17 ഡിസംബർ 2010

വൈകി വന്ന കൂട്ടുകാരന്‍

നാലു വര്‍ഷത്തെ ബിരുദപഠനം പൂര്‍ത്തിയാക്കിയ ശേഷം, പതിനാറാം ക്ലാസ്സില്‍ നിന്ന്‌ പതിനേഴാം ക്ലാസ്സിലേക്ക് പോകുന്ന പ്രതീതിയോടെ ആയിരുന്നു ജോലിയില്‍ പ്രവേശിച്ചത്‌. ജോലി ചെയ്ത് അധ്വാനിച്ച് സമ്പാദിയ്ക്കണമെന്നോ, "സെറ്റില്‍" ആകണമെന്നോ ഉള്ള ഒരു കാഴ്ചപ്പാടേ ഉണ്ടായിരുന്നില്ല.. കൂടിപ്പോയാല്‍ ഒരു MP3 Player വാങ്ങണം, അല്ലെങ്കില്‍ നന്നായി വല്ല ഭക്ഷണവും വാങ്ങിച്ചു കഴിയ്ക്കണം, കുറേ വഴികള്‍ ഒറ്റയ്ക്കു നടക്കണം, പിന്നെ സ്വയം ചങ്ങലയ്ക്കിട്ടിരുന്ന ചിന്തകളില്‍ നിന്നും രക്ഷപ്പെടണം - അതൊക്കെയായിരുന്നു ഓരോ ദിവസവും തന്നിരുന്ന പ്രതീക്ഷകള്‍..

കോഴിക്കോടുള്ള ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ ആയിരുന്നു ആദ്യത്തെ ജോലി. കോളേജ് കഴിഞ്ഞാല്‍ ഒരിയ്ക്കലും ഒരു സൗഹൃദവും, അങ്ങനെ ഒരു അന്തരീക്ഷവും, ഉണ്ടാവില്ല എന്നു കരുതിയതാണ്‌. പണ്ട്‌ സ്കൂളിലും, പ്ലസ് ടു വിലും അവസാനത്തെ ദിവസങ്ങളില്‍ തോന്നിയതും ഇതു തന്നെ.. അതു കൊണ്ട് ഏറെക്കുറെ ഒരു പിടിപാടുണ്ടായിരുന്നു, ഒന്നും ഒരിക്കലും അവസാനിയ്ക്കില്ലെന്നും; എല്ലാം അവസാനിയ്ക്കുന്ന പോലെ തോന്നുന്നതാണെന്നും!

കോഴിക്കോട് നിന്നും മിക്കവാറും എല്ലാ ശനിയാഴ്ചയും ഞാന്‍ ഗുരുവായൂരിനടുത്തുള്ള വീട്ടില്‍ പോകും. കുറ്റിപ്പുറത്തോ, എടപ്പാളിലോ എത്തുമ്പോള്‍ അച്ഛനോ ചേച്ചിയോ വിളിയ്ക്കും; "എന്താ വരുന്നില്ലേ.. എവിടെ എത്തി." എന്നൊക്കെ ചോദിച്ചു കൊണ്ട്‌. ഞാന്‍ 9 മണിയുടെ ശ്രീറാം ബസ്സില്‍ വന്നിറങ്ങുന്നത് കാത്തിരിയ്ക്കുകയായിരിയ്ക്കും അവര്‍. രാത്രിയിലെ ബസ്സ് യാത്ര എന്റെ ഇഷ്ടങ്ങളില്‍ ഒന്നാണ്‌.. ഒരു ധൃതിയും ഇല്ലാത്ത യാത്ര..

ഒരു ശനിയാഴ്ച ദിവസം; പതിവ് പോലെ ശ്രീറാം ബസ്സ് എന്നെ വീട് വരെ കൊണ്ട് ചെന്നാക്കി നേരെ ചേറ്റുവയിലേക്ക് പോയി. വീട്ടിലെത്തി ഭക്ഷണം കഴിച്ച ശേഷം ഞാന്‍ മുറിയിലേക്ക് ഒതുങ്ങിക്കൂടി. അവിടെ ആണ്‌ ഓര്‍മ്മകളുടെ കൊട്ടാരങ്ങള്‍ ഞാന്‍ സൂക്ഷിച്ച് വെച്ചിരുന്നത്. മൃതിയടഞ്ഞ നിമിഷങ്ങളെ പുനര്‍ജ്ജനിപ്പിച്ച് അതിലൂടെ വീണ്ടും കടന്നു പോകുന്നത് ഒരു ലഹരിയായിരുന്ന് എനിക്ക്. ഓര്‍മ്മത്തുണ്ടുകള്‍ എന്തുമാകാം - സിനിമാടിക്കറ്റുകള്‍, കടല പൊതിഞ്ഞ കടലാസ്, അവസാന ദിവസം ബസ്സ് യാത്ര ചെയ്ത ടിക്കറ്റുകള്‍, ഓര്‍മ്മയില്‍ മാത്രം വല്ലപ്പോഴും ജീവിയ്ക്കുന്ന സുഹൃത്ത് പണ്ട് സമ്മാനിച്ച മിഠായിയുടെ കവര്‍, ബസ്സിന്റെ പാസുകള്‍, പഴയ ഉത്തരക്കടലാസുകള്‍.. അങ്ങനെ പല പല ഓര്‍മ്മകള്‍. ഓരോ കുഞ്ഞുതുണ്ടും, നഷ്ടപ്പെട്ട് പോയ സ്വപ്നഗോപുരത്തിന്റെ തന്മാത്രകളായിരുന്നു. ഓര്‍മ്മകളോരോന്നായി വന്നു കഥ പറയും, പണ്ടത്തെ കഥകള്‍. യൂണിഫോമും, ബ്ലാക്ക്ബോര്‍ഡും, ബെഞ്ചും ഡെസ്ക്കും എല്ലാം രംഗം നിറയ്ക്കും.. ചില കഥകള്‍ പെട്ടെന്ന് അവസാനിയ്ക്കും, വേറേ ചിലത് തുടര്‍ന്നുകൊണ്ടേയിരിക്കും, കഥകള്‍ക്കുള്ളില്‍ വേറേ കഥകള്‍..

പൊടി പിടിച്ച, നിറം മങ്ങിയ കറുത്ത ബാഗ്.. അതിലാണ്‌ ഭൂരിഭാഗം ഓര്‍മ്മകളെയും സംസ്കരിച്ചിരിയ്ക്കുന്നത്. പണ്ട് എഴുതിയ ഡയറിക്കുറിപ്പുകളും, പണ്ടത്തെ ആവലാതികളും താളുകള്‍ മറിച്ച് ഞാന്‍ ശ്വസിച്ചു. ഇടയ്ക്ക് ഒരു താളിലെത്തിയപ്പോള്‍ ശ്വാസം ഒന്നു നിലച്ചു. ഞാന്‍ കൗതുകത്തോടെ അതിലേക്ക് നോക്കി. നീല ഹീറോപ്പേന കൊണ്ടെഴുതിയ ആ എഴുത്തിനെ, നീണ്ട ആറ് വര്‍ഷങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.

"ഇല പൊഴിയും ശിശിരത്തില്‍ ചെറുകിളികള്‍ വരവായി
മനമുരുകും വേദനയില്‍ ആണ്‍കിളിയാ കഥ പാടി
മറഞ്ഞു പോയീ ആ മന്ദഹാസം
ഓര്‍മ്മകള്‍ മാത്രം ഓര്‍മ്മകള്‍ മാത്രം"

നിനച്ചിരിയ്ക്കാതെ ഒരു ദിവസം സുഹൃത്ത് കോറിയിട്ടു തന്ന വരികള്‍. സ്കൂളിലെ വിരസമായ മധ്യാഹ്നങ്ങളായിരുന്നു അവനെ എനിക്കു പരിചയപ്പെടുത്തിയത്. അന്നൊക്കെ Mp3 player ഉം, പാട്ടുകളുടെ ശേഖരവും ഒന്നും ഇല്ലാത്ത കാലമായിരുന്നു. ആകെ ഉണ്ടായിരുന്നത് പണ്ട് മാമന്‍ ഗള്‍ഫില്‍ നിന്നു വന്നപ്പോള്‍ കൊണ്ടു വന്ന ഒരു cassette player; കൂടെ ഉണ്ടായിരുന്ന രണ്ടോ മൂന്നോ കാസറ്റുകളും.. ആകെ ജന്മത്തില്‍ കേട്ടിരുന്ന പാട്ടുകള്‍ അതു മാത്രമായിരുന്നു.. ബസ്സില്‍ വെച്ചാണ്‌ വല്ലപ്പോഴും വേറേ പാട്ടുകള്‍ കേട്ടിരുന്നത്‌. ഇമ്പമുള്ള പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ അപ്പോള്‍ തന്നെ കുറിച്ചിടും, മറന്നു പോകാതിരിയ്ക്കാന്‍, എന്നെങ്കിലും അവസരം കിട്ടുകയാണെങ്കില്‍ കേള്‍ക്കാനും.

പാട്ടുകളിലൂടെ ആയിരുന്നു അവനുമായുള്ള ചങ്ങാത്തം. ബസ്സിലും മറ്റും കേട്ട പാട്ടുകളുടെ ഇത്തിരി ഭാഗം ഞാന്‍ അവനു മൂളിക്കൊടുക്കും.
അവന്‍ ആ പാട്ട് കണ്ടു പിടിച്ചു പറഞ്ഞു തരും.. റേഡിയോ കേള്‍ക്കാറുണ്ടായിരുന്നത് കൊണ്ടാവും, അവനറിയാത്ത പാട്ടുകളില്ലായിരുന്നു. എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും മലയാളം പാട്ടുകളായിരുന്നു എന്റെ പ്രിയപ്പെട്ടവ.. അന്ന് പാട്ട് കേള്‍ക്കുമ്പോള്‍ സംഗീതം ആരാണെന്നോ, പാടിയത്‌ ആരാണെന്നോ ഒന്നും ഓര്‍ക്കാറേ ഇല്ല. പാട്ട് മാത്രം.. പാട്ട് മാത്രം മതിയായിരുന്നു, അത്രയ്ക്ക് ഭ്രാന്തായിരുന്നു!

ആറ് വര്‍ഷങ്ങള്‍ അവനെക്കുറിച്ച് ഓര്‍ക്കാതെയും അന്വേഷിയ്ക്കാതെയും കടന്നു പോയിരിക്കുന്നു..അവനെവിടെ ആയിരിക്കും? പഴയ കൂട്ടുകാരെ പലരെയും ഓര്‍ക്കുട്ടിലൂടെ വീണ്ടും കണ്ടു മുട്ടി; പക്ഷെ കാണുവാന്‍ കൊതിച്ച ഈ കൂട്ടുകാരന്‍ മാത്രം ഒരു സെര്‍ച്ച് റിസള്‍ടിലും വന്നില്ല.. ഒരു സുഹൃത്ത്, അവന്‍ ബിരുദപഠനത്തിനു ചേര്‍ന്നു എന്നും, വേറൊരു സുഹൃത്ത് അവനെ യൂണിവേഴ്സിറ്റിയില്‍ വെച്ച് കണ്ടെന്നും പറഞ്ഞതല്ലാതെ അവനെക്കുറിച്ച് ആര്‍ക്കും വേറേ ഒന്നും അറിയില്ലായിരുന്നു.. ഇന്ന്, പണ്ട് കേള്‍ക്കുവാന്‍ കൊതിച്ച പാട്ടുകളുടെ എല്ലാം മോശമില്ലാത്ത ഒരു ശേഖരം തന്നെ ഉണ്ട്‌ എന്റെ കയ്യില്‍.. പണ്ടത്തെ അതേ പാട്ടുകള്‍.. പക്ഷെ അവനെവിടെ? ഇന്ന് ആ പാട്ടുകള്‍ പല തവണ കേട്ട് തഴക്കം വന്നിരിയ്ക്കുന്നു.. നേര്‍ത്ത ഒരു തരം വിരസതയും..

വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു സുഹൃത്തിനോടൊപ്പം ക്ലാസ്സ്മുറി സന്ദര്‍ശിച്ചപ്പോഴും, പരതിയത്, അവന്‍ പണ്ട് ചുവരില്‍ കോറിയിട്ട അവന്റെ അഡ്രസ്സായിരുന്നു, പുതുതായി അടിച്ച പെയിന്റിന്റെ പാളികള്‍ അതൊക്കെ തേച്ച് മായ്ച്ച് കളഞ്ഞിരുന്നു.. ഓര്‍മ്മയില്‍ അവ്യക്തമായി കിടക്കുന്നുണ്ട് അഡ്രസ്സ്, പക്ഷെ പൂര്‍ണ്ണമായും ശരിയാണോ എന്നറിയില്ല.. പെട്ടെന്നാണ്‌ ഡയറിയുടെ ആദ്യത്തെ താളുകളെ കുറിച്ച് ഓര്‍മ്മ വന്നത്, അന്ന് അടുത്തറിയാവുന്ന സുഹൃത്തുക്കളുടെ ഫോണ്‍നമ്പറുകള്‍ ഞാന്‍ എഴുതി വെച്ചിരുന്നു, ആദ്യത്തെ താളുകളില്‍..

"വളരെ അത്യാവശ്യം ഉള്ളപ്പോ മാത്രം വിളിച്ചാ മതി.. ഇത് വീട്ടിനടുത്തുള്ള നമ്പര്‍ ആണ്‌.. അയാള്‌ ചെലപ്പോ വിളിച്ച് തന്നൂന്നും വരില്ല.. ഒരു മാതിരി ആള്‍ക്കാരാണ്‌..", അവന്‍ പണ്ട് നമ്പര്‍ തന്നപ്പോള്‍ പറഞ്ഞ കാര്യം ഞാനോര്‍ത്തു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്കൂളില്‍ നിന്നും പോന്നതിനു ശേഷം, ഒരു ദിവസം അവനെ വിളിയ്ക്കുവാന്‍ ശ്രമിച്ചിരുന്നു.. അന്ന് ഫോണ്‍ എടുത്ത ആള്‍ ഒന്നും മനസ്സിലാകാത്തതു പോലെ എന്തൊക്കെയോ സംസാരിച്ചു.. അവന്റെ വീട്ട്പേര്‌ പറഞ്ഞിട്ടും അയാള്‍ക്ക് ഒന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല.. അവസാനം ഞാന്‍ ഫോണ്‍ വെയ്ക്കുകയായിരുന്നു..

ഞാന്‍ അല്‍‌പ നേരം ഫോണ്‍ നമ്പര്‍ നിരീക്ഷിച്ചു - പണ്ടത്തെ ആറക്ക ഫോണ്‍ നമ്പര്‍, ഇന്നത് ഏഴക്കം ആയിട്ടുണ്ടാകും.. മാറിയിട്ടുണ്ടാകുമോ? അവന്റെ കയ്യില്‍ എന്റെ നമ്പറും ഉണ്ടായിരുന്നു. ഇന്ന് നാടും നമ്പറും മാറിയെങ്കിലും, പണ്ട് പഴയ നമ്പറിലേക്ക്‌ അവന്‍ ഒരു വട്ടം പോലും വിളിച്ചില്ലല്ലോ.. എന്തായാലും ഒന്നു വിളിച്ചു നോക്കുക തന്നെ.. അങ്ങനെ മനസ്സില്‍ കുറിച്ചിട്ട്, ഡയറിയും, ഓര്‍മ്മത്തുണ്ടുകളും ബാഗില്‍ ഭദ്രമായി വെച്ച ശേഷം ഞാന്‍ ഉറങ്ങാന്‍ കിടന്നു. ഉറങ്ങാന്‍ കിടന്നപ്പോഴും ചിന്ത പാട്ടുകള്‍ പങ്കു വെച്ച മധ്യാഹ്നങ്ങളെക്കുറിച്ചായിരുന്നു. എന്നെ അവന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ടാകുമോ? വിളിച്ച് കിട്ടിയാല്‍, വിരസമായ സുഖാന്വേഷണവും, "എന്നാല്‍ ശരി.. പിന്നെ കാണാം" എന്ന ഉത്തരവും ആയിരിയ്ക്കുമോ? അതിലും നല്ലത് വിളിയ്ക്കാതിരിയ്ക്കുന്നതാണ്‌. എന്തായാലും വിളിച്ച് നോക്കുക തന്നെ.. ഞാന്‍ ഉറപ്പിച്ചു.

പിറ്റേന്ന് രാവിലെ പത്ത് മണി ആയപ്പോള്‍ ഞാന്‍ ഡയറിയുമായി ഫോണിന്റെ അടുത്തേയ്ക്ക് നീങ്ങി. STD കോഡും 2ഉം ചേര്‍ത്ത ശേഷം ആറക്ക സംഖ്യ ഡയല്‍ ചെയ്തു, എന്താണ്‌ സംഭവിക്കുന്നതെന്നറിയാന്‍ കാതോര്‍ത്തു.. വിളിയ്ക്കാനൊരുങ്ങുമ്പോള്‍, "This number does not exist" എന്ന പ്രതികരണം ആയിരിയ്ക്കുമോ എന്ന് പലകുറി സംശയിച്ചിരുന്നു, അങ്ങനെ ആണെങ്കില്‍ ഇതിവിടെ അവസാനിച്ചു - പിന്നെ അവന്‍ താളുകളിലും ഓര്‍മ്മകളിലും മാത്രം. പക്ഷെ, ഫോണ്‍ റിങ് ചെയ്തു.. ഒരാളെടുത്തു.. ഇരുത്തം വന്ന സംസാരം. ഞാന്‍ തൃശൂരില്‍ നിന്നാണ്‌ വിളിയ്ക്കുന്നതെന്നും, പിന്നെ എല്ലാ കാര്യങ്ങളും അയാളോട് പറഞ്ഞു. ഓരോന്ന് പറയുമ്പോഴും ശങ്കയായിരുന്നു, അയാള്‍ അവിടെ എങ്ങനെ ആണ്‌ പ്രതികരിക്കുന്നതെന്ന്.. അയാള്‍ക്ക് ഇതിലെന്തെങ്കിലും താല്‍‌പര്യം ഉണ്ടാകുമോ എന്ന്‌.. എല്ലാം കേട്ട് നിന്ന ശേഷം, ഞാന്‍ വിളിച്ചത് റോങ്നമ്പര്‍ ആണെന്ന് അയാള്‍ പറഞ്ഞു.. എല്ലാ പ്രതീക്ഷയും അതോടെ നശിച്ചു. പക്ഷെ അയാള്‍ വീണ്ടും സംസാരിച്ചു.. മുമ്പ് താമസിച്ചിരുന്നവര്‍ സ്ഥലം മാറിപ്പോയെന്നും.. അവരിവിടെ കുറച്ച് കാലമായി താമസിയ്ക്കുകയാണെന്നും.. ഞാന്‍ പറഞ്ഞ കാര്യങ്ങളൊക്കെ വെച്ച് നോക്കുമ്പോള്‍, അതു പോലെ ഒരാള്‍ അടുത്തുണ്ടെന്നും പറഞ്ഞു.. എന്റെ mobile നമ്പര്‍ അയാള്‍ക്ക് കൊടുത്തു.. എന്തായി എന്നറിയാന്‍ വൈകീട്ട് വീണ്ടും വിളിയ്ക്കാം എന്ന് പറഞ്ഞു ഞാന്‍ ഫോണ്‍ വെച്ചു..

അവനൊരു അനിയന്‍ ഉണ്ടായിരുന്നു. പിന്നെ അച്ഛന്‍, അമ്മ.. വീട്ടില്‍ നിന്നും അങ്ങനെ കാര്യമായ നിര്‍ബന്ധമൊന്നും ഇല്ല; അവന്റെ പഠനത്തെ ചൊല്ലി.. ഞാന്‍ അത്ഭുതപ്പെടാറുണ്ടായിരുന്നു, അവനെങ്ങനെ ആണ്‌ പഠിയ്ക്കുവാന്‍ തോന്നുന്നതെന്ന്.. ആരും നിര്‍ബന്ധിയ്ക്കാതെ.. അവനൊക്കെ ഭാവിയെക്കുറിച്ച് ചിന്തിയ്ക്കുന്നുണ്ടാവും, അവന്റെ മനസ്സില്‍ ഒരു ചിത്രമുണ്ടാവും എന്നൊക്കെ ഞാന്‍ അനുമാനിയ്ക്കും.. അവന്റെ എല്ലാ കാര്യങ്ങളും അറിഞ്ഞ്, എപ്പോഴും "കമ്പനി" അടിച്ച് നടന്ന് - അങ്ങനെ ഒരു സൗഹൃദമൊന്നും ഞങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നില്ല.. ഇടയ്ക്കൊക്കെ ഉള്ള സംസാരം മാത്രം. പക്ഷെ, ചില സൗഹൃദങ്ങള്‍ അങ്ങനെ ആണ്‌, ഒരുമിച്ച് ഉണ്ടായിരുന്ന വര്‍ഷങ്ങളുടെ കഥകള്‍ പറയാനില്ലെങ്കിലും അതങ്ങനെ അവിടെ നില്‍ക്കും.. ആരും അറിയാതെ.. പിന്നെ ഏതെങ്കിലും ഒരു രാത്രി പൊടി പിടിച്ച പഴയ ഒരു പുസ്തകത്തിന്റെ ഏടില്‍ നിന്ന് ഒരു നൊമ്പരമായി പുറത്തു വരും..

അന്ന്‌ വൈകുന്നേരം ഞാന്‍ വീണ്ടും വിളിച്ചു, ആളതു തന്നെ ആണെന്നും കാണാന്‍ കഴിഞ്ഞില്ലെങ്കിലും നമ്പര്‍ ഏല്പിച്ചിട്ടുണ്ടെന്നും അയാള്‍ പറഞ്ഞു. ചെയ്ത ഉപകാരത്തിന്‌ നന്ദി പറഞ്ഞ ശേഷം ഞാന്‍ ഫോണ്‍ വെച്ചു. ഒരു പരീക്ഷണം പോലെ ചെയ്ത കാര്യം ഫലപ്രാപ്തിയോടടുക്കുന്നതു കണ്ട് ഉള്ളില്‍ ഒരു സന്തോഷം തോന്നി.

പിന്നെ രണ്ട് ദിവസങ്ങള്‍ കഴിഞ്ഞു പോയി.. ഞാന്‍ കോഴിക്കോട് തിരിച്ചെത്തി.. ഒരു സന്ധ്യയ്ക്ക് അറിയാത്ത ഒരു നമ്പറില്‍ നിന്നുള്ള ഫോണ്‍കോളായി അവന്‍ വന്നു.
"ഹലോ.. എടാ ഇത്‌ ഞാനാടാ"
ഒരു നിമിഷം, എനിക്ക് മനസ്സിലായി; ഇത് അവന്‍ തന്നെ...
"എവിടെ ആയിരുന്നു ഇത്രയും കാലം? ഒരു അഡ്രസ്സും ഇല്ലല്ലോ... മറ്റ് ആള്‍ക്കാരെ പറ്റിയൊക്കെ ഏകദേശം ഒരു ധാരണയുണ്ട്‌. പക്ഷെ നീ എവിടെ ആയിരുന്നു?"
"എടാ ഞാന്‍..", അവന്‍ സംസാരിക്കാന്‍ ബുദ്ധിമുട്ടുന്നതു പോലെ തോന്നി. അവന്‍ തുടര്‍ന്നു, "ആരെം ഞാന്‍ വിളിച്ചില്ല, മനഃപൂര്‍‌വ്വമാണ്‌... ഒരു friend ഒരിക്കല്‍ കത്തയച്ചിരുന്നു, പക്ഷെ ഞാന്‍ മറുപടി അയച്ചില്ല.. ആരേം ഇനി ഒരിക്കലും കാണുമെന്ന് വിചാരിച്ചതല്ല.. അങ്ങനെ തോന്നി.. നീ വിളിച്ചല്ലോ.. ഞാന്‍ തീരെ വിചാരിച്ചില്ല ആരെങ്കിലും വിളിയ്ക്കുമെന്ന്.."
"ഞാനിപ്പോള്‍ കോഴിക്കോട് ആണ്‌.."
"നമുക്കൊരു ദിവസം കാണാം.."
"ഒരു ഞായറാഴ്ച.. ഞാന്‍ വിളിയ്ക്കാം..", ഞാന്‍ കൂട്ടിച്ചേര്‍ത്തു.
"ശരി.. കാണാം.. ഇതെന്റെ നമ്പര്‍ ആണ്‌.."
"ഞാന്‍ save ചെയ്തോളാം"

ആ വിളി അങ്ങനെ അവസാനിച്ചു. പിന്നീട് ഇടയ്ക്കിടയ്ക്ക് എനിക്ക് കിട്ടാറുണ്ടായിരുന്ന messages ഒക്കെ forward ചെയ്യുമായിരുന്നു. പക്ഷെ അവന്റെ ലോകത്തില്‍ messages ഉം കാര്യങ്ങളും ഒന്നും ഉണ്ടായിരുന്നില്ലെന്ന് എനിക്കു തോന്നി. ആഗസ്തിലെ ഒരു ഞായറാഴ്ച ഞാന്‍ അവനെ കാണുവാന്‍ തന്നെ തീരുമാനിച്ചു. അവനെ വിളിച്ചപ്പോള്‍ അവനന്ന് ക്ലാസ്സുണ്ടെന്ന് പറഞ്ഞു. പിന്നീട്‌ രണ്ട് പ്രാവശ്യം വിളിച്ചപ്പോഴും അവനെന്തൊക്കെയോ അസൗകര്യങ്ങള്‍ ആയിരുന്നു. പെട്ടെന്നൊരു ദിവസം, "This number is not currently in use", എന്ന പ്രതികരണമായിരുന്നു എനിക്കു കിട്ടിയത്‌. അത് കേട്ടപ്പോള്‍ വേദന തോന്നി; അവന്‍ അന്ന് വിളിച്ചപ്പോള്‍ പറഞ്ഞത് ഓര്‍മ്മ വന്നു.. മനഃപൂര്‍‌വ്വം ഇനി ആരുമായും ഒരു contact ഉം വേണ്ട എന്ന് വെച്ചത് കൊണ്ടാവാം.. വെറുതെ അവന്റെ ഏകാന്തതയില്‍ കടന്ന് ചെന്ന് ശല്യപ്പെടുത്തേണ്ടിയിരുന്നില്ല, എന്നും തോന്നി.. വേദനയും നിരാശയും, ഞാന്‍ അവന്റെ നമ്പര്‍ delete ചെയ്തു.. അതൊരു പൂര്‍ണ്ണവിരാമമാണെന്ന് എന്തു കൊണ്ടും എനിക്കു തോന്നി, പിന്നെ അവന്റെ ചിന്തകളോട് അല്‍‌പം സഹതാപവും..

ഓണത്തിന്റെ അന്ന്, ചില സുഹൃത്തുക്കളെ വിളിയ്ക്കുന്ന കൂട്ടത്തില്‍ അവനെ ഓര്‍ത്തു - ഒന്നു വിളിച്ചു കളയാം - അവസാനത്തെ വിളി, പക്ഷെ നമ്പര്‍ delete ചെയ്തു പോയല്ലോ.. അവന്റെ നമ്പര്‍ വേറെ ഒരു സുഹൃത്തിന്‌ ഞാന്‍ forward ചെയ്തു കൊടുത്തിരുന്നു. ആ വഴി വീണ്ടും ഒന്നു കൂടി ശ്രമിച്ചു നോക്കാം, തീര്‍ച്ചയായും അവസാനത്തെ ശ്രമം.. അങ്ങനെ നമ്പര്‍ സംഘടിപ്പിച്ച് ഞാന്‍ വീണ്ടും വിളിച്ചു - "Number not in use" എന്ന് പറയുന്നതും കാതോര്‍ത്ത് ഇരുന്നു.. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഫോണ്‍ റിങ് ചെയ്തു.. അവന്‍ പറശ്ശിനിക്കടവ് നിന്നും മടങ്ങുന്ന വഴി ആണെന്നൊക്കെ പറഞ്ഞു..

ഞാന്‍ വിചാരിച്ച പോലെ ഒന്നും അല്ല കാര്യങ്ങള്‍ എന്നറിഞ്ഞപ്പോള്‍ ആശ്വാസം തോന്നി.. അപ്പോള്‍ തന്നെ സൗഹൃദം പുതുക്കലിന്റെ തീയതി കുറിച്ചു. ശനിയാഴ്ച വൈകീട്ട് മൂന്ന് മണിക്കായിരുന്നു കാണാമെന്ന് ഏറ്റത്, K.S.R.T.C സ്റ്റാന്റില്‍ വെച്ച്.

ഞാന്‍ ഇത്തിരി നേരത്തേ തന്നെ അവിടെ എത്തി ഇരിപ്പുറപ്പിച്ചു, കയ്യില്‍ ഒരു മാസികയും ഉണ്ട്.
ആറ് വര്‍ഷത്തെ gap അവനില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടാകും.. എല്ലാവരും മാറുമ്പോഴും ഒരിക്കലും മാറാത്തത് ഞാന്‍ മാത്രം ആണെന്ന് എനിക്കെപ്പോഴും തോന്നിയിരുന്നു, ഉള്ളില്‍ എന്നും ഞാന്‍ ആ പഴയ "ഞാന്‍" തന്നെ.. 3 മണി കഴിഞ്ഞപ്പോള്‍ അല്പം താടിയൊക്കെ വളര്‍ത്തിയ ഒരു രൂപം നടന്ന് വന്നു, കൈകള്‍ പിടിച്ചു, ചിരിച്ചു കൊണ്ട് നോക്കി.. ഞാന്‍ കൗതുകത്തൊടെ വീക്ഷിയ്ക്കുകയായിരുന്നു - മാറ്റങ്ങള്‍..

പിന്നീട് കടപ്പുറത്ത് കുറേ സമയം അവനുമായി ചെലവഴിച്ചു. ഏറെ നേരവും വാചാലനായത് ഞാന്‍ തന്നെ ആയിരുന്നു. സംസാരം മുഴുവനും പണ്ട് കൂടെ പഠിച്ചിരുന്നവരുടെ വിശേഷങ്ങളായിരുന്നു.. അവനതൊക്കെ കൗതുകത്തോടെ കേട്ടിരുന്നു.. ഞാന്‍ എന്തൊക്കെ ചെയ്തെന്നും, ഇപ്പോള്‍ എന്താണ്‌ ചെയ്യുന്നതെന്നും ഒക്കെ അവനോട് പറഞ്ഞു.
അവനെക്കുറിച്ച് പറയാന്‍ ഞാന്‍ കുറേ നിര്‍ബന്ധിച്ചു.. അവന്റെ വാക്കുകള്‍ നിറയെ നിരാശയും, നിര്‍‌വികാരതയും നിറഞ്ഞു നിന്നിരുന്നു.. എന്നും ചുറുചുറുക്കോടെ സംസാരിയ്ക്കാറുണ്ടായിരുന്ന ആ പഴയ സുഹൃത്ത് തന്നെ ആണോ ഇത്‌ എന്ന് ഞാന്‍ അത്ഭുതപ്പെട്ടു.. സ്വയം ഇടിച്ച് നിരത്തിയുള്ള അവന്റെ സംസാരം സഹിക്കുവാന്‍ കഴിയുന്നതായിരുന്നില്ല... കുറേ സംസാരിച്ചു കഴിഞ്ഞപ്പോള്‍ അവന്‌ ഒരു സിഗരറ്റ് വലിയ്ക്കണമെന്ന് പറഞ്ഞു.. അത് വേണോ എന്നു ചോദിച്ചപ്പോള്‍, "ഇപ്പോള്‍ എന്തായാലും വലിച്ചേ പറ്റൂ" എന്ന് പറഞ്ഞു.. അവന്‍ പുക ഊതി വിടുന്നത് ഞാന്‍ കൗതുകത്തോടെ നോക്കി നിന്നു. നിശബ്ദതയുടെ കുറച്ച് നിമിഷങ്ങള്‍.

ഇഷ്ടമില്ലാത്ത കാര്യങ്ങളൊന്നും കുത്തിക്കുത്തി ചോദിയ്ക്കേണ്ടെന്ന് ഞാന്‍ കരുതി. ഒരു ബോട്ടില്‍ ബിയറുമായി ഞാന്‍ അവന്‌ കമ്പനി കൊടുത്തിരുന്നെങ്കില്‍ അവന്‍ അവന്റെ മനസ്സ് പൂര്‍ണ്ണമായും തുറക്കുമായിരുന്നോ..? അറിയില്ല... അവനെ തളര്‍ത്തിയ കാര്യങ്ങളൊന്നും പറയാന്‍ അവനും, കേള്‍ക്കാന്‍ എനിക്കും താല്‍‌പര്യമുണ്ടായിരുന്നില്ല എന്നതായിരുന്നു സത്യം..

"കഴിഞ്ഞതെല്ലാം കഴിഞ്ഞു.. ഇപ്പോള്‍ ഞാന്‍ പഠിപ്പിയ്ക്കാന്‍ പോകുന്നുണ്ട്‌, രണ്ട് സ്ഥലങ്ങളില്‍... ട്യൂഷന്‍ പോലെ", അവന്‍ പറഞ്ഞു..
"90% മാര്‍ക്കുണ്ടായിട്ട് PG ക്കു പൊയ്ക്കൂടെ?"
"ഇനി അതിനു വയ്യ.. ടച്ചൊക്കെ വിട്ടു.. പിന്നെ ഒരു കൊല്ലം ഞാന്‍ വെറുതെ waste ആക്കി.."
"എന്നാലും?"
"ങാ.. ഇങ്ങനെ പോട്ടെ.. ബി എഡ് ചെയ്യണം, അതാണ്‌ അടുത്ത പരിപാടി.."

ബീച്ചില്‍ വര്‍ത്തമാനം പറഞ്ഞ് നടന്ന് സന്ധ്യയായത് അറിഞ്ഞില്ല. അവിടെ നിന്നും ബസ്‌സ്റ്റാന്റ് വരെ സംസാരിച്ചു കൊണ്ട് നടന്നു. പണ്ടത്തെ കാര്യങ്ങള്‍, ആള്‍ക്കാര്‍, ടീച്ചര്‍മാര്‍.. സംസാരിക്കുവാനായി ഒരു വിഷയം തേടുകയേ ചെയ്തില്ല. അത്രയ്ക്കുണ്ടായിരുന്നു പറയാന്‍... മഴ പെയ്യുന്നത്‌ പോലെ ഞാന്‍ പറഞ്ഞു തീര്‍ത്തു. അവനും. ഇടയ്ക്ക് നിശബ്ദതയുടെ സുഖകരമായ ഒരു ഇടവേള.. അപ്പോള്‍ നടത്തം മാത്രം.. പിന്നീട് ഇല പൊഴിയും ശിശിരത്തെക്കുറിച്ചും, ശരറാന്തല്‍ തിരി താണ മുകിലിന്റെ കുടിലിനെക്കുറിച്ചും വീണ്ടും വാചാലരായി.

ബസ്‌സ്റ്റാന്റിലെത്തിയപ്പോഴേയ്ക്കും നല്ല പോലെ ഇരുട്ടായി.. പോകാനുള്ള ബസ്സില്‍ കയറുന്നതിന്‌ മുന്‍പ്‌ ഒരു കാര്യം മാത്രം അവനെന്നോട്‌ ആവശ്യപ്പെട്ടു:

"ഡാ.. ആര്‍ക്കും എന്റെ നമ്പര്‍ കൊടുക്കണ്ട.. എന്നെ കണ്ട കാര്യം പറയുകയും വേണ്ട.."

തിരിച്ച് വീട്ടിലേക്ക് നടക്കുമ്പോള്‍, മനസ്സ് ശൂന്യമായിരുന്നു. ശരിക്കും ഒരു നല്ല മഴ പെയ്ത്‌ തോര്‍ന്ന പോലെ.

അന്ന് രാത്രി ഒരു message വന്നു - "Looks like we were friends :) Love you!".

പുറത്തു വരാന്‍ എന്നും മടി കാണിയ്ക്കാറുണ്ടായിരുന്ന കണ്ണുനീര്‍ ഒരു വേദനയോടെ ചാലു കീറിയൊഴുകി..

25 അഭിപ്രായങ്ങൾ:

 1. ശരിക്കും ഒരു നല്ല മഴ പെയ്ത്‌ തോര്‍ന്ന പോലെ

  മറുപടിഇല്ലാതാക്കൂ
 2. ഉം... എന്താണാവോ ആ കുട്ടിയിലെ മാറ്റത്തിനു കാരണം ?
  എന്തായാലും എല്ലാം ശെരിയാവും എന്ന് ആശ്വസിക്കാം ...
  പിന്നെ ഒരു നല്ല സുഹൃത്തിനെ തിരിച്ചു കിട്ടിയല്ലോ, അതോര്‍ക്കുമ്പോള്‍ അവനും ആശ്വസിക്കുന്നുണ്ടാകും...

  മറുപടിഇല്ലാതാക്കൂ
 3. ഭാവിയില്‍ ഹാര്‍ട്ട്‌ അറ്റാക്ക്‌ വരാന്‍ സാധ്യത ഉള്ളത് കൊണ്ടായിരിക്കണം, ഇങ്ങനെ എന്തെങ്കിലും വായിച്ചാല്‍ നെഞ്ചിനകത്ത് ഒരു കൊളുത്തി പിടിത്തം. മനസ്സിനെ സ്പര്‍ശിക്കുന്ന സാധനം. ഞാന്‍ എന്റെ ചങ്ങാതിമാരെ ഓര്‍ത്തു പോയി ഒരു നിമിഷം. പക്ഷേ ഞങ്ങള്‍, സ്കൂളില്‍ ഒരുമിച്ച് പഠിച്ചിരുന്നവര്‍ എല്ലാവരും ഇപ്പോഴും നല്ല ടച്ചിലാണ് കേട്ടോ. കാര്യം, അതില്‍ നിരാശരും, അല്ലാത്തവരും ഒക്കെയുണ്ട്. പലരും പല ഇടങ്ങളില്‍ ജോലി ചെയ്യുന്നവര്‍. എന്നാലും വര്‍ഷത്തില്‍ ഒരു ആറ് പ്രാവശ്യമെങ്കിലും എല്ലാവരും തമ്മില്‍ കാണും. വിദേശത്തുള്ളവര്‍ ലീവിനെത്തിയാല്‍ കഴിയുന്നത്ര ആളുകളെ കാണാതെ തിരിച്ചു പോവാറില്ല. എല്ലാം ഓര്‍മിപ്പിച്ചതിനു നന്ദി.

  മറുപടിഇല്ലാതാക്കൂ
 4. നല്ല ശൈലി.. വായിച്ചപ്പോള്‍ കണ്ണിന്റെ കൊണിലൊരു നനവ്‌

  മറുപടിഇല്ലാതാക്കൂ
 5. @ആല്‍വിന്‍
  മഴ പെയ്തെങ്കില്‍, കാരണം നീ വായിക്കാനിരുന്ന മൂഡ്‌ തന്നെ :)

  @ഹരിപ്രിയ
  ഇന്ന് മുഴുവനും ഈ പോസ്റ്റ്‌ ആയതു കൊണ്ടു ഞാന്‍ അവനെ വിളിച്ചു നോക്കിയിരുന്നു. അവന്‍ പറഞ്ഞ് അവനു പി എസ് സി എഴുതി കിട്ടി എന്ന്. കലക്ടരെറ്റില്‍ നിന്നു ഇന്ന് വിളി വന്നു എന്നും.. :) അവന്‍ ആകെ അങ്കലാപ്പിലായിരുന്നു. ഡിഗ്രി സെര്ടിഫിക്കറ്റ് യൂനിവേര്സിടി യില്‍ നിന്നും സംഘടിപ്പിക്കണ്ട കാര്യം ഓര്‍ത്തിട്ടു. അത് കൊണ്ട് ഒന്നും കാര്യമായി പറഞ്ഞില്ല!

  @അരുണ്‍ ജോളി
  നന്ദി :ഡി

  @അംജിത്
  അയ്യോ ഹാര്‍ട്ട്‌ അറ്റാക്ക്‌ വരല്ലേ... :ഡി

  @ഒമര്‍
  കൊറേ കാലായല്ലോ ഈ വഴി വന്നിട്ട് .. തെരക്ക് തന്നെ അല്ലെ... താങ്ക്സ്!!

  @എലിസബത്ത്‌
  ഇത്തിരി നീളം കൂടിപ്പോയെന്നു അറിയാം.. ക്ഷമയോടെ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി... :)

  മറുപടിഇല്ലാതാക്കൂ
 6. കൊള്ളാം നന്നായിരിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 7. കിരണ്‍, നമ്മുടെ പേരിലെ സാമ്യം പോലെ ആ പറഞ്ഞിരിക്കുന്ന എല്ലാ വരികളും എന്‍റെ ജീവിതത്തിലും സംഭവിച്ചു. ഒരു കാര്യം ഒഴിച്ച്, എനിക്കവനെ ഇത് വരെ കണ്ടെത്താനായില്ല.
  മനുവിനെ കുറിച്ച് എന്‍റെ പോസ്റ്റില്‍ വായിച്ചതല്ലേ കിരണ്‍.
  സൌഹൃദങ്ങള്‍ക്ക് ഇത്ര വില നല്‍കുന്ന കിരണിനു ഇതാ ഇന്ന് മുതല്‍ പുതിയൊരു സുഹൃത്തും കൂടി.
  ആത്മാര്‍ഥമായി എഴുതിയത് കൊണ്ടും ആത്മാര്‍ഥമായി വായിച്ചതു കൊണ്ടും, സത്യമായും എന്‍റെ കണ്ണ് നിറഞ്ഞു.

  മറുപടിഇല്ലാതാക്കൂ
 8. എന്ത് പറയാനാ കിരണ്‍ ....നിന്റെ എഴുത്ത് വളരെ രസകരമാണ് ....

  മറുപടിഇല്ലാതാക്കൂ
 9. കൊള്ളാം എന്റെ കുട്ടുകാര

  മറുപടിഇല്ലാതാക്കൂ
 10. ഒന്ന് കൂടി വായിക്കണം എന്ന് തോന്നി. അതാ വീണ്ടും വന്നെ

  മറുപടിഇല്ലാതാക്കൂ
 11. @കിരണ്‍
  കിരണ്‍ എഴുതിയത് വായിച്ചപ്പോഴാണ്‌ ഇതെഴുതുവാന്‍ തോന്നിയത്‌ ;)
  സൗഹൃദങ്ങള്‍ക്ക് വില നല്‍കിയെന്നോ.. അതൊക്കെ ചുമ്മാ തോന്നിയതാ, ഇതൊക്കെ ഇടയ്ക്ക് സംഭവിക്കുന്ന ചില "സംഭവങ്ങള്‍" മാത്രം..
  എന്നെ തെറ്റിധരിയ്ക്കല്ലേ :) ഞാനൊരു മുങ്ങല്‍ മുങ്ങിയാല്‍ പിന്നെ പൊങ്ങുന്നത് ഒരു സമയത്തായിരിയ്ക്കും. പഴയ പല സുഹൃത്തുക്കള്‍ക്കും പരാതിയാണ്‌, അവരെയൊക്കെ avoid ചെയ്തെന്നൊക്കെ :)

  "തോന്നുന്ന പോലെ പോകട്ടെ! നല്ലത് പോലെ തോന്നട്ടെ!"

  അതാ ഇപ്പോ എന്റെ പോളിസി :D

  മറുപടിഇല്ലാതാക്കൂ
 12. @ഫൈസു
  നന്ദി സുഹൃത്തേ

  @ബിനോയ്
  ആഹാ! നീയും വന്നു വായിച്ചോ :D ഇപ്പോ മനസ്സിലായില്ലേ സാഹിത്യം ഒന്നും ഇല്ലാന്ന്‌ :D

  @കിരണ്‍
  :) കിരണിന്റെ കൂട്ടുകാരനെ ഒരു ദിവസം കണ്ട് മുട്ടുവാന്‍ സാധിയ്ക്കട്ടെ..
  എനിക്കു തോന്നുന്നു അവന്‍ എവിടെയെങ്കിലും happy ആയി കഴിയുന്നുണ്ടാവും എന്ന്.

  മറുപടിഇല്ലാതാക്കൂ
 13. വളരെ നന്നായിട്ടുണ്ട് ഡാ :)

  മറുപടിഇല്ലാതാക്കൂ
 14. @all
  കമന്റ്റിട്ടവര്‍ക്കും, ഈ പോസ്റ്റിന്‌ അഭിപ്രായം അറിയിക്കാന്‍ തോന്നുന്നില്ല എന്നു (വളരെ നല്ല അര്‍ത്ഥത്തില്‍ :) ) അറിയിച്ചവര്‍ക്കും നന്ദി...

  മറുപടിഇല്ലാതാക്കൂ
 15. വളരെ വളരെ നന്നായിട്ടുണ്ട് .അല്പം ഇമോഷണല്‍ ആയോ എന്നൊരു സംശയം. എന്തായാലും എനിക്കിഷ്ട്ടപ്പെട്ടു.
  :)

  മറുപടിഇല്ലാതാക്കൂ
 16. ഓര്‍മകളുടെ കൊട്ടാരം. മനോഹരം! പോരാ... പക്ഷെ എന്ത് പറഞ്ഞു ഞാനാദരിക്കും നിന്നെ?!

  മറുപടിഇല്ലാതാക്കൂ
 17. എത്ര വായിച്ചിട്ടും മതിയാവുന്നില്ല ..വളരെ നന്നായിട്ടുണ്ട് കിരണ്‍ ചേട്ടാ .. :)

  മറുപടിഇല്ലാതാക്കൂ
 18. kannu niranju poyi........ oro line vaazhikkumbozhum.... manasil oru vingal aduthathu enthayirikkum ennu....

  മറുപടിഇല്ലാതാക്കൂ