19 നവംബർ 2010

പുത്തന്‍ വശീകരണകലകള്‍

സമയം നട്ടുച്ച. ചുട്ടു പഴുത്ത നാഷനല്‍ ഹൈവേ. വൈറ്റില ജങ്ക്ഷന്‍. സ്വയം "ഡ്രൈഫ്രൈ" ആയിപ്പോകുന്നതിനു മുമ്പ്‌ ഏറ്റവും മുന്നിലുള്ള ചുവപ്പു ബസ്സില്‍ കയറിപ്പറ്റണമെന്ന് മാത്രമാണ്‌ ഇപ്പോള്‍ എന്റെ ചിന്ത. അതു കൊണ്ടു തന്നെ, അതേ ബസ്സിനെ ലക്ഷ്യമാക്കി വേഗത്തില്‍ നടന്നിരുന്ന, പ്രാരാബ്ധക്കാരനായ ചേട്ടനെയും, ഭാര്യയേയും, മിഠായി തിന്ന പല്ലുകളുള്ള ചെക്കനെയും, തള്ളിമാറ്റി ഇടയില്‍ക്കൂടി ഞാന്‍ ബസ്സിനെ ലക്ഷ്യമാക്കി കുതിച്ചു.. ക്ലീനര്‍ ചേട്ടന്‍ ബസ്സിനു താഴെ ഇറങ്ങി നിന്നു ഡബിള്‍ ബെല്‍ മുഴക്കിയപ്പോള്‍, ഞാന്‍ ഞെട്ടി..

"പണ്ടാരക്കാലാ പോവല്ലേ.. ഈയുള്ളവനേം കൂടി കേറ്റീട്ടു പോടാ.." (ഗദ്ഗദം)


പ്രതീക്ഷിച്ച പോലെ ഒരിറ്റു ദയ - അതെനിക്കു കിട്ടി.. പട്ടിയെപ്പോലെ കിതച്ചു കൊണ്ട്‌ ഞാന്‍ കഷ്ടിച്ചു കയറിപ്പറ്റി.
"താങ്ക്‌യൂ ചേട്ടാ", എന്നു പറഞ്ഞില്ല, പക്ഷെ ഒന്നു തിരക്കിട്ട്‌ ചിരിച്ചു, അതീവ ബഹുമാനത്തോടെ..
"ഹോ.. ഞാന്‍ കേറി.. ഇനി വിട്ടോ..", എന്നു മാത്രമായിരുന്നു ചിരിയുടെ അര്‍ത്ഥം. "
ആ പ്രാരാബ്ധച്ചേട്ടന്‍ ഓടിപ്പിടച്ചെത്തുമ്പോഴേക്കും ഒരു നേരമാകും..വാ നമുക്കു പോവാന്നേ...", എന്ന അര്‍ത്ഥത്തില്‍ ഞാന്‍ നോക്കി. പക്ഷേ ക്ലീനര്‍ ചേട്ടന്‌ കണ്ട മൈന്‍ഡ് ഇല്ല.

ഞാന്‍ അടുത്തു കണ്ട സീറ്റില്‍ ഇരിപ്പൂറപ്പിച്ച്‌, ബാക്കിയുണ്ടായിരുന്ന കിതപ്പ്‌ കിതച്ചു തീര്‍ത്തുകൊണ്ടിരുന്നു.
"എന്റമ്മോ.. എന്തൊരു ചൂടാത്‌.."

"വേഗം വാടീ.. വണ്ടിയിപ്പൊ എടുക്കും..", പുറത്തൊരു ബഹളം.
"ഓ.. പ്രാരാബ്ധക്കാരന്‍ ചേട്ടന്‍..", ഞാന്‍ മനസ്സില്‍ കണക്കു കൂട്ടി, "ഛെ.. വെയിലും കൊണ്ട്‌ ഓടിയതു മിച്ചം.."

"പോവല്ലേ.. ഒരാളു കൂടി കേറാനുണ്ട്‌.. ഒന്നു വേഗം വാടീ..", പ്രാരാബ്ധക്കാരന്‍ ചേട്ടന്‍ സ്റ്റെപ്പിനടുത്ത് നിന്നു മുറവിളികൂട്ടി, "ബെല്ലടിക്കല്ലേ.. ബെല്ലടിക്കല്ലേ.. ദാ എത്തിപ്പോയി... വേം വാ.. വേം വാ.. ഹോ.. ഇവളെക്കൊണ്ട്‌.."

ചേച്ചി, മിഠായി തിന്ന പല്ലുകളുള്ള ചെക്കനേം തൂക്കി ഓടിക്കേറിയപ്പോ, പ്രാരാബ്ധക്കാരന്‍ ചേട്ടന്‍ പറഞ്ഞു - "ങാ.. ഓക്കെ.."
ക്ലീനര്‍ ചേട്ടന്‍ അതു കേട്ടതായി ഭാവിച്ചില്ല.. മണിയടിച്ചു കൊണ്ടേ ഇരുന്നു.. ദൂരെ ആരോ ഓടിപ്പിടച്ചു വരുന്നുണ്ടാവും..
പ്രാരാബ്ധക്കാരന്‍ ചേട്ടന്‍ എന്റെയടുത്ത്‌ ഇരിപ്പുറപ്പിച്ചു.
"എന്തൊരു വെപ്രാളമായിരുന്നെടാ.. കണ്ടോ, ഞങ്ങളൊക്കെ കേറീട്ട്‌ നീയൊക്കെ വീട്ടീ പോയാ മതിയെടാ..", എന്ന അര്‍ത്ഥത്തില്‍ എന്നെ നോക്കി ഒന്നു ചിരിച്ചു

മിനിട്ടുകള്‍ ഒന്ന് - രണ്ട് - മൂന്ന്‌ - നാല്‌.. ഇങ്ങനെ കടന്നു പോയി..

മണിയടി മാത്രം നില്‍ക്കാതെ തുടരുന്നു..

അപ്പോള്‍ പുറകില്‍ നിന്നും ഒരു അപ്പാപ്പന്‍, "നിങ്ങ മണിയടിച്ചിരിക്കാണ്ട്‌ ഒന്നു പോടാ അപ്പാ.. കൊറ നേരായല്ല തൊടങ്ങീട്ട്.. ചൂടെടുത്തിട്ട് മനുഷ്യന് നിക്കക്കള്ളിയില്ല, അതിന്റെടക്കാ അവന്റെ ഒരു കലാപരിപാടി.. എടുക്കെടാ വണ്ടി.."

അപ്പോഴാണ്‌ ഈ മണിയടിയുടെ ഗുട്ടന്‍സ് എനിക്കു പിടികിട്ടിയത്.. ഭയങ്കര തെരക്കുള്ള ആള്‍ക്കാരെ അത്ര പെട്ടെന്നൊന്നും പുറപ്പെടാത്ത പാട്ട ബസ്സില്‍ കേറ്റാന്‍ വേണ്ടിയുള്ള ഗൂഢതന്ത്രം.. "ഇതില്‌ വേണ്ട അടുത്തതില്‌ പോകാം" എന്നു വിചാരിച്ചു നില്‍ക്കുന്നവരെയും, "എനിക്ക്‌ ഒരു മണിക്കു മുമ്പ് അങ്ങെത്താനുള്ളതാ" എന്നു വിചാരിച്ചു നില്‍ക്കുന്നവരെയും, "ഈശ്വരാ.. ഈ ചൂടീന്നെങ്ങനേങ്കിലും രക്ഷപ്പെട്ടാ മതി" എന്നു വിചാരിച്ചു നില്‍ക്കുന്നവരെയും - എല്ലാം ഒരു പോലെ കഴുതകളാക്കുന്ന പുതിയ വശീകരണ മന്ത്രമായിരുന്നു ഈ മണിയടി..

"ഈശ്വരാ എന്തൊരു കൊടും ചതി..", ഞാന്‍ ജനാലയ്ക്കകത്തു കൂടി തല പുറകോട്ടിട്ടു നോക്കി.. ദൂരെ പെട്ടീം തൂക്കി ഒരു പ്രായമായ ആള്‍ ഓടി വരുന്നു.. മണിയടിയ്ക്കുമ്പോള്‍ ഇടയ്ക്കിടയ്ക്ക്‌ ആ വഞ്ചകന്‍ - "പോവല്ലേ പോവല്ലേ.. ഒരാളു കൂടി കേറിക്കോട്ടേ.." എന്നൊക്കെ ഡ്രൈവറോട്‌ പുലമ്പിക്കൊണ്ടിരുന്നു..

ഓടിക്കൊണ്ടിരിക്കുന്നയാള്‍ - "എന്റെ ക്ലീനര്‍ മോനേ, ഞാന്‍ ദാ എത്തിപ്പോയി.. ദാ ഇപ്പ പോകാം.." എന്ന ഭാവത്തോടെ കൃതജ്ഞത തുളുമ്പുന്ന ചിരിയോടെ ഓടിക്കേറുന്നു. "നിന്റെ ഈ കൃതജ്ഞത ഞാനറിയുന്നു. പക്ഷെ, ഞാന്‍ നിന്നില്‍ നിന്നും ഒന്നും പ്രതീക്ഷിക്കുന്നില്ല.. ദീന ദയാലുവായ ഈ ഞാന്‍ എന്റെ ഈ നിഷ്കാമകര്‍മ്മം കൊണ്ട്‌, ഈ ദയാവായ്പ് മറ്റുള്ളവരിലേക്കു പരമാവധി ചൊരിയട്ടെ.." അങ്ങനെ അനുഭവിക്കാന്‍ റെഡിയായി നില്‍ക്കുന്ന നിഷ്ക്കളങ്കന്മാരെ തിരഞ്ഞുകൊണ്ടീരിക്കുകയാണ്‌ ദയാശീലന്‍..

പ്രാരാബ്ധക്കാരന്‍ ചേട്ടനും, ഭാര്യയും, മിഠായി തിന്ന പല്ലുകളുള്ള ചെക്കനും, അപ്പാപ്പനും, പിന്നെ ഇതു പോലെ ഓടിക്കേറിയ സകലരും, ഓടിക്കേറി അന്തം വിട്ടു നില്‍ക്കുന്ന പുതിയ അതിഥിയെ അകത്തേക്ക് സ്വാഗതം ചെയ്തു.. "വാ.. വാ.. കേറിയിരിക്ക്.."

10 നവംബർ 2010

സര്‍പ്രൈസ് സമ്മാനം

എന്തിനാ ഇപ്പൊ ഇങ്ങനെ ഒരു എടപാട്‌ എന്നു ചോദിച്ചാല്‍, ഒന്നിനും അല്ല.. "ചുമ്മാ" :)
കണ്ടാല്‍ ഒന്നു ഞെട്ടണം.. സന്തോഷം തോന്നണം.. പിന്നെ സൗഹൃദം പൂത്തുലഞ്ഞ്‌ അങ്ങോട്ട് സംഭവം ആകണം! ഇങ്ങനെ ചെറിയ ചെറിയ ഉദ്ദേശങ്ങളേ എനിക്കുണ്ടായിരുന്നുള്ളൂ..

ഒരു ആത്മസുഹൃത്ത്‌ പുതിയ സ്ഥലത്തേക്ക്‌ മാറിപ്പോവുകയാണ്‌, പുതുമയുള്ള എന്തെങ്കിലും വാങ്ങി കൊടുക്കണം.. എന്തെങ്കിലും ഒന്നും പോരാ.. സംഗതി variety ആയിരിക്കണം.. കണ്ടാല്‍ ഒന്നു ഞെട്ടണം..
"എന്റെ പ്രിയ സുഹൃത്തേ, നിനക്കു എന്താ ഇപ്പോ തരുക..", ഞാന്‍ തല പുകഞ്ഞാലോചിച്ചു..

പെട്ടെന്നു പണ്ട്‌ ജോസ് പറഞ്ഞ കാര്യം ഓര്‍മ്മ വന്നു. കാര്യം ജോസ് തല തിരിഞ്ഞവന്‍ ആണെങ്കിലും എടയ്ക്കൊക്കെ വളരെ innovative ആയിട്ടുള്ള ideas പറയാറുണ്ട്‌.. അധികം ആരും ചിന്തിക്കാത്ത മേഖലകളില്‍ കടന്നു ചെന്നു variety കാര്യങ്ങള്‍ ആലോചിക്കാന്‍ അവന്‌ ഒരു തരം "പ്രാകൃതമായ" വാസന ഉണ്ട്‌.
"ഫിഷ് ബൗള്‍ - അതിനകത്ത്‌ ഒരു ഫൈറ്റര്‍.. ദേ ദിങ്ങനെ.. ദിങ്ങനെ..", അതായിരുന്നു ജോസ് പണ്ടു പറഞ്ഞ ഐഡിയ
ആഹാ..! എന്തു നല്ല സമ്മാനം..

ഞാന്‍ മനസ്സില്‍ സങ്കല്പിച്ചു നോക്കി.. സുഹൃത്ത്‌ പൊതി തുറന്നു നോക്കുന്നു, അത്ഭുതം കൊണ്ട്‌ കണ്ണുകള്‍ തള്ളുന്നു.. ഞാന്‍ "അതെ i mean it" ഭാവത്തോടെ പുഞ്ചിരിക്കുന്നു..
don't say a word, my dear friend ഓ.. അതു കൊള്ളം ! കിടിലം.. സൗഹൃദം പൂത്തുലയും.. ഒറപ്പാ..

"എടാ സുഹൃത്തേ നിനക്ക്‌ ഞാന്‍ ഫിഷ്‍ബൗള്‍ വാങ്ങി തരുമെടാ... ഫിഷ്‍ബൗള്‍..", ഞാന്‍ മനസ്സില്‍ തീരുമാനിച്ചുറപ്പിച്ചു - വച്ചു പിടിച്ചു സഫ പെറ്റ് സെന്ററിലേക്ക്‌.

അവിടെ മുലകുടി മാറാത്ത പോമറേനിയന്‍ പട്ടി മുതല്‍ താറാവ്‌, കോഴി, തത്ത, പൂച്ച, മീന്‍ എന്നു വേണ്ട വളര്‍ത്താന്‍ കൂട്ടാക്കുന്ന സകല ജീവികളും ഉണ്ട്‌.
കുറേ സംഭവങ്ങള്‍ ഒന്നിച്ചു കാണുമ്പോള്‍ എനിക്കു സ്വതവേ ശീലമായ "തൊള്ള തുറന്നു പോകല്‍" സ്വാഭാവികമായും അവിടെ വച്ചും അനുഭവപ്പെട്ടു..
ജോസിനെ കടത്തി വെട്ടുന്ന പല plans ഉം എന്റെ മനസ്സില്‍ ഓടിയെത്തി..
"ഒരു പോമറേനിയന്‍ ആയാലോ.. അല്ലെങ്കി വേണ്ട ഒരു പ്രാവ്‌.. ഛെ വേണ്ട കാഷ്ഠിച്ചു വൃത്തികേടാക്കും.. ഒരു മുയലായാലോ.. ഉം.. അത് ശരിയാവൂലാ.."
ഞാന്‍ വീട്ടിലേക്ക്‌ ആണ്‌ പോകുന്നതു എന്നുള്ളതു കൊണ്ടും, 3 മണിക്കൂര്‍ ബസ്സില്‍ യാത്ര ചെയ്യണം എന്നുള്ളതു കൊണ്ടും, fish bowl ഇല്‍ തന്നെ ഉറച്ചു നില്‍ക്കാന്‍ അവസാനം തീരുമാനിക്കുകയായിരുന്നു..

മീശ അങ്ങോട്ട് ഘനത്തില്‍ വെക്കാത്തതു കൊണ്ട്‌ സ്വതവേ കടയില്‍ ചെന്നാലൊന്നും ബൂര്‍ഷ്വാസികളായ കടക്കാര്‍ ഇങ്ങോട്ട് വന്ന്‌ "സാര്‍ എന്താണ്‌ വേണ്ടത്‌" എന്നു ചോദിക്കാറില്ല.
അങ്ങനെ കയ്പേറിയ ചില അനുഭവങ്ങള്‍ ഉള്ളതു കൊണ്ട്‌ അധികം നിന്നു പരുങ്ങാതെ ഞാന്‍ അങ്ങോട്ട്‌ കേറി ചോദിച്ചു..
"ചേട്ടാ ഫിഷ്‍ബൗള്‍ ഉണ്ടോ ഫിഷ്‍ബൗള്‍..? പെട്ടെന്ന്‌ പൊട്ടാത്തത്‌ വേണം..അങ്ങനെ എളുപ്പമൊന്നും ചാവാത്ത, പ്രതികൂല സാഹചര്യങ്ങളോട്‌ മല്ലടിച്ചു ജീവിക്കുന്ന ഒരു മീനും വേണം.."
"ഇങ്ങള്‌ ഫൈറ്ററെ കോണ്ടോയിക്കോളീ.. അല്ലെങ്കില്‍ ഗൗരാമി.."
"ഫൈറ്റര്‍ മതി ഫൈറ്റര്‍ മതി" - ജോസ്‌ പറഞ്ഞ കാര്യം ഓര്‍മ്മ വന്നു..
"ഉം, പിന്നെ.. കുറച്ചു സ്റ്റോണ്‍സും വേണം.."
അവിടെ പ്രദര്‍ശിപ്പിച്ചിരുന്ന സ്റ്റോണ്‍സ് ഒക്കെ ഞാന്‍ ആദ്യമേ കണ്ടിരുന്നു.. പളുങ്കു പോലുള്ളത്‌, ചുവപ്പു കളറില്‍ ഉള്ളത്‌, തെളക്കം ഉള്ളത്‌, വല്ലാണ്ടങ്ങോട്ട്‌ തെളങ്ങാത്തത്‌.. അങ്ങനെ പല തരം..
"എത്തറ പൈശയ്ക്ക് വേണം..?", അയാള്‍ ദേ ഇപ്പോ പൊതിഞ്ഞു തരാം എന്ന ഭാവത്തോടു കൂടി ചോദിച്ചു.
"അത്‌..", ഞാനൊന്നു പരുങ്ങി.
"സ്റ്റോണ്‍സിനൊക്കെ ഇപ്പൊ എന്താ വെല?", ഞാന്‍ ചോദിച്ചു.
"പോടാ കഴുവേറീ ഇപ്പോ എന്താ വെലാന്നോ.. പണ്ടതിന്റെ വെല എന്തായിരുന്നെന്നു നിനക്കറിയുമായിരുന്നോടാ?" എന്ന് ചിന്തിക്കാനുള്ള ഇടവേളയ്ക്കു ശേഷം അയാള്‍ തുടര്‍ന്നു..
"അതിപ്പോ പല വെലേന്റത്‌ണ്ട്‌.."
തിളങ്ങുന്ന ടൈപ്പിനെ ചൂണ്ടി ഞാന്‍ ചോദിച്ചു, "ഇതിനെന്താ വെല?"
"അത്‌ കൂടിയ ടൈപ്പ് ആണ്‌ മോനെ..", അയാള്‍ പറഞ്ഞു.
"നാറ്റിച്ചു.. ഛെ.. ഞാനെന്നാടോ നിങ്ങടെ മോനായത്‌ .. മനുഷ്യന്റെ മാനം കെടുത്താനായി ഓരോരുത്തര്‌ എറങ്ങിക്കോളും.. പ്രായം ഇത്തിരി ഉണ്ടെടോ.. മോനാണത്രെ മോന്‍..", ഞാന്‍ കട്ടയ്ക്ക്‌ serious ആയ ശേഷം ആവര്‍ത്തിച്ചു, "ഉം... എത്ര രൂപയാ?"
"കിലോന്‌ 300 രൂപ"
"എന്തായാലും basically ഇതു സ്റ്റോണ്‍ തന്നെ അല്ലേ...", ഞാന്‍ ഓര്‍ത്തു..
"ചേട്ടാ അത്രയ്ക്കങ്ങോട്ട്‌ തെളക്കം വേണ്ട..", ഞാന്‍ മന്ദഹസിച്ചു..
ആ ചിരിയില്‍ അയാള്‍ എന്നെ ആസകലം അങ്ങോട്ട്‌ മനസ്സിലാക്കിക്കളഞ്ഞു.. എനിക്കു പറ്റിയ റെയ്ഞ്ച് അയാള്‍ അരക്കിലോ പൊതിഞ്ഞു തന്നു.. "അരക്കിലോ" ഞാന്‍ പറഞ്ഞില്ല, പക്ഷെ, എനിക്കത്രയും മതിയായിരുന്നെന്നു അയാള്‍ മനസ്സിലാക്കി. "തന്നതില്ല പരനുള്ളു കാട്ടുവാന്‍ ഒന്നുമേ നരനുപായമീശ്വരന്‍" എന്നൊക്കെ പറയുന്നത്‌ വെറുതെയാണെന്നേ..

ഇത്തിരി വെള്ളത്തില്‍ ഫൈറ്ററിനെ വേറൊരാള്‍ അവിടെ റെഡിയാക്കി വെച്ചിട്ടുണ്ടായിരുന്നു..
"കുറച്ചധികം സമയം യാത്ര ചെയ്യാനുള്ളതാണേ..", ഞാന്‍ സംശയത്തോടെ നോക്കിയപ്പോള്‍ അയാള്‍ ചോദിച്ചു.. "എത്ര മണിക്കൂര്‍?"
ശരിക്കും ഉള്ള രണ്ടു ദിവസവും, പിന്നെ എന്റെ വക ഒരൊറപ്പിനായി ഒരു ദിവസവും ചേര്‍ത്തു ഞാന്‍ പറഞ്ഞു, "3 ദിവസം"
അയാള്‍ കവര്‍ തുറന്നു ഓക്സിജന്‍ പമ്പ്‌ അകത്തേക്കിട്ട ശേഷം രണ്ടടി അങ്ങോട്ടടിച്ചു,
"ഇനി ഇതു 6 ദിവസം വേണെങ്കിലും ഇങ്ങനെ കെടന്നോളും.."
സ്ഥിരം പല്ലവിയായ "ഡിസ്കൗണ്ട്‌ ഒന്നുമില്ലേ ചേട്ടാ"യും, "മാക്സിമം അഡ്ജസ്റ്റ് ചെയ്തിട്ടാണ്‌ പറഞ്ഞേ" യും കഴിഞ്ഞ്, പൈസ കൊടുത്ത്‌, ഞാന്‍ സ്റ്റാന്‍ഡിലേക്ക്‌ നടന്നു..

സംഗതി ഒക്കെക്കൂടി മടിയില്‍ വെച്ചു കോഴിക്കോട് നിന്നും ഒറ്റ ഇരിപ്പിനു തൃശൂരെത്തി.. ഒരു കണക്കിന്‌ ഞാന്‍ തട്ടാതെയും മുട്ടാതെയും സംഭവം വീട്ടിലെത്തിച്ചു..
എനിക്ക്‌ എന്നെ കുറിച്ച്‌ സ്വയം അഭിമാനം തോന്നി.. ഹോ.. ഞാന്‍ ഇതു വളരെ വ്യത്യസ്തമാക്കിക്കളഞ്ഞല്ലോ.. ജോസ്‌ വിചാരിച്ച പോലെ അല്ല, "ഐഡിയാസ്" ഉള്ളോനാ..

പൊതിയഴിച്ചു നോക്കി, ഭാഗ്യം! പൊട്ടിയിട്ടില്ല.. ഭാഗ്യം! മീന്‍ ജീവനോടെയുണ്ട്..
"എന്താടാത്‌..", ചേച്ചി അടുക്കളയില്‍ നിന്ന്‌ ഓടി വന്നു, പിന്നാലെ അമ്മയും...
"മീനാണമ്മേ മീന്‍.." ഞാന്‍ വ്യക്തമാക്കി, "അതേയ്‌, ഞാനൊരു ഫ്രണ്ടിനു gift കൊടുക്കാന്‍ വേണ്ടി വാങ്ങിയതാ..."
"നിന്നു കാഴ്ച കാണാതെ നീ പോയി തേങ്ങ ചെരുക് പെണ്ണേ" എന്നു ചേച്ചിയോട്‌ പറഞ്ഞ്‌ അമ്മ അടുക്കളയിലേക്ക് പോയി, ഞാന്‍ ബാക്കി planning ആലോചിച്ച് മുറിയിലേക്കും..

നാളെയാണ്‌ സുഹൃത്ത്‌ യാത്രയാവുന്നത്‌ (അവന്‍ തന്നെ.. എന്താ സംശയം ഉണ്ടോ?)

തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചു സംഭവം കൈമാറാം എന്നാണ്‌ എന്റെ plan. വരുന്ന ട്രെയിന്‍ ഏതാണെന്ന് മനസ്സിലാക്കണം, പുറപ്പെടുന്ന സമയവും..
surprise factor ഒട്ടും ചോര്‍ന്നു പോകാത്ത രീതിയില്‍ ഞാന്‍ അതു ചെയ്തു.. ദാ ഇങ്ങനെ..

"ഹലോ.."
"ഡാ.. നീ നാളെ ഏതു ട്രെയിനിനാ പോകുന്നേ?"
"ജനശദാബ്ദി..എന്താടാ..?"
"ഏയ് ഒന്നുല്ല, പിന്നെ സാധനങ്ങളൊക്കെ പാക്ക് ചെയ്‌തോ?"
"ങാ.. കുറച്ചു കൂടിയുണ്ട്‌"
"എന്നാ ശരിയെടാ.. പിന്നെ കാണാം"
"ങാ പിന്നെ.. നാളെയെപ്പഴാ പൊറപ്പെടുന്നെ?"
"ട്രെയിന്‍ 10 മണിക്കാ.."
"ഓ.. ശരിയെടാ എന്നാല്‌.."
"ബൈ.. ഗുഡ് നൈറ്റ്."

രാവിലെ സ്റ്റോണ്സ് കഴുകി കവറില്‍ വേറെയിട്ടു.. മീനിന്റെ കവര്‍ സുരക്ഷിതമായി അതിനു മുകളില്‍ വെച്ചു.. ശുദ്ധമായ ജലം 2 ലിറ്റര്‍ കുപ്പിയില്‍ പാക്ക് ചെയ്തെടുത്തു. ഉച്ചയാവാറായപ്പോള്‍ പൊതി കവറിലാക്കി, ബസ്സ് സ്റ്റോപ്പിലേക്ക്‌ നടന്നു. ചെറിയ ഒരു ഒതുക്കമില്ലായ്മയും, അസൗകര്യവും ഇല്ലേ..? ഇല്ലെന്ന്‌ മനസ്സിലുറപ്പിച്ച്‌ ഞാന്‍ നടന്നു.

ദൂരം കുറച്ചേ ഉള്ളൂവെങ്കിലും തൃശൂര്‍ റെയില്‍‌വേ സ്റ്റേഷന്‍ വരെ എത്തിപ്പെടാന്‍ ഇത്തിരി പാടാണ്‌.. റോഡ് മോശമാണ്‌..
ഇടയ്ക്കെപ്പഴോ ബസ് ഒരു കുഴി ചാടിയപ്പോ ജോസിനെ പ്രാകിയോ എന്നും സംശയം ഉണ്ട്‌, "അവന്റെ ഒരു ഒടുക്കത്തെ ഐഡിയ.."

പെട്ടെന്നാണ്‌ അങ്ങനെ ഒരു വശം ചിന്തിച്ചത്‌.. ഇനിയിപ്പോ അവന്റെ reaction എന്തായിരിക്കും..? വെളുക്കാന്‍ തേച്ചത് പാണ്ടാകുമോ പടച്ചോനേ...
ഏയ്.. അവനങ്ങനെ വല്ലതും പറയുമോ..
ഉം.. അവന്റെ ഒരു സൊഭാവം വെച്ച് അതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല...

സൗഹൃദം പൂത്തുലയുന്നതിന്റെ ചിന്തകളൊക്കെ എവടെയോ പോയി.. എങ്ങനെയെങ്കിലും തെറി കേള്‍ക്കാതെ അവനെ ഇതു പിടിപ്പിക്കണം എന്നു മാത്രമായി പിന്നെ ചിന്ത..

പ്ളാറ്റ്ഫോം ടിക്കറ്റെടുത്ത്‌ ഗ്രാനയിറ്റ് ഇട്ട ഇരിപ്പിടത്തില്‍ ഞാന്‍ ഇരുന്നു.. പൊതിക്കെട്ട്‌ അടുത്തു തന്നെ വെച്ചു, ഞാന്‍ അതിനെ വിശദമായൊന്നു നിരീക്ഷിച്ചു...
"കൂതറ പാക്കിംഗ് - ഒരു മാതിരി മാര്‍ക്കറ്റീന്നു കുമ്മായം പാക്ക് ചെയ്തെടുത്ത പോലുണ്ട്‌ ..
പിടിച്ചാല്‍ ഒതുങ്ങാത്തത്രയും വീതി..
പൊട്ടുന്ന സാധനം..
മീനിനെ ഇടാന്‍ ശുദ്ധജലം പാക്ക് ചെയ്ത രണ്ടു ലിറ്ററിന്റെ കുപ്പി ഒതുങ്ങാതെ തല പൊക്കി നോക്കുന്നു.."
ആകെ മൊത്തം ഒരു വശപ്പിശകാണല്ലോ..

ടൗണില്‍ ഉന്നത വിദ്യാഭ്യാസം നടത്തുന്ന മോനെ കാണാന്‍, കാലന്‍ കുടയും, ഉണ്ണിയപ്പവും, അച്ചാര്‍ ഭരണിയുമായി നേരെ കോളേജിലേക്കു കേറി ചെല്ലുന്ന നാട്ടിന്‍പുറത്തുകാരന്‍ നാണപ്പന്‍ ചേട്ടന്റെ ഒരു feel.

ഇനിയിപ്പോ ഒരേ ഒരു കാര്യമേ ചെയ്യാനുള്ളൂ..
surprise factor പൊളിക്കുക, അത്രയും കുറച്ചു തെറി കേട്ടാല്‍ മതിയാകും.. രണ്ടും കല്പിച്ച്‌ വേഗം ഫോണ്‍ ഡയല്‍ ചെയ്തു..

ഹലോ.. എടാ, ഞാനാ..
ആഹാ നീയോ.. എന്താടാ?
ഞാന്‍ ഇപ്പോ റെയില്‍‌വേ സ്റ്റേഷനിലാടാ..
എന്താ പരിപാടി? എങ്ങോട്ടാ പോകുന്നേ?
എടാ.. ഞാന്‍...
ഞാന്‍ നിനക്കൊരു സാധനം തരാന്‍ വന്നതാ..
സാധനോ.....? എന്തു സാധനം?
എടാ, നീ ഒന്നും പറയണ്ടാ, പ്ലീസ്‌!
എന്തു പറയാന്‍......? എന്തു സാധനം.............? കാര്യം പറയെടാ.........
എടാ പറ്റിപ്പോയി... നീ എന്തായാലും അതു വാങ്ങണം..
സത്യം പറയെടാ...... എന്തു പാരയും കൊണ്ടാ നിന്റെ വരവ്‌?
എടാ... ഒരു ചെറിയ ഫിഷ്‌ബൗള്‍ ആണ്‌..
ഹെന്ത്‌...............?
ഡാ ഫിഷ്‌ബൗള്‌...
അയ്യോ... നിനക്കെന്തിന്റെ ........ ഹോ... എത്ര ലഗേജ് ഉണ്ടെന്നറയുവോ..?
ഡാ നീ ഒന്നും പറയണ്ട സ്റ്റേഷനീന്നു കാണാം, അങ്ങനെ പറഞ്ഞ്‌ ഞാന്‍ ഫോണ്‍ കട്ട് ചെയ്തു.

"ഹൗ കുഡ് ഐ വാക് ഇന്റു ദി റൂം ഓണ്‍ ദി ഫസ്റ്റ് ഡേ വിത് ദി ഫിഷ്" എന്നും, "ആര്‍ യൂ മേഡ്" എന്നും "ഡാ യൂ ടെയ്ക് ഇറ്റ് ടു യുവര്‍ ഹോം.. ഇറ്റ് വില്‍ ബി നൈസ്"  എന്നുമൊക്കെ  അവന്‍ sms അയച്ചു കൊണ്ടിരുന്നു..

രണ്ടാമത്തെ അടവായ സെന്റിമെന്റ്സ് work out ചെയ്യാനായി പിന്നീട്‌ എന്റെ ശ്രമം..
"ഡാ, എന്നാ പിന്നെ ഞാന്‍ തിരിച്ചു വീട്ടിലേക്കു പോവാം.."
"അയ്യോ പോവണ്ട പ്ലീസ്" , എന്നു അവന്‍ പറയുമെന്നോര്‍ത്തപ്പോ തോന്നിയ ചിരി തുടങ്ങുമ്പോഴേക്കും അടുത്ത മെസ്സേജ് വന്നു..
"ശരിയെടാ.. എന്നാ പിന്നെ നീയങ്ങോട്ട്‌...."

"എടാ മള്‍ബറീ നിന്നെ ഇന്നു ഇതു പിടിപ്പിച്ചിട്ടു തന്നെ കാര്യം..", ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു.

ട്രെയിന്‍ നിര്‍ത്തുമ്പോഴേക്കും അവന്‍ ചാടിയിറങ്ങി.. ഞാന്‍ ഒരു നല്ല മന്ദഹാസം പാസാക്കി..
എന്നെ ആസകലം പിടിച്ചു കുലുക്കിക്കൊണ്ടവന്‍ പറഞ്ഞു,
ഡാ.. നിനക്കിതെന്തിന്റെ കേടാ..! കുന്നു പോലെ ലഗേജ് ഉണ്ട്‌.. അതിന്റെ എടയ്ക്കാ അവന്റെ ഒരു മീന്‍...
നോക്കട്ടെ.. അവന്‍ പൊതിയ്ക്കകത്ത്‌ നിരീക്ഷണം തുടങ്ങി..
ഇതെന്താ... വെള്ളോം കോണ്ടു വന്നിട്ടുണ്ടോ? എന്റെ കയ്യിലുണ്ട്‌..
ഡാ.. ഇതു മീനിന്റെ വെള്ളാ..
മീനിന്റെ വെള്ളോ..??
മീനിനെ ഇടാനുള്ള വെള്ളം.. അവിടെ ഒക്കെ ക്ലോറിനേറ്റഡ് ആയിരിക്കും.. എന്തായാലും കാശു മുടക്കി വാങ്ങി.. എന്നാ പിന്നെ വെറുതെ ക്ലോറിന്‍ കൊടുത്തു കൊല്ലണോ..?
ങേ..!! ഹോ...!
ദെന്താത്‌.... ങേ... കല്ലോ... ... .. ???
ഡാ.. അതു കല്ലല്ലടാ സ്റ്റോണ്‍സാ.
സ്റ്റോണ്‍സ്‌..!! നിന്നെ..... ഞാന്‍...!!
അതു അക്വേറിയത്തിലിടുന്ന സ്റ്റോണ്‍സാഡാ..
ഇതാണോടാ $#%# നിന്റെ ചെറിയ ബൗള്‍.. ദാ പോരാത്തതിന്‌ കല്ലും.. ഹോ..!! കല്ലും കെട്ടീപ്പേറി പോവാനോ..?

ഞാന്‍ വണ്ടിക്കകത്തേക്കു നോക്കി വേഗം വിഷയം മാറ്റി..
"ഡാ, റിസര്‍‌വ്‌ ചെയ്തു വന്നതു കൊണ്ട് സീറ്റ് ഒക്കെ ഉണ്ടല്ലേ...?"
"റിസര്‍‌വ് ചെയ്താല്‍ സാധാരണ സീറ്റുണ്ടാവും, പക്ഷെ അതല്ലല്ലോ ഇപ്പഴത്തെ വിഷയം..."
വണ്ടി പുറപ്പെടാനുള്ള ഹോണ്‍ മുഴക്കിയപ്പോ, അവന്‍ പ്രതീക്ഷയോടെ ചോദിച്ചു...
"എടാ, ഇതു നീ വീട്ടിലേക്ക് തന്നെ കൊണ്ടു പോയിക്കോടാ.. നീ വീട്ടില്‌ വെച്ചോ... നല്ല രസമായിരിക്കും.."
"തിരിച്ചു കൊണ്ടു പോകുന്നതിലും നല്ലത്‌ ഉപേക്ഷിക്കുന്നതാണ്‌, ചേച്ചിയെങ്ങാനും അറിഞ്ഞാല്‍ നാണക്കേട്‌.. അയ്യേ..", ഓര്‍ത്തപ്പോള്‍ തൊലി ഉരിഞ്ഞു പോയി.

അയ്യോ.. അതു ശരിയാവൂല.. നീ ഇതു പിടിച്ചേ പറ്റൂ..
നീ കേറ്‌, വണ്ടി ദേ എടുത്തു... ഞാന്‍ സാധനം എടുത്ത്‌ വേഗം വണ്ടിയില്‍ വെച്ചു....
"ശരിയെടാ എന്നാല്‌...", തിരക്കിട്ട ഒരു മന്ദഹാസത്തോടെ അങ്ങനെ ഒരു ഡയലോഗ് ഫിറ്റ് ചെയ്ത ശേഷം, ആ ഭാഗത്തേക്കു തിരിഞ്ഞു നോക്കാതെ, ഞാന്‍ സ്പീഡില്‍ നടന്നു..
ഇടംകണ്ണിട്ടു ഒന്നു നോക്കിയപ്പോള്‍, compartment നകത്തു നിന്നും തുറിച്ചു നോക്കുന്ന രണ്ടു കണ്ണുകള്‍..
സൗഹൃദം "പൂത്തുലയുന്നതിനു" മുമ്പ്‌ ഞാന്‍ ഓടി രക്ഷപ്പെട്ടു..

23 ഒക്‌ടോബർ 2010

അയ്യപ്പാ പ്ലീസ്..

വെള്ളിയാഴ്ച രാത്രി കിടക്കുമ്പോള്‍ ഒരു ഉള്‍‌വിളി.. ഇന്നു അലാറം വെയ്ക്കണ്ട, നാളെ ശനിയാഴ്ചയാണ്‌.. "തന്നാലെ എണീയ്ക്കട്ടെ.."
സാവകാശം ഓഫീസില്‍ പോകാം.. (ഫ്ലെക്സിബിള്‍ ടൈമിങ് എന്നു പറഞ്ഞ ഒരു കുന്ത്രാസുണ്ട്‌, നാളെ അതു പ്രയോഗിച്ചു കളയാം.. 11 മണിക്കെങ്ങാനും കേറാം..)

അങ്ങനെ വളരെ സമാധാനപരമായി, ഞാന്‍ ഉറക്കം wait ചെയ്തു കിടന്നു..
എല്ലാരും വീഴുന്നതു പോലെ ഞാനും.. അറിയാതെ.. പതുക്കെ ഉറക്കത്തിലേക്കു വ ഴു തി വീ ണു.. നല്ല "ഒറക്കം"..

പക്ഷെ അത്‌ അധിക നേരം നീണ്ടു നിന്നില്ല...

പുറത്ത്‌ എന്തൊക്കെയോ കോലാഹലം കേട്ട്‌ ഞാന്‍ ഞെട്ടിയുണര്‍ന്നു.. ചെവി തുളച്ചു കയറുന്ന ഒച്ചയില്‍ ഫക്തിഗാനം ആര്‍ത്തലയ്ക്കുന്നു.. നിലയ്ക്കാതെ...
(ഒച്ച കൂടുമ്പോള്‍ എല്ലാ ഭക്തി ഗാനങ്ങളും ഫക്തി ഗാനങ്ങളാകും, അതൊറപ്പാ..)

  ഇങ്ങനെ..


♬♬ പള്ളിക്കെട്ട് ശബരിമലയ്ക്ക്‌ കല്ലും മുള്ളും കാല്‌ക്ക്‌ മെത്തൈ.. ♬♬
♬♬ സ്വാമിയേ അയ്യപ്പോ അയ്യപ്പോ സ്വാമിയേ ♬♬

ഹെന്ത്‌.. ഹോ.. അമ്മോ.. ഹോ.. അയ്യോ.. ഹോ.. ശൊ... അയ്യപ്പാ.. പ്ലീസ്..
(ഇത്‌ നിസ്സഹായയായ നായികയുടെ അടുത്തേക്ക്‌ വില്ലനായ പാളയം അയ്യപ്പന്‍ നടന്നടുക്കുമ്പോള്‍ കേള്‍ക്കുന്ന വിലാപമല്ല...
ഒരൊന്നൊന്നര ഒറക്കത്തീന്ന്‌ പെട്ടെന്ന്‌ എഴുന്നേല്‍ക്കേണ്ടി വരുമ്പോള്‍ കേള്‍ക്കുന്ന ഒരു ജീവന്റെ അങ്കലാപ്പാണിത്‌... )

വീട്ടിനടുത്തുള്ള അയ്യപ്പ ക്ഷേത്രം - അതു അയ്യപ്പന്റേതാണെന്നും, ഉപദേവതകളും, ദേവന്മാരും ആയി വേറേ പലരും അവിടെ പ്രതിഷ്ഠയായിട്ടൂണ്ടെന്നും നാട്ടിലുള്ള 75 ശതമാനം (അമ്പല)വിശ്വാസികള്‍ക്കും അറിയാം.. ആര്‍ക്കെങ്കിലും ആ ഒരു കാര്യത്തില്‍ സംശയം ഉള്ളതായി തോന്നിട്ടേയില്ല.. പക്ഷെ.. എന്റെ പൊന്നയ്യപ്പാ.. എന്തിനാ നേരം പുലരാന്‍ നേരത്ത്‌ ഇങ്ങനെ ഒരു പരീക്ഷണം..? ആരുടെ താല്പര്യത്തിലാണീശ്വരാ ഈ പ്രഭാതഘോഷം? വൃശ്ചികമാസം പോലും ആയില്ലല്ലോ..

പകലന്തിയോളം പണിയെടുത്ത് (ചുമ്മാ കെടക്കട്ടെ), സൂര്യന്‍ 45 ഡിഗ്രി ആകുന്നതു വരെ കിടന്നുറങ്ങുന്ന പാവപ്പെട്ട സാധാരണക്കാരന്റെ ഉറക്കം കെടുത്തേണ്ട വല്ല കാര്യവും ഉണ്ടോ?

അല്ല ഇതൊക്കെ നിന്നോട്‌ പറഞ്ഞിട്ട്‌ വല്ല കാര്യവും ഉണ്ടോ? ഉണ്ടോ? സമാധാനം പറ..

ആരാണാവോ ഈശ്വരാ ഈ അലമ്പ്‌ പരിപാടി തുടങ്ങിയത്‌?

പല്ല് തേയ്ക്കാന്‍ തുടങ്ങുമ്പോളുള്ള ആലസ്യം പാട്ടിന്റെ ചടുലതയില്‍ മാറി.. പാട്ടിന്റെ താളത്തില്‍ ബ്രഷ് വായ്ക്കകത്ത്‌ നൃത്തം വെച്ചു..

നേരം വൈകിയതു കൊണ്ടുള്ള ഫ്ലെക്സിബിള്‍ ടൈമിങ്ങൊന്നും വേണ്ടി വന്നില്ല.. വളരെ നേരത്തെ തന്നെ ഓഫീസിലേക്കു തിരിച്ചു.. നേരത്തെ എന്നു പറഞ്ഞാല്‍ ഒരു ആറര മണി സമയത്ത്‌..

പുറത്തിറങ്ങിയപ്പോള്‍, സാധാരണ മുഖം തറയില്‍ വെച്ച്‌ കണ്ണുകള്‍ പാതിയടച്ച്‌ ഉറങ്ങാറുണ്ടായിരുന്ന ബിസ്കറ്റ് കളര്‍ നായയും കൂട്ടാളികളും എന്റെ അതേ അവസ്ഥയില്‍.. "എന്തുവാടേ ഇത്‌...!" എന്ന ഭാവത്തില്‍ പുച്ഛത്തോടെ എന്നെ നോക്കുന്നുണ്ടായിരുന്നു..

20 സെപ്റ്റംബർ 2010

സ്നേക് ഇന്‍ ദി ബുഷ്‌

മുണ്ട് മടക്കിക്കുത്തി കോലായിലൂടെ ഉലാത്തുമ്പോള്‍ മൊബൈല്‍ഫോണ്‍ അകത്തു നിന്നും ചിലച്ചു..
ഓടി ചെന്നു നോക്കുമ്പോ... ആരാ...

നമ്മടെ "Miss. XXX calling..."

ആകെ ഒന്നു കണ്ണോടിച്ച ശേഷം ആ "സുനാപ്പി" എടുത്ത്‌ ധൃതിയില്‍ പറമ്പിലേക്ക്‌ നടന്നു..
"സുനാപ്പി" ചെവിയോട്‌ ചേര്‍ത്തപ്പോള്‍ അറിയാതെ ഇംഗ്ലീഷ് വന്നു.. ചില്ലറ ഇംഗ്ലീഷ് ഒന്നും അല്ല - നല്ല "വള വളാന്ന്‌...."
(അപ്പുറത്തു സംസാരിക്കുന്നതു ആരാന്നാ വിചാരം?) :*) :-)

സകല മല്ലു ദൈവങ്ങളെയും മനസ്സില്‍ ധ്യനിച്ച്‌ വളരെ സ്വാഭാവികമായി, "കുറച്ചു കാച്ചങ്ങോട്ടു കാച്ചി.."

പെറ്റമ്മ കേട്ടാല്‍ കോള്‍മയിര്‍ കൊള്ളും - "ഹോ.. എന്റെ മോന്‍!!!! യെവന്‍ വെവരം വെച്ചു.. ഇത്രേ....ങ്ങോട്ട്‌ സംഭവായിപ്പോയത്‌ ഞാനറിഞ്ഞില്ലല്ലാ... ഛെ.. നാലാളുള്ളപ്പോ ഇവനിങ്ങനെ ഒന്നു സംസാരിച്ചു കാണാനെന്താ ഒരു വഴി.."

"ഹേയ്.. ഹവ് ആര്‍ യൂ ഡൂയിങ് യാര്‍?
  ..... .... ....
ഓ യാ.. ഉം..
യെപ് യെപ്..
ഡാ.. ആര്‍ യൂ ജോക്കിംഗ് ഓര്‍ സംതിങ്?
ഐ കാണ്‍ട് ബിലീവ് ഇറ്റ് യാര്‍..
ഹേ.. കമോണ്‍...
ഉം.. ഐ നോ ദാറ്റ്..
യൂ സ്റ്റുപ്പിഡ്.. നോട്ടി.."

അടുത്ത അടി താഴെ വെച്ചതും.. ... ...
വരിയ്ക്കപ്ലാവിന്റെ ഇടയില്‍ നിന്ന്.... ഒരു കരിമൂര്‍ഖന്‍!!!!! മുന്നില്‍ ചാടി കാലുകളെ - "തൊട്ടു തൊട്ടില്ല" - എന്ന നിലയില്‍, കിടന്നു പുളഞ്ഞു..

"ഊയിന്റമ്മോ........... പാമ്പ്....... പാമ്പ്‌......."

ആത്മാവിന്റെ ഉള്ളറകളില്‍ നിന്നും "തറവാടിത്തം" ഉള്ള നല്ല ഒന്നാന്തരം മുലപ്പാല്‍ ഭാഷ അനര്‍ഗ്ഗളനിര്‍ഗ്ഗളം പ്രവഹിച്ചു...

"ഇന്റമ്മോ.....", മുണ്ടിന്റെ സകല ഭാഗങ്ങളും പിടിച്ചു പൊക്കി.. ചീറി വിളിച്ചു കൊണ്ട്‌ ചാടി..

ഫോണ്‍ തെറിച്ച്‌ നേരെ ഗോപാലേട്ടന്റെ "കണ്ട"ത്തിലേക്ക്‌ ചെന്നു വീണു..

"എന്താടാ.. അവടെ ഒരു ബഹളം..?" (അകത്തു നിന്നും അമ്മേം പെങ്ങളും ഓടി വന്നു)

"സുനാപ്പി" തപ്പിപ്പിടിച്ചെടുത്തപ്പോള്‍ ഉള്ളില്‍ നിന്ന്‌ വീണ്ടും മല്ലു ഭാഷ "ഹേയ്.. ഡാ.. വാട് ഹേപ്പന്‍ഡ്.. വൈ ടൂ മച് നോയ്സ് ദേര്‍.. സംതിങ് റോങ്..?"..

"അത്‌ പിന്നേ.."
(കിതച്ചു കൊണ്ട്.. മറന്നു പോയ മല്ലു ലാംഗ്വേജ്‌ തലച്ചോറില്‍ നിന്നും വീണ്ടും ഡീക്കോഡ്‌ ചെയ്തെടുത്തു..)

"ഡാ.. ഏ സ്നേക് ഇന്‍ ദി ബുഷ്‌.."

09 സെപ്റ്റംബർ 2010

പുസ്തക സുഹൃത്തുക്കള്‍

"പുസ്തകങ്ങള്‍ നമ്മുടെ ഉറ്റ ചങ്ങാതിമാരെ പോലെ ആണ്"
പണ്ടു ഉപന്യാസ രചനയ്ക്ക് മന:പ്പാഠം ആക്കുമ്പോള്‍ അതു ഒട്ടും ഉള്‍ക്കൊണ്ടിരുന്നില്ല.
"എന്ത് വിവരക്കേടാണ് ഇവര്‍ ഈ എഴുതി പിടിപ്പിച്ചിരിക്കുന്നത്? പുസ്തകങ്ങള്‍ ചങ്ങാതിമാരെ പോലെ ആണത്രേ!" എന്നൊക്കെ ഓര്‍ത്തിരുന്നു.

പുസ്തകങ്ങള്‍ വായിക്കുന്നത് തന്നെ വളരെ അപൂര്‍വമായിരുന്നു അന്നൊക്കെ.
പക്ഷെ ഇന്നങ്ങനെ അല്ല, കാണുന്നതൊക്കെ വായിച്ചു കൂട്ടില്ലെങ്കിലും..
ചവച്ചു ചവച്ചു മധുരം കാണുന്ന ഒരു ചങ്ങാതി ആയി മാറിയിരിക്കുന്നു അവന്‍.

ചില താളുകള്‍ മറയ്ക്കുമ്പോള്‍
ഞാന്‍ പറയും - "ഉം. അതെ അതെ ഞാന്‍ അത് അറിയുന്നുണ്ട്,
എനിക്കറിയാന്‍ കഴിഞ്ഞില്ലെങ്കിലും വിശ്വാസമാണ് നിന്നെ", അവനും അതറിയും.

ധൃതി പിടിയ്ക്കുന്നതും ഓടിച്ചു വായിക്കുന്നതും അവനിഷ്ടമല്ല
"നീ ആരെ ബോധിപ്പിക്കാന്‍ വേണ്ടി ആണീ പാട് പെടുന്നത്?", അവന്‍ ചോദിയ്ക്കും..
"ഉം.. അതില്‍ കാര്യമായി വല്ലതും ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല!"
അതൃപ്തി അറിയിച്ച ശേഷം വീണ്ടും വായന..
അങ്ങനെ പോകും ദിവസങ്ങള്‍..
ദിവസങ്ങള്‍ മാത്രം പഴക്കമുള്ള സൌഹൃദം..

ഇടയ്ക്ക് വെച്ചു പറച്ചില്‍ നിര്‍ത്തിയവരും ഉണ്ട് ഇക്കൂട്ടത്തില്‍!
പറയുന്നത് എനിക്ക് മനസ്സിലാകണ്ടേ?
കുറെ കേട്ടിരിക്കും.. പിന്നെ ഞാന്‍ ആ ഭാഗത്തേക്കെ പോകില്ല..
അവരൊക്കെ പൊടിയും, പിന്നെ  പാറി വന്ന മുടിയും മാറാലയും കൊണ്ട്
ശ്വാസം മുട്ടുമ്പോള്‍ എന്നെ ശപിയ്ക്കുന്നുണ്ടാവും.

ചിലര്‍ പറയുന്നത് പ്രാര്‍ത്ഥനയോടെ കേട്ടിരിക്കാനാവും തോന്നുക.
ഒന്നും അങ്ങോട്ട്‌ ചോദിക്കാന്‍ തോന്നില്ല..
എന്നെ കൈ പിടിച്ചുയര്ത്തുന്നവര്‍..

പറഞ്ഞ് തീര്‍ന്നാല്‍ പിന്നെ എല്ലാവരെയും അപ്പാടെ മറന്നു പോകാറാണ് പതിവ്..
ആരും പരിഭവം പറയില്ല!
കുറച്ചു ദിവസങ്ങള്‍ മാത്രം നീണ്ടു നില്‍ക്കുന്ന സൗഹൃദം!
എന്റെ ഇഷ്ടം അറിഞ്ഞു വീണ്ടും വീണ്ടും പുതിയ കാര്യങ്ങളുമായി വരുന്നവരും ഉണ്ട്  ഇക്കൂട്ടത്തില്‍..

പറഞ്ഞ് തീരുമ്പോള്‍  ഒരാളെ അല്പം അറിഞ്ഞു കഴിഞ്ഞ സുഖം ചിലപ്പോള്‍..
ചിലപ്പോള്‍ പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ കഴിയാതെ പോയ പോലെയും..