10 മേയ് 2012

പേഴ്സ് ഉണ്ടാക്കിയ കഥ

സിന്തോള്‍ സോപ്പ് ട്റേയില്‍ വെച്ച ശേഷം പൈപ്പ് പൂട്ടി അല്പം മുമ്പ് കേട്ട അശരീരിയുടെ പുനഃസം‌പ്രേക്ഷണത്തിനായി ഞാന്‍ കാതോര്‍ത്തു.
അശരീരി : ((((( "ആ പേഴ്സെവടെയാ വെച്ചത്? നാളെ ബസ്സിനു പോകാന്‍ ചില്ലറഇല്ല..")))))

പുത്തന്‍ സോപ്പുകളുടെ ധാരാളിത്തത്തില്‍ കാലം തേച്ചു മായ്‌ച്ചു കളഞ്ഞതായിരുന്നു സിന്തോള്‍ സോപ്പിന്റെ ഗന്ധം.

ഒരു വ്യാഴവട്ടത്തിന്‌ ശേഷം സൂപ്പര്‍ മാര്‍ക്കറ്റില്‍ വെച്ച് ആ സോപ്പ് വീണ്ടും കണ്ടപ്പോള്‍ തന്നെ ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു ബാല്യകാല സ്മരണകളെ സോപ്പ് തേച്ച് ഒന്നു പതപ്പിച്ചു നോക്കാമെന്ന്..
അതിനിടയ്‌ക്കാ അവളുടെ ഒരു അശരീരി...

"അത് ഇപ്പൊ തന്നെ വേണോ..? കുളിച്ച് വന്നിട്ട് ഞാനെടുത്ത് തരാം. ആ ഷെല്‍ഫില്‍ തന്നെ ഇണ്ടാവും..", അസമയത്ത് വന്ന ചോദ്യത്തിന്റെ അതൃപ്തി രേഖപ്പെടുത്തിക്കൊണ്ട് കൊണ്ട് ഞാന്‍ പൈപ്പ് തുറന്നു വിട്ടു..

ബക്കറ്റിനകത്തെ വെള്ളച്ചാട്ടത്തില്‍ അശരീരി വീണ്ടും അവ്യക്‍തമായിക്കൊണ്ടിരുന്നു..
പണ്ട് സോപ്പ് തേച്ച് ചെവി പൊത്തി ഷവറിനു കീഴെ നിന്നപ്പോള്‍ തല പൊള്ളയായ ചെമ്പ് പാത്രം പോലെ അനുഭവപ്പെട്ടത് ഓര്‍ത്തു.. ബാത്ടബ് ഇല്ലാത്തത് കാരണം ബക്കറ്റില്‍‌ വെള്ളം നിറച്ച്‌ അതില്‍ ഇരുന്ന് ആര്‍ക്കിമിഡീസ് പ്രിന്‍സിപ്പിള്‍‌ പരീക്ഷിച്ചതും..

ചെവിയിലെ വെള്ളം തലയ്ക്കകത്ത് ഭൂകമ്പം സൃഷ്ടിച്ചതും.. അങ്ങനെയുള്ള പല തരം സ്മരണകള്‍‌ അയവിറക്കി.

വിശദമായ കുളി കഴിഞ്ഞ് പുറത്ത് വന്നപ്പോള്‍ രാത്രി എട്ട് മണി കഴിഞ്ഞിരുന്നു.

അവള്‍ - "അതേയ്..ആ പേഴ്‌സെവടെയാ വെച്ചേ?"

ഞാന്‍ - "നീയല്ലേ എന്റെ പേഴ്സെടുത്ത് വെച്ചത്? എന്തൊക്കെയോ അടക്കി പെറുക്കി വെക്കുന്നത് ഞാന്‍ കണ്ടല്ലോ.."

അവള്‍ - "ഹയ്യടാ! ഞാനോ?"

ഞാന്‍ സംശയത്തോടെ അവളുടെ മുഖത്തേക്ക് നോക്കി - "പിന്നെ ഞാനോ?"

അവള്‍‌ - "ഞാനിനി തെരയാനൊരു സ്ഥലോം ബാക്കിയില്ല..!"
നിസ്സാരമായ ഒരു Missing case പെട്ടെന്ന് കണ്ടു പിടിക്കുന്ന ലാഘവത്തോടെ ഞാന്‍ ആ പരിസരത്തൊക്കെ ഒന്ന്‌ ഓടിച്ചു പരതി..
സാധാരണ - അല്ല - എല്ലായ്പോഴും പേഴ്സ് വെക്കാറുണ്ടായിരുന്ന ഷെല്‍ഫില്‍ ഇന്ന് പേഴ്സില്ല.. ഇട്ട പാന്റിന്റെ പോക്കറ്റിലും, ബാഗിലും ഒന്നും ഇല്ല.

ഓരോ സ്ഥലവും അരിച്ചു പെറുക്കിയിട്ടും പേഴ്സ് കണ്ടില്ല...

എന്റെയും അവളുടെയും ATM കാര്‍ഡുകള്‍‌, ID proof, PAN card, കാശ് കുറയ്‌ക്കാന്‍ വേണ്ടി അവള്‍ വാങ്ങിയ സൂപ്പര്‍ മാര്‍ക്കറ്റിലെ discount കാര്‍ഡ്, മറ്റ് പല തരം ലൊട്ട് ലൊഡുക്ക് കാര്‍ഡുകള്‍‌, 1600 രൂപ, അഞ്ചാം ക്ലാസ്സീന്ന് മിഥുന്‍ തന്ന ശിവന്റെ ഫോട്ടോ, ഡ്രസ്സ്

തുന്നാന്‍ കൊടുത്തതിന്റെ രശീതി, പിന്നെ കാലങ്ങളായി പേറിക്കൊണ്ടിരുന്ന എന്തൊക്കെയോ കാര്‍ഡുകള്‍‌.. ഇതെല്ലാം വഹിച്ചു കൊണ്ടിരുന്ന പേഴ്സായിരുന്നു അത്.

പേഴ്സ് കളഞ്ഞു പോയെന്ന ആശയം ഉള്‍ക്കൊള്ളാന്‍ കഴിയാതെ ഞാന്‍, ഒരിക്കലും വെയ്‌ക്കാന്‍ സാധ്യതയില്ലാത്ത സ്ഥലങ്ങളിലേക്കും പരതല്‍ വ്യാപിപ്പിച്ചു.
സിന്തോള്‍ സോപ്പിന്റെ ഗന്ധവുമായി വിയര്‍പ്പുകണങ്ങള്‍ മത്സരിച്ചു തുടങ്ങിയിരിക്കുന്നു.. തിരച്ചിലിന്റെ ഓരോ നിമിഷങ്ങളും സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിച്ചു.. ഇടയ്‌ക്കിടയ്‌ക്കുള്ള അവളുടെ വിലാപം അടിയന്തിരാവസ്ഥയുടെ ആക്കം കൂട്ടിക്കൊണ്ടേയിരുന്നു..

വീട്ടീന്നെങ്ങാനും വിളിച്ചാല്‍ ഈ കാര്യം മിണ്ടിപ്പോകരുതെന്നു ഞാന്‍ കാലേക്കൂട്ടി മുന്നറിയിപ്പ് കൊടുത്തു..

വെറുതേ എന്തിനാ സ്വസ്ഥമായി ഉറങ്ങാന്‍ പോകുന്നവരുടെ ഉറക്കം കെടുത്തുന്നത്?

അവസാനമായി അരിച്ചാക്കിലും കൂടി പരതിയ ശേഷം ഞാന്‍ ഉറപ്പിച്ചു പ്രഖ്യാപിച്ചു- "പേഴ്സ് ഇവിടെ ഇല്ല.."

"ഇനി അതാ ഓട്ടോര്‍ഷേലെങ്ങാനും....?" (ഗദ്ഗദം)

അവള്‍ - "യ്യോ.. ഈശ്വരാ.. എന്റെ പ്രെഷറ് കൊറയുന്ന പോലെ.." (നിലത്തിരുന്ന് ചുമരുകള്‍ മറച്ച ആകാശത്തേക്ക് നോക്കി അവള്‍ വിലപിച്ചു)

സിനിമയില്‍ പല ആള്‍ക്കാരും പ്രയോഗിക്കുന്ന ഫ്ലാഷ്‌ബാക്ക് തന്ത്രം പ്രയോഗിച്ച് നോക്കാനും ഒരു ശ്രമം നടത്തി നോക്കി :

നാട്ടില്‍ നിന്ന് തിരിച്ച് കാക്കനാട് എത്തിയപ്പോള്‍ വൈകീട്ട് അഞ്ചരയായി.. എന്റെയും അവളുടെയും രണ്ട് കൈയിലും ഓരോ ബാഗ് വീതം..

അതു കൊണ്ട് തന്നെ, കാക്കനാട് നിന്ന് ഓട്ടോറിക്ഷയില്‍ കയറിയതും, താമസസ്ഥലത്ത് ഇറങ്ങിയതും വിചിത്രമായ രീതിയിലായിരുന്നു. ഇറങ്ങുമ്പോള്‍ ബുദ്ധിമുട്ടേണ്ടല്ലോ എന്നു കരുതി ഓട്ടോറിക്ഷയില്‍ വെച്ചു തന്നെ ഞാന്‍ ബുദ്ധിപൂര്‍‌വ്വം പേഴ്സെടുത്ത് സ്ഥിരം ചാര്‍ജായ 30 രൂപ ഷര്‍ട്ടിന്റെ കീശയിലേക്ക് മാറ്റി... പിന്നീട് പേഴ്സെവിടെ വെച്ചു...?
എന്റെ ഫ്ലാഷ്ബാക്ക് അവിടെ വെച്ച് ഖണ്ഡിക്കപ്പെട്ടു. എത്ര ഓര്‍ക്കാന്‍ ശ്രമിച്ചിട്ടും ആ ഭാഗം ഓര്‍മ്മ വന്നതേ ഇല്ല.. അതിനു മുമ്പ്പുള്ള സീനുകള്‍ - ബസിലിരുന്ന് കേട്ട പാട്ടുകള്‍ - അതൊക്കെ നല്ല ഓര്‍മ്മ.. പക്ഷെ പേഴ്സുമായി ബന്ധപ്പെട്ട എല്ലാ ഓര്‍മ്മകളും ഞാന്‍ മറന്നു പോയി..

എവിടെയാ, എപ്പോഴാ എന്നൊക്കെ പെട്ടെന്ന് ഓര്‍ത്തെടുക്കാന്‍ പലപ്പോഴും പ്രയാസമാണ്. ഇത് നിമിത്തം, പല ചോദ്യങ്ങള്‍ക്കും സമയത്ത് ഉത്തരം കൊടുക്കാന്‍ കഴിയാതെ പരുങ്ങിയ അവസ്ഥ മുമ്പും ഉണ്ടായിട്ടുണ്ട്.. ഇതേ അവസ്ഥ സൂര്യക്കും, പിന്നീട് അമീര്‍ഖാനും അനുഭവപ്പെട്ടിട്ടുണ്ടെന്ന ആശ്വാസം മാത്രമുണ്ട്‌.. അവരതിനെ short term memory loss എന്നൊക്കെ ശാസ്ത്രീയമായി പറഞ്ഞെന്നു മാത്രം.

പേഴ്സില്ല എന്ന് സ്ഥിരീകരിച്ച സ്ഥിതിക്ക് ഇനിയും സമയം Waste ആക്കാനില്ല.. അടിയന്തിരമായി വല്ലതും ചെയ്‌തേ മതിയാവൂ..

"ഓട്ടോര്‍ഷാ സ്റ്റാന്‍ഡ് വരെ പോയി നോക്കാം..", സംഭവം ഇന്‍‌വെസ്റ്റിഗേറ്റ് ചെയ്യാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു.
രണ്ട് പേരും ധൃതിയില്‍ ഒരുങ്ങി പുറത്തിറങ്ങി. നടന്നു വന്ന വഴി മുഴുവന്‍ അരിച്ചു പെറുക്കി.

ഓട്ടോറിക്ഷാ സ്റ്റാന്‍ഡിലേക്ക് തിരിക്കുന്നതിനു മുന്‍പേ ബിനോയിനെ വിളിച്ചു, ഇന്‍‌വെസ്റ്റിഗേഷനില്‍ പങ്കാളിയാവാന്‍‌..
മുമ്പുംസമാനമായ ഒരു അവസരത്തില്‍ ബിനോയ് കൂടെ ഉണ്ടായിരുന്നു. അന്ന് ഒരാളെ chase ചെയ്യാന്‍ വേണ്ടി ആയിരുന്നു ബിനോയ് കൂടെ വന്നതെന്ന വ്യത്യാസമുണ്ട് (അത് പിന്നെ പറയാം)

ഞങ്ങള്‍ മൂന്ന് പേരും നേരെ ഓട്ടോറിക്ഷാ സ്റ്റാന്‍ഡിലെത്തി. കുറച്ച് ഓട്ടോറിക്ഷകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.. ആളുകള്‍ കയറുന്നു, ഡ്രൈവര്‍ പടപടപടേന്ന് വണ്ടി start ആക്കുന്നു.. പൊടി പറത്തി പോകുന്നു.. അങ്ങനെ രണ്ട് മൂന്ന് ഓട്ടോറിക്ഷകള്‍ വരുന്നതും പോകുന്നതും ഞങ്ങള്‍ "ആരാ-എന്താ-എവിടെയാ" അന്ധാളിപ്പോടെ നോക്കി നിന്നു..
പതുക്കെ ധൃതിയില്ലാത്ത ഒരു ഓട്ടോറിക്ഷ ഞങ്ങളുടെ അടുത്തു വന്നു നിന്നു..

"ചേട്ടാ ഒരു പേഴ്സ് പോയി.. ഓട്ടോയിലാണെന്നാ തോന്നുന്നത്", ഞങ്ങള്‍ കാര്യം പറഞ്ഞു തുടങ്ങി..

ഡ്രൈവര്‍‌ - "ഇതിലാണോ??"

"ഇതിലല്ല"

ഡ്രൈവര്‍‌ - "ഓട്ടോന്റെ പേരറിയുവോ?"

ഞാന്‍ - "ഇല്ല, ആളെ കണ്ടാലറിയാം. ഒരു കണ്ണിത്തിരി ഇടുങ്ങിയതാ.."

കയറുമ്പോഴും ഇറങ്ങുമ്പോഴും അവളുടെ തല ഇടിച്ചത് അങ്ങേര്‍ ശ്രദ്ധിച്ചിരുന്നു.. കാശ് കൊടുക്കാന്‍ നേരം അങ്ങേരീ കാര്യം ഞങ്ങളോട് പറയുകയും ചെയ്‌തു... ഇത്രയും ആയിരുന്നു ആകെ ഉണ്ടായിരുന്ന തെളിവ്..

കയറുമ്പോഴും ഇറങ്ങുമ്പോഴും തല ഇടിച്ചെന്ന് പറഞ്ഞ ഡ്രൈവറെ എങ്ങനെ കണ്ടു പിടിക്കും?
"ഡ്രൈവരുടെ കയ്യില്‍ കിട്ടാന്‍ ചാന്‍സ് കുറവാണ്‌. കിട്ടിയാല്‍ അവര്‍ എന്തായാലും വിളിച്ച് തരും.. അല്ലെങ്കില്‍ ഇവിടെ ഏല്പിക്കും..

ഇനി യാത്രക്കാരുടെ കയ്യിലാണെങ്കില്‍ അവരുടെ സ്വഭാവം പോലെ ഇരിക്കും. കിട്ടുന്നതും കിട്ടാത്തതും ഒക്കെ...", ഒരു ഡ്രൈവര്‍ ഇങ്ങനെ ഉപസംഹരിച്ചു.

ഒരു ചൂടന്‍ ഡ്രൈവര്‍ മാത്രം ചൂടായി. ഇത്-എന്നെ-ഉദ്ദേശിച്ച്-പറഞ്ഞതാണ്‌,എന്നെ-മാത്രം-ഉദ്ദേശിച്ച്-പറഞ്ഞതാണ്‌ എന്ന ചിന്താഗതിക്കാരനായിരുന്നു ആ മഹാന്‍.. അതു കൊണ്ട് തന്നെ അയാള്‍ കീശയില്‍ നിന്നും സ്വന്തം പേഴ്സെടുത്തിട്ട് ചോദിച്ചു - "ഇതാണോ നിങ്ങടെ പേഴ്സ്? ഇതാണോന്ന്? എനിക്ക് നിങ്ങടെ പേഴ്സൊന്നും വേണ്ട..", ചോദ്യങ്ങള്‍ മുഴുവനും ബിനോയോടായിരുന്നു.. "നിങ്ങള്‍ക്ക് ബോധമില്ലേ? പേഴ്സ് കണ്ടിടത്തെല്ലാം കൊണ്ടിടാന്‍‌...? എന്നിട്ട് ഓട്ടോര്‍ഷേല്‍ പോയെന്ന് പറഞ്ഞ് അന്വേഷിക്കാന്‍ വന്നിരിക്ക്യാ.."

ബിനോയ് അയാളെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നത് കണ്ടപ്പോള്‍ പേഴ്സ് ബിനോയുടേതാണോ എന്ന്‌ എനിക്ക് തന്നെ സംശയം തോന്നി..!
ഓട്ടോറിക്ഷകള്‍ ഓരോന്നായി അരിച്ചു പെറുക്കി. മുമ്പിലുള്ള ആളോട് സംഭവം വിശദീകരിക്കുമ്പോള്‍ പുറകിലുള്ള ഓട്ടോറിക്ഷക്കാര്‍ ആകാംക്ഷയോടെ ചോദിക്കും - "എന്താ എന്താ കാര്യം?"

അങ്ങനെ നേരം കുറച്ച് കഴിഞ്ഞപ്പോള്‍ ഒരു മൂത്ത ഡ്രൈവര്‍ ഉപദേശിച്ചു..

"നാളെ കാലത്ത് വന്നാല്‍ എല്ലാ ഓട്ടോറിക്ഷകളും ഇവിടെ തന്നെ ഉണ്ടാകും. അപ്പോള്‍ കാണാന്‍ കഴിയും.. എന്തായാലും ഒരു complaint കൊടുത്തിട്ടേക്ക്.. രേഖകളൊക്കെ ഉള്ളതല്ലേ.."
ഞങ്ങള്‍ പരസ്പരം നോക്കി.. അതിലുള്ള രേഖകളുടെ എല്ലാം Duplicates ഉണ്ടാക്കി എടുക്കാനുള്ള പൊല്ലാപ്പ് ഓര്‍ത്തപ്പോള്‍ തന്നെ എന്റെ വോള്‍ടേജ് കുത്തനെ ഇടിഞ്ഞു..
നേരേ പോലീസ് സ്റ്റേഷന്റെ മുന്നിലെത്തി.. പോലീസ് ഫോബിയ ഉള്ള അവളെ ശകടത്തിലിരുത്തി ഞാനും ബിനോയും പോലീസ് സ്റ്റേഷന്‍ ലക്ഷ്യമാക്കി നടന്നു..

ഇതൊക്കെ വളരെ Normal ആണെന്ന് കാണിച്ച് കൊണ്ട് ഞാന്‍ തലയുയര്‍ത്തി നടന്നു.

കയറുന്നതിനു തൊട്ടു മുമ്പ് ബിനോയ് കാതില്‍ പറഞ്ഞു - "എടാ... ഞാനിത് ആദ്യമായിട്ടാ.."

"ഞാനും.."
നേരെ ചെന്ന് കയറിയത് wireless ഉം പിടിച്ചിരിക്കുന്ന ആളുടെ അടുത്തായിരുന്നു..

"പേഴ്സ്.."

പറഞ്ഞ് മുഴുമിക്കുന്നതിനു മുമ്പ് വേറേ ഒരാളെ ചൂണ്ടിക്കാണിച്ചു കൊണ്ട് അങ്ങേര്‍ wireless ല്‍ എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരുന്നു.
ഞങ്ങള്‍ ചെന്ന് കാര്യം വിശദമായി ബോധിപ്പിച്ചപ്പോള്‍ അയാള്‍ ആശ്വസിപ്പിച്ചു- "നാളെ രാവിലെ ഒന്‍പത് മണി ആകുമ്പോള്‍ വന്ന്‌, ഒരു complaint എഴുതി കൊടുക്കുക.. അപ്പോള്‍ ഒരു receipt തരും.. അത് വെച്ച് duplicate ന്‌ അപേക്ഷിക്കാം..."
"OK സാര്‍‌........"

മടങ്ങുന്നതിനു മുമ്പ് ബിനോയുടെ കയ്യിലുണ്ടായിരുന്ന 210 രൂപ ഞാന്‍ വാങ്ങി. കയ്യില്‍ അഞ്ചു പൈസ പോലും വേറേ ഉണ്ടായിരുന്നില്ല.. കാശെടുക്കാനാണെങ്കില്‍ ഒരു കാര്‍ഡ് പോലും ഇല്ല..
തിരിച്ച് വീട്ടിനരികില്‍ വന്നെത്തിയപ്പോഴും വഴി മുഴുവന്‍ അരിച്ചു പെറുക്കി, ഉണ്ടാവില്ലെന്നറിഞ്ഞിട്ടും ഒരു സമാധാനത്തിന്‌.. പക്ഷെ പേഴ്സ്‌ എവിടെയും ഇല്ല..

കോണി കയറി വാതില്‍ തുറക്കാന്‍ നേരം അവള്‍ :

"എന്റെ കൃഷ്ണാ.. പേഴ്സ് കിട്ടിയാല്‌ ഞാന്‍ ഗുരുവായൂരപ്പന്‌ X രൂപ തരും...", അവള്‍ നെഞ്ചില്‍ കൈ വെച്ച് കൃഷ്ണനെ വിളിച്ച്‌ കഴിഞ്ഞതും ഞാന്‍ കോണിക്കരികെയുള്ള ടെറസിലേക്ക് ടോര്‍ച്ചടിച്ചതും ഒരുമിച്ചായിരുന്നു...

എന്റെ കണ്ണുകള്‍ തിളച്ച വെളിച്ചെണ്ണയില്‍ വീണ പപ്പടം പോലെ ആര്‍ത്തലച്ച് വികസിച്ചു.. ദാ താഴെ കിടക്കുന്നു - പേഴ്സ്..

നിരാശയുടെ ചാവുക്കടലിലേക്ക് അപ്രതീക്ഷിതമായി വന്ന അത്ഭുതം ഉള്‍ക്കൊള്ളാനാകാതെ ഞങ്ങള്‍ രണ്ടു പേരും വാ പൊളിച്ചു..

"ശോ.. ഞാന്‍ പറഞ്ഞില്ലേ ഇത് ഗുരുവായൂരപ്പന്‍ കൊണ്ട് ഇട്ടതാ.. ശരിക്കും ഗുരുവായൂരപ്പന്‍ കൊണ്ട് ഇട്ടതാ..", അവള്‍ ഗുരുവായൂരപ്പനുമായി കൃതജ്ഞതയുടെയും, ഉപകാരസ്മരണയുടെയും സെന്റിമെന്റ്സില്‍ ആറാടി..

ബോധം പതുക്കെ തെളിഞ്ഞു - (((( പേഴ്സ് എന്റെ കയ്യില്‍ തന്നെ ആയിരുന്നു. വാതില്‍ തുറക്കാന്‍ നേരം ബാഗിനു മുകളില്‍ വെച്ച പേഴ്സ് ബാലന്‍സ് തെറ്റി താഴെ വീണത് ശ്രദ്ധിച്ചില്ല..))))
ടെറസിലിറങ്ങി പേഴ്സെടുത്ത ഉടനെ, അവളുടെ കാര്‍ഡും, X രൂപയും അവള്‍ അതിനകത്തു നിന്നും മാറ്റി വെച്ചു.

(ഇനീം ഇതേ കാര്യം പറഞ്ഞ് വെറുതേ ഗുരുവായൂരപ്പനെ ശല്യപ്പെടുത്തേണ്ടതില്ലല്ലോ)
X രൂപ ഇപ്പോഴും ഗുരുവായൂരപ്പന്റെ ഫോട്ടോയ്‌ക്കു മുന്നില്‍ ഇരിക്കുന്നു, ഗുരുവായൂര്‍ യാത്രയും കാത്ത് :)

19 അഭിപ്രായങ്ങൾ:

  1. ഇത്രയും വിലപിടിപ്പുള്ള പേഴ്സിനു വിലയായി നല്‍കിയത് വെറും പത്തു (X) രൂപയോ..

    ഗുരുവായൂരപ്പന്‍ ‍ ഇനിയും തിരഞ്ഞു പിടിച്ചു തരുമെന്ന് കരുതുന്നുണ്ടോ......

    പേഴ്സ് കഥ നല്ലവണ്ണം അവതരിപ്പിച്ചിരിക്കുന്നു, ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. ഊഹിച്ചു..... ന്നാലും നല്ല രസമായി!!

    മറുപടിഇല്ലാതാക്കൂ
  3. കാര്യം നിസ്സാരം, പ്രശ്നം ഗുരുതരം...നന്നായി എഴുതി. വായിച്ചുപോകാന്‍ ഒരു നല്ല ഒഴുക്കുണ്ടായിരുന്നു. കളഞ്ഞുപോയത് കണ്ടുകിട്ടുമ്പോഴുള്ള സന്തോഷം ഒന്ന് വേറേ തന്നെ അല്ലേ..???

    മറുപടിഇല്ലാതാക്കൂ
  4. ആ എക്സ് രൂപ എത്രയാ? ടീച്ചര്‍ എക്സ് ന്റെ വാല്യു കണ്ടു പിടിക്കാന്‍ പറഞ്ഞിട്ടുണ്ട് അതാ.. നന്നായിട്ടുണ്ട്..വീണ്ടും വരാം...

    മറുപടിഇല്ലാതാക്കൂ
  5. കിരണിതെവിടെ പോയതായിരുന്നു..കാണാൻ ഇല്ല്ലാരുന്നല്ലോ .....നന്നായി വായിച്ചു :) ചില പഴയ പോസ്റ്റുകൾ വായിക്കുന്ന ഒഴുക്കോടെ.. :)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്നായി വായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. :)
      ഇടയ്‌ക്കൊക്കെ ചിലത് കുത്തിക്കുറിച്ചിട്ടിരുന്നു.. വായിക്കുന്നവരെ ഓര്‍ത്ത്‌ മാത്രം അതൊന്നും പോസ്റ്റ് ചെയ്‌തില്ല :D
      ഭയങ്കര Busy ആണെന്നേ!

      ഇല്ലാതാക്കൂ
  6. അജ്ഞാതന്‍മേയ് 21, 2012 4:28 PM

    നന്നായിട്ട് കാച്ചി കുറുക്കി എഴുതി കേട്ടോ.. ആശംസകള്‍..
    reg
    Anoop, Sharjah

    മറുപടിഇല്ലാതാക്കൂ
  7. അപ്പോ ഒരു കുളിയൊക്കെ പാസ്‌ ആകിയിട്ടാ അന്ന് തപ്പാന്‍ ഇറങ്ങിയതല്ലേ ...? കൊള്ളാം... എനിക്കെ ഒര്മയുണ്ടേ

    മറുപടിഇല്ലാതാക്കൂ
  8. വളരെ നന്നായിട്ടുണ്ട്!
    ഹോ ഇതില്‍ ഞാനും ഉണ്ടായേനെ :P

    മറുപടിഇല്ലാതാക്കൂ
  9. എവിടെയാ, എപ്പോഴാ എന്നൊക്കെ പെട്ടെന്ന് ഓര്‍ത്തെടുക്കാന്‍ പലപ്പോഴും പ്രയാസമാണ്. ഇത് നിമിത്തം, പല ചോദ്യങ്ങള്‍ക്കും സമയത്ത് ഉത്തരം കൊടുക്കാന്‍ കഴിയാതെ പരുങ്ങിയ അവസ്ഥ മുമ്പും ഉണ്ടായിട്ടുണ്ട്.. ഇതേ അവസ്ഥ സൂര്യക്കും, പിന്നീട് അമീര്‍ഖാനും അനുഭവപ്പെട്ടിട്ടുണ്ടെന്ന ആശ്വാസം മാത്രമുണ്ട്‌.. അവരതിനെ short term memory loss എന്നൊക്കെ ശാസ്ത്രീയമായി പറഞ്ഞെന്നു മാത്രം.

    == ee dialogue enikkishtayii.... kidu... .

    മറുപടിഇല്ലാതാക്കൂ