15 ജനുവരി 2011

ഇന്റര്‍‌വ്യൂ

പണ്ട് ഫിലിപ്പോസ് സാറ് പഠിപ്പിച്ചു തന്ന "ഏകതാന പ്രവേഗത്തിലുള്ള പിണ്ഡത്തെ" പോലെ, വാതില്‍ ഒരേ വേഗത്തില്‍ നീങ്ങി, പതുക്കെ പൂര്‍ണ്ണമായും അടഞ്ഞു..
ചില്ലുജാലകത്തിന്റെ അടുത്ത് ഇരുന്നിരുന്ന രണ്ടു പേര്‍ അവന്റെ ചേഷ്ടകള്‍ നിരീക്ഷിച്ചു കൊണ്ടിരിയ്ക്കുന്നു.. കാലില്‍ കാല്‍ കയറ്റി വെച്ചിരിയ്ക്കുന്ന ഒരാള്‍, പിന്നെ കണ്ണാടി വെച്ച വേറൊരാള്‍.. രണ്ടു പേരും ക്ലീന്‍ ഷേവ്, തണ്ടുകള്‍ ചെത്തി മാറ്റിയ ചെടി ആസകലം തളിര്‍ത്ത് പൊടിയ്ക്കുന്നതു പോലെ പച്ച നിറം വ്യാപിച്ചു തുടങ്ങിയിട്ടുണ്ട്, രണ്ടു പേരുടെയും കവിളുകളില്‍ ..

കാലില്‍ കാല്‍ കയറ്റി വെച്ചിരുന്നയാള്‍ - "ഗുഡ് ആഫ്റ്റര്‍നൂണ്‍.. പ്ലീസ് ടെയ്ക് യുവര്‍ സീറ്റ്.."

ഇരുന്നപ്പോള്‍ ആദ്യം താഴേക്ക് പോയ ഇരിപ്പിടം, പിന്നീട് അവന്റെ ഭാരവുമായി സമവായത്തിലായി.. മുന്നിലിരിയ്ക്കുന്ന രണ്ടാളുടെ ശ്വാസോച്ഛ്വാസവും, പിന്നെ അവന്റെ നെഞ്ചിടിപ്പും.. വേറേ ഒരു ശബ്ദവും മുറിയ്ക്കകത്തില്ല.. ടെക്‍നോളജിയുടെ അതിപ്രസരം ഉള്ള ശീതീകരിച്ച മുറി.. റൂംഫ്രെഷ്നറുടെ വില കൂടിയ ഗന്ധം അനര്‍ഹമായ ഒരു ഔദാര്യത്തിന്റെ ഗര്‍‌വ്വോടെ അവനെ ശ്വാസം മുട്ടിയ്ക്കുന്നുണ്ട്... കറുത്ത ചില്ലു ജാലകത്തിന്റെ പുറത്ത് ഏതോ സോഫ്റ്റ്‌വെയര്‍ കമ്പനിയുടെ പിരമിഡ് ആകൃതിയിലുള്ള സമുച്ചയങ്ങള്‍... അതിന്റെ വെണ്ണക്കല്‍ ചുമരുകളില്‍ വെള്ളിമേഘങ്ങളുടെ പരകായ പ്രവേശം...

കണ്ണാടി വെച്ച ആള്‍ അവന്റെ റെസ്യൂമേ പരിശോധിയ്ക്കുകയായിരുന്നു. പഠിത്തം കഴിഞ്ഞ് ആദ്യം ജോലിയില്‍ പ്രവേശിച്ച ചന്ദ്രു ആണ്‌ റെസ്യൂമേ ഉണ്ടാക്കാന്‍ അവനെ സഹായിച്ചത്‌. പേഴ്സണല്‍ ഡീറ്റെയില്‍സും, അക്കാഡമിക് ഡീറ്റെയില്‍സും മാത്രം മാറ്റിയാല്‍ മതി എന്നായിരുന്നു അവന്റെ നിര്‍ദ്ദേശം. അതിലെഴുതിയത്‌ ചോദിയ്ക്കുമ്പോള്‍ പറയാനുള്ള രീതി, മുഖഭാവം, ശബ്ദത്തിന്റെ ഘനം, ഇടേണ്ട കുപ്പായം എന്നു വേണ്ട ശ്രദ്ധിയ്ക്കേണ്ട എല്ലാ കാര്യങ്ങളും അവന്‍ വിശദമായി തന്നെ ഉപദേശിച്ചിരുന്നു.. നാലു കൊല്ലം എഞ്ചിനീയറിങ് കോളേജില്‍ പഠിച്ചെങ്കിലും റെസ്യൂമെ കാണുന്നത് ചന്ദ്രു അയച്ചു തന്നപ്പോള്‍ മാത്രമാണ്‌. ചന്ദ്രുവിന്റെ ആരൊക്കെയോ ബാംഗ്ലൂരിലും, കൊച്ചിയിലും, പുറത്തും ഒക്കെ ഐ.ടി. കമ്പനിയില്‍ വര്‍ക്ക് ചെയ്യുന്നുണ്ട്.. അതു കൊണ്ട് അവന്‍ പറഞ്ഞത് അക്ഷരം പ്രതി അനുസരിച്ചു..

കാലില്‍ കാല്‍ കയറ്റി വെച്ച ആള്‍ അവനെ ഇമ വെട്ടാതെ നോക്കി ഇരിയ്ക്കുന്നു. അതു കണ്ടപ്പോള്‍ ആകെ ഒരു വല്ലായ്മ. റംല മാത്രമേ അവനെ അതിനു മുമ്പ് അത്രയും നേരം ഇമ വെട്ടാതെ നോക്കിയിരുന്നിട്ടുള്ളൂ.. മേശയുടെ മുകളില്‍ വെച്ചിരുന്ന പളുങ്ക് പാത്രത്തില്‍ സ്വന്തം മുഖഭാവങ്ങള്‍ അവരറിയാതെ ഇടയ്ക്കിടയ്ക്ക് അവന്‍ നിരീക്ഷിയ്ക്കുന്നുണ്ട്... മുഖത്ത് ചന്ദ്രു പറഞ്ഞ ആ കോണ്‍ഫിഡന്‍സ് ഇല്ലേ...?

"ഓക്കെ.. പ്ലീസ് ഇന്‍‌ട്രൊഡ്യൂസ് യുവര്‍സെല്‍ഫ്..", റെസ്യൂമെയില്‍ ലോകസഞ്ചാരം നടത്തിക്കൊണ്ടിരുന്ന കണ്ണുകളെ വലിച്ചെടുത്ത് അയാള്‍ അവനെ സൂക്ഷിച്ചു നോക്കി..

അവന്റെ നെഞ്ച് പടപടാ ഇടിച്ചു. ഇപ്പോള്‍ പറയേണ്ടിയിരുന്ന "അയാം റിഷാദ്.. ബേസിക്കലി ഫ്രം കാലിക്കറ്റ്. " ഉം, ആവര്‍ത്തിച്ചു പഠിച്ച മറ്റെല്ലാ കാര്യങ്ങളും ശരീരമാസകലെയുള്ള ധമനികളിലൂടെ തലയ്ക്കകത്തേയ്ക്ക് ഇരച്ചു കയറി... പിന്നീട് പല പല ബിന്ദുക്കളില്‍ ചെന്ന് അതെല്ലാം അപ്രത്യക്ഷമായി... ഒരു മൂര്‍ച്ഛ..
ബാപ്പായുടെ മുറുക്കാന്റെയും, വിയര്‍പ്പിന്റെയും ഗന്ധം മുറിയ്ക്കകത്തേയ്ക്ക് അടിച്ചു കയറുന്നതു പോലെ.... റൂംഫ്രെഷ്നറുടെ വിലകൂടിയ ഗന്ധത്തിന്റെ രൂക്ഷത കുറഞ്ഞു..

"മോനേ റിഷാദേ..", ബാപ്പായുടെ ശബ്ദം
"വാപ്പാ......"
"ഇഞ്ഞിബഡെ ഇന്റഡുത്ത്‌ കുത്തിരിക്കി..."
"എന്താ ബാപ്പാ...?"
"അന്നോട് ഞമ്മക്ക് ചെലദ് പറയാന്‌ണ്ട്‌..."
"പറ ബാപ്പാ......"
"അന്നം മുട്ട്യാലും ഇഞ്ഞാരെ എടുത്തും തലേം കുനിച്ച് നിക്കണ്ടി വരര്‍ത്.. കേട്ടിക്കോ...?"
"കേട്ട് ബാപ്പാ....."
"പിന്നാ...... ഹറാമായിറ്റിള്ള കാര്യത്തിനൊന്നും ഇഞ്ഞ് പോഗൂലാന്ന് ഞമ്മക്കറയാ.. ഇന്നാലും.."
"ഇല്ല ബാപ്പാ......."
"സത്യം അന്റ സൈഡിലാണെങ്കില്‌ ഇഞ്ഞ്‌ ഒരിക്കലും ബേജാറഗര്‍ത്.. പടച്ചോനു നെരക്കാത്തതൊന്നും ഇഞ്ഞ് പറയ്വേം ചെയ്യ്വേം ചെയ്യര്‍ത്.."
"ഇല്ല ബാപ്പാ........"

വല്ലാത്ത ഒരു ആശ്വാസം.. നെഞ്ചിടിപ്പ് കുറഞ്ഞു കുറഞ്ഞ് സാധാരണത്തെ പോലെയായി.... വര്‍ത്തമാനം പറയുമ്പോള്‍ ഒച്ചയിടറി വിറയ്ക്കുമെന്ന് ഉറപ്പിച്ചതായിരുന്നു, പക്ഷെ ഇപ്പോള്‍... വീട്ടില്‍ ഉമ്മയോടും ബാപ്പയോടും സംസാരിയ്ക്കുന്നത് പോലെ സംസാരിയ്ക്കുവാന്‍ പറ്റുമെന്ന് ഒരു തോന്നല്‍.... അവന്റെ വിളറിയ മുഖഭാവങ്ങള്‍ പളുങ്കുപാത്രത്തില്‍ നിന്ന്‌ അപ്രത്യക്ഷമായി.. അവന്റെ കാതില്‍ ബാപ്പയുടെ വാക്കുകള്‍... അവന്റെ നാവിനിപ്പോള്‍ ബാപ്പായുടെ മുറുക്കാന്റെ ചൂര്‌...

അവന്‍ ഇന്‍‌ട്രൊഡ്യൂസ് ചെയ്തു തുടങ്ങി..
"ഞമ്മന്റെ പേര്‌ റിഷാദ്. പൊര കോയിക്കോട്ട്, കാട്ടിലപ്പീടിഗ - വെങ്ങളം ഓവര്‍ ബ്രിഡ്ജിന്റെ സെയ്ഡില്‌.. ബാപ്പായ്ക്ക് ഏലത്തൂരുള്ള ഈര്‍ച്ച മില്ലിലായിനും പണി.. ഇപ്പോ ഇല്ല.. കയിഞ്ഞ കൊല്ലം ബാപ്പാ മയ്യത്തായി... ഒര്‌ ഇത്താത്ത ണ്ട്‌.. സുഹറത്താത്ത.. ഓളെ നിക്കാഹ് കയിഞ്ഞ് ഇപ്പൊ തലശ്ശേരീലാണ്‌.. ഇപ്പോ പൊരേല് ഉമ്മേം ഞാനും മാത്തറം..
പ്ലസ് ടു കയിഞ്ഞേരത്ത് ഞമ്മള്‌ ഡിഗ്രി ഫിസിക്‍സ് എടുത്തുംകാണ്ടിറ്റ് പോഗാന്ന് ബെച്ചതായിനും.. നോക്കുമ്പൊ ഉമ്മാക്കും ബാപ്പാക്കും ഇന്നെക്കൊണ്ട് എഞ്ചിനിയര്‍ ന്റെ പടിത്തം പടിപ്പിയ്ക്കണന്ന് ബല്ലാത്ത പൂതി.. അങ്ങനെ കുറ്റിപ്പുറത്ത് ചേര്‍ന്ന്.. പടിച്ച്... ഇപ്പ ഇതാ ഇക്കൊല്ലം ഞമ്മള്‌ പാസ് ഔട്ട് ആയി.."

"ഓക്കെ.. ബിഫോര്‍ കണ്ടിന്യൂയിങ് ഫര്‍ദര്‍.. ഡോണ്ട് യു നോ ദാറ്റ് വി ആര്‍ ഏന്‍ എം.എന്‍.സി? ഏന്‍ഡ് ഔര്‍ ക്ലയന്റ്സ് ആര്‍ ഓഫ് ഇന്റര്‍‌നാഷനല്‍ സ്റ്റാന്‍‌ഡേര്‍ഡ്സ്? വീ എക്‍സ്പെക്‍റ്റ് ദാറ്റ് ഫ്രം യൂ ടൂ.."
"ഇങ്ങളെ രണ്ടാളേം മോന്തായം കണ്ടപ്പോ തോന്നി ഇങ്ങക്ക് മലയാളത്തില്‌ പറഞ്ഞാ തിരിയൂന്ന്.. അതോണ്ടാ ഞമ്മള്‌.. ഐ നോ ഇംഗ്ലീഷ്... ഓള്‍ദോ.. നോട് മച് ഫ്ലൂവന്റ്... "

"സൗണ്ട്സ് ഇന്റെറെസ്റ്റിങ്.. സോ, വാട്ട് ആര്‍ യുവര്‍ പേഷന്‍സ്?", ഇത്തവണ ചോദിച്ചത് കണ്ണട വെച്ച ആളാണ്‌.

"ഓരോ നേരത്തും പലേ പലേ പാഷന്‍സ് ആര്‍ന്ന്.. പണ്ട് നന്നെ ചെറുതായേരത്ത്, ഉസ്കൂള്‌ പൂട്ടുമ്പം.. പരപ്പനങ്ങാടീല്‌ള്ള ഉമ്മാന്റെ പൊരേലേക്ക് തീവണ്ടീല്‌ പോണതായിനും ഞമ്മന്റെ പാഷന്‍.. ലേശം പാടെ ബലുതായേരം പൊരേന്ന് ഉസ്കൂള് വരെ സന്ദീപിന്റെം, റംലേന്റെം കൂട്ടത്തില്‌ സൊറേം പറഞ്ഞ് നടക്ക്‌ന്നതായി പാഷന്‍.. പിന്ന..... ഒമ്പതില്‌ പടിയ്ക്കുമ്പളാണ്‌ റംലേമായിറ്റ് പിരിശത്തിലാവണത്.. അന്നൊക്കെ എടവയീന്ന് ഒറ്റയ്ക്ക് കാണുമ്പോ, ഓളെ കയ്യില്‌ പിച്ചുന്നതായിനും ഞമ്മന്റെ പാഷന്‍..... അപ്പൊ ഓള മൊകം ചോന്നു ബരും.. ഇനിപ്പോ പിച്ചില്ലെങ്കില്‌ ഓള്‌ ഞമ്മളക്കൊണ്ട് പിച്ചിക്കും.. ഞമ്മന്റെ ഹൂറി ആയിനു ഓള്‌..
പിന്ന ഓളെ ബാപ്പാ, ഓളെ നിക്കാഹ് ഒര്‌ ലോഹ്യക്കാരന്റെ ദോസ്തുആയിറ്റ് ഒറപ്പിച്ചപ്പോ... കൊറേ ദെവസം തലക്കണേന്റെ മേലെ മൊകോം ബെച്ച് കരയലായിരുന്ന് ഞമ്മന്റെ പാഷന്‍.. ഇന്റെ ബാപ്പാ മയ്യത്തായേരത്താണ്‌ ഓളെപ്പറ്റിള്ള ബെസമോം, ബിജാരോം കൊറഞ്ഞത്.. അപ്പഴേക്ക് ഓള്‌ ഒന്നു പെറ്വേം ചെയ്ത്.... ഇപ്പോ ഉമ്മാന്റെ ഇത്തിരി മോകങ്ങള്‌, അതാണ്‌ ഇന്റെ പാഷന്‍...."

"സൗണ്ട്സ് ഗുഡ്.. നവ്.. ഏന്‍സര്‍ ഏ സിമ്പിള്‍ ക്വെസ്റ്റ്യന്‍... വൈ ഷുഡ് വീ ഹയര്‍ യൂ?", കാലില്‍ കാല്‍ കയറ്റി വെച്ചയാള്‍ വിളിയ്ക്കാതെ വന്ന ഒരു അമ്പരപ്പ് വിഴുങ്ങിക്കൊണ്ട് ചോദിച്ചു.
"ഇങ്ങളെന്താണിപ്പറയണത്‌.. നേരത്ത ടെക്‍നിക്കല്‍ ഇന്റര്‍‌വ്യൂ ചെയ്തോര്‌ പറഞ്ഞീനല്ലോ, ഞമ്മളെ പെര്‍ഫോമന്‍സ് തരക്കേടില്ലാന്ന്‌.. ന്നിട്ടല്ലേ ഓല്‌ ഇങ്ങളടുത്തേക്ക് ഞമ്മള ബിട്ടേ... പിന്നെന്താണ്‌ ഇങ്ങളിങ്ങനെ കണ്ണീച്ചോരല്ലാത്ത ചോദ്യം ചോദിയ്ക്കണത്‌..?"

"ഐ മീന്‍.. വാട്ട് ബെനിഫിറ്റ് ഡു യു തിങ്ക് ദാറ്റ് യൂ ഹേവ്.. ദാറ്റ് വില്‍ ഹെല്പ് ഇന്‍ ദ ഗ്രോത് ഓഫ് ദ കമ്പനി?", അയാള്‍ തുടര്‍ന്നു.
"ഞമ്മക്ക് കായി കിട്ട്വാണെങ്കില്‌ ഇങ്ങളെ പണി ഞമ്മള്‌ ഉഷാറായിറ്റ്, മൊഞ്ചാക്കി‌ ചെയ്ത് തരും.. ഉമ്മാക്ക് കൊറച്ച് മോകങ്ങള്‌ണ്ട്‌... ഞമ്മക്കും.. ആദ്യം പുത്യേ ഒര്‌ പൊര, വയ്‌ത്താലെ ഒര്‌ സിഫ്റ്റ് കാറ്‌‌, പിന്ന കൊറേ കാണാത്ത സ്തലങ്ങള്‌ അയിന്റാത്ത്‌ ചുറ്റാന്‍ പോഗല്‌... ഐറ്റാല്‌ എന്തെല്ലം.. ഐനൊക്കെ നല്ലോണം കായി ബേണം.."

"സോ ദാറ്റ് മീന്‍സ് ഈഫ് യു ഗെറ്റ് ഏ ബെറ്റര്‍ ഓഫര്‍ യൂ വില്‍ ലീവ് അസ്..? ഏന്‍ഡ് യൂ ഡുനോട്ട് ഹേവ് എനി ഇന്റെറെസ്റ്റ് ഇന്‍ ദി കമ്പനി..?"
"ആ കാര്യത്തില്‌ ഇങ്ങക്ക് ഒര്‌ സംശോം ബേണ്ട.. ഇപ്പൊ ഞമ്മക്ക് കായാണ്‌ ബലുത്.. അത്‌ മറന്നിറ്റ്‌ള്ള ഒര്‌ പണിയ്ക്കും ഞമ്മള്‌ നിക്കൂല.. തോനെ കായി തരാന്ന് പറഞ്ഞ് ആരേലും ബിളിച്ചാ... പടച്ചോനാണെ ഞമ്മള്‌ പോഗും.. അദാണ്‌ ഞമ്മന്റെ അവസ്ത... ഇങ്ങക്കൊന്ന്‌ കേക്കണോ.. ഞമ്മള്‌ പാസ്പോര്‍ട്ട് ബരെ എടുത്ത് ബെച്ചിക്കി.. ലേശം പാടെ കയിഞ്ഞ് ഒര്‌ എക്‍സ്പീരിയന്‍സ് ഒക്ക ആയിറ്റ് മജീദിന്റെ ഇക്കാ കത്തറ്‌ല്‌ പണി നോക്കാന്ന്‌ പറഞ്ഞിറ്റ്‌ണ്ട്‌.. പിന്ന.. ഇനിക്ക് ഇന്ററസ്റ്റ് ഇണ്ടോന്ന് ഇങ്ങക്കെന്താ ഒരു സംശം? ഇങ്ങള്‌ ബേജാറാഗണ്ട.. ഇങ്ങള പണി നടക്കും.. ഞമ്മളെ ബിശ്വസിക്കിം..."

"വാട്ട് ആര്‍ യുവര്‍ പ്ലേന്‍സ് ഫോര്‍ ദ നെക്സ്റ്റ് റ്റൂ യിഏഴ്‌സ്?", വീണ്ടും കണ്ണട വെച്ചയാള്‍..
"റംലേനെ കെട്ട്‌ന്നത്‌ മൊതല്‌ക്ക് അങ്ങോട്ട്ള്ള ഞമ്മളെ ഒരുമാരിപ്പെട്ട സഗല പ്ലാന്വേളും പൊളിഞ്ഞ്..... അതോണ്ട്‌ ബല്യേ കിനാവും പ്ലാനിങ്ങും ഇപ്പോ ഞമ്മക്കില്ല.. മുന്ന പറഞ്ഞ പോലെ ഞമ്മള്‌ അങ്ങോട്ട് ചെയ്യാന്ന് ബിജാരിക്ക്‌ന്ന്ണ്ട്.. അങ്ങന ഒര്‌ ബിസ്വാസം ഞമ്മക്ക്‌ണ്ട്‌...
രണ്ട് കൊല്ലം പോയിറ്റ് ഒര്‌ കൊല്ലത്തേയ്ക്ക് ഇള്ള പ്ലാനിങ് പോലും ഞമ്മക്ക്‌ ഇപ്പോ ഇല്ല.. ഞമ്മള പ്ലാനിങ്ങിപ്പൊ ദാ ഈ മിനിറ്റിനാണ്‌... ഐലും കൂഡേല്‌ ഇല്ല..."

"ഓക്കെ റിഷാദ്.. വീ വില്‍ ഗെറ്റ് ബേക് ടു യു സൂണ്‍ ഐതര്‍ വേ...
വെല്‍.... ഡു യു ഹേവ് എനിതിങ് ടു നോ ഫ്രം അസ്?"
"ആദ്യങ്ങള്‌ ഗെറ്റ് ബാക്ക് ചെയ്യി.. ന്നിട്ട് ഞമ്മള്‌ ചോദിയ്ക്കാ.. മുന്നപ്പോയ രണ്ട് സ്തലത്തും പലേ കാര്യങ്ങള്‌ ഞമ്മള്‌ ചോദിച്ചറിഞ്ഞ്... എല്ലം ബെറുദനേ ആയിപ്പോയി.. ഞമ്മളെ എടുത്തില.. ന്തിനാ ഇപ്പോ ബെറുക്കനെ ഓരോ കാര്യങ്ങള്‌ അറയുന്നേ... പൈശേന്റെ കാര്യം അറയ്വാണെങ്കില്‌ തരക്കേടില്ലായിനും..."

"വീ ഹേവ് ടു തിങ്ക് ഓഫ് ദാറ്റ്.. വില്‍ ഗെറ്റ് ബേക് ടു യൂ.. താങ്ക്‌ യൂ ഫോര്‍ സ്പെന്റിങ് ടൈം വിത് അസ്.."
"ന്നാ.. അങ്ങനെ ആവട്ടെ.. അപ്പൊ ഞമ്മള്‌ പോണ്‌.."
അവന്‍ വാതില്‍ തുറന്ന് പുറത്ത് പോകുന്നത്‌ രണ്ട് പേരും അതിശയത്തോടെ നോക്കിയിരുന്നു..

ഏകതാന പ്രവേഗത്തില്‍ വാതില്‍ വീണ്ടും അടഞ്ഞു കഴിഞ്ഞപ്പോള്‍ കാലില്‍ കാല്‍ കയറ്റി വെച്ചിരുന്ന ആള്‍ ആ പോസ് മാറ്റി, കണ്ണട വെച്ച ആളോട്‌ പറഞ്ഞു...
"പടച്ചോനേ... പലേ ഹിമാറ്വേളേം ഇന്റര്‍‌വ്യൂ ചെയ്തിന്‌.. പക്കെങ്കില്‌ ഓനെപ്പോലൊര്‌ മനുസനെ ഞമ്മളിദ് ആദ്യായിറ്റാ.. ഓന്‍ പറഞ്ഞദ് മുയുക്കനും കേട്ടിനോ ഇഞ്ഞ്‌...?"
"കേട്ടിന്‌ മോനേ.. ഓനാളൊര്‌ നര്യാ....", ഇന്റര്‍‌വ്യൂ തുടങ്ങാന്‍ നേരം വലിച്ചെടുത്ത് സൂക്ഷിച്ച ദീര്‍ഘശ്വാസം പുറത്തേയ്ക്ക് വിട്ടുകൊണ്ട്‌ കണ്ണട വെച്ചയാള്‍ പ്രതികരിച്ചു.

31 ഡിസംബർ 2010

ഫോളോ ചെയ്തു വന്നവര്‍

പുലര്‍ച്ചെ വീട്ടില്‍ നിന്ന് ബാഗും തൂക്കി ഇറങ്ങി, പുലരി ആര്‍ട്ട്സ് ക്ലബ്ബും കഴിഞ്ഞ് വളവിനടുത്ത് എത്തിയപ്പോഴാണ്‌ രണ്ടാള്‍ക്കാരെ ഞാന്‍ ശ്രദ്ധിയ്ക്കുന്നത്.. രണ്ടു പേരും എന്നെ ഫോളോ ചെയ്യുകയല്ലേ എന്നൊരു സംശയം! ചെവിയില്‍ കുത്തിത്തിരുകിയിരുന്ന ഹെഡ്ഫോണ്‍ ഊരി കീശയിലിട്ടു.. നടത്തം ഇത്തിരി വേഗത്തിലാക്കി..

ഇടയ്ക്ക്‌ ഒളികണ്ണിട്ടു നോക്കിയപ്പോള്‍, ദേ ആ രണ്ട് പേര്‍ - അവര്‍ വിടാതെ കൂടിയിരിയ്ക്കുക തന്നെയാണ്‌.. എന്റെ നടത്തത്തിനൊപ്പം തന്നെ ഉണ്ട്‌..

എന്തിനാണാവോ ഈശ്വരാ ഈ പുലരാന്‍ നേരത്ത് ഇവര്‍ എന്റെ പുറകെ വെച്ചു പിടിയ്ക്കുന്നത്? ഒരു പിടീം  കിട്ടുന്നില്ല..

ഞാന്‍ സംശയത്തോടെ ഒന്നു നിന്നു. പതുക്കെ അവര്‍ നടക്കുന്ന ഭാഗത്തേയ്ക്കു നോക്കി.. ദാ അവരും നടത്തം നിര്‍ത്തിയിരിയ്ക്കുന്നു.. ആശ്വാസത്തോടെ ഞാന്‍ വീണ്ടും നടന്നു.. ദേ വീണ്ടും അവര്‍ ഫോളോ ചെയ്യുന്നു..

NH നോട് ചേര്‍ന്ന് പുതുതായി പണിയുന്ന ഫ്ലാറ്റിനടുത്തെത്തിയപ്പോഴേയ്ക്കും എന്റെ കഷമ നശിച്ചു. രണ്ടിലൊന്ന് അറിഞ്ഞിട്ടു തന്നെ കാര്യം.. ഞാന്‍ പെട്ടെന്ന് സഡന്‍ ബ്രെയ്ക് ഇട്ടതു പോലെ നിന്നു, എന്നിട്ട് അവരുടെ നേരെ നോക്കി. എനിക്ക് കലിയാണ്‌ വന്നത്‌ - ഞാന്‍ നിന്നപ്പോള്‍ അതേ പോലെ സഡന്‍ ബ്രെയ്ക്ക്‌ ഇട്ടതു പോലെ അവരും നിന്നിരിയ്ക്കുന്നു..

designed by Jolly
ഞാന്‍ ചോദിച്ചു, "രാവിലെ തന്നെ മനുഷ്യനെ ഒരു മാതിരി ആക്കാന്‍ ഇറങ്ങിയതാണോ?"

രണ്ടു പേരും ഒരേ സ്വരത്തില്‍ പറഞ്ഞു, "അതെ".

"എന്തിനാ എന്നെ ഫോളോ ചെയ്യുന്നത്? ഞാന്‍ നടക്കുമ്പോള്‍ അതേ പോലെ നടക്കുന്നത്? എന്നെ ഇമിറ്റേറ്റ് ചെയ്ത് വടിയാക്കുന്നത്?", ചറപറാ ഞാന്‍ ചോദ്യങ്ങള്‍ ചോദിച്ചു.

"ഞങ്ങള്‍ ആരെ ഫോളോ ചെയ്തെന്നാ?", പുച്ഛം കലര്‍ന്ന സ്വരത്തില്‍ അവര്‍ ഒരുമിച്ചു ചോദിച്ചു.

"എന്നെത്തന്നെ.. ആളെ ഒരു മാതിരി സോമനാക്കല്ലേ.. ഞാന്‍ എറങ്ങിയപ്പോ തൊട്ടു കാണ്വാണ്‌ നിങ്ങളുടെ ഈ കോപ്രായം.."

"ഞങ്ങളിവടെ ആരേം ഫോളോ ചെയ്തില്ല..", ആത്മവിശ്വാസത്തോടെ അവരുടെ മറുപടി.

"ആഹാ! ഞാന്‍ നടക്കുമ്പോ അതേ പോലെ നടക്കുക,ഞാന്‍ നടക്കുന്ന അതേ സ്പീഡില്‍ കൂടെ നടക്കുക.. പിന്നെ ഞാന്‍ നടത്തം നിര്‍ത്തുമ്പോള്‍ നിങ്ങളും നടത്തം നിര്‍ത്തുക.. ഇതു ഫോളോ ചെയ്യലല്ലേ..!"

അവര്‍(മന്ദഹാസം)

"വല്ലാതെ ചിരിയ്ക്കല്ലേ... എനിക്ക് ഇത്‌ തമാശയായി തോന്നുന്നില്ല.. ഇന്നലെ രാത്രി 1 മണി കഴിഞ്ഞു കിടക്കുമ്പോള്‍, ഇന്ന് പുലര്‍ച്ചെ 5 മണിക്കെഴുന്നേറ്റ് ജോലിക്ക് പോവുകയാണ്‌.. അപ്പഴാ ഈ ഏടപാട്.. പോയിട്ട് പണി ഉണ്ട്.. Actually നിങ്ങള്‍ക്ക് എന്താ വേണ്ടത്‌? ഈ നേരം വെളുക്കാന്‍ നേരത്ത്‌ എന്തിനാ എന്റെ പുറകെ കൂടിയിരിയ്ക്കുന്നത്?"

"ഞങ്ങക്കൊന്നും വേണ്ടേ..! ഞങ്ങളെ കണ്ടപ്പോള്‍, "എന്തെങ്കിലും വേണം" - അങ്ങനെ തോന്നിയോ? (വീണ്ടും മന്ദഹാസം)

"എന്നാ ഒരു കാര്യം ചെയ്യ്.. നിങ്ങള്‍ ഫോളോ ചെയ്യുകയല്ല എന്നല്ലേ പറഞ്ഞത്.. നിങ്ങളങ്ങോട്ട് നടക്ക്.. നിങ്ങള്‍ പോയിട്ടേ ഞാനിനി പോകുന്നുള്ളൂ.."

"അത്രയ്ക്ക് കടുത്ത തീരുമാനം ഒക്കെ എടുക്കണോ?" (വീണ്ടും പുച്ഛം കലര്‍ന്ന ചോദ്യം)

അവിടെ കാത്തു നിന്നു ഇത്തിരി നേരം. രണ്ട് പേര്‍ക്കും ഒരനക്കവും ഇല്ല.. ഞാന്‍ ദയനീയമായി അവരുടെ മുഖത്തേയ്ക്കു നോക്കി..ഒരു രക്ഷേം ഇല്ല.. ഇപ്പോഴൊന്നും അവര്‍ അനങ്ങുന്ന മട്ടില്ല!

ഒരു ഭാവവ്യത്യാസവും കാണാതായപ്പോള്‍ ഞാന്‍ മൗനം ഭഞ്ജിച്ചു..

"ശരി.. അപ്പഴേ, എനിക്ക് നിങ്ങളുടെ ഈ കോപ്രായത്തിനനുസരിച്ച് തുള്ളാന്‍ ഇപ്പോ സമയമില്ല.. ജോലിയ്ക്ക് പോണം..നിങ്ങള്‍ രണ്ട് പേരും എങ്ങോട്ടാ? എന്താ പരിപാടി?"

"ഞങ്ങള്‍ ഇങ്ങനെ കറങ്ങിക്കൊണ്ടിരിക്ക്യാ.."

"അതു മനസ്സിലായി.. വേറെ ഒരു പണീം ഇല്ലല്ലേ...?"

"ഏയ്.. ഇല്ല.." (വീണ്ടും മന്ദഹാസം)

"ഇപ്പോ എങ്ങോട്ടാ?"

"പറഞ്ഞില്ലേ കറക്കം തന്നെയാണ്‌ പണി എന്ന്‌.."

"ങാ.. കറങ്ങുന്നതൊക്കെ കൊള്ളാം.. വെറുതെ ഒപ്പത്തിനൊപ്പം നടന്ന് ആള്‍ക്കാരെ വടിയാക്കരുത്.."

"ഓ.." (വീണ്ടും മന്ദഹാസം)

"ഉം.. അപ്പോ വേണ്ട പോലെ പറഞ്ഞാല്‍ ഇവന്മാര്‍ കേള്‍ക്കും.. ച്ഛെ.. ആദ്യമേ കലിപ്പിയ്ക്കണ്ടായിരുന്നു.. ഈ ബുദ്ധി നേരത്തേ പോയില്ലല്ലോ.." (ആത്മഗതം)

"എന്നാ പിന്നെ ഞാനങ്ങോട്ട് നടക്കട്ടെ.. പോയിട്ട് പണിണ്ട്.. നിങ്ങള്‍ സാവകാശം പോലെ കറങ്ങിക്കോ.. ഞാന്‍ ആദ്യം ഇത്തിരി ചൂടായിപ്പോയി.. ഒന്നും മനസ്സില്‍ വെക്കണ്ട! നമ്മള്‍ ചെയ്യുന്ന പോലെ ഒക്കെ ആരെങ്കിലും ചെയ്താല്‍ ദേഷ്യം വരില്ലേ.. വൈകിയാണെങ്കിലും ഇപ്പോ കാര്യം മനസ്സിലായല്ലോ... സമാധാനം!"

"ഓ..", രണ്ട് പേരും ഒരേ സ്വരത്തില്‍ പുഞ്ചിരിയോടെ..

ഞാന്‍ ആശ്വാസത്തോടെ അല്പം വേഗത്തില്‍ നടന്നു.. തിരിഞ്ഞു നോക്കിയപ്പോള്‍ ദേ അവര്‍! വീണ്ടും എന്റെയൊപ്പം തന്നെ.. ഇത്രെം പറഞ്ഞിട്ടും ഒരു മാറ്റവും ഇല്ല.. ഇവര്‍ക്ക് എങ്ങനെ ഇങ്ങനെ പെരുമാറാന്‍ പറ്റുന്നു! ഒരു വിലയും ഇല്ല, ഇത്രയും നേരം കണ്ഠക്ഷോപം ചെയ്തതിനൊന്നും..


പിന്നെ ഞാന്‍ ഒന്നും നോക്കിയില്ല.. അവിടെ നിന്നും ഓടാന്‍ തുടങ്ങി.. കയറ്റമുള്ള ഇടവഴി കടന്ന് ഓഫീസിന്റെ ഗെയ്റ്റിനടുത്തെത്തി.

അവര്‍ വിടാതെ എന്റെ പുറകെ ഓടുകയാണ്‌.. എനിക്ക് ആകെ ഭ്രാന്ത് പിടിച്ച് തുടങ്ങി.. ഇടയ്ക്ക് ഓട്ടം നിര്‍ത്തി അവരോട് അലറിവിളിച്ചു പറഞ്ഞാലോ എന്നും തോന്നി.. പക്ഷേ ഞാന്‍ ഓടി ഓഫീസിന്റെ ഗെയ്റ്റ് കടന്ന് അകത്ത് കയറി..

ഓടിക്കിതച്ച് വരുന്നത് കണ്ട് സെക്യൂരിറ്റി ചേട്ടന്‍ ചോദിച്ചു, "എന്തേ..? എന്തു പറ്റി? late ആയോ?"
"ഏയ്.. ഒന്നുല്ല. രണ്ട് പേര്‍ ഫോളോ ചെയ്തു.. ചുമ്മാ.. ആളെ വടിയാക്കാന്‍..", ഞാന്‍ കിതച്ചു കൊണ്ട് പറഞ്ഞു..
ഞാന്‍ പുറത്തേയ്ക്കു നോക്കിയപ്പോള്‍ അവരെ കാണാനില്ല..
"ഉം.. ഓഫീസിനകത്ത് അവര്‍ക്ക് എന്നെ എന്തായാലും ഫോളോ ചെയ്യാന്‍ പറ്റില്ല..!", അതോര്‍ത്തപ്പോള്‍ ആശ്വാസം തോന്നി.

ലോഗിന്‍ ചെയ്ത് കോണിപ്പടി കയറിക്കയറി ഞാന്‍ രണ്ടാമത്തെ നിലയിലെത്തി. ഇടനാഴിയിലൂടെ നടന്നു അകത്തേയ്ക്ക് കയറുന്നതിനു മുമ്പ് ജനാലയിലൂടെ അവസാനമായി ഒന്നു കൂടി പുറത്തേയ്ക്കു നോക്കി..
രണ്ടു പേരും പുറത്തുതന്നെയുണ്ട്.

ഞാന്‍ ഭീഷണിയോടെ നോക്കി. "നേരം വെളുക്കട്ടെ കാണിച്ചു തരാം. എന്നെയല്ലേ പേടിയില്ലാത്തേ! വേറേ ആളെ എറക്കും, കണ്ടോ.."

നേരം വെളുത്തപ്പോ നമ്മടെ ആളെത്തി.. അല്ലാ.. ആളെത്തിയപ്പോഴാണ്‌ നേരം വെളുത്തത്‌..
ഞാന്‍ ആ കാഴ്ച കാണാന്‍ ജനാലയുടെ അടുത്തേയ്ക്ക് ഓടി.. ആ ചന്ദ്രനും നക്ഷത്രവും എന്നെ ഫോളോ ചെയ്യാന്‍ പറ്റാതെ നിന്നു പരുങ്ങുന്നതു കാണാന്‍..

26 ഡിസംബർ 2010

ഒക്‍റ്റോപസ്സ്

പാലം പകുതി കടന്നപ്പോള്‍ അപ്പു തല പുറത്തേയ്ക്കിട്ട് ചീറി..
അച്ഛാ വെള്ളം! വെള്ളം! ദാ.. താഴെ തോനെ വെള്ളം...!
അത് പുഴയാണ്‌ മോനേ പുഴ... റിവര്‍.. കേട്ടിട്ടില്ലേ..
ഹായ്.. റിവര്‍.. റിവര്‍ റീച്ചസ് ദി സീ.. എവടെ സീ..?
സീ ഇത്തിരി ദൂരെയാണ്‌ ..
സീ യില്‌ അപ്പോ ഇതിലും തോനെ വെള്ളണ്ടാവില്ലേ..
ഉം.. ഉണ്ടാവും..
നമ്മക്ക് സീയില്‌ പൂവാം അച്ഛാ..
പിന്നൊരീസം പോവാം.. ഇപ്പൊ നമ്മക്ക് അമ്മമ്മേനെ ഹോസ്പിറ്റലില്‍ കൊണ്ടോവണ്ടേ...
അപ്പു ഒരു നിമിഷം പുറകോട്ട് തിരിഞ്ഞു നോക്കി.. പുറകിലത്തെ സീറ്റില്‍ അമ്മമ്മ ശ്വാസം മുട്ടി വലിക്കുന്നു.. ഇത്തിരി നേരം നോക്കിയ ശേഷം അവന്‍ തല വീണ്ടും പുറത്തേയ്ക്കിട്ടു..
അച്ഛാ ഇതില്‌ ക്രോക്കോഡൈല്‍ ഉണ്ടാവ്വോ..?
ഏയ് ഇല്ലടാ.. ക്രോക്കൊഡൈല്‍ ഒന്നും ഉണ്ടാവില്ല..

അപ്പോ ഒക്‍റ്റോപസ്സോ..?
ഉം.. ഒക്‍റ്റോപസ്സ് ഉണ്ടാവും..
അപ്പു വെള്ളത്തിലേക്ക് തുറിച്ചു നോക്കിക്കൊണ്ടിരുന്നു..
ഒക്‍റ്റോപസ്സ് എന്താ വരാത്തേ..?
ഒക്‍റ്റോപസ്സ് അങ്ങ് വെള്ളത്തിന്റെ അടീലാ.. അതാ വരാത്തേ..
നമ്മക്കും വെള്ളത്തിന്റെ അടീലേക്ക് പൂവാം..?
വെള്ളത്തിന്റെ അടീല്‌ പോയാല്‍ ശ്വാസം കിട്ടില്ല മോനേ..
അപ്പോ ഒക്‍റ്റോപസ്സിന്‌ ശ്വാസം കിട്ട്വോ..?
ഉം..
ശ്വാസം കിട്ട്വോ..?
ഉം.. കിട്ടും..
അപ്പു അല്പ സമയം ചിന്തയിലാണ്ടു..
അമ്മാമ്മ ഒക്‍റ്റോപസ്സിന്റെ അടുത്ത് പോയതോണ്ടാണോ ശ്വാസം കിട്ടാത്തേ...?
അല്ലടാ.. അമ്മാമ്മയ്ക്ക്‌ സുഖല്ല അതാ..

അപ്പു കൈകള്‍ പുറത്തേയ്ക്കിട്ട് കാറ്റിന്റെ ആക്കം അറിഞ്ഞു.. ഹായ് നല്ല സുഖം എന്തൊരു കാറ്റാ.. എന്തൊരൊച്ചയാ കാറ്റിന്‌..
പാലം കഴിഞ്ഞപ്പോള്‍ കാറ്റിന്റെ ആക്കം കുറഞ്ഞു..
ശോ.. പോയി.. റിവറിന്റെ അവടെ മാത്രേ കാറ്റുള്ളൂ അച്ഛാ..... അപ്പു ചുണ്ടുകള്‍ കൂര്‍പ്പിച്ചു സീറ്റിലേക്ക് തലചായ്ച്ചു കിടന്നു ഗ്ലാസ്സിലൂടെ ആകാശത്തേയ്ക്കു നോക്കി..

ഇനിയും ആറ് കിലോമീറ്റര്‍ കൂടി ഡ്രൈവ്‌ ഉണ്ട്‌. രവി ആക്സിലറേറ്ററില്‍ പതുക്കെ അമര്‍ത്തി വേഗം കൂട്ടി..
പച്ചപ്പും, തെങ്ങിന്‍ കൂട്ടവും വിട്ട് വണ്ടി ഷോപ്പിംഗ് മാളും, ഫ്ലാറ്റുകളും ഭരിയ്ക്കുന്ന റോഡിലൂടെ മുന്‍പോട്ട് നീങ്ങി..
ഇത്തിരി ദൂരെ ഉള്ള ജങ്ക്ഷനില്‍ സിഗ്നല്‍ ചുവപ്പു കത്തി.. വാഹനങ്ങളുടെ നീണ്ട നിര.. ഇനി ഈ ട്രാഫിക്കില്‍ നിന്നും ഒന്നു രക്ഷപ്പെട്ടിട്ട് വേണം ഹോസ്പിറ്റലില്‍ എത്താന്‍.. മൂര്‍ത്തി ഡോക്ടറോട് വിളിച്ചു പറഞ്ഞിട്ടുണ്ട്, പക്ഷെ കണ്‍സള്‍ട് ചെയ്ത് കഴിഞ്ഞ് എത്ര മണിയാവും വീട്ടില്‍ തിരിച്ചെത്താന്‍.. ഇനി ഹോസ്പിറ്റലൈസ് ചെയ്യേണ്ടി വന്നാല്‍... രമയുണ്ടായിരുന്നെങ്കില്‍ എന്നോര്‍ത്തപ്പോള്‍ നെഞ്ചിനകത്ത് ഒരു ഘനം.. ഒരു വിങ്ങല്‍.. അപ്പുവിന്റെ ഈ മാസത്തെ ക്ലാസ് ഇതു മൂന്നാമത്തെ ദിവസമാണ്‌ മുടങ്ങുന്നത്‌..
ഇത്തിരി കൂടി വലുതായാല്‍ എല്ലാം ശരിയാവും, അങ്ങനെ സ്വയം ആശ്വസിച്ച് രവി കൈ വിരല്‍ കൊണ്ട് സ്റ്റിയറിംഗില്‍ പതുക്കെ തട്ടിക്കൊണ്ടിരുന്നു.. പണ്ട് രമയോടൊത്ത് ഡ്രൈവ് ചെയ്തിരുന്ന ഏതോ ഒരു യാത്രയില്‍ കേട്ട പാട്ടിന്റെ താളം..

പുറകിലുള്ള ബസ് ഡ്രൈവര്‍ ഹോണ്‍ മുഴക്കുന്നുണ്ടായിരുന്നു.. വണ്ടി ഒതുക്കാനാണ്‌.. സിഗ്നല്‍ വരാതെ അനങ്ങാന്‍ കഴിയില്ല... അയാള്‍ കൈ കൊണ്ട് ആംഗ്യം കാണിയ്ക്കുന്നതും എന്തൊക്കെയോ വിളിച്ചു പുലമ്പുന്നതും രവി പുറത്ത് കണ്ണാടിയില്‍ കണ്ടു.. രവി മുഖം തിരിച്ച് സിഗ്നല്‍ പച്ചയാവുന്നതും പ്രതീക്ഷിച്ച് കാത്തിരുന്നു..

അപ്പു ഇടയ്ക്കിടയ്ക്ക്‌ എന്തൊക്കെയോ ചോദിയ്ക്കുന്നുണ്ട്‌.. ചോദ്യങ്ങള്‍ക്കെല്ലാം രവി ഉത്തരം മൂളലിലൊതുക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു..
ചോദ്യങ്ങള്‍ കൂടുമ്പോള്‍ രവി ചെറുതായി ശാസിയ്ക്കും.. അല്പ സമയത്തേയ്ക്ക് ആ ശാസന അപ്പുവിനെ നിശബ്ദനാക്കും.. കുറച്ചു കഴിയുമ്പോള്‍ ശാസിച്ച കാര്യം രവിയും അപ്പുവും മറക്കും.. വീണ്ടും ചോദ്യോത്തരങ്ങള്‍..

ആകസ്മികമായാണ്‌ പുറത്ത് ഫുട്പാത്തില്‍ ഒരാളെ അപ്പു ശ്രദ്ധിച്ചത്.. അയാള്‍ നിലത്തിരുന്ന് കൈ രണ്ടും നീട്ടി ആ വഴി നടക്കുന്നവരോടൊക്കെ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു..
അവന്‍ തല പുറത്തേയ്ക്കിട്ടപ്പോള്‍ രവി ശാസിച്ചു - അപ്പൂ.. തല പുറത്തിടല്ലേ..
അവന്റെ ശ്രദ്ധ മുഴുവനും അയാളിലായിരുന്നു.
സ്റ്റിയറിങ്ങില്‍ വിശ്രമിച്ചിരുന്ന ഇടതു കൈകൊണ്ട് രവി അപ്പുവിന്റെ തുടയില്‍ പതുക്കെ തട്ടി..
അപ്പൂ... നിന്നോടാ ഞാന്‍ പറഞ്ഞേ, രവി സ്വരത്തിന്‌ ഘനം അല്പം കൂട്ടി.
അപ്പു പെട്ടെന്ന് തല അകത്തേയ്ക്ക് വലിച്ചു, പക്ഷെ അവന്റെ നോട്ടം ഇപ്പോഴും പുറത്തിരിയ്ക്കുന്ന ആളില്‍ തന്നെ ആയിരുന്നു..

ഫുട്പാത്തിലൂടെ പതുക്കെ നടന്നടുത്ത ഒരാള്‍, കീശ തപ്പിയെടുത്ത ഒരു നാണയത്തുട്ട് താഴേയ്ക്കു എറിഞ്ഞു കൊടുത്തു.. മിക്കവരും അങ്ങനെ ഒരാളെ കാണാത്ത പോലെയാണ്‌ ആ വഴി നടന്നത്.. ചിലരൊക്കെ ചില്ലറയില്ലാത്ത കീശയില്‍ പരതിക്കൊണ്ടും, സംശയിച്ചു കൊണ്ടും, ആ വിവരം ഒരു നോട്ടം കൊണ്ട് അയാളെ അറിയിച്ച ശേഷം പതുക്കെ കടന്നു പോയി.. അയാളുടെ കൂടെ ഏതാണ്ട് അപ്പുവിന്റെ അത്ര പ്രായം വരുന്ന ഒരു കുട്ടിയും ഉണ്ട്‌.. അപ്പുവിനെ പോലെ തുടുത്ത മുഖവും ചിരിയും ഒന്നും ഇല്ലായിരുന്നു അവന്‌.. കണ്ണുകള്‍ കുഴിഞ്ഞ് അകത്തേയ്ക്ക് പോയെങ്കിലും കണ്ണുകളിലെ സ്വപ്നവും നിഷ്കളങ്കതയും വറ്റാതെ നിറഞ്ഞു നിന്നിരുന്നു.. അഴുക്ക് പിടിച്ച ഒരു നിക്കര്‍ മാത്രമായിരുന്നു അവന്റെ വേഷം.. ഏച്ചു കെട്ടിയ നിക്കറിന്റെ കുടുക്കുകള്‍ക്കിടയില്‍ നിന്ന് ഒരു കുഞ്ഞു വയറ് തള്ളിപ്പുറത്തേയ്ക്ക് നിന്നിരുന്നു.. ശ്വാസം എടുക്കുമ്പോള്‍ ആ വയര്‍ പൊന്തുകയും താഴുകയും ചെയ്യുന്നത് അപ്പു കൗതുകത്തോടെ കണ്ടു.. അപ്പു അവന്‍ ഇട്ടിരുന്ന ഷര്‍ട്ട് നിക്കറിനിടയില്‍ നിന്നും വലിച്ച് മാറ്റി സ്വന്തം വയറിലേക്ക് നോക്കി.. അപ്പുവിന്റെ വയറും ഇളകുന്നുണ്ട്.. പക്ഷേ അവന്റെ അത്രേം ഇല്ല..
അപ്പു കൗതുകത്തോടെ പുറത്തേക്കു വീണ്ടും നോക്കി..

അവന്റെ കണ്ണിനു താഴെ വിയര്‍പ്പും, പൊടിയും കണ്ണീരും ഒരുമിച്ചു ചേര്‍ന്ന് ഉണങ്ങിയ കറുപ്പ് കലര്‍ന്ന പാടുകള്‍.. അവനും ആകാശത്തേയ്ക്കു തന്നെ ആയിരുന്നു നോക്കിക്കൊണ്ടിരുന്നത്‌.. കാലുകള്‍ റോഡില്‍ ഇറക്കി വെച്ച് ഉരച്ചുകൊണ്ടിരിയ്ക്കുകയാണവന്‍..

തു ക്യാ കര്‍ രഹേ ഹോ വഹാ പേ... റോഡ് ഹേ.. ഗാഡി ഭീ ഹേ.. ഹിമ്മത് ദേഖ്.. ഏസാ മത് കരോ..
അയാള്‍ അവനെ ശാസിക്കുകയാണെന്ന് അപ്പുവിന്‌ മനസ്സിലായി.. പക്ഷെ അവന്‍ ഒരു കൂസലും ഇല്ലാതെ കാലുകള്‍ റോഡില്‍ വെച്ച് ഉരച്ച് കൊണ്ടിരുന്നു.. അവന്റെ കാലിനോട് ചേര്‍ത്ത് നിര്‍ത്തിയിട്ടിരുന്ന മോട്ടോര്‍സൈക്കിളിലേക്കാണ്‌ ഇപ്പോള്‍ അവന്റെ നോട്ടം. അവന്റെ കൈയെത്തും ദൂരത്താണ്‌ മോട്ടോര്‍സൈക്കിള്‍.. അവന്‍ കൈ കൊണ്ട് അതിന്റെ ചക്രങ്ങളില്‍ പതുക്കെ തൊടാന്‍ ശ്രമിച്ചപ്പോള്‍ ഹെല്‍മറ്റിട്ടയാള്‍ ഒച്ച വെച്ച് സ്റ്റീറിംഗ് ഇളക്കി.. പ്രതീക്ഷിക്കാതെ പെട്ടെന്ന് ചക്രം ഇളകിയപ്പോള്‍ അവന്‍ കൈ പേടിച്ച് വലിച്ചു..
അവന്റെ മൂക്കില്‍ നിന്നും ഉത്ഭവിച്ചു തുടങ്ങിയ രണ്ട് തീര്‍ത്ഥ നദികള്‍ ചുണ്ടിന്റെ വശങ്ങളിലൂടെ താഴോട്ട് പ്രവഹിച്ചു തുടങ്ങിയിരിയ്ക്കുന്നു.. അവന്‍ അകത്തേയ്ക്ക് ഒന്നു വലിച്ചപ്പോള്‍ പാമ്പ് മാളത്തിലേയ്ക്ക് കേറി പോകുന്ന ചടുലതയോടെ നദികള്‍ രണ്ടും മൂക്കിനകത്തേയ്ക്കു കയറിപ്പോയി.

അച്ഛാ.. അപ്പു സംശയത്തോടെ രവിയെ വിളിച്ചു
ഉം.. രവി മൂളി
പുറത്തിരിയ്ക്കുന്ന അങ്കിളിനെ കണ്ടോ?
രവി തല ഇടത്തോട്ട് തിരിച്ച് നിസ്സംഗതയോടെ നോക്കി.. ഒരു ഹിന്ദിക്കാരന്‍.
അച്ഛാ.. ആ അങ്കിളെന്തിനാ പൈസ ചോദിയ്ക്കുന്നേ..?
ആ അങ്കിളിന്‌ പൈസ ഇല്ലാത്തതു കൊണ്ട്‌..
നമ്മക്ക് പൈസ കൊടുക്കാം..
ഇപ്പോ എങ്ങനെയാ കൊടുക്ക്വാ.. ഇപ്പോ നമ്മള്‍ വണ്ടിയ്ക്കകത്തല്ലേ... പിന്നെ കൊടുക്കാം..
നമ്മളിതിലെ ഇനി നടന്നു വര്വോ..?
ഉം.. ഒരീസം വരാം..
അച്ഛാ, ദേ അവനെക്കണ്ടോ.. എന്റത്രേം ണ്ട്‌.. അവനേത് ഉസ്കൂളിലാ?
അറഞ്ഞൂടാ..
മോര്‍ണിങ് ആയിട്ടും എന്താ ഉസ്കൂളില്‍ പോവാത്തേ..?
അറഞ്ഞൂടാ..
അതെന്താ അവനെക്കാണാന്‍ നല്ല ചന്തം ഇല്ലാത്തേ..?
അത്‌.. രവി ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാതെ വലഞ്ഞു.. അത് അവന്‌ സുഖല്ലാത്തതോണ്ടാവും..
ശ്വാസം കിട്ടാണ്ടാണോ..? വല്യോര്‌ക്കല്ലേ സൂക്കേട് വര്വാ..?
ഹേയ്.. അതൊന്നുല്ലടാ.. രവി വിഷയം മാറ്റാന്‍ ശ്രമിച്ചു.
അപ്പോ ഹോസ്പിറ്റലില്‍ കൊണ്ടോവണ്ടേ..? നമ്മക്ക് അവനെ ഹോസ്പിറ്റലില്‍ കൊണ്ടോവാം?
അതിന്‌ അവന്‌ ഹോസ്പിറ്റലില്‍ കൊണ്ടോവണ്ട സൂക്കേടൊന്നും ഇല്ല മോനേ..
അപ്പോ ഈ സൂക്കേട് എങ്ങനെയാ മാറ്വാ...?
അത്..
സിഗ്നല്‍ പച്ച കത്തി ബ്ലോക്കൊഴിഞ്ഞിരിയ്ക്കുന്നു.. രവി വണ്ടി സ്റ്റാര്‍ട്ട് ചെയ്ത് മുന്‍പിലുള്ള കാറിന്റെ കൂടെ പതുക്കെ നീക്കി...
പുറത്ത് ഇതു വരെ വീക്ഷിച്ചു കൊണ്ടിരുന്ന ഒരു ലോകം പെട്ടെന്ന് പിറകിലേക്ക് വലിഞ്ഞില്ലാതാവുന്നത് അപ്പു വിസ്മയത്തോടെ നോക്കി നിന്നു..

അപ്പോ ഈ സൂക്കേട് എങ്ങനെയാ മാറ്വാ...?
ങേ? മറന്ന് പോയ ചോദ്യം വീണ്ടും കേട്ടപ്പോള്‍ ഒരു നിമിഷം രവി ആശയക്കുഴപ്പത്തിലായി..
ഈ സൂക്കേട്...
അപ്പു രവിയുടെ വാക്കുകള്‍ക്ക് വേണ്ടി ചെവിയോര്‍ത്തു..
ഈ സൂക്കേട്.. ഇത് തന്നെ മാറുന്ന സൂക്കേടാ..
അപ്പുവിന്റെ കണ്ണുകള്‍ വീണ്ടും പുറം കാഴ്ചകളെ തിരഞ്ഞു..
അച്ഛാ.. അപ്പോ.. കുട്ട്യോള്‍ക്ക് വരുന്ന സൂക്കേടാണോ അച്ഛാ തന്നെ മാറ്വാ..?
ഉം.. ചെലപ്പോ.. അങ്ങനെയാ..

പിന്നീട് അപ്പുവിന്റെ ചിന്തകള്‍ അറിയാതെ ഒക്‍റ്റോപസ്സിന്റെ അടുത്തേയ്ക്ക് പോയി.. റീത്തട്ടീച്ചറാണ്‌ ഒക്‍റ്റോപസ്സിന്റെ കാര്യം പറഞ്ഞു തന്നത്.. ദേഹം നിറയെ കൈകള്‍.. ഹോ.. ആ റിവറിന്റെ അകത്ത് എത്ര ഒക്‍റ്റോപസ്സ് ഉണ്ടാവും.. അവന്‍ അതിശയത്തോടെ ഓര്‍ത്തു..

അച്ഛാ..
അപ്പു അടുത്ത ചോദ്യത്തിനുള്ള പുറപ്പാടിലാണെന്ന് രവിയ്ക്കു തോന്നി.. പുറത്തു കണ്ട കുട്ടിയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ രവി വളരെ പ്രയാസപ്പെട്ടിരുന്നു.. ഉത്തരങ്ങള്‍ തെറ്റിച്ച് പറഞ്ഞതില്‍ തെല്ലൊരു മനപ്രയാസവും ഇല്ലാതില്ല..

കുപ്പീലിട്ട ഒക്‍റ്റോപസ്സിനെ കാണാന്‍ പറ്റുംന്നു റീത്ത ടീച്ചര്‍ പറഞ്ഞല്ലോ..
രവി ആശ്വാസത്തോടെ നെടുവീര്‍പ്പിട്ടു..

21 ഡിസംബർ 2010

സ്വപ്നത്തിലൊരു ട്രെയിന്‍ യാത്ര

ഞാനും അമ്മയും പേരറിയാത്ത ഏതോ ഒരു സ്ഥലത്തേയ്ക്കാണ്‌ ട്രെയിന്‍ ടിക്കറ്റ്‌ എടുത്തത്‌.. ട്രെയിനിനു പുറത്ത്‌ ജനാലയോട്‌ ചേര്‍ത്തു വച്ചു കെട്ടിയ രണ്ടു സീറ്റുകളില്‍ ഇരുന്നാണ്‌ യാത്ര. മുകളിലായി സ്ഥാപിച്ച സീറ്റില്‍ ഞാനും, എനിക്ക്‌ അല്‍പം മുന്‍പിലായി അമ്മയും. അകത്ത്‌ നല്ല തിരക്കാണ്‌. അതായിരിയ്ക്കാം പുറത്തുള്ള സീറ്റ്‌ തിരഞ്ഞെടുത്തത്‌. പക്ഷെ യഥാര്‍ത്ഥത്തില്‍ ട്രെയിനിനു പുറത്തെ സീറ്റ്‌ തിരഞ്ഞെടുത്തതാണോ, അതോ ഞങ്ങള്‍ക്കായി ഒഴിച്ചു വെച്ചതാണോ എന്ന്‌ നിശ്ചയമില്ല.. എന്തായാലും പുറത്തെ സീറ്റിന്‌ വേണ്ടി ഒരു തിക്കും തിരക്കും ഇല്ല. ചിലപ്പോള്‍ ഞാനും അമ്മയും മാത്രമേ ഇങ്ങനെ പുറത്ത് ഇരിയ്ക്കുന്നുണ്ടാവുകയുള്ളൂ.. എല്ലാം സ്വാഭാവികമായത് കൊണ്ട് ഒന്നും പ്രത്യേകിച്ച് ശ്രദ്ധിക്കാന്‍ പോയില്ല.

ട്രെയിന്‍ നീങ്ങി തുടങ്ങിയപ്പോള്‍ സ്വാഭാവികമായും നല്ല കാറ്റും, പിന്നെ ഒരു ചെറിയ അരക്ഷിതത്വവും തോന്നി.. യന്ത്രഊഞ്ഞാലിന്റെ മുകളിലെത്തി പെട്ടെന്ന്‌ താഴേക്കു വരുന്ന നിമിഷത്തില്‍ തോന്നുന്ന ഒരു അനുഭൂതി, ഇടയ്ക്കെപ്പഴോ ട്രെയിനിന്റെ ഗതി മാറിയപ്പോള്‍ അത് അനുഭവപ്പെട്ടു...  പക്ഷെ എനിക്കത് തികച്ചും സ്വാഭാവികമായ യാത്ര തന്നെ ആയിരുന്നു..

പെട്ടെന്ന്‌ നല്ല മഴ പെയ്തു. വെള്ളത്തുള്ളികള്‍ ശക്തിയായി മുഖത്തടിച്ചു എന്നെ   വേദനിപ്പിച്ചു... മഴവെള്ളം അകത്തേയ്ക്ക് അടിച്ചു കയറുന്നുണ്ടായിരുന്നു. പൊളിഞ്ഞു തുടങ്ങിയ ഷട്ടര്‍ അകത്തിരുന്നിരുന്ന ഒരാള്‍  താഴ്ത്താന്‍ ശ്രമിച്ചപ്പോള്‍ എന്റെ ദേഹത്ത് കൊണ്ടു..
"ഞാന്‍ ഇവിടെ മഴ കൊണ്ട്‌ പുറത്തിരിയ്ക്കുക, അകത്തിരിയ്ക്കുന്ന ആള്‍ ഷട്ടര്‍ താഴ്ത്താന്‍ ശ്രമിയ്ക്കുക.. ഇതെവിടുത്തെ ഏര്‍പ്പാടാണ്‌", എന്ന്‍ മനസ്സില്‍ ഓര്‍ത്തു. ശല്യമായപ്പോള്‍ പുറത്തു നിന്നും ജനാലയില്‍ തട്ടി ശബ്ദം ഉണ്ടാക്കിക്കൊണ്ട് ഞാന്‍ അയാളോടു പറഞ്ഞു - "നോക്ക്‌, ഇതാകെ പൊളിഞ്ഞു കിടക്കുകയാണ്‌.. ഇതിനി അടയ്ക്കാന്‍ പറ്റില്ല.. ദേഹത്ത്‌ തട്ടുന്നുണ്ട്‌, ഇങ്ങനെ ചെയ്യുമ്പോള്‍.. ഇവിടെ ഇരിക്കുന്നത് കാണുന്നില്ലേ.."
അത്രയും പറഞ്ഞപ്പോള്‍ അകത്തിരുന്ന ആള്‍ ആ ശ്രമം ഉപേക്ഷിച്ചു...

പെട്ടെന്നാണ്‌ ഞാന്‍ ഒരു കാര്യം ശ്രദ്ധിച്ചത്‌... അമ്മയതാ ഒരു പച്ചപ്പുല്‍ച്ചാടിയായി മാറിയിരിക്കുന്നു..! മഴയത്ത്‌ ഒരു കുഴപ്പവും ഇല്ലാതെ സുഖമായിരിയ്ക്കുകയാണ്‌.. ഇത് നല്ല കാര്യം തന്നെ..

ഇടയ്ക്ക് ഏതോ ഒരു സ്റ്റേഷനിലെത്തിയപ്പോള്‍ അമ്മ പതുക്കെ പ്ളാറ്റ്ഫോമിനോട്‌ ചേര്‍ന്നു നിന്നിരുന്ന ചെടികളുടെ അടുത്തേയ്ക്ക്‌ പറന്നു‌.. ഞാനും സീറ്റില്‍ നിന്നു പതുക്കെ ഇറങ്ങി പ്ളാറ്റ്ഫോമിലൂടെ ആ ചെടികളെ ലക്ഷ്യമാക്കി നടന്നു...

അപ്പോഴേക്കും മഴ എകദേശം തോര്‍ന്നു തുടങ്ങിയിരുന്നു.. ഞാന്‍ അടുത്തെത്തിയപ്പോള്‍ അമ്മ  പതുക്കെ പ്ളാറ്റ്ഫോമിന്റെ ഓരം ചേര്‍ന്ന്‌ പോയിരുന്ന ചെമ്മണ്ണിട്ട നാട്ടു വഴിയിലേക്ക് പറന്നു പോയി.. വഴിയ്ക്കരികില്‍ നിന്നിരുന്ന ചെടികളില്‍ പറന്നിരുന്ന ശേഷം, ഞാന്‍ അടുത്തെത്താനായി അവിടെ കാത്തിരുന്നു.. ഞാന്‍ പതുക്കെ പിന്‍തുടര്‍ന്ന് അടുത്തെത്തിയപ്പോള്‍ ‍വീണ്ടും അടുത്ത ചെടിയിലേക്ക് പറന്നു.. അങ്ങനെ കുറച്ചു ദൂരം പോയി..

തണുത്ത  മഴത്തുള്ളികള്‍ ഓരോന്നു മാത്രം ഇടയ്ക്കൊക്കെ ദേഹത്തു വീഴുന്നുണ്ടായിരുന്നു അപ്പോഴും..

തെല്ലൊന്നു അടുത്തെത്തിയപ്പോള്‍ ഞാന്‍ കിതച്ചു കൊണ്ടു കൌതുകത്തോടെ ചോദിച്ചു, "നില്‍ക്കമ്മേ, ഇനി മതി പറന്നത്‌.. ഇതു പറ... മഴപെയ്തപ്പോ മഴത്തുള്ളിയുടെ അടുത്തിരുന്നില്ലേ; അപ്പോ എന്തു പോലെയാ തോന്നിയത്‌.. ?"

അമ്മ ചിരിച്ചു കൊണ്ടു പറഞ്ഞു, "ഉം.. അതോ.. മഴത്തുള്ളിയുടെ അടുത്തിരിയ്ക്കുമ്പോ... കണ്ണിമാങ്ങ കയ്യില്‍ തൊട്ടിരിയ്ക്കുന്ന പോലെ.. "

"കണ്ണിമാങ്ങ പോലെയോ!", ഞാന്‍ അത്ഭുതത്തോടെ നോക്കി. വിചിത്രം തന്നെ.

"അതെ", അമ്മ വീണ്ടും ചിരിച്ചു.. എന്നിട്ട്‌ എന്നോടിങ്ങനെ പറഞ്ഞു, "വാ ഇനി നമുക്കു ബസ്സിനു പോകാം.. "

"അയ്യോ.. അപ്പോ ആ ട്രെയിന്‍..? വാ വേഗം പോയാ ട്രെയിന്‍ കിട്ടും..", ഞാന്‍ അമ്മയോട്‌ പറഞ്ഞു..

സംസാരിച്ചു കൊണ്ടിരിയ്ക്കുന്നതിനിടയ്ക്ക്‌ എപ്പോഴോ അമ്മ ആ പഴയ അമ്മ തന്നെ ആയി മാറിയിരുന്നു.. തികച്ചും സ്വാഭാവികമായിരുന്നു. ആ രൂപമാറ്റം.

ഞാന്‍ അമ്മയുടെ കൈ പിടിച്ചു കൊണ്ട്‌ ട്രെയിനിനെ ലക്ഷ്യമാക്കി ഓടി.. പക്ഷെ ട്രെയിന്‍ പതുക്കെ നീങ്ങി തുടങ്ങിയിരുന്നു. അത് ഞങ്ങള്‍ ദൂരെ നിന്നും‍ കണ്ടു.. അല്‍പ ദൂരം കൂടി ഓടിയപ്പോഴേയ്ക്കും, ട്രെയിന്‍ ഞങ്ങള്‍ക്ക് ഓടിയെത്താന്‍ കഴിയാത്ത അത്രയും വേഗം പ്രാപിച്ചു കഴിഞ്ഞിരുന്നു. എന്റെ ഓട്ടത്തിന്റെ വേഗം കുറഞ്ഞു.

ഞാന്‍ നിരാശയോടെ അമ്മയോട്‌  "അതു പോയല്ലോ.. ഇനി എന്തു ചെയ്യും.. "
 എന്ന് പറഞ്ഞു മുഴുമിച്ചില്ല... അതിനു  മുമ്പ്‌ ഒരു സ്ഫോടന ശബ്ദത്തോടെ ട്രെയിനിന്റെ ബോഗികള്‍ ഓരോന്നായി പൊട്ടിത്തെറിച്ചു... പൊട്ടിത്തെറിയുടെ ഭീകര ശബ്ദവും, പടര്‍ന്നു പിടിയ്ക്കുന്ന തീയും, അന്തരീക്ഷമാകെ വിഴുങ്ങിക്കൊണ്ട് കറുത്ത പുകയും..  മരവിച്ചു പോയി, ആ കാഴ്ച കണ്ട്.. ടിവിയില്‍ മാത്രമേ ഇങ്ങനെയൊക്കെ കണ്ടിട്ടുള്ളൂ. നേരിട്ട് അനുഭവിയ്ക്കുമ്പോള്‍ എത്ര ഭീകരം..

ഞാന്‍ അമ്മയെ കെട്ടിപ്പിടിച്ചു കൊണ്ട് ചുമലില്‍ മുഖമമര്‍ത്തി വിതുമ്പി, വാക്കുകള്‍ പുറത്തു വരാന്‍ ബുദ്ധിമുട്ടുന്നത് പോലെ തോന്നി.

അമ്മ പറഞ്ഞു - "ഉം.. സാരല്ല.. ഞാന്‍ പറഞ്ഞില്ലേ, ബസ്സില്‍ പോവാന്ന്‌... "

വാക്കുകള്‍ തൊണ്ടയില്‍ നിന്നു പുറത്തു വരാനാകാതെ വിമ്മിഷ്ടപ്പെടുകയായിരുന്നു.
"അയ്യോ..." - ഒരു നിമിഷം ശബ്ദം പുറത്ത് വന്നു.. സ്വപ്നത്തിനും യാഥാര്ത്യത്തിനും ഇടയ്ക്കുള്ള അങ്കലാപ്പിന്റെ ഏതാനും നിമിഷങ്ങള്‍ക്ക് ശേഷം ഞാന്‍ കണ്ണുകള്‍ തുറന്നു!

നുറുങ്ങ്‌ - ഇതാണ്‌ സ്വപ്നവും യാഥാര്‍ത്ഥ്യവും തമ്മിലുള്ള ഒരേ ഒരു വ്യത്യാസം, യാഥാര്‍ത്ഥ്യം സംശയിയ്ക്കാന്‍ അനുവദിയ്ക്കുന്നു, പക്ഷെ സ്വപ്നം അതിനനുവദിയ്ക്കുന്നില്ല! (ഓഷോ)

17 ഡിസംബർ 2010

വൈകി വന്ന കൂട്ടുകാരന്‍

നാലു വര്‍ഷത്തെ ബിരുദപഠനം പൂര്‍ത്തിയാക്കിയ ശേഷം, പതിനാറാം ക്ലാസ്സില്‍ നിന്ന്‌ പതിനേഴാം ക്ലാസ്സിലേക്ക് പോകുന്ന പ്രതീതിയോടെ ആയിരുന്നു ജോലിയില്‍ പ്രവേശിച്ചത്‌. ജോലി ചെയ്ത് അധ്വാനിച്ച് സമ്പാദിയ്ക്കണമെന്നോ, "സെറ്റില്‍" ആകണമെന്നോ ഉള്ള ഒരു കാഴ്ചപ്പാടേ ഉണ്ടായിരുന്നില്ല.. കൂടിപ്പോയാല്‍ ഒരു MP3 Player വാങ്ങണം, അല്ലെങ്കില്‍ നന്നായി വല്ല ഭക്ഷണവും വാങ്ങിച്ചു കഴിയ്ക്കണം, കുറേ വഴികള്‍ ഒറ്റയ്ക്കു നടക്കണം, പിന്നെ സ്വയം ചങ്ങലയ്ക്കിട്ടിരുന്ന ചിന്തകളില്‍ നിന്നും രക്ഷപ്പെടണം - അതൊക്കെയായിരുന്നു ഓരോ ദിവസവും തന്നിരുന്ന പ്രതീക്ഷകള്‍..

കോഴിക്കോടുള്ള ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ ആയിരുന്നു ആദ്യത്തെ ജോലി. കോളേജ് കഴിഞ്ഞാല്‍ ഒരിയ്ക്കലും ഒരു സൗഹൃദവും, അങ്ങനെ ഒരു അന്തരീക്ഷവും, ഉണ്ടാവില്ല എന്നു കരുതിയതാണ്‌. പണ്ട്‌ സ്കൂളിലും, പ്ലസ് ടു വിലും അവസാനത്തെ ദിവസങ്ങളില്‍ തോന്നിയതും ഇതു തന്നെ.. അതു കൊണ്ട് ഏറെക്കുറെ ഒരു പിടിപാടുണ്ടായിരുന്നു, ഒന്നും ഒരിക്കലും അവസാനിയ്ക്കില്ലെന്നും; എല്ലാം അവസാനിയ്ക്കുന്ന പോലെ തോന്നുന്നതാണെന്നും!

കോഴിക്കോട് നിന്നും മിക്കവാറും എല്ലാ ശനിയാഴ്ചയും ഞാന്‍ ഗുരുവായൂരിനടുത്തുള്ള വീട്ടില്‍ പോകും. കുറ്റിപ്പുറത്തോ, എടപ്പാളിലോ എത്തുമ്പോള്‍ അച്ഛനോ ചേച്ചിയോ വിളിയ്ക്കും; "എന്താ വരുന്നില്ലേ.. എവിടെ എത്തി." എന്നൊക്കെ ചോദിച്ചു കൊണ്ട്‌. ഞാന്‍ 9 മണിയുടെ ശ്രീറാം ബസ്സില്‍ വന്നിറങ്ങുന്നത് കാത്തിരിയ്ക്കുകയായിരിയ്ക്കും അവര്‍. രാത്രിയിലെ ബസ്സ് യാത്ര എന്റെ ഇഷ്ടങ്ങളില്‍ ഒന്നാണ്‌.. ഒരു ധൃതിയും ഇല്ലാത്ത യാത്ര..

ഒരു ശനിയാഴ്ച ദിവസം; പതിവ് പോലെ ശ്രീറാം ബസ്സ് എന്നെ വീട് വരെ കൊണ്ട് ചെന്നാക്കി നേരെ ചേറ്റുവയിലേക്ക് പോയി. വീട്ടിലെത്തി ഭക്ഷണം കഴിച്ച ശേഷം ഞാന്‍ മുറിയിലേക്ക് ഒതുങ്ങിക്കൂടി. അവിടെ ആണ്‌ ഓര്‍മ്മകളുടെ കൊട്ടാരങ്ങള്‍ ഞാന്‍ സൂക്ഷിച്ച് വെച്ചിരുന്നത്. മൃതിയടഞ്ഞ നിമിഷങ്ങളെ പുനര്‍ജ്ജനിപ്പിച്ച് അതിലൂടെ വീണ്ടും കടന്നു പോകുന്നത് ഒരു ലഹരിയായിരുന്ന് എനിക്ക്. ഓര്‍മ്മത്തുണ്ടുകള്‍ എന്തുമാകാം - സിനിമാടിക്കറ്റുകള്‍, കടല പൊതിഞ്ഞ കടലാസ്, അവസാന ദിവസം ബസ്സ് യാത്ര ചെയ്ത ടിക്കറ്റുകള്‍, ഓര്‍മ്മയില്‍ മാത്രം വല്ലപ്പോഴും ജീവിയ്ക്കുന്ന സുഹൃത്ത് പണ്ട് സമ്മാനിച്ച മിഠായിയുടെ കവര്‍, ബസ്സിന്റെ പാസുകള്‍, പഴയ ഉത്തരക്കടലാസുകള്‍.. അങ്ങനെ പല പല ഓര്‍മ്മകള്‍. ഓരോ കുഞ്ഞുതുണ്ടും, നഷ്ടപ്പെട്ട് പോയ സ്വപ്നഗോപുരത്തിന്റെ തന്മാത്രകളായിരുന്നു. ഓര്‍മ്മകളോരോന്നായി വന്നു കഥ പറയും, പണ്ടത്തെ കഥകള്‍. യൂണിഫോമും, ബ്ലാക്ക്ബോര്‍ഡും, ബെഞ്ചും ഡെസ്ക്കും എല്ലാം രംഗം നിറയ്ക്കും.. ചില കഥകള്‍ പെട്ടെന്ന് അവസാനിയ്ക്കും, വേറേ ചിലത് തുടര്‍ന്നുകൊണ്ടേയിരിക്കും, കഥകള്‍ക്കുള്ളില്‍ വേറേ കഥകള്‍..

പൊടി പിടിച്ച, നിറം മങ്ങിയ കറുത്ത ബാഗ്.. അതിലാണ്‌ ഭൂരിഭാഗം ഓര്‍മ്മകളെയും സംസ്കരിച്ചിരിയ്ക്കുന്നത്. പണ്ട് എഴുതിയ ഡയറിക്കുറിപ്പുകളും, പണ്ടത്തെ ആവലാതികളും താളുകള്‍ മറിച്ച് ഞാന്‍ ശ്വസിച്ചു. ഇടയ്ക്ക് ഒരു താളിലെത്തിയപ്പോള്‍ ശ്വാസം ഒന്നു നിലച്ചു. ഞാന്‍ കൗതുകത്തോടെ അതിലേക്ക് നോക്കി. നീല ഹീറോപ്പേന കൊണ്ടെഴുതിയ ആ എഴുത്തിനെ, നീണ്ട ആറ് വര്‍ഷങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.

"ഇല പൊഴിയും ശിശിരത്തില്‍ ചെറുകിളികള്‍ വരവായി
മനമുരുകും വേദനയില്‍ ആണ്‍കിളിയാ കഥ പാടി
മറഞ്ഞു പോയീ ആ മന്ദഹാസം
ഓര്‍മ്മകള്‍ മാത്രം ഓര്‍മ്മകള്‍ മാത്രം"

നിനച്ചിരിയ്ക്കാതെ ഒരു ദിവസം സുഹൃത്ത് കോറിയിട്ടു തന്ന വരികള്‍. സ്കൂളിലെ വിരസമായ മധ്യാഹ്നങ്ങളായിരുന്നു അവനെ എനിക്കു പരിചയപ്പെടുത്തിയത്. അന്നൊക്കെ Mp3 player ഉം, പാട്ടുകളുടെ ശേഖരവും ഒന്നും ഇല്ലാത്ത കാലമായിരുന്നു. ആകെ ഉണ്ടായിരുന്നത് പണ്ട് മാമന്‍ ഗള്‍ഫില്‍ നിന്നു വന്നപ്പോള്‍ കൊണ്ടു വന്ന ഒരു cassette player; കൂടെ ഉണ്ടായിരുന്ന രണ്ടോ മൂന്നോ കാസറ്റുകളും.. ആകെ ജന്മത്തില്‍ കേട്ടിരുന്ന പാട്ടുകള്‍ അതു മാത്രമായിരുന്നു.. ബസ്സില്‍ വെച്ചാണ്‌ വല്ലപ്പോഴും വേറേ പാട്ടുകള്‍ കേട്ടിരുന്നത്‌. ഇമ്പമുള്ള പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ അപ്പോള്‍ തന്നെ കുറിച്ചിടും, മറന്നു പോകാതിരിയ്ക്കാന്‍, എന്നെങ്കിലും അവസരം കിട്ടുകയാണെങ്കില്‍ കേള്‍ക്കാനും.

പാട്ടുകളിലൂടെ ആയിരുന്നു അവനുമായുള്ള ചങ്ങാത്തം. ബസ്സിലും മറ്റും കേട്ട പാട്ടുകളുടെ ഇത്തിരി ഭാഗം ഞാന്‍ അവനു മൂളിക്കൊടുക്കും.
അവന്‍ ആ പാട്ട് കണ്ടു പിടിച്ചു പറഞ്ഞു തരും.. റേഡിയോ കേള്‍ക്കാറുണ്ടായിരുന്നത് കൊണ്ടാവും, അവനറിയാത്ത പാട്ടുകളില്ലായിരുന്നു. എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും മലയാളം പാട്ടുകളായിരുന്നു എന്റെ പ്രിയപ്പെട്ടവ.. അന്ന് പാട്ട് കേള്‍ക്കുമ്പോള്‍ സംഗീതം ആരാണെന്നോ, പാടിയത്‌ ആരാണെന്നോ ഒന്നും ഓര്‍ക്കാറേ ഇല്ല. പാട്ട് മാത്രം.. പാട്ട് മാത്രം മതിയായിരുന്നു, അത്രയ്ക്ക് ഭ്രാന്തായിരുന്നു!

ആറ് വര്‍ഷങ്ങള്‍ അവനെക്കുറിച്ച് ഓര്‍ക്കാതെയും അന്വേഷിയ്ക്കാതെയും കടന്നു പോയിരിക്കുന്നു..അവനെവിടെ ആയിരിക്കും? പഴയ കൂട്ടുകാരെ പലരെയും ഓര്‍ക്കുട്ടിലൂടെ വീണ്ടും കണ്ടു മുട്ടി; പക്ഷെ കാണുവാന്‍ കൊതിച്ച ഈ കൂട്ടുകാരന്‍ മാത്രം ഒരു സെര്‍ച്ച് റിസള്‍ടിലും വന്നില്ല.. ഒരു സുഹൃത്ത്, അവന്‍ ബിരുദപഠനത്തിനു ചേര്‍ന്നു എന്നും, വേറൊരു സുഹൃത്ത് അവനെ യൂണിവേഴ്സിറ്റിയില്‍ വെച്ച് കണ്ടെന്നും പറഞ്ഞതല്ലാതെ അവനെക്കുറിച്ച് ആര്‍ക്കും വേറേ ഒന്നും അറിയില്ലായിരുന്നു.. ഇന്ന്, പണ്ട് കേള്‍ക്കുവാന്‍ കൊതിച്ച പാട്ടുകളുടെ എല്ലാം മോശമില്ലാത്ത ഒരു ശേഖരം തന്നെ ഉണ്ട്‌ എന്റെ കയ്യില്‍.. പണ്ടത്തെ അതേ പാട്ടുകള്‍.. പക്ഷെ അവനെവിടെ? ഇന്ന് ആ പാട്ടുകള്‍ പല തവണ കേട്ട് തഴക്കം വന്നിരിയ്ക്കുന്നു.. നേര്‍ത്ത ഒരു തരം വിരസതയും..

വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു സുഹൃത്തിനോടൊപ്പം ക്ലാസ്സ്മുറി സന്ദര്‍ശിച്ചപ്പോഴും, പരതിയത്, അവന്‍ പണ്ട് ചുവരില്‍ കോറിയിട്ട അവന്റെ അഡ്രസ്സായിരുന്നു, പുതുതായി അടിച്ച പെയിന്റിന്റെ പാളികള്‍ അതൊക്കെ തേച്ച് മായ്ച്ച് കളഞ്ഞിരുന്നു.. ഓര്‍മ്മയില്‍ അവ്യക്തമായി കിടക്കുന്നുണ്ട് അഡ്രസ്സ്, പക്ഷെ പൂര്‍ണ്ണമായും ശരിയാണോ എന്നറിയില്ല.. പെട്ടെന്നാണ്‌ ഡയറിയുടെ ആദ്യത്തെ താളുകളെ കുറിച്ച് ഓര്‍മ്മ വന്നത്, അന്ന് അടുത്തറിയാവുന്ന സുഹൃത്തുക്കളുടെ ഫോണ്‍നമ്പറുകള്‍ ഞാന്‍ എഴുതി വെച്ചിരുന്നു, ആദ്യത്തെ താളുകളില്‍..

"വളരെ അത്യാവശ്യം ഉള്ളപ്പോ മാത്രം വിളിച്ചാ മതി.. ഇത് വീട്ടിനടുത്തുള്ള നമ്പര്‍ ആണ്‌.. അയാള്‌ ചെലപ്പോ വിളിച്ച് തന്നൂന്നും വരില്ല.. ഒരു മാതിരി ആള്‍ക്കാരാണ്‌..", അവന്‍ പണ്ട് നമ്പര്‍ തന്നപ്പോള്‍ പറഞ്ഞ കാര്യം ഞാനോര്‍ത്തു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്കൂളില്‍ നിന്നും പോന്നതിനു ശേഷം, ഒരു ദിവസം അവനെ വിളിയ്ക്കുവാന്‍ ശ്രമിച്ചിരുന്നു.. അന്ന് ഫോണ്‍ എടുത്ത ആള്‍ ഒന്നും മനസ്സിലാകാത്തതു പോലെ എന്തൊക്കെയോ സംസാരിച്ചു.. അവന്റെ വീട്ട്പേര്‌ പറഞ്ഞിട്ടും അയാള്‍ക്ക് ഒന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല.. അവസാനം ഞാന്‍ ഫോണ്‍ വെയ്ക്കുകയായിരുന്നു..

ഞാന്‍ അല്‍‌പ നേരം ഫോണ്‍ നമ്പര്‍ നിരീക്ഷിച്ചു - പണ്ടത്തെ ആറക്ക ഫോണ്‍ നമ്പര്‍, ഇന്നത് ഏഴക്കം ആയിട്ടുണ്ടാകും.. മാറിയിട്ടുണ്ടാകുമോ? അവന്റെ കയ്യില്‍ എന്റെ നമ്പറും ഉണ്ടായിരുന്നു. ഇന്ന് നാടും നമ്പറും മാറിയെങ്കിലും, പണ്ട് പഴയ നമ്പറിലേക്ക്‌ അവന്‍ ഒരു വട്ടം പോലും വിളിച്ചില്ലല്ലോ.. എന്തായാലും ഒന്നു വിളിച്ചു നോക്കുക തന്നെ.. അങ്ങനെ മനസ്സില്‍ കുറിച്ചിട്ട്, ഡയറിയും, ഓര്‍മ്മത്തുണ്ടുകളും ബാഗില്‍ ഭദ്രമായി വെച്ച ശേഷം ഞാന്‍ ഉറങ്ങാന്‍ കിടന്നു. ഉറങ്ങാന്‍ കിടന്നപ്പോഴും ചിന്ത പാട്ടുകള്‍ പങ്കു വെച്ച മധ്യാഹ്നങ്ങളെക്കുറിച്ചായിരുന്നു. എന്നെ അവന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ടാകുമോ? വിളിച്ച് കിട്ടിയാല്‍, വിരസമായ സുഖാന്വേഷണവും, "എന്നാല്‍ ശരി.. പിന്നെ കാണാം" എന്ന ഉത്തരവും ആയിരിയ്ക്കുമോ? അതിലും നല്ലത് വിളിയ്ക്കാതിരിയ്ക്കുന്നതാണ്‌. എന്തായാലും വിളിച്ച് നോക്കുക തന്നെ.. ഞാന്‍ ഉറപ്പിച്ചു.

പിറ്റേന്ന് രാവിലെ പത്ത് മണി ആയപ്പോള്‍ ഞാന്‍ ഡയറിയുമായി ഫോണിന്റെ അടുത്തേയ്ക്ക് നീങ്ങി. STD കോഡും 2ഉം ചേര്‍ത്ത ശേഷം ആറക്ക സംഖ്യ ഡയല്‍ ചെയ്തു, എന്താണ്‌ സംഭവിക്കുന്നതെന്നറിയാന്‍ കാതോര്‍ത്തു.. വിളിയ്ക്കാനൊരുങ്ങുമ്പോള്‍, "This number does not exist" എന്ന പ്രതികരണം ആയിരിയ്ക്കുമോ എന്ന് പലകുറി സംശയിച്ചിരുന്നു, അങ്ങനെ ആണെങ്കില്‍ ഇതിവിടെ അവസാനിച്ചു - പിന്നെ അവന്‍ താളുകളിലും ഓര്‍മ്മകളിലും മാത്രം. പക്ഷെ, ഫോണ്‍ റിങ് ചെയ്തു.. ഒരാളെടുത്തു.. ഇരുത്തം വന്ന സംസാരം. ഞാന്‍ തൃശൂരില്‍ നിന്നാണ്‌ വിളിയ്ക്കുന്നതെന്നും, പിന്നെ എല്ലാ കാര്യങ്ങളും അയാളോട് പറഞ്ഞു. ഓരോന്ന് പറയുമ്പോഴും ശങ്കയായിരുന്നു, അയാള്‍ അവിടെ എങ്ങനെ ആണ്‌ പ്രതികരിക്കുന്നതെന്ന്.. അയാള്‍ക്ക് ഇതിലെന്തെങ്കിലും താല്‍‌പര്യം ഉണ്ടാകുമോ എന്ന്‌.. എല്ലാം കേട്ട് നിന്ന ശേഷം, ഞാന്‍ വിളിച്ചത് റോങ്നമ്പര്‍ ആണെന്ന് അയാള്‍ പറഞ്ഞു.. എല്ലാ പ്രതീക്ഷയും അതോടെ നശിച്ചു. പക്ഷെ അയാള്‍ വീണ്ടും സംസാരിച്ചു.. മുമ്പ് താമസിച്ചിരുന്നവര്‍ സ്ഥലം മാറിപ്പോയെന്നും.. അവരിവിടെ കുറച്ച് കാലമായി താമസിയ്ക്കുകയാണെന്നും.. ഞാന്‍ പറഞ്ഞ കാര്യങ്ങളൊക്കെ വെച്ച് നോക്കുമ്പോള്‍, അതു പോലെ ഒരാള്‍ അടുത്തുണ്ടെന്നും പറഞ്ഞു.. എന്റെ mobile നമ്പര്‍ അയാള്‍ക്ക് കൊടുത്തു.. എന്തായി എന്നറിയാന്‍ വൈകീട്ട് വീണ്ടും വിളിയ്ക്കാം എന്ന് പറഞ്ഞു ഞാന്‍ ഫോണ്‍ വെച്ചു..

അവനൊരു അനിയന്‍ ഉണ്ടായിരുന്നു. പിന്നെ അച്ഛന്‍, അമ്മ.. വീട്ടില്‍ നിന്നും അങ്ങനെ കാര്യമായ നിര്‍ബന്ധമൊന്നും ഇല്ല; അവന്റെ പഠനത്തെ ചൊല്ലി.. ഞാന്‍ അത്ഭുതപ്പെടാറുണ്ടായിരുന്നു, അവനെങ്ങനെ ആണ്‌ പഠിയ്ക്കുവാന്‍ തോന്നുന്നതെന്ന്.. ആരും നിര്‍ബന്ധിയ്ക്കാതെ.. അവനൊക്കെ ഭാവിയെക്കുറിച്ച് ചിന്തിയ്ക്കുന്നുണ്ടാവും, അവന്റെ മനസ്സില്‍ ഒരു ചിത്രമുണ്ടാവും എന്നൊക്കെ ഞാന്‍ അനുമാനിയ്ക്കും.. അവന്റെ എല്ലാ കാര്യങ്ങളും അറിഞ്ഞ്, എപ്പോഴും "കമ്പനി" അടിച്ച് നടന്ന് - അങ്ങനെ ഒരു സൗഹൃദമൊന്നും ഞങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നില്ല.. ഇടയ്ക്കൊക്കെ ഉള്ള സംസാരം മാത്രം. പക്ഷെ, ചില സൗഹൃദങ്ങള്‍ അങ്ങനെ ആണ്‌, ഒരുമിച്ച് ഉണ്ടായിരുന്ന വര്‍ഷങ്ങളുടെ കഥകള്‍ പറയാനില്ലെങ്കിലും അതങ്ങനെ അവിടെ നില്‍ക്കും.. ആരും അറിയാതെ.. പിന്നെ ഏതെങ്കിലും ഒരു രാത്രി പൊടി പിടിച്ച പഴയ ഒരു പുസ്തകത്തിന്റെ ഏടില്‍ നിന്ന് ഒരു നൊമ്പരമായി പുറത്തു വരും..

അന്ന്‌ വൈകുന്നേരം ഞാന്‍ വീണ്ടും വിളിച്ചു, ആളതു തന്നെ ആണെന്നും കാണാന്‍ കഴിഞ്ഞില്ലെങ്കിലും നമ്പര്‍ ഏല്പിച്ചിട്ടുണ്ടെന്നും അയാള്‍ പറഞ്ഞു. ചെയ്ത ഉപകാരത്തിന്‌ നന്ദി പറഞ്ഞ ശേഷം ഞാന്‍ ഫോണ്‍ വെച്ചു. ഒരു പരീക്ഷണം പോലെ ചെയ്ത കാര്യം ഫലപ്രാപ്തിയോടടുക്കുന്നതു കണ്ട് ഉള്ളില്‍ ഒരു സന്തോഷം തോന്നി.

പിന്നെ രണ്ട് ദിവസങ്ങള്‍ കഴിഞ്ഞു പോയി.. ഞാന്‍ കോഴിക്കോട് തിരിച്ചെത്തി.. ഒരു സന്ധ്യയ്ക്ക് അറിയാത്ത ഒരു നമ്പറില്‍ നിന്നുള്ള ഫോണ്‍കോളായി അവന്‍ വന്നു.
"ഹലോ.. എടാ ഇത്‌ ഞാനാടാ"
ഒരു നിമിഷം, എനിക്ക് മനസ്സിലായി; ഇത് അവന്‍ തന്നെ...
"എവിടെ ആയിരുന്നു ഇത്രയും കാലം? ഒരു അഡ്രസ്സും ഇല്ലല്ലോ... മറ്റ് ആള്‍ക്കാരെ പറ്റിയൊക്കെ ഏകദേശം ഒരു ധാരണയുണ്ട്‌. പക്ഷെ നീ എവിടെ ആയിരുന്നു?"
"എടാ ഞാന്‍..", അവന്‍ സംസാരിക്കാന്‍ ബുദ്ധിമുട്ടുന്നതു പോലെ തോന്നി. അവന്‍ തുടര്‍ന്നു, "ആരെം ഞാന്‍ വിളിച്ചില്ല, മനഃപൂര്‍‌വ്വമാണ്‌... ഒരു friend ഒരിക്കല്‍ കത്തയച്ചിരുന്നു, പക്ഷെ ഞാന്‍ മറുപടി അയച്ചില്ല.. ആരേം ഇനി ഒരിക്കലും കാണുമെന്ന് വിചാരിച്ചതല്ല.. അങ്ങനെ തോന്നി.. നീ വിളിച്ചല്ലോ.. ഞാന്‍ തീരെ വിചാരിച്ചില്ല ആരെങ്കിലും വിളിയ്ക്കുമെന്ന്.."
"ഞാനിപ്പോള്‍ കോഴിക്കോട് ആണ്‌.."
"നമുക്കൊരു ദിവസം കാണാം.."
"ഒരു ഞായറാഴ്ച.. ഞാന്‍ വിളിയ്ക്കാം..", ഞാന്‍ കൂട്ടിച്ചേര്‍ത്തു.
"ശരി.. കാണാം.. ഇതെന്റെ നമ്പര്‍ ആണ്‌.."
"ഞാന്‍ save ചെയ്തോളാം"

ആ വിളി അങ്ങനെ അവസാനിച്ചു. പിന്നീട് ഇടയ്ക്കിടയ്ക്ക് എനിക്ക് കിട്ടാറുണ്ടായിരുന്ന messages ഒക്കെ forward ചെയ്യുമായിരുന്നു. പക്ഷെ അവന്റെ ലോകത്തില്‍ messages ഉം കാര്യങ്ങളും ഒന്നും ഉണ്ടായിരുന്നില്ലെന്ന് എനിക്കു തോന്നി. ആഗസ്തിലെ ഒരു ഞായറാഴ്ച ഞാന്‍ അവനെ കാണുവാന്‍ തന്നെ തീരുമാനിച്ചു. അവനെ വിളിച്ചപ്പോള്‍ അവനന്ന് ക്ലാസ്സുണ്ടെന്ന് പറഞ്ഞു. പിന്നീട്‌ രണ്ട് പ്രാവശ്യം വിളിച്ചപ്പോഴും അവനെന്തൊക്കെയോ അസൗകര്യങ്ങള്‍ ആയിരുന്നു. പെട്ടെന്നൊരു ദിവസം, "This number is not currently in use", എന്ന പ്രതികരണമായിരുന്നു എനിക്കു കിട്ടിയത്‌. അത് കേട്ടപ്പോള്‍ വേദന തോന്നി; അവന്‍ അന്ന് വിളിച്ചപ്പോള്‍ പറഞ്ഞത് ഓര്‍മ്മ വന്നു.. മനഃപൂര്‍‌വ്വം ഇനി ആരുമായും ഒരു contact ഉം വേണ്ട എന്ന് വെച്ചത് കൊണ്ടാവാം.. വെറുതെ അവന്റെ ഏകാന്തതയില്‍ കടന്ന് ചെന്ന് ശല്യപ്പെടുത്തേണ്ടിയിരുന്നില്ല, എന്നും തോന്നി.. വേദനയും നിരാശയും, ഞാന്‍ അവന്റെ നമ്പര്‍ delete ചെയ്തു.. അതൊരു പൂര്‍ണ്ണവിരാമമാണെന്ന് എന്തു കൊണ്ടും എനിക്കു തോന്നി, പിന്നെ അവന്റെ ചിന്തകളോട് അല്‍‌പം സഹതാപവും..

ഓണത്തിന്റെ അന്ന്, ചില സുഹൃത്തുക്കളെ വിളിയ്ക്കുന്ന കൂട്ടത്തില്‍ അവനെ ഓര്‍ത്തു - ഒന്നു വിളിച്ചു കളയാം - അവസാനത്തെ വിളി, പക്ഷെ നമ്പര്‍ delete ചെയ്തു പോയല്ലോ.. അവന്റെ നമ്പര്‍ വേറെ ഒരു സുഹൃത്തിന്‌ ഞാന്‍ forward ചെയ്തു കൊടുത്തിരുന്നു. ആ വഴി വീണ്ടും ഒന്നു കൂടി ശ്രമിച്ചു നോക്കാം, തീര്‍ച്ചയായും അവസാനത്തെ ശ്രമം.. അങ്ങനെ നമ്പര്‍ സംഘടിപ്പിച്ച് ഞാന്‍ വീണ്ടും വിളിച്ചു - "Number not in use" എന്ന് പറയുന്നതും കാതോര്‍ത്ത് ഇരുന്നു.. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഫോണ്‍ റിങ് ചെയ്തു.. അവന്‍ പറശ്ശിനിക്കടവ് നിന്നും മടങ്ങുന്ന വഴി ആണെന്നൊക്കെ പറഞ്ഞു..

ഞാന്‍ വിചാരിച്ച പോലെ ഒന്നും അല്ല കാര്യങ്ങള്‍ എന്നറിഞ്ഞപ്പോള്‍ ആശ്വാസം തോന്നി.. അപ്പോള്‍ തന്നെ സൗഹൃദം പുതുക്കലിന്റെ തീയതി കുറിച്ചു. ശനിയാഴ്ച വൈകീട്ട് മൂന്ന് മണിക്കായിരുന്നു കാണാമെന്ന് ഏറ്റത്, K.S.R.T.C സ്റ്റാന്റില്‍ വെച്ച്.

ഞാന്‍ ഇത്തിരി നേരത്തേ തന്നെ അവിടെ എത്തി ഇരിപ്പുറപ്പിച്ചു, കയ്യില്‍ ഒരു മാസികയും ഉണ്ട്.
ആറ് വര്‍ഷത്തെ gap അവനില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടാകും.. എല്ലാവരും മാറുമ്പോഴും ഒരിക്കലും മാറാത്തത് ഞാന്‍ മാത്രം ആണെന്ന് എനിക്കെപ്പോഴും തോന്നിയിരുന്നു, ഉള്ളില്‍ എന്നും ഞാന്‍ ആ പഴയ "ഞാന്‍" തന്നെ.. 3 മണി കഴിഞ്ഞപ്പോള്‍ അല്പം താടിയൊക്കെ വളര്‍ത്തിയ ഒരു രൂപം നടന്ന് വന്നു, കൈകള്‍ പിടിച്ചു, ചിരിച്ചു കൊണ്ട് നോക്കി.. ഞാന്‍ കൗതുകത്തൊടെ വീക്ഷിയ്ക്കുകയായിരുന്നു - മാറ്റങ്ങള്‍..

പിന്നീട് കടപ്പുറത്ത് കുറേ സമയം അവനുമായി ചെലവഴിച്ചു. ഏറെ നേരവും വാചാലനായത് ഞാന്‍ തന്നെ ആയിരുന്നു. സംസാരം മുഴുവനും പണ്ട് കൂടെ പഠിച്ചിരുന്നവരുടെ വിശേഷങ്ങളായിരുന്നു.. അവനതൊക്കെ കൗതുകത്തോടെ കേട്ടിരുന്നു.. ഞാന്‍ എന്തൊക്കെ ചെയ്തെന്നും, ഇപ്പോള്‍ എന്താണ്‌ ചെയ്യുന്നതെന്നും ഒക്കെ അവനോട് പറഞ്ഞു.
അവനെക്കുറിച്ച് പറയാന്‍ ഞാന്‍ കുറേ നിര്‍ബന്ധിച്ചു.. അവന്റെ വാക്കുകള്‍ നിറയെ നിരാശയും, നിര്‍‌വികാരതയും നിറഞ്ഞു നിന്നിരുന്നു.. എന്നും ചുറുചുറുക്കോടെ സംസാരിയ്ക്കാറുണ്ടായിരുന്ന ആ പഴയ സുഹൃത്ത് തന്നെ ആണോ ഇത്‌ എന്ന് ഞാന്‍ അത്ഭുതപ്പെട്ടു.. സ്വയം ഇടിച്ച് നിരത്തിയുള്ള അവന്റെ സംസാരം സഹിക്കുവാന്‍ കഴിയുന്നതായിരുന്നില്ല... കുറേ സംസാരിച്ചു കഴിഞ്ഞപ്പോള്‍ അവന്‌ ഒരു സിഗരറ്റ് വലിയ്ക്കണമെന്ന് പറഞ്ഞു.. അത് വേണോ എന്നു ചോദിച്ചപ്പോള്‍, "ഇപ്പോള്‍ എന്തായാലും വലിച്ചേ പറ്റൂ" എന്ന് പറഞ്ഞു.. അവന്‍ പുക ഊതി വിടുന്നത് ഞാന്‍ കൗതുകത്തോടെ നോക്കി നിന്നു. നിശബ്ദതയുടെ കുറച്ച് നിമിഷങ്ങള്‍.

ഇഷ്ടമില്ലാത്ത കാര്യങ്ങളൊന്നും കുത്തിക്കുത്തി ചോദിയ്ക്കേണ്ടെന്ന് ഞാന്‍ കരുതി. ഒരു ബോട്ടില്‍ ബിയറുമായി ഞാന്‍ അവന്‌ കമ്പനി കൊടുത്തിരുന്നെങ്കില്‍ അവന്‍ അവന്റെ മനസ്സ് പൂര്‍ണ്ണമായും തുറക്കുമായിരുന്നോ..? അറിയില്ല... അവനെ തളര്‍ത്തിയ കാര്യങ്ങളൊന്നും പറയാന്‍ അവനും, കേള്‍ക്കാന്‍ എനിക്കും താല്‍‌പര്യമുണ്ടായിരുന്നില്ല എന്നതായിരുന്നു സത്യം..

"കഴിഞ്ഞതെല്ലാം കഴിഞ്ഞു.. ഇപ്പോള്‍ ഞാന്‍ പഠിപ്പിയ്ക്കാന്‍ പോകുന്നുണ്ട്‌, രണ്ട് സ്ഥലങ്ങളില്‍... ട്യൂഷന്‍ പോലെ", അവന്‍ പറഞ്ഞു..
"90% മാര്‍ക്കുണ്ടായിട്ട് PG ക്കു പൊയ്ക്കൂടെ?"
"ഇനി അതിനു വയ്യ.. ടച്ചൊക്കെ വിട്ടു.. പിന്നെ ഒരു കൊല്ലം ഞാന്‍ വെറുതെ waste ആക്കി.."
"എന്നാലും?"
"ങാ.. ഇങ്ങനെ പോട്ടെ.. ബി എഡ് ചെയ്യണം, അതാണ്‌ അടുത്ത പരിപാടി.."

ബീച്ചില്‍ വര്‍ത്തമാനം പറഞ്ഞ് നടന്ന് സന്ധ്യയായത് അറിഞ്ഞില്ല. അവിടെ നിന്നും ബസ്‌സ്റ്റാന്റ് വരെ സംസാരിച്ചു കൊണ്ട് നടന്നു. പണ്ടത്തെ കാര്യങ്ങള്‍, ആള്‍ക്കാര്‍, ടീച്ചര്‍മാര്‍.. സംസാരിക്കുവാനായി ഒരു വിഷയം തേടുകയേ ചെയ്തില്ല. അത്രയ്ക്കുണ്ടായിരുന്നു പറയാന്‍... മഴ പെയ്യുന്നത്‌ പോലെ ഞാന്‍ പറഞ്ഞു തീര്‍ത്തു. അവനും. ഇടയ്ക്ക് നിശബ്ദതയുടെ സുഖകരമായ ഒരു ഇടവേള.. അപ്പോള്‍ നടത്തം മാത്രം.. പിന്നീട് ഇല പൊഴിയും ശിശിരത്തെക്കുറിച്ചും, ശരറാന്തല്‍ തിരി താണ മുകിലിന്റെ കുടിലിനെക്കുറിച്ചും വീണ്ടും വാചാലരായി.

ബസ്‌സ്റ്റാന്റിലെത്തിയപ്പോഴേയ്ക്കും നല്ല പോലെ ഇരുട്ടായി.. പോകാനുള്ള ബസ്സില്‍ കയറുന്നതിന്‌ മുന്‍പ്‌ ഒരു കാര്യം മാത്രം അവനെന്നോട്‌ ആവശ്യപ്പെട്ടു:

"ഡാ.. ആര്‍ക്കും എന്റെ നമ്പര്‍ കൊടുക്കണ്ട.. എന്നെ കണ്ട കാര്യം പറയുകയും വേണ്ട.."

തിരിച്ച് വീട്ടിലേക്ക് നടക്കുമ്പോള്‍, മനസ്സ് ശൂന്യമായിരുന്നു. ശരിക്കും ഒരു നല്ല മഴ പെയ്ത്‌ തോര്‍ന്ന പോലെ.

അന്ന് രാത്രി ഒരു message വന്നു - "Looks like we were friends :) Love you!".

പുറത്തു വരാന്‍ എന്നും മടി കാണിയ്ക്കാറുണ്ടായിരുന്ന കണ്ണുനീര്‍ ഒരു വേദനയോടെ ചാലു കീറിയൊഴുകി..