11 ഡിസംബർ 2010

ന്റെ പരിപ്പുവട

സന്ധ്യയായിക്കഴിഞ്ഞാല്‍ ടെക്നോപോളിസിന്‌ മുന്‍പിലുള്ള എല്ലാ തട്ടുകടകളും സജീവമാകും. CSEZ ലും, ടെക്നോപോളിസിലും ജോലി ചെയ്യുന്ന എഞ്ചിനിയര്‍മാര്‍ ഒന്നു പുക വിടാനും (അകത്തേക്ക്‌ വലിച്ചെടുത്തിട്ട്‌) എന്തെങ്കിലുമൊക്കെ അകത്താക്കാനും ഇറങ്ങുന്ന സമയം. തട്ടുകട നടത്തുന്നവര്‍ക്ക് പെരുംകോളു തന്നെ. സന്ധ്യയായിക്കഴിഞ്ഞാല്‍ അകത്തിരുന്ന് കോട്ടുവായ ഇടുന്ന ഉദരപ്രിയരായ ജോലിക്കാരെ, ഭയങ്കര മന്ത്രങ്ങളൊക്കെ ജപിച്ച്, മായാഗന്ധം പരത്തി, തട്ടുകട നടത്തുന്ന നാണപ്പന്‍ചേട്ടന്‍ വശീകരിച്ച് പുറത്തു ചാടിയ്ക്കും.. കോഴി പൊരിച്ചതും, കാട മുട്ടയും തുടങ്ങി, ഒരു തരക്കേടില്ലാത്ത ഹോട്ടലില്‍ കിട്ടുന്ന സാമാനങ്ങളെല്ലാം കൊതിയൂറുന്ന പോസില്‍ ഇവിടെ പ്രദര്‍ശിപ്പിച്ചു വെച്ചിട്ടൂണ്ടാവും.
അതു കണ്ട് വായില്‍ വെള്ളമൂറി, മദോന്മത്തരായി, സകല കണ്ട്രോളും പോയി, ലോലഹൃദയരായ പാവം സോഫ്റ്റ്‌വെയര്‍ ജോലിക്കാര്‍ മന്ത്രത്തിന്‌ വിധേയരായി അടുത്തെത്തും.. എന്നിട്ട് കണ്ണില്‍ കണ്ട സാധനങ്ങളെല്ലാം വാരിവലിച്ച് അകത്താക്കും..

അടുത്തിടയ്ക്ക് ഇവിടെയുള്ള എല്ലാ തട്ടുകടകളും ഒഴിപ്പിയ്ക്കുകയൊക്കെ ചെയ്തു; എന്തിനാണെന്ന് അന്വേഷിച്ചില്ല, നമ്മളെന്തിനാ വെറുതെ വേണ്ടാത്ത കാര്യങ്ങളൊക്കെ അന്വേഷിയ്ക്കാന്‍ പോകുന്നത്‌? എന്തായാലും.. സന്ധ്യക്കു പട്രോളിങ്ങും ബഹളവുമായി കുറച്ചു കാലം നാണപ്പന്‍ ചേട്ടനെയും സുഹൃത്തുക്കളെയും അവരെല്ലവരും ചേര്‍ന്ന് തളച്ചിട്ടു. പക്ഷെ നാണപ്പന്‍ ചേട്ടന്‌ അതൊന്നും ഒരു വിഷയമേ അല്ലായിരുന്നു.. ഉഗ്രമൂര്‍ത്തികള്‍ ആണ്‌ നാണപ്പന്‍ ചേട്ടന്റെ സേവ.. അങ്ങനെ ആയിടയ്ക്ക് പുതിയ ഒരു സമ്പ്രദായം നിലവില്‍ വന്നു - മിനിലോറിയും, നായക്കുറുക്കന്‍ ഓട്ടോറിക്ഷയും (ഓട്ടോറിക്ഷയ്ക്കു്‌ മിനിലോറിയില്‍ ഉണ്ടായ സന്താനം) തട്ടു കടകളായി രൂപാന്തരം പ്രാപിച്ചു. ലോറിയ്ക്കകത്ത് ഗ്യാസ്‌സ്റ്റൗവും, പെട്രോമാക്സും നിന്നു കത്തി. റോഡിലൂടെ ചീറിപ്പായുന്ന വാഹനങ്ങള്‍ കൊണ്ടു വന്ന തൃപ്പൂണിത്തുറയിലെ കാറ്റില്‍, തൂങ്ങിക്കിടന്ന് ഉറങ്ങിപ്പോയ മുളകുബജികള്‍ നൃത്തം വെച്ചു..

"എന്താടാ ഇതൊന്നും ഇവടെ പാടില്ലാന്നറിഞ്ഞൂടെ?" എന്നു ചോദിച്ച ഏമാനോട്‌..
"ഏമാനേ.. എഞ്ചിനിയറമ്മാരുടെ വണ്ടികളുടെ കൂടെ ഈ പാവത്തിന്റെ വണ്ടീം ഇവടെ കെടന്നോട്ടെ.. ഇതു ഭൂമീലല്ല ഏമാന്നേ.." എന്നു നാണപ്പന്‍ ചേട്ടന്‍ തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞു കാണണം..
"ങാ.. മര്യാദയ്ക്ക് അടങ്ങി ഒതുങ്ങി തട്ടുകട നടത്തിക്കോണം"
"ഓ.. പിന്നെന്താ ഏമാന്നേ..", എന്നും പറഞ്ഞ് ചിരിച്ച് നിന്നിട്ടുണ്ടാവും ആ ശുദ്ധന്‍.

കാലക്രമേണ ചക്രങ്ങളൂര്‍ന്ന് വീണ്‌ തട്ടുകട വീണ്ടും പഴയ തട്ടുകടയായി തന്നെ മാറുകയും ചെയ്തു.. ഇത് പഴംകഥ, യഥാര്‍ത്ഥത്തില്‍ എന്താണ്‌ സംഭവിച്ചതെന്നൊക്കെ ആര്‍ക്കറിയാം.. എന്തായാലും തട്ടുകടകള്‍ മുമ്പത്തതിലും കേമമായി തന്നെ മുന്നേറി..

ഇന്നലെ ഒരു വെള്ളിയാഴ്ച ആയിരുന്നു. ഓഫീസില്‍ നിന്ന് ഇറങ്ങിയപ്പോള്‍ സന്ധ്യയായി. ജയിലിനോട്‌ ചേര്‍ന്നുള്ള വഴിയിലൂടെ ഇറങ്ങിയാണ്‌ സാധാരണ ഞാന്‍ പോകാറ്.. ഇന്നലെ എന്തോ പെട്രോള്‍ പമ്പിന്റെ വശത്തു കൂടെ പോകാം എന്ന് തീവ്രമായ ആഗ്രഹം.. ആരോ ഉള്ളില്‍ നിന്നും വിളിച്ചു കൊണ്ടു പോകുന്നതു പോലെ.. ആ വഴിയിലൂടെ ഞാന്‍ നടന്നു.. CSEZ നു മുന്‍പിലെത്തിയപ്പോഴാണ്‌ എനിക്ക്‌ കാര്യം പിടികിട്ടിയത്‌ - സംഗതി ഞാനിറങ്ങുന്നത്‌ നാണപ്പന്‍ചേട്ടന്‍ സിദ്ധി ഉപയോഗിച്ച് മണത്തറിഞ്ഞിരുന്നു. മന്ത്രം ജപിച്ച് എന്നെ ആ വഴി നടത്തിയ്ക്കുകയായിരുന്നു അയാള്‍..

പെട്രോള്‍ പമ്പിനടുത്തെത്തിയപ്പോള്‍ വല്ലാത്ത പരവേശം.. നാണപ്പന്‍ ചേട്ടന്റെ ഹോട്ട് പരിപ്പുവടകള്‍ റോഡിന്റെ മറുവശത്തു നിന്ന് എന്നെ മാടി മാടി വിളിയ്ക്കുന്നു.. എന്റെ കണ്ട്രോള്‍ മുഴുവനും പോയി.. എങ്ങനെയെങ്കിലും രണ്ട് പരിപ്പുവട ഇപ്പോള്‍ തന്നെ അകത്താക്കണം..
"പരിപ്പുവട.. പരിപ്പുവട.." എന്ന് എന്റെ ഹൃദയം മന്ത്രിച്ചു.. സ്വപ്നാടനത്തിലെന്ന പോലെ ഞാന്‍ റോഡ് മുറിച്ചു നാണപ്പന്‍ ചേട്ടന്റെ കടയെ ലക്ഷ്യമാക്കി നടന്നു.. മന്ത്രം ഫലിച്ച ചാരിതാര്‍ത്ഥ്യവുമായി നാണപ്പന്‍ ചേട്ടന്‍ അവിടെ തിളച്ചുമറിയുന്ന എണ്ണയുടെ മുന്‍പില്‍ ധ്യാനമഗ്നനായി.. പുറത്തിറങ്ങാന്‍ തയ്യാറെടുക്കുന്ന ജീവനക്കാരുടെ ചിത്രങ്ങള്‍ എണ്ണയില്‍ തെളിഞ്ഞു വന്നു.. മുളകും, ഉപ്പും മസാലയും ചേര്‍ത്തു വെച്ചിരുന്ന കോഴിക്കഷണങ്ങളെടുത്ത് മന്ത്രസിദ്ധിയില്‍ എണ്ണയില്‍ തെളിഞ്ഞു കണ്ട, കോഴി തിന്നുന്ന മുഖങ്ങള്‍ക്കു നേരെ വിതറി.. ഇത്തിരി ദൂരെ, അന്നത്തെ worklog എന്റര്‍ ചെയ്ത് വീട്ടിലേക്ക് മടങ്ങാന്‍ നിന്ന, കോഴി തിന്നുന്ന സോഫ്റ്റ്‌വെയര്‍ ജീവനക്കാരുടെ മനസ്സുകളില്‍ വറുത്തെടുത്ത കോഴിക്കഷണങ്ങളുടെ പല പല പോസുകള്‍ മിന്നിമാഞ്ഞു..

ഞാന്‍ കടയുടെ അടുത്ത് ചെന്ന് നാണപ്പന്‍ ചേട്ടനോട്‌ പറഞ്ഞു..
"ചേട്ടാ രണ്ടു പരിപ്പുവട"
"ഡാ, രണ്ട് പരിപ്പുവടയെടുത്ത് കൊട്", കൂട്ടിനുണ്ടായിരുന്ന അപ്രന്റിസ് പയ്യനോട്‌ നാണപ്പന്‍ ചേട്ടന്‍ ആജ്ഞാപിച്ചു.
"വേഗം വേഗം.." എന്റെ മനസ്സ് തുടിച്ചു - ആ പയ്യനാണെങ്കില്‍ പൊതിയാന്‍ കടലാസൊക്കെ എടുത്ത് ഒടുക്കത്തെ സ്ലോമോഷന്‍..
"പൊതിയണംന്നില്ല..", ഞാന്‍ പറഞ്ഞു. അവനതു കേട്ടതായി ഭാവിച്ചില്ല..

ഞാന്‍ ചുറ്റുപാടും നിരീക്ഷിച്ചു. കഴുത്തില്‍ ടാഗ് കെട്ടിത്തൂക്കിയ അമ്പതോളം ആളുകള്‍ സിഗരറ്റെടുത്ത് ഒരു ദീര്‍ഘശ്വാസം വായിലൂടെ അകത്തേയ്ക്ക് എടുത്ത ശേഷം, ഒരു മിനുട്ട് ശ്വാസം പിടിച്ച് വെയ്ക്കുന്നു, ആത്മസാക്ഷാത്കാരം ലഭിച്ച പോലെ കണ്ണുകള്‍ അപ്പോള്‍ ആനന്ദനിര്‍‌വൃതിയില്‍ മേല്പോട്ട് പോകുന്നു.. ഓക്സിജന്‍ മുഴുവനും അകത്തു കിടന്ന് പുകഞ്ഞു തീര്‍ന്നവര്‍ ചുണ്ടുകള്‍ കൊണ്ട് ഒരു വൃത്തം ഉണ്ടാക്കിയ ശേഷം ശുദ്ധീകരിച്ച പുക പുറത്തേയ്ക്കു വിടുന്നു.. ഫസ്റ്റ് ട്രിപ്പിന്‌ എഞ്ചിന്‍ ചൂടാക്കുന്ന ksrtc ബസ്സിന്റെ പോലെ.. അങ്ങനെ കോര്‍പ്പറേഷന്‍‌കാര്‍ റോഡ് സൈഡില്‍ കത്തിച്ചുകൊണ്ടിരുന്ന വെയിസ്റ്റ് കൂമ്പാരത്തില്‍ നിന്നു വന്ന പുകയെ വെല്ലുവിളിച്ചുകൊണ്ട് സിഗരറ്റ് പുക ഓരോ തട്ടുകടയുടെ മുന്‍പില്‍ നിന്നും ആകാശത്തിലേക്കുയര്‍ന്നു..

നാണപ്പന്‍ ചേട്ടന്റെ കടയുടെ അടുത്തും ഉണ്ടായിരുന്നു; കോട്ടിട്ട്‌, കഴുത്തില്‍ ടാഗും തൂക്കി, ഇടതു കൈ പോക്കറ്റിലും ഇട്ട് വലതു കയ്യില്‍ സിസറും പുകച്ച്‌ നിന്നിരുന്ന ഒരു വരുത്തന്‍..

ഉപദ്രവമുണ്ടാക്കാതെ സിഗരറ്റ് വലിക്കുന്നവരോട് അതീവ ആരാധനയായിരുന്നു എനിക്ക്.. വല്ലോരും സൊന്തം കാശു കൊടുത്ത് സൊന്തം വീട്ടില്‍ പോയി മുറിയടച്ചിരുന്ന് വലിച്ചോട്ടെ.. ങാ.. വീട്ടീന്ന് അമ്മയും അച്ഛനും തല്ലാന്‍ വരുന്നുണ്ടെങ്കില്‍ ആളൊഴിഞ്ഞ ഒരു സ്ഥലത്തു ചെന്ന് ഇരുന്ന് പൊകച്ചോട്ടെ.. പക്ഷെ.. ഭക്ഷണം കഴിക്കുന്ന സ്ഥലത്തും തീയേറ്ററിനകത്തും ഇരുന്ന് മുഖത്തേയ്ക്ക്‌ പുക ഊതി വിടുന്നവരെ ഞാന്‍ കോളറിന്‌ പിടിച്ച് എരിയുന്ന സിഗരറ്റ് തട്ടിപ്പറച്ചെടുത്ത് താഴെയിട്ട ശേഷം, ഹവായിച്ചെരുപ്പ് കൊണ്ട്‌ ചവിട്ടി അരച്ച് പൊടി പറത്തി, "നിനക്കു ഇതു വലിക്കണോടാ പുന്നാര മോനേ" എന്ന് ഭീഷണിപ്പെടുത്തി വിടാറാണ്‌ പതിവ്..

കോട്ടിട്ടവന്റെ പൊകയ്ക്കല്‍ എനിക്കു തീരെ ഇഷ്ടപ്പെട്ടില്ല.. അതു മാത്രമല്ല, അവന്‍ പെറ്റ തള്ള പൊറുക്കാത്ത ജാഡയോടെ, വെണ്ണീറ്‌ വീഴുന്ന സിഗരറ്റ് സ്റ്റൈലില്‍ പിടിച്ചു കൊണ്ട് എന്തോ പൊതിക്കെട്ട് നാണപ്പന്‍ ചേട്ടന്റെ കയ്യില്‍ നിന്നും വാങ്ങുന്നു.. അവന്റെ ഇടതു കൈ പോക്കറ്റില്‍ അപ്പോഴും വിശ്രമിയ്ക്കുന്നു.. സിഗരറ്റില്‍ നിന്നും വെണ്ണീറ്‌ വീണ്‌ നിത്യ കന്യകമാരായിരുന്ന രണ്ടു പരിപ്പുവടകളുടെ ചാരിത്ര്യം നഷ്ടപ്പെട്ടത്‌ ഞാന്‍ ഞെട്ടലോടെ കണ്ടു.. എന്റെ രക്തം തിളച്ചു മറഞ്ഞു.. കാലുകളിലൂടെ എന്തോ വൈദ്യുതി ഇരച്ചു കയറുന്ന പോലെ തോന്നി..

"ഡാ.. പട്ടീ.. നീ എന്റെ പരിപ്പുവടയെ നശിപ്പിയ്ക്കും അല്ലേടാ...". ഞാനവന്റെ കോളറിനു കേറിപ്പിടിച്ചു കുലുക്കിക്കൊണ്ട് കുടഞ്ഞ്‌ അടുത്ത്‌ കിടന്നിരുന്ന BMW നോട്‌ ചേര്‍ത്ത് നിര്‍ത്തി മുട്ടുകാല്‌ പൊക്കി അടിവയറ്റിനിട്ട് ചവിട്ടാനോങ്ങി..
അവന്റെ കണ്ണട പറന്നു പോയി സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ വീണു.. ഒരു നിയോഗം എന്ന പോലെ അതു വഴി വന്ന ആലുവ ksrtc ബസ് കണ്ണട അരച്ചെടുത്ത്‌ കൊണ്ടു പോയി.. അവന്റെ കയ്യിലിരുന്ന സിഗരറ്റ് ആ വെപ്രാളത്തില്‍ താഴെ വീണു പോയിരുന്നു..

"നിനക്ക് സിഗരറ്റ് വലിക്കണോടാ...?", ഞാനവടെ നിന്ന് ഉറക്കെ അലറി
ചുറ്റുപാടുമുള്ളവര്‍ ചെവികള്‍ കൂര്‍പ്പിച്ചു.. എല്ലാവരും ഒരു നിമിഷം സ്തബ്ധരായി ഇങ്ങോട്ട് തിരിഞ്ഞു നോക്കി. മറ്റ് തട്ടുകടകളില്‍ ഉണ്ടായിരുന്ന കുറേ പേര്‍ സംഭവ സ്ഥലത്തേയ്ക്ക്‌ ഓടി വന്നു. ആളുകള്‍ കൂടുന്നത്‌ കണ്ട്‌ നാണപ്പന്‍ ചേട്ടന്റെ കണ്ണൂകള്‍ വിടര്‍ന്നു, കൂടുതല്‍ മൈദ ഇട്ട് ഒരു പിടി പിടിയ്ക്കാന്‍ പയ്യന്‌ സിഗ്നല്‍ കൊടുത്തു.

കോട്ടിട്ടവന്റെ കൈ പൊങ്ങിയില്ല.. ചുണ്ടുകള്‍ വിറച്ചു.. ഒരു നിമിഷം അവനൊന്നു പതറി.. എങ്ങനെയെങ്കിലും ഒന്ന് ഒഴിവാവണം എന്നു മാത്രമായിരുന്നിരിയ്ക്കണം അവന്റെ ചിന്ത..
"ഓ.. ശരി.. ശരി.. കമോണ്‍ ലീവ് മി നൗ.. സീ പീപ്പിള്‍ ആര്‍ വോച്ചിങ് .. ജസ്റ്റ് ലീവ് മി നൗ. ഫോര്‍ ഗോഡ്സ് സെയ്ക്.. ഡോണ്ട് ക്രിയേറ്റ് ഏ സീന്‍ ഹിയര്‍.. ഇനഫ് മേന്‍.. ലെറ്റ് മീ ലീവ് നൗ... പ്ലീസ്..", അവന്‍ അടക്കം പറയുന്നതു പോലെ എന്നോട് പറഞ്ഞു..
"ഛേ.. ഗെറ്റ് ലോസ്റ്റ് യൂ ...", ഞാന്‍ പല്ലുകളിറുമ്മിക്കൊണ്ട് അവന്റെ കോട്ടിന്റെ കോളറില്‍ നിന്നു പിടി വിട്ടു.

അടുത്ത് സിഗരറ്റ് പുകച്ചിരുന്ന രണ്ട് പേര്‍ ന്യൂട്രലായി അതു താഴെയിട്ട് ഷൂ കൊണ്ട് തീ കെടുത്തി മറ്റു കാണികളോടൊപ്പം ചേര്‍ന്നു..
കുറ്റവാളി ആള്‍ക്കൂട്ടത്തിനിടയിലൂടെ പോയി അവരിലൊരാളായി പതുക്കെ നടന്നകന്നു..

നായിക, തന്നോട്‌ മോശമായി പെരുമാറിയ വില്ലനെ, നായകന്‍ അടിച്ചൊതുക്കുമ്പോള്‍ പ്രോത്സാഹിപ്പിയ്ക്കുന്ന അതേ ആവേശത്തോടെ പരിപ്പുവടകള്‍ ഈ കാഴ്ചകള്‍ കണ്ട് പുളകം കൊണ്ടു.. അവസാനം വില്ലന്റെ പരാജയം കണ്ട്‌, "Darling.. you are mine" ഭാവത്തോടെ എന്നെ കണ്ണുകള്‍ കൊണ്ട്‌ ഉഴിഞ്ഞു..

നാണപ്പന്‍ ചേട്ടന്‍ അടുത്ത പരിപ്പുവട ഉരുട്ടിയെടുത്ത്, നടുവില്‍ പതുക്കെ വിരലുകള്‍ കൊണ്ടമര്‍ത്തി ഷെയ്പ് ആക്കി, ആരെയോ മനസ്സില്‍ ധ്യാനിച്ച് തിളച്ചു മറിയുന്ന എണ്ണയിലേയ്ക്കെറിഞ്ഞു..

"ദാ.. പരിപ്പു വട.."
"ങേ..", ഞാന്‍ കണ്ണുകള്‍ മിഴിച്ചു നോക്കി..
"രണ്ട് പരിപ്പുവട അല്ലേ പറഞ്ഞത്‌.. ഇതാ..", സ്ലോമോഷന്‍ പയ്യന്‍ വൃത്തിയായി പൊതിഞ്ഞ പരിപ്പുവട എന്റെ നേര്‍ക്കു നീട്ടിപ്പിടിച്ചു നില്‍ക്കുന്നു. കോട്ടിട്ടവന്‍ യാതൊരു ഭാവവ്യത്യാസവും ഇല്ലാതെ അവിടെ നിന്ന് പുക ഊതി വിടുന്നു.. ഓടികൂടിയവരും, നിലത്തു വീണ്‌ പൊടിഞ്ഞ കണ്ണടയും എല്ലാം ഒരു ഞൊടിയിടയില്‍ അപ്രത്യക്ഷമായി..

പരിപ്പുവടകളുടെ കൂട്ടത്തില്‍ രണ്ടെണ്ണം അപമാനഭാരം താങ്ങാനാകാതെ കരഞ്ഞു:
"കണ്ടോ .. ഈ ദുഷ്ടന്‍.. വെണ്ണീറ്‌ വീഴ്ത്തി എന്നെ നശിപ്പിച്ചു.. ചെല്ല്‌.. പോയി ചോദിയ്ക്ക്‌.. അങ്ങോട്ട് ചെന്ന്‌ ചോദിയ്ക്ക്‌..", കരച്ചില്‍ ചെവിയില്‍ തുളച്ചു കയറി..
"എത്രയായി?", ഞാന്‍ ചോദിച്ചു..
"പത്തു രൂപ..", സ്ലോമോഷന്‍ പയ്യന്‍ ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു..
ഞാന്‍ പത്തു രൂപ പോക്കറ്റില്‍ നിന്നും എടുത്തു കൊടുത്ത ശേഷം കോട്ടിട്ടവന്റെ നേരെ തിരിഞ്ഞു, അവനെ തുറിച്ചു നോക്കി.
കോട്ടിട്ടവന്‍ പുരികമുയര്‍ത്തി, "ഉം..? എന്താടാ പുല്ലേ.." എന്ന അര്‍ത്ഥത്തില്‍ ആംഗ്യം കാണിച്ചു..
"ഒന്നുല്ല", എന്ന അര്‍ത്ഥത്തില്‍ ഒരു സിഗ്നല്‍ അങ്ങോട്ടും തിരിച്ചു കൊടുത്ത്‌ ഞാന്‍ പതുക്കെ നടന്നകന്നു..

23 അഭിപ്രായങ്ങൾ:

 1. "ഡാ.. പട്ടീ.. നീ എന്റെ പരിപ്പുവടയെ നശിപ്പിയ്ക്കും അല്ലേടാ...". ഞാനവന്റെ കോളറിനു കേറിപ്പിടിച്ചു കുലുക്കിക്കൊണ്ട് കുടഞ്ഞ്‌ അടുത്ത്‌ കിടന്നിരുന്ന BMW നോട്‌ ചേര്‍ത്ത് നിര്‍ത്തി മുട്ടുകാല്‌ പൊക്കി അടിവയറ്റിനിട്ട് ചവിട്ടാനോങ്ങി..
  നീയോ കിരണ്‍ ....ഇല്ല ഞാന്‍ വിശ്വസിക്കില്ല .......

  എഴുത്ത് ഗംഭീരം .........

  മറുപടിഇല്ലാതാക്കൂ
 2. സിനിമാ സ്റ്റൈലിലാണല്ലോ എന്നോര്‍ത്തേയുള്ളൂ :)

  മറുപടിഇല്ലാതാക്കൂ
 3. @vijilal, @ശ്രീ
  ഹി.. ഹി..

  @ഫൈസു
  on "നീയോ കിരണ്‍ ....ഇല്ല ഞാന്‍ വിശ്വസിക്കില്ല ......."
  ഒരെണ്ണം എന്റെ കയ്യീന്ന് കിട്ടുമ്പോ.. നീ വിശ്വസിയ്ക്കും :D.. (ചുമ്മാ പറഞ്ഞതാ പേടിയ്ക്കണ്ട)

  മറുപടിഇല്ലാതാക്കൂ
 4. സ്വപ്നത്തിലായത് നന്നായി....
  ഇല്ലേല്‍ കാണായിരുന്നു....
  ഹവായിച്ചെരുപ്പ് കൊണ്ട്‌ ചവിട്ടി അരച്ച് പൊടി പറത്തിയേനെ....
  അവതരണം നന്നായിട്ടുണ്ട്.പ്രത്യേകിച്ച് നാണപ്പന്‍ ചേട്ടന്റെ ആ ആവാഹന പ്രക്രിയ...

  മറുപടിഇല്ലാതാക്കൂ
 5. ഭീകരാ..
  ആ സിഗരട്ട് വലിക്കുന്നതിന്റെ വിശദീകരണം എനിക്ക് പെരുത്ത്‌ പുടിച്ചു.
  എന്താന്നറിയില്ല, ഞാന്‍ വലിക്കുന്നതിന്റെയല്ലാതെ വേറെ ഒരുത്തനും വലിക്കുനതിന്റെ പുക എനിക്കിഷ്ടപ്പെടാറില്ല. മേ ബി, ഞാനും ഒരുമ തട്ടുകട പ്രിയനായത് കൊണ്ടായിരിക്കും. (നാണപ്പന്‍ ചേട്ടന്‍ സാമൂഹ്യ പരിഷ്കര്‍ത്താവിനെ എടുത്തിട്ട് താങ്ങാത്തത് ഭാഗ്യം.. എല്ലാ തട്ട്കടയിലും സൈഡ് ബിസിനസ്‌ ആണളിയാ ഈ പുകവലി പ്രോത്സാഹനം.)

  മറുപടിഇല്ലാതാക്കൂ
 6. അജ്ഞാതന്‍ഡിസംബർ 11, 2010 5:00 PM

  ബടായി അടിക്കുന്നതിനും ഒരു മര്യാദ വേണ്ടെട എന്ന് കമന്റ്‌ മനസ്സില്‍ കുരിച്ചപ്പോഴാ സ്വപ്നമാണെന്ന് കണ്ടത്.. അത് കൊണ്ട് നീ രക്ഷപെട്ടു.. അല്ലേല്‍ കമന്റ്‌ ഇട്ട പുറകെ മുകളില്‍ വന്നു നിന്റെ കോള്ളരില്‍ പിടിച്ചു ഞാന്‍ ചവിട്ടിയേനെ.. :D

  മറുപടിഇല്ലാതാക്കൂ
 7. രണ്ട് പരിപ്പുവട മേടിക്കാന്‍ പോയതിനാണോ ഇ പുകിലെക്കില്‍ നീ വെല്ലോ ബെവരജില്‍ മറ്റോ പോയെക്കിലോ...?

  മറുപടിഇല്ലാതാക്കൂ
 8. ഞങ്ങളെ അങ്ങ് കൊല്ല്.........ഒരു പരിപ്പുവടയുടെ ചാരിത്ര്യം കാത്തു സൂക്ഷിക്കാനും ഇവിടെ ആളുണ്ടല്ലോ ...കേരളത്തിന്‌ മൂല്യച്ചുതി സംഭവിച്ചിട്ടില്ല എന്ന് വേണം കരുതാന്‍.....

  മറുപടിഇല്ലാതാക്കൂ
 9. പരിപ്പുവട തിന്നാന്‍ കൊതിയായി..

  മറുപടിഇല്ലാതാക്കൂ
 10. @റിയാസ് (മിഴിനീര്‍ത്തുള്ളി)
  ഉം.. അധികം കാലം സ്വപ്നം കാണുമെന്നു തോന്നുന്നില്ല. ഒരു ദിവസം ഞാനിട്ടു താങ്ങും :)
  പിന്നെ നാണപ്പന്‍ ചേട്ടന്റെ ആവാഹന പ്രക്രിയ എഴുതി തുടങ്ങുമ്പോള്‍ അങ്ങനെ ഒരു ഐഡിയ ഇല്ലായിരുന്നു!! എവടന്നോ കേറി വന്നു. ഇനി ശരിക്കും നാണപ്പന്‍ ചേട്ടന്റെ കളി തന്നെ ആണോ?

  @അംജിത്
  വേറെ ഒരുത്തനും വലിക്കുന്നതിന്റെ പുക ഇഷ്ടപ്പെടാറില്ല. അല്ലെ.. അത് കലക്കി !!
  നാണപ്പന്‍ ചേട്ടന്‍ എന്തിനു എനിക്കിട്ടു താങ്ങണം..!! ഞാന്‍ ആള്‍ക്കാരെ ഓടി കൂട്ടിച്ചു ബിസിനസ്‌ ഉണ്ടാക്കി കൊടുത്തില്ലേ?

  @റെവറി മോള്‍
  നോ ബഡായി.. എല്ലാം നഗ്ന സത്യങ്ങള്‍ മാത്രം

  @അരുണ്‍ ജോളി
  ബെവെറേജില്‍ പോയിരുനെങ്കില്‍ നീറ്റ് ആയേനേ... അവടെ മിക്കവാറും എല്ലാവരും പുകയ്ക്കാറില്ലേ..

  @നിഴലും നിലാവും
  ധീരന്മാരായ യുവാക്കളുള്ളിടത്തോളം എങ്ങനെ മൂല്യച്യുതി സംഭവിയ്ക്കും.. പറ.. പറ..

  @കിരണ്‍
  നാണപ്പന്‍ചേട്ടന്റെ ആവാഹന ക്രിയ തന്നെ.. ബ്ളോഗ് വയിച്ചവരെ മുഴുവന്‍ നാണപ്പന്‍ ചേട്ടന്‍ സ്കെച്ച് ചെയ്തെന്നാ കേട്ടത്‌..

  മറുപടിഇല്ലാതാക്കൂ
 11. നല്ല രസകരമായി വിവരണം, മാത്രമല്ല, സ്വപ്നത്തിലെങ്കിലും പ്രതിഷേധിച്ചല്ലോ, ഇപ്പോൾ ആളുകൾക്ക് അതുകൂടി വയ്യാന്ന് ആയിട്ടുണ്ട്!

  മറുപടിഇല്ലാതാക്കൂ
 12. നന്നായിട്ടുണ്ട്.എനിക്കിഷ്ട്ടപ്പെട്ടു.ഒരു ത്രില്ലിംഗ് സിനിമ കണ്ട പോലുണ്ട്.എന്തായാലും ഇനിയും എഴുതുക.
  :)

  മറുപടിഇല്ലാതാക്കൂ
 13. @ശ്രീനാഥന്‍, @Sonu, @4 the people
  വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി :)

  മറുപടിഇല്ലാതാക്കൂ
 14. അജ്ഞാതന്‍ഡിസംബർ 13, 2010 4:28 PM

  കലക്കി കിരണ്‍!

  മറുപടിഇല്ലാതാക്കൂ
 15. ഇങ്ങനെ എത്ര പേര്‍ക്കിട്ടു കൊടുത്തിരിക്കുന്നൂ (മനസ്സുകൊണ്ടാനെങ്കിലും !!). നന്നായി കിരണ്‍, നമുക്ക് ഇതൊക്കെയേ പറ്റൂ

  മറുപടിഇല്ലാതാക്കൂ
 16. @അജ്ഞാത
  :)

  @അരുണ്‍
  നോക്കിക്കോ, സ്വപ്നം അല്ലാത്ത ഇതു പോലൊരു പോസ്റ്റ് വരും :)

  മറുപടിഇല്ലാതാക്കൂ
 17. യാഥാര്‍ത്ഥ്യം ആവുമോ എന്ന് നോക്കട്ടെ :)

  മറുപടിഇല്ലാതാക്കൂ