ബാല്യം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ബാല്യം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

21 മേയ് 2016

സൌണ്ട്സ് ഗുഡ്

എനിക്ക്‌ ഇംഗ്ലീഷ് ഒരു ദൗർബല്യമാണ്. വിശേഷേണയുള്ള ദൌർബല്യം അല്ല - സാമാന്യമായ ദൌർബല്യം.

ആദ്യത്തെ ആറ് വര്‍ഷം LKG മുതല്‍ നാലാം ക്ലാസ്സ് വരെ സായിപ്പിന്റെ പോലെ, ബാഡ്ജോടു കൂടിയ കണ്ഠകൗപീനവും, അരപ്പട്ടയും, ചരണാവരണത്തോട് കൂടിയ പാദരക്ഷയും  വേണ്ടുന്ന ഇംഗ്ലീഷ് സ്കൂളിലാണ് പഠിച്ചത്. അവിടെ ഇംഗ്ലീഷ് ആശയവിനിമയത്തിനായി ഉപയോഗിക്കണം എന്ന് ഇടയ്ക്ക് നിയമം വന്നു. അക്കാലത്ത് ഓരോന്നൊക്കെ ഇംഗ്ലീഷിൽ ചോദിക്കുന്നത് ചില ടീച്ചർമാർക്ക് ഗൌരവമേറിയ അജണ്ടയായിരുന്നു. ഇപ്പോചൈനീസ്  കേൾക്കുന്നത് പോലെ ആയിരുന്നു അന്ന് ഇംഗ്ലീഷ് കേട്ടിരുന്നത്.

അതുകൊണ്ടെന്തുണ്ടായി? സമാനചിന്താഗതിക്കാരായ മലയാളപ്പിള്ളേർ, അനായാസേന ഒഴുകിപ്പോകുന്ന തരം ഇംഗ്ലീഷിന്റെ ഒരു വകഭേദം, ദൈനംദിന ആശയവിനിമയത്തിനായി അവിടെ വെച്ച് വികസിപ്പിച്ചെടുത്തു.

എന്തെങ്കിലും പറ്റാത്തത് പറഞ്ഞാൽ..
"ഈസ്റ്റ് വണ്‍ മോസ്ക്.. ദേറ് ഗോ ഏന്‍ഡ് സേ"
(അങ്ങ് കെഴക്ക് ഒരു പള്ളി ഉണ്ട്. അവിടെ പോയി പറഞ്ഞാ മതി.)

രാവിലെ വന്ന പാടെ ഹോം വർക്ക് ചെയ്യാത്ത ഇണയെ തപ്പുന്നവർ പറയുന്നത്..
"യൂ ഹോം വര്‍ക്ക്? ഐ നോ ഹോംവര്‍ക്ക് .."
(നീ ഹോംവര്‍ക്ക് ചെയ്തോ? ഞാന്‍ ഹോംവര്‍ക്ക് ചെയ്തില്ല.)

കോണി ഓടിക്കയറിയഏതോ ആണ്‍കുട്ടിയുടെ കൈ പോകുന്ന വഴിക്ക് മേത്ത് തട്ടിപ്പോയതിന്‌ നാലാം ക്ലാസ് പെണ്‍കുട്ട്യോള്‍ പറഞ്ഞത്.
"ഹീ ടച്ച്?", "ഉം ടച്ച്", "ഓ മൈ ഗോഡ്"
(ആ ചെക്കൻ നിന്റെ കയ്യിമ്മല് തട്ട്യോ? ഉം.. തട്ടി. ന്റീശ്വരാ..)

ഇംഗ്ലീഷ് പറയണം എന്ന് ആഗ്രഹമില്ലാത്ത ചില പിള്ളേര്‍ അവിടെ പോയി കണ്ഠകൗപീനം കെട്ടാനും, ചരണാവരണത്തോട് കൂടിയ പാദരക്ഷ ഇടാനും, കാണാപ്പാഠം പഠിയ്ക്കാനും നന്നായി പഠിയ്ക്കും. ഇന്നത്തെ പോലെ ടിവിയും മറ്റു മാധ്യമങ്ങളും പ്രചാരത്തിൽ ഇല്ലായിരുന്നത് കൊണ്ട്, മലയാളം മാത്രം സംസാരിച്ച് പഴകിയ കുടുംബത്തിൽ നിന്ന് വന്നവർക്ക് ഇംഗ്ലീഷ് പറച്ചിൽ ഒരു പുതിയ അനുഭവം ആയിരുന്നു. നല്ല താൽപര്യം ഇല്ലാത്ത തരം പഠിപ്പ് പഠിക്കുന്നവരുടെ ഇംഗ്ലീഷ് പറച്ചിൽ "ദേറ് ഗോ ഏന്‍ഡ് സേ" ആയില്ലെങ്കിലല്ലേ അദ്‌ഭുതപ്പെടേണ്ടത്? തിയറി കുഴപ്പമില്ലാതെ മുന്നോട്ട് പോയി. പ്രാക്ടിക്കൽ മുമ്പ് പറഞ്ഞ ദേറ് ഗോ ഏന്‍ഡ് സേ.

പിന്നീട് അഞ്ച് മുതല്‍ പത്തു വരെ പഠിച്ച സ്കൂളിൽ ഇംഗ്ലീഷ് പറയണമെന്നേ ഇല്ലായിരുന്നു. വിഷയങ്ങള്‍ ഇംഗ്ലീഷില്‍ ആയത് കൊണ്ട് ഒരു പരിചയം വന്നു. "ഒരുവേള പഴക്കമേറിയാൽ ഇരുളും മെല്ലെ.." എന്ന് ആശാൻ പറഞ്ഞത് പോലെ  പഴകിപ്പഴകി ഇംഗ്ലീഷ് വെളിച്ചം കുറച്ച് കിട്ടി (ആശാൻ പറഞ്ഞത് സീത ആശ്രമത്തിൽ കഴിഞ്ഞപ്പോൾ ആണെന്ന് അമ്മയുടെ സാക്ഷ്യം!). പശു മൂത്രമൊഴിക്കുന്നതു പോലെ, ഇംഗ്ലീഷ് അനിർഗളം പുറത്തേക്ക് വരില്ലെങ്കിലും, ചാണകം വീഴുന്ന നിലവാരത്തിലൊക്കെ വരും. പ്രയോഗം കുറവായത് കൊണ്ട് ചാണകത്തിൽ നിന്ന് മൂത്രത്തിലേക്ക് കാലാന്തരേ പരിണമിച്ചുമില്ല, എന്നിലെ പശു മലയാളത്തിൽ മൂത്രമൊഴിച്ചും ഇംഗ്ലീഷിൽ ചാണകമിട്ടും സ്വസ്ഥമായി കഴിഞ്ഞു കൂടുകയാണ് ഉണ്ടായത്.

കഥയ്ക്ക് ട്വിസ്റ്റ്‌. വിവാഹം കഴിഞ്ഞു. പ്രിയതമ മുഴുനീളം മലയാളം സ്കൂളില്‍ പഠിച്ചു പോന്ന കുട്ടിരത്നമാണ് (ന്നെ സ്ത്രീന്ന് വിളിക്കല്ലേ.. ). അതിന്റെ ലാളിത്യം സദാ പ്രകടമായിരുന്നെങ്കിലും എസ്. എസ്. എല്‍‌. സി ക്കുള്ള മാര്‍ക്ക് വെച്ച് പല തവണ ഞാന്‍ പീഡിപ്പിക്കപ്പെട്ടിരുന്നു, സ്കൂൾ ജീവിതം അയവിറക്കുന്നതിനിടയിൽ ഇത്തരം സംഗതികൾ കടന്നു വരും..
"പിന്നെല്ലേ എസെല്‍സിക്ക് ഞാന്‍ കുത്തിയിരുന്ന് പഠിച്ചതാ സോഷ്യല്‌, ഓരോ പാഠോം തൊടക്കം മുതല്‌ അവസാനം വരെ കാണാണ്ട് പറയ്വായീനു. ഐല് ഇനിക്ക് ഐമ്പേല്‌ ഐമ്പേ കിട്ടി. കിരണ്‌ന് എത്തറ്യാ..?"

അവൾക്കും ഇംഗ്ലീഷ് ദൌർബല്യം ആയിരുന്നു. എനിക്ക് ആറ്‌ വർഷത്തെ ഇംഗ്ലീഷ് കാറ്റേറ്റ് അല്പസ്വല്പം പ്രയോഗങ്ങളൊക്കെ വശത്തായിരുന്നു.
എന്നിരുന്നാലും ജലാംശത്തിന്റെ ഏറ്റക്കുറച്ചിലുള്ള രണ്ടു തരം ചാണകമായിരുന്നു ഞങ്ങൾ ഇരുവരുടെയും ഇംഗ്ലീഷ്.

ജോലിയിൽ പരിഭാഷയ്ക്ക് ഒരു കൈത്താങ്ങ് വേണ്ടി വരുമ്പോഴൊക്കെ ഞാൻ ഓടിച്ചെന്ന്  മൂക്കില്ലാ രാജ്യത്തെ മുറിമൂക്കന്‍ സായിപിന്റെ ആ  വേഷമെടുത്തിട്ട്  എസ് എസ് എല്‍ സി പീഡനത്തിന്റെ ക്ഷീണമങ്ങ് തീര്‍ക്കും. ഒരു ഇംഗ്ലീഷ് മുല്ലയാണ്‌ ഞാന്‍ എന്നത്രേ അവളുടെ തെറ്റിധാരണ.

വിവാഹം കഴിഞ്ഞ് പുതിയ ജോലിയില്‍ പ്രവേശിച്ച കാലത്ത് മിക്കവാറും ദിവസങ്ങളില്‍ Client ആയിരുന്ന സായിപുമായി text chat ഉണ്ടാകുമായിരുന്നു അവള്‍ക്ക്. അത് കൈകാര്യം ചെയ്യുന്നതിനിടയില്‍ നടന്ന ഒരു കുഞ്ഞു കാര്യം പങ്കു വെക്കാനാണ്‌ ഇത്രയും വലിയ മുഖവുര!
(അല്ലെങ്കിലും  ഫ്രണ്ട്സിന്റെ ഒക്കെ മുന്നില് ന്നെ കരിവാരിത്തേക്കാൻ പ്രത്യേക താല്പര്യം ആണല്ലോ!
പൊന്നേ, ഒരു കുഞ്ഞ് നർമ്മം പങ്കു വെക്കലല്ലേ!)

ഒരു ദിവസം കാലത്ത് സായിപ് എന്തോ ജോലിയുടെ കാര്യം ചാറ്റ് ചെയ്തു ചോദിച്ചു. ഇന്ന ഇന്നതൊക്കെ ചെയ്തു തീർന്നു, ഇനി ഇതൊക്കെ ചെയ്യാനുണ്ട് എന്ന രീതിയിൽ അവൾ  മറുപടി പറഞ്ഞു.  എല്ലാം കഴിഞ്ഞപ്പോള്‍ സായിപ്  കഠിനമായ എന്തോ അവളോട് പറഞ്ഞത്രേ.എന്നിട്ട് ഗുഡ് ബൈ പറഞ്ഞ് ലോഗ്ഔട്ട് ചെയ്തു.

സംഭവം ഗുരുതരമായെന്ന് അവൾക്ക് ബോധ്യമായി. ജോലിയുടെ കാര്യത്തില്‍ എന്തോ വീഴ്ച സംഭവിച്ചോ? അതിനും മാത്രം ഒന്നും ഉണ്ടായും ഇല്ലല്ലോ. എവിടെയാണ്‌ വീഴ്ച എന്ന് വ്യക്തമായി മനസ്സിലാവുന്നില്ല. എന്തായാലും സായിപ്പ്  അത്ര രസത്തിലല്ല. ആവലാതിയോടെ സീറ്റില്‍ നിന്ന് എഴുന്നേറ്റു pantry യിലേക്ക് നടന്നു. കൂട്ടുകാരുമായി ഈ ആവലാതി പങ്കു വെക്കാമെന്നുറച്ചു. എന്തെങ്കിലും പ്രതിവിധി കിട്ടിയാലോ എന്നാ പ്രതീക്ഷയിൽ അവിടെയിരുന്ന് ചായ കുടിക്കുന്നവരുടെ അടുത്തെത്തി.

അവള്‍‌ :  "എന്റീശ്വരാ.." (ടെന്‍ഷന്‍ .. ) 

കൂട്ടുകാരി : "എന്താ.. എന്താ പറ്റിയേ.."

അവള്‍‌ : "കൊഴപ്പായെടോ.. രാവിലെത്തന്നെ സായിപിന്റെ അടുത്ത്ന്ന് കേട്ടു.."

കൂട്ടുകാരി : "എന്താ കാര്യം.. ഇമ്മക്ക് സമാധാനം ഇണ്ടാക്കാം."

അവള്‍‌ : "Client ഇന്നോട് ചൂടായി."

കൂട്ടുകാരി : "എന്തിന്.."

അവള്‍‌ : "അത് ഇനിക്കും മനസ്സിലാവുന്നില്ല.. ജോലി ഒക്കെ നന്നായി പോക്വായിരുന്നു..  ഞാന്‍ അങ്ങോട്ട് Update നേരത്തേ പറയാത്തത് കൊണ്ടാണോന്നാ സംശയം."

കൂട്ടുകാരി : "അപ്പോ Update കൊടുത്തില്ലേ?"

അവള്‍‌ : "അതൊക്കെ ചെയ്തതാ, ഇന്നലെ mail അയച്ചു. ഇന്ന് കാലത്ത്  chat ചെയ്തപ്പോഴാന്ന് നേരിട്ട് പറഞ്ഞത് എന്ന് മാത്രം. അതിന്‌ ചൂടാവണോ? ഇനി സാറിനോടെങ്ങാന്‍ പോയി പറഞ്ഞ് കൊഴപ്പാവോ ഈശ്വരാ?"

കൂട്ടുകാരി : "സായിപ് എന്താ നിന്നോട് പറഞ്ഞേ? വല്ല ചീത്തയോ മറ്റോ?"

അവള്‍ : "ചീത്ത പറഞ്ഞില്ലാന്നേ ഉള്ളൂ.."

കൂട്ടുകാരി : "പിന്നെ ?"

അവള്‍ : "ഇന്നോട് പറയ്വാ.."

കൂട്ടുകാരി : "പറഞ്ഞ കാര്യം പറയെടോ."

അവള്‍ : "Sounds good" ന്ന്

ഇത്തിരി നേരത്തെ ചിരിക്ക് മുന്നോടിയായുള്ള ലാഘവമുള്ള നിശബ്ദത. അതറിഞ്ഞ്, എന്തോ  അമളി പറ്റിയെന്ന് അവള്‍ ഉറപ്പിച്ചു. അമളിയാണെങ്കിലെന്താ പേടിക്കാനൊന്നുമില്ലല്ലോ എന്ന് സമാധാനിച്ചുകൊണ്ട് അവള്‍ ചോദിച്ചു :
"എന്താ.. അതിന്‌ വേറെ വല്ല അര്‍ത്ഥോം ണ്ടോ?"

കൂട്ടുകാരി : "അതിന്‌ ഒരു അര്‍ത്ഥമേ ഉള്ളൂ.."

അവള്‍ : "എന്തായാലും വേണ്ടില്ല.. നല്ലതല്ലേ മോളേ ആ അർത്ഥം?"

കൂട്ടുകാരി : "ഗുഡ് എന്ന് കേട്ടാ അറഞ്ഞൂടെ മണ്ടൂസേ നല്ലതാണ്‌ ന്ന്.."

അവള്‍ :   "അതെനിക്കറിയാം.. പക്ഷെ അതു മാത്രല്ലല്ലോ പറഞ്ഞേ.. സൌണ്ടും കൂടി ഇല്ലേ?"

കൂട്ടുകാരി : "നീയെന്ത്‌ അർത്ഥാ വിചാരിച്ചേ?"

അവള്‍ :  "Sound ന്ന് പറഞ്ഞാ ഒച്ചാന്നല്ലേ അര്‍ത്ഥം. Good ന്ന് പറഞ്ഞാ നല്ലത്. Sounds good എന്ന് പറയുമ്പോ - ഒച്ച എടുത്ത് ചോദിച്ചത് കൊണ്ട് കാര്യങ്ങളൊക്കെ നല്ല പോലെ മനസ്സിലാക്കാനായി, എന്നാ പറഞ്ഞത്‌ന്ന് വിചാരിച്ചു!

കൂട്ടുകാരി : "എന്റമ്മോ! ഇത്ര കടന്ന് ചിന്തിച്ചു പോയോ? നീ പറഞ്ഞത് കേട്ടിട്ട് നന്നായി തോന്നുന്നു എന്നാ അയാള്‍ പറഞ്ഞേ.."

(ആത്മഗതം - സായിപ് എന്ത് തങ്കപ്പെട്ട മനുഷ്യന്‍‌. വെറുതേ തെറ്റിധരിച്ചു, പേടിച്ചു! അല്ലെങ്കിലും ഇന്നോട് അയാള്‍ അങ്ങനെയൊന്നും പറയണ്ട കാര്യല്ലാന്ന് ഇനിക്കറിയാം..പെട്ടെന്ന് കേട്ടപ്പോ പിന്നെ....)

**കഥ എന്ന ലാബൽ  ധാരാളം മേമ്പൊടി ചേർത്തതു കൊണ്ട്.

23 ഒക്‌ടോബർ 2011

നൊസ്റ്റാള്‍ജിയ

കാലിഫോര്‍ണിയ,
12/07/2011.

പതിനഞ്ച് കൊല്ലത്തെ ഇടവേളയ്‌ക്ക് യോജിച്ച വലിയ ഒരു മുഖവുരയൊന്നും എനിക്ക് നിന്നോട് വേണ്ടെന്ന് തോന്നി.
നീ വിചാരിക്കുന്നുണ്ടാവും എന്തു പറ്റി ഈ പൊട്ടനെന്ന്.!
അതോ ഇത്രയും കാലം എവടെപ്പോയിക്കെടക്കുകയായിരുന്നു ഈ പണ്ടാരക്കാലന്‍ എന്നാണോ?

എത്ര കൊല്ലമായെന്നറിയ്വോ മലയാളത്തില്‍ ഒരു വരി തെകച്ചെഴുതിയിട്ട്.. ഞാന്‍ ഇങ്ങനെ എഴുതുമ്പോള്‍ പഴയ ആ കാലം തിരിച്ച് കിട്ടിയ പോലെ.. എനിക്ക് അത്ഭുതം തോന്നുന്നു ഈ ലിപികളൊന്നും ഞാന്‍ മറന്നില്ലല്ലോ..

ഓര്‍മ്മയില്ലേ അഞ്ചാം ക്ലാസ്സില്‍ ലതട്ടീച്ചര്‍ കത്തെഴുതുന്നതെങ്ങനെ ആണെന്ന് പഠിപ്പിച്ചു തന്ന ദിവസം? കത്ത് കിട്ടുന്നത് വലിയ ഗമയാക്കി കൊണ്ട് നടന്ന കാലം.. സമ്മര്‍ വെക്കേഷന്‌ ചുമ്മാ അങ്ങോട്ടുമിങ്ങോട്ടും കത്തെഴുതി വിട്ടതും മറ്റും..
പോസ്റ്റ്മാന്റെ കയ്യില്‍ നിന്ന് കത്ത് വാങ്ങി, എല്ലാവരെയും കാണിച്ച്, ദാ കണ്ടോ എനിക്ക് വന്ന കത്താണെന്ന് ഗമയില്‍ പറഞ്ഞ് നടന്നതൊക്കെ ഓര്‍മ്മയില്ലേ..? എന്താ അതിനകത്തൊക്കെ എഴുതിയിരിക്കുന്നേ..? സിനിമ കാണാന്‍ പോയ കാര്യം.. പല്ല് പറച്ച കാര്യം.. :-)
കത്തില്‍ നിറയെ അക്ഷരത്തെറ്റുകള്‍ ആയിരുന്നു.. ഇപ്പോ വായിക്കുമ്പോള്‍ ചിരി വന്നേനെ.. അതൊക്കെ പഴയ ആ പെട്ടിയില്‍ കാണുമായിരിക്കും...

ഞാന്‍ ഇപ്പൊ എവടെയാ എങ്ങനെയാ ഒന്നും പറഞ്ഞില്ലല്ലോ. നിനക്കാണെങ്കില്‍ ഒരു ഈമെയില്‍ അഡ്രസ് പോലുമില്ല. ഉണ്ടെങ്കില്‍ എന്തു രസമായിരുന്നെന്നറയ്വോ..? ഫേസ്ബുക്കും, ചാറ്റിംഗും.. ഒക്കെ നല്ല രസമാടാ.. നീ ഇപ്പഴും പെയിന്റിംഗും ആയി നടക്കുകയാണോ? അത് പോട്ടെ, നിന്റെ വല്ല പെയിന്റിംഗും ഹിറ്റ് ആയോ..? അതൊ സരോജിനിച്ചേച്ചി പറഞ്ഞത് പോലെ "ഇവനീ പെയിന്റിംഗ്‌ എന്ന് പറഞ്ഞ് നടന്നിട്ട് അവസാനം വൈറ്റ് വാഷ് പണിക്കെങ്കിലും പോയി നാല്‌ കാശ് കുടുംബത്ത് കൊണ്ടോന്നാ മതിയായിരുന്നു..".. എന്ന്.. :-) ഇപ്പോ എന്തു പെയിന്റിംഗാടാ?

നിനക്കിപ്പഴും പരിഭവം കാണും പതിനഞ്ച് കൊല്ലക്കാലം എവിടെ ആയിരുന്നു ഈ സുഹൃത്തെന്ന്.. സമയം കിട്ടണ്ടേ.. ഈമെയില്‍ ഐ.ഡി. ഉണ്ടായിരുന്നെങ്കില്‍ വല്ലപ്പോഴും മെയിലെങ്കിലും അയയ്‌ക്കാമായിരുന്നു.. ശരിക്കും എല്ലാവരെയും ഞാനങ്ങു മറന്നു.. ഒന്നു ശ്രമിച്ചിരുന്നെങ്കില്‍ ഫോണ്‍ നമ്പറെങ്കിലും കിട്ടിയേനെ.. പക്ഷെ ഒന്നും തോന്നിയില്ല.. എനിക്കറിയില്ല.. ഒരൊഴുക്കില്‍ പെട്ടതു പോലെ.. അനങ്ങാന്‍ തോന്നിയില്ല, ഇത്രേം കാലം.. പക്ഷെ ഇപ്പോ ഇവിടെ ആകെ മടുത്തു.. എന്നും ഒരേ പണി.. ആദ്യമൊക്കെ ഭയങ്കര ത്രില്ലായിരുന്നു - കമ്പ്യൂട്ടറും, സാന്‍ഡ്വിച്ചും, ബര്‍ഗ്ഗറും മാത്രമുള്ള ലോകത്തില്‍ വീണുകിടന്ന് പ്രയത്നിക്കാന്‍.. പക്ഷെ ഇപ്പോ ശരിക്കും മടുപ്പ് തോന്നുന്നെടാ.. പഴേതൊക്കെ ശരിക്കും മിസ് ചെയ്യുന്നത് പോലെ..

ഞാന്‍ തിരിച്ച് വരാന്‍ പോവ്വാ.. പഴയ സ്ഥലത്തേയ്‌ക്ക്.. എന്ന് വച്ചാ നാട്ടിലേക്ക്.. പണി... ഇതു തന്നെ.. വല്ല സോഫ്റ്റ്‌വെയര്‍ കമ്പനീലും ശ്രമിയ്‌ക്കണം. എല്ലാരും പറഞ്ഞു കേള്‍ക്കാറില്ലേ..? വല്ല്യച്ഛന്‍ എപ്പഴും ഉപയോഗിച്ചിരുന്ന വാക്ക് - "സെറ്റിലാകാന്‍" തീരുമാനിച്ചു..
ഞാന്‍ കഴിഞ്ഞ ആഴ്ച മുതല്‍ ഫേസ്‌ബുക്ക് തപ്പിക്കൊണ്ടിരിക്കുകയാ.. പഴേ ആള്‍ക്കാരെയൊക്കെ..
അപ്പഴാ മറന്ന് പോയ ഒരു മുഖം ഓര്‍മ്മ വന്നത്.. നമ്മടെ പഴേ കൂട്ടുകാരി..
അമ്മു.. എനിക്കവളെ മറക്കാന്‍ കഴിയുന്നില്ലെടാ.. ഓര്‍മ്മയുണ്ടോ നിനക്കവളെ? ആറാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്താ ഞാനവളെ അവസാനമായി കണ്ടത്.. അച്ഛന്‌ സ്ഥലം മാറ്റം കിട്ടി താമസം മാറിയ അന്ന്.. കണ്ണുകള്‍ ചാലുകീറി ഒഴുകിയത് ഇപ്പഴും ഓര്‍മ്മയുണ്ട്..
പൊടി പറത്തിപ്പോയ ആ വെള്ള അംബാസറിനകത്ത്, ആല്‍മരം കാഴ്ച മറയ്‌ക്കുന്നത് വരെ ഞാന്‍ പുറകോട്ട് നോക്കി ഇരിക്കുകയായിരുന്നു.. പിന്നീട് ഒന്നും ഓര്‍മ്മയില്ല.. ഓര്‍ത്തില്ല, മറന്നു..

ഓര്‍മ്മയുണ്ടോ, സന്ധ്യക്ക്‌ കളി കഴിഞ്ഞ് വീട്ടില്‍ ചെല്ലാന്‍ വൈകുന്നതിന്‌ നല്ല പെട കിട്ടിയിരുന്നത്? ഒരു ദിവസം രാത്രി എട്ട് മണി കഴിഞ്ഞിട്ടും എത്താഞ്ഞതിന്‌ അച്ഛന്‍ എന്നെ ഗ്രൗണ്ടിനടുത്തുള്ള ആല്‍ത്തറ മുതല്‍ വീട്ടിലെത്തുന്നതു വരെ അടിച്ചോടിച്ചത്? പോകുന്ന വഴി അവള്‍ ഉമ്മറത്തിരുന്ന് ഗോഷ്ഠി കാണിയ്‌ക്കുന്നുണ്ടായിരുന്നു. അന്നെനിയ്‌ക്ക് അരിശമാണ്‌ തോന്നിയത്.. അടുത്ത ദിവസം കാലത്ത് സ്കൂളില്‍ പോകുന്ന വഴി നല്ല ഒരു നുള്ള് ഞാന്‍ കൊടുത്തു.. അന്ന് കരഞ്ഞ് കൊണ്ട്‌ ഓടിപ്പോയ അവളെ നീ ആയിരുന്ന് ആശ്വസിപ്പിച്ചത്.. :-) അതൊക്കെ എന്തു നല്ല കാലമായിരുന്നു അല്ലെ?

ഇവിടെ ശരിയ്‌ക്കും മടുത്തെടാ.. എനിക്ക് തിരിച്ചു വരണം.. ഞാന്‍ സീരിയസ് ആയി ഒരു കാര്യം പറയാന്‍ പോവ്വാ.. കല്ല്യാണക്കാര്യം തന്നെ.. അമ്മുവിനെ ഞാന്‍ ഫേസ്‌ബുക്കില്‍ വെച്ച് വീണ്ടും കണ്ടു മുട്ടിയെടാ... ആദ്യം നോക്കിയത് "റിലേഷന്‍ഷിപ് സ്റ്റാറ്റസ്" ആണ്‌.. ഭാഗ്യത്തിന്‌ single തന്നെ.. ഞാന്‍ ഇപ്പോ ആകെ excited ആണെടാ.. നിന്നോടാകുമ്പോള്‍ എല്ലാം തുറന്നു പറയാലോ.. അവള്‍ എന്തുകൊണ്ടും എനിക്ക് ചേരും എന്നാ തോന്നുന്നേ.. അല്ലേ? പക്ഷെ ഇങ്ങനെ ഒരു രീതിയില്‍ ഞാനിതു വരെ അവളോട് സംസാരിച്ചിട്ടില്ല. ഒരു ഫ്രന്‍ഡ്‌ഷിപ് റിക്വസ്റ്റ് അയച്ചു.. അത്ര മാത്രം.. എനിക്കെന്തോ ഒരു ഭയം പോലെ.. അവളെങ്ങനെ കാണുമെന്നറിയില്ലല്ലോ..

എനിക്ക് യാതൊരു വിധ demandകളും ഇല്ല.. എന്നെ സ്നേഹിക്കാന്‍ കഴിയുന്ന, എന്റെ ചുറ്റുപാടുകളുമായി യോജിച്ച് പോകാന്‍ പറ്റുന്ന ഒരു പെണ്‍കുട്ടി ആയാല്‍ മതി. കുട്ടിക്കാലത്തേ പരിചയമുള്ളതാവുമ്പോ അത് നല്ലതല്ലേ.. :-)

ഓര്‍മ്മയില്ലേ അവിടെ ഇലഞ്ഞി മരത്തില്‍ കളിക്കാനായി അമ്മുവിന്റെ അച്ഛന്‍ ഊഞ്ഞാല്‍ കെട്ടി തന്നത്? അന്ന് ഊഞ്ഞാല്‍ ഉയരത്തില്‍ ആട്ടി നമ്മള്‍ അവളെ പേടിപ്പിച്ചത് ഓര്‍ക്കുന്നുണ്ടോ? ചോണനുറുമ്പ് നിക്കറിനകത്ത് കയറി നീ നിലവിളിച്ചത് എന്തായാലും ഓര്‍മ്മ കാണും.. ഹോ.. ആ കാലം ഇനി തിരിച്ചു കിട്ടില്ലല്ലോ...

എനിക്കിപ്പഴും ഓര്‍മ്മയുണ്ട് അവള്‍ ഒറ്റ മോളായിരുന്നില്ലേ.. എല്ലാരും അവളെ വല്ലാതെ കൊഞ്ചിയ്‌ക്കാറുണ്ടായിരുന്നു.. അവള്‍ എന്ത് ശാഢ്യം പിടിച്ചാലും അത്‌ കിട്ടിയിരിക്കും.. ആ പ്രദേശത്തുള്ള കുട്ട്യേള്‍ക്കാര്‍ക്കും അവളുടെ അത്രേം നല്ല ഒരു doll ഉണ്ടായിരുന്നില്ലല്ലോ.. നീലക്കണ്ണുകള്‍ അടയ്‌ക്കുകയും തുറക്കുകയും ചെയ്യുന്ന ആ പാവ നിനക്കോര്‍മ്മയില്ലേ..? ഹി ഹി... അനിയനുണ്ടാകുന്നതാണ്‌ അവള്‍ക്കിഷ്ടം എന്ന് പണ്ട് പറഞ്ഞത്‌ ഓര്‍ക്കുന്നു. :-)

എടാ.. പിന്നെയൊരു കാര്യം.. അവള്‍ ഫേസ്‌ബുക്കില്‍ പ്രൊഫൈല്‍ ഫോട്ടോ ഇട്ടിട്ടില്ല, ഒറ്റ ഫോട്ടോസ് പോലും ഷെയര്‍ ചെയ്‌തിട്ടുമില്ല.. ഞാന്‍ കുറേ request ചെയ്‌തു നോക്കി, ഒരു ഫോട്ടോ send ചെയ്യാന്‍.. കൗതുകം കൊണ്ടാ.. നമ്മളൊക്കെ ഇപ്പൊ എങ്ങനെയാ മാറിയതെന്ന് അറിയാലോ.. എനിക്കാണെങ്കില്‍ വീട്ടില്‍ ഈ കാര്യം അവതരിപ്പിക്കുന്നതിന്‌ മുമ്പ് ഒന്ന് ഫോട്ടോ കണ്ടാല്‍ കൊള്ളാമെന്നുണ്ട്..
എടാ.. അവളുടെ ഒരു ഫോട്ടോ സംഘടിപ്പിച്ച് തരാന്‍ പറ്റുമോ?

എനിക്ക് ഒരു demandഉം വേറെയില്ല.. പക്ഷെ ഇന്നത്തെ കാലത്ത് ഒരു proposal ന്റെ കാര്യമൊക്കെ അറിയാലോ.. വീട്ടില്‍ present ചെയ്യണമെങ്കില്‍ ചില സംഗതികളൊക്കെ അറിയണം.. അവളുടെ അച്ഛന്‍ കസ്റ്റംസിലായിരുന്നില്ലേ? അമ്മ high school ടീച്ചറും..?

വേറേ എന്താ പറയ്വാ... അമ്മൂന്‌... അമ്മൂന്‌ വേറെ affair ഒന്നും ഇല്ലല്ലോ.. ഞാന്‍ വളരെ Open ആണ്‌.. ആ ഒരു Openness മാത്രമേ ഞാന്‍ തിരിച്ചും പ്രതീക്ഷിയ്‌ക്കുന്നുള്ളൂ.. എനിക്ക് ഒരു demand ഉം വേറെ ഇല്ല.. എന്നാലും കല്ല്യാണക്കാര്യമാകുമ്പോള്‍ എല്ലാം അറിയണമല്ലോ.. ഒരു affair ഉണ്ടായി എന്നത് വലിയ കാര്യമൊന്നുമല്ല.. എനിക്കതൊക്കെ ഉള്‍ക്കൊള്ളാന്‍ കഴിയും.. അങ്ങനെ വല്ലതും ഉണ്ടായിരുന്നെങ്കില്‍ തന്നെ ഇപ്പോ എന്താ പ്രശ്നം.. പക്ഷേ, നിനക്കറയാലോ അമ്മയെ.. അമ്മയ്‌ക്ക് ഈ വക ഏര്‍പ്പാടുകളൊക്കെ വലിയ കാര്യമാ.. പഴേ ആള്‍ക്കാരല്ലേ.. ചെലപ്പോ ആളെ വിട്ട് രഹസ്യമായി അന്വേഷിപ്പിച്ച് കളയും.. അതൊക്കെ ഒഴിവാക്കാന്‍ വേണ്ടിയാ നിന്നോട് നേരത്തേ ചോദിയ്‌ക്കുന്നേ.. അമ്മു നല്ലവളാ... എനിക്കൊറപ്പുണ്ട് അവള്‍ neat ആണെന്ന്.. എന്നാലും ഒന്ന് ചോദിച്ചൂന്നേ ഉള്ളൂ.. നീയതൊന്ന് അന്വേഷിച്ചേയ്‌ക്കണേ..

അവരുടെ സ്ഥലം ഏകദേശം എത്ര സെന്റ് കാണും? ഗ്രൗണ്ടിന്റെ അവടെ തൊടങ്ങി അങ്ങ് അമ്പലക്കുളം വരെയുള്ളത് അവരുടെയല്ലേ..? ഒന്നു confirm ചെയ്യ്വോ.. എടാ അന്വേഷിയ്‌ക്കുമ്പോ, ഊഞ്ഞാല്‌ കെട്ടിയ ആ സ്ഥലത്തിന്റെ കാര്യവും ഒന്ന് ചോദിയ്‌ക്കാന്‍ മറക്കണ്ട...

എടാ അമ്മുവിന്റെ അച്ഛനിപ്പോ റിട്ടയര്‍ ആയിക്കാണും അല്ലേ? അമ്മയ്ക്കിപ്പോ ഏതാണ്ട് 25 വര്‍‌ഷം സര്‍‌വീസ് ആയിക്കാണില്ലേ?
ഇപ്പഴും അവള്‍ ഒറ്റ മോള്‍ തന്നെയാണോ? അനിയത്തിയോ മറ്റോ? അറിയാനുള്ള കൗതുകം കൊണ്ട്‌ ചോദിച്ചുവെന്നേ ഉള്ളൂ.. അവളെപ്പോലെ തന്നെ, എനിക്കും വീട്ടുകാര്‍ക്കും അവള്‍ക്ക്‌ അനിയന്‍ ഉണ്ടാകുന്നതാണിഷ്ടം.. പെട്ടെന്നൊരു അത്യാവശ്യം വരുമ്പോ കുടുംബത്തൊരു ആണ്‍തരി ഉണ്ടായിരിയ്‌ക്കുന്നത് നല്ലതല്ലേ.. അതോണ്ടാ.. അതൊന്നന്വേഷിയ്‌ക്കണേ.. ചുമ്മാ Family details പറയുമ്പോ ഇതൊക്കെ വേണ്ടേ.. :-)

പിന്നെ, job profile ഞാന്‍ ഫേസ്‌ബുക്കില്‍ കണ്ടു.. അതൊരു വലിയ കടമ്പ തന്നെയായിരുന്നു. M.B.A ഈസ് ക്വയറ്റ് ഫൈന്‍. യൂ നോ..

------------------------------------------------------------------------
എടാ ഞാന്‍ ഉപയോഗിച്ച ചിഹ്നങ്ങളൊക്കെ മനസ്സിലായോ..? ഇല്ലെങ്കില്‍ ഇതാ അതിന്റെയൊക്കെ അര്‍ത്ഥം.. ഇപ്പഴൊക്കെ സ്മൈലീസ് ഇല്ലാതെ ഒരു സെന്റന്‍സ് എഴുതാന്‍ പറ്റാത്ത സ്ഥിതിയായി.. :-D

:-) ഞാന്‍ ചിരിക്കുന്നത്‌
;-) ഞാന്‍ കണ്ണിറുക്കുന്നത്
:-D ഞാന്‍ വല്ലാണ്ട് ചിരിയ്‌ക്കുന്നത്

NB:
(1) എടാ, ഫോട്ടോ കിട്ടി എല്ലാവര്‍ക്കും ഇഷ്ടമായാല്‍ മാത്രമേ ഈ കല്ല്യാണക്കാര്യം forward ചെയ്യൂ.. അതു കൊണ്ട് ഞാന്‍ OK പറയുന്നത് വരെ ഇത് രഹസ്യമാക്കി വെയ്‌ക്കണേ.. ;-) എനിക്കെന്തായാലും അവളെ ഇഷ്ടമാവും.. വെറുതെ ഒരു കൗതുകം കൊണ്ടാ ഫോട്ടോ വേണമെന്ന് പറഞ്ഞത്..
പിന്നെ... ഫോട്ടോ ആദ്യം ഞാന്‍ തന്നെ കാണണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്, അതു കൊണ്ട് യാതൊരു കാരണവശാലും പഴയ മേല്‍‌വിലാസത്തിലേക്ക് ഫോട്ടോ അയയ്‌ക്കല്ലേ..
എന്റെ official address ഇതാ:-
Akhil P
Project manager
Micro solutions
234344 Page Mill Rd.
Palo Alto, CA

(2) അന്വേഷിക്കാന്‍ പറഞ്ഞ കാര്യങ്ങള്‍ക്കൊക്കെ മറക്കാതെ മറുപടി തരണേ..

സ്നേഹപൂര്‍‌വം
അഖി


----- മറുപടി ------
എടാ..
1) അവള്‍ടെ അച്ഛന്‍ കസ്റ്റംസിലായിരുന്നു, റിട്ടയറായി :-P
2) അമ്മ ടീച്ചറാ ഇപ്പഴും work ചെയ്യുന്നുണ്ട്, 25 കൊല്ലം സര്‍‌വീസ് ആയെന്ന് തോന്നുന്നു :-P
3) സ്ഥലം 3 ഏക്കര്‍ കാണും.. അതെ ഊഞ്ഞാല്‍ കെട്ടിയ സ്ഥലം അമ്മൂന്റെ അച്ഛന്റേത് തന്നെയാ. നീയറിയാത്ത 10 ഏക്കര്‍ വേറേം ഉണ്ടെടാ.. :-P
4) അനിയത്തിമാരാരും ഇല്ല, ഒരു അനിയനാ ഇപ്പൊ +2 ന്‌ പഠിയ്‌ക്കുന്നു.. :-P
5) പിന്നെ.. അമ്മൂന്‌ ഒരു മുഴുത്ത ലൈനുണ്ട്, അത് ഞാനാ.. ROFL* !!  
------------------------------------------------------------------------
*:-P - ഞാന്‍ നാക്ക് നീട്ടുന്നത്
*ROFL : ഞാന്‍ നിലത്ത് വീണ്‌ കിടന്നുരുണ്ട് ചിരിക്കുന്നത്‌

റിലേഷന്‍ഷിപ് സ്റ്റേറ്റസ് - ഇറ്റീസ് കോമ്പ്ലിക്കേറ്റഡ് ആയില്ലെങ്കില്‍ വീണ്ടും കാണാം..

സ്നേഹപൂര്‍‌വ്വം,
സഞ്ജു

17 ഓഗസ്റ്റ് 2011

മുറുക്കാന്‍ സ്പ്രേ

ഓരോ കാലത്തെ ട്രെന്‍ഡും, പിന്നെ ഞങ്ങളുടെ പിടിപ്പുകേടിന്റെ ഗതിവിഗതികളും ഒക്കെ നിരീക്ഷിച്ച് തന്ത്രപ്രധാനമായ ചുവടുവെപ്പുകള്‍ നടത്തുന്നതില്‍ അച്ഛനും, അമ്മയും പണ്ടേ ശ്രദ്ധാലുക്കളായിരുന്നു.

പഠിച്ച് പഠിച്ച് അങ്ങ് കോളേജില്‍ എത്തുമ്പോ ബുദ്ധിമുട്ടില്ലാതെ ഇംഗ്ലീഷ് കൈകാര്യം ചെയ്യാന്‍ പറ്റണം എന്ന ദീര്‍ഘവീക്ഷണത്തിലായിരുന്നു പണ്ട് ഇംഗ്ലീഷ് മീഡിയത്തില്‍ ചേര്‍ത്തതത്രേ. പക്ഷെ ഇംഗ്ലീഷ് മീഡിയത്തിലായിട്ട് ഒരു കാര്യോം ഇല്ല - ഗ്രാമര്‍ വളരെ വളരെ പ്രധാനമാണ്‌ - അതാണ്‌ അടിത്തറ. അങ്ങനെ ഒരു തറ പണ്ടേ ഇല്ലാത്തതു കൊണ്ട് കര്‍ത്താവിന്റെ കൂടെ has വെക്കണോ have വെക്കണോ had വെക്കണോ എന്ന് ഇടക്ക് കൺഫ്യൂഷൻ ആകും. അത്തരം സന്ദര്‍ഭങ്ങളില്‍ ഓരോ രീതിയും മനസ്സിൽ സങ്കല്പിച്ച്, ഏറ്റവും പോഷ് പ്രയോഗം അങ്ങോട്ട് വെച്ച് കാച്ചും. പ്ര്സന്റ് പാർട്ടിസിപ്പിളും, പാസ്റ്റ് പെർഫക്റ്റും നിർലോഭം വാരി വിതറും. സയൻസും, സോഷ്യൽ സയൻസും കടന്ന് അങ്ങ് മാത്തമാറ്റിക്സിന്റെ ഉത്തരക്കടലാസുകളിൽ വരെ അനേകം കർത്താക്കൾ, "ഞങ്ങളെന്തു കുറ്റം ചെയ്‌തിട്ടാ ഞങ്ങളെ ഇങ്ങനെ?" എന്ന ചോദ്യവുമായി നിരന്നു നിന്നു..

അങ്ങനെയാണ്‌ പണ്ട് ഗ്രാമര്‍ പഠിക്കാന്‍ ഗംഗാ(ധ)രന്‍ മാഷുടെ വീട്ടില്‍ പോകാന്‍ ഏര്‍പ്പാടാക്കിയത്. ചേച്ചിയെ മാത്രം ചേര്‍ക്കാനായിരുന്നു മാഷിന്റെ പ്ലാന്‍, കാരണം അവിടെ ചേരാനുള്ള മിനിമം യോഗ്യതയായ എട്ടാം ക്ലാസ്സ് അന്ന് ഞാന്‍ കരസ്ഥമാക്കിയിരുന്നില്ല. പക്ഷെ അമ്മയ്‌ക്ക്, ഒരു-വെടിക്ക്-രണ്ട്-പക്ഷി കാഴ്ചപ്പാടായിരുന്നത് കൊണ്ട് - "എന്നാ പിന്നെ ആ ചെക്കനും കൂടി അവടെ ചെന്നിരുന്ന് നാലക്ഷരം പഠിക്കട്ടെ.. അവടം വരെ പോകാന്‍ പെണ്ണിനൊരു കൂട്ടും ആയി" എന്നങ്ങോട്ട് തോന്നിപ്പോയി. അതിനു വേണ്ടി ശ്യാമിന്റെ അമ്മയെക്കൊണ്ട്, എന്റെ പെര്‍ഫോമന്‍സ് പെരുപ്പിച്ച് കാണിച്ച്, പലകുറി റെക്കമന്‍ഡ് ചെയ്യിപ്പിച്ചു. (ശ്യാമിന്റെ അമ്മ പഠിപ്പിച്ചിരുന്ന അതേ സ്കൂളിലായിരുന്നു ഗംഗാരന്‍ മാഷും പഠിപ്പിച്ചിരുന്നത്). അവസാനം ഒരു പരീക്ഷണാടിസ്ഥാനത്തില്‍ ഒന്നുരണ്ടാഴ്ച നോക്കാം എന്ന് മാഷ് സമ്മതിച്ചു. അങ്ങനെ അവധി ദിവസങ്ങളില്‍ ഗ്രാമര്‍ പഠിക്കാന്‍ ഞാനും ചേച്ചിയുടെ കൂടെ പോയിത്തുടങ്ങി.

പൂക്കാടാണ്‌ മാഷുടെ വീട്‌. ബസ്സില്‍ പോകുമ്പോള്‍ പൊയില്‍ക്കാവില്‍ നിന്ന് മിനിമം പോയന്റ്. തിരിച്ച് വരുമ്പോള്‍ പൊയില്‍ക്കാവ് ബസ് ഇറങ്ങി വീട് വരെ നടത്തമാണ്‌. വത്സലട്ടീച്ചറുടെ വീട് കഴിഞ്ഞാല്‍ പിന്നെ ചെമ്മണ്ണിട്ട നാട്ടുവഴിയില്‍ അധികം ആളനക്കം ഉണ്ടാകാറില്ല. ആ വഴി ഓരോരോ കോപ്രായങ്ങള്‍ കാണിച്ച് നടക്കുന്നത്‌ സ്ഥിരം ഏര്‍പ്പാടായിരുന്നു. കോപ്രായം എന്നു വെച്ചാല്‍ അപ്പോ തോന്നുന്നത് പോലെ എന്തെങ്കിലും.

അന്നൊരു ദിവസം പതിവ് പോലെ കോപ്രായം കാട്ടാനുള്ള സമയമായെന്ന് ഉള്‍‌വിളി വന്നു തുടങ്ങി. (ഇങ്ങനെ പലേ അവസരത്തിലും എനിക്ക് ഉള്‍‌വിളികള്‍ തോന്നാറുണ്ടായിരുന്നു). അപ്പോ തോന്നിയത് കണ്ണടച്ച് നടക്കാനാണ്‌. ഇനി വീട്ടിലെത്തുന്നത് വരെ കണ്ണടച്ച് നടക്കും. ഇക്കാര്യം ചേച്ചിയെ അറിയിച്ചു, എന്നിട്ട്, കണ്ണടച്ചിരുട്ടാക്കി നടന്നു തുടങ്ങി. ചേച്ചിയെ മുട്ടി ആണ്‌ നടപ്പ്, അതു കൊണ്ട് മതിലു തട്ടുമെന്നോ വഴി തെറ്റുമെന്നോ ഭയമില്ല.

കണ്ണടച്ച് നടത്തം അതിന്റെ എല്ലാ ത്രില്ലോടും കൂടി പുരോഗമിക്കുന്നു. എവിടെ എത്തിയിട്ടുണ്ടാകും? ഒരേ നടത്തം, ഇടം കണ്ണിട്ട് നോക്കുവാന്‍ മനസ്സ് അനുവദിക്കുന്നില്ല. ത്രില്ല് നഷ്ടപ്പെടില്ലേ.. നിത്യവും നടക്കുന്ന വഴികള്‍, ഒരിടത്ത് നിന്ന് അപ്രത്യക്ഷനായി വേറൊരിടത്ത് പ്രത്യക്ഷപ്പെടുന്ന ഒരു സുഖം.. അതിലേക്കാണ്‌ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്.. ഏകദേശം ഒരു കിലോമീറ്ററോളം ഇങ്ങനെ വഴി കാണാതെ നടന്ന്, സ്വന്തം വീട്ടില്‍ വെച്ച് പ്രത്യക്ഷപ്പെടുന്നു.. അതൊക്കെ ഉള്ളില്‍ കണ്ട് കൊണ്ട് കണ്ണില്ലാത്തവരുടെ ലോകത്തില്‍ ഒരാളായി ഞാനും നടന്നു.

രവീന്ദ്രേട്ടന്റെ കടയിലെ, കൗമാരം നഷ്ടപ്പെടാത്ത "വെറ്റിലാടക്ക", ഒരു നുള്ള് "പൊകല"യും, ചുണ്ണാമ്പും തേച്ച് മടക്കി വായിലിട്ട്, ചവച്ച് നീരിറക്കി, സ്ഥിരം വേഷമായ തോര്‍ത്ത്മുണ്ടും ഉടുത്ത് എതിര്‍ ദിശയില്‍ വന്നു കൊണ്ടിരിക്കുകയായിരുന്നു പപ്പേട്ടന്റെ അച്ഛന്‍..

"ഡാ.. ആള്‌ വരുന്നു ആള്‌..", ചേച്ചി സിഗ്നല്‍ തന്നു.
"ങേ.. ആരാ..?", ഞാന്‍ തിരക്കി.
"ഡാ പപ്പേട്ടന്റെ അച്ഛന്‍. കണ്ണ് തോറക്കെടാ..".
"അയാള്‌ സൈഡീക്കൂടെ പൊക്കോളും.. കണ്ണ് തൊറക്കൂല..", നെറ്റി ചുളിച്ച് കൊണ്ട് ഞാന്‍ പറഞ്ഞു.
"എത്താനായോ? എത്താനായോ?", ഞാന്‍ അക്ഷമയോടെ ചോദിച്ചു
ഒരു മറുപടിയുമില്ല..
"എത്താനായോന്ന്‌..", കൈ പിടിച്ച് കുലുക്കിക്കൊണ്ട് ഞാന്‍ വീണ്ടും ചോദിച്ചു.
ഒരു മറുപടിയുമില്ല..
ചോദ്യങ്ങള്‍ക്ക് മറുപടി കിട്ടാത്ത അന്ധന്റെ അവസ്ഥ..

പെട്ടെന്ന് ഒരു പരു പരുത്ത കൈ എന്റെ തോളത്ത് പതിച്ചപ്പോള്‍ ഞാന്‍ ഞെട്ടിത്തരിച്ചു.. അപ്പോഴുണ്ടായ വെപ്രാളത്തില്‍ കണ്ണുകള്‍ തുറന്നു പോയി..

തൊട്ടു മുമ്പില്‍ പപ്പേട്ടന്റെ അച്ഛന്‍ ഒരു അസ്വാഭാവികത മണത്തറിഞ്ഞ്‌ അത് സോള്‍‌വ് ചെയ്യാനുള്ള ആവേശത്തോടെ നില്‍‌ക്കുകയാണ്‌..

"എന്താ മോനേ എണക്ക് പറ്റ്യേത്?"

"അത്... അത്...." ഞാന്‍ ആകെ പരുങ്ങി.
ചേച്ചി "ഞാനൊന്നും അറിഞ്ഞില്ലേ" എന്ന ഭാവത്തോടെ ഇത്തിരി മാറി നിന്നു..

"എന്റെ* കണ്ണിനെന്ത് പറ്റി കുഞ്ഞുമ്മോനെ?", മേലാസകലം പിടിച്ച് കുലുക്കിക്കൊണ്ട് അയാള്‍ ചോദിച്ചു.

"അത് ഒരു കരഡ് പോയതാ..", വളരെ സ്വാഭാവികമായ ഒരു നുണ തട്ടി വിട്ടു.

"കണ്ണ് കരഡ് പോയിട്ട് ഇങ്ങനെ നടക്ക്വാ? എന്റെ* ഏത് കണ്ണിലാ കരഡ് പോയേ?"

"ഇക്കണ്ണില്‌", വലത്തേ കണ്ണ് കൈ കൊണ്ട് കാണിച്ച് ഞാന്‍ പറഞ്ഞു.

പിന്നെ ഒന്നും ചോദിക്കാനും പറയാനും നില്‍ക്കാതെ കോടാലി പിടിച്ച്‌ തഴമ്പ് വന്ന പരു പരുത്ത കൈകള്‍ കൊണ്ട് എന്റെ മുഖം അമര്‍ത്തിപ്പിടിച്ചു. എന്നിട്ട്, അപ്പംവിരലും ചൂണ്ട് വിരലും ചേര്‍ത്ത് കണ്‍പോളകള്‍ വിടര്‍ത്തി തുറപ്പിച്ച്, സകല ശക്തിയുമെടുത്ത് കണ്ണിലേക്ക് ഊതി. വെറ്റിലാടക്കയും, പൊകലയും, നൂറും, ഉമിനീരില്‍ ചാലിച്ച ലായിനി spray ആയി ഓരോ ഊത്തിലും മുഖത്ത് വീണുകൊണ്ടിരുന്നു.

"യ്യോ..", ഞാന്‍ ഉറച്ച ആ കൈകളില്‍ കിടന്ന് പിടഞ്ഞു.

മൂന്ന് ഊത്ത് കഴിഞ്ഞപ്പോ ഞാന്‍ അലറി, "പോയി, പോയി.. ഇപ്പൊ പോയി.. കൊയപ്പല്ല, സുഗണ്ട്.. മതീ....."

"ഇഞ്ഞാടക്ക് മോനെ..", എന്നു പറഞ്ഞ് രണ്ട് തവണ കൂടി മുറുക്കാന്‍ spray ഊതിയ ശേഷം അയാള്‍ പിന്മാറി... എന്നിട്ട്‌, ഇനി എന്തു ചെയ്യണം എന്നതിനെ കുറിച്ച് രണ്ട് മിനിട്ട് നേരം ഉപദേശിച്ചു:

"ഇഞ്ഞിണ്ടല്ലോ വീട്ട് പോയ പാഡേ ഒരു പാനേല്‌, നല്ല കോരി വെച്ച പച്ച വെള്ളം എഡുക്ക്വ..
ന്നിറ്റ്, രണ്ട് കയ്യിലും വെള്ളം നറച്ചെടുത്തിറ്റ് കണ്ണിന്റാത്തേക്ക് ശക്ക്‌തീല്‌ ഒഴിക്ക്യ.. മനസ്സിലായോ..?"

"ഉം..", മുഖം തുടച്ചു കൊണ്ട് ഞാന്‍ മൂളി.

"കരഡും പോയിറ്റ് കണ്ണും പൂട്ടി നഡക്കലാ ഞ്ഞ്.. നല്ല കോളായിപ്പോയി..", എന്നൊക്കെ ആശ്വസിപ്പിക്കുമ്പോള്‍, കരട് പോയ ആശ്വാസം മുഖത്തു വരുത്തുവാന്‍ പാടു പെടുകയായിരുന്നു ഞാന്‍. നുണ പറയേണ്ടി വന്നതില്‍ ഒരു വിഷമവും തോന്നിയില്ല. അതു കാരണം വെറുതെ ആ വഴി പോയ ആളെ മിനക്കെടുത്തിയതില്‍ ഒരു ചെറിയ ഫീലിംഗ്സ് തോന്നി.

വായില്‍ അവശേഷിച്ചിരുന്ന അടക്കാക്കഷണത്തെ - "ഇപ്പൊ ശരിയാക്കിത്തരാം" എന്ന ഭാവത്തോടെ ചവച്ചു കൊണ്ട്, മെല്ലെ, ഒരു പ്രശ്നം പരിഹരിച്ച ചാരിതാര്‍ത്ഥ്യത്തോടെ അയാള്‍ നടന്നകന്നു; ഇനിയും ഉള്‍‌വിളികള്‍ വരല്ലേ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് ഞാനും.

*എന്റെ എന്ന വാമോഴിക്ക്‌ ആ ഭാഗത്ത്‌ നിന്റെ എന്നാണര്‍ത്ഥം

17 ഡിസംബർ 2010

വൈകി വന്ന കൂട്ടുകാരന്‍

നാലു വര്‍ഷത്തെ ബിരുദപഠനം പൂര്‍ത്തിയാക്കിയ ശേഷം, പതിനാറാം ക്ലാസ്സില്‍ നിന്ന്‌ പതിനേഴാം ക്ലാസ്സിലേക്ക് പോകുന്ന പ്രതീതിയോടെ ആയിരുന്നു ജോലിയില്‍ പ്രവേശിച്ചത്‌. ജോലി ചെയ്ത് അധ്വാനിച്ച് സമ്പാദിയ്ക്കണമെന്നോ, "സെറ്റില്‍" ആകണമെന്നോ ഉള്ള ഒരു കാഴ്ചപ്പാടേ ഉണ്ടായിരുന്നില്ല.. കൂടിപ്പോയാല്‍ ഒരു MP3 Player വാങ്ങണം, അല്ലെങ്കില്‍ നന്നായി വല്ല ഭക്ഷണവും വാങ്ങിച്ചു കഴിയ്ക്കണം, കുറേ വഴികള്‍ ഒറ്റയ്ക്കു നടക്കണം, പിന്നെ സ്വയം ചങ്ങലയ്ക്കിട്ടിരുന്ന ചിന്തകളില്‍ നിന്നും രക്ഷപ്പെടണം - അതൊക്കെയായിരുന്നു ഓരോ ദിവസവും തന്നിരുന്ന പ്രതീക്ഷകള്‍..

കോഴിക്കോടുള്ള ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ ആയിരുന്നു ആദ്യത്തെ ജോലി. കോളേജ് കഴിഞ്ഞാല്‍ ഒരിയ്ക്കലും ഒരു സൗഹൃദവും, അങ്ങനെ ഒരു അന്തരീക്ഷവും, ഉണ്ടാവില്ല എന്നു കരുതിയതാണ്‌. പണ്ട്‌ സ്കൂളിലും, പ്ലസ് ടു വിലും അവസാനത്തെ ദിവസങ്ങളില്‍ തോന്നിയതും ഇതു തന്നെ.. അതു കൊണ്ട് ഏറെക്കുറെ ഒരു പിടിപാടുണ്ടായിരുന്നു, ഒന്നും ഒരിക്കലും അവസാനിയ്ക്കില്ലെന്നും; എല്ലാം അവസാനിയ്ക്കുന്ന പോലെ തോന്നുന്നതാണെന്നും!

കോഴിക്കോട് നിന്നും മിക്കവാറും എല്ലാ ശനിയാഴ്ചയും ഞാന്‍ ഗുരുവായൂരിനടുത്തുള്ള വീട്ടില്‍ പോകും. കുറ്റിപ്പുറത്തോ, എടപ്പാളിലോ എത്തുമ്പോള്‍ അച്ഛനോ ചേച്ചിയോ വിളിയ്ക്കും; "എന്താ വരുന്നില്ലേ.. എവിടെ എത്തി." എന്നൊക്കെ ചോദിച്ചു കൊണ്ട്‌. ഞാന്‍ 9 മണിയുടെ ശ്രീറാം ബസ്സില്‍ വന്നിറങ്ങുന്നത് കാത്തിരിയ്ക്കുകയായിരിയ്ക്കും അവര്‍. രാത്രിയിലെ ബസ്സ് യാത്ര എന്റെ ഇഷ്ടങ്ങളില്‍ ഒന്നാണ്‌.. ഒരു ധൃതിയും ഇല്ലാത്ത യാത്ര..

ഒരു ശനിയാഴ്ച ദിവസം; പതിവ് പോലെ ശ്രീറാം ബസ്സ് എന്നെ വീട് വരെ കൊണ്ട് ചെന്നാക്കി നേരെ ചേറ്റുവയിലേക്ക് പോയി. വീട്ടിലെത്തി ഭക്ഷണം കഴിച്ച ശേഷം ഞാന്‍ മുറിയിലേക്ക് ഒതുങ്ങിക്കൂടി. അവിടെ ആണ്‌ ഓര്‍മ്മകളുടെ കൊട്ടാരങ്ങള്‍ ഞാന്‍ സൂക്ഷിച്ച് വെച്ചിരുന്നത്. മൃതിയടഞ്ഞ നിമിഷങ്ങളെ പുനര്‍ജ്ജനിപ്പിച്ച് അതിലൂടെ വീണ്ടും കടന്നു പോകുന്നത് ഒരു ലഹരിയായിരുന്ന് എനിക്ക്. ഓര്‍മ്മത്തുണ്ടുകള്‍ എന്തുമാകാം - സിനിമാടിക്കറ്റുകള്‍, കടല പൊതിഞ്ഞ കടലാസ്, അവസാന ദിവസം ബസ്സ് യാത്ര ചെയ്ത ടിക്കറ്റുകള്‍, ഓര്‍മ്മയില്‍ മാത്രം വല്ലപ്പോഴും ജീവിയ്ക്കുന്ന സുഹൃത്ത് പണ്ട് സമ്മാനിച്ച മിഠായിയുടെ കവര്‍, ബസ്സിന്റെ പാസുകള്‍, പഴയ ഉത്തരക്കടലാസുകള്‍.. അങ്ങനെ പല പല ഓര്‍മ്മകള്‍. ഓരോ കുഞ്ഞുതുണ്ടും, നഷ്ടപ്പെട്ട് പോയ സ്വപ്നഗോപുരത്തിന്റെ തന്മാത്രകളായിരുന്നു. ഓര്‍മ്മകളോരോന്നായി വന്നു കഥ പറയും, പണ്ടത്തെ കഥകള്‍. യൂണിഫോമും, ബ്ലാക്ക്ബോര്‍ഡും, ബെഞ്ചും ഡെസ്ക്കും എല്ലാം രംഗം നിറയ്ക്കും.. ചില കഥകള്‍ പെട്ടെന്ന് അവസാനിയ്ക്കും, വേറേ ചിലത് തുടര്‍ന്നുകൊണ്ടേയിരിക്കും, കഥകള്‍ക്കുള്ളില്‍ വേറേ കഥകള്‍..

പൊടി പിടിച്ച, നിറം മങ്ങിയ കറുത്ത ബാഗ്.. അതിലാണ്‌ ഭൂരിഭാഗം ഓര്‍മ്മകളെയും സംസ്കരിച്ചിരിയ്ക്കുന്നത്. പണ്ട് എഴുതിയ ഡയറിക്കുറിപ്പുകളും, പണ്ടത്തെ ആവലാതികളും താളുകള്‍ മറിച്ച് ഞാന്‍ ശ്വസിച്ചു. ഇടയ്ക്ക് ഒരു താളിലെത്തിയപ്പോള്‍ ശ്വാസം ഒന്നു നിലച്ചു. ഞാന്‍ കൗതുകത്തോടെ അതിലേക്ക് നോക്കി. നീല ഹീറോപ്പേന കൊണ്ടെഴുതിയ ആ എഴുത്തിനെ, നീണ്ട ആറ് വര്‍ഷങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.

"ഇല പൊഴിയും ശിശിരത്തില്‍ ചെറുകിളികള്‍ വരവായി
മനമുരുകും വേദനയില്‍ ആണ്‍കിളിയാ കഥ പാടി
മറഞ്ഞു പോയീ ആ മന്ദഹാസം
ഓര്‍മ്മകള്‍ മാത്രം ഓര്‍മ്മകള്‍ മാത്രം"

നിനച്ചിരിയ്ക്കാതെ ഒരു ദിവസം സുഹൃത്ത് കോറിയിട്ടു തന്ന വരികള്‍. സ്കൂളിലെ വിരസമായ മധ്യാഹ്നങ്ങളായിരുന്നു അവനെ എനിക്കു പരിചയപ്പെടുത്തിയത്. അന്നൊക്കെ Mp3 player ഉം, പാട്ടുകളുടെ ശേഖരവും ഒന്നും ഇല്ലാത്ത കാലമായിരുന്നു. ആകെ ഉണ്ടായിരുന്നത് പണ്ട് മാമന്‍ ഗള്‍ഫില്‍ നിന്നു വന്നപ്പോള്‍ കൊണ്ടു വന്ന ഒരു cassette player; കൂടെ ഉണ്ടായിരുന്ന രണ്ടോ മൂന്നോ കാസറ്റുകളും.. ആകെ ജന്മത്തില്‍ കേട്ടിരുന്ന പാട്ടുകള്‍ അതു മാത്രമായിരുന്നു.. ബസ്സില്‍ വെച്ചാണ്‌ വല്ലപ്പോഴും വേറേ പാട്ടുകള്‍ കേട്ടിരുന്നത്‌. ഇമ്പമുള്ള പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ അപ്പോള്‍ തന്നെ കുറിച്ചിടും, മറന്നു പോകാതിരിയ്ക്കാന്‍, എന്നെങ്കിലും അവസരം കിട്ടുകയാണെങ്കില്‍ കേള്‍ക്കാനും.

പാട്ടുകളിലൂടെ ആയിരുന്നു അവനുമായുള്ള ചങ്ങാത്തം. ബസ്സിലും മറ്റും കേട്ട പാട്ടുകളുടെ ഇത്തിരി ഭാഗം ഞാന്‍ അവനു മൂളിക്കൊടുക്കും.
അവന്‍ ആ പാട്ട് കണ്ടു പിടിച്ചു പറഞ്ഞു തരും.. റേഡിയോ കേള്‍ക്കാറുണ്ടായിരുന്നത് കൊണ്ടാവും, അവനറിയാത്ത പാട്ടുകളില്ലായിരുന്നു. എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും മലയാളം പാട്ടുകളായിരുന്നു എന്റെ പ്രിയപ്പെട്ടവ.. അന്ന് പാട്ട് കേള്‍ക്കുമ്പോള്‍ സംഗീതം ആരാണെന്നോ, പാടിയത്‌ ആരാണെന്നോ ഒന്നും ഓര്‍ക്കാറേ ഇല്ല. പാട്ട് മാത്രം.. പാട്ട് മാത്രം മതിയായിരുന്നു, അത്രയ്ക്ക് ഭ്രാന്തായിരുന്നു!

ആറ് വര്‍ഷങ്ങള്‍ അവനെക്കുറിച്ച് ഓര്‍ക്കാതെയും അന്വേഷിയ്ക്കാതെയും കടന്നു പോയിരിക്കുന്നു..അവനെവിടെ ആയിരിക്കും? പഴയ കൂട്ടുകാരെ പലരെയും ഓര്‍ക്കുട്ടിലൂടെ വീണ്ടും കണ്ടു മുട്ടി; പക്ഷെ കാണുവാന്‍ കൊതിച്ച ഈ കൂട്ടുകാരന്‍ മാത്രം ഒരു സെര്‍ച്ച് റിസള്‍ടിലും വന്നില്ല.. ഒരു സുഹൃത്ത്, അവന്‍ ബിരുദപഠനത്തിനു ചേര്‍ന്നു എന്നും, വേറൊരു സുഹൃത്ത് അവനെ യൂണിവേഴ്സിറ്റിയില്‍ വെച്ച് കണ്ടെന്നും പറഞ്ഞതല്ലാതെ അവനെക്കുറിച്ച് ആര്‍ക്കും വേറേ ഒന്നും അറിയില്ലായിരുന്നു.. ഇന്ന്, പണ്ട് കേള്‍ക്കുവാന്‍ കൊതിച്ച പാട്ടുകളുടെ എല്ലാം മോശമില്ലാത്ത ഒരു ശേഖരം തന്നെ ഉണ്ട്‌ എന്റെ കയ്യില്‍.. പണ്ടത്തെ അതേ പാട്ടുകള്‍.. പക്ഷെ അവനെവിടെ? ഇന്ന് ആ പാട്ടുകള്‍ പല തവണ കേട്ട് തഴക്കം വന്നിരിയ്ക്കുന്നു.. നേര്‍ത്ത ഒരു തരം വിരസതയും..

വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു സുഹൃത്തിനോടൊപ്പം ക്ലാസ്സ്മുറി സന്ദര്‍ശിച്ചപ്പോഴും, പരതിയത്, അവന്‍ പണ്ട് ചുവരില്‍ കോറിയിട്ട അവന്റെ അഡ്രസ്സായിരുന്നു, പുതുതായി അടിച്ച പെയിന്റിന്റെ പാളികള്‍ അതൊക്കെ തേച്ച് മായ്ച്ച് കളഞ്ഞിരുന്നു.. ഓര്‍മ്മയില്‍ അവ്യക്തമായി കിടക്കുന്നുണ്ട് അഡ്രസ്സ്, പക്ഷെ പൂര്‍ണ്ണമായും ശരിയാണോ എന്നറിയില്ല.. പെട്ടെന്നാണ്‌ ഡയറിയുടെ ആദ്യത്തെ താളുകളെ കുറിച്ച് ഓര്‍മ്മ വന്നത്, അന്ന് അടുത്തറിയാവുന്ന സുഹൃത്തുക്കളുടെ ഫോണ്‍നമ്പറുകള്‍ ഞാന്‍ എഴുതി വെച്ചിരുന്നു, ആദ്യത്തെ താളുകളില്‍..

"വളരെ അത്യാവശ്യം ഉള്ളപ്പോ മാത്രം വിളിച്ചാ മതി.. ഇത് വീട്ടിനടുത്തുള്ള നമ്പര്‍ ആണ്‌.. അയാള്‌ ചെലപ്പോ വിളിച്ച് തന്നൂന്നും വരില്ല.. ഒരു മാതിരി ആള്‍ക്കാരാണ്‌..", അവന്‍ പണ്ട് നമ്പര്‍ തന്നപ്പോള്‍ പറഞ്ഞ കാര്യം ഞാനോര്‍ത്തു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്കൂളില്‍ നിന്നും പോന്നതിനു ശേഷം, ഒരു ദിവസം അവനെ വിളിയ്ക്കുവാന്‍ ശ്രമിച്ചിരുന്നു.. അന്ന് ഫോണ്‍ എടുത്ത ആള്‍ ഒന്നും മനസ്സിലാകാത്തതു പോലെ എന്തൊക്കെയോ സംസാരിച്ചു.. അവന്റെ വീട്ട്പേര്‌ പറഞ്ഞിട്ടും അയാള്‍ക്ക് ഒന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല.. അവസാനം ഞാന്‍ ഫോണ്‍ വെയ്ക്കുകയായിരുന്നു..

ഞാന്‍ അല്‍‌പ നേരം ഫോണ്‍ നമ്പര്‍ നിരീക്ഷിച്ചു - പണ്ടത്തെ ആറക്ക ഫോണ്‍ നമ്പര്‍, ഇന്നത് ഏഴക്കം ആയിട്ടുണ്ടാകും.. മാറിയിട്ടുണ്ടാകുമോ? അവന്റെ കയ്യില്‍ എന്റെ നമ്പറും ഉണ്ടായിരുന്നു. ഇന്ന് നാടും നമ്പറും മാറിയെങ്കിലും, പണ്ട് പഴയ നമ്പറിലേക്ക്‌ അവന്‍ ഒരു വട്ടം പോലും വിളിച്ചില്ലല്ലോ.. എന്തായാലും ഒന്നു വിളിച്ചു നോക്കുക തന്നെ.. അങ്ങനെ മനസ്സില്‍ കുറിച്ചിട്ട്, ഡയറിയും, ഓര്‍മ്മത്തുണ്ടുകളും ബാഗില്‍ ഭദ്രമായി വെച്ച ശേഷം ഞാന്‍ ഉറങ്ങാന്‍ കിടന്നു. ഉറങ്ങാന്‍ കിടന്നപ്പോഴും ചിന്ത പാട്ടുകള്‍ പങ്കു വെച്ച മധ്യാഹ്നങ്ങളെക്കുറിച്ചായിരുന്നു. എന്നെ അവന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ടാകുമോ? വിളിച്ച് കിട്ടിയാല്‍, വിരസമായ സുഖാന്വേഷണവും, "എന്നാല്‍ ശരി.. പിന്നെ കാണാം" എന്ന ഉത്തരവും ആയിരിയ്ക്കുമോ? അതിലും നല്ലത് വിളിയ്ക്കാതിരിയ്ക്കുന്നതാണ്‌. എന്തായാലും വിളിച്ച് നോക്കുക തന്നെ.. ഞാന്‍ ഉറപ്പിച്ചു.

പിറ്റേന്ന് രാവിലെ പത്ത് മണി ആയപ്പോള്‍ ഞാന്‍ ഡയറിയുമായി ഫോണിന്റെ അടുത്തേയ്ക്ക് നീങ്ങി. STD കോഡും 2ഉം ചേര്‍ത്ത ശേഷം ആറക്ക സംഖ്യ ഡയല്‍ ചെയ്തു, എന്താണ്‌ സംഭവിക്കുന്നതെന്നറിയാന്‍ കാതോര്‍ത്തു.. വിളിയ്ക്കാനൊരുങ്ങുമ്പോള്‍, "This number does not exist" എന്ന പ്രതികരണം ആയിരിയ്ക്കുമോ എന്ന് പലകുറി സംശയിച്ചിരുന്നു, അങ്ങനെ ആണെങ്കില്‍ ഇതിവിടെ അവസാനിച്ചു - പിന്നെ അവന്‍ താളുകളിലും ഓര്‍മ്മകളിലും മാത്രം. പക്ഷെ, ഫോണ്‍ റിങ് ചെയ്തു.. ഒരാളെടുത്തു.. ഇരുത്തം വന്ന സംസാരം. ഞാന്‍ തൃശൂരില്‍ നിന്നാണ്‌ വിളിയ്ക്കുന്നതെന്നും, പിന്നെ എല്ലാ കാര്യങ്ങളും അയാളോട് പറഞ്ഞു. ഓരോന്ന് പറയുമ്പോഴും ശങ്കയായിരുന്നു, അയാള്‍ അവിടെ എങ്ങനെ ആണ്‌ പ്രതികരിക്കുന്നതെന്ന്.. അയാള്‍ക്ക് ഇതിലെന്തെങ്കിലും താല്‍‌പര്യം ഉണ്ടാകുമോ എന്ന്‌.. എല്ലാം കേട്ട് നിന്ന ശേഷം, ഞാന്‍ വിളിച്ചത് റോങ്നമ്പര്‍ ആണെന്ന് അയാള്‍ പറഞ്ഞു.. എല്ലാ പ്രതീക്ഷയും അതോടെ നശിച്ചു. പക്ഷെ അയാള്‍ വീണ്ടും സംസാരിച്ചു.. മുമ്പ് താമസിച്ചിരുന്നവര്‍ സ്ഥലം മാറിപ്പോയെന്നും.. അവരിവിടെ കുറച്ച് കാലമായി താമസിയ്ക്കുകയാണെന്നും.. ഞാന്‍ പറഞ്ഞ കാര്യങ്ങളൊക്കെ വെച്ച് നോക്കുമ്പോള്‍, അതു പോലെ ഒരാള്‍ അടുത്തുണ്ടെന്നും പറഞ്ഞു.. എന്റെ mobile നമ്പര്‍ അയാള്‍ക്ക് കൊടുത്തു.. എന്തായി എന്നറിയാന്‍ വൈകീട്ട് വീണ്ടും വിളിയ്ക്കാം എന്ന് പറഞ്ഞു ഞാന്‍ ഫോണ്‍ വെച്ചു..

അവനൊരു അനിയന്‍ ഉണ്ടായിരുന്നു. പിന്നെ അച്ഛന്‍, അമ്മ.. വീട്ടില്‍ നിന്നും അങ്ങനെ കാര്യമായ നിര്‍ബന്ധമൊന്നും ഇല്ല; അവന്റെ പഠനത്തെ ചൊല്ലി.. ഞാന്‍ അത്ഭുതപ്പെടാറുണ്ടായിരുന്നു, അവനെങ്ങനെ ആണ്‌ പഠിയ്ക്കുവാന്‍ തോന്നുന്നതെന്ന്.. ആരും നിര്‍ബന്ധിയ്ക്കാതെ.. അവനൊക്കെ ഭാവിയെക്കുറിച്ച് ചിന്തിയ്ക്കുന്നുണ്ടാവും, അവന്റെ മനസ്സില്‍ ഒരു ചിത്രമുണ്ടാവും എന്നൊക്കെ ഞാന്‍ അനുമാനിയ്ക്കും.. അവന്റെ എല്ലാ കാര്യങ്ങളും അറിഞ്ഞ്, എപ്പോഴും "കമ്പനി" അടിച്ച് നടന്ന് - അങ്ങനെ ഒരു സൗഹൃദമൊന്നും ഞങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നില്ല.. ഇടയ്ക്കൊക്കെ ഉള്ള സംസാരം മാത്രം. പക്ഷെ, ചില സൗഹൃദങ്ങള്‍ അങ്ങനെ ആണ്‌, ഒരുമിച്ച് ഉണ്ടായിരുന്ന വര്‍ഷങ്ങളുടെ കഥകള്‍ പറയാനില്ലെങ്കിലും അതങ്ങനെ അവിടെ നില്‍ക്കും.. ആരും അറിയാതെ.. പിന്നെ ഏതെങ്കിലും ഒരു രാത്രി പൊടി പിടിച്ച പഴയ ഒരു പുസ്തകത്തിന്റെ ഏടില്‍ നിന്ന് ഒരു നൊമ്പരമായി പുറത്തു വരും..

അന്ന്‌ വൈകുന്നേരം ഞാന്‍ വീണ്ടും വിളിച്ചു, ആളതു തന്നെ ആണെന്നും കാണാന്‍ കഴിഞ്ഞില്ലെങ്കിലും നമ്പര്‍ ഏല്പിച്ചിട്ടുണ്ടെന്നും അയാള്‍ പറഞ്ഞു. ചെയ്ത ഉപകാരത്തിന്‌ നന്ദി പറഞ്ഞ ശേഷം ഞാന്‍ ഫോണ്‍ വെച്ചു. ഒരു പരീക്ഷണം പോലെ ചെയ്ത കാര്യം ഫലപ്രാപ്തിയോടടുക്കുന്നതു കണ്ട് ഉള്ളില്‍ ഒരു സന്തോഷം തോന്നി.

പിന്നെ രണ്ട് ദിവസങ്ങള്‍ കഴിഞ്ഞു പോയി.. ഞാന്‍ കോഴിക്കോട് തിരിച്ചെത്തി.. ഒരു സന്ധ്യയ്ക്ക് അറിയാത്ത ഒരു നമ്പറില്‍ നിന്നുള്ള ഫോണ്‍കോളായി അവന്‍ വന്നു.
"ഹലോ.. എടാ ഇത്‌ ഞാനാടാ"
ഒരു നിമിഷം, എനിക്ക് മനസ്സിലായി; ഇത് അവന്‍ തന്നെ...
"എവിടെ ആയിരുന്നു ഇത്രയും കാലം? ഒരു അഡ്രസ്സും ഇല്ലല്ലോ... മറ്റ് ആള്‍ക്കാരെ പറ്റിയൊക്കെ ഏകദേശം ഒരു ധാരണയുണ്ട്‌. പക്ഷെ നീ എവിടെ ആയിരുന്നു?"
"എടാ ഞാന്‍..", അവന്‍ സംസാരിക്കാന്‍ ബുദ്ധിമുട്ടുന്നതു പോലെ തോന്നി. അവന്‍ തുടര്‍ന്നു, "ആരെം ഞാന്‍ വിളിച്ചില്ല, മനഃപൂര്‍‌വ്വമാണ്‌... ഒരു friend ഒരിക്കല്‍ കത്തയച്ചിരുന്നു, പക്ഷെ ഞാന്‍ മറുപടി അയച്ചില്ല.. ആരേം ഇനി ഒരിക്കലും കാണുമെന്ന് വിചാരിച്ചതല്ല.. അങ്ങനെ തോന്നി.. നീ വിളിച്ചല്ലോ.. ഞാന്‍ തീരെ വിചാരിച്ചില്ല ആരെങ്കിലും വിളിയ്ക്കുമെന്ന്.."
"ഞാനിപ്പോള്‍ കോഴിക്കോട് ആണ്‌.."
"നമുക്കൊരു ദിവസം കാണാം.."
"ഒരു ഞായറാഴ്ച.. ഞാന്‍ വിളിയ്ക്കാം..", ഞാന്‍ കൂട്ടിച്ചേര്‍ത്തു.
"ശരി.. കാണാം.. ഇതെന്റെ നമ്പര്‍ ആണ്‌.."
"ഞാന്‍ save ചെയ്തോളാം"

ആ വിളി അങ്ങനെ അവസാനിച്ചു. പിന്നീട് ഇടയ്ക്കിടയ്ക്ക് എനിക്ക് കിട്ടാറുണ്ടായിരുന്ന messages ഒക്കെ forward ചെയ്യുമായിരുന്നു. പക്ഷെ അവന്റെ ലോകത്തില്‍ messages ഉം കാര്യങ്ങളും ഒന്നും ഉണ്ടായിരുന്നില്ലെന്ന് എനിക്കു തോന്നി. ആഗസ്തിലെ ഒരു ഞായറാഴ്ച ഞാന്‍ അവനെ കാണുവാന്‍ തന്നെ തീരുമാനിച്ചു. അവനെ വിളിച്ചപ്പോള്‍ അവനന്ന് ക്ലാസ്സുണ്ടെന്ന് പറഞ്ഞു. പിന്നീട്‌ രണ്ട് പ്രാവശ്യം വിളിച്ചപ്പോഴും അവനെന്തൊക്കെയോ അസൗകര്യങ്ങള്‍ ആയിരുന്നു. പെട്ടെന്നൊരു ദിവസം, "This number is not currently in use", എന്ന പ്രതികരണമായിരുന്നു എനിക്കു കിട്ടിയത്‌. അത് കേട്ടപ്പോള്‍ വേദന തോന്നി; അവന്‍ അന്ന് വിളിച്ചപ്പോള്‍ പറഞ്ഞത് ഓര്‍മ്മ വന്നു.. മനഃപൂര്‍‌വ്വം ഇനി ആരുമായും ഒരു contact ഉം വേണ്ട എന്ന് വെച്ചത് കൊണ്ടാവാം.. വെറുതെ അവന്റെ ഏകാന്തതയില്‍ കടന്ന് ചെന്ന് ശല്യപ്പെടുത്തേണ്ടിയിരുന്നില്ല, എന്നും തോന്നി.. വേദനയും നിരാശയും, ഞാന്‍ അവന്റെ നമ്പര്‍ delete ചെയ്തു.. അതൊരു പൂര്‍ണ്ണവിരാമമാണെന്ന് എന്തു കൊണ്ടും എനിക്കു തോന്നി, പിന്നെ അവന്റെ ചിന്തകളോട് അല്‍‌പം സഹതാപവും..

ഓണത്തിന്റെ അന്ന്, ചില സുഹൃത്തുക്കളെ വിളിയ്ക്കുന്ന കൂട്ടത്തില്‍ അവനെ ഓര്‍ത്തു - ഒന്നു വിളിച്ചു കളയാം - അവസാനത്തെ വിളി, പക്ഷെ നമ്പര്‍ delete ചെയ്തു പോയല്ലോ.. അവന്റെ നമ്പര്‍ വേറെ ഒരു സുഹൃത്തിന്‌ ഞാന്‍ forward ചെയ്തു കൊടുത്തിരുന്നു. ആ വഴി വീണ്ടും ഒന്നു കൂടി ശ്രമിച്ചു നോക്കാം, തീര്‍ച്ചയായും അവസാനത്തെ ശ്രമം.. അങ്ങനെ നമ്പര്‍ സംഘടിപ്പിച്ച് ഞാന്‍ വീണ്ടും വിളിച്ചു - "Number not in use" എന്ന് പറയുന്നതും കാതോര്‍ത്ത് ഇരുന്നു.. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഫോണ്‍ റിങ് ചെയ്തു.. അവന്‍ പറശ്ശിനിക്കടവ് നിന്നും മടങ്ങുന്ന വഴി ആണെന്നൊക്കെ പറഞ്ഞു..

ഞാന്‍ വിചാരിച്ച പോലെ ഒന്നും അല്ല കാര്യങ്ങള്‍ എന്നറിഞ്ഞപ്പോള്‍ ആശ്വാസം തോന്നി.. അപ്പോള്‍ തന്നെ സൗഹൃദം പുതുക്കലിന്റെ തീയതി കുറിച്ചു. ശനിയാഴ്ച വൈകീട്ട് മൂന്ന് മണിക്കായിരുന്നു കാണാമെന്ന് ഏറ്റത്, K.S.R.T.C സ്റ്റാന്റില്‍ വെച്ച്.

ഞാന്‍ ഇത്തിരി നേരത്തേ തന്നെ അവിടെ എത്തി ഇരിപ്പുറപ്പിച്ചു, കയ്യില്‍ ഒരു മാസികയും ഉണ്ട്.
ആറ് വര്‍ഷത്തെ gap അവനില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടാകും.. എല്ലാവരും മാറുമ്പോഴും ഒരിക്കലും മാറാത്തത് ഞാന്‍ മാത്രം ആണെന്ന് എനിക്കെപ്പോഴും തോന്നിയിരുന്നു, ഉള്ളില്‍ എന്നും ഞാന്‍ ആ പഴയ "ഞാന്‍" തന്നെ.. 3 മണി കഴിഞ്ഞപ്പോള്‍ അല്പം താടിയൊക്കെ വളര്‍ത്തിയ ഒരു രൂപം നടന്ന് വന്നു, കൈകള്‍ പിടിച്ചു, ചിരിച്ചു കൊണ്ട് നോക്കി.. ഞാന്‍ കൗതുകത്തൊടെ വീക്ഷിയ്ക്കുകയായിരുന്നു - മാറ്റങ്ങള്‍..

പിന്നീട് കടപ്പുറത്ത് കുറേ സമയം അവനുമായി ചെലവഴിച്ചു. ഏറെ നേരവും വാചാലനായത് ഞാന്‍ തന്നെ ആയിരുന്നു. സംസാരം മുഴുവനും പണ്ട് കൂടെ പഠിച്ചിരുന്നവരുടെ വിശേഷങ്ങളായിരുന്നു.. അവനതൊക്കെ കൗതുകത്തോടെ കേട്ടിരുന്നു.. ഞാന്‍ എന്തൊക്കെ ചെയ്തെന്നും, ഇപ്പോള്‍ എന്താണ്‌ ചെയ്യുന്നതെന്നും ഒക്കെ അവനോട് പറഞ്ഞു.
അവനെക്കുറിച്ച് പറയാന്‍ ഞാന്‍ കുറേ നിര്‍ബന്ധിച്ചു.. അവന്റെ വാക്കുകള്‍ നിറയെ നിരാശയും, നിര്‍‌വികാരതയും നിറഞ്ഞു നിന്നിരുന്നു.. എന്നും ചുറുചുറുക്കോടെ സംസാരിയ്ക്കാറുണ്ടായിരുന്ന ആ പഴയ സുഹൃത്ത് തന്നെ ആണോ ഇത്‌ എന്ന് ഞാന്‍ അത്ഭുതപ്പെട്ടു.. സ്വയം ഇടിച്ച് നിരത്തിയുള്ള അവന്റെ സംസാരം സഹിക്കുവാന്‍ കഴിയുന്നതായിരുന്നില്ല... കുറേ സംസാരിച്ചു കഴിഞ്ഞപ്പോള്‍ അവന്‌ ഒരു സിഗരറ്റ് വലിയ്ക്കണമെന്ന് പറഞ്ഞു.. അത് വേണോ എന്നു ചോദിച്ചപ്പോള്‍, "ഇപ്പോള്‍ എന്തായാലും വലിച്ചേ പറ്റൂ" എന്ന് പറഞ്ഞു.. അവന്‍ പുക ഊതി വിടുന്നത് ഞാന്‍ കൗതുകത്തോടെ നോക്കി നിന്നു. നിശബ്ദതയുടെ കുറച്ച് നിമിഷങ്ങള്‍.

ഇഷ്ടമില്ലാത്ത കാര്യങ്ങളൊന്നും കുത്തിക്കുത്തി ചോദിയ്ക്കേണ്ടെന്ന് ഞാന്‍ കരുതി. ഒരു ബോട്ടില്‍ ബിയറുമായി ഞാന്‍ അവന്‌ കമ്പനി കൊടുത്തിരുന്നെങ്കില്‍ അവന്‍ അവന്റെ മനസ്സ് പൂര്‍ണ്ണമായും തുറക്കുമായിരുന്നോ..? അറിയില്ല... അവനെ തളര്‍ത്തിയ കാര്യങ്ങളൊന്നും പറയാന്‍ അവനും, കേള്‍ക്കാന്‍ എനിക്കും താല്‍‌പര്യമുണ്ടായിരുന്നില്ല എന്നതായിരുന്നു സത്യം..

"കഴിഞ്ഞതെല്ലാം കഴിഞ്ഞു.. ഇപ്പോള്‍ ഞാന്‍ പഠിപ്പിയ്ക്കാന്‍ പോകുന്നുണ്ട്‌, രണ്ട് സ്ഥലങ്ങളില്‍... ട്യൂഷന്‍ പോലെ", അവന്‍ പറഞ്ഞു..
"90% മാര്‍ക്കുണ്ടായിട്ട് PG ക്കു പൊയ്ക്കൂടെ?"
"ഇനി അതിനു വയ്യ.. ടച്ചൊക്കെ വിട്ടു.. പിന്നെ ഒരു കൊല്ലം ഞാന്‍ വെറുതെ waste ആക്കി.."
"എന്നാലും?"
"ങാ.. ഇങ്ങനെ പോട്ടെ.. ബി എഡ് ചെയ്യണം, അതാണ്‌ അടുത്ത പരിപാടി.."

ബീച്ചില്‍ വര്‍ത്തമാനം പറഞ്ഞ് നടന്ന് സന്ധ്യയായത് അറിഞ്ഞില്ല. അവിടെ നിന്നും ബസ്‌സ്റ്റാന്റ് വരെ സംസാരിച്ചു കൊണ്ട് നടന്നു. പണ്ടത്തെ കാര്യങ്ങള്‍, ആള്‍ക്കാര്‍, ടീച്ചര്‍മാര്‍.. സംസാരിക്കുവാനായി ഒരു വിഷയം തേടുകയേ ചെയ്തില്ല. അത്രയ്ക്കുണ്ടായിരുന്നു പറയാന്‍... മഴ പെയ്യുന്നത്‌ പോലെ ഞാന്‍ പറഞ്ഞു തീര്‍ത്തു. അവനും. ഇടയ്ക്ക് നിശബ്ദതയുടെ സുഖകരമായ ഒരു ഇടവേള.. അപ്പോള്‍ നടത്തം മാത്രം.. പിന്നീട് ഇല പൊഴിയും ശിശിരത്തെക്കുറിച്ചും, ശരറാന്തല്‍ തിരി താണ മുകിലിന്റെ കുടിലിനെക്കുറിച്ചും വീണ്ടും വാചാലരായി.

ബസ്‌സ്റ്റാന്റിലെത്തിയപ്പോഴേയ്ക്കും നല്ല പോലെ ഇരുട്ടായി.. പോകാനുള്ള ബസ്സില്‍ കയറുന്നതിന്‌ മുന്‍പ്‌ ഒരു കാര്യം മാത്രം അവനെന്നോട്‌ ആവശ്യപ്പെട്ടു:

"ഡാ.. ആര്‍ക്കും എന്റെ നമ്പര്‍ കൊടുക്കണ്ട.. എന്നെ കണ്ട കാര്യം പറയുകയും വേണ്ട.."

തിരിച്ച് വീട്ടിലേക്ക് നടക്കുമ്പോള്‍, മനസ്സ് ശൂന്യമായിരുന്നു. ശരിക്കും ഒരു നല്ല മഴ പെയ്ത്‌ തോര്‍ന്ന പോലെ.

അന്ന് രാത്രി ഒരു message വന്നു - "Looks like we were friends :) Love you!".

പുറത്തു വരാന്‍ എന്നും മടി കാണിയ്ക്കാറുണ്ടായിരുന്ന കണ്ണുനീര്‍ ഒരു വേദനയോടെ ചാലു കീറിയൊഴുകി..

08 ഒക്‌ടോബർ 2009

ചേച്ചിയും കമ്മ്യൂണിസവും പരിപ്പുവടയും

ചീനിച്ചട്ടി ബുക്ക്ഡ്‌

ഇത് പറഞ്ഞത് ഒന്നുകില്‍ ഞാന്‍ അല്ലെങ്കില്‍ ചേച്ചി. ഇനി സന്ദര്‍ഭം - വീട്ടില്‍ വല്ല കടുക്കയോ അതോ ഫ്രൈ ചെയ്യുന്ന നല്ല മീനോ മറ്റോ വാങ്ങിക്കാണും.. അല്ലാതെന്താ!

അമ്മയ്ക്ക് എന്നോടുള്ള സോഫ്റ്റ്‌ കോര്‍ണര്‍ ‍(മൂടി വെച്ചത് ആണെങ്കിലും പലപ്പോഴും അതറിയാതെ പുറത്തു വരും) അറിയാമായിരുന്ന ചേച്ചി സ്വന്തം അവകാശങ്ങള്‍ നേടി എടുക്കുന്നതില്‍ പ്രത്യേക ശ്രദ്ധ കൊടുത്തിരുന്നു. അച്ഛന് ചേച്ചിയോടുള്ള  സോഫ്റ്റ്‌ കോര്‍ണര്‍ (മൂടി വെച്ചത് ആണെങ്കിലും പലപ്പോഴും അതും അറിയാതെ പുറത്തു വരും)അറിയാമായിരുന്ന ഞാനും അവകാശങ്ങള്‍ നേടി എടുക്കുന്നതില്‍ പ്രത്യേക ശ്രദ്ധ കൊടുത്തിരുന്നു..

അങ്ങനെ വീട്ടില്‍ കമ്മ്യൂണിസം വാണിരുന്ന കാലം.

മീന്‍ ഫ്രൈ ചെയ്ത ചീനിച്ചട്ടിയില്‍ ചോറ് പുരട്ടി കഴികുന്നത് ഒരു ത്രില്‍ ആയിരുന്നു. മസാല ഒക്കെ പിടിച്ചു നല്ല പരുവത്തിലായിരിയ്ക്കും മീന്‍ വറുത്ത ചീനിച്ചട്ടി..  ചീനിച്ചട്ടിക്കു അടിപിടി ആയി, പല കുറി യുദ്ധങ്ങള്‍ കഴിഞ്ഞു, അവസാനം ഞാനും ചേച്ചിയും ഒരു പരസ്പര ധാരണയില്‍ എത്തി. ചീനിച്ചട്ടി ബുക്ക്‌ ചെയ്യാം. ബുക്ക്‌ ചെയ്യേണ്ട സമയം, അച്ഛന്‍ മീന്‍ വാങ്ങി വരുന്നതിനും ഫ്രൈ ആക്കുന്നതിനും ഇടക്കുള്ള സമയം. അത് പ്രാവര്‍ത്തികമായി..

അങ്ങനെ ഇരിക്കെ ഒരു ദിവസം, പൊയില്‍ക്കാവിലെ ഫാസ്റ്റ് ഫുഡില്‍ നിന്നുള്ള പരിപ്പുവടയുടെ ഗന്ധം എന്നെയും ചേച്ചിയെയും ഒരു പോലെ ഹഠാതാകര്‍ഷിച്ചു. വീട്ടില്‍ നിന്നും ഫണ്ട്‌ പാസ്സായി. ഇരുപതു രൂപ. പത്ത് പരിപ്പുവട വാങ്ങാം. എനിക്കാണെങ്കില്‍ പരിപ്പ് വടയ്ക്ക് ഏറെ ആര്‍ത്തി ആണ് താനും.. വീട്ടിലെത്താന്‍ ഒന്നും ക്ഷമയില്ല. പരിപ്പ് വടയുടെ മണം എന്റെ മനം കവര്‍ന്നു. റോഡില്‍ കൂടി നടന്നു തിന്നാനും വയ്യ..
അവസാനം ഇടവഴി (ആരും അധികം വരാത്ത ഇടവഴി) തന്നെ പിടിച്ചു.. പതുക്കെ പൊതി അഴിച്ചു ഒരെണ്ണം തിന്നു തുടങ്ങി.. ഹായ്‌ നല്ല ടേസ്റ്റ്.. ഇടവഴി തീര്‍ന്നപ്പോഴേക്കും ഒരെണ്ണം തീര്‍ന്നു.. (സൈക്കിള്‍ സവാരി ആയതു കൊണ്ട് ഇടവഴിയില്‍ സൈക്കിള്‍ പതുക്കെ ഓടിച്ചു കൊണ്ടായിരുന്നു തിന്നത്‌‍..) അങ്ങനെ വളരെ സ്വാഭാവികമായി വീട്ടിലേക്കു തിരിച്ചെത്തി.

വീട്ടിലെത്തിയപ്പോള്‍ തന്നെ പൊതിയഴിച്ചു. ഞാന്‍ ഒരെണ്ണം തിന്ന കാര്യം പറയാന്‍ പോവുകയായിരുന്നു. പക്ഷെ അതിനു വളരെ മുന്‍പ് തന്നെ ചേച്ചിയിലെ കമ്മ്യൂണിസം ഉണര്‍ന്നിരുന്നു.
ആകെ ഒന്‍പതെണ്ണം. അഞ്ചെണ്ണം നീയും നാലെണ്ണം ഞാനും തിന്നുന്ന ഏര്‍പ്പടൊന്നും വേണ്ട.. നാലര എനിക്കും നാലര നിനക്കും. 

ങേ.. അങ്ങനെയെങ്കില്‍ അങ്ങനെ! (ആത്മഗതം)
ഓ.. അതിനെന്താ..

അന്ന്  വളരെ സമാധാനപരമായി പരിപ്പുവട തിന്നു തീര്‍ന്നു. ചേച്ചിയുടെ കമ്മ്യൂണിസ്റ്റ്‌ ചിന്താഗതി (അല്ലെങ്കില്‍ എന്റെ അത്യാര്‍ത്തി) കാരണം ഫലത്തില്‍ എനിക്ക്  അന്ന് അഞ്ചര പരിപ്പുവട കിട്ടി. പിന്നീടത്‌ കൂട്ടി ആറര വരെ എത്തിക്കാന്‍ എനിക്ക് കഴിഞ്ഞു..
യഥാര്‍ത്ഥ കമ്മ്യൂണിസത്തില്‍ പരിപ്പുവടയ്ക്കുള്ള - ഛെ..! തെറ്റി - പരിപ്പ്‌വടയുടെ കാര്യത്തില്‍ യഥാര്‍ത്ഥ കമ്മ്യൂണിസത്തിനുള്ള സ്ഥാനം അന്നെനിക്ക് ശരിക്കും ബോധ്യമായി..

30 സെപ്റ്റംബർ 2009

ആദ്യത്തെ ഗൂഢാലോചന

ആറാം ക്ലാസ്സില്‍ ക്ലാസ്‌ തുടങ്ങിയ സമയം.. സോഷ്യല്‍ സയന്‍സ് എന്റെ ഒരു പേടിസ്വപ്നമായിരുന്നു. ടീച്ചര്‍ ആണെങ്കില്‍ ഞെട്ടിക്കലാണ് .. ഇടക്കിടക്കു പറയും  ഒരു Surprise test നടത്തുമെന്ന്. പക്ഷെ, അങ്ങോട്ട്‌ "നടത്തി" കളയുമെന്ന് ഞാന്‍ തീരെ വിചാരിച്ചില്ല. ഒരു ദിവസം അത് സംഭവിച്ചു. ക്ലാസ്സ്‌ പരീക്ഷയല്ലേ.. അത്രയ്ക്ക് ശ്രദ്ധയൊന്നും ഞാന്‍ കൊടുത്തില്ല. ഒഴപ്പി.. സോഷ്യല്‍ സയന്‍സ് ബുക്ക്‌ കാണുമ്പോള്‍ തന്നെ മടി വരും!

കുട്ടികളെ കൊണ്ട് തന്നെ അന്യോന്യം ടീച്ചര്‍ ഉത്തരക്കടലാസ് നോക്കിച്ചു. പെട്ടെന്നായിരുന്നു ടീച്ചര്‍ ഒരു ഞെട്ടിപ്പിക്കുന്ന പ്രസ്താവന ഇറക്കിയത്...
  മാര്‍ക്ക്‌ കുറഞ്ഞവരൊക്കെ അച്ഛനേയോ അമ്മയേയോ കൊണ്ട് വരണം.

അയ്യോ.. ഈശ്വരാ.. കുടുങ്ങിയോ.. എനിക്കത് ആലോചിക്കാന്‍ കൂടി വയ്യ.. ഇതാദ്യമായാണ്, ഇതിനു മുമ്പ് ഇങ്ങനെ ഉണ്ടായിട്ടേ ഇല്ല..പേടിപ്പെടുത്തുന്ന ഒരു കുറ്റബോധം എന്നെ അടിമുടി വിറപ്പിച്ചു..

ഒരാഴ്ച കഴിഞ്ഞു.. കുറെ പേര്‍ അച്ഛനേയും അമ്മയേയും ഒക്കെ കൊണ്ട് വന്നു..
ഇനിയും ഉണ്ട് കുറച്ചു പേര്‍ ബാക്കി. അതില്‍ ഞാനും ഉണ്ട്..
ടീച്ചര്‍ വീണ്ടും ക്ലാസ്സില്‍ വന്നു.

ഇനി അച്ഛനേയോ അമ്മയേയോ കൊണ്ട് വരാനുള്ളവരൊക്കെ എഴുന്നേറ്റു നില്‍ക്കൂ..

സകല ധൈര്യവും മനസ്സില്‍ സംഭരിച്ചു ശ്വാസം പോലും വിടാതെ ഞാന്‍ അവിടെ തന്നെ ഇരുന്നു..

കുറെ നിഷ്ക്കളങ്കന്‍മാര്‍ എഴുന്നേറ്റു നിന്നു. അവര്‍ക്കൊക്കെ പിടിപ്പതു കേട്ടു. ഞാന്‍ ശ്വാസം പിടിച്ചു കൊണ്ട് അവിടെ തന്നെ ഇരുന്നു.

ഭാഗ്യത്തിന് ടീച്ചര്‍ മാര്‍ക്ക്‌ കുറഞ്ഞവരുടെ ലിസ്റ്റ് എടുത്തിരുന്നില്ല. അന്ന് ഒന്നും സംഭവിച്ചില്ല. അങ്ങനെ, തലനാരിഴയ്ക്ക്, ഞാന്‍ ലിസ്റ്റില്‍ നിന്നു ആരും അറിയാതെ പുറത്തായി.

പക്ഷെ തീര്‍ന്നില്ല. ഇനിയും ഉണ്ട് കാര്യങ്ങള്‍.
ആ ഉത്തരക്കടലാസ്..
അതെങ്ങാന്‍ വീട്ടില്‍ ആരെങ്കിലും കണ്ടാലോ.. ഞാന്‍ ഒഴപ്പുകയാണെന്നു അറിയില്ലേ.. പിന്നെ, ഇരുന്നു പഠിക്കേണ്ടി വരും.

പെട്ടെന്നാണ്‌ കണ്ടു മറന്ന ഏതോ സിനിമയിലെ രംഗം ഓര്‍മ്മ വന്നത്..
തെളിവ് നശിപ്പിയ്ക്കല്‍...

എന്നിലെ കുറ്റവാളി ഉണര്‍ന്നു. അടുക്കളയില്‍ പോയി ആരും അറിയാതെ തീപ്പെട്ടി കൈക്കലാക്കി. പാന്റിന്റെ ഇടതു പോക്കറ്റില്‍ തീപ്പെട്ടി തിരുകി. വീടിനു പുറത്തുള്ള കക്കൂസിനെ ലക്ഷ്യമാക്കി നടന്നു. വലതു പോക്കറ്റില്‍ പരീക്ഷ പേപ്പര്‍. ഞാന്‍ അകത്തു കയറി. പൈപ്പ് തുറന്നിട്ടു. വെള്ളം വീഴുന്ന ശബ്ദം ഇപ്പോള്‍ നന്നായി കേള്‍ക്കാം. പതുക്കെ ഉത്തരക്കടലാസ് പുറത്തെടുത്തു, തീപ്പെട്ടി പുറത്തെടുത്തു. മെല്ലെ തീ കൊടുത്തു. അത് കത്തുമ്പോള്‍ നെഞ്ച് പട പട അടിക്കുകയായിരുന്നു. പെട്ടെന്നൊരു വിളി..

എടാ.. നീ എവിടെയാ, ഇങ്ങോട്ടൊന്നു വന്നേ..

നല്ല ജീവന്‍ പോയി... എന്തിനാവും വിളിക്കുന്നത്‌ ?
വല്ല ക്ലൂവും കിട്ടി കാണുമോ?
വിറച്ചു കൊണ്ട് ഞാന്‍ പറഞ്ഞു - "ഞാന്‍ ദേ ഇവടെ കക്കൂസിലാണ്.."

കടലാസ് കടത്തിയ ചാരമൊക്കെ ഞാന്‍ വെള്ളമൊഴിച്ചു കളഞ്ഞു. ഒരു പൊടി പോലും ബാക്കിയില്ലെന്നു ഉറപ്പു വരുത്തിയ ശേഷം‍ പുറത്തിറങ്ങി..

ഒരു നൂറു ആശങ്കകളോടെ അടുക്കളയിലേക്കു കയറി. ഒരു കുറ്റവാളിയുടെ കുറ്റബോധത്തോടെ ഞാന്‍ ചോദിച്ചു..
എന്താ.. എന്തിനാ.. എന്നെ... വിളിച്ചത്..?

എന്തിനായിരുന്നു അന്ന് വിളിച്ചതെന്ന്‌ എനിക്കോര്‍മ്മയില്ല. ഞാന്‍ പേടിച്ചതിനായിരുന്നില്ല എന്ന് മാത്രം ഓര്‍മയുണ്ട് ..

ആ സംഭവം പിന്നീട് കുറെ കാലം എന്നെ വേട്ടയാടി - അതിലും വലിയൊരു ഗൂഢാലോചന നടത്തുന്നത്  വരെ! ഇന്നതോര്‍ക്കുമ്പോഴും പറയുമ്പോഴും ഞാന്‍ ചിരിക്കും.. പക്ഷെ ഉള്ളിലെവിടെയോ, അന്ന് ഞാന്‍ പേടിച്ച ആ പേടിയുടെ ഒരണു വന്നു എന്നോട് ചോദിക്കും - "ഉള്ളിന്റെ ഉള്ളില്‍ നീ ശരിക്കും ചിരിക്കുന്നുണ്ടോ..?" എന്ന്..
എനിക്കറിയില്ല, പക്ഷെ ഒന്നറിയാം.. പതിനാലാണ്ട് കഴിഞ്ഞിട്ടും, എനിക്കറിയാന്‍ കഴിയുന്നുണ്ട് ആ ഭയം, ഇന്നലെ കഴിഞ്ഞത് പോലെ..

17 സെപ്റ്റംബർ 2009

കോഴിയുടെ വിലാപം

അന്ന്‌ ഞാന്‍ നാലാം ക്ലാസ്സില്‍ ആയിരുന്നിരിയ്ക്കും
ബന്ധനസ്ഥനായ ഒരു കോഴിയെ
ഞങ്ങളുടെ (ഞാനും ചേച്ചിയും സമപ്രായക്കാരും) കയ്യില്‍ ഏല്‍പ്പിച്ചിട്ട്‌
അമ്മായി പറഞ്ഞു -
"ആ വേലായുധേട്ടന്റെ അടുത്ത്‌ ചെന്ന്‌
ഇതിനെ ഒന്നു ശരിയാക്കി കൊണ്ടു വാ മക്കളേ.."

കോഴിയെ കഴുത്തു ഞെരിച്ചാണ്‌ കൊല്ലുന്നതെന്നു കേട്ടിട്ടുണ്ട്‌..
ഇനി ഇപ്പോ എന്തിനാ വേലായുധേട്ടന്‍?
ഒന്നു പരീക്ഷിച്ചു നോക്കിയിട്ടു തന്നെ കാര്യം..

ഞങ്ങളോരോരുത്തരായി അന്നതിന്റെ കഴുത്തു പിടിച്ചു ഞെരിച്ചു...
ഒരു കുറ്റബോധവും തോന്നിയില്ല അന്ന്‌..
പക്ഷെ കോഴി ചത്തില്ല (കോഴികള്‍ മരിച്ചാല്‍ ചത്തു എന്നു പറയണം)
പകുതി ചത്ത അതിനു മോക്ഷം കൊടുക്കാന്‍ ഒടുവില്‍
വേലായുധേട്ടന്‍ തന്നെ വേണ്ടി വന്നു..

ഇതു പണ്ടത്തെ കഥയാണ്‌..
കോഴിയെ കഴിക്കാന്‍ എനിക്കിഷ്ടമായിരുന്നെങ്കിലും
വാങ്ങാന്‍ പോകാന്‍ മടിയായിരുന്നു..
അച്ഛന്റെ കൂടെയേ പോകൂ..
കോഴിയെ ത്രാസിലിട്ടു തൂക്കും..
പിന്നെ കഴുത്തിനോട്‌ ചേര്‍ത്തു കത്തി കൊണ്ടു വെച്ചിട്ട്‌..
ഒറ്റ മുറി..
പ്ലാസ്റ്റിക്‌ പെട്ടിയിലേക്കു ഒരു ഏറ്..
അതിനകത്തു കിടന്ന്‌..

ഡബ്‌..പ്‌ടബ്‌.. ഡബ്‌.. ഡബ്...
ഡബ്‌..പ്‌ടബ്‌.. ഡബ്‌.. ഡബ്...

ഒച്ച മാത്രമേ കേള്‍ക്കൂ പിന്നീട്‌..
പിടച്ചിലായിരിയ്ക്കും, മരണവേദന..

കുറച്ചു സമയം കഴിഞ്ഞാല്‍ നല്ലൊരു
പ്ലാസ്റ്റിക്‌ കവറിനകത്താക്കി കൊണ്ടു വരും..
ചൂടുള്ള മാംസം..
അത്‌ ആ കോഴിയായിരുന്നെന്നു തോന്നുകയേ ഇല്ല..

പിന്നീട്‌ അതിനെ കറി വെച്ച്‌ കഴിയുമ്പോഴേയ്ക്കും
കോഴിയെ വാങ്ങാന്‍ പോയ സംഭവം തന്നെ മറന്നിരിയ്ക്കും..
നല്ല രുചിയുള്ള ഒരു ഭക്ഷണ പദാര്‍ത്ഥം..

ബ്രോയിലര്‍ കോഴികളെല്ലാം ഒരു പോലെ ആയതു കൊണ്ടാവും..
നൂറു കോഴികളെ പോലും ഒരു കോഴിയെ കൊല്ലുന്ന ലാഘവത്തോടെ
കൊല്ലാന്‍ കഴിയുന്നത്‌...

ഒരു കോഴിയുടെ നേര്‍ക്കു കത്തിയും കൊണ്ടു ചെല്ലുമ്പോള്‍
ചുറ്റുപാടും കൂടുകളില്‍ കിടക്കുന്ന
അസംഖ്യം കോഴികള്‍ പിടയ്ക്കുന്നുണ്ടാവും..
സ്വന്തം ഊഴം വരുന്നതു വരെ അങ്ങനെ എത്ര വട്ടം...?

ചില കാര്യങ്ങള്‍ക്ക്‌ വേണ്ടി മറ്റു ചില കാര്യങ്ങള്‍
കണ്ടില്ലെന്നു വിചാരിയ്ക്കണം..

ഇതു വരെ ഉള്ളില്‍ കൊണ്ടു നടന്ന ഈ കാര്യം ഞാന്‍
ഇപ്പോള്‍ പറഞ്ഞതെന്തുകൊണ്ടാണെന്നറിയുമോ?
ഞാന്‍ ഇപ്പൊള്‍ കോഴിയെ കഴിയ്ക്കാത്തതു കൊണ്ട്‌..
എന്നെങ്കിലും ഒരു ദിവസം ഈ ബ്ളോഗ്‌ പോസ്റ്റ് അപ്രത്യക്ഷമായാല്‍
അത്‌ഭുതപെടാനൊന്നുമില്ല കേട്ടോ!

പക്ഷെ, എനിക്കു വയ്യ..
വൃത്തിയും വെടിപ്പുമില്ലാതെ..
കൂട്ടില്‍ ശ്വാസം മുട്ടി..
ആഘോഷങ്ങള്‍ നടക്കുന്ന ദിവസവും കാത്തു പേടിച്ചു കഴിയാന്‍..
എനിക്കു വയ്യ.. ഭയമായി മാറി
കഴിയ്ക്കുന്ന ആളുകളില്‍ അറിയാതെ ആണെങ്കിലും
വിഷം നിറയ്ക്കാന്‍

കോഴിയില്‍ സ്വന്തം സ്വത്വത്തെ
ഒരിയ്ക്കലെങ്കിലും അറിയാന്‍ ശ്രമിച്ച
എല്ലാവര്‍ക്കും വേണ്ടി ഞാന്‍ ഇതു
സമര്‍പ്പിയ്ക്കുന്നു..