04 സെപ്റ്റംബർ 2011

സൂക്കേട്

ചൂടുള്ള ഒരു ഞായറാഴ്ച ദിവസം.. ഉച്ചക്ക് കഴിച്ച അവിയലിന്റെയും ചോറിന്റെയും ഏമ്പക്കം മടിച്ച് മടിച്ച് അവസാനം പുറത്തേക്ക് വന്നു. തൊട്ടടുത്ത് കസേരയില്‍ ഇരുന്ന് മയങ്ങുകയായിരുന്ന അമ്മയുടെ മുഖം പെട്ടെന്ന് ഒരു ചെറിയ അതിശയത്തോടെ വികസിച്ചു.
ഏമ്പക്കത്തില്‍ നിന്നും പരോക്ഷമായി പ്രകടമായ അവിയലിലെ കൈപുണ്യമാണോ ഭാവമാറ്റത്തിനു കാരണം എന്ന് അതിശയിച്ചപ്പോഴാണ്‌ ആ കാഴ്ച ഞാന്‍ കണ്ടത്..
പാട്ട് പഠിക്കാന്‍ പോയ ചേട്ടന്റെ പൊടിപ്പിള്ളേര്‍ അതേ സ്പീഡില്‍ ഓടി വരുന്നു...

എല്ലാവരും ഫുള്‍പാവാടയുടെ അടിഭാഗം കുഞ്ഞിക്കൈകള്‍ കൊണ്ട് തറയില്‍ നിന്ന് അഞ്ചിഞ്ച് പൊക്കിപ്പിടിച്ച്, പാദസരം കിലുകിലാ കിലുക്കി, നല്ല സറ്റൈലില്‍ ആണ്‌ ഓടി വരുന്നത്.. (ഫുള്‍പാവാട ഇട്ട നായിക അമ്പലപ്പടികള്‍ ഇറങ്ങി താഴെ ആല്‍മരച്ചോട്ടില്‍ നില്‍ക്കുന്ന നായകന്റെ അടുത്തേക്ക് ഓടി വരുന്നത് പോലെ).
ആ കാഴ്ച കണ്ട് അന്ധാളിച്ചു പോയ ഞാന്‍ മൂന്നെണ്ണത്തിനേം പടിയില്‍ തടഞ്ഞ് നിര്‍ത്തി..

ഞാന്‍: നിക്ക് നിക്ക് നിക്ക്.. എന്താ എല്ലാരും വല്ലാണ്ട് നേരത്തേ?
(മൂളല്‍, ചിരി, സ്വകാര്യം പറച്ചില്‍.. എല്ലാവര്‍ക്കും നാണം..)
ഞാന്‍: എന്തു പറ്റി..?
പൊടി 1: ശൊ... ഒന്നുല്ല്യ... (നാണം)
ഞാന്‍: എന്താ..? എന്താ കാര്യം? ഇന്ന് പാട്ട് ക്ലാസ്സില്ലായിരുന്നോ?
(വീണ്ടും സ്വകാര്യം പറച്ചില്‍.. ചിരി..)
പൊടി 2: ഇല്ല്യ..
ഞാന്‍: ഉം?
പൊടി 1: നീ പറ.. (ആംഗ്യം..)
പൊടി 2: യ്യോ.. നീ പറഞ്ഞോ.. (ആംഗ്യം..)
പൊടി 3: അതേ..
ഞാന്‍: ങാ..
പൊടി 3: ടീച്ചറ്ക്ക് സുഗല്ല്യ...
(നാണം.. പരസ്പരം സ്വകാര്യം.. പിന്നെ പൊട്ടിച്ചിരി..)
ഞാന്‍: ഉം..? എന്തു പറ്റി...?
പൊടി 1: ആവു.. ഇനിക്കു വയ്യ.. നീ പറ...
പൊടി 2: അയ്യോ.. ഞാനൊന്നും പറയില്ല്യ..  നീ തന്നെ പറഞ്ഞോ..
പൊടി 3: ശൊ..
(ചിരി.. സ്വകാര്യം.. വീണ്ടും നാണം..)
ഞാന്‍: എന്താ ടീച്ചറ്ക്ക് പറ്റ്യേ?
പൊടി 3: ടീച്ചറ്ക്ക്...
ഞാന്‍: ടീച്ചറ്ക്ക്‌?
പൊടി 3: ടീച്ചറ്‌ക്ക്... ...
(വീണ്ടും നാണം..)
ഞാന്‍: ടീച്ചറ്ക്ക് എന്താന്ന് പറ പിള്ളേരേ..
പൊടി 1: ടീച്ചറ്‌ക്ക് സൂക്കേട്...
ഞാന്‍: എന്ത് സൂക്കേട്?
പൊടി 2: പൊട്ട* സൂക്കേട്‌..

മൂന്നു പേരും കൈകള്‍ കൊണ്ട് മുഖം മറച്ച് കണ്ണുകള്‍ ഇറുക്കി ചിരിച്ചു... എന്റെ കൈകള്‍ തട്ടി മാറ്റി.. ഉപ്പൂറ്റിക്ക് മുകളില്‍ ഞാന്നു കിടന്നിരുന്ന ഫുള്‍പാവാടയുടെ അടിഭാഗം പഴയ പോലെ അഞ്ചിഞ്ച് പൊക്കിപ്പിടിച്ച്  ഇല്ലാത്ത അമ്പലപ്പടികളിലൂടെ, പാദസരവും കിലുക്കിക്കൊണ്ട് അടുക്കളയിലേക്ക് ഓടി.. (അകത്ത് നിന്ന് വീണ്ടും പൊട്ടിച്ചിരി)

വല്ല AIDSഉം ആണോ ഈശ്വരാ.... അങ്ങനെ വല്ലതും ആണെങ്കില്‍  പിള്ളേര്‍ക്ക് ഒരു ബോധവല്‍‌ക്കരണം, യുദ്ധകാലാടിസ്ഥാനത്തില്‍ തന്നെ നടത്തിക്കളയാം.. .. പൊട്ട സൂക്കേടെന്നൊക്കെ പറയാമോ...
മനസ്സില്‍ സംശയങ്ങളുടെ തീക്കനല്‍.... എന്നാലും... ടീച്ചര്‍ക്ക്... .. .. ഇനിയിപ്പോ ടീച്ചറുടെ ഹസ്ബന്‍ഡ്...? പണ്ട് ബോംബെയില്‍ ആയിരുന്നെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.. പണ്ട് ബോംബെയിലായിരുന്നപ്പോ...? ഏയ്... എന്നാലും...? (ആത്മഗതം)

"ഇപ്പോള്‍ സമയം... മൂന്ന് മണി കഴിഞ്ഞ് മുപ്പത് മിനിട്ട്... മുപ്പത്തി നാല്‌ സെക്കന്‍ഡ്.. അടുത്തതായി സ്ത്രീ വേദി..
പ്രിയ ശ്രോതാക്കളേ ഇന്നത്തെ സ്ത്രീവേദിയില്‍, 'ഗര്‍ഭകാലത്തെ ശുശ്രൂഷകള്‍' എന്ന വിഷയത്തെപ്പറ്റി, തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ റിട്ടയര്‍ഡ് പ്രൊഫസറും, ഗൈനക്കോളജിസ്റ്റുമായിരുന്ന ഡോ. വസന്തലക്ഷ്മി അന്തര്‍ജ്ജനം ശ്രോതാക്കളുമായി ചര്‍ച്ച ചെയ്യുന്നു... ഇതുമായി ബന്ധപ്പെട്ട ശ്രോതാക്കളുടെ സംശയങ്ങള്‍ പങ്കു വെയ്‌ക്കുവാന്‍ പൂജ്യം നാല്‌ ഏഴ്‌ ഒന്ന് രണ്ട് ഒന്ന് മൂന്ന് മൂന്ന് നാല്‌ അഞ്ച് മൂന്ന് നാല്‌ എന്ന നമ്പറിലോ പൂജ്യം നാല്‌ ഏഴ്‌ ഒന്ന് രണ്ട് മൂന്ന് നാല്‌ ഒന്ന് മൂന്ന് മൂന്ന് നാല്‌ ആറ്, എന്ന നമ്പറിലോ ബന്ധപ്പെടുക.", അകത്ത് നിന്നും റേഡിയോ 102.3 എഫ്. എം.

ഡോ. വസന്തലക്ഷ്മി അന്തര്‍ജ്ജനം പരിപാടി തുടങ്ങുന്നതിനു തൊട്ട് മുമ്പ്‌ തന്നെ ടീച്ചറുടെ സൂക്കേടെന്താണെന്ന് എനിക്ക് പിടികിട്ടി..

ദൂരെ പാട്ട് പഠിപ്പിക്കുന്ന ടീച്ചറുടെ വീട്ടില്‍, ടീച്ചറുടെ ഹസ്ബന്‍ഡ് ഒരു മൂളിപ്പാട്ടുമായി വട്ടം കൂടി..
"ആദ്യത്തെ കണ്മണി പെണ്ണായിരിക്കണം..
അവള്‍ അമ്മയെ പോലെ ഇരിക്കണം.."

(*പൊട്ട = ചീത്ത)

8 അഭിപ്രായങ്ങൾ:

  1. കഥ കൊള്ളാം...ഇന്നത്തെ പിള്ളേര്‍ പുല്ലു പോലെ സുക്കെടിന്റെ ഫുള്‍ details പറയും..

    മറുപടിഇല്ലാതാക്കൂ
  2. ഒരു സൂക്കേട്‌ തീര്‍ന്നാല്‍ അടുത്ത സൂക്കേട്‌ ... എന്ത് ചെയ്യാം .....കുഞ്ഞു വാവ വരുന്നു.....മാമാ ഛെ ഛെ..................

    മറുപടിഇല്ലാതാക്കൂ
  3. "ആദ്യത്തെ കണ്മണി പെണ്ണായിരിക്കണം..
    അവന്‍ അമ്മയെ പോലെ ഇരിക്കണം" avan alla aval ;)

    ella aasamsakalum ;)

    മറുപടിഇല്ലാതാക്കൂ
  4. ആ പഥികന്‍ പറഞ്ഞത് ശരിയാ, ഇന്നത്തെ പിള്ളേര്‍ നമുക്കറിയാത്തത് ഇങ്ങോട്ട് പറഞ്ഞുതരും.

    മറുപടിഇല്ലാതാക്കൂ
  5. അതെന്താ അങ്ങനെ?? കഥകള്‍ ജോരാകുന്നുണ്ട് ഇഷ്ടാ ..... അങ്ങട്ട് പോരട്ടെ .....

    മറുപടിഇല്ലാതാക്കൂ
  6. ശരിക്കും ടീച്ചര്‍ക്കെന്താ സൂക്കേട്.
    ക്ക് മന്‍സിലായീല്യാ......എന്തൂട്ടാ!

    മറുപടിഇല്ലാതാക്കൂ
  7. വലുതാവുമ്പോള്‍ മനസിലാകും

    മറുപടിഇല്ലാതാക്കൂ