ങിനെ പോലെ ഇത്തിരി വെട്ടം പരത്തിക്കൊണ്ടിരുന്നു..
സമയവും ബോധവും നശിച്ച് അവള്‍ വിയര്‍ത്തു.. സ്വപ്നങ്ങളുടെ ചിലന്തിവലകളില്‍ അവള്‍ സ്വയം ചെന്ന് ചാടി.. ഉണ്ണിയേട്ടനിലെ ചിലന്തി അവളെ സമീപിക്കുന്നതിനായി അവള്‍ പ്രാര്‍ത്ഥനയ്യോടെ കണ്ണുകളടച്ചു.. പിന്നീടുള്ള മുപ്പത് ദിവസങ്ങളിലും രാത്രി മിന്നാമിനുങ്ങ് വെട്ടവും, ചിലന്തി വലകളും അമ്മുവിന്റെ മുറിയില്‍ നിഴലാട്ടമാടിക്കൊണ്ടിരുന്നു.. ഉണ്ണിയേട്ടനും അവള്‍ക്കുമിടയിലുള്ള ദൂരം ഓരോ ദിവസങ്ങളിലും കുറഞ്ഞു കൊണ്ടിരുന്നു..

കണ്ണന്റെ പരീക്ഷ കഴിഞ്ഞു.. വേനലവധി തുടങ്ങിയിട്ട് രണ്ട് ദിവസമായി..
ഇന്ന് ഉണ്ണിയേട്ടന്റെ വിവാഹമാണ്‌.. നഗരത്തിലുള്ള ഒരു ഓഡിറ്റോറിയത്തില്‍ വെച്ചാണ്‌ വിവാഹം.. കണ്ണനെ മുത്തശ്ശിയുടെ അടുത്താക്കി അമ്മ രണ്ട് ദിവസം മുമ്പേ പോയിരുന്നു..
ഇന്നലെ ചിറ്റ അവരുടെ കൂടെ ഉണ്ണിയേട്ടന്റെ വീട്ടിലേക്ക് പോകാന്‍ വിളിച്ചെങ്കിലും കണ്ണന്‍ പോയില്ല.. അവന്‍ കല്ല്യാണത്തിന്റെ അന്ന് മുത്തശ്ശീടെ കൂടെ വരാമെന്ന് ശഠിച്ചു..

കണ്ണന്‍ ഉണ്ണിയേട്ടന്റെ കല്ല്യാണം നടക്കുന്ന മണ്ഡപത്തിനടുത്തേക്ക് പോയില്ല..
ഭക്ഷണം പാകം ചെയ്യുന്ന സ്ഥലത്ത് പോയി അവിടെ കുത്തിയിരുന്നു അവന്‍‌.. ഇടയ്ക്കെപ്പഴോ വിവാഹത്തിന്റെ മം‌ഗള നാദം ഉച്ചസ്ഥായിയിലെത്തിയതും പിന്നീട് സാധാരണ താളത്തിലായതും അവന്‍ അലസമായി കേട്ടു..
അവന്‍ പതുക്കെ വണ്ടിയില്‍ ചെന്നിരുന്നു.. വണ്ടിക്കകത്ത് അവനും പൊള്ളുന്ന വെയിലും മാത്രം.. പുറത്തെ കാഴ്ചകളൊന്നും അവനെ ആകര്‍ഷിച്ചിരുന്നില്ല.. അവന്റെ മനസ്സ് ശൂന്യമായി മാറിയിരുന്നു..

ഇടയ്ക്കെപ്പ്ഴോ അലങ്കരിച്ച ഒരു വെളുത്ത കാര്‍ ആ വഴി പതുക്കെ കടന്നു പോകുന്നത് അവന്‍ നെഞ്ചിടിപ്പോടെ കണ്ടു. കാറിനുള്ളില്‍ ഉണ്ണിയേട്ടന്റെ കൈ ചിലന്തിയെപ്പോലെ അമ്മുവിന്റെ വിരലുകളിലേക്ക് പടര്‍ന്ന് കയറുന്നതും.. അവന്റെ കണ്ണുകള്‍ ചാലു കീറി കവിളിലൂടെ താഴേക്കൊഴുകി..

സ്വപ്നങ്ങളില്‍ മാത്രം കാണാറുള്ള സ്ഥലങ്ങളിലേക്ക് വെളുത്ത കുതിരയെ പോലെ പൊടി പറത്തിക്കൊണ്ട് ഉണ്ണിയേട്ടന്റെ കാര്‍ അപ്രത്യക്ഷമായപ്പോള്‍ കണ്ണന്റെ മനസ്സില്‍ ഒരു സംശയം മാത്രം ബാക്കിയായി.. ചോദിക്കാന്‍ ഭയമുള്ള ഒരു സംശയം..
"ഉണ്ണിയേട്ടന്‌ ന്നെ കല്ല്യാണം കഴിച്ചൂടാരുന്നോ?"