22 ജനുവരി 2015

തിമിരം

കഴിഞ്ഞ വര്‍ഷം ഒരു ശനിയാഴ്ച ദിവസം. അന്ന് അമ്മയ്ക്ക് തിമിരത്തിന്റെ ചെറിയ ഒരു ശസ്ത്രക്രിയ ഉണ്ടായിരുന്നു.
ആശുപത്രിയില്‍ കാലത്ത് നേരത്തേ എത്തണം, കീ ഹോള്‍ ആയതു കാരണം ഒരു മണിക്കൂര്‍ കൊണ്ട് മടങ്ങാം എന്ന് ഡോക്ടര്‍ നേരത്തേ പറഞ്ഞിരുന്നു. നാട്ടിലുള്ള തല നരച്ച ഭൂരിഭാഗം പേരും ചെയ്ത അഭിപ്രായം കേട്ടതു  കൊണ്ട് ലാഘവത്തോടെയാണ്‌ ആശുപത്രിയിലെത്തിയത്.

അവിടെ വെച്ച് "ബാധ്യത ഇല്ലായ്മ" പല വിധത്തില്‍ എഴുതിയ കടലാസ് ആശുപത്രിക്കാര്‍ ഒപ്പിടുവിച്ചു വാങ്ങി, അത് കണ്ടപ്പോള്‍ എനിക്ക് ഭയം തോന്നി, അമ്മയ്ക്ക് ഭയമില്ലായിരുന്നു. മഴയും ഇടിയും മിന്നലും ഉണ്ടാകുമ്പോള്‍ അത് ആസ്വദിച്ചുകൊണ്ട് അമ്മ വരാന്തയില്‍ ഇരിയ്ക്കാറുണ്ടായിരുന്നു. കാതടപ്പിയ്ക്കുന്ന ഇടിയും, മിന്നലും ആണെങ്കിലും അമ്മ അവിടെ കസേരയുമിട്ട് ഇരിയ്ക്കും. ഞാനായിരുന്നു അന്ന് അമ്മയെ വരാന്തയില്‍ നിന്ന് ഒരു വിധത്തില്‍ പിടിച്ചു വലിച്ചുകൊണ്ട് അകത്തേക്ക് ഓടിയിരുന്നത്.
അമ്മയുടെ പേരിന്റെ അര്‍ത്ഥം തന്നെ മിന്നല്‍‌പിണരെന്നാണെന്നും, അതു കൊണ്ടാണ്‌ മിന്നലിനെ പേടി ഇല്ലാത്തത് എന്നുമായിരുന്നു എന്നെ ചെറുപ്പത്തില്‍ ധരിപ്പിച്ചിരുന്നത്.

കണ്ണിനാണ്‌ ശസ്ത്രക്രിയയെങ്കിലും, പച്ച വസ്ത്രം ധരിയ്ക്കണം. ഒപ്പിടലൊക്കെ കഴിഞ്ഞ് അതിനു വേണ്ടിയുള്ള മുറിയിലേക്ക് കടന്നു. അകത്ത് ഒരു സിസ്റ്ററും അമ്മയും മാത്രം. ആ സിസ്റ്റര്‍ ആയിരുന്നു ഓരോരുത്തരെയും ശസ്ത്രക്രിയയ്ക്ക് തയ്യാറാക്കിയിരുന്നതും, കഴിഞ്ഞവരെ വേറെ മുറിയിലേക്ക് മാറ്റുന്നതിന്‌ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്തിരുന്നതും. തടിച്ച് ഉയരം കുറഞ്ഞ് സദാ ചിരിച്ചു കൊണ്ടിരിയ്ക്കുന്ന ഒരു മുപ്പതുകാരി സ്ത്രീ. ആകെ തിരക്കിലായിരുന്നു അവര്‍. മുകള്‍‌ഭാഗത്തെ വശങ്ങള്‍ തുറന്ന മുറിയായിരുന്നതുകൊണ്ട് സംഭാഷണം പുറത്തേക്ക് അവ്യക്തമായി കേള്‍ക്കാമായിരുന്നു. അകത്ത് ഫാന്‍ നല്ല സ്പീഡില്‍ കറങ്ങുന്നുണ്ടായിരുന്നു. ആ ശബ്ദമില്ലായിരുന്നെങ്കില്‍ എല്ലാം വ്യക്തമായി കേള്‍ക്കാമായിരുന്നെന്ന് തോന്നി.

തിരക്കുകാരിയായ സിസ്റ്റര്‍ ചുരുങ്ങിയത് അഞ്ചു പ്രാവശ്യമെങ്കിലും ഓരോ ആവശ്യത്തിനായി പുറത്തു പോയി വന്നു. അല്പനേരം കഴിഞ്ഞപ്പോള്‍, അകത്തു നിന്ന് അമ്മയുടെ സംഭാഷണം കേട്ടു..
"കുറയ്ക്ക് കുറയ്ക്ക്"
പതിഞ്ഞ സ്വരത്തില്‍ ആയതു കൊണ്ട് പിന്നീട് പറഞ്ഞതെന്താണെന്ന് മനസ്സിലായില്ല. പക്ഷെ കാര്യം എന്താണെന്ന് പെട്ടെന്ന് തന്നെ പിടികിട്ടി. അമ്മ ഫാനിന്റെ സ്പീഡ് കുറയ്ക്കാന്‍ പറയുകയായിരുന്നു.

ഫാനിന്റെ സ്പീഡ് കുറയുമെന്ന് കരുതി ഞാന്‍ മുകളിലേക്ക് നോക്കി. പക്ഷെ തിരക്കുകാരി സിസ്റ്റര്‍ ശ്രദ്ധിയ്ക്കാഞ്ഞതു കാരണം ഫാന്‍ നല്ല സ്പീഡില്‍ കറങ്ങിക്കൊണ്ടേയിരുന്നു.

അധികം വൈകാതെ അവര്‍ തിരക്കിട്ടു പുറത്തേക്ക് പോയി, മുപ്പതു സെക്കന്‍ഡ് കൊണ്ട് തന്നെ തിരിച്ചു വരികയും ചെയ്തു. അന്നേരം അവരുടെ മുഖത്തെ ചിരി കൂസലില്ലായ്മയായി തോന്നി. അത് ഒരു തരം അസ്വസ്ഥത ഉണ്ടാക്കി.




"ഒന്ന് കുറയ്ക്കിത് മോളേ...", അകത്ത് നിന്ന് വീണ്ടും അമ്മയുടെ ശബ്ദം.
ഫാനിന്റെ സ്പീഡ് ഇപ്പോള്‍ എന്തായാലും കുറയുമെന്ന് കരുതി ഞാന്‍ മുകളിലേക്ക് തന്നെ നോക്കി അല്പ നേരം കൂടി ഇരുന്നു, പക്ഷെ ഒരു മാറ്റവുമില്ല.

"ഒന്ന് ഫാന്‍ കുറയ്ക്കാന്‍ പോലും കഴിയാത്തത്ര തിരക്കുണ്ടോ?", എന്നൊക്കെ ചിന്തകള്‍ വന്നു. എന്തായാലും, ഇനിയും തിരക്കുകാരി സിസ്റ്റര്‍ സ്പീഡ് കുറയ്ക്കുന്നതും നോക്കി ഇരുന്നിട്ട് കാര്യമില്ല.  അകത്തു കയറി കുറച്ചിട്ടു തന്നെ കാര്യം. സിസ്റ്ററോട് ഒരു ഡയലോഗും കാച്ചണം. ഞാന്‍ എഴുന്നേറ്റു ചെന്ന് വാതിലില്‍ മുട്ടി.
സിസ്റ്റര്‍ വാതില്‍ തുറന്നപ്പോള്‍ നേരെ അകത്തു കയറി.
അമ്മ അവിടെ കസേരയില്‍ ഇരിയ്ക്കുന്നുണ്ടായിരുന്നു പച്ച വേഷത്തില്‍.

സിസ്റ്റര്‍ : "എന്തേ?"
ഞാന്‍: "ഈ ഫാനിന്റെ റെഗുലേറ്റര്‍ എവിടെയാ?"
സിസ്റ്റര്‍ : "ദാ അവിടെയാ.. എന്തേ?"
റെഗുലേറ്ററിന്റെ സ്പീഡ് നന്നായി കുറച്ചിട്ട് അമ്മയോട് ചോദിച്ചു : "ഇത്ര മതിയോ?"
സംഗതി പിടി കിട്ടാത്തതു പോലെ അമ്മ എന്നെ സംശയത്തോടെ നോക്കി.
ഞാന്‍ സിസ്റ്ററോട് പറഞ്ഞു : "അമ്മ കുറയ്ക്ക് കുറയ്ക്ക് എന്ന് പറയുന്നുണ്ടായിരുന്നു.. കുറച്ച് നേരായി. അതാ വന്നേ. തണുപ്പ് അധികം പറ്റില്ല."

അമ്മയും സിസ്റ്ററും ഒന്നു പരുങ്ങി. പെട്ടെന്ന് എന്തോ മനസ്സിലായിട്ടെന്നോണം സിസ്റ്റര്‍ ചിരിച്ചു തുടങ്ങി. പിന്നീട് അമ്മയും. എന്താ സംഭവമെന്ന് അറിയാതെ ഞാന്‍ പരുങ്ങി.

സിസ്റ്റര്‍ പറഞ്ഞു: "ന്റെ തടി കുറയ്ക്കുന്ന കാര്യമാണ്‌ അമ്മ പറഞ്ഞേ.. ഞാന്‍ പറയുകയായിരുന്നു, ഭക്ഷണം കഴിയ്ക്കാണ്ടുള്ള ഒരു പരിപാടിയ്ക്കും ഇല്ലാന്ന്.."

തടി കുറയ്ക്കുന്നതിനെപ്പറ്റിയായിരുന്നു അകത്ത് സംസാരം എന്ന് അപ്പോഴാണ്‌ പിടികിട്ടിയത്. പറ്റിയ അമളിയോര്‍ത്ത് വേഗം അവിടെ നിന്ന് മുങ്ങി. പതുക്കെ ഒന്നും സംഭവിയ്ക്കാത്തതു പോലെ ബെഞ്ചില്‍ പോയിരുന്നു.
പുറത്ത് ഊഴം കാത്തിരുന്ന ഒരു വല്യമ്മ അകത്തുനിന്ന് ഞാന്‍ വരുന്നത് ശ്രദ്ധിച്ചിരുന്നു.
വല്ല്യമ്മ - "എന്താ മോനേ പോയേ..?"
ഞാന്‍ പറഞ്ഞു - "ആവാറായോന്ന് നോക്ക്യേതാ.."
വല്ല്യമ്മ - "ന്നിട്ടോ..?"
ഞാന്‍ - "ആയിട്ടില്ല.. ഇത്തിരി കൂടി കഴിയും.."

22 സെപ്റ്റംബർ 2014

പാവര്‍ട്ടി മുതല്‍ സ്ഥാണുപൃഷ്ഠം വരെ

"ഉത്തരമഥുരാപുരിക്കുത്തരോപാന്തത്തിലുള്ള
വിസ്തൃതരാജവീഥിതൻ കിഴക്കരികിൽ" - എന്ന് തുടങ്ങി "കരുണ"യിലെ വരികള്‍ കാണാതെ പഠിച്ച്  അമ്മാമ്മ ഈണത്തോടെ ചൊല്ലുമായിരുന്നത്രേ. അമ്മ ഇത് പറഞ്ഞത് കേട്ടപ്പോള്‍ അതിശയം തോന്നി. ഒരു ബ്രൗണ്‍ ബ്ലൗസും, മുണ്ടും ഉടുത്ത് സദാ വീട്ടുപണികളിൽ മുഴുകി നടന്നിരുന്ന അമ്മാമ്മയെ മാത്രമേ ഞാൻ അറിഞ്ഞിരുന്നുള്ളൂ. ഞാന്‍ നാലാം ക്ളാസ്സില്‍ പഠിയ്ക്കുമ്പോള്‍ ഓര്‍മ്മയായ അമ്മാമ്മ കവിതകള്‍ ഹൃദിസ്ഥമാക്കി  ചൊല്ലുമായിരുന്നു എന്ന് കേട്ടപ്പോള്‍ സന്തോഷം തോന്നി. മിടുക്കി അമ്മാമ്മ!

"ഒരു നിശ്ചയമില്ലയൊന്നിനും വരുമോരോദശവന്നപോലെ പോം - ചിന്താവിഷ്ടയായ സീത - ആശാന്‍. അമ്മ പഠിച്ചിരുന്ന കാലത്ത് ഇതൊക്കെ എത്ര പാടി നടന്നിട്ടുള്ളതാണെന്ന് അറിയോ?", അമ്മ പഴമയിലേക്ക് മടങ്ങി.

"ഇപ്പൊ അതിനു പകരം സിനിമാപാട്ടുകൾ ആവും പാടി നടക്കുക. വന്ന് വന്ന് സിനിമാപാട്ടുകൾ പാടി നടക്കുന്നതും കാണാനില്ല, കേൾക്കുന്നത് കാണാം", ഞാനോർത്തു.

സ്കൂളിൽ പഠിയ്ക്കുന്ന കാലത്ത് അമ്മയായിരുന്നു മലയാളം പറഞ്ഞു തന്നിരുന്നത്. അന്നൊരു ദിവസം അമ്മ പഠിച്ച കോളേജിനെ പറ്റി പറഞ്ഞപ്പോൾ ഒരു വാക്ക് പരിചയപ്പെടുത്തിയിരുന്നു. ഞാൻ ആ വാക്ക് മനസ്സിൽ രേഖപ്പെടുത്തിയത് "പൃഷ്ഠലഗ്നം" എന്ന് !

"പൃഷ്ഠലഗ്നം എന്നല്ലേ അവിടുത്തെ മാഷ്‌ പറഞ്ഞ ആ വാക്ക്?", ഞാന്‍ സംശയത്തോടെ ചോദിച്ചു.

"പൃഷ്ഠ..ലഗ്നം എന്നല്ല.. ശോ.. ഞാന്‍ പറയാം..", അമ്മ കൗതുകത്തോടെ പഴയ ഒരു കവിതാശകലം ഓര്‍ത്തെടുത്തു - "സ്ഥാണു.. സ്ഥാണുപൃഷ്ഠം!"

അമ്മ പഠിച്ചിരുന്ന കോളേജിലെ നിമിഷകവിയായിരുന്ന ഒരു അധ്യാപകന്‍ നേരമ്പോക്കിനായി  ക്ലാസ്സില്‍ പങ്കു വെച്ച ഒരു കവിതയിലെ വ്യക്തമായി ഓര്‍മ്മയുള്ള ആദ്യത്തെ ഈരടികളിലാണ്‌  "സ്ഥാണുപൃഷ്ഠം" കടന്നു വരുന്നത്. ആ കവിതാശകലത്തിന്‌ അന്‍പത് വര്‍ഷത്തോളം പഴക്കമുണ്ട്. അതിലെ വാക്കുകളില്‍ പുരണ്ടിരിയ്ക്കുന്നത് ആ കാലഘട്ടത്തിന്റെ നിഷ്കളങ്കമായ ദിവസങ്ങളും, അത് വാര്‍ത്തെടുത്ത രസികനായ അധ്യാപകന്റെ നര്‍മ്മബോധവുമാണ്. ഒരു സന്ദര്‍ഭത്തിന്റെ നേരമ്പോക്കിനു ശേഷം ഇത്രയും നാൾ ഉറങ്ങുകയായിരുന്നു അതിലെ വാക്കുകൾ.

പതിനഞ്ച് മുതല്‍ പതിനെട്ട് വയസ്സ് വരെ - ഏതാണ്ട് അന്‍പത് വര്‍ഷം മുമ്പ് അമ്മ മലയാളം വിദ്വാന്‌ പാവര്‍ട്ടി സാഹിത്യ ദീപിക സംസ്കൃത കോളേജില്‍ പഠിയ്ക്കുന്ന കാലം. ഒരു കൂട്ടം ഗൗരവവും നര്‍മ്മബോധവുമുള്ള അധ്യാപകര്‍, ഭയഭക്തിബഹുമാനത്തോടെ മാത്രം അവരുമായി ഇടപഴകിയിരുന്ന വിദ്യാര്‍ത്ഥികള്‍. നിമിഷകവിതകള്‍ ചൊല്ലുന്നതില്‍ നിഷ്ണാദന്മാരായിരുന്നു  അധ്യാപകരില്‍ പലരും. അമ്മയുടെ വാക്കുകളില്‍ നിന്ന് വായിച്ചെടുക്കാം അവരോടുണ്ടായിരുന്ന ബഹുമാനത്തെക്കുറിച്ചും, അവരുടെ പാണ്ഡിത്യത്തെക്കുറിച്ചും. അധ്യാപകരിൽ രണ്ടു പേരായിരുന്നു ജോസ് മാഷും, ശ്രീകുമാരന്‍ മാഷും..

ശ്രീകുമാരന്‍‌ മാഷുടെ വീട് സ്കൂളില്‍ നിന്ന് ഏറെ ദൂരെയായിരുന്നു. സ്ഥലം ഏതാണെന്ന് പിന്നീട് പറയാം. ദിവസവും അവിടെ നിന്ന് പാവര്‍ട്ടി വരെ ബസ്സിനു പോയി വരാറായിരുന്നു പതിവ്.
ദൂരം കാരണം നാലുമണിയ്ക്ക് സ്കൂള്‍ വിട്ടാല്‍ മാഷിനു ബസ്സ് പിടിയ്ക്കാനുള്ള ധൃതിയായിരുന്നു.

ഒരു ദിവസം പതിവ് പോലെ സ്കൂള്‍ വിട്ട് വീട്ടിലേക്ക് പോകാന്‍ തിരക്കു പിടിച്ചു നില്‍ക്കുന്ന ശ്രീകുമാരന്‍ മാഷോട്  ജോസ് മാഷ്  അയത്നലളിതമായി ഇങ്ങനെ ചൊല്ലി..


"സ്ഥാണുപൃഷ്ഠ ഗമനോത്സുകസ്സദാ
പ്രാണഭാജന വിയോഗ വിഹ്വലാ
പ്രീണനായി നിഖിലാനി നിന്ദയന്‍
സ്ഥാണുവല്‍സ്ഥിമിത ഏഷ തിഷ്ഠതി"

ഈ കവിതാശകലം അടുത്ത ദിവസം ക്ലാസ്സില്‍ വെച്ച് വിദ്യാര്‍ത്ഥികളുമായി ജോസ് മാഷ് പങ്കുവെച്ചു. അങ്ങനെയാണ്‌ അമ്മ ഇത് കേള്‍ക്കുന്നത്.

"സ്ഥാണുപൃഷ്ഠ ഗമനോത്സുകസ്സദാ
പ്രാണഭാജന വിയോഗ വിഹ്വലാ"
സ്ഥാണുപൃഷ്ഠമൊഴികെ മറ്റെല്ലാം ഏതാണ്ട് കേള്‍ക്കുമ്പോള്‍ തന്നെ ബോധ്യമാകും.
ഗമനം, ഉത്സുകം, സദാ, പ്രാണഭാജനം, വിയോഗം, വിഹ്വലം.

"പ്രാണഭാജനത്തിന്റെ വിരഹത്താല്‍ ദുഃഖിതനായി, സദാ അവിടേക്കു പോകാനുള്ള ചിന്തയില്‍  ഉത്സുകനായവനേ.."
മാഷ് താമസിച്ചിരുന്നത് സ്ഥാണുപൃഷ്ഠത്തായിരുന്നു എന്ന് മനസ്സിലാക്കാം.

"എവിടെയാ ഈ സ്ഥാണുപൃഷ്ഠം?", അമ്മയോട് ചോദിച്ചു.
അമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു - "കുറ്റിപ്പുറം. മാഷുടെ വീട് കുറ്റിപ്പുറത്തായിരുന്നു. അവിടുന്നാ ദിവസവും വന്നു  പോയിരുന്നത്..".

സ്ഥാണു - കുന്തം, ശാഖകള്‍ ഇല്ലാത്ത കുറ്റി എന്നാണര്‍ത്ഥം.
പൃഷ്ഠം - ശരീരത്തിന്റെ പുറംഭാഗം, പുറം.
അങ്ങനെ കുറ്റിപ്പുറം സ്ഥാണുപൃഷ്ഠം ആയി.

"പ്രീണനായി നിഖിലാനി നിന്ദയന്‍
സ്ഥാണുവല്‍സ്ഥിമിത ഏഷ തിഷ്ഠതി"
ഈ വരികളിൽ സംസ്കൃതത്തിന്റെ പ്രസരം കാരണം, തീർത്തും നിശ്ചയമില്ല. അമ്മ പറഞ്ഞതും, വാക്കുകള്‍ ഗൂഗിൾ ചെയ്തു തപ്പിപ്പിടിച്ചു കണ്ടെത്തിയ അര്‍ത്ഥവുമാണ്‌ പറയുന്നത്. അറിയാവുന്നവര്‍ക്ക് സധൈര്യം തിരുത്താം!

"എല്ലാവരും എന്തൊക്കെ മോശമായി പറഞ്ഞാലും അതിലൊക്കെ സന്തോഷിച്ച് കുറ്റിപ്പുറത്തേക്ക് തന്നെ പോകാനുള്ള ദൃഢനിശ്ചയത്തോടെ ഇവന്‍ നില്‍ക്കുന്നു."

ഒരധ്യാപകന്‍ വേറൊരു അധ്യാപകനോട് ചൊല്ലിയ ഒരു കവിതാശകലം, അതേ അര്‍ത്ഥത്തില്‍, (ദുര്‍ധരാസുര വൈകല്യമില്ലാതെ!). എല്ലാവരും ഒരേ പോലെ രുചിയ്ക്കുന്നു. പഞ്ചസാര മധുരമാണെന്ന് അറിയുന്നത് പോലെ. അത് പഴമയുടെ സുകൃതമായിരിയ്ക്കും.

കോളേജിലെ ഘടികാരത്തിൽ സമയം നാലോടടുക്കുന്നു. ശ്രീകുമാരന്‍ മാഷ് ഇറങ്ങാനുള്ള ധൃതിയിലാണ്‌. ജോസ് മാഷുടെ മനസ്സില്‍ ഒരു നര്‍മ്മം രൂപപ്പെട്ടു തുടങ്ങിയിരിയ്ക്കുന്നു. സ്ഥാണുപൃഷ്ഠത്തേയ്കുള്ള ബസ് കിതപ്പ് മാറ്റി വിശ്രമിയ്ക്കുകയാണ്. ഒരു കവിത വിരിയാന്‍ നേരമായ പോലെ!

10 ഡിസംബർ 2013

വൈഖരികള്‍

സംസാരിയ്ക്കുന്ന ഒരു "മാംസക്കഷണമെന്നാണ് " ചില നേരങ്ങളില്‍
മത്സരിച്ചുണ്ടാകുന്ന വില.
ആര്‍ത്തട്ടഹസിച്ച് മെല്ലെ മറക്കാവുന്നവ - എന്നാണ്‌ ചില വാക്കുകളും പ്രവൃത്തികളും.
പക്ഷെ ഓരോന്നും ഏതോ ഒരു നിമിഷത്തിന്റെ അര്‍ത്ഥത്തോട് ചേര്‍ന്ന്
ശൂന്യമാകാന്‍ തയ്യാറെടുക്കുകയാണ്‌ .
അത് ചില കൈ വിട്ട നിമിഷങ്ങളുടെ അനിവാര്യതയാണ്‌.

കോഴിയെ കഴുത്ത് ഞെരിച്ച് കൊല്ലുന്ന കശാപ്പുകാരനെപ്പോലെ
പകച്ചു നില്‍ക്കാന്‍ പോലും കഴിയാതെ
ചില പ്രവൃത്തികള്‍ ചെയ്യേണ്ടി വരുന്ന
കാലക്കേടിന്റെ വൃത്താകൃതിയിലേക്കാണ്‌
സ്നേഹത്തിന്റെ പേരിലായാലും
ചില നേരങ്ങളിലെ വാക്കുകള്‍ കൊണ്ടു പോവുക.

വിതച്ചത് കൊയ്യുന്ന ശാസ്ത്രമാണെന്നിരിക്കെ
"ഉദ്ദേശിച്ചത്.." എന്ന് പിന്നീട് ഒഴിയാന്‍ കഴിയാത്ത വിധം
സ്വന്തമാക്കി അണിയേണ്ടി വരും പറഞ്ഞ വാക്കുകളെ.

"എന്റെ" എന്നു കരുതുന്ന സ്വാതന്ത്ര്യത്തിലും
രഹസ്യമായും, പരസ്യമായും
ഒരു ജീവനെ ബഹുമാനിയ്ക്കുന്ന ശ്രദ്ധയോടെ
സംസാരിയ്ക്കുക, ചിന്തിയ്ക്കുക
എന്ന ലളിതമായ ആശയത്തില്‍ വൈഖരികള്‍ ഒടുങ്ങുമോ?

യോഗം വേണം, നല്ലത് കേള്‍ക്കാനും പറയാനും..

19 നവംബർ 2013

ആകാശം

ആകാശത്ത് നിന്ന് ഒരു നക്ഷത്രക്കുഞ്ഞിളകി
ദൂരേയ്ക്ക് പറന്നു പോവുന്നത് നോക്കിയിരിക്കുകയാണ്‌ ഉറക്കം വന്നു തുടങ്ങിയ കുട്ടി.
"ഈ പോക്ക് പോയാല്‍ സ്കൂളിന്റെ അടുത്തുള്ള പാടത്ത് ചെന്നു വീഴും.."

കൊച്ചിയും, അറബിക്കടലും കടന്ന് പടിഞ്ഞാട്ടേക്ക് കുതിയ്ക്കുന്ന
വിമാനം നോക്കിയിരിയ്ക്കുകയാണ്‌ വിയര്‍പ്പാറ്റിക്കൊണ്ടച്ഛന്‍
"നേരേ പടിഞ്ഞാറ് ഷാര്‍ജയാണോ അതോ സൗത്ത് ആഫ്രിക്കയോ?
ഏതാണ്ട് പതിനൊന്ന് മണിയ്ക്ക് ഷാര്‍ജയിലെത്തുമായിരിയ്ക്കും.
അല്ലാ ഇവിടത്തെ പതിനൊന്നു മണീന്നു വെച്ചാ അവിടെ എത്രമണിയാണോ ആവോ?"

നടു രണ്ടു തവണ പൊട്ടിച്ച ശേഷം ആകാശത്തേയ്ക്കു നോക്കി കോട്ടുവായിടുകയാണ്‌ അമ്മ
ആകാശത്ത്, നാളേക്കു വേണ്ട സാമ്പാര്‍ കഷണങ്ങളില്‍ വെണ്ടയ്ക്കയുടെ ഒരു കുറവുണ്ട്.
"അവിയല്‍ തന്നെ ഒറപ്പിയ്ക്കാം.."

19 ജൂലൈ 2013

പൊടിമോന്‍

ധൃതിയോടെയുള്ള ഒരു കാൽ വെപ്പിൽ ബാലൻസ് തെറ്റി ചെരുപ്പിൽ നിന്ന് റോഡിലേക്ക് തെറിച്ച്' വീഴുകയായിരുന്നു.. ചുട്ടുപൊള്ളുന്ന വെയിൽ. വെളുത്ത നിറമുള്ള പൊടിപടലങ്ങൾ അവിടം മുഴുവൻ ഒഴുകി നടക്കുന്നുണ്ട്..

ചെമന്ന പൊടി അങ്കലാപ്പോടെ നാലുപാടും നോക്കി, പതുക്കെ ചുട്ടു പൊള്ളുന്ന റോഡില്‍ നിന്നും ഉയര്‍ന്നു പൊങ്ങാന്‍ ശ്രമിച്ചു. അതുവഴി വന്ന വെളുത്ത നിറമുള്ള ഒരു സിമന്റ് പൊടി ചെമന്ന പൊടിയെക്കണ്ട്  പരിചയപ്പെടാനെന്നോണം തിരക്കി - "ഇവിടെയൊന്നും മുമ്പ് കണ്ടിട്ടില്ലല്ലോ..?",
ഗുരുത്വാകർഷണത്തോട് പൊരുതിക്കൊണ്ട്  ചെമന്ന പൊടി പറഞ്ഞു, "അങ്ങ് കോഴിക്കോടിനടുത്തുന്നാ.."
"ഓഹോ..! പല സ്ഥലത്തുന്നും ഉള്ള ആൾക്കാരായി ഇപ്പോൾ ഇവിടെ.. കോഴിക്കോട് എവിടെയാ?", സിമന്റ് പൊടി പരിചയഭാവത്തോടെ വീണ്ടും തിരക്കി.

ചെമന്ന പൊടി  തുടർന്നു - "മണ്ണിനടിയിൽ ആയിരുന്നു കാലാകാലങ്ങളായി. വലിയ ഒരു ഉറക്കം - ഓർക്കാൻ കഴിയാത്ത അത്രേം നേരം. ഏതോ കുടിവെള്ള പദ്ധതിയ്ക്ക് വേണ്ടി മണ്ണെടുത്തപ്പോഴാണ് ആദ്യമായി പുറം ലോകം കണ്ടത്. എന്തെല്ലാം ലോകങ്ങൾ ആണ് പുറത്ത്! പല സ്ഥലത്തും കഴിഞ്ഞു കൂടി. ഇരു ദിശകളിലേക്കും പാഞ്ഞുകൊണ്ടിരിക്കുന്ന വാഹനങ്ങൾ, അപകടം ഒളിഞ്ഞിരിക്കുന്ന ശരീരങ്ങളും വസ്ത്രങ്ങളും..."

വെളുത്ത പൊടിയെ നിരീക്ഷിച്ചുകൊണ്ട്  ചെമന്ന പൊടി തുടർന്നു - "മഴ പെയ്യുന്നത് വരെ പൂർണ്ണ  സ്വാതന്ത്ര്യം ആണ് എന്നാണ് അവിടെയുള്ളവർ പറഞ്ഞു കേട്ടിട്ടുള്ളത്. വെള്ളം തൊട്ടാൽ പിന്നെ ചളിയായി പരിണമിച്ച്  കുറച്ചു കാലം കഴിയണം.. വെയില്‍ ഉദിച്ച് വരണ്ടുണങ്ങുന്നത് വരെ റോഡിലോ വഴിയിലോ അങ്ങനെ കിടക്കണം..  പെട്ടെന്നൊരു ദിവസം ഏതെങ്കിലും ഒരു ബസ്സോ ലോറിയോ ചീറി പാഞ്ഞ് വരുമ്പോഴായിരിക്കും വീണ്ടും ഉണരുക..

ഇലകളും, മരങ്ങളും ആയിരുന്നു എല്ലാവര്‍ക്കും നോട്ടം. അതുകൊണ്ടു തന്നെ അവിടെ കയറിപ്പറ്റാന്‍ നല്ല തിക്കും തിരക്കുമാണ്‌.... കയറിപ്പറ്റിയാല്‍ പിന്നെ അടുത്ത മഴ വരുന്നത് വരെ വേറെ ഇടം തേടേണ്ട. പലപ്പോഴും ചില ഇലകളുടെ അടുത്ത് വരെ എത്തിയിട്ടും ഒട്ടി നില്ക്കാൻ ഇടമില്ലാതെ തിരിച്ചു പോന്നിട്ടുണ്ട്.", ചെമന്ന പൊടി ഓർത്തെടുത്തു.

"നെറം വേറെയാണെങ്കിലും നമ്മളൊക്കെ ചാർച്ചക്കാരാണല്ലോ", സിമന്റ് പൊടി അല്പം ചേര്‍ന്നു നിന്നു.. എന്നിട്ട് ആകാംക്ഷയോടെ ചോദിച്ചു - "ഇത്രേം ദൂരത്ത്‌ നിന്ന് ഇവിടെ എങ്ങനെ എത്തിപ്പെട്ടു ?"

"ഒരു സന്ധ്യയ്ക്ക് അപ്രതീക്ഷിതമായി ആ വഴി വന്ന ഒരാളുടെ ചെരുപ്പില്‍ പറ്റിപ്പിടിച്ചുപോയി. എന്തോ വാഹനമാണെന്നാണ്‌ ആദ്യം കരുതിയത്, ചെരുപ്പാണെന്ന് പിന്നീടാണ്‌ മനസ്സിലായത്. കൂടെയുണ്ടായിരുന്നവരെല്ലാം സഹതപിച്ചു -  ഏറിയാല്‍ അഞ്ചോ പത്തോ മണിക്കൂർ അതു കഴിഞ്ഞാല്‍ വെള്ളത്തില്‍ കലരേണ്ടി വരും.
"വെള്ളം തട്ടുമ്പോള്‍ പേടിക്കാനൊന്നുമില്ല", എന്ന് അനുഭവസ്ഥരും, "ഒരുറക്കം പോലെയാ തോന്നുക" എന്ന് കേട്ടറിവു മാത്രം ഉണ്ടായിരുന്നവരും പോകുന്ന വഴിക്ക് ആശ്വസിപ്പിച്ചു.

ആകെ ആശയക്കുഴപ്പത്തിലായിരുന്നു പിന്നീടുള്ള മണിക്കൂറുകൾ. പക്ഷെ ദിവസം, ഒന്നും രണ്ടും മൂന്നും എന്നല്ല.. ആഴ്ചകള്‍ തന്നെ കഴിഞ്ഞു! വെള്ളം കാണുന്നില്ല! ചെരുപ്പ് വെള്ളം തൊടുവിക്കാത്ത ഒരുത്തനായിരുന്നെന്ന് കുറേ കഴിഞ്ഞപ്പോഴാണ്‌ മനസ്സിലായത്.. അങ്ങനെ ദാ ഇവിടം വരെ ആ ചെരുപ്പിന്റെ കൂടെ എത്തി..", ചെമന്ന പൊടി ദീര്‍ഘനിശ്വാസത്തോടെ മുഴുമിപ്പിച്ചു.
പിന്നീട് എന്തോ വിട്ടു പൊയിട്ടെന്ന പോലെ കൂട്ടിച്ചേർത്തു - "ചില മനുഷ്യന്മാരുണ്ട് ഞങ്ങളെ കാണുന്നത് തന്നെ ചരുര്‍ത്ഥിയാണ്‌.......... , അവർ മൂക്കും വായും പൊത്തി കാവി നിറമായ  മരങ്ങളെ അവജ്ഞയോടെ നോക്കുന്നത് കാണാം... അവരുടെ ഭാവം കണ്ടാൽ തോന്നും ആ സിഗരറ്റ് മണക്കുന്ന ശ്വാസകോശങ്ങളിൽ കേറാൻ ഞങ്ങൾ തക്കം പാർത്തിരിക്കുകയാണെന്ന്.!

സിമന്റ് പൊടിയും ചെമന്ന പൊടിയും എന്തോ കേട്ടിട്ടെന്ന പോലെ കാതോര്‍ത്തു. ഒരു വലിയ കാറ്റടിക്കുന്ന ശബ്ദം.. അത്  കൂടുതല്‍ ശക്തമായിക്കൊണ്ടിരുന്നു. ചെമന്നപൊടി സിമന്റുപൊടിയെ മുറുക്കെപ്പിടിച്ചു. ശക്തിയായി കാറ്റ് വീശിയടിച്ചപ്പോള്‍ രണ്ടുപേരും ഉയര്‍ന്നുപൊങ്ങി. ഒരു നൂറായിരം സിമന്റ്പൊടികള്‍ വേറെയും. ആ പ്രദേശമാകെ വെളുത്ത പൊടിപടലം കൊണ്ട് മൂടി..

അല്പ നേരം കൂടി കഴിഞ്ഞപ്പോള്‍ രണ്ടു പേരും ഒരു ചില്ലില്‍ ഇരിയ്ക്കുകയായിരുന്നു.. ചെമന്നപൊടി സിമന്റുപൊടിയെ വിടാതെ പിടിച്ചിട്ടുണ്ട്. ചില്ല് മുഴുവനും ഇത്തിരിപ്പോന്ന സിമന്റ്പൊടികള്‍ പറ്റിച്ചേര്‍ന്ന് ഏതാണ്ട് വെളുത്ത നിറമായിരിയ്ക്കുന്നു. എതിര്‍ദിശയില്‍ ശക്തമായി കാറ്റടിയ്ക്കുന്നുണ്ട്. ചെമന്നപൊടി സിമന്റ്പൊടിയോട് ആശങ്കയോടെ ചോദിച്ചു - "ശരിക്കും ഇതേതാ സ്ഥലം?"
"ഇത് ..", സിമന്റ് പൊടി പറഞ്ഞു തുടങ്ങുമ്പോഴേക്കും ചെമന്നപൊടി എന്തോ മനസ്സിലാക്കിയിട്ടെന്നോണം പറഞ്ഞു - "ദേ കണ്ടോ.. ഞാന്‍ നേരത്തെ പറഞ്ഞില്ലേ ഇലകളിലെ കാവി നിറം കാണുമ്പോഴുള്ള ചില മനുഷ്യന്മാരുടെ അവജ്ഞയെപ്പറ്റി.. ഏതാണ്ട് ഇതിനകത്തിരിക്കുന്നവന്റെ അതേ ഭാവമാണത്.. സിമന്റ് പൊടി ആ ഭാവത്തെ കൌതുകത്തോടെ  നോക്കി നിന്നു..."

ചില്ലിനപ്പുറം കണ്ട ആളുടെ കൈകൾ, അവജ്ഞയോടെ, വെള്ളത്തോടൊപ്പം വൈപ്പർബ്ലെയ്ടിനെ ഇരു വശങ്ങളിലേക്കും വേഗത്തിൽ  പായിച്ചു.. നൂറു കോടി സിമന്റ് പൊടികൾ ഉറക്കത്തിലേക്ക് വീണു, ഒപ്പം ഒരു ചെമന്ന പൊടിയും..