31 ഒക്‌ടോബർ 2012

വാഗമൺ വിളിക്കുന്നു

പോകാന്‍ തന്നെ അവസാനം തീരുമാനിച്ചു. ഞങ്ങള്‍ അഞ്ചു പേരായിരുന്നു യാത്രയ്ക്കുണ്ടായിരുന്നത്. കാക്കനാട് നിന്ന് വാഗമണിലേക്ക് ഏതാണ്ട് 96 കിലോമീറ്റര്‍ ഉണ്ട്.  വഴി തെറ്റിപ്പോകാതിരിക്കാനായി പ്രധാന സ്ഥലങ്ങൾ കുറിച്ചെടുക്കണമെന്ന് അന്ന് കാലത്ത് പല്ല് തേക്കുമ്പോള്‍ സോണിക്ക് വെളിപ്പെട്ടിരുന്നു. ഒരു പുണ്യ പ്രവൃത്തി ചെയ്യാന്‍ പ്രേരിപ്പിക്കുന്ന സൌമനസ്യത്തോടെ അവന്‍ അത് എന്നെ ഏല്പിച്ചു. ഒരു തുണ്ടം കടലാസിലേക്ക് mapല്‍ നിന്ന് ആറ് സ്ഥലങ്ങള്‍ ഞാന്‍ പെറുക്കിയെടുത്ത് എഴുതി - പുത്തന്‍കുരിശ്, മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, മൂലമറ്റം, വാഗമണ്‍‌.

"രാത്രി അധികം വൈകുന്നതിന് മുമ്പ് തിരിച്ചെത്തണം.. തരപ്പെട്ടാല്‍.. കുറച്ചു ഫ്രൂട്ട്സും വാങ്ങണം", ഇത്രേം മാത്രമേ അവള്‍ ആവശ്യപ്പെട്ടുള്ളൂ.. "തരപ്പെട്ടാല്‍" എന്ന വാക്കിന്റെ അര്‍ത്ഥതലങ്ങള്‍ ഗതകാലസ്മരണകള്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ തലച്ചോറില്‍ രേഖപ്പെടുത്തി.

സോണിയുടെ വാഹനത്തിന്റെ കന്നി യാത്ര ആയിരുന്നു അത് - രാവിലെ വീട്ടില്‍ നിന്ന് ഓഫീസിലേക്കും, വൈകീട്ട് തിരിച്ചും ഉള്ള പതിവ് സഞ്ചാരം മാത്രമേ അതിനു ശീലമുണ്ടായിരുന്നുള്ളൂ.

ആദ്യം ഇന്ഫോപാര്‍ക്കിനു പുറകു വശത്തുകൂടെയുള്ള ഗേറ്റ് വഴി അകത്തു കടക്കണം. മുന്‍വശത്തു കൂടെയാണ് പുത്തന്‍കുരിശ് ചെന്നെത്തുന്ന റോഡ്‌. ആരുടെ കയ്യിലും ഐ.ഡി.കാര്‍ഡില്ല. അതില്ലാതെ ആ പരിസരത്തിനു അകത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ല. സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ ഓരോ വണ്ടിയും സൂക്ഷ്മമായി പരിശോധിച്ചിട്ടാണ് അകത്തേക്ക് വിടുക.

വാഹനം ഗെയിറ്റിനടുത്തെത്താറായി . "ഇവന്മാരെ ഒന്ന് വിശദമായി പരിശോധിച്ചേക്കാം", എന്ന് പറയുമായിരുന്ന ആജ്ഞാനുവർത്തിയായ സെക്യൂരിറ്റി ചേട്ടനെ അത് വഴി പോയ ബംഗാളി പയ്യന്‍ ഒരു സംശയം തീര്‍ക്കാനെന്നോണം വിളിച്ചു. ഒരു നിമിത്തം പോലെ അവിടെ വന്ന വാഗമൺ ദേവതയുടെ സ്വന്തം സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ ഗേറ്റ് തുറന്നു തന്നു, ഞങ്ങൾ സുരക്ഷിതരായി അകത്തു കടന്നു.. അങ്ങനെ മങ്ങിതുടങ്ങിയ ശുഭാപ്തിവിശ്വാസം വീണ്ടെടുത്ത് യാത്ര തുടര്‍ന്നു.

വഴികള്‍ പറയാന്‍ ജോളിയുടെ മൊബൈല്‍ അപ്ലിക്കേഷനും, എന്റെ തുണ്ടം കടലാസും മത്സരിച്ചുകൊണ്ടിരുന്നു.

ഇടയ്ക്ക്  തിരക്കുള്ള ഏതോ കവലയില്‍ വെച്ച് ഒരോട്ടോറിക്ഷ വന്ന് സ്കൂട്ടറിനെ ഇടിച്ചിട്ടു. ഇടിച്ചത് ഓട്ടോറിക്ഷക്കാരന്റെ ധൃതിയും അശ്രദ്ധയും കാരണമായിരുന്നെങ്കിലും, വീണ സ്കൂട്ടറുകാരന്‍ സാധാരണ രീതിയില്‍ പ്രതികരിക്കാഞ്ഞത് കൌതുകമായിരുന്നു. ചുവാങ് സു പറഞ്ഞത് കേട്ടിട്ടുണ്ടോ?

ഒരാള്‍ പുഴ കടക്കുകയായിരുന്നു
ഇടയ്ക്ക് ഒരു ഒഴിഞ്ഞ തോണി അയാളുടെ തോണിയില്‍ വന്നിടിച്ചു
മുൻശുണ്ഠിക്കാരനായിട്ടും അയാള്‍ ദേഷ്യപ്പെട്ടില്ല
പക്ഷെ  തോണിയില്‍ ഒരാളുണ്ടായിരുന്നെങ്കില്‍
അയാള്‍ കോപത്തോടെ അലറും
ചീത്ത വിളിക്കുന്നത് മറ്റെയാള്‍ കേള്‍ക്കുന്നില്ലെന്നു കണ്ടാല്‍ കൂടുതല്‍ ഒച്ചത്തില്‍ ചീത്ത വിളിക്കും
പിന്നീട് ശപിക്കാന്‍ തുടങ്ങുകയായി.
എല്ലാം തോണിയില്‍ ഒരാളുള്ളത് കൊണ്ട് മാത്രം
തോണി ഒഴിഞ്ഞതായിരുന്നെങ്കില്‍
അയാള്‍ ഒച്ച വെക്കില്ലായിരുന്നു, ദേഷ്യപ്പെടുകയുമില്ലായിരുന്നു.

സ്കൂട്ടറിൽ വന്നത് ചുവാങ് സു ഒന്നും ആയിരുന്നില്ല, അയാൾക്ക് അതിന്റെ പുറകേ പോകാൻ സമയം
ഇല്ലായിരുന്നു എന്ന് തോന്നുന്നു - അതിലും വിലകൂടിയ ഒരു ലക്ഷ്യം അയാൾക്കുണ്ടായിരിക്കണം.
വീണ സ്കൂട്ടറും പൊക്കിയെടുത്ത് അയാള്‍ യാത്ര തുടര്‍ന്നപ്പോള്‍ അപകടത്തിന്റെ ആ ലോകം അസ്തമിച്ചു.

പ്രാതലിന്റെ ഊര്‍ജം എരിഞ്ഞടങ്ങുന്നത് വരെ വീണ്ടും നിര്‍ത്താതെയുള്ള യാത്ര.

ഭക്ഷണം കഴിക്കാന്‍ കയറിയ ഹോട്ടല്‍, ഏതോ ഒരു നദിക്കരയില്‍ ആയിരുന്നു. അകത്തു ഓരോ മേശയിലും ഒരു കുഞ്ഞു ഫിഷ്‌ ബൌള്‍. ഓരോ ബൌളിലും രണ്ടോ മൂന്നോ ചെറിയ മത്സ്യങ്ങള്‍.
ഞങ്ങളുടെ മേശക്കു മുകളില്‍ വെച്ച ബൌളില്‍ ഈയിടെ പ്രസവിച്ച ഒരു പൊടിമീനും ഉണ്ടായിരുന്നു. ആദ്യം കണ്ടപ്പോള്‍ മത്സ്യത്തിന്റെ കാഷ്ഠം ആണെന്നാണ്‌ കരുതിയത്‌, പക്ഷെ വേഗത്തില്‍ കുതിച്ചു ചലിക്കുന്നതു കണ്ടപ്പോഴാണ് ജീവനുണ്ടെന്നു മനസ്സിലായത്‌.
വെറുതെ ജീവിച്ചു കൊണ്ട് മറ്റുള്ളവരെ ആകര്‍ഷിക്കുന്നത് എന്തൊരു ബോറന്‍ ജീവിതമാണ്. പക്ഷെ സമുദ്രത്തിലെ പഴയ സ്വാതന്ത്ര്യബോധം ബൌളിലെ ഓളങ്ങളില്‍ ഉറങ്ങികിടക്കുന്നുണ്ടാവും, വഴികള്‍ ഗോളാകൃതിയില്‍ അവസാനിക്കുമ്പോള്‍ അവരതിനെ അറിയാന്‍ ശ്രമിക്കുന്നുമുണ്ടാകും.

ചിന്തകള്‍ കാട് കയറുന്നതിനു മുമ്പേ - ഭാഗ്യം - വെജിറ്റബിള്‍ ബിരിയാണി വന്നു! ബിരിയാണിയില്‍ കുറച്ചു ചോറും കുറെ മസാലയും. ചോറ് കിട്ടാന്‍ മസാലക്കിടയില്‍ ഏറെ നേരം ഖനനം ചെയ്യേണ്ടിവന്നെങ്കിലും ബിരിയാണി എനിക്കിഷ്ടമായി. തണുത്ത കുടിവെള്ളവും, പഫ്സിന്റെ തോട് പോലുള്ള ഒരു സാധനവും, കറുത്ത വട്ടത്തിനകത്ത് വെളുത്ത പേസ്റ്റ്  ഉള്ള ബിസ്ക്കറ്റും വാങ്ങി അവിടെ നിന്ന് ഇറങ്ങി.
ആദ്യം ഇത്തിരി ദൂരം വഴി തെറ്റി മൂലമറ്റം പവര്‍ ഹൌസിന്റെ ഭാഗമായ ഒരു ഗുഹയ്ക്ക് മുന്നില്‍ ചെന്നെത്തി, ഗുഹയിലെക്കൊരു വഴി മാത്രമായപ്പോള്‍, തെറ്റ് തിരുത്തി ഞങ്ങള്‍ മടങ്ങി.

പോകുന്ന വഴിയില്‍ നിറയെ പച്ചക്കുന്നുകള്‍, തേയിലത്തോട്ടങ്ങള്‍, പേരറിയാത്ത ചെടികള്‍..
ആനയുടെ മണം ഇടയ്ക്കിടയ്ക്ക് വരുന്നുണ്ടായിരുന്നു.
വള്ളികള്‍ പോലെ വേരുകള്‍ ഇല്ലാതെ, ചെടികളില്‍ തൂങ്ങി കിടക്കുന്നതു "മൂടില്ലാ താളി"യാണെന്ന് ജോളി പറഞ്ഞു. വേരുകള്‍ ഇല്ലാത്ത അതിജീവന രഹസ്യം വിശദീകരിക്കുവാനുള്ള ഒരു ശ്രമം നടത്തിയെങ്കിലും, പിന്നീട് അവന്‍ അതുപേക്ഷിച്ചു.

ഉച്ച തിരിഞ്ഞപ്പോള്‍ വാഗമണിൽ ഉള്ള പൈൻ ഫോറസ്റ്റിനടുത്തെത്തി. പൈന്‍ മരങ്ങളെ കുറിച്ച് ആകെയുള്ള ഓര്‍മ്മ പണ്ട് പഠിച്ച male pine, female pine വ്യത്യാസങ്ങള്‍ മാത്രമായിരുന്നു. പ്ലസ് ടു  വിനു  കൊടൈക്കനാലിലേക്ക് ടൂര്‍ പോയപ്പോള്‍ പൈന്‍ മരത്തില്‍ നിന്ന് ഒരു കുല male pine പറിച്ച് ജിസ്മ ടീച്ചര്‍ക്ക് കൊടുത്തിട്ട്, "ഇത ടീച്ചറെ male pine" എന്ന് അഭിമാനത്തോടെ പറഞ്ഞത് ഓര്‍ക്കുന്നു.
അന്ന് ടീച്ചര്‍ക്ക് വലിയ സന്തോഷമായി, ടീച്ചര്‍ക്ക് ബോട്ടണി ഹരമായിരുന്നെന്ന് ഇപ്പോള്‍ തോന്നുന്നു.

മെയിൻ റോഡിൽ നിന്ന് ഒരു ഇരുപത് അടി മുമ്പോട്ട് നടന്നാൽ പൈന്‍ഫോറസ്റ്റിനകത്തെത്താം. അവിടെ ആദ്യം അനുഭവപ്പെട്ടത് ഘനമുള്ള നിശബ്ദതയാണ്. പൈൻ മരങ്ങളുടെ സാന്നിധ്യത്തിൽ മുങ്ങി നിൽക്കുന്ന അന്തരീക്ഷം. വീതിയേറിയ കുന്നിൻ ചെരുവിൽ പൈൻ മരങ്ങളുടെ നിലനില്പിന്റെ നിശബ്ദത മാത്രം.

വർഷങ്ങളായി പകലിനും രാത്രിക്കും കാറ്റിനും മഴയ്ക്കും മണ്ണിന്റെ രസവ്യതിയാങ്ങൾക്കും സാക്ഷികളായി പരിചയത്തിന്റെ ഏറ്റക്കുറച്ചിലുകൾ തീണ്ടാതെ ഉത്കൃഷ്ടമായ പാരസ്പര്യത്തിൽ ഒരേ അകലത്തില്‍ ജീവിക്കുന്ന പൈൻ മരങ്ങൾ. ഗർഭപാത്രത്തിലെ നിശബ്ദത ഇതായിരിക്കും, കുറേ നേരം കൂടി അവിടെ അങ്ങനെ നിന്നാൽ വേരുകൾ മുളച്ച് മരമാകാനുള്ള സാധ്യതയുണ്ട്.
"മരമായിരുന്നു ഞാൻ പണ്ടൊരു മഹാനദിക്കരയിൽ.." എന്ന വരികൾ ഓർമ്മ വന്നു, ആ വരികളിലെ അർത്ഥത്തിന്റെ ഒരു തരം ചുവയും..

ഒരു കൂട്ടം കോളേജ് വിദ്യാർത്ഥികളും, സന്ദർശകരും പൈൻ മരങ്ങൾക്കിടയിലുള്ള വഴികളിൽ നേരമ്പോക്കുകൾ പറഞ്ഞുകൊണ്ട് അവരുടെ യാത്ര ആസ്വദിയ്ക്കുന്നുണ്ടായിരുന്നു. പക്ഷെ ഒരു സംഭാഷണത്തിനും പൈൻ മരങ്ങളുടെ നിശബ്ദതയെ ഭേദിക്കാൻ കഴിഞ്ഞില്ല. സംഭാഷണത്തിന്റെ ഇടവേളകളിലെല്ലാം ഘനമുള്ള നിശബ്ദത കുത്തിയൊഴുകി വാക്കുകളെയും, അതിൽ പ്രബലമായിരുന്ന സംഭാഷണ പരമ്പരയുടെ കാരണബീജത്തെയും ശിഥിലീകരിച്ചുകൊണ്ടിരുന്നു.

പൈൻമരങ്ങൾ ഉറങ്ങുന്ന ചെരിഞ്ഞ മലനിരകൾ മുഴുവനും, അതിന്റെ ഉണങ്ങിയ ഇലകൾ മെത്ത വിരിച്ചിരുന്നു. ചെരിഞ്ഞ കുന്നിനു മുകളിലായി വിരിച്ച മെത്തയിലൂടെ ചെരിപ്പ് ഇടാതെ നടന്നില്ലെങ്കില്‍ വീഴുമെന്നു തോന്നും. പൈന്‍മരങ്ങള്‍ പൊഴിച്ച ഇലകളും, മണ്ണും നഗ്നമായ പാദങ്ങളെ സ്നേഹിച്ചിരുന്നു. ചെരുപ്പ് പറഞ്ഞു തേയാറുള്ള യന്ത്രക്കഥകള്‍ കേട്ട് മുഷിഞ്ഞ പാദങ്ങള്‍ മണ്ണിന്റെ സ്വന്തം കഥകളുമായി പറ്റിച്ചേര്‍ന്നു നടന്നു.
കുറച്ച് കഴിഞ്ഞപ്പോൾ ചെറുതായി മഴ ചാറിത്തുടങ്ങി, പൈൻ മരങ്ങൾ ചെറിയ മഴത്തുളികളൊന്നിനെയും നിലത്തെത്തിച്ചിരുന്നില്ല. പൈൻമരത്തോട് ചേർന്ന് നിന്ന് മുഖമുയർത്തി നോക്കിയപ്പോൾ ശാഖകളിലൂടെ കിനിഞ്ഞിറങ്ങി വന്ന മഴത്തുള്ളികൾ നെറ്റിയില്‍ വീണു - തണുപ്പ്..!

മഴ കനക്കുന്നതിനു മുമ്പ് തുറസ്സായ ആ സ്ഥലം വിട്ടു..

മൂന്ന് മലകളിലൂടെ നടക്കണം സൂയിസൈഡ്  പോയിന്റില്‍ എത്താന്‍..
മലകളിലൂടെ ആളുകൾ നടന്ന് ഒരു വഴി ഉണ്ടായിരിക്കുന്നു - ഇളം പച്ച മലകളിൽ പുല്ലുകൾ മുളക്കാത്ത ഒരു കറുത്ത വഴി. ചില ഭാഗത്ത്, കൈകള്‍ കോര്‍ത്ത്‌ അകലം പാലിച്ചു നടന്നവര്‍ ഇരട്ട വഴികളും ഉണ്ടാക്കിയിട്ടുണ്ട്.

നല്ല നീരുള്ള പച്ചപ്പുല്ല് കണ്ടിട്ടും ഒരാര്‍ത്തിയുമില്ലാതെ അവിടെ പശുക്കള്‍ അലസരായി ഉലാത്തുകയാണ്.
"വളരെ സെലക്‍റ്റീവ്" ആയിട്ടാണ്‌ ഞങ്ങള്‍ ഇവടത്തെ പുല്ലു തിന്നാറുള്ളതെന്ന് അത് വഴി വന്ന കറുത്ത പശു പറഞ്ഞു.
"ഞങ്ങളൊക്കെ പശുക്കളുള്ള തറവാട്ടീന്ന് തന്നെയാ വന്നിരിക്കുന്നത് ...", എന്ന മറുമൊഴി കേൾക്കാൻ നിൽക്കാതെ വീർത്ത വയറും കുലുക്കി പശു അതിന്റെ പാട്ടിനു പോയി.
വാഗമണിലെ പശുക്കളുടെ ചാണകത്തിന് ആനയുടെ (ആനപ്പിണ്ടത്തിന്റെ) ഗന്ധമാണ്. ഉത്സവത്തിന്റെയൊക്കെ  അതേ ഗന്ധം!

നടന്നും ഓടിയും, മല കയറി.. രണ്ടാമത്തെ മലയുടെ ഇറക്കത്തിൽ ചെറിയ അരുവിയുണ്ട്, അതിൽ സാധാരണക്കാരായ നാടന്‍ മീനുകള്‍. വെള്ളത്തില്‍ കൈകള്‍ ഇട്ടു നോക്കി - ഐസ് വാട്ടറിന്റെ തണുപ്പ്,  കൈ കൊണ്ടു തുഴഞ്ഞപ്പോള്‍ അടിത്തട്ടിലെ ചെളിയുടെ ഒരു പാളി ഇളകി മറഞ്ഞു വെള്ളത്തില്‍ വ്യാപിച്ചു, സമയമെടുത്തു അത് പിന്നീട് പൂര്‍വ്വ സ്ഥിതിയിലാവാന്‍..
മീനുകളില്‍ ഒരെണ്ണം കൈ വെള്ളയില്‍ വന്നിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു, വരാഞ്ഞപ്പോള്‍ കൈവെള്ളയിലേക്കുള്ള വഴിയും കാണിച്ചു കൊടുത്തു - എല്ലാവരും പ്രാണവെപ്രാളത്തോടെ  പരക്കം പായുകയായിരുന്നു. "വെള്ളം ഇളക്കി മറിച്ചതും പോര ഇനി ഇപ്പൊ കയ്യില്‍ കേറ്റി താലോലിക്കണം.. അശ്രീകരം..", ശക്തമായി പ്രതികരിച്ച ശേഷം മത്സ്യങ്ങള്‍ കൂട്ടത്തോടെ സ്വസ്ഥതയിലേക്ക് പലായനം ചെയ്തു. പാടം കവിഞ്ഞു റോഡിലുണ്ടായ വെള്ളക്കെട്ടില്‍ പണ്ട് സ്ഥിരമായി ചെയ്തിരുന്ന കാല്‍പാദം കൊണ്ട് ചെരിച്ചു വീശിയുള്ള മീന്‍പിടുത്തം മറന്നിട്ടില്ല, അത് ചെയ്യണ്ടെന്നു തോന്നി.

നടന്ന് നടന്ന് അറ്റത്തെത്തി.. കോട അടിച്ച് കയറുന്നുണ്ടായിരുന്നെങ്കിലും, കാഴ്ച മറഞ്ഞിരുന്നില്ല.. ദൂരത്തിലും, താഴ്ചയിലും കണ്ട മലനിരകളുടെ ചിലഭാഗങ്ങള്‍ക്ക് കടും പച്ചനിറങ്ങളും, വെയില്‍ വീണ ഭാഗങ്ങള്‍ക്ക് വെട്ടി തിളങ്ങുന്ന ഇളം പച്ചയും മഞ്ഞയും കലര്‍ന്ന നിറങ്ങളും.. ഏതാണ്ട് ജംഗിള്‍ബുക്കില്‍ മൗഗ്ളി അമ്പിളിമാമന്റെ അടുത്തേക്ക് ചാടുന്ന ആ മുനമ്പില്‍ നിന്നുള്ള ദൃശ്യം. അറ്റത്ത്‌ ചെന്ന് നിന്നപ്പോള്‍ നെഞ്ചിടിപ്പ് കൂടി, ഗുരുത്വാകര്‍ഷണം ശരിക്കും അനുഭവപ്പെട്ടു. കുറെ നേരം അവിടെ സിഗരറ്റ്‌ ഇല്ലാതെ പുകവിട്ട ശേഷം തിരിച്ചു നടന്നു.

വരുന്ന വഴിക്ക് പുല്ലിനു മൂല്യച്യുതി വരുത്തിയ അഹങ്കാരികളായ കുറെ പശുക്കള്‍ക്കിടയില്‍ ഓടിക്കയറി അടിയന്തിരാവസ്ഥ സൃഷ്ടിച്ചു. കറുത്ത വഴികളുള്ള പച്ച മലകളും, പശുക്കളും, മൂന്ന് പേര്‍ കള്ളു കുടിച്ചു പുലമ്പിയ ലഹരിയുള്ള ആദ്യത്തെ മലയും താണ്ടി ഞങ്ങള്‍ വാഹനത്തിനടുത്ത് തിരിച്ചെത്തി.

ഇടയ്ക്ക് വെച്ച് ഒരു ചായ കുടിച്ച ശേഷം ഞങ്ങള്‍ വാഗമണിനോട് യാത്ര പറഞ്ഞു. കടയെല്ലാം അടയ്ക്കുന്നതിന് മുമ്പേ, ധൈര്യത്തിനായി ഒരു കിലോ ആപ്പിള്‍ വാങ്ങി കയ്യില്‍ കരുതി.

വാഗമണ്‍ ദേവതയുടെ സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ അന്ന് രാത്രി കണ്ടു, ഒരു വാഹനം ചുരം ഇറങ്ങി വരുന്ന ദൃശ്യം. ദൂരെ എവിടെയോ വാഗമണിലേക്ക് യാത്ര ചെയ്യാന്‍ ആരോ തയ്യാറെടുക്കുന്നുള്ളത് പോലെ.. സ്വപ്നത്തിലെ കാതുകള്‍ കൂര്‍പ്പിച്ചു വാഗമണ്‍ ഉറങ്ങി.

12 അഭിപ്രായങ്ങൾ:


  1. വളരെ ഉശാരായിട്ടുണ്ട്
    അവിടെയൊക്കെ പ്വാന്‍ വെമ്പല്‍ കൊള്ളുന്നു
    malayalasamithiofmnc@gmail.com

    മറുപടിഇല്ലാതാക്കൂ
  2. ഏറെ ഇഷ്ടപ്പെട്ടു
    മീനും പശുവുമൊക്കെ വര്‍ത്തമാനം പറയുന്നുവല്ലോ
    അതും വളരെ ഇഷ്ടമായി
    വാഗമണ്‍ വഴിയാണ് ഭാര്യാഗൃഹത്തിലേയ്ക്കുള്ള യാത്ര (പാലാ-ഏലപ്പാറ)
    നല്ല സ്ഥലം

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അജിത്ത് ചേട്ടാ അപ്പൊ എപ്പഴും ടൂർതന്നെ! നല്ല വായനക്കും നന്ദി!

      ഇല്ലാതാക്കൂ
  3. കിരണ്‍... അടിപൊളി !!
    ഈ രണ്ടു പ്രയോഗങ്ങള്‍ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു... :)
    "ചെരുപ്പ് പറഞ്ഞു തേയാറുള്ള യന്ത്രക്കഥകള്‍ കേട്ട് മുഷിഞ്ഞ പാദങ്ങള്‍ മണ്ണിന്റെ സ്വന്തം കഥകളുമായി പറ്റിച്ചേര്‍ന്നു നടന്നു." ,
    "ചില ഭാഗത്ത്, കൈകള്‍ കോര്‍ത്ത്‌ അകലം പാലിച്ചു നടന്നവര്‍ ഇരട്ട വഴികളും ഉണ്ടാക്കിയിട്ടുണ്ട്."

    മറുപടിഇല്ലാതാക്കൂ
  4. കൊള്ളാം കിരൺ...ജീവനുള്ള ഒരു യാത്രാവവരണം....

    (ചില അഭിപ്രായങ്ങൾ പറയട്ടെ..അഭിപ്രായം ഏതു പോലീസുകാരനും പറയാമെന്നാണല്ലോ...ടെമ്പ്ലേറ്റ് ഒരു സചിത്രയാത്രാവിവരണത്തിനു പറ്റിയതല്ല എന്നൊരു തോന്നൽ)

    സസ്നേഹം,
    പഥികൻ

    മറുപടിഇല്ലാതാക്കൂ
  5. "ഞങ്ങളൊക്കെ പശുക്കളുള്ള തറവാട്ടീന്ന് തന്നെയാ വന്നിരിക്കുന്നത്" കലക്കി!

    പൈന്‍ മരങ്ങളും പശൂം മീനും എല്ലാം ശരിക്കും ഇഷ്ടപ്പെട്ടു...

    ഇങ്ങനെ ജീവികളോട് ശരിക്കും സംവദിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍.......

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. Thank you dear!
      അങ്ങനെ ആണെങ്കില്‍‌ നാട്ടിലുള്ള ജീവികളുടെ ഒക്കെ പരാതിയും കേള്‍ക്കണ്ടി വരും :-)

      ഇല്ലാതാക്കൂ