10 മേയ് 2012

പേഴ്സ് ഉണ്ടാക്കിയ കഥ

സിന്തോള്‍ സോപ്പ് ട്റേയില്‍ വെച്ച ശേഷം പൈപ്പ് പൂട്ടി അല്പം മുമ്പ് കേട്ട അശരീരിയുടെ പുനഃസം‌പ്രേക്ഷണത്തിനായി ഞാന്‍ കാതോര്‍ത്തു.
അശരീരി : ((((( "ആ പേഴ്സെവടെയാ വെച്ചത്? നാളെ ബസ്സിനു പോകാന്‍ ചില്ലറഇല്ല..")))))

പുത്തന്‍ സോപ്പുകളുടെ ധാരാളിത്തത്തില്‍ കാലം തേച്ചു മായ്‌ച്ചു കളഞ്ഞതായിരുന്നു സിന്തോള്‍ സോപ്പിന്റെ ഗന്ധം.

ഒരു വ്യാഴവട്ടത്തിന്‌ ശേഷം സൂപ്പര്‍ മാര്‍ക്കറ്റില്‍ വെച്ച് ആ സോപ്പ് വീണ്ടും കണ്ടപ്പോള്‍ തന്നെ ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു ബാല്യകാല സ്മരണകളെ സോപ്പ് തേച്ച് ഒന്നു പതപ്പിച്ചു നോക്കാമെന്ന്..
അതിനിടയ്‌ക്കാ അവളുടെ ഒരു അശരീരി...

"അത് ഇപ്പൊ തന്നെ വേണോ..? കുളിച്ച് വന്നിട്ട് ഞാനെടുത്ത് തരാം. ആ ഷെല്‍ഫില്‍ തന്നെ ഇണ്ടാവും..", അസമയത്ത് വന്ന ചോദ്യത്തിന്റെ അതൃപ്തി രേഖപ്പെടുത്തിക്കൊണ്ട് കൊണ്ട് ഞാന്‍ പൈപ്പ് തുറന്നു വിട്ടു..

ബക്കറ്റിനകത്തെ വെള്ളച്ചാട്ടത്തില്‍ അശരീരി വീണ്ടും അവ്യക്‍തമായിക്കൊണ്ടിരുന്നു..
പണ്ട് സോപ്പ് തേച്ച് ചെവി പൊത്തി ഷവറിനു കീഴെ നിന്നപ്പോള്‍ തല പൊള്ളയായ ചെമ്പ് പാത്രം പോലെ അനുഭവപ്പെട്ടത് ഓര്‍ത്തു.. ബാത്ടബ് ഇല്ലാത്തത് കാരണം ബക്കറ്റില്‍‌ വെള്ളം നിറച്ച്‌ അതില്‍ ഇരുന്ന് ആര്‍ക്കിമിഡീസ് പ്രിന്‍സിപ്പിള്‍‌ പരീക്ഷിച്ചതും..

ചെവിയിലെ വെള്ളം തലയ്ക്കകത്ത് ഭൂകമ്പം സൃഷ്ടിച്ചതും.. അങ്ങനെയുള്ള പല തരം സ്മരണകള്‍‌ അയവിറക്കി.

വിശദമായ കുളി കഴിഞ്ഞ് പുറത്ത് വന്നപ്പോള്‍ രാത്രി എട്ട് മണി കഴിഞ്ഞിരുന്നു.

അവള്‍ - "അതേയ്..ആ പേഴ്‌സെവടെയാ വെച്ചേ?"

ഞാന്‍ - "നീയല്ലേ എന്റെ പേഴ്സെടുത്ത് വെച്ചത്? എന്തൊക്കെയോ അടക്കി പെറുക്കി വെക്കുന്നത് ഞാന്‍ കണ്ടല്ലോ.."

അവള്‍ - "ഹയ്യടാ! ഞാനോ?"

ഞാന്‍ സംശയത്തോടെ അവളുടെ മുഖത്തേക്ക് നോക്കി - "പിന്നെ ഞാനോ?"

അവള്‍‌ - "ഞാനിനി തെരയാനൊരു സ്ഥലോം ബാക്കിയില്ല..!"
നിസ്സാരമായ ഒരു Missing case പെട്ടെന്ന് കണ്ടു പിടിക്കുന്ന ലാഘവത്തോടെ ഞാന്‍ ആ പരിസരത്തൊക്കെ ഒന്ന്‌ ഓടിച്ചു പരതി..
സാധാരണ - അല്ല - എല്ലായ്പോഴും പേഴ്സ് വെക്കാറുണ്ടായിരുന്ന ഷെല്‍ഫില്‍ ഇന്ന് പേഴ്സില്ല.. ഇട്ട പാന്റിന്റെ പോക്കറ്റിലും, ബാഗിലും ഒന്നും ഇല്ല.

ഓരോ സ്ഥലവും അരിച്ചു പെറുക്കിയിട്ടും പേഴ്സ് കണ്ടില്ല...

എന്റെയും അവളുടെയും ATM കാര്‍ഡുകള്‍‌, ID proof, PAN card, കാശ് കുറയ്‌ക്കാന്‍ വേണ്ടി അവള്‍ വാങ്ങിയ സൂപ്പര്‍ മാര്‍ക്കറ്റിലെ discount കാര്‍ഡ്, മറ്റ് പല തരം ലൊട്ട് ലൊഡുക്ക് കാര്‍ഡുകള്‍‌, 1600 രൂപ, അഞ്ചാം ക്ലാസ്സീന്ന് മിഥുന്‍ തന്ന ശിവന്റെ ഫോട്ടോ, ഡ്രസ്സ്

തുന്നാന്‍ കൊടുത്തതിന്റെ രശീതി, പിന്നെ കാലങ്ങളായി പേറിക്കൊണ്ടിരുന്ന എന്തൊക്കെയോ കാര്‍ഡുകള്‍‌.. ഇതെല്ലാം വഹിച്ചു കൊണ്ടിരുന്ന പേഴ്സായിരുന്നു അത്.

പേഴ്സ് കളഞ്ഞു പോയെന്ന ആശയം ഉള്‍ക്കൊള്ളാന്‍ കഴിയാതെ ഞാന്‍, ഒരിക്കലും വെയ്‌ക്കാന്‍ സാധ്യതയില്ലാത്ത സ്ഥലങ്ങളിലേക്കും പരതല്‍ വ്യാപിപ്പിച്ചു.
സിന്തോള്‍ സോപ്പിന്റെ ഗന്ധവുമായി വിയര്‍പ്പുകണങ്ങള്‍ മത്സരിച്ചു തുടങ്ങിയിരിക്കുന്നു.. തിരച്ചിലിന്റെ ഓരോ നിമിഷങ്ങളും സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിച്ചു.. ഇടയ്‌ക്കിടയ്‌ക്കുള്ള അവളുടെ വിലാപം അടിയന്തിരാവസ്ഥയുടെ ആക്കം കൂട്ടിക്കൊണ്ടേയിരുന്നു..

വീട്ടീന്നെങ്ങാനും വിളിച്ചാല്‍ ഈ കാര്യം മിണ്ടിപ്പോകരുതെന്നു ഞാന്‍ കാലേക്കൂട്ടി മുന്നറിയിപ്പ് കൊടുത്തു..

വെറുതേ എന്തിനാ സ്വസ്ഥമായി ഉറങ്ങാന്‍ പോകുന്നവരുടെ ഉറക്കം കെടുത്തുന്നത്?

അവസാനമായി അരിച്ചാക്കിലും കൂടി പരതിയ ശേഷം ഞാന്‍ ഉറപ്പിച്ചു പ്രഖ്യാപിച്ചു- "പേഴ്സ് ഇവിടെ ഇല്ല.."

"ഇനി അതാ ഓട്ടോര്‍ഷേലെങ്ങാനും....?" (ഗദ്ഗദം)

അവള്‍ - "യ്യോ.. ഈശ്വരാ.. എന്റെ പ്രെഷറ് കൊറയുന്ന പോലെ.." (നിലത്തിരുന്ന് ചുമരുകള്‍ മറച്ച ആകാശത്തേക്ക് നോക്കി അവള്‍ വിലപിച്ചു)

സിനിമയില്‍ പല ആള്‍ക്കാരും പ്രയോഗിക്കുന്ന ഫ്ലാഷ്‌ബാക്ക് തന്ത്രം പ്രയോഗിച്ച് നോക്കാനും ഒരു ശ്രമം നടത്തി നോക്കി :

നാട്ടില്‍ നിന്ന് തിരിച്ച് കാക്കനാട് എത്തിയപ്പോള്‍ വൈകീട്ട് അഞ്ചരയായി.. എന്റെയും അവളുടെയും രണ്ട് കൈയിലും ഓരോ ബാഗ് വീതം..

അതു കൊണ്ട് തന്നെ, കാക്കനാട് നിന്ന് ഓട്ടോറിക്ഷയില്‍ കയറിയതും, താമസസ്ഥലത്ത് ഇറങ്ങിയതും വിചിത്രമായ രീതിയിലായിരുന്നു. ഇറങ്ങുമ്പോള്‍ ബുദ്ധിമുട്ടേണ്ടല്ലോ എന്നു കരുതി ഓട്ടോറിക്ഷയില്‍ വെച്ചു തന്നെ ഞാന്‍ ബുദ്ധിപൂര്‍‌വ്വം പേഴ്സെടുത്ത് സ്ഥിരം ചാര്‍ജായ 30 രൂപ ഷര്‍ട്ടിന്റെ കീശയിലേക്ക് മാറ്റി... പിന്നീട് പേഴ്സെവിടെ വെച്ചു...?
എന്റെ ഫ്ലാഷ്ബാക്ക് അവിടെ വെച്ച് ഖണ്ഡിക്കപ്പെട്ടു. എത്ര ഓര്‍ക്കാന്‍ ശ്രമിച്ചിട്ടും ആ ഭാഗം ഓര്‍മ്മ വന്നതേ ഇല്ല.. അതിനു മുമ്പ്പുള്ള സീനുകള്‍ - ബസിലിരുന്ന് കേട്ട പാട്ടുകള്‍ - അതൊക്കെ നല്ല ഓര്‍മ്മ.. പക്ഷെ പേഴ്സുമായി ബന്ധപ്പെട്ട എല്ലാ ഓര്‍മ്മകളും ഞാന്‍ മറന്നു പോയി..

എവിടെയാ, എപ്പോഴാ എന്നൊക്കെ പെട്ടെന്ന് ഓര്‍ത്തെടുക്കാന്‍ പലപ്പോഴും പ്രയാസമാണ്. ഇത് നിമിത്തം, പല ചോദ്യങ്ങള്‍ക്കും സമയത്ത് ഉത്തരം കൊടുക്കാന്‍ കഴിയാതെ പരുങ്ങിയ അവസ്ഥ മുമ്പും ഉണ്ടായിട്ടുണ്ട്.. ഇതേ അവസ്ഥ സൂര്യക്കും, പിന്നീട് അമീര്‍ഖാനും അനുഭവപ്പെട്ടിട്ടുണ്ടെന്ന ആശ്വാസം മാത്രമുണ്ട്‌.. അവരതിനെ short term memory loss എന്നൊക്കെ ശാസ്ത്രീയമായി പറഞ്ഞെന്നു മാത്രം.

പേഴ്സില്ല എന്ന് സ്ഥിരീകരിച്ച സ്ഥിതിക്ക് ഇനിയും സമയം Waste ആക്കാനില്ല.. അടിയന്തിരമായി വല്ലതും ചെയ്‌തേ മതിയാവൂ..

"ഓട്ടോര്‍ഷാ സ്റ്റാന്‍ഡ് വരെ പോയി നോക്കാം..", സംഭവം ഇന്‍‌വെസ്റ്റിഗേറ്റ് ചെയ്യാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു.
രണ്ട് പേരും ധൃതിയില്‍ ഒരുങ്ങി പുറത്തിറങ്ങി. നടന്നു വന്ന വഴി മുഴുവന്‍ അരിച്ചു പെറുക്കി.

ഓട്ടോറിക്ഷാ സ്റ്റാന്‍ഡിലേക്ക് തിരിക്കുന്നതിനു മുന്‍പേ ബിനോയിനെ വിളിച്ചു, ഇന്‍‌വെസ്റ്റിഗേഷനില്‍ പങ്കാളിയാവാന്‍‌..
മുമ്പുംസമാനമായ ഒരു അവസരത്തില്‍ ബിനോയ് കൂടെ ഉണ്ടായിരുന്നു. അന്ന് ഒരാളെ chase ചെയ്യാന്‍ വേണ്ടി ആയിരുന്നു ബിനോയ് കൂടെ വന്നതെന്ന വ്യത്യാസമുണ്ട് (അത് പിന്നെ പറയാം)

ഞങ്ങള്‍ മൂന്ന് പേരും നേരെ ഓട്ടോറിക്ഷാ സ്റ്റാന്‍ഡിലെത്തി. കുറച്ച് ഓട്ടോറിക്ഷകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.. ആളുകള്‍ കയറുന്നു, ഡ്രൈവര്‍ പടപടപടേന്ന് വണ്ടി start ആക്കുന്നു.. പൊടി പറത്തി പോകുന്നു.. അങ്ങനെ രണ്ട് മൂന്ന് ഓട്ടോറിക്ഷകള്‍ വരുന്നതും പോകുന്നതും ഞങ്ങള്‍ "ആരാ-എന്താ-എവിടെയാ" അന്ധാളിപ്പോടെ നോക്കി നിന്നു..
പതുക്കെ ധൃതിയില്ലാത്ത ഒരു ഓട്ടോറിക്ഷ ഞങ്ങളുടെ അടുത്തു വന്നു നിന്നു..

"ചേട്ടാ ഒരു പേഴ്സ് പോയി.. ഓട്ടോയിലാണെന്നാ തോന്നുന്നത്", ഞങ്ങള്‍ കാര്യം പറഞ്ഞു തുടങ്ങി..

ഡ്രൈവര്‍‌ - "ഇതിലാണോ??"

"ഇതിലല്ല"

ഡ്രൈവര്‍‌ - "ഓട്ടോന്റെ പേരറിയുവോ?"

ഞാന്‍ - "ഇല്ല, ആളെ കണ്ടാലറിയാം. ഒരു കണ്ണിത്തിരി ഇടുങ്ങിയതാ.."

കയറുമ്പോഴും ഇറങ്ങുമ്പോഴും അവളുടെ തല ഇടിച്ചത് അങ്ങേര്‍ ശ്രദ്ധിച്ചിരുന്നു.. കാശ് കൊടുക്കാന്‍ നേരം അങ്ങേരീ കാര്യം ഞങ്ങളോട് പറയുകയും ചെയ്‌തു... ഇത്രയും ആയിരുന്നു ആകെ ഉണ്ടായിരുന്ന തെളിവ്..

കയറുമ്പോഴും ഇറങ്ങുമ്പോഴും തല ഇടിച്ചെന്ന് പറഞ്ഞ ഡ്രൈവറെ എങ്ങനെ കണ്ടു പിടിക്കും?
"ഡ്രൈവരുടെ കയ്യില്‍ കിട്ടാന്‍ ചാന്‍സ് കുറവാണ്‌. കിട്ടിയാല്‍ അവര്‍ എന്തായാലും വിളിച്ച് തരും.. അല്ലെങ്കില്‍ ഇവിടെ ഏല്പിക്കും..

ഇനി യാത്രക്കാരുടെ കയ്യിലാണെങ്കില്‍ അവരുടെ സ്വഭാവം പോലെ ഇരിക്കും. കിട്ടുന്നതും കിട്ടാത്തതും ഒക്കെ...", ഒരു ഡ്രൈവര്‍ ഇങ്ങനെ ഉപസംഹരിച്ചു.

ഒരു ചൂടന്‍ ഡ്രൈവര്‍ മാത്രം ചൂടായി. ഇത്-എന്നെ-ഉദ്ദേശിച്ച്-പറഞ്ഞതാണ്‌,എന്നെ-മാത്രം-ഉദ്ദേശിച്ച്-പറഞ്ഞതാണ്‌ എന്ന ചിന്താഗതിക്കാരനായിരുന്നു ആ മഹാന്‍.. അതു കൊണ്ട് തന്നെ അയാള്‍ കീശയില്‍ നിന്നും സ്വന്തം പേഴ്സെടുത്തിട്ട് ചോദിച്ചു - "ഇതാണോ നിങ്ങടെ പേഴ്സ്? ഇതാണോന്ന്? എനിക്ക് നിങ്ങടെ പേഴ്സൊന്നും വേണ്ട..", ചോദ്യങ്ങള്‍ മുഴുവനും ബിനോയോടായിരുന്നു.. "നിങ്ങള്‍ക്ക് ബോധമില്ലേ? പേഴ്സ് കണ്ടിടത്തെല്ലാം കൊണ്ടിടാന്‍‌...? എന്നിട്ട് ഓട്ടോര്‍ഷേല്‍ പോയെന്ന് പറഞ്ഞ് അന്വേഷിക്കാന്‍ വന്നിരിക്ക്യാ.."

ബിനോയ് അയാളെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നത് കണ്ടപ്പോള്‍ പേഴ്സ് ബിനോയുടേതാണോ എന്ന്‌ എനിക്ക് തന്നെ സംശയം തോന്നി..!
ഓട്ടോറിക്ഷകള്‍ ഓരോന്നായി അരിച്ചു പെറുക്കി. മുമ്പിലുള്ള ആളോട് സംഭവം വിശദീകരിക്കുമ്പോള്‍ പുറകിലുള്ള ഓട്ടോറിക്ഷക്കാര്‍ ആകാംക്ഷയോടെ ചോദിക്കും - "എന്താ എന്താ കാര്യം?"

അങ്ങനെ നേരം കുറച്ച് കഴിഞ്ഞപ്പോള്‍ ഒരു മൂത്ത ഡ്രൈവര്‍ ഉപദേശിച്ചു..

"നാളെ കാലത്ത് വന്നാല്‍ എല്ലാ ഓട്ടോറിക്ഷകളും ഇവിടെ തന്നെ ഉണ്ടാകും. അപ്പോള്‍ കാണാന്‍ കഴിയും.. എന്തായാലും ഒരു complaint കൊടുത്തിട്ടേക്ക്.. രേഖകളൊക്കെ ഉള്ളതല്ലേ.."
ഞങ്ങള്‍ പരസ്പരം നോക്കി.. അതിലുള്ള രേഖകളുടെ എല്ലാം Duplicates ഉണ്ടാക്കി എടുക്കാനുള്ള പൊല്ലാപ്പ് ഓര്‍ത്തപ്പോള്‍ തന്നെ എന്റെ വോള്‍ടേജ് കുത്തനെ ഇടിഞ്ഞു..
നേരേ പോലീസ് സ്റ്റേഷന്റെ മുന്നിലെത്തി.. പോലീസ് ഫോബിയ ഉള്ള അവളെ ശകടത്തിലിരുത്തി ഞാനും ബിനോയും പോലീസ് സ്റ്റേഷന്‍ ലക്ഷ്യമാക്കി നടന്നു..

ഇതൊക്കെ വളരെ Normal ആണെന്ന് കാണിച്ച് കൊണ്ട് ഞാന്‍ തലയുയര്‍ത്തി നടന്നു.

കയറുന്നതിനു തൊട്ടു മുമ്പ് ബിനോയ് കാതില്‍ പറഞ്ഞു - "എടാ... ഞാനിത് ആദ്യമായിട്ടാ.."

"ഞാനും.."
നേരെ ചെന്ന് കയറിയത് wireless ഉം പിടിച്ചിരിക്കുന്ന ആളുടെ അടുത്തായിരുന്നു..

"പേഴ്സ്.."

പറഞ്ഞ് മുഴുമിക്കുന്നതിനു മുമ്പ് വേറേ ഒരാളെ ചൂണ്ടിക്കാണിച്ചു കൊണ്ട് അങ്ങേര്‍ wireless ല്‍ എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരുന്നു.
ഞങ്ങള്‍ ചെന്ന് കാര്യം വിശദമായി ബോധിപ്പിച്ചപ്പോള്‍ അയാള്‍ ആശ്വസിപ്പിച്ചു- "നാളെ രാവിലെ ഒന്‍പത് മണി ആകുമ്പോള്‍ വന്ന്‌, ഒരു complaint എഴുതി കൊടുക്കുക.. അപ്പോള്‍ ഒരു receipt തരും.. അത് വെച്ച് duplicate ന്‌ അപേക്ഷിക്കാം..."
"OK സാര്‍‌........"

മടങ്ങുന്നതിനു മുമ്പ് ബിനോയുടെ കയ്യിലുണ്ടായിരുന്ന 210 രൂപ ഞാന്‍ വാങ്ങി. കയ്യില്‍ അഞ്ചു പൈസ പോലും വേറേ ഉണ്ടായിരുന്നില്ല.. കാശെടുക്കാനാണെങ്കില്‍ ഒരു കാര്‍ഡ് പോലും ഇല്ല..
തിരിച്ച് വീട്ടിനരികില്‍ വന്നെത്തിയപ്പോഴും വഴി മുഴുവന്‍ അരിച്ചു പെറുക്കി, ഉണ്ടാവില്ലെന്നറിഞ്ഞിട്ടും ഒരു സമാധാനത്തിന്‌.. പക്ഷെ പേഴ്സ്‌ എവിടെയും ഇല്ല..

കോണി കയറി വാതില്‍ തുറക്കാന്‍ നേരം അവള്‍ :

"എന്റെ കൃഷ്ണാ.. പേഴ്സ് കിട്ടിയാല്‌ ഞാന്‍ ഗുരുവായൂരപ്പന്‌ X രൂപ തരും...", അവള്‍ നെഞ്ചില്‍ കൈ വെച്ച് കൃഷ്ണനെ വിളിച്ച്‌ കഴിഞ്ഞതും ഞാന്‍ കോണിക്കരികെയുള്ള ടെറസിലേക്ക് ടോര്‍ച്ചടിച്ചതും ഒരുമിച്ചായിരുന്നു...

എന്റെ കണ്ണുകള്‍ തിളച്ച വെളിച്ചെണ്ണയില്‍ വീണ പപ്പടം പോലെ ആര്‍ത്തലച്ച് വികസിച്ചു.. ദാ താഴെ കിടക്കുന്നു - പേഴ്സ്..

നിരാശയുടെ ചാവുക്കടലിലേക്ക് അപ്രതീക്ഷിതമായി വന്ന അത്ഭുതം ഉള്‍ക്കൊള്ളാനാകാതെ ഞങ്ങള്‍ രണ്ടു പേരും വാ പൊളിച്ചു..

"ശോ.. ഞാന്‍ പറഞ്ഞില്ലേ ഇത് ഗുരുവായൂരപ്പന്‍ കൊണ്ട് ഇട്ടതാ.. ശരിക്കും ഗുരുവായൂരപ്പന്‍ കൊണ്ട് ഇട്ടതാ..", അവള്‍ ഗുരുവായൂരപ്പനുമായി കൃതജ്ഞതയുടെയും, ഉപകാരസ്മരണയുടെയും സെന്റിമെന്റ്സില്‍ ആറാടി..

ബോധം പതുക്കെ തെളിഞ്ഞു - (((( പേഴ്സ് എന്റെ കയ്യില്‍ തന്നെ ആയിരുന്നു. വാതില്‍ തുറക്കാന്‍ നേരം ബാഗിനു മുകളില്‍ വെച്ച പേഴ്സ് ബാലന്‍സ് തെറ്റി താഴെ വീണത് ശ്രദ്ധിച്ചില്ല..))))
ടെറസിലിറങ്ങി പേഴ്സെടുത്ത ഉടനെ, അവളുടെ കാര്‍ഡും, X രൂപയും അവള്‍ അതിനകത്തു നിന്നും മാറ്റി വെച്ചു.

(ഇനീം ഇതേ കാര്യം പറഞ്ഞ് വെറുതേ ഗുരുവായൂരപ്പനെ ശല്യപ്പെടുത്തേണ്ടതില്ലല്ലോ)
X രൂപ ഇപ്പോഴും ഗുരുവായൂരപ്പന്റെ ഫോട്ടോയ്‌ക്കു മുന്നില്‍ ഇരിക്കുന്നു, ഗുരുവായൂര്‍ യാത്രയും കാത്ത് :)

23 ഒക്‌ടോബർ 2011

നൊസ്റ്റാള്‍ജിയ

കാലിഫോര്‍ണിയ,
12/07/2011.

പതിനഞ്ച് കൊല്ലത്തെ ഇടവേളയ്‌ക്ക് യോജിച്ച വലിയ ഒരു മുഖവുരയൊന്നും എനിക്ക് നിന്നോട് വേണ്ടെന്ന് തോന്നി.
നീ വിചാരിക്കുന്നുണ്ടാവും എന്തു പറ്റി ഈ പൊട്ടനെന്ന്.!
അതോ ഇത്രയും കാലം എവടെപ്പോയിക്കെടക്കുകയായിരുന്നു ഈ പണ്ടാരക്കാലന്‍ എന്നാണോ?

എത്ര കൊല്ലമായെന്നറിയ്വോ മലയാളത്തില്‍ ഒരു വരി തെകച്ചെഴുതിയിട്ട്.. ഞാന്‍ ഇങ്ങനെ എഴുതുമ്പോള്‍ പഴയ ആ കാലം തിരിച്ച് കിട്ടിയ പോലെ.. എനിക്ക് അത്ഭുതം തോന്നുന്നു ഈ ലിപികളൊന്നും ഞാന്‍ മറന്നില്ലല്ലോ..

ഓര്‍മ്മയില്ലേ അഞ്ചാം ക്ലാസ്സില്‍ ലതട്ടീച്ചര്‍ കത്തെഴുതുന്നതെങ്ങനെ ആണെന്ന് പഠിപ്പിച്ചു തന്ന ദിവസം? കത്ത് കിട്ടുന്നത് വലിയ ഗമയാക്കി കൊണ്ട് നടന്ന കാലം.. സമ്മര്‍ വെക്കേഷന്‌ ചുമ്മാ അങ്ങോട്ടുമിങ്ങോട്ടും കത്തെഴുതി വിട്ടതും മറ്റും..
പോസ്റ്റ്മാന്റെ കയ്യില്‍ നിന്ന് കത്ത് വാങ്ങി, എല്ലാവരെയും കാണിച്ച്, ദാ കണ്ടോ എനിക്ക് വന്ന കത്താണെന്ന് ഗമയില്‍ പറഞ്ഞ് നടന്നതൊക്കെ ഓര്‍മ്മയില്ലേ..? എന്താ അതിനകത്തൊക്കെ എഴുതിയിരിക്കുന്നേ..? സിനിമ കാണാന്‍ പോയ കാര്യം.. പല്ല് പറച്ച കാര്യം.. :-)
കത്തില്‍ നിറയെ അക്ഷരത്തെറ്റുകള്‍ ആയിരുന്നു.. ഇപ്പോ വായിക്കുമ്പോള്‍ ചിരി വന്നേനെ.. അതൊക്കെ പഴയ ആ പെട്ടിയില്‍ കാണുമായിരിക്കും...

ഞാന്‍ ഇപ്പൊ എവടെയാ എങ്ങനെയാ ഒന്നും പറഞ്ഞില്ലല്ലോ. നിനക്കാണെങ്കില്‍ ഒരു ഈമെയില്‍ അഡ്രസ് പോലുമില്ല. ഉണ്ടെങ്കില്‍ എന്തു രസമായിരുന്നെന്നറയ്വോ..? ഫേസ്ബുക്കും, ചാറ്റിംഗും.. ഒക്കെ നല്ല രസമാടാ.. നീ ഇപ്പഴും പെയിന്റിംഗും ആയി നടക്കുകയാണോ? അത് പോട്ടെ, നിന്റെ വല്ല പെയിന്റിംഗും ഹിറ്റ് ആയോ..? അതൊ സരോജിനിച്ചേച്ചി പറഞ്ഞത് പോലെ "ഇവനീ പെയിന്റിംഗ്‌ എന്ന് പറഞ്ഞ് നടന്നിട്ട് അവസാനം വൈറ്റ് വാഷ് പണിക്കെങ്കിലും പോയി നാല്‌ കാശ് കുടുംബത്ത് കൊണ്ടോന്നാ മതിയായിരുന്നു..".. എന്ന്.. :-) ഇപ്പോ എന്തു പെയിന്റിംഗാടാ?

നിനക്കിപ്പഴും പരിഭവം കാണും പതിനഞ്ച് കൊല്ലക്കാലം എവിടെ ആയിരുന്നു ഈ സുഹൃത്തെന്ന്.. സമയം കിട്ടണ്ടേ.. ഈമെയില്‍ ഐ.ഡി. ഉണ്ടായിരുന്നെങ്കില്‍ വല്ലപ്പോഴും മെയിലെങ്കിലും അയയ്‌ക്കാമായിരുന്നു.. ശരിക്കും എല്ലാവരെയും ഞാനങ്ങു മറന്നു.. ഒന്നു ശ്രമിച്ചിരുന്നെങ്കില്‍ ഫോണ്‍ നമ്പറെങ്കിലും കിട്ടിയേനെ.. പക്ഷെ ഒന്നും തോന്നിയില്ല.. എനിക്കറിയില്ല.. ഒരൊഴുക്കില്‍ പെട്ടതു പോലെ.. അനങ്ങാന്‍ തോന്നിയില്ല, ഇത്രേം കാലം.. പക്ഷെ ഇപ്പോ ഇവിടെ ആകെ മടുത്തു.. എന്നും ഒരേ പണി.. ആദ്യമൊക്കെ ഭയങ്കര ത്രില്ലായിരുന്നു - കമ്പ്യൂട്ടറും, സാന്‍ഡ്വിച്ചും, ബര്‍ഗ്ഗറും മാത്രമുള്ള ലോകത്തില്‍ വീണുകിടന്ന് പ്രയത്നിക്കാന്‍.. പക്ഷെ ഇപ്പോ ശരിക്കും മടുപ്പ് തോന്നുന്നെടാ.. പഴേതൊക്കെ ശരിക്കും മിസ് ചെയ്യുന്നത് പോലെ..

ഞാന്‍ തിരിച്ച് വരാന്‍ പോവ്വാ.. പഴയ സ്ഥലത്തേയ്‌ക്ക്.. എന്ന് വച്ചാ നാട്ടിലേക്ക്.. പണി... ഇതു തന്നെ.. വല്ല സോഫ്റ്റ്‌വെയര്‍ കമ്പനീലും ശ്രമിയ്‌ക്കണം. എല്ലാരും പറഞ്ഞു കേള്‍ക്കാറില്ലേ..? വല്ല്യച്ഛന്‍ എപ്പഴും ഉപയോഗിച്ചിരുന്ന വാക്ക് - "സെറ്റിലാകാന്‍" തീരുമാനിച്ചു..
ഞാന്‍ കഴിഞ്ഞ ആഴ്ച മുതല്‍ ഫേസ്‌ബുക്ക് തപ്പിക്കൊണ്ടിരിക്കുകയാ.. പഴേ ആള്‍ക്കാരെയൊക്കെ..
അപ്പഴാ മറന്ന് പോയ ഒരു മുഖം ഓര്‍മ്മ വന്നത്.. നമ്മടെ പഴേ കൂട്ടുകാരി..
അമ്മു.. എനിക്കവളെ മറക്കാന്‍ കഴിയുന്നില്ലെടാ.. ഓര്‍മ്മയുണ്ടോ നിനക്കവളെ? ആറാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്താ ഞാനവളെ അവസാനമായി കണ്ടത്.. അച്ഛന്‌ സ്ഥലം മാറ്റം കിട്ടി താമസം മാറിയ അന്ന്.. കണ്ണുകള്‍ ചാലുകീറി ഒഴുകിയത് ഇപ്പഴും ഓര്‍മ്മയുണ്ട്..
പൊടി പറത്തിപ്പോയ ആ വെള്ള അംബാസറിനകത്ത്, ആല്‍മരം കാഴ്ച മറയ്‌ക്കുന്നത് വരെ ഞാന്‍ പുറകോട്ട് നോക്കി ഇരിക്കുകയായിരുന്നു.. പിന്നീട് ഒന്നും ഓര്‍മ്മയില്ല.. ഓര്‍ത്തില്ല, മറന്നു..

ഓര്‍മ്മയുണ്ടോ, സന്ധ്യക്ക്‌ കളി കഴിഞ്ഞ് വീട്ടില്‍ ചെല്ലാന്‍ വൈകുന്നതിന്‌ നല്ല പെട കിട്ടിയിരുന്നത്? ഒരു ദിവസം രാത്രി എട്ട് മണി കഴിഞ്ഞിട്ടും എത്താഞ്ഞതിന്‌ അച്ഛന്‍ എന്നെ ഗ്രൗണ്ടിനടുത്തുള്ള ആല്‍ത്തറ മുതല്‍ വീട്ടിലെത്തുന്നതു വരെ അടിച്ചോടിച്ചത്? പോകുന്ന വഴി അവള്‍ ഉമ്മറത്തിരുന്ന് ഗോഷ്ഠി കാണിയ്‌ക്കുന്നുണ്ടായിരുന്നു. അന്നെനിയ്‌ക്ക് അരിശമാണ്‌ തോന്നിയത്.. അടുത്ത ദിവസം കാലത്ത് സ്കൂളില്‍ പോകുന്ന വഴി നല്ല ഒരു നുള്ള് ഞാന്‍ കൊടുത്തു.. അന്ന് കരഞ്ഞ് കൊണ്ട്‌ ഓടിപ്പോയ അവളെ നീ ആയിരുന്ന് ആശ്വസിപ്പിച്ചത്.. :-) അതൊക്കെ എന്തു നല്ല കാലമായിരുന്നു അല്ലെ?

ഇവിടെ ശരിയ്‌ക്കും മടുത്തെടാ.. എനിക്ക് തിരിച്ചു വരണം.. ഞാന്‍ സീരിയസ് ആയി ഒരു കാര്യം പറയാന്‍ പോവ്വാ.. കല്ല്യാണക്കാര്യം തന്നെ.. അമ്മുവിനെ ഞാന്‍ ഫേസ്‌ബുക്കില്‍ വെച്ച് വീണ്ടും കണ്ടു മുട്ടിയെടാ... ആദ്യം നോക്കിയത് "റിലേഷന്‍ഷിപ് സ്റ്റാറ്റസ്" ആണ്‌.. ഭാഗ്യത്തിന്‌ single തന്നെ.. ഞാന്‍ ഇപ്പോ ആകെ excited ആണെടാ.. നിന്നോടാകുമ്പോള്‍ എല്ലാം തുറന്നു പറയാലോ.. അവള്‍ എന്തുകൊണ്ടും എനിക്ക് ചേരും എന്നാ തോന്നുന്നേ.. അല്ലേ? പക്ഷെ ഇങ്ങനെ ഒരു രീതിയില്‍ ഞാനിതു വരെ അവളോട് സംസാരിച്ചിട്ടില്ല. ഒരു ഫ്രന്‍ഡ്‌ഷിപ് റിക്വസ്റ്റ് അയച്ചു.. അത്ര മാത്രം.. എനിക്കെന്തോ ഒരു ഭയം പോലെ.. അവളെങ്ങനെ കാണുമെന്നറിയില്ലല്ലോ..

എനിക്ക് യാതൊരു വിധ demandകളും ഇല്ല.. എന്നെ സ്നേഹിക്കാന്‍ കഴിയുന്ന, എന്റെ ചുറ്റുപാടുകളുമായി യോജിച്ച് പോകാന്‍ പറ്റുന്ന ഒരു പെണ്‍കുട്ടി ആയാല്‍ മതി. കുട്ടിക്കാലത്തേ പരിചയമുള്ളതാവുമ്പോ അത് നല്ലതല്ലേ.. :-)

ഓര്‍മ്മയില്ലേ അവിടെ ഇലഞ്ഞി മരത്തില്‍ കളിക്കാനായി അമ്മുവിന്റെ അച്ഛന്‍ ഊഞ്ഞാല്‍ കെട്ടി തന്നത്? അന്ന് ഊഞ്ഞാല്‍ ഉയരത്തില്‍ ആട്ടി നമ്മള്‍ അവളെ പേടിപ്പിച്ചത് ഓര്‍ക്കുന്നുണ്ടോ? ചോണനുറുമ്പ് നിക്കറിനകത്ത് കയറി നീ നിലവിളിച്ചത് എന്തായാലും ഓര്‍മ്മ കാണും.. ഹോ.. ആ കാലം ഇനി തിരിച്ചു കിട്ടില്ലല്ലോ...

എനിക്കിപ്പഴും ഓര്‍മ്മയുണ്ട് അവള്‍ ഒറ്റ മോളായിരുന്നില്ലേ.. എല്ലാരും അവളെ വല്ലാതെ കൊഞ്ചിയ്‌ക്കാറുണ്ടായിരുന്നു.. അവള്‍ എന്ത് ശാഢ്യം പിടിച്ചാലും അത്‌ കിട്ടിയിരിക്കും.. ആ പ്രദേശത്തുള്ള കുട്ട്യേള്‍ക്കാര്‍ക്കും അവളുടെ അത്രേം നല്ല ഒരു doll ഉണ്ടായിരുന്നില്ലല്ലോ.. നീലക്കണ്ണുകള്‍ അടയ്‌ക്കുകയും തുറക്കുകയും ചെയ്യുന്ന ആ പാവ നിനക്കോര്‍മ്മയില്ലേ..? ഹി ഹി... അനിയനുണ്ടാകുന്നതാണ്‌ അവള്‍ക്കിഷ്ടം എന്ന് പണ്ട് പറഞ്ഞത്‌ ഓര്‍ക്കുന്നു. :-)

എടാ.. പിന്നെയൊരു കാര്യം.. അവള്‍ ഫേസ്‌ബുക്കില്‍ പ്രൊഫൈല്‍ ഫോട്ടോ ഇട്ടിട്ടില്ല, ഒറ്റ ഫോട്ടോസ് പോലും ഷെയര്‍ ചെയ്‌തിട്ടുമില്ല.. ഞാന്‍ കുറേ request ചെയ്‌തു നോക്കി, ഒരു ഫോട്ടോ send ചെയ്യാന്‍.. കൗതുകം കൊണ്ടാ.. നമ്മളൊക്കെ ഇപ്പൊ എങ്ങനെയാ മാറിയതെന്ന് അറിയാലോ.. എനിക്കാണെങ്കില്‍ വീട്ടില്‍ ഈ കാര്യം അവതരിപ്പിക്കുന്നതിന്‌ മുമ്പ് ഒന്ന് ഫോട്ടോ കണ്ടാല്‍ കൊള്ളാമെന്നുണ്ട്..
എടാ.. അവളുടെ ഒരു ഫോട്ടോ സംഘടിപ്പിച്ച് തരാന്‍ പറ്റുമോ?

എനിക്ക് ഒരു demandഉം വേറെയില്ല.. പക്ഷെ ഇന്നത്തെ കാലത്ത് ഒരു proposal ന്റെ കാര്യമൊക്കെ അറിയാലോ.. വീട്ടില്‍ present ചെയ്യണമെങ്കില്‍ ചില സംഗതികളൊക്കെ അറിയണം.. അവളുടെ അച്ഛന്‍ കസ്റ്റംസിലായിരുന്നില്ലേ? അമ്മ high school ടീച്ചറും..?

വേറേ എന്താ പറയ്വാ... അമ്മൂന്‌... അമ്മൂന്‌ വേറെ affair ഒന്നും ഇല്ലല്ലോ.. ഞാന്‍ വളരെ Open ആണ്‌.. ആ ഒരു Openness മാത്രമേ ഞാന്‍ തിരിച്ചും പ്രതീക്ഷിയ്‌ക്കുന്നുള്ളൂ.. എനിക്ക് ഒരു demand ഉം വേറെ ഇല്ല.. എന്നാലും കല്ല്യാണക്കാര്യമാകുമ്പോള്‍ എല്ലാം അറിയണമല്ലോ.. ഒരു affair ഉണ്ടായി എന്നത് വലിയ കാര്യമൊന്നുമല്ല.. എനിക്കതൊക്കെ ഉള്‍ക്കൊള്ളാന്‍ കഴിയും.. അങ്ങനെ വല്ലതും ഉണ്ടായിരുന്നെങ്കില്‍ തന്നെ ഇപ്പോ എന്താ പ്രശ്നം.. പക്ഷേ, നിനക്കറയാലോ അമ്മയെ.. അമ്മയ്‌ക്ക് ഈ വക ഏര്‍പ്പാടുകളൊക്കെ വലിയ കാര്യമാ.. പഴേ ആള്‍ക്കാരല്ലേ.. ചെലപ്പോ ആളെ വിട്ട് രഹസ്യമായി അന്വേഷിപ്പിച്ച് കളയും.. അതൊക്കെ ഒഴിവാക്കാന്‍ വേണ്ടിയാ നിന്നോട് നേരത്തേ ചോദിയ്‌ക്കുന്നേ.. അമ്മു നല്ലവളാ... എനിക്കൊറപ്പുണ്ട് അവള്‍ neat ആണെന്ന്.. എന്നാലും ഒന്ന് ചോദിച്ചൂന്നേ ഉള്ളൂ.. നീയതൊന്ന് അന്വേഷിച്ചേയ്‌ക്കണേ..

അവരുടെ സ്ഥലം ഏകദേശം എത്ര സെന്റ് കാണും? ഗ്രൗണ്ടിന്റെ അവടെ തൊടങ്ങി അങ്ങ് അമ്പലക്കുളം വരെയുള്ളത് അവരുടെയല്ലേ..? ഒന്നു confirm ചെയ്യ്വോ.. എടാ അന്വേഷിയ്‌ക്കുമ്പോ, ഊഞ്ഞാല്‌ കെട്ടിയ ആ സ്ഥലത്തിന്റെ കാര്യവും ഒന്ന് ചോദിയ്‌ക്കാന്‍ മറക്കണ്ട...

എടാ അമ്മുവിന്റെ അച്ഛനിപ്പോ റിട്ടയര്‍ ആയിക്കാണും അല്ലേ? അമ്മയ്ക്കിപ്പോ ഏതാണ്ട് 25 വര്‍‌ഷം സര്‍‌വീസ് ആയിക്കാണില്ലേ?
ഇപ്പഴും അവള്‍ ഒറ്റ മോള്‍ തന്നെയാണോ? അനിയത്തിയോ മറ്റോ? അറിയാനുള്ള കൗതുകം കൊണ്ട്‌ ചോദിച്ചുവെന്നേ ഉള്ളൂ.. അവളെപ്പോലെ തന്നെ, എനിക്കും വീട്ടുകാര്‍ക്കും അവള്‍ക്ക്‌ അനിയന്‍ ഉണ്ടാകുന്നതാണിഷ്ടം.. പെട്ടെന്നൊരു അത്യാവശ്യം വരുമ്പോ കുടുംബത്തൊരു ആണ്‍തരി ഉണ്ടായിരിയ്‌ക്കുന്നത് നല്ലതല്ലേ.. അതോണ്ടാ.. അതൊന്നന്വേഷിയ്‌ക്കണേ.. ചുമ്മാ Family details പറയുമ്പോ ഇതൊക്കെ വേണ്ടേ.. :-)

പിന്നെ, job profile ഞാന്‍ ഫേസ്‌ബുക്കില്‍ കണ്ടു.. അതൊരു വലിയ കടമ്പ തന്നെയായിരുന്നു. M.B.A ഈസ് ക്വയറ്റ് ഫൈന്‍. യൂ നോ..

------------------------------------------------------------------------
എടാ ഞാന്‍ ഉപയോഗിച്ച ചിഹ്നങ്ങളൊക്കെ മനസ്സിലായോ..? ഇല്ലെങ്കില്‍ ഇതാ അതിന്റെയൊക്കെ അര്‍ത്ഥം.. ഇപ്പഴൊക്കെ സ്മൈലീസ് ഇല്ലാതെ ഒരു സെന്റന്‍സ് എഴുതാന്‍ പറ്റാത്ത സ്ഥിതിയായി.. :-D

:-) ഞാന്‍ ചിരിക്കുന്നത്‌
;-) ഞാന്‍ കണ്ണിറുക്കുന്നത്
:-D ഞാന്‍ വല്ലാണ്ട് ചിരിയ്‌ക്കുന്നത്

NB:
(1) എടാ, ഫോട്ടോ കിട്ടി എല്ലാവര്‍ക്കും ഇഷ്ടമായാല്‍ മാത്രമേ ഈ കല്ല്യാണക്കാര്യം forward ചെയ്യൂ.. അതു കൊണ്ട് ഞാന്‍ OK പറയുന്നത് വരെ ഇത് രഹസ്യമാക്കി വെയ്‌ക്കണേ.. ;-) എനിക്കെന്തായാലും അവളെ ഇഷ്ടമാവും.. വെറുതെ ഒരു കൗതുകം കൊണ്ടാ ഫോട്ടോ വേണമെന്ന് പറഞ്ഞത്..
പിന്നെ... ഫോട്ടോ ആദ്യം ഞാന്‍ തന്നെ കാണണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്, അതു കൊണ്ട് യാതൊരു കാരണവശാലും പഴയ മേല്‍‌വിലാസത്തിലേക്ക് ഫോട്ടോ അയയ്‌ക്കല്ലേ..
എന്റെ official address ഇതാ:-
Akhil P
Project manager
Micro solutions
234344 Page Mill Rd.
Palo Alto, CA

(2) അന്വേഷിക്കാന്‍ പറഞ്ഞ കാര്യങ്ങള്‍ക്കൊക്കെ മറക്കാതെ മറുപടി തരണേ..

സ്നേഹപൂര്‍‌വം
അഖി


----- മറുപടി ------
എടാ..
1) അവള്‍ടെ അച്ഛന്‍ കസ്റ്റംസിലായിരുന്നു, റിട്ടയറായി :-P
2) അമ്മ ടീച്ചറാ ഇപ്പഴും work ചെയ്യുന്നുണ്ട്, 25 കൊല്ലം സര്‍‌വീസ് ആയെന്ന് തോന്നുന്നു :-P
3) സ്ഥലം 3 ഏക്കര്‍ കാണും.. അതെ ഊഞ്ഞാല്‍ കെട്ടിയ സ്ഥലം അമ്മൂന്റെ അച്ഛന്റേത് തന്നെയാ. നീയറിയാത്ത 10 ഏക്കര്‍ വേറേം ഉണ്ടെടാ.. :-P
4) അനിയത്തിമാരാരും ഇല്ല, ഒരു അനിയനാ ഇപ്പൊ +2 ന്‌ പഠിയ്‌ക്കുന്നു.. :-P
5) പിന്നെ.. അമ്മൂന്‌ ഒരു മുഴുത്ത ലൈനുണ്ട്, അത് ഞാനാ.. ROFL* !!  
------------------------------------------------------------------------
*:-P - ഞാന്‍ നാക്ക് നീട്ടുന്നത്
*ROFL : ഞാന്‍ നിലത്ത് വീണ്‌ കിടന്നുരുണ്ട് ചിരിക്കുന്നത്‌

റിലേഷന്‍ഷിപ് സ്റ്റേറ്റസ് - ഇറ്റീസ് കോമ്പ്ലിക്കേറ്റഡ് ആയില്ലെങ്കില്‍ വീണ്ടും കാണാം..

സ്നേഹപൂര്‍‌വ്വം,
സഞ്ജു

25 സെപ്റ്റംബർ 2011

ഓൾഡ് മലബാർ വെഡ്ഡിംഗ് - ISO 9001:1990

തു വരെ പങ്കെടുത്തതിൽ വെച്ച് ഏറ്റവും ആകർഷണീയമായ വിവാഹങ്ങൾക്ക് സാക്ഷിയായത് മലബാറിൽ വെച്ചാണ്. പറയുമ്പോ എല്ലാം പറയണമല്ലോ. ഐ വാസ് ബോൺ ഏൻഡ് ബ്രോട്ടപ് ഇൻ മലബാർ.. യൂ നോ..

പഴയ ചില കല്ല്യാണസ്മരണകൾ അയവിറക്കുക എന്നതാണ് ഈ പോസ്റ്റിന്റെ ഉദ്ദേശം, അതു കൂടാതെ, കാലചക്രം ഉരുണ്ടുരുണ്ട് ഉണ്ടായ മാറ്റങ്ങളെ നിർവികാരമായി നോക്കിയ ശേഷം - "ഇപ്പഴത്തെ കല്ല്യാണൊക്കെ എന്ത് കല്ല്യാണം.. മോനേ പണ്ടൊക്കെ അല്ലേ കല്ല്യാണം" എന്ന ഡയലോഗ്, അനുഭവങ്ങൾ അടിച്ച് ഷേപ്പാക്കിയവരെപ്പോലെ, ഒരു ദീർഘനിശ്വാസത്തോടെ പറയണം..

ഓൾഡ് മലബാറിലെ കല്ല്യാണവുമായി ബന്ധപ്പെട്ട സംഭവങ്ങളിലൂടെ ഒന്നൊന്നായി കടന്നു പോകാം

സാരി വാങ്ങാൻ പോക്ക്
കല്ല്യാൺ സാരീസ്, ഇമ്മാനുവേൽ സിൽക്സ് തുടങ്ങി പല ഷോപ്പുകളിലെയും മോഡൽസ് ഇപ്പോൾ നിങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിൽ അവരെയൊക്കെ വേഗം പറഞ്ഞ് വിട്ടോ.. ഇതതല്ല.. ഇനിയിപ്പോ മുനിസിപ്പാലിറ്റി ആയി പ്രഖ്യാപിക്കാത്ത സ്ഥലത്തെ ഏതോ ഒരു ജൗളിക്കടയിൽ സാരി വാങ്ങാൻ പോകുന്ന സീൻ ഓർമ്മ വരുന്നവർ വേഗം അതും തേച്ച് മായ്ച്ച് കളഞ്ഞോ.. ഇതതല്ല..

ഞാൻ പറയുന്ന സാരി വാങ്ങാൻ പോക്ക് നടക്കുന്നത് കല്ല്യാണത്തിന് ഏതാണ്ട് 5 ദിവസം മുമ്പാണ്.
3 മുതൽ 5 വരെ ചെറുപ്പക്കാർ പങ്കെടുക്കുന്ന പരിപാടിയണിത്; ഭൂരിഭാഗവും പിള്ളേരാണ് ഈ ചടങ്ങിൽ പങ്കെടുക്കുന്നത്. പെൺപിള്ളേരെ കമന്റടിക്കാൻ പോന്ന പ്രായമുള്ള ഒരാളെങ്കിലും കൂടെ കാണും. കമന്റടിക്കാനല്ല - ചുറ്റുവട്ടത്തെ മിക്ക വീടുകളും തെറ്റാതെ കവർ ചെയ്യാൻ. ഒരാൾ തലയിൽ തുണികൊണ്ട് വരിഞ്ഞു കെട്ടിയ ഭാണ്ഡവും പേറിയായിരിക്കും നടപ്പ്. അംഗങ്ങൾ ഓരോരോ വീടുകളായി കയറിയിറങ്ങും. ഭാണ്ഡമെടുത്ത് വീട്ടിലെ കോലായിൽ വെച്ച് കോളിംഗ് ബെൽ അമർത്തുമ്പോൾ  വെപ്പുപണിക്കിടയിൽ നിന്ന് ധ്ര്തിയിൽ കൈലും പിടിച്ച് വാതിൽ തുറക്കുന്ന വീട്ടമ്മ, ചോദിക്കാനും പറയാനും ഒന്നും നില്ക്കാതെ അകത്ത് പോയി അലമാര തുറന്ന് "അയ്യേ" എന്ന് കണ്ടാൽ ആരും പറയാത്തതും, മോശമില്ലാത്ത ഡിസൈനുള്ളതും ആയ ഒന്നോ രണ്ടോ സാരി കൊണ്ട് വന്നു കൊടുക്കും.

വല്ലോം പിടി കിട്ടിയോ? ഈ സാരിയൊക്കെ വാങ്ങുന്നത് കല്ല്യാണത്തിനു വരുന്നവർക്ക് ഉടുക്കാനല്ല..
മുളപ്പന്തലിന്റെ മുകളിൽ ടാർപ്പായ വിരിക്കും, അടിവശത്തായി ശേഖരിച്ച സാരികൾ കളർസെൻസോടെ നീളത്തിൽ വിരിച്ച് അലങ്കരിക്കും. അതിനു വേണ്ടിയാണ് സാരി ശേഖരണം. ഇങ്ങനെ ഒരു പരിപടി ഇപ്പോൾ കാലഹരണപ്പെട്ടു എന്നു തന്നെ പറയാം. പച്ചയായി പറഞ്ഞാ എവടേം കാണാനില്ലാന്ന്..


പൊടിപ്പിള്ളേർ ടീപ്പാർട്ടിയുടെ അന്ന് കൂട്ടുകാരെ വിളിച്ച് വീര്യം പറയും..
"ഇഞ്ഞ് കണ്ടോ അത്? ഇന്റെമ്മേന്റെ സാര്യാ..."
"ഇന്റമ്മേന്റതേതാന്നറയോ.. അപ്പറത്ത്ന്ന് മൂന്നാമത്തേ.."
"മ്മേ.. കണ്ടാലും മതി നായി വെള്ളം കുടിക്കൂല.."

പന്തലിടൽ
കല്ല്യാണത്തിന് ഒരാഴ്ച മുമ്പ് തൊട്ട് മൂന്ന് ദിവസം മുമ്പ് വരെ ഏത് ദിവസങ്ങളിലും പന്തലിടൽ കർമ്മം നിർവ്വഹിയ്ക്കാം. തൊള്ള പൊളിച്ച്, മൂക്കട്ട ഒലിപ്പിച്ച് കീറിയ ട്രൗസറും വലിച്ച് പിടിച്ച് നടക്കുന്ന, കുരുത്തം കെട്ട ചെക്കന്റെ കാഴ്ചപ്പാടിൽ, ഒരു ടിപ്പിക്കൽ കല്ല്യാണത്തിന്റെ പന്തലിടൽ പരിപാടി ഇങ്ങനെയിരിക്കും:-

1) ആദ്യമായി മിനിലോറിയിൽ പന്തലിന്റെ കാലുകൾ കൊണ്ട് വന്നിറക്കും. ഒന്നോ രണ്ടോ ട്രിപ്പുകളിലായവും കൊണ്ട് വരിക.

2) ചുറ്റുവട്ടത്തെ കായികക്ഷമതയുള്ളതും, അല്ലാത്തതും ആയ യുവാക്കളായിരിക്കും മുളക്കെട്ടുകൾ ലോറിയിൽ നിന്ന് ഇറക്കാൻ സഹായിക്കുക

3) അതേ മിനിലോറിയിൽ (അല്ലെങ്കിൽ നായക്കുറുക്കനിൽ) പച്ച പെയിന്റടിച്ചതും, ക്രീമും കറുപ്പും വള്ളികൾ കൊണ്ട് "കമ്പനി"യുടെ പേര് നെയ്തതും ആയ ഇരുമ്പ് കസേരകൾ അട്ടിയട്ടിയായി കൊണ്ടു വരും. ഒപ്പം മേശയുടെ പച്ച പെയിന്റടിച്ച കാലുകളും, പ്ലൈവുഡ് പതിച്ച "തിന്നുന്ന" ഭാഗവും. പച്ച നിറമല്ലാത്ത കസേരയും മേശക്കാലും, നാളിതു വരെ ഞാൻ "കല്ല്യാണപ്പൊരയിൽ" കണ്ടിട്ടില്ല.

4) വയറുകളും, ട്യൂബ് ലൈറ്റും, ചൂടി(കയർ)യും, ടാർപ്പായയും, സാരികളും, മൊട്ടുസൂചിയും (പച്ച നിറമുള്ള മൊട്ടുസൂചിപ്പെട്ടിയിൽ നീല നിറത്തിൽ PK എന്നാണോ വലുതായി പ്രിന്റ് ചെയ്തിരുന്നത്? ആണെന്നു തന്നെയാണ് എന്റെ ബലമയ വിശ്വാസം. അല്ലാന്നുണ്ടെങ്കിൽ തെളിയിക്ക്..) പന്തലിന്റെ അവിഭാജ്യ ഘടകങ്ങളാണ്.

5) മോഡേൺ ആൾക്കാർ മിന്നി മിനുങ്ങുന്ന ബൾബുകൾ, കേറി വരുന്ന ഭാഗത്തുള്ള മാവിൻ തൈയിൽ അലങ്കരിക്കും.

പന്തലൊക്കെ ഒരു ഒന്നൊന്നര പന്തലായിരിക്കും മോനേ(ളേ). അടുത്ത വീട്ടിലെ പറമ്പിലേക്കും വ്യാപിച്ചു കിടക്കുന്ന തരത്തിലായിരിക്കും മിക്ക പന്തലുകളും. വീട്ടുകാർ തമ്മിലുള്ള സൗഹ്ര്ദത്തിന്റെ പ്രതീകമാണത് എന്നൊക്കെ അങ്ങോട്ട് കരുതി, ഇതിനെയൊക്കെ ഒരു ചടങ്ങായി തെറ്റിധരിച്ചാലുണ്ടല്ലോ, എന്റെ വിധം മാറും പറഞ്ഞേക്കാം. കാരണം ഇതൊക്കെ അവിടെ വളരെ സ്വാഭാവികമാണെന്ന്..

തലേദിവസത്തെ പരിപാടികൾ
1) വൈകീട്ട് കിറു ക്ര്ത്യം 3 മണിക്ക് ഗണപതിയുടെ (സാക്ഷാല്‍ ഗണപതി ഭഗവാന്റെ) ഭക്തിഗാനം പ്ലേ ചെയ്യുന്നതോടെ പാർട്ടി ശുഭചിന്തകളോടെ തുടങ്ങുന്നു. ഒരു ഭക്തി ഗാനം കഴിഞ്ഞാൽ സെമിക്ലാസ്സിക്കലിലൂടെ പതുക്കെ കയറി റൊമാന്റിക് സോങ്ങുകളിലേക്ക് പ്രവേശിക്കും. പിന്നെ റോക്കും, പോപ്പും, ഡപ്പാം കുത്ത് തമിഴും, ഹിന്ദിയും ഒക്കെ പൊടിപൊടിയ്ക്കും.
അത് പറഞ്ഞപ്പഴാ, പണ്ടൊക്കെ MP3യും സി.ഡി.യും ഒന്നും ഇല്ലല്ലോ.. ഓഡിയോ കാസറ്റിന്റെ ഒരു പെട്ടി തന്നെ ഉണ്ടാകും, സൗണ്ട് സിസ്റ്റക്കാരുടെ കയ്യിൽ; ഒരു കറുത്ത പെട്ടി.. അതിൽ നിറയെ - പുതിയ മലയാളം, ഹിന്ദി, തമിഴ് സിനിമകളുടെ കാസറ്റുകൾ അട്ടി അട്ടിയായി അടുക്കി വെച്ചിട്ടുണ്ടാകും.. പാട്ട് പ്ലേ ചെയ്യുന്നത് ചില്ലറ കാര്യമൊന്നുമല്ല. മൂഡും, സമയവും  മനസ്സിലാക്കി, നോക്കീം കണ്ടും ഒക്കെ വേണം പാട്ട് വെയ്ക്കാൻ. അതിനായി ഒരാൾ ഡെഡിക്കേറ്റഡ് ആയിട്ട് ഇരിപ്പുണ്ടാകും.. സൗണ്ട് എഞ്ചിനിയർ(ISO 9001:1990).

പാട്ട് തുടങ്ങുമ്പോഴാണ് കല്ല്യാണവീട് കല്ല്യാണ വീടാകുന്നത്.. അത് വരെ സ്ലോമോഷനിൽ തേങ്ങയരച്ചു കൊണ്ടിരുന്ന നാരീമണികൾ പാട്ട് വെക്കുന്നതോടെ ഒന്ന് എനർജറ്റിക് ആകും.. റോക്കും, പോപ്പും ഒക്കെ തേങ്ങയെ ചറപറാന്ന് ഇട്ട് പെരുപ്പിക്കും.
പിന്നെ വേറൊരു കാര്യം കൂടിയുണ്ട്.. പാട്ടിന്റെ ഗതി നോക്കിയാണ് വഴി പിടിയില്ലാത്തവർ വീട് കണ്ടു പിടിയ്ക്കുന്നത്.. ആളുകൾ വീട്ടിൽ നിന്നും ഇറങ്ങാനൊരുങ്ങുന്നത്..

2) പെണ്ണിന്റെ കല്ല്യാണമാണെങ്കിൽ പാർട്ടി ഡ്രസും  (സാരി ഏൻഡ് സാരി ഓൺലി), പിന്നെ എല്ലാ സ്വർണ്ണാഭരണങ്ങളും അണിഞ്ഞ്  വധു അച്ഛനമ്മമാരോടൊത്ത് വീടിന് മുൻവശത്ത് വിരുന്നുകാരെ (മൊത്തം നാട്ടുകാരും കാണും) എതിരേൽക്കാനായി നിൽക്കും. ആണിന്റെ കല്ല്യാണമാണെങ്കിൽ കളർ ഷർട്ടും മുണ്ടും ധരിച്ച് ഇതേ സെറ്റപ്പിൽ, ഇത്തിരി നീങ്ങി വഴിയിലേക്ക് നിൽക്കണം എന്ന് മാത്രം. അതൊരാണത്തമായി കണക്കാക്കുമെന്ന് തോന്നിയിട്ടുണ്ട്.

3) കടി സപ്ലൈ ചെയ്യുന്നത് മിക്കവാറും വീടിനകത്ത് പുറത്തേക്ക് ജനാലയുള്ള ഒരു മുറിയിലോ, അല്ലെങ്കിൽ അതിനായി പ്രത്യേകം ഒരുക്കിയ പന്തലിലെ ഒരു  വശത്തോ  ആയിരിക്കും.
കടി സപ്ലൈ ചെയ്യുന്നവർ രണ്ട് (മിനിമം) മുതൽ പത്ത് പ്ലേറ്റുകൾ വരെ രണ്ട് കൈകളിലായി എടുത്ത് ഒറ്റ നടത്തത്തിൽ സപ്ലൈ ചെയ്യുന്നവരായിരിക്കും. ഇടയ്ക്ക് ഒരെണ്ണമോ രണ്ടെണ്ണമോ കൂടുതൽ വന്നാൽ തിരിച്ച് കൊണ്ട് പോകുന്ന വഴി ഒരെണ്ണത്തിലെ മിക്സ്ചറോ ഉണ്ണിയപ്പമോ അകത്താക്കി വളരെ സ്വാഭാവികമായി, കഴിച്ച് കഴിഞ്ഞ പ്ലേറ്റുകളുടെ കൂട്ടത്തിലേക്ക് തള്ളും.
ഇനി ഒരു ടിപ്പിക്കൽ കല്ല്യാണത്തിലെ കടി ഐറ്റംസ് :
- ഒരു മിക്സ്ചർ പൊതി
- ഒരു ഉണ്ണിയപ്പം
- ഒരു ചെറുപഴം
- വെള്ള കടലാസ് പൊതിഞ്ഞ് ഇരു വശത്തും പിരിച്ച് വെച്ച കേക്ക്
- നാരങ്ങ വെള്ളം അല്ലെങ്കിൽ ചായ (ലേറ്റ് = ലൈറ്റ്, മെയ്ഡിൻ = മീഡിയം, കട്ടൻ, മധുരം കുറഞ്ഞത് എന്നിവ പ്രത്യേക ശുപാർശപ്രകാരം കിട്ടും)
കടി സാധനങ്ങൾ തരുന്ന പ്ലേറ്റ് (ISO 9001:1990 വെള്ള-പ്ലേറ്റ്) വെള്ള കളറിൽ, വട്ടത്തിലുള്ള നിലത്തിട്ടാൽ പൊട്ടുന്നതായിരിക്കും.
ചായ തരുന്ന ഗ്ലാസ്സിൽ ISO 9001:1990 പ്രകാരം പന്തൽ കമ്പനിയുടെ പേരെഴുതിയതോ, മഞ്ഞയോ ചുവപ്പോ പ്രിന്റഡ് വർക്കുകൾ ഉള്ളതോ ആയിരിക്കും..

4) മുറുക്കാൻ  - (ISO 9001:1990 മുറുക്കാൻ) പറഞ്ഞ പോലത്തെ, സ്റ്റീല് പ്ലേറ്റിൽ കുറേ വെറ്റിലയും, പുകയിലയും, നൂറും (ചുണ്ണാമ്പ് - നൂറാണ് ശരിക്കും ചുണ്ണാമ്പെന്ന് ബ്രിട്ടാനിക്ക മലബാറിക്കയിൽ പണ്ട് വായിച്ചതായി ഓർക്കുന്നു) ഏതെങ്കിലും ഒരു മേശയിൽ വെച്ചിരിക്കും. മുറുക്കാൻ മുട്ടി നിൽക്കുന്നവർക്ക് സൗകര്യമായി മുറുക്കാം.. ചില യംഗ്‌സ്റ്റേഴ്സ് മുറുക്കി ഷോ കാണിക്കാറുണ്ട്..

5) പയറ്റ് - ഡ്രോ ഉള്ള മേശ(കാശിടാൻ), രണ്ട് കസേര, കാഷായ കളറിലുള്ള കാലി കവറിന്റെ കെട്ടുകൾ, ഒരു പടല ചെറുപഴത്തിൽ കത്തിച്ച് വെച്ച സൈക്കിൾസ് ചന്ദനത്തിരികൾ, ഒന്നോ രണ്ടോ പേന -  ഇത്രേം ആണ് പയറ്റിന്റെ ബേസിക് സെറ്റപ്പ്..

പണം പയറ്റിനെക്കുറിച്ച് അറിയുന്നവർ മിണ്ടാതവിടിരുന്നോണം. അറിയാത്തവരോട് എനിക്ക് ചിലത് പറയാനുണ്ട്..

സംഭവം എന്താണെന്ന് വെച്ചാൽ ആൾക്കാർ ഫണ്ട് ശേഖരണത്തിന്റെ ഭാഗമായി ഇടയ്ക്ക് നടത്തിപ്പോരുന്ന സാംസ്ക്കാരിക കലയാണ് പയറ്റ്.. കല്ല്യാണത്തോടനുബന്ധിച്ച് തന്നെ ആവണമെന്നില്ല അത്. പയറ്റിൽ പങ്കെടുക്കുന്നവർ തീയതി മുൻ കൂട്ടി അറിയിക്കും. ഗ്രാമങ്ങളിൽ പയറ്റ് നടത്താൻ വേണ്ടി ചായക്കട സെറ്റപ്പ് ഉള്ള ഒരു സ്ഥാപനം കാണും. അവിടെ ബോർഡിൽ എഴുതി വെച്ചിട്ടുണ്ടാകും "ഇടിവെട്ടിക്കണ്ടി കുഞ്ഞിരാമൻ - 20-02-1990" എന്ന് പയറ്റ് നടത്തുന്ന ആളുടെ പേരും തീയതിയും..

പയറ്റിൽ പങ്കെടുക്കുന്നവർക്ക് ചായയും കടിയും ഉണ്ടാകും. തിരിച്ച് പോകുന്നതിന് മുമ്പ് നേരത്തെ പറഞ്ഞ പയറ്റ് സെറ്റപ്പ് ഉള്ള ഭാഗത്ത് ചെന്ന്, കാഷായ കവറിൽ, പേരും വീട്ട് പേരും എഴുതി കാശ് (തൊന്നൂറുകളിൽ standard തുക 50 ക. ആയിരുന്നു. ഇന്ന് എത്ര ക. ആണാവോ..) കവറിലിട്ട് പയറ്റ് കേന്ദ്രത്തിൽ ഏല്പിക്കണം. അങ്ങനെ ഏല്പിക്കുന്ന കാശിന് കണക്കുണ്ടാകും. ഇനി കാശ് വെച്ച ആള് പയറ്റ് നടത്തുമ്പോ ഇപ്പൊ കിട്ടിയ ആള് തിരിച്ച് കൊടുക്കണം.. മനസ്സിലായോ? പരിപാവനമയ പല കൊടുക്കൽ വാങ്ങൽ ബന്ധവും പോലെ അത്രയും വിശ്വസ്തവും, പവിത്രവുമായ ഒരു ഏർപ്പാടാണ് ഈ പണം പയറ്റും..
പ്രഷർ കൂടില്ലെങ്കിൽ ഒരു കാര്യം കൂടി പറയാം, ഒരിടത്തരം കുടുംബത്തിൽ പണം പയറ്റു വഴി കല്ല്യാണത്തിന്റെ തലേന്ന് ഒരു ലക്ഷത്തിൽ കൂടുതൽ തുക പിരിഞ്ഞു കിട്ടാറുണ്ട്.. എന്താ ഞെട്ടിയോ? അനുഭവം ഉള്ള കാര്യമാ പറയുന്നത്. ഞാൻ പറഞ്ഞിലേ ഈ പയറ്റ് ചില്ലറ കളിയൊന്നുമല്ല..

കല്ല്യാണത്തിന്റെ ഇടയ്ക്ക് വരുന്ന ചെലവുകളെല്ലാം വലിയ മുട്ടില്ലാതെ അങ്ങനെ കഴിഞ്ഞ് പോകും.. മറ്റു ചില പ്രദേശങ്ങളിലെ  പോലെ തലേന്ന് ഏറ്റവും അടുത്ത ബന്ധുക്കൾ മാത്രം ഒന്ന് വന്ന് മുഖം കാണിച്ച് പോകുന്ന ഏർപ്പാടൊന്നുമല്ല ഇവിടെ എന്ന് പറയാതെ തന്നെ ഇപ്പോൾ ഊഹിച്ചിരിക്കുമല്ലോ.

6) സമയം ഏഴ് മണി - ഏഴരയോടടുക്കുമ്പോൾ ഒരു ഭാഗത്ത് ഇല വിരിച്ച് തുടങ്ങും..
എന്തിനാ ടീപാർട്ടിക്ക് ഇല എന്നാണോ? ഇതങ്ങനെ തക്കിട തരികിട ചായപ്പാർട്ടിയൊന്നുമല്ല.. വരുന്നവർക്കൊക്കെ ചോറും ഉണ്ട് രാത്രി. രാത്രി എന്നു പറഞ്ഞാൽ ഏഴര ആണ് കണക്ക്. ടൈം സേവിംഗ്സിൽ താല്പര്യമുള്ളവർ ഒരു ഏഴ് മണിയോടടുപ്പിച്ച് പാർട്ടിക്കെത്തും.. എന്താ കാര്യം? ചായ കുടിച്ച് കഴിഞ്ഞ് ഒരു അഞ്ചു മിനിട്ട് ഗേപ്പ് കഴിഞ്ഞ് ചോറിനിരിക്കാം.. അതു തന്നെ കാര്യം. ഹല്ല പിന്നെ..

ഇത്രേം പറഞ്ഞതിൽ നിന്ന് എന്തു മനസ്സിലായി?
ഏറ്റവും കൂടുതൽ ആൾക്കാരുടെ ഒഴുക്കുള്ള സമയം ഏഴിനും എട്ടിനും ഇടയിലായിരിക്കുമെന്ന്..
എട്ട് മണിയായി കഴിഞ്ഞാൽ ചായകൊടുപ്പ് ഒന്നോ രണ്ടോ മേശയിലായി ചുരുങ്ങും. പിന്നെ ചായയും കടിയും പതുക്കെ പതുക്കെ അപ്രത്യക്ഷമാകും. ആ സമയത്ത് വരുന്നവരെയൊക്കേ നേരെ ചോറിന്റെ സെക്ഷനിലേക്ക് പറഞ്ഞു വിടാനായി നിർദ്ദേശം കൊടുക്കുന്നത് ഒരു പതിവു കാഴ്ചയാണ്.. അങ്ങനെ കണ്ടിട്ടില്ല എന്ന് നെഞ്ചിൽ കൈ വച്ച് പറയാൻ സാധിക്കുമോ ഒരു മലബാറുകാരന്?

ഇനി ഒരു ടിപ്പിക്കൽ പാർട്ടിയുടെ ചോറിന്റെ വിഭവങ്ങൾ:-
- അച്ചാർ, കാബേജ് ഉപ്പേരി, ഇഞ്ചിമ്പുളി (പുളിയിഞ്ചി അതു തന്നെ, ഇഞ്ചിമ്പുളിയാണ് ഫസ്റ്റ് വന്ന പേര് എന്ന് ബ്രിട്ടാനിക്ക മലബാറിക്കയിൽ പ്രത്യേകം പരാമർശിച്ചിട്ടുണ്ട്), പച്ചടി(ചെലപ്പോ)
- ഒരു പച്ചക്കറി കറി (ISO 9001:1990 പച്ചക്കറികറി-ഫോർ-തലേദിവസം) എല്ലാ പർട്ടിക്കും ഒരേ ടേസ്റ്റുള്ള ഒരേ പച്ചക്കറിക്കറിയായിരിക്കും
- ഒരു മീൻ കറി - സ്രാവ്, കടുക്ക അങ്ങനെ ഉള്ള മീൻ കറികൾ (നല്ല കൊഴുത്ത ചാറായിരിക്കും), അല്ലെങ്കിൽ കോഴിക്കറി.

7) ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ കൈ കഴുകുന്ന സ്ഥലത്ത്, ലൈഫ്ബോയ് സോപ്പ് മൂന്നായി മുറിച്ച് ഓരോ കഷണവും ഓരോ തോർത്ത്മുണ്ടിൽ പൊതിഞ്ഞ് കെട്ടിത്തൂക്കി വെച്ചിട്ടുണ്ടാകും (ISO 9001:1990 ലൈഫ്ബോയ്-തോർത്ത് ). അതെന്തിനാന്ന് ആർക്കും സംശയം ഇല്ലല്ലോ..

8) യാത്ര പറച്ചിൽ - വീട്ട് പടിക്കൽ ഗ്ര്ഹനാഥനും വധു/വരനും നില്പുണ്ടാകും.. നാളെ ഇത്ര മണിക്കാണ് മുഹൂർത്തം, ഇത്ര മണിക്ക് പുറപ്പെടും, എന്തായാലും വരണം എന്നൊക്കെ അവർ പറയും. ഇത് ചടങ്ങല്ല.. അങ്ങനെ വല്ലോരും വിചാരിച്ചിട്ടുണ്ടോ ഇക്കൂട്ടത്തിൽ?
ഉണ്ടെങ്കിൽ തന്നെ, ഡോണ്ട് റിപ്പീറ്റ് ദിസ് ഓക്കെ..

9) ഇനി.. പന്തലിടൽ, മേശയും കസേരയും അറേഞ്ച് ചെയ്യൽ, വിളമ്പൽ ഇതിനൊക്കെ കാശ് കൊടുത്ത് ആൾക്കാരെ നിർത്തും എന്നാണോ കരുതിയത്..
അങ്ങനെ കരുതിയെങ്കിൽ വീണ്ടും തെറ്റി. പന്തൽ പണിക്ക് ചിലപ്പോൾ കാണുമായിരിക്കും ചില പന്തൽ എക്സ്പേട്ട്സ്.. പന്തലുൾപ്പടെ മൊത്തം കാര്യങ്ങളും ഏറ്റെടുത്ത് നടത്തുന്നത് നാട്ടുകാരാണ്..

10) രാത്രി പന്ത്രണ്ട് മണിയൊക്കെ ആകുമ്പോൾ ഡിസ്കോ ഡാൻസ് (കൈപത്തി വയറ്റിൽ വെച്ച് തല കുലുക്കി ഉള്ള ഒരു പ്രത്യേക ബ്രേക്ക് ഡാൻസ്). മൈക്കിൾജാക്സണണോ അ ഡാൻസ് കണ്ടു പിടിച്ചത് അതോ അക്ഷയ് കുമാറോ? ഡാൻസിൽ പങ്കെടുക്കുന്നവർ മുൻ കൂട്ടി റെജിസ്റ്റർ ചെയ്യുകയൊന്നും വേണ്ട. ചുമ്മാ അങ്ങോട്ട് കേറി കളിക്കണം.. ഈ സമയത്ത് സൗണ്ട് എഞ്ചിനിയർ പ്രത്യേകം ശ്രദ്ധിച്ചില്ലെങ്കിൽ മിക്കവാറും പ്രശ്നമാകും.. ഹരം പിടിച്ചങ്ങനെ വരുമ്പോ, "ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട്" എങ്ങാനും പ്ലേ ആയി പോയാ തീർന്നു.. അപ്പോ ഡിസ്മിസ്സ് ചെയ്തു കളയും.. പിന്നെ ആ കല്ല്യാണത്തിന് സൗണ്ട് എഞ്ചിനിയർ ആയി തുടരാം എന്ന മോഹം വെറും വ്യാമോഹം മാത്രമായിരിക്കും.. ഹല്ല പിന്നെ..

അങ്ങനെ പാട്ടും ഡാൻസുമൊക്കെയായിട്ട് ഒരുത്സവത്തിന്റെ പ്രതീതി ആർക്കും പുള്ളേ...

11) വെള്ളമടി - പറമ്പിലെ ഇരുട്ടിന്റെ മണമുളള ഒരു കോണിൽ "മുതിർന്നു" എന്ന് സ്വയം തോന്നിയവർ കൂടിയിരുന്ന് നാലെണ്ണം വീശും. അത് പറയേണ്ടതില്ലല്ലോ.. ശ്.. പന്ത്രണ്ട് മണിക്ക് ശേഷമുള്ള ഈ ഏർപ്പാടുകൾ കേട്ടറിവേ ഉള്ളൂ.. ഞാൻ ചോറുണ്ട് കഴിഞ്ഞാൽ കോട്ടുവായുമിട്ട് ഇടവഴികൾ താണ്ടി വേഗം വീട്ടിലേക്ക് പോകാറാണ് പതിവ്.

12) ചീട്ട് കളി - കല്ല്യാണത്തലേന്ന് നടക്കുന്ന വിനോദങ്ങളിൽ വെച്ച് ഏറ്റവും പ്രധാനമായ ഒരു വിനോദമാണ് ചീട്ട് കളി. റമ്മിയാണ് സാധാരണ കളിക്കാറ്. (ISO 9001:1990 മുറുക്കാൻ) ചീട്ട് കളിക്കുന്ന നേശയിൽ മിക്കപ്പോഴും സ്ഥാനം പിടിയ്‌ക്കാറുണ്ട്..

13) പെണ്ണിന്റെ കല്ല്യാണം സാധാരണ വീട്ടിൽ വെച്ചു തന്നെയാണ് നടത്താറ്. അത്തരം അവസരങ്ങളിൽ രാത്രി പന്ത്രണ്ട് മണിക്ക് ശേഷം  നടക്കുന്ന പ്രധാനപ്പെട്ട പരിപാടിയാണ് മണ്ഡപമൊരുക്കൽ. മണ്ഡപത്തിന്റെ എല്ലാ സ്പെയർ പാർട്ട്സും എത്തിയിട്ടുണ്ടാകും.. അത് കിടിലൻ ഒരു മണ്ഡപമായി മാറ്റാൻ സ്ഥലത്തെ മണ്ഡപം വിദഗ്ദ്ധൻ (സ്ഥിരമായി പന്തൽ അസംബിൾ ചെയ്യുന്നവൻ ആരോ അവൻ) അശ്രാന്തം പരിശ്രമിക്കും.

ഇനീമുണ്ട് പലേ പോയിന്റുകൾ. നാട്ടിലുള്ള പെൺകുട്ടികളൊക്കെ ഒരു സ്ഥലത്ത് സംഗമിക്കുന്നു എന്ന പരോക്ഷമായ ഒരു സങ്കല്പം കൂടിയുണ്ട് നാട്ടിലെ യുവ മനസ്സുകളിൽ ഓരോ ടീപാർട്ടിക്കും. വിളമ്പലിന്റെ തോത് കൂട്ടി താല്പര്യം അറിയിക്കാനും, അല്പം മാറി നിന്ന് standard ആയി വായേ നോക്കാനും (ISO 9001:1990 - വായേനോട്ടം) ചോരത്തെളപ്പുള്ളവർ ഈ അവസരം വിനിയോഗിക്കും.. ശ്.. തിരക്കിൽ നിന്നൊഴിഞ്ഞ്.. കേൾക്കാത്ത ഏതോ ഒരു പുതിയ പാട്ടിന്റെ പശ്ചാത്തലത്തിൽ.. ഒരു നിമിഷം..  ഇടവഴിയിലെവിടെയോ വെച്ച് ഏതോ ഒരു പ്രണയിനി തന്റെ പ്രണയം അറിയിച്ചിട്ടുണ്ടാകും..
അനുഭവത്തിന്റെ വെളിച്ചത്തിലാണോ എന്ന് ചോദിച്ചാൽ, അല്ല.. പക്ഷെ അങ്ങനെ ഒരു സിറ്റ്വേഷൻ വെറുതേ ഇവിടെ കെടക്കട്ടെ.
എന്തിനാണെന്നല്ലേ? ചുമ്മാ.. ഇതാ എന്റെ ഒരു രീതി.. (ബലാത്സംഗവും, കുളിസീനും ഇല്ലാതെ സിനിമ പിടിയ്ക്കാൻ കഴിയാത്തവരുടെ അവസ്ഥയോട് ഇതിനെ താരതമ്യം ചെയ്യില്ലെന്ന് എനിക്കറിയാം..)

14) മ്യൂസിക് ഓഫ്.. രാത്രി കുറേ കഴിഞ്ഞാൽ പാട്ട് ഓഫ് ചെയ്യും. ചുറ്റുവട്ടത്തുള്ളവർക്ക് ഉറങ്ങാൻ വേണ്ടി ഒരുക്കുന്ന ഒരു സൗകര്യം ആണിത്.
കല്ല്യാണവീട് പക്ഷെ അപ്പോഴും ട്യൂബ് ലൈറ്റിന്റെ വെള്ള വെളിച്ചത്തിൽ കുളിച്ചിരിക്കും.. തോർത്താതെ.

തലേ ദിവസം വളരെ വളരെ ഇമ്പോർട്ടന്റ് ആണെന്ന്.. അത്രേ ഉള്ളൂ ഈ പറഞ്ഞതിന്റെ ഒക്കെ പൊരുൾ..
പറഞ്ഞു പിടിപ്പിക്കാൻ പറ്റാത്തതും, സ്വന്തമായി തന്നെ വലിയ പിടിപാടില്ലാത്തതുമായ വമ്പൻ കാരണങ്ങൾ ഹേതുവായി, കല്ല്യാണത്തിനു വരാൻ പറ്റാത്തവർക്ക്, തലേ ദിവസത്തെ ടീ പാർട്ടിയിൽ പങ്കെടുക്കാൻ സാധിക്കുകയും, വീഡിയോവിൽ നിഴല് പതിയുകയും ചെയ്താൽ വലിയ പരാതിയൊന്നും പിന്നീട് കേൾക്കേണ്ടി വരില്ല. അത്രയേറെ പ്രധാന്യമുണ്ട് തലേദിവസത്തെ പാർട്ടിക്ക്.

കല്ല്യാണത്തിന്റെ അന്ന്
1) രാവിലെ 6 മണിയായാൽ ഭക്തിഗാനത്തിൽ വീണ്ടും തുടങ്ങും. ഏഴ് മണി ആകുമ്പോഴേക്കും മലയാളം ചലച്ചിത്രഗാനങ്ങളിലേക്ക് കടന്നു കഴിഞ്ഞിട്ടുണ്ടാകും.

2) പകൽ ഒരു എട്ടര ഒൻപത് മണിക്ക് കല്ല്യാണ വീട്ടിൽ ചെന്നാൽ ISO 9001:1990-ഉപ്പ്മാവും പഴവും കഴിയ്ക്കാം. "വീട്ടീന്ന് കഴിച്ചിട്ടാ വന്നേ", എന്ന് ജാഡയ്ക്ക് പറഞ്ഞാലും നിർബന്ധിച്ച് കഴിപ്പിക്കാറാണ് പതിവ്. ഇനി നിർബന്ധിച്ചില്ലെങ്കിൽ എന്തു സംഭവിക്കും? കെട്ട് കഴിയുന്നത് വരെ പട്ടിണി.. അത്ര തന്നെ.. തോന്ന്യാസം കാണിക്കുന്നതും പോര പട്ടിണി കിടക്കാനും പറ്റില്ലാന്നു പറഞ്ഞാ.. ദെന്തദ്?

പെണ്ണിന്റെ കല്ല്യാണം ആണെന്നുള്ള അനുമാനത്തിലാണ് ബാക്കി കാര്യങ്ങൾ പറയാൻ പോകുന്നത്.. ചെറുക്കന്റെ കല്ല്യാണവിശേഷങ്ങൾ വേറേ പോസ്റ്റായി പിന്നെ  എപ്പഴെങ്കിലും ഇടാം..

3) ചെറുക്കന്റെ പാർട്ടി പെണ്ണിന്റെ വീട്ടിലേക്ക് പ്രവേശിച്ച് കഴിഞ്ഞാലുടനെ തന്നെ പെണ്ണിന്റെ നാട്ടുകാർ പന്തലിലെ മേശയും കസേരയും അവർക്കായി ഒഴിഞ്ഞു കൊടുക്കാറാണ് പതിവ്. ഞാനുൾപ്പെടെയുള്ള അപൂർവ്വം ചില ആൾക്കാർ ചില പ്രത്യേക സാഹചര്യങ്ങളിൽ ഈ പതിവ് തെറ്റിക്കാറുണ്ട്.. അത്ര അടുത്തുള്ള വീടല്ലെങ്കിലോ, പരിചയം ഇത്തിരി കുറവാണെങ്കിലോ, സ്വയം അങ്ങോട്ട് തോന്നും - "ഞാൻ ശരിക്കും ചെറുക്കന്റെ പാർട്ടിയല്ലേ" എന്ന്. ആ തോന്നൽ പിന്നീട് വേരുറച്ച് സ്വയം അവരിലൊരാളായി തീരുകയും, ഫസ്റ്റ് ട്രിപ്പിൽ തിന്നുകയും ചെയ്യും..

4) കല്ല്യാണം നടക്കുമ്പോൾ "പെപ്പേപെപ്പേപെപെ പേപെപെപ്പേപെപേ" കാസറ്റിൽ പ്ലേ ചെയ്യും. താലി കെട്ടുന്ന സമയം നോക്കി, പീ... എന്ന തീവ്ര താളം പ്ലേ ചെയ്യിക്കും. ടൈമിംഗിൽ പിഴവ് പറ്റിയാൽ അതിന് പഴി സൗണ്ട് എഞ്ചിനിയർ കേട്ടിരിക്കും.. എന്റെ ഒരഭിപ്രയത്തിൽ ഇതിനൊന്നും കഴിയാത്തവർ സൗണ്ട് എഞ്ചിനിയറുടെ പണിക്ക് പോവരുത്.. എന്ത് തോന്നുന്നു?

കല്ല്യാണം കഴിഞ്ഞാൽ, പിന്നെ വെയ്‌ക്കുന്ന പാട്ടുകൾ; സിനിമയിലും കല്ല്യാണം കഴിഞ്ഞ സന്ദർഭങ്ങളിൽ ഉള്ളതു തന്നെ ആയിരിക്കണം. അത് വളരെ നിർബന്ധമാണ്. റൊമാന്റിക് സോങ്സ്..
വളരെ വളരെ റിസ്ക്ക് ഉള്ള പണിയാണിത് എന്ന് വീണ്ടും പറയാതെ വയ്യ.. പിന്നീട് പെണ്ണ് യാത്ര പറഞ്ഞിറങ്ങുമ്പോൾ അതിനനുയോജ്യമായ പാട്ട് വെയ്‌ക്കണം. അതിനായി റിസർച്ച് ചെയ്യുകയൊന്നും വേണ്ട.. 30 വീട് അപ്പുറത്തുള്ളവന് പാട്ട് കേട്ടാൽ തോന്നണം.. "ങാ ഏറങ്ങാറായി എന്ന്". ഒരു കാലഘട്ടത്തിൽ സുക്ര്തത്തിലെ "പോരൂ.. എന്നൊടൊത്തുണരുന്ന പുലരികളേ" എന്ന് തുടങ്ങുന്ന പാട്ടായിരുന്നു സ്ഥിരം ഇതിനായി നീക്കി വെച്ചിരുന്നത്.. പോരൂ എന്ന വാക്കിനു മാത്രമാണ് ഇവിടെ പ്രസക്തി.. ബാക്കി വരികളൊക്കെ അർത്ഥം വെച്ച് താരതമ്യം ചെയ്യാൻ പോയാലുണ്ടല്ലോ, വെറുതെയാ എവിടേം എത്തൂല.. എന്നാലും ആ പാട്ട് എഴുതുമ്പോ ഓ.എൻ.വി  സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടുണ്ടാവില്ല ഇതിന് ഇങ്ങനെയും ഉപയോഗമുണ്ടാവുമെന്ന്.. (ഇതെഴുതിയത് ഓ.എൻ.വി ആണെന്ന് ഞാനിപ്പോ sukrutham+songs+written by എന്ന് ഗൂഗിളിൽ സെർച്ച് ചെയ്ത് കണ്ടു പിടിച്ചതല്ല..)

5) കല്ല്യാണത്തോടൊപ്പം തന്നെ തുടങ്ങുന്ന പരിപാടിയാണ് ഭക്ഷണം.. ഇവിടെ താലികെട്ടൽ, അവിടെ ഇലയിടൽ. ഇവിടെ താലി കെട്ടൽ ... അവിടെ ഇലയിടൽ.. അങ്ങനെ..
(ഹോ.. ആ കൊഴുത്ത സാമ്പാറ് മനസ്സീന്ന് പോയിട്ടില്ല..) സദ്യക്കുള്ള എല്ലാ ഐറ്റംസും ഉണ്ടാകും. ISO 9001:1987 പ്രകാരം   Non Veg ഉണ്ടാവില്ല. വിളമ്പാൻ കൂടുന്നവർ ലാസ്റ്റ് ട്രിപ്പ് വരെ അതേ ഐറ്റം വിളമ്പണമെന്നാണ് ചട്ടം. പക്ഷെ പകരക്കാരെ കൊണ്ട് കൊടുക്കുകയാണെങ്കിൽ ആവാം.. ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർ ആളെ അഡ്ജസ്റ്റ് ചെയ്യുന്നത് പോലെ..
കല്ല്യാണം നടക്കുന്ന പെൺകുട്ടിയെ ഒരു നാൾ പ്രണയിച്ചിരുന്നുവെങ്കിൽ അച്ചാർ വിളമ്പിയാൽ അതു മൂലമുണ്ടാകുന്ന മനോവ്യഥ മാറുമെന്നാണ് പറഞ്ഞ് കേട്ടിരിക്കുന്നത്.. ഇനി അച്ചാർ വിളമ്പുന്നോരൊക്കെ പെണ്ണിന്റെ പിന്നാലെ നടന്നോരാണെന്നും പറഞ്ഞ് തല്ലും വാങ്ങി എന്റെ അടുത്ത് വന്നേക്കരുത്..

6) ഏമ്പക്കവുമിട്ട് അടുത്ത വീട്ടിലെ കോലായിൽ ചെന്ന് കിടന്ന് മദോന്മത്തനായി അല്പ നേരം മയങ്ങുക.

സൽക്കാരം
ഒരു ബസ്സിനുള്ള ആൾക്കാർ വരന്റെയോ വധുവിന്റെയോ വീട്ടിൽ കല്ല്യാണത്തിന്റെ പിറ്റേ ദിവസം പോയി കോഴി ബിരിയാണി/നെയ്ച്ചോർ+കോഴിക്കറി (ISO 9001:1990 സൽക്കാരം-ബിരിയാണി-നെയ്ച്ചോർ) കഴിച്ച ശേഷം തിരിച്ച് വരുന്നു. ഇതിനുള്ള ക്ഷണിക്കൽ മിക്കവാറും, കല്ല്യാണത്തിന്റെ അന്ന് ആളുകൾ തിരിച്ച് പോകാൻ നേരമാവും നടക്കുക. (ക്വയറ്റ് ഇൻഫോമൽ ഓ.ക്കെ.).. അടുത്ത വീട്ടിലുള്ളവരും ബന്ധുക്കളുമൊക്കെയാണ് സൽക്കാരത്തിന് പോകാറ്..


ങാ.. അങ്ങനെ ദിവസങ്ങളോളം നീണ്ട് കിടക്കുന്ന ഒരു ഉത്സവം പോലെ.. വേണ്ടവർക്കൊക്കെ ഊർജ്ജസ്വലത വാരിക്കോരി സമ്മാനിക്കുന്ന ഒരു സംഭവമാണ് ഓൾഡ് മലബാർ വെഡ്ഡിംഗ്.. ഇന്നത്തെ ചില കല്ല്യാണങ്ങളെ കുറിച്ച് കേൾക്കുമ്പോഴും, കാണുമ്പോഴും എനിക്ക് അറിയാതെ തോന്നും.. "ഇപ്പഴത്തെ കല്ല്യാണൊക്കെ എന്ത് കല്ല്യാണം.. മോനേ പണ്ടൊക്കെ അല്ലേ കല്ല്യാണം.."

PS: ഇന്ന് കാണുന്ന മലബാർ സൊറക്കല്ല്യണം ISO 9001:1990 ഇൽ ചേർത്തിട്ടില്ല എന്നു മാത്രമല്ല, അതിരുകടക്കുന്ന സൊറയെക്കുറിച്ച്  ബ്രിട്ടാനിക്ക മലബാറിക്കയിൽ പരാമർശിച്ചിട്ട് പോലും ഇല്ല.

04 സെപ്റ്റംബർ 2011

സൂക്കേട്

ചൂടുള്ള ഒരു ഞായറാഴ്ച ദിവസം.. ഉച്ചക്ക് കഴിച്ച അവിയലിന്റെയും ചോറിന്റെയും ഏമ്പക്കം മടിച്ച് മടിച്ച് അവസാനം പുറത്തേക്ക് വന്നു. തൊട്ടടുത്ത് കസേരയില്‍ ഇരുന്ന് മയങ്ങുകയായിരുന്ന അമ്മയുടെ മുഖം പെട്ടെന്ന് ഒരു ചെറിയ അതിശയത്തോടെ വികസിച്ചു.
ഏമ്പക്കത്തില്‍ നിന്നും പരോക്ഷമായി പ്രകടമായ അവിയലിലെ കൈപുണ്യമാണോ ഭാവമാറ്റത്തിനു കാരണം എന്ന് അതിശയിച്ചപ്പോഴാണ്‌ ആ കാഴ്ച ഞാന്‍ കണ്ടത്..
പാട്ട് പഠിക്കാന്‍ പോയ ചേട്ടന്റെ പൊടിപ്പിള്ളേര്‍ അതേ സ്പീഡില്‍ ഓടി വരുന്നു...

എല്ലാവരും ഫുള്‍പാവാടയുടെ അടിഭാഗം കുഞ്ഞിക്കൈകള്‍ കൊണ്ട് തറയില്‍ നിന്ന് അഞ്ചിഞ്ച് പൊക്കിപ്പിടിച്ച്, പാദസരം കിലുകിലാ കിലുക്കി, നല്ല സറ്റൈലില്‍ ആണ്‌ ഓടി വരുന്നത്.. (ഫുള്‍പാവാട ഇട്ട നായിക അമ്പലപ്പടികള്‍ ഇറങ്ങി താഴെ ആല്‍മരച്ചോട്ടില്‍ നില്‍ക്കുന്ന നായകന്റെ അടുത്തേക്ക് ഓടി വരുന്നത് പോലെ).
ആ കാഴ്ച കണ്ട് അന്ധാളിച്ചു പോയ ഞാന്‍ മൂന്നെണ്ണത്തിനേം പടിയില്‍ തടഞ്ഞ് നിര്‍ത്തി..

ഞാന്‍: നിക്ക് നിക്ക് നിക്ക്.. എന്താ എല്ലാരും വല്ലാണ്ട് നേരത്തേ?
(മൂളല്‍, ചിരി, സ്വകാര്യം പറച്ചില്‍.. എല്ലാവര്‍ക്കും നാണം..)
ഞാന്‍: എന്തു പറ്റി..?
പൊടി 1: ശൊ... ഒന്നുല്ല്യ... (നാണം)
ഞാന്‍: എന്താ..? എന്താ കാര്യം? ഇന്ന് പാട്ട് ക്ലാസ്സില്ലായിരുന്നോ?
(വീണ്ടും സ്വകാര്യം പറച്ചില്‍.. ചിരി..)
പൊടി 2: ഇല്ല്യ..
ഞാന്‍: ഉം?
പൊടി 1: നീ പറ.. (ആംഗ്യം..)
പൊടി 2: യ്യോ.. നീ പറഞ്ഞോ.. (ആംഗ്യം..)
പൊടി 3: അതേ..
ഞാന്‍: ങാ..
പൊടി 3: ടീച്ചറ്ക്ക് സുഗല്ല്യ...
(നാണം.. പരസ്പരം സ്വകാര്യം.. പിന്നെ പൊട്ടിച്ചിരി..)
ഞാന്‍: ഉം..? എന്തു പറ്റി...?
പൊടി 1: ആവു.. ഇനിക്കു വയ്യ.. നീ പറ...
പൊടി 2: അയ്യോ.. ഞാനൊന്നും പറയില്ല്യ..  നീ തന്നെ പറഞ്ഞോ..
പൊടി 3: ശൊ..
(ചിരി.. സ്വകാര്യം.. വീണ്ടും നാണം..)
ഞാന്‍: എന്താ ടീച്ചറ്ക്ക് പറ്റ്യേ?
പൊടി 3: ടീച്ചറ്ക്ക്...
ഞാന്‍: ടീച്ചറ്ക്ക്‌?
പൊടി 3: ടീച്ചറ്‌ക്ക്... ...
(വീണ്ടും നാണം..)
ഞാന്‍: ടീച്ചറ്ക്ക് എന്താന്ന് പറ പിള്ളേരേ..
പൊടി 1: ടീച്ചറ്‌ക്ക് സൂക്കേട്...
ഞാന്‍: എന്ത് സൂക്കേട്?
പൊടി 2: പൊട്ട* സൂക്കേട്‌..

മൂന്നു പേരും കൈകള്‍ കൊണ്ട് മുഖം മറച്ച് കണ്ണുകള്‍ ഇറുക്കി ചിരിച്ചു... എന്റെ കൈകള്‍ തട്ടി മാറ്റി.. ഉപ്പൂറ്റിക്ക് മുകളില്‍ ഞാന്നു കിടന്നിരുന്ന ഫുള്‍പാവാടയുടെ അടിഭാഗം പഴയ പോലെ അഞ്ചിഞ്ച് പൊക്കിപ്പിടിച്ച്  ഇല്ലാത്ത അമ്പലപ്പടികളിലൂടെ, പാദസരവും കിലുക്കിക്കൊണ്ട് അടുക്കളയിലേക്ക് ഓടി.. (അകത്ത് നിന്ന് വീണ്ടും പൊട്ടിച്ചിരി)

വല്ല AIDSഉം ആണോ ഈശ്വരാ.... അങ്ങനെ വല്ലതും ആണെങ്കില്‍  പിള്ളേര്‍ക്ക് ഒരു ബോധവല്‍‌ക്കരണം, യുദ്ധകാലാടിസ്ഥാനത്തില്‍ തന്നെ നടത്തിക്കളയാം.. .. പൊട്ട സൂക്കേടെന്നൊക്കെ പറയാമോ...
മനസ്സില്‍ സംശയങ്ങളുടെ തീക്കനല്‍.... എന്നാലും... ടീച്ചര്‍ക്ക്... .. .. ഇനിയിപ്പോ ടീച്ചറുടെ ഹസ്ബന്‍ഡ്...? പണ്ട് ബോംബെയില്‍ ആയിരുന്നെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.. പണ്ട് ബോംബെയിലായിരുന്നപ്പോ...? ഏയ്... എന്നാലും...? (ആത്മഗതം)

"ഇപ്പോള്‍ സമയം... മൂന്ന് മണി കഴിഞ്ഞ് മുപ്പത് മിനിട്ട്... മുപ്പത്തി നാല്‌ സെക്കന്‍ഡ്.. അടുത്തതായി സ്ത്രീ വേദി..
പ്രിയ ശ്രോതാക്കളേ ഇന്നത്തെ സ്ത്രീവേദിയില്‍, 'ഗര്‍ഭകാലത്തെ ശുശ്രൂഷകള്‍' എന്ന വിഷയത്തെപ്പറ്റി, തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ റിട്ടയര്‍ഡ് പ്രൊഫസറും, ഗൈനക്കോളജിസ്റ്റുമായിരുന്ന ഡോ. വസന്തലക്ഷ്മി അന്തര്‍ജ്ജനം ശ്രോതാക്കളുമായി ചര്‍ച്ച ചെയ്യുന്നു... ഇതുമായി ബന്ധപ്പെട്ട ശ്രോതാക്കളുടെ സംശയങ്ങള്‍ പങ്കു വെയ്‌ക്കുവാന്‍ പൂജ്യം നാല്‌ ഏഴ്‌ ഒന്ന് രണ്ട് ഒന്ന് മൂന്ന് മൂന്ന് നാല്‌ അഞ്ച് മൂന്ന് നാല്‌ എന്ന നമ്പറിലോ പൂജ്യം നാല്‌ ഏഴ്‌ ഒന്ന് രണ്ട് മൂന്ന് നാല്‌ ഒന്ന് മൂന്ന് മൂന്ന് നാല്‌ ആറ്, എന്ന നമ്പറിലോ ബന്ധപ്പെടുക.", അകത്ത് നിന്നും റേഡിയോ 102.3 എഫ്. എം.

ഡോ. വസന്തലക്ഷ്മി അന്തര്‍ജ്ജനം പരിപാടി തുടങ്ങുന്നതിനു തൊട്ട് മുമ്പ്‌ തന്നെ ടീച്ചറുടെ സൂക്കേടെന്താണെന്ന് എനിക്ക് പിടികിട്ടി..

ദൂരെ പാട്ട് പഠിപ്പിക്കുന്ന ടീച്ചറുടെ വീട്ടില്‍, ടീച്ചറുടെ ഹസ്ബന്‍ഡ് ഒരു മൂളിപ്പാട്ടുമായി വട്ടം കൂടി..
"ആദ്യത്തെ കണ്മണി പെണ്ണായിരിക്കണം..
അവള്‍ അമ്മയെ പോലെ ഇരിക്കണം.."

(*പൊട്ട = ചീത്ത)

25 ഓഗസ്റ്റ് 2011

ആത്മവാസന

എലാവരും കോളേജില്‍ പോകുന്നതും, അനുയോജ്യമായ വിഷയം തിരഞ്ഞെടുക്കുന്നതും, ആത്മാവില്‍ ഉറങ്ങിക്കിടക്കുന്ന നിഗൂഢമായ ഒരു തരം വാസനയെ സ്വയം തിരിച്ചറിഞ്ഞാണ്‌.. കോളേജില്‍ പോകാന്‍ നേരം വാസന ഉള്ള വിഷയത്തെക്കുറിച്ച് ഒരു അവബോധം വളരെ സ്വാഭാവികമായി, ഏതോ ഒരു നിമിഷത്തില്‍, എല്ലാവരിലും സംജാതമാകും.. സ്വന്തം വാസനയെപ്പറ്റി ഓര്‍ക്കാപ്പുറത്ത് ലഭിച്ച തിരിച്ചറിവില്‍ അവര്‍ ആനന്ദാശ്രുക്കള്‍ പൊഴിക്കുകയും, ഉപരിപഠനത്തിന്‌ അപേക്ഷ കൊടുക്കാനായി വെമ്പല്‍ കൊള്ളുകയും ചെയ്യും. അവരുടെ കണ്ണുകളും, കാതുകളും പിന്നീട്‌ ആ ഒരു വിഷയം മാത്രമേ കാണുകയും കേള്‍ക്കുകയും ചെയ്യൂ..

ദിവസങ്ങളോളം മുറിയടച്ചിരിക്കുകയും, സ്വന്തം വിഷയത്തെ പറ്റി കൂടുതല്‍ അറിയാനായി ഭ്രാന്തനെപ്പോലെ വെമ്പല്‍ കൊള്ളുകയും ചെയ്യുന്ന മകനെ നോക്കി അവന്റെ അമ്മ ദീര്‍ഘനിശ്വാസത്തോടെ പറയും,
"ഹാവൂ, എന്റെ മോന്‌ വാസന വെളിപ്പെട്ടെന്നാ തോന്നുന്നേ.."

കെമിസ്ട്രി വാസന ഉള്ള സുനില്‍, വെളിപാട് കിട്ടിയതിന്‌ ശേഷം, വെള്ളം കോരുമ്പോള്‍.. ഒരു നിമിഷം.. തൊട്ടിയിലെ വെള്ളം സാക്ഷാല്‍ H2O ആണെന്ന് തിരിച്ചറിയുകയും, തിരിച്ചറിവിന്റെ ആ നിമിഷങ്ങളില്‍ H2O കണങ്ങളെ കൈക്കുമ്പിളില്‍ കോരിയെടുത്ത് മുഖത്തേക്കൊഴിച്ച്, അപ്പോള്‍ അനുഭവവേദ്യമായ ശീതീകരണപ്രക്രിയയില്‍ ആത്മനിര്‍‌വൃതിയടയുകയും; ഒരു കുമ്പിള്‍ H2O കുടിച്ച്, വായ്ക്കകത്തും ആമാശയത്തിലും തന്മൂലം ഉണ്ടായ രാസപ്രവര്‍ത്തനത്തില്‍ ധ്യാനമഗ്നനാവുകയും ചെയ്‌തു..


ഉറക്കമില്ലാത്ത രാത്രികളില്‍ കെമിസ്ട്രിയുടെ നിഗൂഢതകളിലേക്ക് മുങ്ങാംകുഴിയിട്ട് വിയര്‍ത്തൊലിച്ച ഒരു നിമിഷം - ശശി സ്വന്തം നെറ്റിയില്‍ നിന്നും ഒലിച്ചിറങ്ങിയ വിയര്‍പ്പിന്റെ കണത്തെ രുചിക്കുകയും, അത്‌ സോഡിയം ക്ലോറൈഡിന്റെ അംശമാണെന്ന് തിരിച്ചറിഞ്ഞ് - കണ്ണുകള്‍ നിറയുകയും, വീണ്ടും സോഡിയം ക്ലോറയിഡ് കണ്ണുനീരായി പ്രവഹിച്ച്, അവനെ ഗദ്ഗദകണ്ഠനാക്കി തീര്‍ക്കുകയും ചെയ്‌തു..

അടുക്കളയില്‍ ഉപ്പുമാവുണ്ടാക്കുന്ന അമ്മ ഇടക്കിടയ്‌ക്ക് തവി കൊണ്ടിളക്കുന്നത്, ഉപ്പുമാവിനെ രാസത്വരണവിധേയമാക്കുന്നതിന്റെ ഭാഗമായാണെന്ന് തിരിച്ചറിഞ്ഞ ആ നിമിഷം, രാജീവ് ഓടിയെത്തി അമ്മയെ കെട്ടിപ്പിടിച്ചു കൊണ്ട് ചോദിച്ചു: "എന്തു കൊണ്ടിത്രയും കാലം ഇതൊക്കെ എന്നില്‍ നിന്ന് മറച്ചു വെച്ചമ്മേ....."

ഗണിത വാസന വെളിപ്പെട്ട സുരേഷ് പെട്ടെന്ന് അന്തര്‍മുഖനായി മാറുകയും പലതരം കണക്കുകൂട്ടലുകളിലേര്‍പ്പെടുകയും ചെയ്‌തു, L.H.S = R.H.S. (Left Hand Side = Right Hand Side) ആകുന്നത് വരെ അവന്‍ തളരാതെ പൊരുതി. അതൊന്നു മാത്രമാണ്‌ അവനുള്‍പ്പെട്ട ഗണിതവാസന വെളിപ്പെട്ടവരുടെ പരമമായ ലക്ഷ്യം. അതിനായി ചിലപ്പോള്‍ ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ഒരു ഭ്രാന്തനെപ്പോലെ അവര്‍ സഞ്ചരിക്കും.. എന്തിന്‌.. മാത്തമാറ്റിക്സിന്റെ ബേസിക്‍ റൂളുകള്‍ വരെ തെറ്റിക്കാന്‍, അവര്‍ മടിയ്‌ക്കില്ല..

കൊഴുക്കട്ടയുടെ വിസ്തീര്‍ണ്ണവും വ്യാപ്തവും അളക്കാനായി ഗോളത്തിന്റെ വ്യാപ്ത സമവാക്യം ഉപയോഗിക്കുന്നതിന്റെ പ്രായോഗികമായ പ്രതിബന്ധങ്ങളെ പറ്റി സുരേഷ് അമ്മയെ പറഞ്ഞ് ബോധ്യപ്പെടുത്തി.. ഇനി കൊഴുക്കട്ട ഉണ്ടാക്കുമ്പോള്‍, സമവാക്യങ്ങള്‍ പ്രയോഗിക്കാന്‍ പാകത്തിന്‌ ഗോളാകൃതിയില്‍ ഉണ്ടാക്കണമെന്ന് അവന്‍ അപേക്ഷിച്ചു..

ഇങ്ങനെ പല വിഷയങ്ങളുമായി ബന്ധപ്പെട്ട് പല തരം സംഭവങ്ങള്‍ നാടൊട്ടുക്ക് അരങ്ങേറി.. പ്ലസ് ടു കഴിഞ്ഞിട്ടും എനിക്കൊന്നും "സംജാത"മായില്ലെന്ന് മാത്രമല്ല, വിചാരിച്ച പോലുള്ള "ഒരു ജാതി വാസന" എന്തിനാണെന്ന് ഒരു ക്ലൂ പോലും കിട്ടിയില്ല.
"എല്ലാവര്‍ക്കും വാസന വെളിപ്പെട്ടു.. എനിക്ക് മാത്രം എന്താ ഇങ്ങനെ..", ഓര്‍ത്തപ്പോ ഏറെ വിഷമം തോന്നി..
കിണറ്റിന്‍ കരയിലേക്ക് നടന്ന് ഒരു തൊട്ടി വെള്ളം കോരി നോക്കി.. തൊട്ടിയില്‍ കുടുങ്ങിയ "എഴുത്തച്ഛന്‍ പ്രാണി"യും കരടുകളും അല്ലാതെ വെള്ളത്തില്‍ മറ്റൊന്നും എനിക്ക് വെളിപ്പെട്ടില്ല.. H2O H2O എന്ന് ഉരുവിട്ടു കൊണ്ട് ബലം പിടിച്ച് കുറേ നേരം തൊട്ടിയിലേക്ക് തുറിച്ച് നോക്കി..
കൈയില്‍ വെള്ളം നിറച്ച് മുഖത്തേക്കൊഴിച്ച് നെഞ്ചിടിപ്പോടെ നിരീക്ഷിച്ചുകൊണ്ടിരുന്നു..
ഒരു തണുപ്പ്ണ്ട്.. ഇതാണോ ഇനി ഇപ്പോ ആത്മനിര്‍‌വൃതി..? ഒരു കുമ്പിള്‍ വെള്ളം കുടിച്ച ശേഷം കണ്ണുകളടച്ചപ്പോ, "മയക്കമാ അന്തി മയക്കമാ" എന്ന പഴേ സിനിമാപ്പാട്ട് ഓര്‍മ്മ വന്നതല്ലാതെ ധമനികളിലും, ആമാശയത്തിലും അപ്പോള്‍ സംഭവിച്ചേക്കാവുന്ന രാസപ്രവര്‍ത്തനത്തെ പറ്റി ഒന്നും വെളിപ്പെട്ടില്ല.. ഞാന്‍ നിരാശനായി കിണറ്റിന്‍ കരയില്‍ നിന്ന് മുറിയിലേക്ക് നടന്നു..

മുറിക്കകത്തു കയറി കതകടച്ചു, ഫാന്‍ ഓഫ് ചെയ്‌തു.. കസേരയില്‍ കുനിഞ്ഞിരുന്ന് കൈകളും മുഖവും മേശമേല്‍ വെച്ച് വിശ്രമിച്ചു.. ടേബിള്‍ ലാമ്പ് ടിക്‍-ടിക്‍ ടിക്‍-ടിക്‍ എന്ന് onഉം offഉം ആക്കി ഒരു സീരിയസ് മൂഡ് ഉണ്ടാക്കിയെടുത്തു. മണിക്കൂറുകളോളം കതകടച്ചിരിക്കാനുള്ള ക്ഷമയൊന്നും ഇല്ല.. അര മണിക്കൂര്‍ കഷ്ടിച്ച് കഴിഞ്ഞ് കാണും.. ആദ്യത്തെ വിയര്‍പ്പ് തുള്ളി പൊടിഞ്ഞു.. വേഗം കൈ കൊണ്ട് തോണ്ടിയെടുത്ത് രുചിച്ച് നോക്കി.. ഉപ്പ് രസം.. പക്ഷെ സോഡിയം ക്ലോറയിഡിന്‌ ഉപ്പു പാക്കറ്റിലുള്ള കട്ടകള്‍ക്കതീതമായി ഒരു ഘടനയുണ്ടെന്നോ, സോഡിയവും ക്ലോറിനും തമ്മില്‍ പിരിയാനാകാത്ത വിധം പ്രണയബദ്ധരാണെന്നോ ഒന്നും തോന്നിയില്ല.. വീണ്ടും നിരാശ..വിയര്‍പ്പില്‍ നിന്ന് രഹസ്യം വെളിപ്പെട്ട ശശിയോട് കടുത്ത അസൂയയും... ഇത്തിരി വെളിച്ചം കണ്ട് പാഞ്ഞെത്തിയ ഇയ്യാം‌പാറ്റകള്‍ ഒന്നും, രണ്ടും, നാലും, എട്ടും ആയി അണുവിഭജനത്തിലെന്ന പോലെ മേശവിളക്കിനു ചുറ്റും നിറഞ്ഞ് തുടങ്ങി.. ഞാന്‍ ചാടിയെഴുന്നേറ്റ് കതക്‌ തുറന്ന് പുറത്തേക്കോടി.. ആരും സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിക്കാന്‍..

വീടിനു തെക്കേ വശത്തുള്ള ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ഒരു ഭ്രാന്തനെപ്പോലെ ഞാന്‍ സഞ്ചരിച്ചു. സഞ്ചരിക്കുമ്പോള്‍ മനസ്സില്‍, ഏ പ്ലസ് ബി ദ ഹോള്‍ സ്ക്വയര്‍ = പറഞ്ഞു നോക്കി.. "എ സ്ക്വയര്‍ പ്ലസ്, ടു ഏബി പ്ലസ് ബി സ്ക്വയര്‍.." പെട്ടെന്ന്‍ സ്ഫടികം സിനിമ ഓര്‍മ്മ വന്നു... തിലകന്റെ "ഏ പ്ലസ് ബി ദ ഹോള്‍ സ്ക്വയര്‍ ഈക്വല്‍സ് ബ.ബ.ബ. അല്ല".. എന്ന ഡയലോഗ്.. ഭൂഗോളത്തിന്റെ സ്പന്ദനം... മോഹന്‍ലാലിന്റെ മുണ്ടുരിഞ്ഞടി...ഏഴിമലപൂഞ്ചോലാ.. ഹോ ഹോ.. ഹോ ഹോ ഹോ.. പതിനെട്ടാം പട്ട തെങ്ങ്.... പുത്തന്‍ ഞാറ്റുവേലാ.... ഹൊയ്യര ഹൊയ്യര ഹൊയ്യര ഹൊയ്യര ഹൊയ്യര.. ഉര്‍‌വ്വശി .. ഓര്‍മ്മകള്‍ ഓര്‍മ്മകള്‍ ഓടക്കുഴലൂതി.... പ്രണയമാം യമുനയോ പുറകിലേക്കൊഴുകിയോ...
ഒരു നിമിഷം ഞാന്‍ സ്വയം മറന്നു.. ആരും സഞ്ചരിക്കാത്ത ആ വഴിയിലൂടെ സഞ്ചരിക്കുന്നതിന്റെ ഉദ്ദേശം പെട്ടെന്ന് ഓര്‍മ്മ വന്നു... സ്ഫടികവും, മോഹന്‍ലാലും, തിലകനും, പതിനെട്ടാം പട്ട തെങ്ങും, ഉര്‍‌വ്വശിയും, സ്മിതയും എല്ലാം അപ്രത്യക്ഷമായി.. അവശേഷിച്ചത് എല്ലാം തുടങ്ങിയ "ഏ പ്ലസ് ബി ദ ഹോള്‍ സ്ക്വയര്‍ " മാത്രം.. ഒരു സുഖോം ഇല്ല.. ഇതല്ല എന്റെ വെളിപാട്‌.. എനിക്കുറപ്പായി..

കാട് പിടിച്ച വഴിയില്‍ ഒരു നിമിഷം - ഞാന്‍ ഞെട്ടലോടെ നിന്നു.. ചൊറിയന്‍ തവളകള്‍ കൂട്ടം കൂട്ടമായി വിലപിക്കുന്നു..
"മഴ വരുന്നുണ്ടോ?" ഞാന്‍ കാതോര്‍ത്തു.. തവളയെ നോക്കി... തവള എന്നെയും.. തവളകള്‍ എന്നോട് എന്തോ പറയുന്നത് പോലെ..
എത്ര നിഷ്കളങ്കമായ നോട്ടം.. തവളയോടുള്ള സിമ്പതി ഒരു എമ്പതിയായി പെട്ടെന്ന് മാറി... ഡോക്ടര്‍ സണ്ണിയുടെ ഭാഷയില്‍ പറഞ്ഞാല്‍ തീക്ഷ്ണമായ ഒരു തന്മയീഭവം..

സിനിമയില്‍ ഫ്ലാഷ് ബാക്ക് കാണുന്നതു പോലെ കഴിഞ്ഞ കാര്യങ്ങള്‍ മനസ്സില്‍ തെളിഞ്ഞു വന്നു.. വെള്ളം കോരിയതും, മുറിയടച്ചിരുന്ന് വിയര്‍ത്തതും, ആരും സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിച്ചതും .. എല്ലാം.. എലാറ്റിലും പൊതുവായി ചില ഘടകങ്ങള്‍ ഇല്ലേ... ആദ്യം വെള്ളം കോരിയപ്പോള്‍ എഴുത്തച്ഛന്‍ (വെള്ളത്തില്‍ ചിത്രം വരയ്‌ക്കുന്ന പ്രാണി), പിന്നീട് മേശവിളക്കിനു ചുറ്റും കുമിഞ്ഞു കൂടിയ ഈയാം പാറ്റകള്‍, ഇപ്പോള്‍ തവളകള്‍... എല്ലാം എന്നോട് രഹസ്യമായി എന്തോ പറയുവാന്‍ ശ്രമിക്കുകയായിരുന്നില്ലേ...?

"കിട്ടി.... കിട്ടി..." ഞാന്‍ കാടു പിടിച്ച ഇടവഴിയിലൂടെ ഒരു ഭ്രാന്ത്രനെപ്പോലെ ഓടി.. "കിട്ടി.. കിട്ടി..."
പറമ്പില്‍ പുല്ല് അരിഞ്ഞു കൊണ്ടിരുന്ന മാണിക്യമ്മ കാര്യമെന്താണെന്നറിയാന്‍ ഓടി വന്നു..
"കിട്ടി.. കിട്ടി..."
"എന്താ.. എന്താടാ കിട്ട്യേ? പൊന്നാണോ..?", മാണിക്യമ്മ അതിശയത്തോടെ ആരാഞ്ഞു.
"വെളിപാട്.. വെളിപാട്‌..", ഞാന്‍ ഓടി, ഗേറ്റും കഴിഞ്ഞ്, വരമ്പും ചാടിക്കടന്ന് കിണറിന്റെ അടുത്തേക്ക്..

തല കിണറ്റിലേക്കിട്ട് അകത്തേക്ക് നോക്കി.. കിണറ്റില്‍ എഴുത്തച്ഛന്‍ പ്രാണികള്‍ പുതിയ ചിത്രം വരച്ചു കൊണ്ടിരിക്കുന്നു..
"എഴുത്തച്ഛാ...", ഞാന്‍ മന്ത്രിച്ചു. എഴുത്തച്ഛന്‍മാര്‍ ഒരു നിമിഷം ചിത്രം വര നിര്‍ത്തി മുകളിലേക്ക് നോക്കി..
"ഞാന്‍.." എനിക്ക് വാക്കുകള്‍ കിട്ടിയില്ല
"ഒന്നും പറയണ്ട.. ഇപ്പഴെങ്കിലും മനസ്സിലായല്ലോ", ഒരെഴുത്തച്ഛന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു.

ഞാന്‍ പതുക്കെ മുറിയ്‌ക്കകത്ത് കയറി .. ഇയ്യാം‌പാറ്റകളില്‍ ഒരെണ്ണത്തെ കയ്യിലെടുത്ത് കൊഞ്ചിച്ചു..

അന്നു രാത്രി അമ്മ ചെമ്മീന്‍ കറി വിളമ്പി..
ഒരു മിനിട്ട് നേരം ഞാന്‍ മൗനം ഭജിച്ചു.
പിന്നീട്, ഒരു ചെമ്മീന്‍ കയ്യിലെടുത്ത്, സൂക്ഷിച്ചു നോക്കി.. എന്നിട്ട് പറഞ്ഞു:
"ഇത്... ഇത്.. ഇതെന്താന്നറയോ എല്ലാര്‍ക്കും..?"
ഒരു നിമിഷം എല്ലാവരും സ്തബ്ധരായി.. പെട്ടെന്ന് വൈദ്യുതി നിലച്ച പോലെ രംഗം നിശബ്ദമായി...

ഒരു ചെറിയ ഇടവേളയ്ക്കു ശേഷം ഞാന്‍ തുടര്‍ന്നു:
"സൈന്റിഫിക്‍ നെയ്‌മ്‌ - ഡെന്‍ഡ്രോബ്രാങ്കിയാറ്റ;
കിങ്ഡം - ആനിമാലിയ;
ഫൈലം - ആര്‍ത്രോപോഡ;
സബ് ഫൈലം - ക്രസ്റ്റേഷ്യ..."