25 ഓഗസ്റ്റ് 2011

ആത്മവാസന

എലാവരും കോളേജില്‍ പോകുന്നതും, അനുയോജ്യമായ വിഷയം തിരഞ്ഞെടുക്കുന്നതും, ആത്മാവില്‍ ഉറങ്ങിക്കിടക്കുന്ന നിഗൂഢമായ ഒരു തരം വാസനയെ സ്വയം തിരിച്ചറിഞ്ഞാണ്‌.. കോളേജില്‍ പോകാന്‍ നേരം വാസന ഉള്ള വിഷയത്തെക്കുറിച്ച് ഒരു അവബോധം വളരെ സ്വാഭാവികമായി, ഏതോ ഒരു നിമിഷത്തില്‍, എല്ലാവരിലും സംജാതമാകും.. സ്വന്തം വാസനയെപ്പറ്റി ഓര്‍ക്കാപ്പുറത്ത് ലഭിച്ച തിരിച്ചറിവില്‍ അവര്‍ ആനന്ദാശ്രുക്കള്‍ പൊഴിക്കുകയും, ഉപരിപഠനത്തിന്‌ അപേക്ഷ കൊടുക്കാനായി വെമ്പല്‍ കൊള്ളുകയും ചെയ്യും. അവരുടെ കണ്ണുകളും, കാതുകളും പിന്നീട്‌ ആ ഒരു വിഷയം മാത്രമേ കാണുകയും കേള്‍ക്കുകയും ചെയ്യൂ..

ദിവസങ്ങളോളം മുറിയടച്ചിരിക്കുകയും, സ്വന്തം വിഷയത്തെ പറ്റി കൂടുതല്‍ അറിയാനായി ഭ്രാന്തനെപ്പോലെ വെമ്പല്‍ കൊള്ളുകയും ചെയ്യുന്ന മകനെ നോക്കി അവന്റെ അമ്മ ദീര്‍ഘനിശ്വാസത്തോടെ പറയും,
"ഹാവൂ, എന്റെ മോന്‌ വാസന വെളിപ്പെട്ടെന്നാ തോന്നുന്നേ.."

കെമിസ്ട്രി വാസന ഉള്ള സുനില്‍, വെളിപാട് കിട്ടിയതിന്‌ ശേഷം, വെള്ളം കോരുമ്പോള്‍.. ഒരു നിമിഷം.. തൊട്ടിയിലെ വെള്ളം സാക്ഷാല്‍ H2O ആണെന്ന് തിരിച്ചറിയുകയും, തിരിച്ചറിവിന്റെ ആ നിമിഷങ്ങളില്‍ H2O കണങ്ങളെ കൈക്കുമ്പിളില്‍ കോരിയെടുത്ത് മുഖത്തേക്കൊഴിച്ച്, അപ്പോള്‍ അനുഭവവേദ്യമായ ശീതീകരണപ്രക്രിയയില്‍ ആത്മനിര്‍‌വൃതിയടയുകയും; ഒരു കുമ്പിള്‍ H2O കുടിച്ച്, വായ്ക്കകത്തും ആമാശയത്തിലും തന്മൂലം ഉണ്ടായ രാസപ്രവര്‍ത്തനത്തില്‍ ധ്യാനമഗ്നനാവുകയും ചെയ്‌തു..


ഉറക്കമില്ലാത്ത രാത്രികളില്‍ കെമിസ്ട്രിയുടെ നിഗൂഢതകളിലേക്ക് മുങ്ങാംകുഴിയിട്ട് വിയര്‍ത്തൊലിച്ച ഒരു നിമിഷം - ശശി സ്വന്തം നെറ്റിയില്‍ നിന്നും ഒലിച്ചിറങ്ങിയ വിയര്‍പ്പിന്റെ കണത്തെ രുചിക്കുകയും, അത്‌ സോഡിയം ക്ലോറൈഡിന്റെ അംശമാണെന്ന് തിരിച്ചറിഞ്ഞ് - കണ്ണുകള്‍ നിറയുകയും, വീണ്ടും സോഡിയം ക്ലോറയിഡ് കണ്ണുനീരായി പ്രവഹിച്ച്, അവനെ ഗദ്ഗദകണ്ഠനാക്കി തീര്‍ക്കുകയും ചെയ്‌തു..

അടുക്കളയില്‍ ഉപ്പുമാവുണ്ടാക്കുന്ന അമ്മ ഇടക്കിടയ്‌ക്ക് തവി കൊണ്ടിളക്കുന്നത്, ഉപ്പുമാവിനെ രാസത്വരണവിധേയമാക്കുന്നതിന്റെ ഭാഗമായാണെന്ന് തിരിച്ചറിഞ്ഞ ആ നിമിഷം, രാജീവ് ഓടിയെത്തി അമ്മയെ കെട്ടിപ്പിടിച്ചു കൊണ്ട് ചോദിച്ചു: "എന്തു കൊണ്ടിത്രയും കാലം ഇതൊക്കെ എന്നില്‍ നിന്ന് മറച്ചു വെച്ചമ്മേ....."

ഗണിത വാസന വെളിപ്പെട്ട സുരേഷ് പെട്ടെന്ന് അന്തര്‍മുഖനായി മാറുകയും പലതരം കണക്കുകൂട്ടലുകളിലേര്‍പ്പെടുകയും ചെയ്‌തു, L.H.S = R.H.S. (Left Hand Side = Right Hand Side) ആകുന്നത് വരെ അവന്‍ തളരാതെ പൊരുതി. അതൊന്നു മാത്രമാണ്‌ അവനുള്‍പ്പെട്ട ഗണിതവാസന വെളിപ്പെട്ടവരുടെ പരമമായ ലക്ഷ്യം. അതിനായി ചിലപ്പോള്‍ ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ഒരു ഭ്രാന്തനെപ്പോലെ അവര്‍ സഞ്ചരിക്കും.. എന്തിന്‌.. മാത്തമാറ്റിക്സിന്റെ ബേസിക്‍ റൂളുകള്‍ വരെ തെറ്റിക്കാന്‍, അവര്‍ മടിയ്‌ക്കില്ല..

കൊഴുക്കട്ടയുടെ വിസ്തീര്‍ണ്ണവും വ്യാപ്തവും അളക്കാനായി ഗോളത്തിന്റെ വ്യാപ്ത സമവാക്യം ഉപയോഗിക്കുന്നതിന്റെ പ്രായോഗികമായ പ്രതിബന്ധങ്ങളെ പറ്റി സുരേഷ് അമ്മയെ പറഞ്ഞ് ബോധ്യപ്പെടുത്തി.. ഇനി കൊഴുക്കട്ട ഉണ്ടാക്കുമ്പോള്‍, സമവാക്യങ്ങള്‍ പ്രയോഗിക്കാന്‍ പാകത്തിന്‌ ഗോളാകൃതിയില്‍ ഉണ്ടാക്കണമെന്ന് അവന്‍ അപേക്ഷിച്ചു..

ഇങ്ങനെ പല വിഷയങ്ങളുമായി ബന്ധപ്പെട്ട് പല തരം സംഭവങ്ങള്‍ നാടൊട്ടുക്ക് അരങ്ങേറി.. പ്ലസ് ടു കഴിഞ്ഞിട്ടും എനിക്കൊന്നും "സംജാത"മായില്ലെന്ന് മാത്രമല്ല, വിചാരിച്ച പോലുള്ള "ഒരു ജാതി വാസന" എന്തിനാണെന്ന് ഒരു ക്ലൂ പോലും കിട്ടിയില്ല.
"എല്ലാവര്‍ക്കും വാസന വെളിപ്പെട്ടു.. എനിക്ക് മാത്രം എന്താ ഇങ്ങനെ..", ഓര്‍ത്തപ്പോ ഏറെ വിഷമം തോന്നി..
കിണറ്റിന്‍ കരയിലേക്ക് നടന്ന് ഒരു തൊട്ടി വെള്ളം കോരി നോക്കി.. തൊട്ടിയില്‍ കുടുങ്ങിയ "എഴുത്തച്ഛന്‍ പ്രാണി"യും കരടുകളും അല്ലാതെ വെള്ളത്തില്‍ മറ്റൊന്നും എനിക്ക് വെളിപ്പെട്ടില്ല.. H2O H2O എന്ന് ഉരുവിട്ടു കൊണ്ട് ബലം പിടിച്ച് കുറേ നേരം തൊട്ടിയിലേക്ക് തുറിച്ച് നോക്കി..
കൈയില്‍ വെള്ളം നിറച്ച് മുഖത്തേക്കൊഴിച്ച് നെഞ്ചിടിപ്പോടെ നിരീക്ഷിച്ചുകൊണ്ടിരുന്നു..
ഒരു തണുപ്പ്ണ്ട്.. ഇതാണോ ഇനി ഇപ്പോ ആത്മനിര്‍‌വൃതി..? ഒരു കുമ്പിള്‍ വെള്ളം കുടിച്ച ശേഷം കണ്ണുകളടച്ചപ്പോ, "മയക്കമാ അന്തി മയക്കമാ" എന്ന പഴേ സിനിമാപ്പാട്ട് ഓര്‍മ്മ വന്നതല്ലാതെ ധമനികളിലും, ആമാശയത്തിലും അപ്പോള്‍ സംഭവിച്ചേക്കാവുന്ന രാസപ്രവര്‍ത്തനത്തെ പറ്റി ഒന്നും വെളിപ്പെട്ടില്ല.. ഞാന്‍ നിരാശനായി കിണറ്റിന്‍ കരയില്‍ നിന്ന് മുറിയിലേക്ക് നടന്നു..

മുറിക്കകത്തു കയറി കതകടച്ചു, ഫാന്‍ ഓഫ് ചെയ്‌തു.. കസേരയില്‍ കുനിഞ്ഞിരുന്ന് കൈകളും മുഖവും മേശമേല്‍ വെച്ച് വിശ്രമിച്ചു.. ടേബിള്‍ ലാമ്പ് ടിക്‍-ടിക്‍ ടിക്‍-ടിക്‍ എന്ന് onഉം offഉം ആക്കി ഒരു സീരിയസ് മൂഡ് ഉണ്ടാക്കിയെടുത്തു. മണിക്കൂറുകളോളം കതകടച്ചിരിക്കാനുള്ള ക്ഷമയൊന്നും ഇല്ല.. അര മണിക്കൂര്‍ കഷ്ടിച്ച് കഴിഞ്ഞ് കാണും.. ആദ്യത്തെ വിയര്‍പ്പ് തുള്ളി പൊടിഞ്ഞു.. വേഗം കൈ കൊണ്ട് തോണ്ടിയെടുത്ത് രുചിച്ച് നോക്കി.. ഉപ്പ് രസം.. പക്ഷെ സോഡിയം ക്ലോറയിഡിന്‌ ഉപ്പു പാക്കറ്റിലുള്ള കട്ടകള്‍ക്കതീതമായി ഒരു ഘടനയുണ്ടെന്നോ, സോഡിയവും ക്ലോറിനും തമ്മില്‍ പിരിയാനാകാത്ത വിധം പ്രണയബദ്ധരാണെന്നോ ഒന്നും തോന്നിയില്ല.. വീണ്ടും നിരാശ..വിയര്‍പ്പില്‍ നിന്ന് രഹസ്യം വെളിപ്പെട്ട ശശിയോട് കടുത്ത അസൂയയും... ഇത്തിരി വെളിച്ചം കണ്ട് പാഞ്ഞെത്തിയ ഇയ്യാം‌പാറ്റകള്‍ ഒന്നും, രണ്ടും, നാലും, എട്ടും ആയി അണുവിഭജനത്തിലെന്ന പോലെ മേശവിളക്കിനു ചുറ്റും നിറഞ്ഞ് തുടങ്ങി.. ഞാന്‍ ചാടിയെഴുന്നേറ്റ് കതക്‌ തുറന്ന് പുറത്തേക്കോടി.. ആരും സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിക്കാന്‍..

വീടിനു തെക്കേ വശത്തുള്ള ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ഒരു ഭ്രാന്തനെപ്പോലെ ഞാന്‍ സഞ്ചരിച്ചു. സഞ്ചരിക്കുമ്പോള്‍ മനസ്സില്‍, ഏ പ്ലസ് ബി ദ ഹോള്‍ സ്ക്വയര്‍ = പറഞ്ഞു നോക്കി.. "എ സ്ക്വയര്‍ പ്ലസ്, ടു ഏബി പ്ലസ് ബി സ്ക്വയര്‍.." പെട്ടെന്ന്‍ സ്ഫടികം സിനിമ ഓര്‍മ്മ വന്നു... തിലകന്റെ "ഏ പ്ലസ് ബി ദ ഹോള്‍ സ്ക്വയര്‍ ഈക്വല്‍സ് ബ.ബ.ബ. അല്ല".. എന്ന ഡയലോഗ്.. ഭൂഗോളത്തിന്റെ സ്പന്ദനം... മോഹന്‍ലാലിന്റെ മുണ്ടുരിഞ്ഞടി...ഏഴിമലപൂഞ്ചോലാ.. ഹോ ഹോ.. ഹോ ഹോ ഹോ.. പതിനെട്ടാം പട്ട തെങ്ങ്.... പുത്തന്‍ ഞാറ്റുവേലാ.... ഹൊയ്യര ഹൊയ്യര ഹൊയ്യര ഹൊയ്യര ഹൊയ്യര.. ഉര്‍‌വ്വശി .. ഓര്‍മ്മകള്‍ ഓര്‍മ്മകള്‍ ഓടക്കുഴലൂതി.... പ്രണയമാം യമുനയോ പുറകിലേക്കൊഴുകിയോ...
ഒരു നിമിഷം ഞാന്‍ സ്വയം മറന്നു.. ആരും സഞ്ചരിക്കാത്ത ആ വഴിയിലൂടെ സഞ്ചരിക്കുന്നതിന്റെ ഉദ്ദേശം പെട്ടെന്ന് ഓര്‍മ്മ വന്നു... സ്ഫടികവും, മോഹന്‍ലാലും, തിലകനും, പതിനെട്ടാം പട്ട തെങ്ങും, ഉര്‍‌വ്വശിയും, സ്മിതയും എല്ലാം അപ്രത്യക്ഷമായി.. അവശേഷിച്ചത് എല്ലാം തുടങ്ങിയ "ഏ പ്ലസ് ബി ദ ഹോള്‍ സ്ക്വയര്‍ " മാത്രം.. ഒരു സുഖോം ഇല്ല.. ഇതല്ല എന്റെ വെളിപാട്‌.. എനിക്കുറപ്പായി..

കാട് പിടിച്ച വഴിയില്‍ ഒരു നിമിഷം - ഞാന്‍ ഞെട്ടലോടെ നിന്നു.. ചൊറിയന്‍ തവളകള്‍ കൂട്ടം കൂട്ടമായി വിലപിക്കുന്നു..
"മഴ വരുന്നുണ്ടോ?" ഞാന്‍ കാതോര്‍ത്തു.. തവളയെ നോക്കി... തവള എന്നെയും.. തവളകള്‍ എന്നോട് എന്തോ പറയുന്നത് പോലെ..
എത്ര നിഷ്കളങ്കമായ നോട്ടം.. തവളയോടുള്ള സിമ്പതി ഒരു എമ്പതിയായി പെട്ടെന്ന് മാറി... ഡോക്ടര്‍ സണ്ണിയുടെ ഭാഷയില്‍ പറഞ്ഞാല്‍ തീക്ഷ്ണമായ ഒരു തന്മയീഭവം..

സിനിമയില്‍ ഫ്ലാഷ് ബാക്ക് കാണുന്നതു പോലെ കഴിഞ്ഞ കാര്യങ്ങള്‍ മനസ്സില്‍ തെളിഞ്ഞു വന്നു.. വെള്ളം കോരിയതും, മുറിയടച്ചിരുന്ന് വിയര്‍ത്തതും, ആരും സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിച്ചതും .. എല്ലാം.. എലാറ്റിലും പൊതുവായി ചില ഘടകങ്ങള്‍ ഇല്ലേ... ആദ്യം വെള്ളം കോരിയപ്പോള്‍ എഴുത്തച്ഛന്‍ (വെള്ളത്തില്‍ ചിത്രം വരയ്‌ക്കുന്ന പ്രാണി), പിന്നീട് മേശവിളക്കിനു ചുറ്റും കുമിഞ്ഞു കൂടിയ ഈയാം പാറ്റകള്‍, ഇപ്പോള്‍ തവളകള്‍... എല്ലാം എന്നോട് രഹസ്യമായി എന്തോ പറയുവാന്‍ ശ്രമിക്കുകയായിരുന്നില്ലേ...?

"കിട്ടി.... കിട്ടി..." ഞാന്‍ കാടു പിടിച്ച ഇടവഴിയിലൂടെ ഒരു ഭ്രാന്ത്രനെപ്പോലെ ഓടി.. "കിട്ടി.. കിട്ടി..."
പറമ്പില്‍ പുല്ല് അരിഞ്ഞു കൊണ്ടിരുന്ന മാണിക്യമ്മ കാര്യമെന്താണെന്നറിയാന്‍ ഓടി വന്നു..
"കിട്ടി.. കിട്ടി..."
"എന്താ.. എന്താടാ കിട്ട്യേ? പൊന്നാണോ..?", മാണിക്യമ്മ അതിശയത്തോടെ ആരാഞ്ഞു.
"വെളിപാട്.. വെളിപാട്‌..", ഞാന്‍ ഓടി, ഗേറ്റും കഴിഞ്ഞ്, വരമ്പും ചാടിക്കടന്ന് കിണറിന്റെ അടുത്തേക്ക്..

തല കിണറ്റിലേക്കിട്ട് അകത്തേക്ക് നോക്കി.. കിണറ്റില്‍ എഴുത്തച്ഛന്‍ പ്രാണികള്‍ പുതിയ ചിത്രം വരച്ചു കൊണ്ടിരിക്കുന്നു..
"എഴുത്തച്ഛാ...", ഞാന്‍ മന്ത്രിച്ചു. എഴുത്തച്ഛന്‍മാര്‍ ഒരു നിമിഷം ചിത്രം വര നിര്‍ത്തി മുകളിലേക്ക് നോക്കി..
"ഞാന്‍.." എനിക്ക് വാക്കുകള്‍ കിട്ടിയില്ല
"ഒന്നും പറയണ്ട.. ഇപ്പഴെങ്കിലും മനസ്സിലായല്ലോ", ഒരെഴുത്തച്ഛന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു.

ഞാന്‍ പതുക്കെ മുറിയ്‌ക്കകത്ത് കയറി .. ഇയ്യാം‌പാറ്റകളില്‍ ഒരെണ്ണത്തെ കയ്യിലെടുത്ത് കൊഞ്ചിച്ചു..

അന്നു രാത്രി അമ്മ ചെമ്മീന്‍ കറി വിളമ്പി..
ഒരു മിനിട്ട് നേരം ഞാന്‍ മൗനം ഭജിച്ചു.
പിന്നീട്, ഒരു ചെമ്മീന്‍ കയ്യിലെടുത്ത്, സൂക്ഷിച്ചു നോക്കി.. എന്നിട്ട് പറഞ്ഞു:
"ഇത്... ഇത്.. ഇതെന്താന്നറയോ എല്ലാര്‍ക്കും..?"
ഒരു നിമിഷം എല്ലാവരും സ്തബ്ധരായി.. പെട്ടെന്ന് വൈദ്യുതി നിലച്ച പോലെ രംഗം നിശബ്ദമായി...

ഒരു ചെറിയ ഇടവേളയ്ക്കു ശേഷം ഞാന്‍ തുടര്‍ന്നു:
"സൈന്റിഫിക്‍ നെയ്‌മ്‌ - ഡെന്‍ഡ്രോബ്രാങ്കിയാറ്റ;
കിങ്ഡം - ആനിമാലിയ;
ഫൈലം - ആര്‍ത്രോപോഡ;
സബ് ഫൈലം - ക്രസ്റ്റേഷ്യ..."

15 അഭിപ്രായങ്ങൾ:

 1. "തനിക്കേതാണ്ട് വലിയ കുഴപ്പം തുടങ്ങാന്‍ പോകുവാ , അറിയാവുന്ന ആരെ എങ്കിലും കൊണ്ടൊരു രക്ഷ എഴുതി കേട്ടിച്ചോ, പിന്നെ വെള്ളത്തില്‍ ചവിട്ടാത നോക്കണം കേട്ടോ." hi hi juz kidding..@last വാസന തിരിച്ചറിഞ്ഞല്ലോ. now മിണ്ടാതെ ഇരുന്നു ഭക്ഷണം കഴിക്കൂ or els ചിലപ്പോള്‍ സ്വന്തം oryza sativa yil periplanata americana ye പിടിച്ചു ഇട്ടപോലെ ആകും.
  al de best

  മറുപടിഇല്ലാതാക്കൂ
 2. നന്നായി .... വായിച്ചു ചിരിച്ചു.

  മറുപടിഇല്ലാതാക്കൂ
 3. അയ്യയ്യോ, ഇങ്ങനെയൊക്കെ ചിന്തിച്ചാല്‍ വെള്ളം കുടിക്കാനും, വല്ലതും കഴിക്കാനുമൊക്കെ തോന്നുമോ?

  "എന്തു കൊണ്ടിത്രയും കാലം ഇതൊക്കെ എന്നില്‍ നിന്ന് മറച്ചു വെച്ചമ്മേ....."
  നല്ല പോസ്റ്റ്‌. നന്നായി എഴുതി.

  മറുപടിഇല്ലാതാക്കൂ
 4. പഠിയ്ക്കുന്ന കാലത്ത് ഞങ്ങള്‍ ഇതേ പോലെ സയന്റിഫിക് നെയിമുകളും മറ്റും ഉപയോഗിച്ച് സംസാരിയ്ക്കുന്നത് പതിവായിരുന്നു.

  പോസ്റ്റ് രസമായി

  മറുപടിഇല്ലാതാക്കൂ
 5. രസകരമായി. ശാസ്ത്രീയനാമങ്ങൾ എനിക്ക് പലപ്പോഴും വഴങ്ങിയിരുന്നില്ല എന്നോർക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 6. @stranger
  ഇപ്പൊ ഒന്നൂടെ സൂക്ഷിച്ച് നോക്കിയേ... ശരിക്കും എനിക്ക് കുഴപ്പമുണ്ടോന്നു...!! :-)
  @പഥികന്‍
  :-)
  @സോണി
  :-)
  @ശ്രീ
  :-)
  @ശ്രീനാഥന്‍
  :-)

  മറുപടിഇല്ലാതാക്കൂ
 7. ഹ..ഹ..കലക്കീട്ടോ...വാസന തിരിച്ചറിഞ്ഞല്ലോ..:)

  മറുപടിഇല്ലാതാക്കൂ
 8. ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ് മോനേ കിരണേ..... നമിച്ച്.
  ആദ്യം ഭാഗത്തെ ആ സീനുകള്‍ ആലോചിച്ചിരുന്ന് ചിരിച്ചുപോയി. പിന്നെ കുറച്ച് ബോറായിതോന്നിയെങ്കിലും..... അവസാനം പിന്നേം ഉഷാറായി.
  കൊഴുക്കട്ടേടെ വിസ്തീര്‍ണോം, ഉപ്പുമാവിളക്കലും, ചെമ്മീനും.ഹ്ഹ്ഹ്ഹ്ഹ് കൊള്ളാം കൊള്ളാം
  നര്‍മ്മപോസ്റ്റുകളിലെ ഒരു വ്യത്യസ്ത പോസ്റ്റ്. അങ്ങനെ ധൈര്യായി പറയും ചെറുത് ;)

  കാണാംട്ടാ.

  മറുപടിഇല്ലാതാക്കൂ
 9. അടിപൊളി എന്ന് പറഞ്ഞാലും പോര..അത്ര സൂപ്പര്‍..ആസ്വദിച്ചു വായിച്ചു ട്ടൊ. വ്യത്യസ്ഥമായ ഒരു കഥ..
  നര്‍മ്മം എന്ന പേരിനു യാതൊരു കളങ്കവും വരുത്തിയില്ല. അത്രമാത്രം പുതുമ എനിക്ക് ഫീല്‍ ചെയ്തൂട്ടൊ..

  മറുപടിഇല്ലാതാക്കൂ
 10. @വേനൽപക്ഷി
  :-)
  @അനശ്വര
  :-) :D :)
  @ചെറുത്
  തോന്നിയത് പറഞ്ഞതിന്‌ വളരെ വളരെ നന്ദി ചെറുതേ.. :)

  മറുപടിഇല്ലാതാക്കൂ
 11. ഓഹോ ... ഇങ്ങനെയും ഒരു വാസന ഉണ്ടായിരുന്നോ ?
  ഈ വാസന എപ്പോഴാ PHP വാസന ആയത് ? എന്നാലും ഇതൊക്കെ ഞങ്ങളില്‍ നിന്നും ഇത്രയും കാലം മറച്ചു വച്ചല്ലേ .... :)

  മറുപടിഇല്ലാതാക്കൂ
 12. @hp
  വാസന higher option list വന്നപ്പോ നിന്നു! :D
  (ഞാന്‍ zoology പഠിക്കാന്‍ പോയ കാര്യം പറഞ്ഞിരുന്നില്ലെ!)

  മറുപടിഇല്ലാതാക്കൂ
 13. രസകരം .. നല്ല അവതാരram .. വേറിട്ട ചിന്തകള്‍
  ചലന നിയമങ്ങളുടെ വിശദീകരണം നിത്യ ജീവിതത്തില്‍ കണ്ടെത്തു ഭാഗ്യം
  ഓണാശംസകള്‍

  മറുപടിഇല്ലാതാക്കൂ
 14. ഗണിത വാസന വെളിപ്പെട്ട സുരേഷ് പെട്ടെന്ന് അന്തര്‍മുഖനായി മാറുകയും പലതരം കണക്കുകൂട്ടലുകളിലേര്‍പ്പെടുകയും ചെയ്‌തു, L.H.S = R.H.S. (Left Hand Side = Right Hand Side) ആകുന്നത് വരെ അവന്‍ തളരാതെ പൊരുതി. അതൊന്നു മാത്രമാണ്‌ അവനുള്‍പ്പെട്ട ഗണിതവാസന വെളിപ്പെട്ടവരുടെ പരമമായ ലക്ഷ്യം. അതിനായി ചിലപ്പോള്‍ ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ഒരു ഭ്രാന്തനെപ്പോലെ അവര്‍ സഞ്ചരിക്കും.. എന്തിന്‌.. മാത്തമാറ്റിക്സിന്റെ ബേസിക്‍ റൂളുകള്‍ വരെ തെറ്റിക്കാന്‍, അവര്‍ മടിയ്‌ക്കില്ല

  ഹ ഹ നല്ല പോയിന്റ്‌

  മറുപടിഇല്ലാതാക്കൂ