യാത്ര എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
യാത്ര എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

31 ഒക്‌ടോബർ 2012

വാഗമൺ വിളിക്കുന്നു

പോകാന്‍ തന്നെ അവസാനം തീരുമാനിച്ചു. ഞങ്ങള്‍ അഞ്ചു പേരായിരുന്നു യാത്രയ്ക്കുണ്ടായിരുന്നത്. കാക്കനാട് നിന്ന് വാഗമണിലേക്ക് ഏതാണ്ട് 96 കിലോമീറ്റര്‍ ഉണ്ട്.  വഴി തെറ്റിപ്പോകാതിരിക്കാനായി പ്രധാന സ്ഥലങ്ങൾ കുറിച്ചെടുക്കണമെന്ന് അന്ന് കാലത്ത് പല്ല് തേക്കുമ്പോള്‍ സോണിക്ക് വെളിപ്പെട്ടിരുന്നു. ഒരു പുണ്യ പ്രവൃത്തി ചെയ്യാന്‍ പ്രേരിപ്പിക്കുന്ന സൌമനസ്യത്തോടെ അവന്‍ അത് എന്നെ ഏല്പിച്ചു. ഒരു തുണ്ടം കടലാസിലേക്ക് mapല്‍ നിന്ന് ആറ് സ്ഥലങ്ങള്‍ ഞാന്‍ പെറുക്കിയെടുത്ത് എഴുതി - പുത്തന്‍കുരിശ്, മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, മൂലമറ്റം, വാഗമണ്‍‌.

"രാത്രി അധികം വൈകുന്നതിന് മുമ്പ് തിരിച്ചെത്തണം.. തരപ്പെട്ടാല്‍.. കുറച്ചു ഫ്രൂട്ട്സും വാങ്ങണം", ഇത്രേം മാത്രമേ അവള്‍ ആവശ്യപ്പെട്ടുള്ളൂ.. "തരപ്പെട്ടാല്‍" എന്ന വാക്കിന്റെ അര്‍ത്ഥതലങ്ങള്‍ ഗതകാലസ്മരണകള്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ തലച്ചോറില്‍ രേഖപ്പെടുത്തി.

സോണിയുടെ വാഹനത്തിന്റെ കന്നി യാത്ര ആയിരുന്നു അത് - രാവിലെ വീട്ടില്‍ നിന്ന് ഓഫീസിലേക്കും, വൈകീട്ട് തിരിച്ചും ഉള്ള പതിവ് സഞ്ചാരം മാത്രമേ അതിനു ശീലമുണ്ടായിരുന്നുള്ളൂ.

ആദ്യം ഇന്ഫോപാര്‍ക്കിനു പുറകു വശത്തുകൂടെയുള്ള ഗേറ്റ് വഴി അകത്തു കടക്കണം. മുന്‍വശത്തു കൂടെയാണ് പുത്തന്‍കുരിശ് ചെന്നെത്തുന്ന റോഡ്‌. ആരുടെ കയ്യിലും ഐ.ഡി.കാര്‍ഡില്ല. അതില്ലാതെ ആ പരിസരത്തിനു അകത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ല. സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ ഓരോ വണ്ടിയും സൂക്ഷ്മമായി പരിശോധിച്ചിട്ടാണ് അകത്തേക്ക് വിടുക.

വാഹനം ഗെയിറ്റിനടുത്തെത്താറായി . "ഇവന്മാരെ ഒന്ന് വിശദമായി പരിശോധിച്ചേക്കാം", എന്ന് പറയുമായിരുന്ന ആജ്ഞാനുവർത്തിയായ സെക്യൂരിറ്റി ചേട്ടനെ അത് വഴി പോയ ബംഗാളി പയ്യന്‍ ഒരു സംശയം തീര്‍ക്കാനെന്നോണം വിളിച്ചു. ഒരു നിമിത്തം പോലെ അവിടെ വന്ന വാഗമൺ ദേവതയുടെ സ്വന്തം സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ ഗേറ്റ് തുറന്നു തന്നു, ഞങ്ങൾ സുരക്ഷിതരായി അകത്തു കടന്നു.. അങ്ങനെ മങ്ങിതുടങ്ങിയ ശുഭാപ്തിവിശ്വാസം വീണ്ടെടുത്ത് യാത്ര തുടര്‍ന്നു.

വഴികള്‍ പറയാന്‍ ജോളിയുടെ മൊബൈല്‍ അപ്ലിക്കേഷനും, എന്റെ തുണ്ടം കടലാസും മത്സരിച്ചുകൊണ്ടിരുന്നു.

ഇടയ്ക്ക്  തിരക്കുള്ള ഏതോ കവലയില്‍ വെച്ച് ഒരോട്ടോറിക്ഷ വന്ന് സ്കൂട്ടറിനെ ഇടിച്ചിട്ടു. ഇടിച്ചത് ഓട്ടോറിക്ഷക്കാരന്റെ ധൃതിയും അശ്രദ്ധയും കാരണമായിരുന്നെങ്കിലും, വീണ സ്കൂട്ടറുകാരന്‍ സാധാരണ രീതിയില്‍ പ്രതികരിക്കാഞ്ഞത് കൌതുകമായിരുന്നു. ചുവാങ് സു പറഞ്ഞത് കേട്ടിട്ടുണ്ടോ?

ഒരാള്‍ പുഴ കടക്കുകയായിരുന്നു
ഇടയ്ക്ക് ഒരു ഒഴിഞ്ഞ തോണി അയാളുടെ തോണിയില്‍ വന്നിടിച്ചു
മുൻശുണ്ഠിക്കാരനായിട്ടും അയാള്‍ ദേഷ്യപ്പെട്ടില്ല
പക്ഷെ  തോണിയില്‍ ഒരാളുണ്ടായിരുന്നെങ്കില്‍
അയാള്‍ കോപത്തോടെ അലറും
ചീത്ത വിളിക്കുന്നത് മറ്റെയാള്‍ കേള്‍ക്കുന്നില്ലെന്നു കണ്ടാല്‍ കൂടുതല്‍ ഒച്ചത്തില്‍ ചീത്ത വിളിക്കും
പിന്നീട് ശപിക്കാന്‍ തുടങ്ങുകയായി.
എല്ലാം തോണിയില്‍ ഒരാളുള്ളത് കൊണ്ട് മാത്രം
തോണി ഒഴിഞ്ഞതായിരുന്നെങ്കില്‍
അയാള്‍ ഒച്ച വെക്കില്ലായിരുന്നു, ദേഷ്യപ്പെടുകയുമില്ലായിരുന്നു.

സ്കൂട്ടറിൽ വന്നത് ചുവാങ് സു ഒന്നും ആയിരുന്നില്ല, അയാൾക്ക് അതിന്റെ പുറകേ പോകാൻ സമയം
ഇല്ലായിരുന്നു എന്ന് തോന്നുന്നു - അതിലും വിലകൂടിയ ഒരു ലക്ഷ്യം അയാൾക്കുണ്ടായിരിക്കണം.
വീണ സ്കൂട്ടറും പൊക്കിയെടുത്ത് അയാള്‍ യാത്ര തുടര്‍ന്നപ്പോള്‍ അപകടത്തിന്റെ ആ ലോകം അസ്തമിച്ചു.

പ്രാതലിന്റെ ഊര്‍ജം എരിഞ്ഞടങ്ങുന്നത് വരെ വീണ്ടും നിര്‍ത്താതെയുള്ള യാത്ര.

ഭക്ഷണം കഴിക്കാന്‍ കയറിയ ഹോട്ടല്‍, ഏതോ ഒരു നദിക്കരയില്‍ ആയിരുന്നു. അകത്തു ഓരോ മേശയിലും ഒരു കുഞ്ഞു ഫിഷ്‌ ബൌള്‍. ഓരോ ബൌളിലും രണ്ടോ മൂന്നോ ചെറിയ മത്സ്യങ്ങള്‍.
ഞങ്ങളുടെ മേശക്കു മുകളില്‍ വെച്ച ബൌളില്‍ ഈയിടെ പ്രസവിച്ച ഒരു പൊടിമീനും ഉണ്ടായിരുന്നു. ആദ്യം കണ്ടപ്പോള്‍ മത്സ്യത്തിന്റെ കാഷ്ഠം ആണെന്നാണ്‌ കരുതിയത്‌, പക്ഷെ വേഗത്തില്‍ കുതിച്ചു ചലിക്കുന്നതു കണ്ടപ്പോഴാണ് ജീവനുണ്ടെന്നു മനസ്സിലായത്‌.
വെറുതെ ജീവിച്ചു കൊണ്ട് മറ്റുള്ളവരെ ആകര്‍ഷിക്കുന്നത് എന്തൊരു ബോറന്‍ ജീവിതമാണ്. പക്ഷെ സമുദ്രത്തിലെ പഴയ സ്വാതന്ത്ര്യബോധം ബൌളിലെ ഓളങ്ങളില്‍ ഉറങ്ങികിടക്കുന്നുണ്ടാവും, വഴികള്‍ ഗോളാകൃതിയില്‍ അവസാനിക്കുമ്പോള്‍ അവരതിനെ അറിയാന്‍ ശ്രമിക്കുന്നുമുണ്ടാകും.

ചിന്തകള്‍ കാട് കയറുന്നതിനു മുമ്പേ - ഭാഗ്യം - വെജിറ്റബിള്‍ ബിരിയാണി വന്നു! ബിരിയാണിയില്‍ കുറച്ചു ചോറും കുറെ മസാലയും. ചോറ് കിട്ടാന്‍ മസാലക്കിടയില്‍ ഏറെ നേരം ഖനനം ചെയ്യേണ്ടിവന്നെങ്കിലും ബിരിയാണി എനിക്കിഷ്ടമായി. തണുത്ത കുടിവെള്ളവും, പഫ്സിന്റെ തോട് പോലുള്ള ഒരു സാധനവും, കറുത്ത വട്ടത്തിനകത്ത് വെളുത്ത പേസ്റ്റ്  ഉള്ള ബിസ്ക്കറ്റും വാങ്ങി അവിടെ നിന്ന് ഇറങ്ങി.
ആദ്യം ഇത്തിരി ദൂരം വഴി തെറ്റി മൂലമറ്റം പവര്‍ ഹൌസിന്റെ ഭാഗമായ ഒരു ഗുഹയ്ക്ക് മുന്നില്‍ ചെന്നെത്തി, ഗുഹയിലെക്കൊരു വഴി മാത്രമായപ്പോള്‍, തെറ്റ് തിരുത്തി ഞങ്ങള്‍ മടങ്ങി.

പോകുന്ന വഴിയില്‍ നിറയെ പച്ചക്കുന്നുകള്‍, തേയിലത്തോട്ടങ്ങള്‍, പേരറിയാത്ത ചെടികള്‍..
ആനയുടെ മണം ഇടയ്ക്കിടയ്ക്ക് വരുന്നുണ്ടായിരുന്നു.
വള്ളികള്‍ പോലെ വേരുകള്‍ ഇല്ലാതെ, ചെടികളില്‍ തൂങ്ങി കിടക്കുന്നതു "മൂടില്ലാ താളി"യാണെന്ന് ജോളി പറഞ്ഞു. വേരുകള്‍ ഇല്ലാത്ത അതിജീവന രഹസ്യം വിശദീകരിക്കുവാനുള്ള ഒരു ശ്രമം നടത്തിയെങ്കിലും, പിന്നീട് അവന്‍ അതുപേക്ഷിച്ചു.

ഉച്ച തിരിഞ്ഞപ്പോള്‍ വാഗമണിൽ ഉള്ള പൈൻ ഫോറസ്റ്റിനടുത്തെത്തി. പൈന്‍ മരങ്ങളെ കുറിച്ച് ആകെയുള്ള ഓര്‍മ്മ പണ്ട് പഠിച്ച male pine, female pine വ്യത്യാസങ്ങള്‍ മാത്രമായിരുന്നു. പ്ലസ് ടു  വിനു  കൊടൈക്കനാലിലേക്ക് ടൂര്‍ പോയപ്പോള്‍ പൈന്‍ മരത്തില്‍ നിന്ന് ഒരു കുല male pine പറിച്ച് ജിസ്മ ടീച്ചര്‍ക്ക് കൊടുത്തിട്ട്, "ഇത ടീച്ചറെ male pine" എന്ന് അഭിമാനത്തോടെ പറഞ്ഞത് ഓര്‍ക്കുന്നു.
അന്ന് ടീച്ചര്‍ക്ക് വലിയ സന്തോഷമായി, ടീച്ചര്‍ക്ക് ബോട്ടണി ഹരമായിരുന്നെന്ന് ഇപ്പോള്‍ തോന്നുന്നു.

മെയിൻ റോഡിൽ നിന്ന് ഒരു ഇരുപത് അടി മുമ്പോട്ട് നടന്നാൽ പൈന്‍ഫോറസ്റ്റിനകത്തെത്താം. അവിടെ ആദ്യം അനുഭവപ്പെട്ടത് ഘനമുള്ള നിശബ്ദതയാണ്. പൈൻ മരങ്ങളുടെ സാന്നിധ്യത്തിൽ മുങ്ങി നിൽക്കുന്ന അന്തരീക്ഷം. വീതിയേറിയ കുന്നിൻ ചെരുവിൽ പൈൻ മരങ്ങളുടെ നിലനില്പിന്റെ നിശബ്ദത മാത്രം.

വർഷങ്ങളായി പകലിനും രാത്രിക്കും കാറ്റിനും മഴയ്ക്കും മണ്ണിന്റെ രസവ്യതിയാങ്ങൾക്കും സാക്ഷികളായി പരിചയത്തിന്റെ ഏറ്റക്കുറച്ചിലുകൾ തീണ്ടാതെ ഉത്കൃഷ്ടമായ പാരസ്പര്യത്തിൽ ഒരേ അകലത്തില്‍ ജീവിക്കുന്ന പൈൻ മരങ്ങൾ. ഗർഭപാത്രത്തിലെ നിശബ്ദത ഇതായിരിക്കും, കുറേ നേരം കൂടി അവിടെ അങ്ങനെ നിന്നാൽ വേരുകൾ മുളച്ച് മരമാകാനുള്ള സാധ്യതയുണ്ട്.
"മരമായിരുന്നു ഞാൻ പണ്ടൊരു മഹാനദിക്കരയിൽ.." എന്ന വരികൾ ഓർമ്മ വന്നു, ആ വരികളിലെ അർത്ഥത്തിന്റെ ഒരു തരം ചുവയും..

ഒരു കൂട്ടം കോളേജ് വിദ്യാർത്ഥികളും, സന്ദർശകരും പൈൻ മരങ്ങൾക്കിടയിലുള്ള വഴികളിൽ നേരമ്പോക്കുകൾ പറഞ്ഞുകൊണ്ട് അവരുടെ യാത്ര ആസ്വദിയ്ക്കുന്നുണ്ടായിരുന്നു. പക്ഷെ ഒരു സംഭാഷണത്തിനും പൈൻ മരങ്ങളുടെ നിശബ്ദതയെ ഭേദിക്കാൻ കഴിഞ്ഞില്ല. സംഭാഷണത്തിന്റെ ഇടവേളകളിലെല്ലാം ഘനമുള്ള നിശബ്ദത കുത്തിയൊഴുകി വാക്കുകളെയും, അതിൽ പ്രബലമായിരുന്ന സംഭാഷണ പരമ്പരയുടെ കാരണബീജത്തെയും ശിഥിലീകരിച്ചുകൊണ്ടിരുന്നു.

പൈൻമരങ്ങൾ ഉറങ്ങുന്ന ചെരിഞ്ഞ മലനിരകൾ മുഴുവനും, അതിന്റെ ഉണങ്ങിയ ഇലകൾ മെത്ത വിരിച്ചിരുന്നു. ചെരിഞ്ഞ കുന്നിനു മുകളിലായി വിരിച്ച മെത്തയിലൂടെ ചെരിപ്പ് ഇടാതെ നടന്നില്ലെങ്കില്‍ വീഴുമെന്നു തോന്നും. പൈന്‍മരങ്ങള്‍ പൊഴിച്ച ഇലകളും, മണ്ണും നഗ്നമായ പാദങ്ങളെ സ്നേഹിച്ചിരുന്നു. ചെരുപ്പ് പറഞ്ഞു തേയാറുള്ള യന്ത്രക്കഥകള്‍ കേട്ട് മുഷിഞ്ഞ പാദങ്ങള്‍ മണ്ണിന്റെ സ്വന്തം കഥകളുമായി പറ്റിച്ചേര്‍ന്നു നടന്നു.
കുറച്ച് കഴിഞ്ഞപ്പോൾ ചെറുതായി മഴ ചാറിത്തുടങ്ങി, പൈൻ മരങ്ങൾ ചെറിയ മഴത്തുളികളൊന്നിനെയും നിലത്തെത്തിച്ചിരുന്നില്ല. പൈൻമരത്തോട് ചേർന്ന് നിന്ന് മുഖമുയർത്തി നോക്കിയപ്പോൾ ശാഖകളിലൂടെ കിനിഞ്ഞിറങ്ങി വന്ന മഴത്തുള്ളികൾ നെറ്റിയില്‍ വീണു - തണുപ്പ്..!

മഴ കനക്കുന്നതിനു മുമ്പ് തുറസ്സായ ആ സ്ഥലം വിട്ടു..

മൂന്ന് മലകളിലൂടെ നടക്കണം സൂയിസൈഡ്  പോയിന്റില്‍ എത്താന്‍..
മലകളിലൂടെ ആളുകൾ നടന്ന് ഒരു വഴി ഉണ്ടായിരിക്കുന്നു - ഇളം പച്ച മലകളിൽ പുല്ലുകൾ മുളക്കാത്ത ഒരു കറുത്ത വഴി. ചില ഭാഗത്ത്, കൈകള്‍ കോര്‍ത്ത്‌ അകലം പാലിച്ചു നടന്നവര്‍ ഇരട്ട വഴികളും ഉണ്ടാക്കിയിട്ടുണ്ട്.

നല്ല നീരുള്ള പച്ചപ്പുല്ല് കണ്ടിട്ടും ഒരാര്‍ത്തിയുമില്ലാതെ അവിടെ പശുക്കള്‍ അലസരായി ഉലാത്തുകയാണ്.
"വളരെ സെലക്‍റ്റീവ്" ആയിട്ടാണ്‌ ഞങ്ങള്‍ ഇവടത്തെ പുല്ലു തിന്നാറുള്ളതെന്ന് അത് വഴി വന്ന കറുത്ത പശു പറഞ്ഞു.
"ഞങ്ങളൊക്കെ പശുക്കളുള്ള തറവാട്ടീന്ന് തന്നെയാ വന്നിരിക്കുന്നത് ...", എന്ന മറുമൊഴി കേൾക്കാൻ നിൽക്കാതെ വീർത്ത വയറും കുലുക്കി പശു അതിന്റെ പാട്ടിനു പോയി.
വാഗമണിലെ പശുക്കളുടെ ചാണകത്തിന് ആനയുടെ (ആനപ്പിണ്ടത്തിന്റെ) ഗന്ധമാണ്. ഉത്സവത്തിന്റെയൊക്കെ  അതേ ഗന്ധം!

നടന്നും ഓടിയും, മല കയറി.. രണ്ടാമത്തെ മലയുടെ ഇറക്കത്തിൽ ചെറിയ അരുവിയുണ്ട്, അതിൽ സാധാരണക്കാരായ നാടന്‍ മീനുകള്‍. വെള്ളത്തില്‍ കൈകള്‍ ഇട്ടു നോക്കി - ഐസ് വാട്ടറിന്റെ തണുപ്പ്,  കൈ കൊണ്ടു തുഴഞ്ഞപ്പോള്‍ അടിത്തട്ടിലെ ചെളിയുടെ ഒരു പാളി ഇളകി മറഞ്ഞു വെള്ളത്തില്‍ വ്യാപിച്ചു, സമയമെടുത്തു അത് പിന്നീട് പൂര്‍വ്വ സ്ഥിതിയിലാവാന്‍..
മീനുകളില്‍ ഒരെണ്ണം കൈ വെള്ളയില്‍ വന്നിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു, വരാഞ്ഞപ്പോള്‍ കൈവെള്ളയിലേക്കുള്ള വഴിയും കാണിച്ചു കൊടുത്തു - എല്ലാവരും പ്രാണവെപ്രാളത്തോടെ  പരക്കം പായുകയായിരുന്നു. "വെള്ളം ഇളക്കി മറിച്ചതും പോര ഇനി ഇപ്പൊ കയ്യില്‍ കേറ്റി താലോലിക്കണം.. അശ്രീകരം..", ശക്തമായി പ്രതികരിച്ച ശേഷം മത്സ്യങ്ങള്‍ കൂട്ടത്തോടെ സ്വസ്ഥതയിലേക്ക് പലായനം ചെയ്തു. പാടം കവിഞ്ഞു റോഡിലുണ്ടായ വെള്ളക്കെട്ടില്‍ പണ്ട് സ്ഥിരമായി ചെയ്തിരുന്ന കാല്‍പാദം കൊണ്ട് ചെരിച്ചു വീശിയുള്ള മീന്‍പിടുത്തം മറന്നിട്ടില്ല, അത് ചെയ്യണ്ടെന്നു തോന്നി.

നടന്ന് നടന്ന് അറ്റത്തെത്തി.. കോട അടിച്ച് കയറുന്നുണ്ടായിരുന്നെങ്കിലും, കാഴ്ച മറഞ്ഞിരുന്നില്ല.. ദൂരത്തിലും, താഴ്ചയിലും കണ്ട മലനിരകളുടെ ചിലഭാഗങ്ങള്‍ക്ക് കടും പച്ചനിറങ്ങളും, വെയില്‍ വീണ ഭാഗങ്ങള്‍ക്ക് വെട്ടി തിളങ്ങുന്ന ഇളം പച്ചയും മഞ്ഞയും കലര്‍ന്ന നിറങ്ങളും.. ഏതാണ്ട് ജംഗിള്‍ബുക്കില്‍ മൗഗ്ളി അമ്പിളിമാമന്റെ അടുത്തേക്ക് ചാടുന്ന ആ മുനമ്പില്‍ നിന്നുള്ള ദൃശ്യം. അറ്റത്ത്‌ ചെന്ന് നിന്നപ്പോള്‍ നെഞ്ചിടിപ്പ് കൂടി, ഗുരുത്വാകര്‍ഷണം ശരിക്കും അനുഭവപ്പെട്ടു. കുറെ നേരം അവിടെ സിഗരറ്റ്‌ ഇല്ലാതെ പുകവിട്ട ശേഷം തിരിച്ചു നടന്നു.

വരുന്ന വഴിക്ക് പുല്ലിനു മൂല്യച്യുതി വരുത്തിയ അഹങ്കാരികളായ കുറെ പശുക്കള്‍ക്കിടയില്‍ ഓടിക്കയറി അടിയന്തിരാവസ്ഥ സൃഷ്ടിച്ചു. കറുത്ത വഴികളുള്ള പച്ച മലകളും, പശുക്കളും, മൂന്ന് പേര്‍ കള്ളു കുടിച്ചു പുലമ്പിയ ലഹരിയുള്ള ആദ്യത്തെ മലയും താണ്ടി ഞങ്ങള്‍ വാഹനത്തിനടുത്ത് തിരിച്ചെത്തി.

ഇടയ്ക്ക് വെച്ച് ഒരു ചായ കുടിച്ച ശേഷം ഞങ്ങള്‍ വാഗമണിനോട് യാത്ര പറഞ്ഞു. കടയെല്ലാം അടയ്ക്കുന്നതിന് മുമ്പേ, ധൈര്യത്തിനായി ഒരു കിലോ ആപ്പിള്‍ വാങ്ങി കയ്യില്‍ കരുതി.

വാഗമണ്‍ ദേവതയുടെ സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ അന്ന് രാത്രി കണ്ടു, ഒരു വാഹനം ചുരം ഇറങ്ങി വരുന്ന ദൃശ്യം. ദൂരെ എവിടെയോ വാഗമണിലേക്ക് യാത്ര ചെയ്യാന്‍ ആരോ തയ്യാറെടുക്കുന്നുള്ളത് പോലെ.. സ്വപ്നത്തിലെ കാതുകള്‍ കൂര്‍പ്പിച്ചു വാഗമണ്‍ ഉറങ്ങി.

31 ഡിസംബർ 2010

ഫോളോ ചെയ്തു വന്നവര്‍

പുലര്‍ച്ചെ വീട്ടില്‍ നിന്ന് ബാഗും തൂക്കി ഇറങ്ങി, പുലരി ആര്‍ട്ട്സ് ക്ലബ്ബും കഴിഞ്ഞ് വളവിനടുത്ത് എത്തിയപ്പോഴാണ്‌ രണ്ടാള്‍ക്കാരെ ഞാന്‍ ശ്രദ്ധിയ്ക്കുന്നത്.. രണ്ടു പേരും എന്നെ ഫോളോ ചെയ്യുകയല്ലേ എന്നൊരു സംശയം! ചെവിയില്‍ കുത്തിത്തിരുകിയിരുന്ന ഹെഡ്ഫോണ്‍ ഊരി കീശയിലിട്ടു.. നടത്തം ഇത്തിരി വേഗത്തിലാക്കി..

ഇടയ്ക്ക്‌ ഒളികണ്ണിട്ടു നോക്കിയപ്പോള്‍, ദേ ആ രണ്ട് പേര്‍ - അവര്‍ വിടാതെ കൂടിയിരിയ്ക്കുക തന്നെയാണ്‌.. എന്റെ നടത്തത്തിനൊപ്പം തന്നെ ഉണ്ട്‌..

എന്തിനാണാവോ ഈശ്വരാ ഈ പുലരാന്‍ നേരത്ത് ഇവര്‍ എന്റെ പുറകെ വെച്ചു പിടിയ്ക്കുന്നത്? ഒരു പിടീം  കിട്ടുന്നില്ല..

ഞാന്‍ സംശയത്തോടെ ഒന്നു നിന്നു. പതുക്കെ അവര്‍ നടക്കുന്ന ഭാഗത്തേയ്ക്കു നോക്കി.. ദാ അവരും നടത്തം നിര്‍ത്തിയിരിയ്ക്കുന്നു.. ആശ്വാസത്തോടെ ഞാന്‍ വീണ്ടും നടന്നു.. ദേ വീണ്ടും അവര്‍ ഫോളോ ചെയ്യുന്നു..

NH നോട് ചേര്‍ന്ന് പുതുതായി പണിയുന്ന ഫ്ലാറ്റിനടുത്തെത്തിയപ്പോഴേയ്ക്കും എന്റെ കഷമ നശിച്ചു. രണ്ടിലൊന്ന് അറിഞ്ഞിട്ടു തന്നെ കാര്യം.. ഞാന്‍ പെട്ടെന്ന് സഡന്‍ ബ്രെയ്ക് ഇട്ടതു പോലെ നിന്നു, എന്നിട്ട് അവരുടെ നേരെ നോക്കി. എനിക്ക് കലിയാണ്‌ വന്നത്‌ - ഞാന്‍ നിന്നപ്പോള്‍ അതേ പോലെ സഡന്‍ ബ്രെയ്ക്ക്‌ ഇട്ടതു പോലെ അവരും നിന്നിരിയ്ക്കുന്നു..

designed by Jolly
ഞാന്‍ ചോദിച്ചു, "രാവിലെ തന്നെ മനുഷ്യനെ ഒരു മാതിരി ആക്കാന്‍ ഇറങ്ങിയതാണോ?"

രണ്ടു പേരും ഒരേ സ്വരത്തില്‍ പറഞ്ഞു, "അതെ".

"എന്തിനാ എന്നെ ഫോളോ ചെയ്യുന്നത്? ഞാന്‍ നടക്കുമ്പോള്‍ അതേ പോലെ നടക്കുന്നത്? എന്നെ ഇമിറ്റേറ്റ് ചെയ്ത് വടിയാക്കുന്നത്?", ചറപറാ ഞാന്‍ ചോദ്യങ്ങള്‍ ചോദിച്ചു.

"ഞങ്ങള്‍ ആരെ ഫോളോ ചെയ്തെന്നാ?", പുച്ഛം കലര്‍ന്ന സ്വരത്തില്‍ അവര്‍ ഒരുമിച്ചു ചോദിച്ചു.

"എന്നെത്തന്നെ.. ആളെ ഒരു മാതിരി സോമനാക്കല്ലേ.. ഞാന്‍ എറങ്ങിയപ്പോ തൊട്ടു കാണ്വാണ്‌ നിങ്ങളുടെ ഈ കോപ്രായം.."

"ഞങ്ങളിവടെ ആരേം ഫോളോ ചെയ്തില്ല..", ആത്മവിശ്വാസത്തോടെ അവരുടെ മറുപടി.

"ആഹാ! ഞാന്‍ നടക്കുമ്പോ അതേ പോലെ നടക്കുക,ഞാന്‍ നടക്കുന്ന അതേ സ്പീഡില്‍ കൂടെ നടക്കുക.. പിന്നെ ഞാന്‍ നടത്തം നിര്‍ത്തുമ്പോള്‍ നിങ്ങളും നടത്തം നിര്‍ത്തുക.. ഇതു ഫോളോ ചെയ്യലല്ലേ..!"

അവര്‍(മന്ദഹാസം)

"വല്ലാതെ ചിരിയ്ക്കല്ലേ... എനിക്ക് ഇത്‌ തമാശയായി തോന്നുന്നില്ല.. ഇന്നലെ രാത്രി 1 മണി കഴിഞ്ഞു കിടക്കുമ്പോള്‍, ഇന്ന് പുലര്‍ച്ചെ 5 മണിക്കെഴുന്നേറ്റ് ജോലിക്ക് പോവുകയാണ്‌.. അപ്പഴാ ഈ ഏടപാട്.. പോയിട്ട് പണി ഉണ്ട്.. Actually നിങ്ങള്‍ക്ക് എന്താ വേണ്ടത്‌? ഈ നേരം വെളുക്കാന്‍ നേരത്ത്‌ എന്തിനാ എന്റെ പുറകെ കൂടിയിരിയ്ക്കുന്നത്?"

"ഞങ്ങക്കൊന്നും വേണ്ടേ..! ഞങ്ങളെ കണ്ടപ്പോള്‍, "എന്തെങ്കിലും വേണം" - അങ്ങനെ തോന്നിയോ? (വീണ്ടും മന്ദഹാസം)

"എന്നാ ഒരു കാര്യം ചെയ്യ്.. നിങ്ങള്‍ ഫോളോ ചെയ്യുകയല്ല എന്നല്ലേ പറഞ്ഞത്.. നിങ്ങളങ്ങോട്ട് നടക്ക്.. നിങ്ങള്‍ പോയിട്ടേ ഞാനിനി പോകുന്നുള്ളൂ.."

"അത്രയ്ക്ക് കടുത്ത തീരുമാനം ഒക്കെ എടുക്കണോ?" (വീണ്ടും പുച്ഛം കലര്‍ന്ന ചോദ്യം)

അവിടെ കാത്തു നിന്നു ഇത്തിരി നേരം. രണ്ട് പേര്‍ക്കും ഒരനക്കവും ഇല്ല.. ഞാന്‍ ദയനീയമായി അവരുടെ മുഖത്തേയ്ക്കു നോക്കി..ഒരു രക്ഷേം ഇല്ല.. ഇപ്പോഴൊന്നും അവര്‍ അനങ്ങുന്ന മട്ടില്ല!

ഒരു ഭാവവ്യത്യാസവും കാണാതായപ്പോള്‍ ഞാന്‍ മൗനം ഭഞ്ജിച്ചു..

"ശരി.. അപ്പഴേ, എനിക്ക് നിങ്ങളുടെ ഈ കോപ്രായത്തിനനുസരിച്ച് തുള്ളാന്‍ ഇപ്പോ സമയമില്ല.. ജോലിയ്ക്ക് പോണം..നിങ്ങള്‍ രണ്ട് പേരും എങ്ങോട്ടാ? എന്താ പരിപാടി?"

"ഞങ്ങള്‍ ഇങ്ങനെ കറങ്ങിക്കൊണ്ടിരിക്ക്യാ.."

"അതു മനസ്സിലായി.. വേറെ ഒരു പണീം ഇല്ലല്ലേ...?"

"ഏയ്.. ഇല്ല.." (വീണ്ടും മന്ദഹാസം)

"ഇപ്പോ എങ്ങോട്ടാ?"

"പറഞ്ഞില്ലേ കറക്കം തന്നെയാണ്‌ പണി എന്ന്‌.."

"ങാ.. കറങ്ങുന്നതൊക്കെ കൊള്ളാം.. വെറുതെ ഒപ്പത്തിനൊപ്പം നടന്ന് ആള്‍ക്കാരെ വടിയാക്കരുത്.."

"ഓ.." (വീണ്ടും മന്ദഹാസം)

"ഉം.. അപ്പോ വേണ്ട പോലെ പറഞ്ഞാല്‍ ഇവന്മാര്‍ കേള്‍ക്കും.. ച്ഛെ.. ആദ്യമേ കലിപ്പിയ്ക്കണ്ടായിരുന്നു.. ഈ ബുദ്ധി നേരത്തേ പോയില്ലല്ലോ.." (ആത്മഗതം)

"എന്നാ പിന്നെ ഞാനങ്ങോട്ട് നടക്കട്ടെ.. പോയിട്ട് പണിണ്ട്.. നിങ്ങള്‍ സാവകാശം പോലെ കറങ്ങിക്കോ.. ഞാന്‍ ആദ്യം ഇത്തിരി ചൂടായിപ്പോയി.. ഒന്നും മനസ്സില്‍ വെക്കണ്ട! നമ്മള്‍ ചെയ്യുന്ന പോലെ ഒക്കെ ആരെങ്കിലും ചെയ്താല്‍ ദേഷ്യം വരില്ലേ.. വൈകിയാണെങ്കിലും ഇപ്പോ കാര്യം മനസ്സിലായല്ലോ... സമാധാനം!"

"ഓ..", രണ്ട് പേരും ഒരേ സ്വരത്തില്‍ പുഞ്ചിരിയോടെ..

ഞാന്‍ ആശ്വാസത്തോടെ അല്പം വേഗത്തില്‍ നടന്നു.. തിരിഞ്ഞു നോക്കിയപ്പോള്‍ ദേ അവര്‍! വീണ്ടും എന്റെയൊപ്പം തന്നെ.. ഇത്രെം പറഞ്ഞിട്ടും ഒരു മാറ്റവും ഇല്ല.. ഇവര്‍ക്ക് എങ്ങനെ ഇങ്ങനെ പെരുമാറാന്‍ പറ്റുന്നു! ഒരു വിലയും ഇല്ല, ഇത്രയും നേരം കണ്ഠക്ഷോപം ചെയ്തതിനൊന്നും..


പിന്നെ ഞാന്‍ ഒന്നും നോക്കിയില്ല.. അവിടെ നിന്നും ഓടാന്‍ തുടങ്ങി.. കയറ്റമുള്ള ഇടവഴി കടന്ന് ഓഫീസിന്റെ ഗെയ്റ്റിനടുത്തെത്തി.

അവര്‍ വിടാതെ എന്റെ പുറകെ ഓടുകയാണ്‌.. എനിക്ക് ആകെ ഭ്രാന്ത് പിടിച്ച് തുടങ്ങി.. ഇടയ്ക്ക് ഓട്ടം നിര്‍ത്തി അവരോട് അലറിവിളിച്ചു പറഞ്ഞാലോ എന്നും തോന്നി.. പക്ഷേ ഞാന്‍ ഓടി ഓഫീസിന്റെ ഗെയ്റ്റ് കടന്ന് അകത്ത് കയറി..

ഓടിക്കിതച്ച് വരുന്നത് കണ്ട് സെക്യൂരിറ്റി ചേട്ടന്‍ ചോദിച്ചു, "എന്തേ..? എന്തു പറ്റി? late ആയോ?"
"ഏയ്.. ഒന്നുല്ല. രണ്ട് പേര്‍ ഫോളോ ചെയ്തു.. ചുമ്മാ.. ആളെ വടിയാക്കാന്‍..", ഞാന്‍ കിതച്ചു കൊണ്ട് പറഞ്ഞു..
ഞാന്‍ പുറത്തേയ്ക്കു നോക്കിയപ്പോള്‍ അവരെ കാണാനില്ല..
"ഉം.. ഓഫീസിനകത്ത് അവര്‍ക്ക് എന്നെ എന്തായാലും ഫോളോ ചെയ്യാന്‍ പറ്റില്ല..!", അതോര്‍ത്തപ്പോള്‍ ആശ്വാസം തോന്നി.

ലോഗിന്‍ ചെയ്ത് കോണിപ്പടി കയറിക്കയറി ഞാന്‍ രണ്ടാമത്തെ നിലയിലെത്തി. ഇടനാഴിയിലൂടെ നടന്നു അകത്തേയ്ക്ക് കയറുന്നതിനു മുമ്പ് ജനാലയിലൂടെ അവസാനമായി ഒന്നു കൂടി പുറത്തേയ്ക്കു നോക്കി..
രണ്ടു പേരും പുറത്തുതന്നെയുണ്ട്.

ഞാന്‍ ഭീഷണിയോടെ നോക്കി. "നേരം വെളുക്കട്ടെ കാണിച്ചു തരാം. എന്നെയല്ലേ പേടിയില്ലാത്തേ! വേറേ ആളെ എറക്കും, കണ്ടോ.."

നേരം വെളുത്തപ്പോ നമ്മടെ ആളെത്തി.. അല്ലാ.. ആളെത്തിയപ്പോഴാണ്‌ നേരം വെളുത്തത്‌..
ഞാന്‍ ആ കാഴ്ച കാണാന്‍ ജനാലയുടെ അടുത്തേയ്ക്ക് ഓടി.. ആ ചന്ദ്രനും നക്ഷത്രവും എന്നെ ഫോളോ ചെയ്യാന്‍ പറ്റാതെ നിന്നു പരുങ്ങുന്നതു കാണാന്‍..

19 നവംബർ 2010

പുത്തന്‍ വശീകരണകലകള്‍

സമയം നട്ടുച്ച. ചുട്ടു പഴുത്ത നാഷനല്‍ ഹൈവേ. വൈറ്റില ജങ്ക്ഷന്‍. സ്വയം "ഡ്രൈഫ്രൈ" ആയിപ്പോകുന്നതിനു മുമ്പ്‌ ഏറ്റവും മുന്നിലുള്ള ചുവപ്പു ബസ്സില്‍ കയറിപ്പറ്റണമെന്ന് മാത്രമാണ്‌ ഇപ്പോള്‍ എന്റെ ചിന്ത. അതു കൊണ്ടു തന്നെ, അതേ ബസ്സിനെ ലക്ഷ്യമാക്കി വേഗത്തില്‍ നടന്നിരുന്ന, പ്രാരാബ്ധക്കാരനായ ചേട്ടനെയും, ഭാര്യയേയും, മിഠായി തിന്ന പല്ലുകളുള്ള ചെക്കനെയും, തള്ളിമാറ്റി ഇടയില്‍ക്കൂടി ഞാന്‍ ബസ്സിനെ ലക്ഷ്യമാക്കി കുതിച്ചു.. ക്ലീനര്‍ ചേട്ടന്‍ ബസ്സിനു താഴെ ഇറങ്ങി നിന്നു ഡബിള്‍ ബെല്‍ മുഴക്കിയപ്പോള്‍, ഞാന്‍ ഞെട്ടി..

"പണ്ടാരക്കാലാ പോവല്ലേ.. ഈയുള്ളവനേം കൂടി കേറ്റീട്ടു പോടാ.." (ഗദ്ഗദം)


പ്രതീക്ഷിച്ച പോലെ ഒരിറ്റു ദയ - അതെനിക്കു കിട്ടി.. പട്ടിയെപ്പോലെ കിതച്ചു കൊണ്ട്‌ ഞാന്‍ കഷ്ടിച്ചു കയറിപ്പറ്റി.
"താങ്ക്‌യൂ ചേട്ടാ", എന്നു പറഞ്ഞില്ല, പക്ഷെ ഒന്നു തിരക്കിട്ട്‌ ചിരിച്ചു, അതീവ ബഹുമാനത്തോടെ..
"ഹോ.. ഞാന്‍ കേറി.. ഇനി വിട്ടോ..", എന്നു മാത്രമായിരുന്നു ചിരിയുടെ അര്‍ത്ഥം. "
ആ പ്രാരാബ്ധച്ചേട്ടന്‍ ഓടിപ്പിടച്ചെത്തുമ്പോഴേക്കും ഒരു നേരമാകും..വാ നമുക്കു പോവാന്നേ...", എന്ന അര്‍ത്ഥത്തില്‍ ഞാന്‍ നോക്കി. പക്ഷേ ക്ലീനര്‍ ചേട്ടന്‌ കണ്ട മൈന്‍ഡ് ഇല്ല.

ഞാന്‍ അടുത്തു കണ്ട സീറ്റില്‍ ഇരിപ്പൂറപ്പിച്ച്‌, ബാക്കിയുണ്ടായിരുന്ന കിതപ്പ്‌ കിതച്ചു തീര്‍ത്തുകൊണ്ടിരുന്നു.
"എന്റമ്മോ.. എന്തൊരു ചൂടാത്‌.."

"വേഗം വാടീ.. വണ്ടിയിപ്പൊ എടുക്കും..", പുറത്തൊരു ബഹളം.
"ഓ.. പ്രാരാബ്ധക്കാരന്‍ ചേട്ടന്‍..", ഞാന്‍ മനസ്സില്‍ കണക്കു കൂട്ടി, "ഛെ.. വെയിലും കൊണ്ട്‌ ഓടിയതു മിച്ചം.."

"പോവല്ലേ.. ഒരാളു കൂടി കേറാനുണ്ട്‌.. ഒന്നു വേഗം വാടീ..", പ്രാരാബ്ധക്കാരന്‍ ചേട്ടന്‍ സ്റ്റെപ്പിനടുത്ത് നിന്നു മുറവിളികൂട്ടി, "ബെല്ലടിക്കല്ലേ.. ബെല്ലടിക്കല്ലേ.. ദാ എത്തിപ്പോയി... വേം വാ.. വേം വാ.. ഹോ.. ഇവളെക്കൊണ്ട്‌.."

ചേച്ചി, മിഠായി തിന്ന പല്ലുകളുള്ള ചെക്കനേം തൂക്കി ഓടിക്കേറിയപ്പോ, പ്രാരാബ്ധക്കാരന്‍ ചേട്ടന്‍ പറഞ്ഞു - "ങാ.. ഓക്കെ.."
ക്ലീനര്‍ ചേട്ടന്‍ അതു കേട്ടതായി ഭാവിച്ചില്ല.. മണിയടിച്ചു കൊണ്ടേ ഇരുന്നു.. ദൂരെ ആരോ ഓടിപ്പിടച്ചു വരുന്നുണ്ടാവും..
പ്രാരാബ്ധക്കാരന്‍ ചേട്ടന്‍ എന്റെയടുത്ത്‌ ഇരിപ്പുറപ്പിച്ചു.
"എന്തൊരു വെപ്രാളമായിരുന്നെടാ.. കണ്ടോ, ഞങ്ങളൊക്കെ കേറീട്ട്‌ നീയൊക്കെ വീട്ടീ പോയാ മതിയെടാ..", എന്ന അര്‍ത്ഥത്തില്‍ എന്നെ നോക്കി ഒന്നു ചിരിച്ചു

മിനിട്ടുകള്‍ ഒന്ന് - രണ്ട് - മൂന്ന്‌ - നാല്‌.. ഇങ്ങനെ കടന്നു പോയി..

മണിയടി മാത്രം നില്‍ക്കാതെ തുടരുന്നു..

അപ്പോള്‍ പുറകില്‍ നിന്നും ഒരു അപ്പാപ്പന്‍, "നിങ്ങ മണിയടിച്ചിരിക്കാണ്ട്‌ ഒന്നു പോടാ അപ്പാ.. കൊറ നേരായല്ല തൊടങ്ങീട്ട്.. ചൂടെടുത്തിട്ട് മനുഷ്യന് നിക്കക്കള്ളിയില്ല, അതിന്റെടക്കാ അവന്റെ ഒരു കലാപരിപാടി.. എടുക്കെടാ വണ്ടി.."

അപ്പോഴാണ്‌ ഈ മണിയടിയുടെ ഗുട്ടന്‍സ് എനിക്കു പിടികിട്ടിയത്.. ഭയങ്കര തെരക്കുള്ള ആള്‍ക്കാരെ അത്ര പെട്ടെന്നൊന്നും പുറപ്പെടാത്ത പാട്ട ബസ്സില്‍ കേറ്റാന്‍ വേണ്ടിയുള്ള ഗൂഢതന്ത്രം.. "ഇതില്‌ വേണ്ട അടുത്തതില്‌ പോകാം" എന്നു വിചാരിച്ചു നില്‍ക്കുന്നവരെയും, "എനിക്ക്‌ ഒരു മണിക്കു മുമ്പ് അങ്ങെത്താനുള്ളതാ" എന്നു വിചാരിച്ചു നില്‍ക്കുന്നവരെയും, "ഈശ്വരാ.. ഈ ചൂടീന്നെങ്ങനേങ്കിലും രക്ഷപ്പെട്ടാ മതി" എന്നു വിചാരിച്ചു നില്‍ക്കുന്നവരെയും - എല്ലാം ഒരു പോലെ കഴുതകളാക്കുന്ന പുതിയ വശീകരണ മന്ത്രമായിരുന്നു ഈ മണിയടി..

"ഈശ്വരാ എന്തൊരു കൊടും ചതി..", ഞാന്‍ ജനാലയ്ക്കകത്തു കൂടി തല പുറകോട്ടിട്ടു നോക്കി.. ദൂരെ പെട്ടീം തൂക്കി ഒരു പ്രായമായ ആള്‍ ഓടി വരുന്നു.. മണിയടിയ്ക്കുമ്പോള്‍ ഇടയ്ക്കിടയ്ക്ക്‌ ആ വഞ്ചകന്‍ - "പോവല്ലേ പോവല്ലേ.. ഒരാളു കൂടി കേറിക്കോട്ടേ.." എന്നൊക്കെ ഡ്രൈവറോട്‌ പുലമ്പിക്കൊണ്ടിരുന്നു..

ഓടിക്കൊണ്ടിരിക്കുന്നയാള്‍ - "എന്റെ ക്ലീനര്‍ മോനേ, ഞാന്‍ ദാ എത്തിപ്പോയി.. ദാ ഇപ്പ പോകാം.." എന്ന ഭാവത്തോടെ കൃതജ്ഞത തുളുമ്പുന്ന ചിരിയോടെ ഓടിക്കേറുന്നു. "നിന്റെ ഈ കൃതജ്ഞത ഞാനറിയുന്നു. പക്ഷെ, ഞാന്‍ നിന്നില്‍ നിന്നും ഒന്നും പ്രതീക്ഷിക്കുന്നില്ല.. ദീന ദയാലുവായ ഈ ഞാന്‍ എന്റെ ഈ നിഷ്കാമകര്‍മ്മം കൊണ്ട്‌, ഈ ദയാവായ്പ് മറ്റുള്ളവരിലേക്കു പരമാവധി ചൊരിയട്ടെ.." അങ്ങനെ അനുഭവിക്കാന്‍ റെഡിയായി നില്‍ക്കുന്ന നിഷ്ക്കളങ്കന്മാരെ തിരഞ്ഞുകൊണ്ടീരിക്കുകയാണ്‌ ദയാശീലന്‍..

പ്രാരാബ്ധക്കാരന്‍ ചേട്ടനും, ഭാര്യയും, മിഠായി തിന്ന പല്ലുകളുള്ള ചെക്കനും, അപ്പാപ്പനും, പിന്നെ ഇതു പോലെ ഓടിക്കേറിയ സകലരും, ഓടിക്കേറി അന്തം വിട്ടു നില്‍ക്കുന്ന പുതിയ അതിഥിയെ അകത്തേക്ക് സ്വാഗതം ചെയ്തു.. "വാ.. വാ.. കേറിയിരിക്ക്.."

28 ഡിസംബർ 2009

കിടിലന്‍ യാത്ര

"ഡാ ഈ കൊട എടുത്തോ, മഴ ഇനീം പെയ്യും", അച്ഛന്‍ കുട എന്നെ പിടിപ്പിച്ചു.

"ഈ നരച്ച ടീഷര്‍ട്ട്‌ ഇട്ടിട്ടാണോ പൊണേ, നൊക്ക്യേടി അവന്റെ ഒരു പാട്‌", അടുത്ത കമന്റ്‌ ഉടന്‍ തന്നെ വന്നു.

ഞാന്‍ നിറം മങ്ങിയ ആ പഴയ കണ്ണാടിയുടെ അടുത്തു ചെന്നു നിന്നു.
"ങേ, അങ്ങനെയുണ്ടോ? ഹേയ്, കൊഴപ്പൊന്നുല്ല.. എന്നാലും എന്തോ ഒരു ചെറിയ പന്തികേട്‌..", കണ്ണാടി പറഞ്ഞു.
പുതിയ ഒരു ഷര്‍ട്ടെടുത്തിട്ടു ഞാന്‍ പ്രശ്നം പരിഹരിച്ചു.
വലിയ ബാഗ് തോളിലിട്ടിറങ്ങിയപ്പോള്‍ ചേച്ചി,
"ഡാ, ഇതെന്റെ ചേട്ടന്‍ വാങ്ങി തന്ന ബാഗ് അല്ലെ..?"
 "ഉം.. അതെ."
ചേച്ചിയുടെ മുഖത്ത്‌ ഒരു സംതൃപ്തി മിന്നി മാഞ്ഞു.

സമയം വെളുപ്പിന്‌ 5.00 മണി. സുഹൃത്തിന്റെ വിവാഹനിശ്ചയം 11.30 നാണ്‌. അങ്ങു മേപ്പാടിയിലെത്തണം. വ്യക്തമായ ഒരു പ്ലാന്‍ മനസ്സിലുണ്ടായിരുന്നു - പോകേണ്ട വഴി - എത്തേണ്ട സമയം - എന്നിങ്ങനെ.

കൊടുങ്ങല്ലൂര്‍-ബത്തേരി ബസ്സില്‍ കയറുന്നു, ബസ് കോഴിക്കോടെത്തുന്നു, ഒരു സുഹൃത്ത് അവിടെ നിന്നും അനുഗമിയ്ക്കുന്നു, ചൂണ്ടേല്‍ ഇറങ്ങുന്നു, മേപ്പാടിയ്ക്കു പോകുന്നു, പിന്നെ എരുമക്കൊല്ലി.

ഒരു യാത്ര ചെയ്യാനുള്ള ഉത്സാഹത്തോടെ ഞാന്‍ ബസ്‌സ്റ്റോപ്പിലെത്തി. ഇനിയും 20 മിനിട്ട്‌ കഴിയണം ആ ആര്‍ഭാടക്കാരന്‍ എ.സി ബത്തേരി ബസ് വരാന്‍.
"ഹാവൂ, എന്തായാലും സുഖമായി ഇരുന്നു പോകാം" (ആത്മഗതം)

അല്പം കഴിഞപ്പോള്‍ സ്ഥിരം സഹയാത്രികരായ രണ്ട്‌ വൃദ്ധന്മാര്‍ എത്തി. ഒരാള്‍ മിതഭാഷിയാണ്‌. എനിക്ക്‌ കൂടുതല്‍ അടുപ്പമുള്ളയാള്‍ സംസാരപ്രിയനാണ്‌. എന്നു വച്ചാല്‍ നല്ല ഒന്നാന്തരം കത്തി. പുലര്‍ന്നു വരുന്ന സമയം ആയതുകൊണ്ട്‌ ഞാന്‍ കത്തിയുടെ മൂര്‍ച്ച പരിശോധിയ്ക്കാറില്ല. എല്ലാം മൂളിക്കേള്‍ക്കാറേ ഉള്ളൂ.

"ബത്തേരി ബസ് ഇവട്യൊന്നും നിര്‍ത്തില്ല", അയാള്‍.

"ങാ.. പിന്നേ.. ഞാന്‍ ഇവടന്നു എത്ര തവണ കേറീട്ടുള്ളതാ, നിര്‍ത്തൂലാന്നു പറയാന്‍ ഇങ്ങളാണോ ഇതിന്റെ ഡ്രൈവര്‍" (ആത്മഗതം)

ഒരു പുന്ചിരി ഞാന്‍ ഉള്ളില്‍ സൂക്ഷിച്ചു, പാവം പ്രായമായിട്ടുള്ള ആളുകള്‍ പറയുമ്പോള്‍ തര്‍ക്കിക്കാന്‍ പോകേണ്ട കാര്യമുണ്ടോ. മിണ്ടാതിരിയ്ക്കാം, എന്നിട്ട്‌ ഗുരുവായൂര്‍ ബസില്‍ കയറാതെ, ബത്തേരി ബസ്സിന്‌ കാത്തു നില്ക്കാം.

കൃത്യം 5.30 ന്‌ സ്റ്റോപ്പിനു എതിര്‍വശത്തുള്ള ക്ഷേത്രത്തിന്റെ നട തുറന്നു.
"പഞ്ചമുഖ ഗണപതീ..", സ്ഥിരം ഭക്തിഗാനം ഒഴുകി വന്നു.

ഗുരുവായൂര്‍ ബസ്സ് പ്രതീക്ഷയോടെ എന്റെ മുന്നില്‍ വന്നു നിന്നു.
"എന്താ കേറുന്നില്ലെ?", ബസ്സ് ചോദിച്ചു.
"ഇല്ല, ഞാന്‍ ആ ബത്തേരി ബസ്സില്.."
"ഉം.", ബസ് വിദൂരതയില്‍ അപ്രത്യക്ഷമായി.

ഞാന്‍ പ്രതീക്ഷയോടെ വീണ്ടും കാത്തു നിന്നു. അല്പം കഴിഞ്ഞപ്പോള്‍ ആര്‍ഭാടക്കാരന്റെ LED സ്ഥല സൂചിക കണ്ടു തുടങ്ങി. ഞാന്‍ തയ്യാറെടുപ്പോടു കൂടി റോഡിനോടു ചേര്‍ന്നു നിന്നു.

കൈ കാണിയ്ക്കാന്‍ പാകത്തിനെത്തിയപ്പോള്‍ എന്റെ വലിയ ബാഗ് കാണുന്ന വിധത്തില്‍ റോഡിലേയ്ക്കിറങ്ങി നിന്നു കൈ 360 ഡിഗ്രി കറക്കി, ഒരു ചെറുപുന്ചിരിയോടെ.
ഇത്തിരി ഓടാനുള്ള തയ്യാറെടുപ്പും നടത്തിയിരുന്നു..

ഒരു കാറ്റടിച്ചതേ ഓര്‍മ്മയുള്ളൂ. കണ്ട ഭാവം നടിയ്ക്കാതെ ആ അഹങ്കാരി കടന്നു കളഞ്ഞു.

"ഹെന്ത്!", അതു സംഭവിച്ചിരിയ്ക്കുന്നു.
"അയ്യോ.. ന്റെ ഗുരുവായുരു ബസ്സും പോയി, ബത്തേരി ബസ്സും പോയി" (ഗദ്ഗദം)

"ഇപ്പോ എന്തായി?", ആ വൃദ്ധന്‍ ഇതു പറയാനായി മാത്രം മനസ്സിലേയ്ക്കോടി വന്നു. എന്നിട്ടു പെട്ടെന്ന്‌ അപ്രത്യക്ഷ്‌നായി.

ഒച്ചിനെപ്പോലും ലജ്ജിപ്പിയ്ക്കുന്ന വിധത്തിലായിരുന്നു അടുത്ത ബസ്സിന്റെ രംഗപ്രവേശം.
"ഒന്നു വേഗം പൊക്കൂടേ?", ഞാന്‍ ചോദിച്ചു.
"വയ്യ, രാവിലെ തന്നെ.. എനിക്കിങ്ങനെ ഒക്കെയെ പൊകാന്‍ കഴിയൂ..", ബസ്സ് പറഞു.
ഞാന്‍ നിരാശയോടെ പുറത്തേയ്ക്കു നോക്കിയിരുന്നു.

6.35 നാണ്‌ ഗുരുവായൂരു നിന്നുള്ള അടുത്ത കോഴിക്കോട് ബസ്സ്. ചെറിയ ഒരിടവേളയില്‍ ഞാന്‍ ഒരുള്ളിവടയും ചായയും കഴിച്ചു. പത്ത് രൂപ കടക്കാരന്റെ കയ്യില്‍ കൊടുത്തിട്ട്‌ പ്രതീക്ഷയോടെ ഞാന്‍ അയാളുടെ മുഖത്തേയ്ക്കു നോക്കി.

ചായയ്ക്ക് നാലു രൂപ, ഉള്ളിവടയ്ക്കു കൂടിപ്പോയാല്‍ നാലു രൂപ, അതാണല്ലോ പെട്ടിക്കടകളിലുള്ള സാധാരണ ഏര്‍പ്പാട്‌.

"ചായയ്ക്കഞ്ചു, വടയ്ക്കഞ്ചു, അഞ്ചുവഞ്ചും പത്ത്‌", തൃശൂര്‍ ശൈലിയില്‍ മറുപടി കിട്ടിയപ്പോള്‍ ഞാന്‍ സംതൃപ്തനായി ബസ്സിനടുത്തേയ്ക്കു നീങ്ങി.

ചന്ദനത്തിരിയുടെ രൂക്ഷമായ ഗന്ധം എന്റെ നാസികയിലേയ്ക്കിരച്ചു കയറി.

"ഹയ്യോ..! ഈ നശിച്ച ചന്ദനത്തിരി" (ആത്മഗതം)

ഞന്‍ ഇരിയ്ക്കാറുള്ള ഇടതു വശത്തെ ഇരട്ട സീറ്റ് എന്നെ മാടി വിളിച്ചു.
ബാഗ് എടുക്കാനുള്ള reminder വച്ച ശേഷം ഞാന്‍ സീറ്റില്‍ ഒതുങ്ങിക്കൂടി.

9 മണിയ്ക്കു വരാന്‍ പറഞ്ഞ സുഹൃത്തിന്‌ ഞാന്‍ sms അയച്ചു, "eda enikkoru pottatharam patti.. batheri bus miss aayi.. nee 9.30 nu vannaal mathi. ksrtc bus standil.."

ഉടന്‍ തന്നെ മറുപടി വന്നു, "Sari pottaa."

ബസ്സിനകത്ത് "ഭക്തിസാന്ദ്രമായ" അന്തരീക്ഷമായിരുന്നു. ബസ്സ് ജീവനക്കാരുടെ പ്രിയപ്പെട്ട വീഡിയോ ഭക്തിഗാനങ്ങള്‍ നിര്‍ലോഭം ഒഴുകി വന്നു.
ഇടയ്ക്കൊരു പാട്ടിനു നല്ല കേട്ടു മറന്ന ഈണം.

"കറുപ്പാരെ കയ്യാലെ എന്നെ പുടിച്ചാ..
കാതല്‍ ഏന്‍ കാതില്‍.."

അതെ അതു തന്നെ.. ഞാന്‍ ചിരിയമര്‍ത്തി കണ്ണുമടച്ചു കിടന്നു.

സിനിമയും പാട്ടുമൊക്കെയായി കോഴിക്കോടെത്തിയപ്പോള്‍ സമയം 9.30 ആയി.

സുഹൃത്തിനോടൊപ്പം K.S.R.T.C ബസ്സിനടുത്തെത്തി ഞങ്ങള്‍ സമയവിവരങ്ങള്‍ ആരാഞ്ഞു.

"ചൊരത്തിന്റവടെ ബ്ലോക്കില്ലെങ്കി ചൂണ്ടേല്‍ ഒരൊന്നര മണിക്കൂറോണ്ടെത്തും. ബ്ലോക്കില്ലെങ്കി മാത്രം, ബ്ലോക്കുണ്ടെങ്കി പിന്നെ ഒന്നും പറയാന്‍ പറ്റില്ല", ആ നല്ല ഡ്രൈവര്‍ പറഞ്ഞു
.
"ചോറ്  തീരുന്നതിനു മുമ്പെങ്കിലും എത്ത്വോ", ഞങ്ങല്‍ പരസ്പരം ആശങ്കകള്‍ കൈമാറി മുന്‍വശത്തുള്ള സീറ്റില്‍ ഇരിപ്പുറപ്പിച്ചു.

"Basically Rich" ആയ എന്റെ സുഹൃത്ത് ടിക്കറ്റെടുത്തു.

അടിവാരം എത്തിയപ്പോള്‍ ഒരു ചെറുപ്പക്കാരന്‍ കുട്ടിയെയും എടുത്തു കൊണ്ടു വന്നു.
"ഞാന്‍ ഇവിടെ ഇരിക്കും.." എന്ന ഭാവത്തോടെ.
ഞാന്‍ ഗോഷ്ടികള്‍ കാണിച്ചു കൊണ്ടു പറയാന്‍ ശ്രമിച്ചു, "എണീയ്ക്കെണ്ടടാ അഡ്ജസ്റ്റ്‌ ചെയ്താല്‍ മതി.."
പക്ഷെ അപ്പോഴേയ്ക്കും അവന്‍ എഴുന്നേറ്റു കഴിഞ്ഞിരുന്നു. ഞാന്‍ അടുത്തിരുന്ന ആളെ അവജ്ഞയോടെ നോക്കി, എന്റെ അതൃപ്തി കാണിയ്ക്കുവാന്‍ വേണ്ട മുഖഭാവങ്ങളൊക്കെ യഥാസമയം മിന്നിമാഞ്ഞു.

"എവിടെയാ ഇറങ്ങുന്നത്‌?", അയാള്‍ ചോദിച്ചു.
"അതറിഞ്ഞിട്ടു തനിക്കെന്താടോ?"(ആത്മഗതം)
"ചൂണ്ടേല്‍", ഞാന്‍ പറഞു.

അപ്പോഴാണ്‌ അയാളുടെ കൂടെ ഭാര്യയും വേറെ ഒരു കുഞ്ഞും കൂടിയുണ്ടെന്നു ഞാന്‍ മനസ്സിലാക്കിയത്‌. ഞാനും സുഹൃത്തിന്റെ പാത പിന്തുടര്‍ന്നു.
"അവരിവടെ ഇരുന്നോട്ടെ", ഞാന്‍ വാതിലിനടുത്തേയ്ക്കു പോയി, അവന്‍ അവിടെ നില്‍ക്കുകയായിരുന്നു.

"ദേ.. താമരശ്ശേരി ചൊരം!"
പെട്ടെന്നായിരുന്നു പുതിയ ഒരു പ്രതീക്ഷ മനസ്സില്‍ വന്നത്‌. ചുരത്തിന്റെ ഭംഗി മുഴുവന്‍ വാതില്‍പടിയില്‍  നിന്ന്‌ ആസ്വദിയ്ക്കുക.

ഇടയ്ക്കിടയ്ക്കു നല്ല ഭംഗിയുള്ള ചെമന്ന മുഖമുള്ള കുരങ്ങന്മാര്‍, അവരുടെ നിഷ്കളങ്കമായ ചേഷ്ടകള്‍. അമ്മയുടെ മാറത്ത് ഒട്ടിപ്പിടിച്ചിരിയ്ക്കുന്ന കുട്ടിക്കുരങ്ങ്‌, കൂറ്റന്‍ മലകള്‍, ഭയപ്പെടുത്തുന്ന ആഴങ്ങള്‍, അത്ഭുതപ്പെടുത്തുന്ന ഉയരങ്ങള്‍.. എല്ലാം.. എല്ലാം.. ഹായ്... സീറ്റിലിരിക്കാന്‍ കഴിയാത്തതിന്റെ ഒരു വിഷമവും പിന്നീടുണ്ടായില്ല..

എന്റെ സുഹൃത്ത്‌ തികച്ചും സ്വാഭാവികമായി ക്ലീനറുടെ ജോലി ഇടയ്ക്കിടയ്ക്കു ഏറ്റെടുത്തു പോന്നു.

അങ്ങനെ ചൂണ്ടേല്‍ എത്തി. മേപ്പാടിയ്ക്കുള്ള ബസ് ഞങ്ങളെ കാത്തവിടെ തന്നെ കിടക്കുന്നുണ്ടായിരുന്നു. സാമാന്യം നല്ല തിരക്ക്‌.

"അന്ചു രൂപാ ടിക്കറ്റാ", വിവാഹനിശ്ചയമുള്ള സുഹൃത്തിന്റെ മൊഴി മനസ്സില്‍ മുഴങ്ങി. അധികം ചിന്തിച്ചു നില്ക്കാതെ ഓടിക്കയറി ബസ്സില്‍.

ചില്ലിനടുത്തിരുന്നിരുന്ന സ്ത്രീ ഡ്രൈവറോട്‌ നല്ല ചിരിയും സംസാരവും.

"ങാ.. സൊന്തക്കാരാവും" (ആത്മഗതം)

കുറച്ചു കഴിഞ്ഞപ്പോള്‍ അതാ എന്റെ സുഹൃത്ത്‌ വീണ്ടും സജീവമായിരിയ്ക്കുന്നു. വാതില്‍ തുറക്കുന്നു, അവന്‍ ഇറങ്ങുന്നു, സ്ത്രീകളെ കയറ്റുന്നു, വാതില്‍ അടയ്ക്കുന്നു. സ്വാഭാവികമായ അവന്റെ ഈ പ്രവൃത്തി ഞാന്‍ കൌതുകത്തോടെ നോക്കി നിന്നു.

"എങ്ങോട്ടാ പോകേണ്ടത്‌?", കണ്ടക്ടര്‍ ഞങ്ങളോട് ചോദിച്ചു.

"മേപ്പാടി ലാസ്റ്റ് സ്റ്റോപ്പാണെന്നു പറഞ്ഞതാണല്ലോ..! പിന്നെ എന്തിനാ ഇപ്പൊ ഇങനെ ഒരു ചോദ്യം? ഇതൊക്കെ അറിഞ്ഞിട്ട്‌ ഇപ്പൊ ഇയാക്കെന്താ കാര്യം?" (ആത്മഗതം)

"ഉം.. ഉം.. എരുമക്കൊല്ലി", ഞാന്‍ ഓര്‍ത്തെടുത്തു കൊണ്ടു പറഞ്ഞു.

"അതെയോ, ഇന്നാ ഇവടെ എറങ്ങിക്കൊ.. ഓട്ടോ കിട്ടും", അയാള്‍ പറഞ്ഞു.

ഇറങിക്കഴിഞതിനു ശേഷമാണ്‌ സുഹൃത്തിനോട്‌ അയാള്‍ക്കുണ്ടായിരുന്ന കൃതജ്ഞതയെക്കുറിച്ച്‌ എനിക്കു ബോധം വന്നത്‌. എനിയ്ക്കവനോട്‌ ബഹുമാനം തോന്നി.

ഓട്ടോയില്‍ കയറിയിട്ട്‌ സ്വന്തം നാട്ടില്‍ വന്നതു പോലെ പറഞ്ഞു, "ചേട്ടാ, ആ എരുമക്കൊല്ലി ഫേക്റ്ററീടെ അടുത്ത്‌".

ആ "ആ" മനപൂര്‍വം ഉപയോഗിച്ചതായിരുന്നു.

ഇരു വശത്തും നല്ല കാപ്പിത്തോട്ടങ്ങള്‍.. നല്ല തണുപ്പും. പെട്ടെന്നയാള്‍ ബ്രേക്കിട്ടു, "ദാ അതാ വീട്‌".

"ചേട്ടാ ഫേക്ടറി?"

ഞങ്ങള്‍ കൌതുകത്തോടെ ചോദിച്ചു. അയാള്‍ ഒരു വീട്‌ ചൂണ്ടിക്കാണിച്ചു.

ഞങ്ങളുടെ സംഭാഷണത്തില്‍ നിന്നും അയാള്‍ മനസ്സിലാക്കിയിരിയ്ക്കണം.

വീട്ടില്‍ കയറി, ചായ കുടിച്ചു. ഭാഗ്യം! പ്രതിശ്രുത വരന്റെ ആളുകള്‍ വന്നിട്ടില്ല.

അന്നവിടെ എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ടു മഴ പെയ്തു. നല്ല മഴ.

പഴയ ഒരു സുഹൃത്ത് പറഞ്ഞു, "ഇവള്‍ തേങ കട്ടു തിന്നിട്ടൂണ്ടാവും അതാ മഴ.."
ഞാന്‍ അവനെ തിരുത്തി, "ഇതു വിവാഹനിശ്ചയമല്ലേ.. തേങ്ങയാവില്ല, കരിക്കാവും തിന്നിട്ടുണ്ടാവുക.."

ഒരു നല്ല "ചളി" പരസ്പരം പങ്കുവെച്ച ചാരിതാര്‍ത്ഥ്യത്തോടെ ഞങ്ങള്‍ ചിരിച്ചു.

ഞങ്ങള്‍ ഊണു കഴിഞ്‌ തിരിച്ചു നടക്കാന്‍ തീരുമാനിച്ചു. കാപ്പിത്തോട്ടങ്ങള്‍ക്കിടയിലൂടെ... മഴ പെയ്യുന്നുണ്ടായിരുന്നു. കുടയെടുത്തപ്പോള്‍ അച്ഛനെ ഓര്‍ത്തു.

സുഹൃത്ത്‌ ഒരു പാട്ടു പാടുന്നുണ്ടായിരുന്നു..
"വരന്റെ ചുണ്ടിലേതോ.."

എടാ.. "വരന്റെ" അല്ല "വരണ്ട", ഞാന്‍ തിരുത്തി.

"ങാ", അവന്‍ മൂളി.

കോഴിക്കോട്‌ ബസ്സിലൊക്കെ നല്ല തിരക്ക്‌. ഞങ്ങള്‍ വളരെ ബുദ്ധിപരമായി കല്‍പറ്റയ്ക്കു ബസ്സ് കയറി. കല്‍പറ്റ സ്റ്റാന്റിലാണ്‌ ഇറങ്ങിയത്‌. സമയം 4.00 മണി.

"ടൈം ഇഷ്ടം പോലെയുണ്ട്‌..", ഞങ്ങള്ക്കതു ബോധ്യമായി. ഒരു കടയില്‍ കയറി കോഴിക്കോടേയ്ക്കുള്ള ബസ്സിന്റെ സമയവിവരം അന്വേഷിച്ചു.

"എപ്പഴും ബസ്സല്ലേ..", കടക്കാരന്‍ പറഞ്ഞു.

സിനിമ കാണാനുള്ള ആശയം അങ്ങനെയാണ്‌ വന്നത്‌. ഉടന്‍ തന്നെ തൊട്ടടുത്തുള്ള "മഹാവീര്‍" തീയേറ്ററിലേക്ക്‌ നടന്നു.

"ചേട്ടാ, ഇതു ബാല്‍ക്കണിയ്ക്കുള്ള ക്യൂ ആണോ", ക്യൂവിലുള്ള ഒരാളോടു ഞങ്ങള്‍ ആരാഞ്ഞു.
അയാള്‍ അടുത്ത ആളോട്‌ ഇതേ ചോദ്യം ആവര്‍ത്തിച്ചു..!

പിന്നീട്‌ ക്യൂവില്‍ നില്ക്കുമ്പോള്‍ ഒരാള്‍ സുഹൃത്തിന്റെ അടുത്തു വന്നു ചോദിച്ചു, "ഒരന്ചു രൂപ തരുമോ".

"ഹെന്ത്‌!!! അടിച്ചു പൂസായ മുഖം! പൈസ ചോദിയ്ക്കാന്‍ വന്നിരിയ്ക്കുന്നു!!" (ആത്മഗതം)

സുഹൃത്ത്‌ കീശയില്‍ തപ്പി, "അയ്യോ ചേട്ടാ ചില്ലറയില്ല, ശരിയ്ക്കും ചില്ലറയില്ല"

അയാള്‍ കേണു, "അങ്ങനെ പറയരുത്‌...", എന്നൊക്കെ.
അവസാനം ഗതികെട്ടപ്പോള്‍ അവന്‍ പത്തു രൂപയെടുത്ത്‌ അയാളുടെ കയ്യിലെ ഒരു അന്ചു രൂപ തുട്ടെടുത്തു. അതിനുള്ള സ്വാതന്ത്ര്യം തീര്‍ച്ചയായും അവനുണ്ട്‌.
ഞങ്ങള്‍ വിചാരിച്ചു, പാവം സിനിമ കാണാന്‍ പൈസയില്ലാതെ.. എന്തെങ്കിലുമാവട്ടെ..

ഞാന്‍ പറഞ്ഞു "ഇവടത്തെ ആള്‍ക്കാരൊക്കെ എന്തു നീറ്റാ.. ഒരു തിക്കും തിരക്കുമില്ല". അവന്‍ അതു സമ്മതിച്ചു.
പെട്ടെന്നൊരു ബഹളം - ബാല്‍ക്കണി ടിക്കറ്റ് കഴിഞ്ഞു. ഞങ്ങള്‍ ഫസ്റ്റ് ക്ളാസ്സിന്റെ കൌണ്ടറിലേയ്ക്കോടിയെത്തിയപ്പോഴേയ്ക്കും അവിടെ ഒരു കൂട്ടം ആളുകള്‍ ഒരു ചെറിയ പൊത്തിലൂടെ കൈ ഇടാന്‍ മത്സരിയ്ക്കുന്നു. ഹാ!! എല്ലാവരും പുറത്തേയ്ക്കിറങ്ങാനുള്ള വഴിയിലൂടെയാണു അകത്തു കയറിയതെന്നുള്ള വസ്തുത അപ്പോഴാഅണ്‌ ബോദ്ധ്യമായത്‌!!. ഒരു കണക്കിനു ടിക്കറ്റും, ഞാനും, ബാഗും, സുഹൃത്തും പുറത്തു കടന്നു.

സിനിമ കണ്ട്‌, ചായയും കുടിച്ചിറങ്ങിയപ്പോള്‍ നേരം 7.00 മണി.. അവന്‍ വീണ്ടും പാടി..
"വരന്റെ ചുണ്ടിലേതോ.."
"എടാ വരന്റെ അല്ല വരണ്ട", ഞാന്‍ ശാസിച്ചു.

ബസ്സിലുള്ള ആളുകളുടെ മുഖഭാവം കണ്ട്‌ ഞങ്ങള്‍ രണ്ടു പേരും ഞെട്ടി.. ഒരു രണ്ടു മണിക്കൂര്‍ യാത്ര ചെയ്യാനുള്ള ഒരു ദൃഢനിശ്ചയവും, ആത്മവിശ്വാസവും, എല്ലാവരുടെയും മുഖത്തുണ്ടായിരുന്നു. കഥകള്‍ പറഞ്ഞും, നില്ക്കുന്നതിന്റെ വേവലാതികള്‍ പങ്കുവെച്ചും കോഴിക്കോടെത്തി.

അവന്‌ ഇനിയും 30 കി.മി യാത്ര ചെയ്യണം വീട്ടിലെത്താന്‍.. അതും നിന്നു കൊണ്ട്‌.

ഞാന്‍ ഓട്ടോയില്‍ കയറിയപ്പോള്‍ sms വന്നു. അവനിരിയ്ക്കാന്‍ സീറ്റ് കിട്ടിയെന്ന്‌.

ഓട്ടോ ഇറങ്ങിയപ്പോള്‍ ഞാന്‍ അറിയാതെ മൂളി, "വരന്റെ ചുണ്ടിലേതോ..!!"