19 നവംബർ 2010

പുത്തന്‍ വശീകരണകലകള്‍

സമയം നട്ടുച്ച. ചുട്ടു പഴുത്ത നാഷനല്‍ ഹൈവേ. വൈറ്റില ജങ്ക്ഷന്‍. സ്വയം "ഡ്രൈഫ്രൈ" ആയിപ്പോകുന്നതിനു മുമ്പ്‌ ഏറ്റവും മുന്നിലുള്ള ചുവപ്പു ബസ്സില്‍ കയറിപ്പറ്റണമെന്ന് മാത്രമാണ്‌ ഇപ്പോള്‍ എന്റെ ചിന്ത. അതു കൊണ്ടു തന്നെ, അതേ ബസ്സിനെ ലക്ഷ്യമാക്കി വേഗത്തില്‍ നടന്നിരുന്ന, പ്രാരാബ്ധക്കാരനായ ചേട്ടനെയും, ഭാര്യയേയും, മിഠായി തിന്ന പല്ലുകളുള്ള ചെക്കനെയും, തള്ളിമാറ്റി ഇടയില്‍ക്കൂടി ഞാന്‍ ബസ്സിനെ ലക്ഷ്യമാക്കി കുതിച്ചു.. ക്ലീനര്‍ ചേട്ടന്‍ ബസ്സിനു താഴെ ഇറങ്ങി നിന്നു ഡബിള്‍ ബെല്‍ മുഴക്കിയപ്പോള്‍, ഞാന്‍ ഞെട്ടി..

"പണ്ടാരക്കാലാ പോവല്ലേ.. ഈയുള്ളവനേം കൂടി കേറ്റീട്ടു പോടാ.." (ഗദ്ഗദം)


പ്രതീക്ഷിച്ച പോലെ ഒരിറ്റു ദയ - അതെനിക്കു കിട്ടി.. പട്ടിയെപ്പോലെ കിതച്ചു കൊണ്ട്‌ ഞാന്‍ കഷ്ടിച്ചു കയറിപ്പറ്റി.
"താങ്ക്‌യൂ ചേട്ടാ", എന്നു പറഞ്ഞില്ല, പക്ഷെ ഒന്നു തിരക്കിട്ട്‌ ചിരിച്ചു, അതീവ ബഹുമാനത്തോടെ..
"ഹോ.. ഞാന്‍ കേറി.. ഇനി വിട്ടോ..", എന്നു മാത്രമായിരുന്നു ചിരിയുടെ അര്‍ത്ഥം. "
ആ പ്രാരാബ്ധച്ചേട്ടന്‍ ഓടിപ്പിടച്ചെത്തുമ്പോഴേക്കും ഒരു നേരമാകും..വാ നമുക്കു പോവാന്നേ...", എന്ന അര്‍ത്ഥത്തില്‍ ഞാന്‍ നോക്കി. പക്ഷേ ക്ലീനര്‍ ചേട്ടന്‌ കണ്ട മൈന്‍ഡ് ഇല്ല.

ഞാന്‍ അടുത്തു കണ്ട സീറ്റില്‍ ഇരിപ്പൂറപ്പിച്ച്‌, ബാക്കിയുണ്ടായിരുന്ന കിതപ്പ്‌ കിതച്ചു തീര്‍ത്തുകൊണ്ടിരുന്നു.
"എന്റമ്മോ.. എന്തൊരു ചൂടാത്‌.."

"വേഗം വാടീ.. വണ്ടിയിപ്പൊ എടുക്കും..", പുറത്തൊരു ബഹളം.
"ഓ.. പ്രാരാബ്ധക്കാരന്‍ ചേട്ടന്‍..", ഞാന്‍ മനസ്സില്‍ കണക്കു കൂട്ടി, "ഛെ.. വെയിലും കൊണ്ട്‌ ഓടിയതു മിച്ചം.."

"പോവല്ലേ.. ഒരാളു കൂടി കേറാനുണ്ട്‌.. ഒന്നു വേഗം വാടീ..", പ്രാരാബ്ധക്കാരന്‍ ചേട്ടന്‍ സ്റ്റെപ്പിനടുത്ത് നിന്നു മുറവിളികൂട്ടി, "ബെല്ലടിക്കല്ലേ.. ബെല്ലടിക്കല്ലേ.. ദാ എത്തിപ്പോയി... വേം വാ.. വേം വാ.. ഹോ.. ഇവളെക്കൊണ്ട്‌.."

ചേച്ചി, മിഠായി തിന്ന പല്ലുകളുള്ള ചെക്കനേം തൂക്കി ഓടിക്കേറിയപ്പോ, പ്രാരാബ്ധക്കാരന്‍ ചേട്ടന്‍ പറഞ്ഞു - "ങാ.. ഓക്കെ.."
ക്ലീനര്‍ ചേട്ടന്‍ അതു കേട്ടതായി ഭാവിച്ചില്ല.. മണിയടിച്ചു കൊണ്ടേ ഇരുന്നു.. ദൂരെ ആരോ ഓടിപ്പിടച്ചു വരുന്നുണ്ടാവും..
പ്രാരാബ്ധക്കാരന്‍ ചേട്ടന്‍ എന്റെയടുത്ത്‌ ഇരിപ്പുറപ്പിച്ചു.
"എന്തൊരു വെപ്രാളമായിരുന്നെടാ.. കണ്ടോ, ഞങ്ങളൊക്കെ കേറീട്ട്‌ നീയൊക്കെ വീട്ടീ പോയാ മതിയെടാ..", എന്ന അര്‍ത്ഥത്തില്‍ എന്നെ നോക്കി ഒന്നു ചിരിച്ചു

മിനിട്ടുകള്‍ ഒന്ന് - രണ്ട് - മൂന്ന്‌ - നാല്‌.. ഇങ്ങനെ കടന്നു പോയി..

മണിയടി മാത്രം നില്‍ക്കാതെ തുടരുന്നു..

അപ്പോള്‍ പുറകില്‍ നിന്നും ഒരു അപ്പാപ്പന്‍, "നിങ്ങ മണിയടിച്ചിരിക്കാണ്ട്‌ ഒന്നു പോടാ അപ്പാ.. കൊറ നേരായല്ല തൊടങ്ങീട്ട്.. ചൂടെടുത്തിട്ട് മനുഷ്യന് നിക്കക്കള്ളിയില്ല, അതിന്റെടക്കാ അവന്റെ ഒരു കലാപരിപാടി.. എടുക്കെടാ വണ്ടി.."

അപ്പോഴാണ്‌ ഈ മണിയടിയുടെ ഗുട്ടന്‍സ് എനിക്കു പിടികിട്ടിയത്.. ഭയങ്കര തെരക്കുള്ള ആള്‍ക്കാരെ അത്ര പെട്ടെന്നൊന്നും പുറപ്പെടാത്ത പാട്ട ബസ്സില്‍ കേറ്റാന്‍ വേണ്ടിയുള്ള ഗൂഢതന്ത്രം.. "ഇതില്‌ വേണ്ട അടുത്തതില്‌ പോകാം" എന്നു വിചാരിച്ചു നില്‍ക്കുന്നവരെയും, "എനിക്ക്‌ ഒരു മണിക്കു മുമ്പ് അങ്ങെത്താനുള്ളതാ" എന്നു വിചാരിച്ചു നില്‍ക്കുന്നവരെയും, "ഈശ്വരാ.. ഈ ചൂടീന്നെങ്ങനേങ്കിലും രക്ഷപ്പെട്ടാ മതി" എന്നു വിചാരിച്ചു നില്‍ക്കുന്നവരെയും - എല്ലാം ഒരു പോലെ കഴുതകളാക്കുന്ന പുതിയ വശീകരണ മന്ത്രമായിരുന്നു ഈ മണിയടി..

"ഈശ്വരാ എന്തൊരു കൊടും ചതി..", ഞാന്‍ ജനാലയ്ക്കകത്തു കൂടി തല പുറകോട്ടിട്ടു നോക്കി.. ദൂരെ പെട്ടീം തൂക്കി ഒരു പ്രായമായ ആള്‍ ഓടി വരുന്നു.. മണിയടിയ്ക്കുമ്പോള്‍ ഇടയ്ക്കിടയ്ക്ക്‌ ആ വഞ്ചകന്‍ - "പോവല്ലേ പോവല്ലേ.. ഒരാളു കൂടി കേറിക്കോട്ടേ.." എന്നൊക്കെ ഡ്രൈവറോട്‌ പുലമ്പിക്കൊണ്ടിരുന്നു..

ഓടിക്കൊണ്ടിരിക്കുന്നയാള്‍ - "എന്റെ ക്ലീനര്‍ മോനേ, ഞാന്‍ ദാ എത്തിപ്പോയി.. ദാ ഇപ്പ പോകാം.." എന്ന ഭാവത്തോടെ കൃതജ്ഞത തുളുമ്പുന്ന ചിരിയോടെ ഓടിക്കേറുന്നു. "നിന്റെ ഈ കൃതജ്ഞത ഞാനറിയുന്നു. പക്ഷെ, ഞാന്‍ നിന്നില്‍ നിന്നും ഒന്നും പ്രതീക്ഷിക്കുന്നില്ല.. ദീന ദയാലുവായ ഈ ഞാന്‍ എന്റെ ഈ നിഷ്കാമകര്‍മ്മം കൊണ്ട്‌, ഈ ദയാവായ്പ് മറ്റുള്ളവരിലേക്കു പരമാവധി ചൊരിയട്ടെ.." അങ്ങനെ അനുഭവിക്കാന്‍ റെഡിയായി നില്‍ക്കുന്ന നിഷ്ക്കളങ്കന്മാരെ തിരഞ്ഞുകൊണ്ടീരിക്കുകയാണ്‌ ദയാശീലന്‍..

പ്രാരാബ്ധക്കാരന്‍ ചേട്ടനും, ഭാര്യയും, മിഠായി തിന്ന പല്ലുകളുള്ള ചെക്കനും, അപ്പാപ്പനും, പിന്നെ ഇതു പോലെ ഓടിക്കേറിയ സകലരും, ഓടിക്കേറി അന്തം വിട്ടു നില്‍ക്കുന്ന പുതിയ അതിഥിയെ അകത്തേക്ക് സ്വാഗതം ചെയ്തു.. "വാ.. വാ.. കേറിയിരിക്ക്.."

11 അഭിപ്രായങ്ങൾ:

  1. ഇതൊക്കെ അവന്മാരുടെ സ്ഥിരം നമ്പറുകളല്ലേ?

    മറുപടിഇല്ലാതാക്കൂ
  2. അതെ, പക്ഷെ അതു മനസ്സിലാക്കാന്‍ ഇത്തിരി വൈകിയെന്നു മാത്രം :D

    മറുപടിഇല്ലാതാക്കൂ
  3. ഗൊള്ളാമടെയ്..നന്നായിട്ട്ടുണ്ട്..ഇത്ര ചെറിയ ഒരു കാര്യം തന്‍മയത്തതൊടെ അവതരിപ്പിചു...

    മറുപടിഇല്ലാതാക്കൂ
  4. ഷജിന്‍, അഭിപ്രായം പറഞ്ഞതിന്‌ നന്ദി :)

    മറുപടിഇല്ലാതാക്കൂ
  5. അണ്ണാ, അണ്ണന്‍ ഒരു സംഭവം തന്നെ.
    നമ്മളൊക്കെ കടന്നു പോവാറുള്ള ഒരു സന്ദര്‍ഭത്തെ ഗംഭീരമായി അവതരിപ്പിച്ചിരിക്കുന്നു. അഭിവാദ്യങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  6. ഒന്നു പെരുപ്പിച്ചതാണെന്നേ ;)

    മറുപടിഇല്ലാതാക്കൂ
  7. ഇതുകൊള്ളമല്ലോ! ഞാന്‍ ഇപൊഴാ കാണുന്നത് :D

    മറുപടിഇല്ലാതാക്കൂ
  8. ഹ ഹ ..കൊള്ളാം കൊള്ളാം .. പണ്ട് ഞാനും കുറെ അനുഭവിച്ചതാ ഈ ചുവന്ന ബസിന്‍റെ കളികള്‍. വൈറ്റിലയില്‍ നിന്നും സൌത്തില്‍ പോകണ്ട എന്നെ, വൈറ്റില -പാലാരിവട്ടം- കലൂര്‍- മറൈന്‍ ഡ്രൈവ് വഴി കറക്കി സൌത്തില്‍ കൊണ്ടേ വിട്ടു [വൈറ്റില-വൈറ്റില ബസ്‌], ഇതിലെ പഹയന്മാര്‍.

    മറുപടിഇല്ലാതാക്കൂ
  9. :D രണ്ട് വഴിക്ക് സൗത്തില്‍ പോകാം :)

    മറുപടിഇല്ലാതാക്കൂ
  10. അതെയതെ 2 വഴിക്ക് പോകാം. പക്ഷെ 10 മിനിറ്റ് കൊണ്ട് എത്തേണ്ട എന്നെ 50 മിനിറ്റ് കൊണ്ട് എത്തിച്ചു.
    അന്ന് വഴി അറിയില്ലായിരുന്നു. പിന്നെ, അത് കമ്പനി കാര്യത്തിന് ആയതുകൊണ്ട്, നേരായ വഴിയെ കുറിച്ച് അറിഞ്ഞപ്പോള്‍ വല്യ ദേഷ്യം ഒന്നും തോന്നിയില്ല ..ഹിഹി

    മറുപടിഇല്ലാതാക്കൂ