25 ഓഗസ്റ്റ് 2011

ആത്മവാസന

എലാവരും കോളേജില്‍ പോകുന്നതും, അനുയോജ്യമായ വിഷയം തിരഞ്ഞെടുക്കുന്നതും, ആത്മാവില്‍ ഉറങ്ങിക്കിടക്കുന്ന നിഗൂഢമായ ഒരു തരം വാസനയെ സ്വയം തിരിച്ചറിഞ്ഞാണ്‌.. കോളേജില്‍ പോകാന്‍ നേരം വാസന ഉള്ള വിഷയത്തെക്കുറിച്ച് ഒരു അവബോധം വളരെ സ്വാഭാവികമായി, ഏതോ ഒരു നിമിഷത്തില്‍, എല്ലാവരിലും സംജാതമാകും.. സ്വന്തം വാസനയെപ്പറ്റി ഓര്‍ക്കാപ്പുറത്ത് ലഭിച്ച തിരിച്ചറിവില്‍ അവര്‍ ആനന്ദാശ്രുക്കള്‍ പൊഴിക്കുകയും, ഉപരിപഠനത്തിന്‌ അപേക്ഷ കൊടുക്കാനായി വെമ്പല്‍ കൊള്ളുകയും ചെയ്യും. അവരുടെ കണ്ണുകളും, കാതുകളും പിന്നീട്‌ ആ ഒരു വിഷയം മാത്രമേ കാണുകയും കേള്‍ക്കുകയും ചെയ്യൂ..

ദിവസങ്ങളോളം മുറിയടച്ചിരിക്കുകയും, സ്വന്തം വിഷയത്തെ പറ്റി കൂടുതല്‍ അറിയാനായി ഭ്രാന്തനെപ്പോലെ വെമ്പല്‍ കൊള്ളുകയും ചെയ്യുന്ന മകനെ നോക്കി അവന്റെ അമ്മ ദീര്‍ഘനിശ്വാസത്തോടെ പറയും,
"ഹാവൂ, എന്റെ മോന്‌ വാസന വെളിപ്പെട്ടെന്നാ തോന്നുന്നേ.."

കെമിസ്ട്രി വാസന ഉള്ള സുനില്‍, വെളിപാട് കിട്ടിയതിന്‌ ശേഷം, വെള്ളം കോരുമ്പോള്‍.. ഒരു നിമിഷം.. തൊട്ടിയിലെ വെള്ളം സാക്ഷാല്‍ H2O ആണെന്ന് തിരിച്ചറിയുകയും, തിരിച്ചറിവിന്റെ ആ നിമിഷങ്ങളില്‍ H2O കണങ്ങളെ കൈക്കുമ്പിളില്‍ കോരിയെടുത്ത് മുഖത്തേക്കൊഴിച്ച്, അപ്പോള്‍ അനുഭവവേദ്യമായ ശീതീകരണപ്രക്രിയയില്‍ ആത്മനിര്‍‌വൃതിയടയുകയും; ഒരു കുമ്പിള്‍ H2O കുടിച്ച്, വായ്ക്കകത്തും ആമാശയത്തിലും തന്മൂലം ഉണ്ടായ രാസപ്രവര്‍ത്തനത്തില്‍ ധ്യാനമഗ്നനാവുകയും ചെയ്‌തു..


ഉറക്കമില്ലാത്ത രാത്രികളില്‍ കെമിസ്ട്രിയുടെ നിഗൂഢതകളിലേക്ക് മുങ്ങാംകുഴിയിട്ട് വിയര്‍ത്തൊലിച്ച ഒരു നിമിഷം - ശശി സ്വന്തം നെറ്റിയില്‍ നിന്നും ഒലിച്ചിറങ്ങിയ വിയര്‍പ്പിന്റെ കണത്തെ രുചിക്കുകയും, അത്‌ സോഡിയം ക്ലോറൈഡിന്റെ അംശമാണെന്ന് തിരിച്ചറിഞ്ഞ് - കണ്ണുകള്‍ നിറയുകയും, വീണ്ടും സോഡിയം ക്ലോറയിഡ് കണ്ണുനീരായി പ്രവഹിച്ച്, അവനെ ഗദ്ഗദകണ്ഠനാക്കി തീര്‍ക്കുകയും ചെയ്‌തു..

അടുക്കളയില്‍ ഉപ്പുമാവുണ്ടാക്കുന്ന അമ്മ ഇടക്കിടയ്‌ക്ക് തവി കൊണ്ടിളക്കുന്നത്, ഉപ്പുമാവിനെ രാസത്വരണവിധേയമാക്കുന്നതിന്റെ ഭാഗമായാണെന്ന് തിരിച്ചറിഞ്ഞ ആ നിമിഷം, രാജീവ് ഓടിയെത്തി അമ്മയെ കെട്ടിപ്പിടിച്ചു കൊണ്ട് ചോദിച്ചു: "എന്തു കൊണ്ടിത്രയും കാലം ഇതൊക്കെ എന്നില്‍ നിന്ന് മറച്ചു വെച്ചമ്മേ....."

ഗണിത വാസന വെളിപ്പെട്ട സുരേഷ് പെട്ടെന്ന് അന്തര്‍മുഖനായി മാറുകയും പലതരം കണക്കുകൂട്ടലുകളിലേര്‍പ്പെടുകയും ചെയ്‌തു, L.H.S = R.H.S. (Left Hand Side = Right Hand Side) ആകുന്നത് വരെ അവന്‍ തളരാതെ പൊരുതി. അതൊന്നു മാത്രമാണ്‌ അവനുള്‍പ്പെട്ട ഗണിതവാസന വെളിപ്പെട്ടവരുടെ പരമമായ ലക്ഷ്യം. അതിനായി ചിലപ്പോള്‍ ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ഒരു ഭ്രാന്തനെപ്പോലെ അവര്‍ സഞ്ചരിക്കും.. എന്തിന്‌.. മാത്തമാറ്റിക്സിന്റെ ബേസിക്‍ റൂളുകള്‍ വരെ തെറ്റിക്കാന്‍, അവര്‍ മടിയ്‌ക്കില്ല..

കൊഴുക്കട്ടയുടെ വിസ്തീര്‍ണ്ണവും വ്യാപ്തവും അളക്കാനായി ഗോളത്തിന്റെ വ്യാപ്ത സമവാക്യം ഉപയോഗിക്കുന്നതിന്റെ പ്രായോഗികമായ പ്രതിബന്ധങ്ങളെ പറ്റി സുരേഷ് അമ്മയെ പറഞ്ഞ് ബോധ്യപ്പെടുത്തി.. ഇനി കൊഴുക്കട്ട ഉണ്ടാക്കുമ്പോള്‍, സമവാക്യങ്ങള്‍ പ്രയോഗിക്കാന്‍ പാകത്തിന്‌ ഗോളാകൃതിയില്‍ ഉണ്ടാക്കണമെന്ന് അവന്‍ അപേക്ഷിച്ചു..

ഇങ്ങനെ പല വിഷയങ്ങളുമായി ബന്ധപ്പെട്ട് പല തരം സംഭവങ്ങള്‍ നാടൊട്ടുക്ക് അരങ്ങേറി.. പ്ലസ് ടു കഴിഞ്ഞിട്ടും എനിക്കൊന്നും "സംജാത"മായില്ലെന്ന് മാത്രമല്ല, വിചാരിച്ച പോലുള്ള "ഒരു ജാതി വാസന" എന്തിനാണെന്ന് ഒരു ക്ലൂ പോലും കിട്ടിയില്ല.
"എല്ലാവര്‍ക്കും വാസന വെളിപ്പെട്ടു.. എനിക്ക് മാത്രം എന്താ ഇങ്ങനെ..", ഓര്‍ത്തപ്പോ ഏറെ വിഷമം തോന്നി..
കിണറ്റിന്‍ കരയിലേക്ക് നടന്ന് ഒരു തൊട്ടി വെള്ളം കോരി നോക്കി.. തൊട്ടിയില്‍ കുടുങ്ങിയ "എഴുത്തച്ഛന്‍ പ്രാണി"യും കരടുകളും അല്ലാതെ വെള്ളത്തില്‍ മറ്റൊന്നും എനിക്ക് വെളിപ്പെട്ടില്ല.. H2O H2O എന്ന് ഉരുവിട്ടു കൊണ്ട് ബലം പിടിച്ച് കുറേ നേരം തൊട്ടിയിലേക്ക് തുറിച്ച് നോക്കി..
കൈയില്‍ വെള്ളം നിറച്ച് മുഖത്തേക്കൊഴിച്ച് നെഞ്ചിടിപ്പോടെ നിരീക്ഷിച്ചുകൊണ്ടിരുന്നു..
ഒരു തണുപ്പ്ണ്ട്.. ഇതാണോ ഇനി ഇപ്പോ ആത്മനിര്‍‌വൃതി..? ഒരു കുമ്പിള്‍ വെള്ളം കുടിച്ച ശേഷം കണ്ണുകളടച്ചപ്പോ, "മയക്കമാ അന്തി മയക്കമാ" എന്ന പഴേ സിനിമാപ്പാട്ട് ഓര്‍മ്മ വന്നതല്ലാതെ ധമനികളിലും, ആമാശയത്തിലും അപ്പോള്‍ സംഭവിച്ചേക്കാവുന്ന രാസപ്രവര്‍ത്തനത്തെ പറ്റി ഒന്നും വെളിപ്പെട്ടില്ല.. ഞാന്‍ നിരാശനായി കിണറ്റിന്‍ കരയില്‍ നിന്ന് മുറിയിലേക്ക് നടന്നു..

മുറിക്കകത്തു കയറി കതകടച്ചു, ഫാന്‍ ഓഫ് ചെയ്‌തു.. കസേരയില്‍ കുനിഞ്ഞിരുന്ന് കൈകളും മുഖവും മേശമേല്‍ വെച്ച് വിശ്രമിച്ചു.. ടേബിള്‍ ലാമ്പ് ടിക്‍-ടിക്‍ ടിക്‍-ടിക്‍ എന്ന് onഉം offഉം ആക്കി ഒരു സീരിയസ് മൂഡ് ഉണ്ടാക്കിയെടുത്തു. മണിക്കൂറുകളോളം കതകടച്ചിരിക്കാനുള്ള ക്ഷമയൊന്നും ഇല്ല.. അര മണിക്കൂര്‍ കഷ്ടിച്ച് കഴിഞ്ഞ് കാണും.. ആദ്യത്തെ വിയര്‍പ്പ് തുള്ളി പൊടിഞ്ഞു.. വേഗം കൈ കൊണ്ട് തോണ്ടിയെടുത്ത് രുചിച്ച് നോക്കി.. ഉപ്പ് രസം.. പക്ഷെ സോഡിയം ക്ലോറയിഡിന്‌ ഉപ്പു പാക്കറ്റിലുള്ള കട്ടകള്‍ക്കതീതമായി ഒരു ഘടനയുണ്ടെന്നോ, സോഡിയവും ക്ലോറിനും തമ്മില്‍ പിരിയാനാകാത്ത വിധം പ്രണയബദ്ധരാണെന്നോ ഒന്നും തോന്നിയില്ല.. വീണ്ടും നിരാശ..വിയര്‍പ്പില്‍ നിന്ന് രഹസ്യം വെളിപ്പെട്ട ശശിയോട് കടുത്ത അസൂയയും... ഇത്തിരി വെളിച്ചം കണ്ട് പാഞ്ഞെത്തിയ ഇയ്യാം‌പാറ്റകള്‍ ഒന്നും, രണ്ടും, നാലും, എട്ടും ആയി അണുവിഭജനത്തിലെന്ന പോലെ മേശവിളക്കിനു ചുറ്റും നിറഞ്ഞ് തുടങ്ങി.. ഞാന്‍ ചാടിയെഴുന്നേറ്റ് കതക്‌ തുറന്ന് പുറത്തേക്കോടി.. ആരും സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിക്കാന്‍..

വീടിനു തെക്കേ വശത്തുള്ള ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ഒരു ഭ്രാന്തനെപ്പോലെ ഞാന്‍ സഞ്ചരിച്ചു. സഞ്ചരിക്കുമ്പോള്‍ മനസ്സില്‍, ഏ പ്ലസ് ബി ദ ഹോള്‍ സ്ക്വയര്‍ = പറഞ്ഞു നോക്കി.. "എ സ്ക്വയര്‍ പ്ലസ്, ടു ഏബി പ്ലസ് ബി സ്ക്വയര്‍.." പെട്ടെന്ന്‍ സ്ഫടികം സിനിമ ഓര്‍മ്മ വന്നു... തിലകന്റെ "ഏ പ്ലസ് ബി ദ ഹോള്‍ സ്ക്വയര്‍ ഈക്വല്‍സ് ബ.ബ.ബ. അല്ല".. എന്ന ഡയലോഗ്.. ഭൂഗോളത്തിന്റെ സ്പന്ദനം... മോഹന്‍ലാലിന്റെ മുണ്ടുരിഞ്ഞടി...ഏഴിമലപൂഞ്ചോലാ.. ഹോ ഹോ.. ഹോ ഹോ ഹോ.. പതിനെട്ടാം പട്ട തെങ്ങ്.... പുത്തന്‍ ഞാറ്റുവേലാ.... ഹൊയ്യര ഹൊയ്യര ഹൊയ്യര ഹൊയ്യര ഹൊയ്യര.. ഉര്‍‌വ്വശി .. ഓര്‍മ്മകള്‍ ഓര്‍മ്മകള്‍ ഓടക്കുഴലൂതി.... പ്രണയമാം യമുനയോ പുറകിലേക്കൊഴുകിയോ...
ഒരു നിമിഷം ഞാന്‍ സ്വയം മറന്നു.. ആരും സഞ്ചരിക്കാത്ത ആ വഴിയിലൂടെ സഞ്ചരിക്കുന്നതിന്റെ ഉദ്ദേശം പെട്ടെന്ന് ഓര്‍മ്മ വന്നു... സ്ഫടികവും, മോഹന്‍ലാലും, തിലകനും, പതിനെട്ടാം പട്ട തെങ്ങും, ഉര്‍‌വ്വശിയും, സ്മിതയും എല്ലാം അപ്രത്യക്ഷമായി.. അവശേഷിച്ചത് എല്ലാം തുടങ്ങിയ "ഏ പ്ലസ് ബി ദ ഹോള്‍ സ്ക്വയര്‍ " മാത്രം.. ഒരു സുഖോം ഇല്ല.. ഇതല്ല എന്റെ വെളിപാട്‌.. എനിക്കുറപ്പായി..

കാട് പിടിച്ച വഴിയില്‍ ഒരു നിമിഷം - ഞാന്‍ ഞെട്ടലോടെ നിന്നു.. ചൊറിയന്‍ തവളകള്‍ കൂട്ടം കൂട്ടമായി വിലപിക്കുന്നു..
"മഴ വരുന്നുണ്ടോ?" ഞാന്‍ കാതോര്‍ത്തു.. തവളയെ നോക്കി... തവള എന്നെയും.. തവളകള്‍ എന്നോട് എന്തോ പറയുന്നത് പോലെ..
എത്ര നിഷ്കളങ്കമായ നോട്ടം.. തവളയോടുള്ള സിമ്പതി ഒരു എമ്പതിയായി പെട്ടെന്ന് മാറി... ഡോക്ടര്‍ സണ്ണിയുടെ ഭാഷയില്‍ പറഞ്ഞാല്‍ തീക്ഷ്ണമായ ഒരു തന്മയീഭവം..

സിനിമയില്‍ ഫ്ലാഷ് ബാക്ക് കാണുന്നതു പോലെ കഴിഞ്ഞ കാര്യങ്ങള്‍ മനസ്സില്‍ തെളിഞ്ഞു വന്നു.. വെള്ളം കോരിയതും, മുറിയടച്ചിരുന്ന് വിയര്‍ത്തതും, ആരും സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിച്ചതും .. എല്ലാം.. എലാറ്റിലും പൊതുവായി ചില ഘടകങ്ങള്‍ ഇല്ലേ... ആദ്യം വെള്ളം കോരിയപ്പോള്‍ എഴുത്തച്ഛന്‍ (വെള്ളത്തില്‍ ചിത്രം വരയ്‌ക്കുന്ന പ്രാണി), പിന്നീട് മേശവിളക്കിനു ചുറ്റും കുമിഞ്ഞു കൂടിയ ഈയാം പാറ്റകള്‍, ഇപ്പോള്‍ തവളകള്‍... എല്ലാം എന്നോട് രഹസ്യമായി എന്തോ പറയുവാന്‍ ശ്രമിക്കുകയായിരുന്നില്ലേ...?

"കിട്ടി.... കിട്ടി..." ഞാന്‍ കാടു പിടിച്ച ഇടവഴിയിലൂടെ ഒരു ഭ്രാന്ത്രനെപ്പോലെ ഓടി.. "കിട്ടി.. കിട്ടി..."
പറമ്പില്‍ പുല്ല് അരിഞ്ഞു കൊണ്ടിരുന്ന മാണിക്യമ്മ കാര്യമെന്താണെന്നറിയാന്‍ ഓടി വന്നു..
"കിട്ടി.. കിട്ടി..."
"എന്താ.. എന്താടാ കിട്ട്യേ? പൊന്നാണോ..?", മാണിക്യമ്മ അതിശയത്തോടെ ആരാഞ്ഞു.
"വെളിപാട്.. വെളിപാട്‌..", ഞാന്‍ ഓടി, ഗേറ്റും കഴിഞ്ഞ്, വരമ്പും ചാടിക്കടന്ന് കിണറിന്റെ അടുത്തേക്ക്..

തല കിണറ്റിലേക്കിട്ട് അകത്തേക്ക് നോക്കി.. കിണറ്റില്‍ എഴുത്തച്ഛന്‍ പ്രാണികള്‍ പുതിയ ചിത്രം വരച്ചു കൊണ്ടിരിക്കുന്നു..
"എഴുത്തച്ഛാ...", ഞാന്‍ മന്ത്രിച്ചു. എഴുത്തച്ഛന്‍മാര്‍ ഒരു നിമിഷം ചിത്രം വര നിര്‍ത്തി മുകളിലേക്ക് നോക്കി..
"ഞാന്‍.." എനിക്ക് വാക്കുകള്‍ കിട്ടിയില്ല
"ഒന്നും പറയണ്ട.. ഇപ്പഴെങ്കിലും മനസ്സിലായല്ലോ", ഒരെഴുത്തച്ഛന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു.

ഞാന്‍ പതുക്കെ മുറിയ്‌ക്കകത്ത് കയറി .. ഇയ്യാം‌പാറ്റകളില്‍ ഒരെണ്ണത്തെ കയ്യിലെടുത്ത് കൊഞ്ചിച്ചു..

അന്നു രാത്രി അമ്മ ചെമ്മീന്‍ കറി വിളമ്പി..
ഒരു മിനിട്ട് നേരം ഞാന്‍ മൗനം ഭജിച്ചു.
പിന്നീട്, ഒരു ചെമ്മീന്‍ കയ്യിലെടുത്ത്, സൂക്ഷിച്ചു നോക്കി.. എന്നിട്ട് പറഞ്ഞു:
"ഇത്... ഇത്.. ഇതെന്താന്നറയോ എല്ലാര്‍ക്കും..?"
ഒരു നിമിഷം എല്ലാവരും സ്തബ്ധരായി.. പെട്ടെന്ന് വൈദ്യുതി നിലച്ച പോലെ രംഗം നിശബ്ദമായി...

ഒരു ചെറിയ ഇടവേളയ്ക്കു ശേഷം ഞാന്‍ തുടര്‍ന്നു:
"സൈന്റിഫിക്‍ നെയ്‌മ്‌ - ഡെന്‍ഡ്രോബ്രാങ്കിയാറ്റ;
കിങ്ഡം - ആനിമാലിയ;
ഫൈലം - ആര്‍ത്രോപോഡ;
സബ് ഫൈലം - ക്രസ്റ്റേഷ്യ..."

17 ഓഗസ്റ്റ് 2011

മുറുക്കാന്‍ സ്പ്രേ

ഓരോ കാലത്തെ ട്രെന്‍ഡും, പിന്നെ ഞങ്ങളുടെ പിടിപ്പുകേടിന്റെ ഗതിവിഗതികളും ഒക്കെ നിരീക്ഷിച്ച് തന്ത്രപ്രധാനമായ ചുവടുവെപ്പുകള്‍ നടത്തുന്നതില്‍ അച്ഛനും, അമ്മയും പണ്ടേ ശ്രദ്ധാലുക്കളായിരുന്നു.

പഠിച്ച് പഠിച്ച് അങ്ങ് കോളേജില്‍ എത്തുമ്പോ ബുദ്ധിമുട്ടില്ലാതെ ഇംഗ്ലീഷ് കൈകാര്യം ചെയ്യാന്‍ പറ്റണം എന്ന ദീര്‍ഘവീക്ഷണത്തിലായിരുന്നു പണ്ട് ഇംഗ്ലീഷ് മീഡിയത്തില്‍ ചേര്‍ത്തതത്രേ. പക്ഷെ ഇംഗ്ലീഷ് മീഡിയത്തിലായിട്ട് ഒരു കാര്യോം ഇല്ല - ഗ്രാമര്‍ വളരെ വളരെ പ്രധാനമാണ്‌ - അതാണ്‌ അടിത്തറ. അങ്ങനെ ഒരു തറ പണ്ടേ ഇല്ലാത്തതു കൊണ്ട് കര്‍ത്താവിന്റെ കൂടെ has വെക്കണോ have വെക്കണോ had വെക്കണോ എന്ന് ഇടക്ക് കൺഫ്യൂഷൻ ആകും. അത്തരം സന്ദര്‍ഭങ്ങളില്‍ ഓരോ രീതിയും മനസ്സിൽ സങ്കല്പിച്ച്, ഏറ്റവും പോഷ് പ്രയോഗം അങ്ങോട്ട് വെച്ച് കാച്ചും. പ്ര്സന്റ് പാർട്ടിസിപ്പിളും, പാസ്റ്റ് പെർഫക്റ്റും നിർലോഭം വാരി വിതറും. സയൻസും, സോഷ്യൽ സയൻസും കടന്ന് അങ്ങ് മാത്തമാറ്റിക്സിന്റെ ഉത്തരക്കടലാസുകളിൽ വരെ അനേകം കർത്താക്കൾ, "ഞങ്ങളെന്തു കുറ്റം ചെയ്‌തിട്ടാ ഞങ്ങളെ ഇങ്ങനെ?" എന്ന ചോദ്യവുമായി നിരന്നു നിന്നു..

അങ്ങനെയാണ്‌ പണ്ട് ഗ്രാമര്‍ പഠിക്കാന്‍ ഗംഗാ(ധ)രന്‍ മാഷുടെ വീട്ടില്‍ പോകാന്‍ ഏര്‍പ്പാടാക്കിയത്. ചേച്ചിയെ മാത്രം ചേര്‍ക്കാനായിരുന്നു മാഷിന്റെ പ്ലാന്‍, കാരണം അവിടെ ചേരാനുള്ള മിനിമം യോഗ്യതയായ എട്ടാം ക്ലാസ്സ് അന്ന് ഞാന്‍ കരസ്ഥമാക്കിയിരുന്നില്ല. പക്ഷെ അമ്മയ്‌ക്ക്, ഒരു-വെടിക്ക്-രണ്ട്-പക്ഷി കാഴ്ചപ്പാടായിരുന്നത് കൊണ്ട് - "എന്നാ പിന്നെ ആ ചെക്കനും കൂടി അവടെ ചെന്നിരുന്ന് നാലക്ഷരം പഠിക്കട്ടെ.. അവടം വരെ പോകാന്‍ പെണ്ണിനൊരു കൂട്ടും ആയി" എന്നങ്ങോട്ട് തോന്നിപ്പോയി. അതിനു വേണ്ടി ശ്യാമിന്റെ അമ്മയെക്കൊണ്ട്, എന്റെ പെര്‍ഫോമന്‍സ് പെരുപ്പിച്ച് കാണിച്ച്, പലകുറി റെക്കമന്‍ഡ് ചെയ്യിപ്പിച്ചു. (ശ്യാമിന്റെ അമ്മ പഠിപ്പിച്ചിരുന്ന അതേ സ്കൂളിലായിരുന്നു ഗംഗാരന്‍ മാഷും പഠിപ്പിച്ചിരുന്നത്). അവസാനം ഒരു പരീക്ഷണാടിസ്ഥാനത്തില്‍ ഒന്നുരണ്ടാഴ്ച നോക്കാം എന്ന് മാഷ് സമ്മതിച്ചു. അങ്ങനെ അവധി ദിവസങ്ങളില്‍ ഗ്രാമര്‍ പഠിക്കാന്‍ ഞാനും ചേച്ചിയുടെ കൂടെ പോയിത്തുടങ്ങി.

പൂക്കാടാണ്‌ മാഷുടെ വീട്‌. ബസ്സില്‍ പോകുമ്പോള്‍ പൊയില്‍ക്കാവില്‍ നിന്ന് മിനിമം പോയന്റ്. തിരിച്ച് വരുമ്പോള്‍ പൊയില്‍ക്കാവ് ബസ് ഇറങ്ങി വീട് വരെ നടത്തമാണ്‌. വത്സലട്ടീച്ചറുടെ വീട് കഴിഞ്ഞാല്‍ പിന്നെ ചെമ്മണ്ണിട്ട നാട്ടുവഴിയില്‍ അധികം ആളനക്കം ഉണ്ടാകാറില്ല. ആ വഴി ഓരോരോ കോപ്രായങ്ങള്‍ കാണിച്ച് നടക്കുന്നത്‌ സ്ഥിരം ഏര്‍പ്പാടായിരുന്നു. കോപ്രായം എന്നു വെച്ചാല്‍ അപ്പോ തോന്നുന്നത് പോലെ എന്തെങ്കിലും.

അന്നൊരു ദിവസം പതിവ് പോലെ കോപ്രായം കാട്ടാനുള്ള സമയമായെന്ന് ഉള്‍‌വിളി വന്നു തുടങ്ങി. (ഇങ്ങനെ പലേ അവസരത്തിലും എനിക്ക് ഉള്‍‌വിളികള്‍ തോന്നാറുണ്ടായിരുന്നു). അപ്പോ തോന്നിയത് കണ്ണടച്ച് നടക്കാനാണ്‌. ഇനി വീട്ടിലെത്തുന്നത് വരെ കണ്ണടച്ച് നടക്കും. ഇക്കാര്യം ചേച്ചിയെ അറിയിച്ചു, എന്നിട്ട്, കണ്ണടച്ചിരുട്ടാക്കി നടന്നു തുടങ്ങി. ചേച്ചിയെ മുട്ടി ആണ്‌ നടപ്പ്, അതു കൊണ്ട് മതിലു തട്ടുമെന്നോ വഴി തെറ്റുമെന്നോ ഭയമില്ല.

കണ്ണടച്ച് നടത്തം അതിന്റെ എല്ലാ ത്രില്ലോടും കൂടി പുരോഗമിക്കുന്നു. എവിടെ എത്തിയിട്ടുണ്ടാകും? ഒരേ നടത്തം, ഇടം കണ്ണിട്ട് നോക്കുവാന്‍ മനസ്സ് അനുവദിക്കുന്നില്ല. ത്രില്ല് നഷ്ടപ്പെടില്ലേ.. നിത്യവും നടക്കുന്ന വഴികള്‍, ഒരിടത്ത് നിന്ന് അപ്രത്യക്ഷനായി വേറൊരിടത്ത് പ്രത്യക്ഷപ്പെടുന്ന ഒരു സുഖം.. അതിലേക്കാണ്‌ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്.. ഏകദേശം ഒരു കിലോമീറ്ററോളം ഇങ്ങനെ വഴി കാണാതെ നടന്ന്, സ്വന്തം വീട്ടില്‍ വെച്ച് പ്രത്യക്ഷപ്പെടുന്നു.. അതൊക്കെ ഉള്ളില്‍ കണ്ട് കൊണ്ട് കണ്ണില്ലാത്തവരുടെ ലോകത്തില്‍ ഒരാളായി ഞാനും നടന്നു.

രവീന്ദ്രേട്ടന്റെ കടയിലെ, കൗമാരം നഷ്ടപ്പെടാത്ത "വെറ്റിലാടക്ക", ഒരു നുള്ള് "പൊകല"യും, ചുണ്ണാമ്പും തേച്ച് മടക്കി വായിലിട്ട്, ചവച്ച് നീരിറക്കി, സ്ഥിരം വേഷമായ തോര്‍ത്ത്മുണ്ടും ഉടുത്ത് എതിര്‍ ദിശയില്‍ വന്നു കൊണ്ടിരിക്കുകയായിരുന്നു പപ്പേട്ടന്റെ അച്ഛന്‍..

"ഡാ.. ആള്‌ വരുന്നു ആള്‌..", ചേച്ചി സിഗ്നല്‍ തന്നു.
"ങേ.. ആരാ..?", ഞാന്‍ തിരക്കി.
"ഡാ പപ്പേട്ടന്റെ അച്ഛന്‍. കണ്ണ് തോറക്കെടാ..".
"അയാള്‌ സൈഡീക്കൂടെ പൊക്കോളും.. കണ്ണ് തൊറക്കൂല..", നെറ്റി ചുളിച്ച് കൊണ്ട് ഞാന്‍ പറഞ്ഞു.
"എത്താനായോ? എത്താനായോ?", ഞാന്‍ അക്ഷമയോടെ ചോദിച്ചു
ഒരു മറുപടിയുമില്ല..
"എത്താനായോന്ന്‌..", കൈ പിടിച്ച് കുലുക്കിക്കൊണ്ട് ഞാന്‍ വീണ്ടും ചോദിച്ചു.
ഒരു മറുപടിയുമില്ല..
ചോദ്യങ്ങള്‍ക്ക് മറുപടി കിട്ടാത്ത അന്ധന്റെ അവസ്ഥ..

പെട്ടെന്ന് ഒരു പരു പരുത്ത കൈ എന്റെ തോളത്ത് പതിച്ചപ്പോള്‍ ഞാന്‍ ഞെട്ടിത്തരിച്ചു.. അപ്പോഴുണ്ടായ വെപ്രാളത്തില്‍ കണ്ണുകള്‍ തുറന്നു പോയി..

തൊട്ടു മുമ്പില്‍ പപ്പേട്ടന്റെ അച്ഛന്‍ ഒരു അസ്വാഭാവികത മണത്തറിഞ്ഞ്‌ അത് സോള്‍‌വ് ചെയ്യാനുള്ള ആവേശത്തോടെ നില്‍‌ക്കുകയാണ്‌..

"എന്താ മോനേ എണക്ക് പറ്റ്യേത്?"

"അത്... അത്...." ഞാന്‍ ആകെ പരുങ്ങി.
ചേച്ചി "ഞാനൊന്നും അറിഞ്ഞില്ലേ" എന്ന ഭാവത്തോടെ ഇത്തിരി മാറി നിന്നു..

"എന്റെ* കണ്ണിനെന്ത് പറ്റി കുഞ്ഞുമ്മോനെ?", മേലാസകലം പിടിച്ച് കുലുക്കിക്കൊണ്ട് അയാള്‍ ചോദിച്ചു.

"അത് ഒരു കരഡ് പോയതാ..", വളരെ സ്വാഭാവികമായ ഒരു നുണ തട്ടി വിട്ടു.

"കണ്ണ് കരഡ് പോയിട്ട് ഇങ്ങനെ നടക്ക്വാ? എന്റെ* ഏത് കണ്ണിലാ കരഡ് പോയേ?"

"ഇക്കണ്ണില്‌", വലത്തേ കണ്ണ് കൈ കൊണ്ട് കാണിച്ച് ഞാന്‍ പറഞ്ഞു.

പിന്നെ ഒന്നും ചോദിക്കാനും പറയാനും നില്‍ക്കാതെ കോടാലി പിടിച്ച്‌ തഴമ്പ് വന്ന പരു പരുത്ത കൈകള്‍ കൊണ്ട് എന്റെ മുഖം അമര്‍ത്തിപ്പിടിച്ചു. എന്നിട്ട്, അപ്പംവിരലും ചൂണ്ട് വിരലും ചേര്‍ത്ത് കണ്‍പോളകള്‍ വിടര്‍ത്തി തുറപ്പിച്ച്, സകല ശക്തിയുമെടുത്ത് കണ്ണിലേക്ക് ഊതി. വെറ്റിലാടക്കയും, പൊകലയും, നൂറും, ഉമിനീരില്‍ ചാലിച്ച ലായിനി spray ആയി ഓരോ ഊത്തിലും മുഖത്ത് വീണുകൊണ്ടിരുന്നു.

"യ്യോ..", ഞാന്‍ ഉറച്ച ആ കൈകളില്‍ കിടന്ന് പിടഞ്ഞു.

മൂന്ന് ഊത്ത് കഴിഞ്ഞപ്പോ ഞാന്‍ അലറി, "പോയി, പോയി.. ഇപ്പൊ പോയി.. കൊയപ്പല്ല, സുഗണ്ട്.. മതീ....."

"ഇഞ്ഞാടക്ക് മോനെ..", എന്നു പറഞ്ഞ് രണ്ട് തവണ കൂടി മുറുക്കാന്‍ spray ഊതിയ ശേഷം അയാള്‍ പിന്മാറി... എന്നിട്ട്‌, ഇനി എന്തു ചെയ്യണം എന്നതിനെ കുറിച്ച് രണ്ട് മിനിട്ട് നേരം ഉപദേശിച്ചു:

"ഇഞ്ഞിണ്ടല്ലോ വീട്ട് പോയ പാഡേ ഒരു പാനേല്‌, നല്ല കോരി വെച്ച പച്ച വെള്ളം എഡുക്ക്വ..
ന്നിറ്റ്, രണ്ട് കയ്യിലും വെള്ളം നറച്ചെടുത്തിറ്റ് കണ്ണിന്റാത്തേക്ക് ശക്ക്‌തീല്‌ ഒഴിക്ക്യ.. മനസ്സിലായോ..?"

"ഉം..", മുഖം തുടച്ചു കൊണ്ട് ഞാന്‍ മൂളി.

"കരഡും പോയിറ്റ് കണ്ണും പൂട്ടി നഡക്കലാ ഞ്ഞ്.. നല്ല കോളായിപ്പോയി..", എന്നൊക്കെ ആശ്വസിപ്പിക്കുമ്പോള്‍, കരട് പോയ ആശ്വാസം മുഖത്തു വരുത്തുവാന്‍ പാടു പെടുകയായിരുന്നു ഞാന്‍. നുണ പറയേണ്ടി വന്നതില്‍ ഒരു വിഷമവും തോന്നിയില്ല. അതു കാരണം വെറുതെ ആ വഴി പോയ ആളെ മിനക്കെടുത്തിയതില്‍ ഒരു ചെറിയ ഫീലിംഗ്സ് തോന്നി.

വായില്‍ അവശേഷിച്ചിരുന്ന അടക്കാക്കഷണത്തെ - "ഇപ്പൊ ശരിയാക്കിത്തരാം" എന്ന ഭാവത്തോടെ ചവച്ചു കൊണ്ട്, മെല്ലെ, ഒരു പ്രശ്നം പരിഹരിച്ച ചാരിതാര്‍ത്ഥ്യത്തോടെ അയാള്‍ നടന്നകന്നു; ഇനിയും ഉള്‍‌വിളികള്‍ വരല്ലേ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് ഞാനും.

*എന്റെ എന്ന വാമോഴിക്ക്‌ ആ ഭാഗത്ത്‌ നിന്റെ എന്നാണര്‍ത്ഥം

25 മേയ് 2011

വീഡിയോ മൊയ്‌ലാളി

വരന്‍ : "ആരോട് ചോദിച്ചിട്ടാ ഇതൊക്കെ ഏര്‍പ്പാടാക്ക്യേത്‌ന്ന്????"
വരന്റെ അച്ഛന്‍ : "ദേ നീ ഞങ്ങടെ മെക്ക്ട്ട് കേറാന്‍ വരണ്ട.. ഇതൊക്കെ ആണ്‌ നാട്ട്നടപ്പ്.. നിനക്ക് മാത്രം എന്താ ഇപ്പോ? ആരാ നീയ്.. വീഡിയോ വേണ്ടാന്ന് പറയാന്‍.. എന്താ നിന്റെ വിചാരം.."
വരന്‍ : "ഓരോരോ കോപ്രായങ്ങള്‌..! ഭയങ്കര ബോറാകും.. പിന്നെ കുറെ കാശും ലാഭിയ്‌ക്കാം. ഇതൊക്കെ കണ്ടോണ്ടാണ്‌ നേരത്തേ പറഞ്ഞേ, വീഡിയോ വേണ്ടാന്ന്‌! അത്രക്ക് നിര്‍ബന്ധം ആണേല്‌ സ്റ്റില്‍ ഫോട്ടോസ് എടുത്തോട്ടേ.. ഇനീം സമയണ്ട്.. വിളിച്ച് പറ ആ വീഡിയോക്കാരോട്, കേന്‍‌സല്‍ ചെയ്‌തൂന്ന്.."
വരന്റെ അച്ഛന്‍ : "ഒന്ന് പോടാ അവടന്ന്.. ആകെ ഒരു കല്ല്യാണല്ലേ ഒള്ളൂ.. കാലം കൊറെ കഴിയുമ്പഴാ ഇതൊക്കെ ഒന്നൂടെ കാണുന്നേന്റെ ഒരു സുഖം. ഇതിന്റെ ഒന്നും വെല ഇപ്പോ നിനക്ക് മനസ്സിലാവൂല.."
വരന്‍ : "വെറ്തേ തോന്ന്വാ.. ഇതിന്റെ വെല പെട്ടെന്ന് നിങ്ങക്കൊക്കെ മനസ്സിലാകും. പത്ത് പതിനയ്യായിരം രൂപ എന്തായാലും ആവും."
വരന്റെ അച്ഛന്‍ : "കാശ് ഞാന്‍ വഹിച്ചോളാം.. പൊന്നുമോന്‍ അതോര്‍ത്ത് വെഷമിക്കണ്ട.."
വരന്‍ : "അപ്പോ നിങ്ങടെ ഒക്കെ തീരുമാനത്തില്‍ ഒരു മാറ്റോം ഇല്ലാ??"
വരന്റെ അച്ഛന്‍ : "ഇല്ല.."
വരന്‍ : "അനുഭവിച്ചോ.. എല്ലാരും കൂടി അനുഭവിച്ചോ.. ഇന്നാള്‌ ഒരു ഫ്രണ്ടിന്റെ വീട്ടില്‌ വീഡിയോക്കാര്‌ വരാന്‍ വൈകി. എന്നിട്ട് മുഹൂര്‍ത്തം വരെ തെറ്റി.."
വരന്റെ അച്ഛന്‍ : "ഓ.. അങ്ങനെ വല്ലോം സംഭവിച്ചാല്‍ വിധി ആണെന്ന് അങ്ങോട്ട് കരുതും.."
വരന്‍ : "ഫാദര്‍...... എങ്ങനെ ഇങ്ങനെ ക്രൂരമായി സംസാരിക്കാന്‍ കഴിയുന്നു..?"
വരന്റെ അച്ഛന്‍ : "ഒന്നു പോടാ."
വരന്റെ അച്ഛന്‍ : "കാലത്ത് ഏഴ് മണിക്ക് ഇവടന്ന് എറങ്ങണം. അപ്പോ ആറ് മണിക്ക് അവര്‌ വരും.."
വരന്‍ : "മാലേം ബൊക്കേം കൊണ്ട് വരുന്നോരെ കാര്യല്ലേ? അവര്‌ തലേ ദിവസം രാത്രി തന്നെ വരുംന്ന് പറഞ്ഞിട്ട്ണ്ട്."
വരന്റെ അച്ഛന്‍ : "അല്ല.. വീഡിയോക്കാരെ കാര്യാ പറഞ്ഞേ.."
വരന്‍ : "എന്റീശ്വരാ. അവരെന്തിനാ ആറ് മണീക്ക് വരുന്നേ..?"
വരന്റെ അച്ഛന്‍ : "മൊത്തത്തില്‌ പിടിക്കട്ടെ.. കണ്ടിട്ടില്ലേ വീഡിയോലൊക്കെ.. പരിസരോം.. ആള്‍ക്കാരും.. ഒക്കെ പിടിക്കട്ടെ."


രംഗം ഒന്ന് - പ്രഭാതം - വരന്റെ മുറി
------------------------------------------
വീഡിയോക്കാരന്‍: "സ്മൈല്‍.. "
വരന്‍ :     :-|
വീഡിയോക്കാരന്‍: "സ്മൈല്‍....... "
വരന്‍ :     :-}

വീഡിയോക്കാരന്‍: "ചേട്ടന്‍ വല്ലാണ്ട് മസില്‌ പിടിക്കുന്നുണ്ട്‌.. ചുമ്മാ സ്മൈല്‍....."
വരന്‍ :     :-&
വീഡിയോക്കാരന്‍: "ഡാ.. അതൊന്ന് കാണിച്ച് കൊടുത്തേ.. ഇത് ഇത്തിരി മെന പിടിച്ച കേസാ.."
(ലൈറ്റ് പിടിച്ചിരുന്ന ആള്‍ ഓടി വന്ന് വിദൂരതയിലുള്ള മൈനയെ നോക്കി പുഞ്ചിരിച്ച് കൊണ്ട് പോസ് ചെയ്‌ത ശേഷം ഓടിപ്പോകുന്നു..)
വീഡിയോക്കാരന്‍: "ഓക്കെ..?"
വരന്‍ : "ഉം."
വീഡിയോക്കാരന്‍: "റെഡിയല്ലേ?"
വരന്‍ : "ഉം..."
വീഡിയോക്കാരന്‍: "സ്മയില്‍..."
വരന്‍ :       :->
വീഡിയോക്കാരന്‍: "ശോ.."
(വീഡിയോക്കാരന്‍ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ സ്റ്റില്ലനോട്)
വീഡിയോക്കാരന്‍: "ചേട്ടാ.. ആ ഫോട്ടോ ഒന്ന് കാണിച്ച് കൊട്.. അത്‌ കാണുമ്പോ മനസ്സിലാകും ഇപ്പോ എങ്ങനത്തെ "സ്മൈല്‍" ആണെന്ന്.."
(സ്റ്റില്ലന്‍ അവസാനത്തെ ഒന്നു രണ്ട് ഫോട്ടോസ് കാണിച്ചു കൊടുക്കുന്നു..)
വരന്‍ : "ഓഹോ.. ഇങ്ങനെ ആരുന്നല്ലേ.. ഇത് നേരത്തേ കാണിച്ചൂടായിരുന്നോ.. വെറ്തേ ഇത്രേം സമയം വേസ്റ്റ് ആക്കി.."
വീഡിയോക്കാരന്‍: ആഹാ. ഇങ്ങനെ തന്നെ... കമോണ്‍.. സ്മൈല്‍........
വരന്‍ :     :-@
വീഡിയോക്കാരന്‍: ഓ.. വളരെ നന്നായിട്ടുണ്ട്.. നമ്മക്ക് കൊറച്ച് സ്നേപ്‌സ് എടുക്കാം..?
വീഡിയോക്കാരന്‍: "ദാ.. കൈ രണ്ടും ഇങ്ങനെ വെച്ചു നിന്നേ.."
വരന്‍ : "നിന്നു"
വീഡിയോക്കാരന്‍: "കൈ കെട്ടിയിട്ട് ഒന്നു സ്മൈല്‍.."
വരന്‍ : "കെട്ടി" :-@
വീഡിയോക്കാരന്‍: "ഇനി തൂണും ചാരി ഇടത്തോട്ട് നോക്കി ഒരു സ്മൈല്‍.."
വരന്‍ : "ചാരി" :-@
വീഡിയോക്കാരന്‍: "കാലുമ്മേ കാലു കേറ്റി വെച്ച് ഒരു സ്മൈല്‍.."
വരന്‍ : "കേറ്റി" :-@
വീഡിയോക്കാരന്‍: "വലത്തേ കാല്‌ ഇത്തിരി മുന്നോട്ട് വെച്ച് ഒരു സ്മൈല്‍.."
വരന്‍ : "വെച്ചു" :-@
വീഡിയോക്കാരന്‍: "വലത്തേ കൈമുട്ട് ബാല്‍ക്കണിത്തിണ്ണയില്‍ കുത്തിവെച്ച് കുനിഞ്ഞു നിന്ന് ഒരു സീരിയസ് സ്മൈല്‍.."
വരന്‍ : "കുത്തി" :-@
വീഡിയോക്കാരന്‍: "മതി.. ലൈറ്റ്സ് ഓഫ്.. "

രംഗം രണ്ട് - ഒരുക്കം
-------------------------
വീഡിയോക്കാരന്‍: "ഒരുങ്ങാം?"
വരന്‍ : "ഒരുങ്ങിയല്ലോ? ഒരുങ്ങീട്ടല്ലേ ഇത്രേം ഷൂട്ട് ചെയ്‌തേ?"
വീഡിയോക്കാരന്‍: "വീഡിയോഗ്രാഫിയെക്കുറിച്ച് നിങ്ങള്‍ക്കെന്തറിയാം?"
വരന്‍ : "ങേ..?"
വീഡിയോക്കാരന്‍: "ചേട്ടാ.. അതു വേറേ സീന്‍. ഇതു വേറേ സീന്‍. രണ്ടും കൂടി കൂട്ടിക്കൊഴക്കല്ലേ..
പിന്നെ.. ഒരു കാര്യം.. ഇങ്ങോട്ട് ചോദ്യങ്ങള്‍ വേണ്ട. എന്തൊക്കെയാ വേണ്ടേന്ന് അങ്ങോട്ട് പറയും.. ഓക്കെ?"
വരന്‍ : "ശരി മൊയലാളീ.."
വീഡിയോക്കാരന്‍: "രണ്ട് ബട്ടന്‍ ഊര്‌.. കൈ മടക്കി വെച്ചതഴിക്ക്.."
വീഡിയോക്കാരന്‍: "രണ്ടാള്‍ക്കാരെ ഇങ്ങോട്ട് വിളിക്ക്‌.. ഒരുക്കാന്‍.. വേം......" (വീഡിയോ അലറി)
"അതേയ്.. ആള്‍ക്കാരെ വിളിക്കുന്നു.. ഒരുക്കാന്‍.." (താഴെ ബന്ധു)
വീഡിയോക്കാരന്‍: "രണ്ടാള്‌ മതീട്ടാ.. വേഗാവട്ടെ.."
(രണ്ടു പേര്‍ പുഞ്ചിരിയോടെ മുറിയ്‌ക്കകത്തേക്ക് പ്രവേശിക്കുന്നു)

വീഡിയോക്കാരന്‍: "രണ്ടു വശത്തും നിന്ന് കൊണ്ട് മടക്കൂ.."
"മടക്കി സാറേ.."
വീഡിയോക്കാരന്‍: "ഒരാള്‍ ബട്ടനിടൂ.."
"ഇട്ടു സാറേ.."
വീഡിയോക്കാരന്‍: "വെറുതേ കോളറിനു പിടിക്കൂ.."
"പിടിച്ചു സാറേ.."
വീഡിയോക്കാരന്‍: "അത്രേം മതി.. ലൈറ്റ്സ് ഓഫ്.. "

രംഗം മൂന്ന് - കാല്‌ പിടുത്തം
--------------------------------
വീഡിയോക്കാരന്‍: "സ്ലോ മോഷനില്‍ എറങ്ങി വരണം.. പറഞ്ഞിട്ട് മതി."
(വീഡിയോ യന്ത്രത്തിന്റെ പൊസിഷന്‍ ശരിയാക്കുന്നു)
വീഡിയോക്കാരന്‍: "വാ വാ.. എറങ്ങിപ്പോരേ.."
(വരന്‍ സ്ലോ മോഷനില്‍ ഇറങ്ങി വരുന്നു)
വീഡിയോക്കാരന്‍: "ചെറിയൊരു കൊഴപ്പം പോലെ.. ഒന്നൂടെ കേറിയേ... പറഞ്ഞിട്ട് എറങ്ങിയാ മതീട്ടാ.."
(വീഡിയോക്കാരന്‍ വീഡിയോ യന്ത്രത്തിന്റെ സഞ്ചാരപഥം നിര്‍ണ്ണയിക്കാനുള്ള അവസാന വട്ട റിഹേഴ്സല്‍ പൂര്‍ത്തിയാക്കുന്നു)
വീഡിയോക്കാരന്‍: "എറങ്ങിപ്പോരേ.."
(വരന്‍ വീണ്ടും സ്ലോ മോഷനില്‍ ഇറങ്ങി വരുന്നു)
വീഡിയോക്കാരന്‍: സം വാട് ബെറ്റെര്‍..

വീഡിയോക്കാരന്‍: "കാല്‌ പിടിക്കണ്ടോരൊക്കെ പോരേ..."
വീഡിയോക്കാരന്‍: "പിടിക്കല്ലേ.. പറയാം.. ഓക്കെ..."
"റെഡി... ഓക്കെ.. ങാ പിടിച്ചോ."
വരന്‍ : "പിടിച്ചു"
...
...
വീഡിയോക്കാരന്‍: "പിടിച്ചോ.."
വരന്‍ : "പിടിച്ചു"
...
...

വീഡിയോക്കാരന്‍: "ലൈറ്റ്സ് ഓഫ്.."

രംഗം നാല്‌ - കൂട്ട ഫോട്ടോ
-------------------------------
സ്റ്റില്ലന്‍ : "അച്ഛനും അമ്മേം നിന്നേ.."
(അച്ഛനും അമ്മേം വന്നു നിന്നു ചിരിക്കുന്നു)
സ്റ്റില്ലന്‍ : "നിങ്ങളൊക്കെ കുടും‌ബപരമായി മസിലു പിടിത്തക്കാരാണോ?"
വരന്‍ : "ഫാദര്‍.. അനുഭവിച്ചോ.. അനുഭവിച്ചോ.." (രഹസ്യം)
സ്റ്റില്ലന്‍ : "എന്താദ്.. ഇതു ഫോട്ടോ ആണ്‌ വീഡിയോ അല്ല, സംസാരിക്കുന്നതു പോലെ അഭിനയിക്കാന്‍.."
വരന്‍ : "അഭിനയിച്ചതല്ല.. ശരിക്കും സംസാരിച്ചതാ..."
വരന്റെ ബന്ധു : "രാഹുകാലത്തിനു മുമ്പേ എറങ്ങണം.."
വീഡിയോക്കാരന്‍ : "ഞാന്‍ പറയും.. അപ്പോ എറങ്ങിയാ മതി.."
സ്റ്റില്ലന്‍ : "മാമന്‍‌മാരും അമ്മായിമാരും വന്നു നിന്നേ.."
...
സ്റ്റില്ലന്‍ : "ഇനി അമ്മാമ്മമാര്‌..."
...
വരന്റെ ബന്ധു : "സമയായി.."
സ്റ്റില്ലന്‍ : "പത്തമ്പത് കല്ല്യാണം ഷൂട്ട് ചെയ്‌ത എക്‍സ്പീരിയന്‍സോണ്ട് പറയ്വാ.. വെറുതെയാ ഈ ധൃതി.. രാഹു ഇത്തിരി അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ അഡ്ജസ്റ്റ് ചെയ്യാം.."
വീഡിയോക്കാരന്‍: "ലൈറ്റ്സ് ഓഫ്.."

രംഗം അഞ്ച് - എറക്കം
-------------------------
വീഡിയോക്കാരന്‍: "എല്ലാരും കൂടി നിന്നേ.. ഇങ്ങനെ ചെതറി നിക്കാണ്ട്.. പിന്നെ വീഡിയോ കിട്ടീട്ട് അങ്ങനെ കിട്ടിയില്ല, ഇങ്ങനെ കിട്ടിയില്ല എന്നൊന്നും പറയരുത്‌.."
(എല്ലാവരും നാലുപാടും നിന്ന് ഒരുമിച്ചു കൂടുന്നു.. ഫില്‍ ആവാത്ത ഗേപ് അഡ്ജസ്റ്റ് ചെയ്യുന്നു.. വീഡിയോക്കാരന്റെ യന്ത്രം ചെടിച്ചട്ടിക്കിടയിലൂടെ, പൂവിനെ തഴുകി, പതിനെട്ടാം‌പട്ട തെങ്ങും താണ്ടി വരന്റെ മോറിലേക്ക്..)
വീഡിയോക്കാരന്‍: ഡോറിനടുത്തേക്ക് നടന്നു വരൂ..
(വരന്‍ പതുക്കെ നടന്നടുക്കുന്നു)
വീഡിയോക്കാരന്‍: ഓക്കെ..
വീഡിയോക്കാരന്‍: ഡോര്‍ തുറക്കൂ.. കേറരുത്‌..!!!!!!!!
(വരന്‍ ഡോറ് തുറക്കുന്നു)
വീഡിയോക്കാരന്‍: ഓക്കെ..
വീഡിയോക്കാരന്‍: കേറൂ..
(വരന്‍ അകത്തേക്ക് കേറുന്നു..)
വീഡിയോക്കാരന്‍: ഓക്കെ ദാറ്റ്സ് ഇറ്റ്..
(വീഡിയോക്കാര്‍ന്‍ നെട്ടിയില്‍ നിന്നുതിര്‍ന്ന വിയര്‍പ്പു തുള്ളികള്‍ വലതു ചൂണ്ടാണി വിരലു കൊണ്ടു വടിച്ച് മുറ്റത്തേക്ക് തളിക്കുന്നു)

രംഗം ആറ് - ദി കാര്‍
--------------------------
(വരന്റെ മൊബൈലില്‍ അറിയാത്ത നംബറില്‍ നിന്ന് വിളി..)
"വരാന്‍ പറ്റാഞ്ഞ ഏതോ സുഹൃത്ത് ആശംസ പറയാന്‍ വിളിക്കുന്നതാകും... അല്ലേല്‍ വഴി അറിയാത്ത ആരെങ്കിലും വിളിക്കുന്നതാകും.. അല്ലാതെ വേറേ ആരാ ഇപ്പൊ വിളിക്കാന്‍..
"
വരന്‍ : "ഹലോ.."
അജ്ഞാതന്‍ : "ഹലോ.. ഞാന്‍ വീഡിയോ ആണ്‌.."
വീഡിയോക്കാരന്‍ : "ഈ നമ്പര്‍, 'വീഡിയൊ' എന്നു സേവ് ചെയ്‌തോളൂ..."
വരന്‍ : "പണ്ടാരം.. പിന്നേം വന്നോ.." (ഗദ്ഗദം)
വീഡിയോക്കാരന്‍ : "പിന്നേ... അതേയ്.."
വരന്‍ : "ങാ.. കേക്കുന്ന്‌ണ്ട്‌.. കേക്കുന്ന്‌ണ്ട്‌.. പറഞ്ഞോ..."
വീഡിയോക്കാരന്‍ : "യാതൊരു കാരണവശാലും ഞങ്ങളെത്താണ്ട്‌ കാറീന്ന് എറങ്ങരുത്... കേട്ടോ.."
വരന്‍ : "ങാ.. കേട്ടു.."
വീഡിയോക്കാരന്‍ : "നമ്പര്‍ സേവ് ചെയ്യാന്‍ മറക്കല്ലേ.."
വരന്‍ : "ഇല്ല.. ചെയ്‌തേക്കാം.. ബൈ.."

വരന്റെ അച്ഛന്‍ : "എന്താ മോനേ?"
വരന്‍ : "ഒന്നുമില്ലച്ഛാ.."
വരന്റെ അച്ഛന്‍ : "എങ്ങനുണ്ട് നമ്മടെ വീഡിയോ ഷൂട്ട്..?"
വരന്‍ : "ഷൂട്ടിയിടത്തോളം അസ്സലായിട്ടുണ്ട്..."
വരന്‍ : "ഇനി കല്ല്യാണം...അതിനു ശേഷമുള്ള കൂട്ടഫോട്ടോ.. വീഡിയോ... പിന്നെ യാത്ര തിരിക്കല്‍... വീട്ടില്‍ കേറല്‍...റിസപ്ഷന്‍...... എന്റമ്മോ...." (ഗദ്ഗദം)


വിവാഹവും ഷൂട്ടിംഗും കഴിഞ്ഞ്‌ വധൂഗൃഹത്തില്‍ നിന്നും തിരിച്ച് വീട്ടിലേക്ക് പോകും വഴി വരന്റെ മൊബൈലിലേക്ക് വീണ്ടും - വീഡിയോ കോളിങ്...
വീഡിയോക്കാരന്‍ : "പിന്നേ... അതേയ്.."
വരന്‍ : "ഇല്ല നിങ്ങളെത്താണ്ട്‌ എറങ്ങുന്ന പ്രശ്നമില്ല... സമാധാനമായിരിക്കൂ.. ഞാനല്ലേ പറയുന്നത്‌......"
വീഡിയോക്കാരന്‍ (ആനന്ദാശ്രുക്കളോടെ) : "വൈകിയാണെങ്കിലും ഈ വീഡിയോക്കാരനെ മനസ്സിലാക്കിയല്ലോ.. അതു മതി....."

13 ഫെബ്രുവരി 2011

പോസിറ്റിവ് പോസിറ്റിവ്

വെള്ളിയാഴ്ച വൈകുന്നേരം ഞാനും ഒരു സുഹൃത്തും കറങ്ങാന്‍ ഇറങ്ങി. ബസ്സ്‌ സ്റ്റോപ്പിൽ നല്ല തിരക്ക്‌. ബസ്സ്‌ വന്നപ്പോൾ ഈച്ച ചക്കച്ചൊള പൊതിയുന്നതു പോലെ എല്ലാവരും കൂടി വാതിലിനു ചുറ്റും പൊതിഞ്ഞു.

ഇടികൊണ്ട്‌ ഗതി കെട്ട പ്രായമായ ആൾ പറഞ്ഞു - "എന്താ **** തള്ളുന്നത്?".

"തിരക്കുള്ളോരൊക്കെ കേറട്ടെ.. അടുത്ത ബസ്സ് വരട്ടെ..", അലസരായി ഞങ്ങള്‍ ഒരു
ഭാഗത്ത് മാറി നിന്നു

അടുത്ത ബസ്സ് വന്നു.. വീണ്ടും തള്ളിക്കയറ്റം.

"വാ കേറാം. നിക്കാന്‍ സ്ഥലണ്ട്", ഞങ്ങള്‍ അകത്തു കയറി

അകത്ത് ഇരുട്ട്, ശ്വാസം മുട്ടല്‍..

"ഡാ, ദാ ബേക്കില്‌ കാലി ബസ്സ്, ഇരുന്ന് പോകാം", പുറകിലെ ബസ്സില്‍ കയറി ഇരുന്നു.

ബസ്സിനകത്ത് സ്ഥിരം കാഴ്ചകള്‍. ഇനിയും ഇങ്ങനെ ഇരുന്നാല്‍ ഭ്രാന്ത് പിടിയ്‌ക്കും..

ഞാന്‍ - "എടാ, എനിക്ക് ആകെ മൂഡ് ഔട്ട്"
അവന്‍ - "ഉം."
ഞാന്‍ - "എന്താന്നറഞ്ഞൂടാ... വെറുതെ"
അവന്‍ - "എനിക്കാണെങ്കിൽ നാട്ടിൽ പോയി കൃഷി ചെയ്‌താലോ എന്ന് ഒരു ചിന്ത ഇണ്ട്‌"
ഞാന്‍ - "എന്നാ നീ റിസൈന്‍ ചെയ്‌ത് നാട്ടില്‍ പോയി കൃഷി ചെയ്യ്.."
അവന്‍ - "അല്ലെങ്കില്‍ വേണ്ട ഞാന്‍ ഭയങ്കര പോസിറ്റിവ് ആവാന്‍ പോവുകയാണ്‌.. പോസിറ്റിവ് പോസിറ്റിവ് പോസിറ്റിവ് പോസിറ്റിവ് "
ഞാന്‍ - "പോസിറ്റിവ് പോസിറ്റിവ് പോസിറ്റിവ് പോസിറ്റിവ്"
അവന്‍ - "always think പോസിറ്റിവ് പോസിറ്റിവ് പോസിറ്റിവ് പോസിറ്റിവ്"
ഞാന്‍ - "പോസിറ്റിവ് പോസിറ്റിവ് പോസിറ്റിവ് പോസിറ്റിവ്"
അവന്‍ - "പോസിറ്റിവ് പോസിറ്റിവ് പോസിറ്റിവ് പോസിറ്റിവ്"
ഞാന്‍ - "always think പോസിറ്റിവ് പോസിറ്റിവ് പോസിറ്റിവ് പോസിറ്റിവ്"

മുന്നിലിരിക്കുന്ന ആള്‍ ഇടംകണ്ണിട്ട് സംശയത്തോടെ തിരിഞ്ഞു നോക്കി..

ഞാന്‍ - "എടാ മുമ്പിലിരിക്കുന്ന വരുത്തനെ കാണാന്‍ ജയേഷിന്റെ പോലുണ്ട്"
അവന്‍ - "ജയേഷിന്റെ താടി"
ഞാന്‍ - "ജയേഷിന്റെ മൂക്ക്"
അവന്‍ - "ജയേഷിന്റെ പല്ല്"
ഞാന്‍ - "ജയേഷിന്റെ തല"
അവന്‍ - "ജയേഷിന്റെ കയ്യ്"
അവന്‍ - "ഇനി ബാക്കി അഞ്ചാളെ കൂടി കണ്ടു പിടിയ്‌ക്കണം.."
ഞാന്‍ - "അതെന്തിനാ അഞ്ചാള്‌..?"
അവന്‍ - "ഒരാളെപ്പോലെ ഏഴാളുണ്ടല്ലോ.."
ഞാന്‍ - "ഡാ.. ദാ പുറത്തും ജയേഷിന്റെ പോലെ വേറേ ഒരാള്‌..."
അവന്‍ - "അപ്പോ ഇനി നാലാളെ കൂടി കാണണം.."
ഞാന്‍ - "ഉം..."
അവന്‍ - "കുറേ എനര്‍ജി വേണം.."
ഞാന്‍ - "അതെ.. അതെന്തായാലും വേണം."
അവന്‍ - "എന്തും ചെയ്യാനുള്ള ചങ്കൂറ്റം വേണം."
ഞാന്‍ - "എടാ അതൊക്കെ പറ്റ്വോ..?"
അവന്‍ - "നെഗറ്റിവ്‌..? always think പോസിറ്റിവ്‌ പോസിറ്റിവ്‌ പോസിറ്റിവ്‌
പോസിറ്റിവ്‌"
ഞാന്‍ - "always think പോസിറ്റിവ്‌ പോസിറ്റിവ്‌ പോസിറ്റിവ്‌
പോസിറ്റിവ്‌"
അവന്‍ - "പോസിറ്റീവ് പോസിറ്റീവ് പോസിറ്റീവ് പോസിറ്റീവ്"
ഞാന്‍ - "പോസിറ്റീവ് പോസിറ്റീവ് പോസിറ്റീവ് പോസിറ്റീവ്"

പൈപ് ലൈന്‍ ജങ്ക്ഷന്‍ ആയപ്പോള്‍ ബസ്സ് നിര്‍ത്തി. ഞങ്ങള്‍ പതുക്കെ വാതിലിനടുത്തേക്ക് നടന്നപ്പോഴേക്കും ബസ്സ് start ചെയ്‌തു..

അവന്‍ - "ശ്..എനര്‍ജി.."
ഞാന്‍ - "ഉം.."
ഞാന്‍ കണ്ടക്ടറോട് ഉറക്കെ വിളിച്ചു പറഞ്ഞു - "ആളെറങ്ങാനുണ്ട്........."
ഞാന്‍ - "ശ്.. ഡാ.. ചങ്കൂറ്റം.."
അവന്‍ - "ഉം.. ഓക്കെ"
ഞങ്ങള്‍ ബെല്ലിന്റെ കയറില്‍ കേറി തൂങ്ങി - "പഠേ..." സിംഗിള്‍ ബെല്‍ അടിച്ചു തകര്‍ത്തു.

കണ്ടക്ടര്‍ - "സ്റ്റോപ്പായിട്ടില്ല.. ബസ്സ് സ്റ്റോപ്പില്‍ നിര്‍ത്തും.. നിങ്ങ കയറ് പൊട്ടിക്കല്ലേ.."

സ്റ്റോപ്പ് അല്പം മാറിയായിരുന്നു. പക്ഷെ സിംഗിള്‍ ബെല്‍ അടിച്ചത് വെറുതെ ആയി
തോന്നിയില്ല. എന്തോ ഒരാശ്വാസം..

ബസ്സില്‍ നിന്ന് ഇറങ്ങി റോഡ് മുറിച്ചു കടന്ന്‌ നേരെ പരിപ്പുവടയുടെ തട്ടിലേക്ക് കയറി. രണ്ടെണ്ണം വാങ്ങി - തണുത്ത്‌ മരവിച്ച് ചോര വറ്റിയ പരിപ്പുവട...

ഞാന്‍ - "എടാ, നമ്മളിപ്പോള്‍ ഹൈപോടന്യൂസില്‍ കൂടിയാ നടക്കുന്നത്‌.. വേഗം എത്തും, അല്ലെങ്കില്‍ നമ്മള്‍ രണ്ട് സൈഡും കവര്‍ ചെയ്യണമായിരുന്നു"

അവന്‍ - "നീ അതൊന്നും എന്നെ പഠിപ്പിക്കണ്ട, ഞാന്‍ നാലു മാസം മുന്നേ ഇവടെ ഉണ്ടെന്ന് അറയാലോ..?"

അവന്‍ - "അവരെവടെയെത്തി..?"
ഞാന്‍ - "മുടി വെട്ടിക്കാന്‍ കേറിയതാണത്രേ..മെസേജ്‌ അയച്ചിരുന്നു"
അവന്‍ - "എന്താ നമ്മളെ പറ്റി വിചാരിച്ചു വെച്ചിരിക്കുന്നേ.. ഇങ്ങനെ വെയിറ്റ് ചെയ്‌ത് നിക്കാനൊന്നും എന്നെ കിട്ടില്ല.."
ഞാന്‍ - "നമുക്കോരോ ബിയര്‍ അടിച്ച് പിമ്പിരി ആയി നിന്നാലോ.. എന്നിട്ട് അവമ്മാര്‌ വരുമ്പ ഫുള്‍ ഷോ കാണിക്കാം.."
അവന്‍ - "ഹേയ്.. ഞാന്‍ നീറ്റാ.. അതൊന്നും ഇല്ല"
ഞാന്‍ - "ഞാന്‍ പണ്ടേ നീറ്റാ.. നിന്നെ ടെസ്റ്റ് ചെയ്‌തതല്ലേ..."
അവന്‍ - "ഡാ.. എനര്‍ജി.."
ഞാന്‍ - "ഉം"
അവന്‍ - "നമ്മുക്കാ കാറിന്റെ ചില്ലടിച്ചു പൊട്ടിച്ചാലോ..?"
ഞാന്‍ - "പോടാ.. അതൊക്കെ മെനക്കേടാവും."
അവന്‍ - "ഞാനിപ്പോ ശരിക്കും എന്തിനാ കറങ്ങാൻ വന്നത്‌..‌? എനിക്ക് നൈറ്റ് ഷിഫ്റ്റ് ആണ്‌, ഇത്തിരി ഒറങ്ങണം.."
ഞാന്‍ - "ഞാന്‍ ചോദിച്ചല്ലോ, അപ്പോ നീ പറഞ്ഞു, നമ്മക്കൊക്കെ എന്തൊറക്കം..
ഒറക്കം ഒക്കെ എപ്പഴും ഇങ്ങനെ ആണ്‌.. എന്നൊക്കെ. എന്തിനാ ഇപ്പൊ ഇങ്ങോട്ട് കെട്ടി
എടുത്തെ? അവടെ കെടന്ന് ഒറങ്ങരുതായിരുന്നോ?"
അവന്‍ - "എന്നോട് കിളുത്താന്‍ വരല്ലേ... എനിക്ക് ദേഷ്യം വന്നാലുണ്ടല്ലോ നിനക്കറഞ്ഞൂട..! ശരിയാക്കിക്കളയും.."
ഞാന്‍ - "പിന്നെ.. നീ ഒലത്തും."
അവന്‍ - "എവടന്ന ഇത്തിരി വെള്ളം കുടിക്ക്യാ?"
ഞാന്‍ - "മാളീന്ന്.. ഫുഡ് സര്‍ക്കിള്‍"
അവന്‍ - "എനിക്കൊന്നും വയ്യ ഇപ്പൊ അവടെ പോയി ധൂര്‍ത്തടിയ്‌ക്കാന്‍..."
ഞാന്‍ - "ആരു പറഞ്ഞു ധൂര്‍ത്തടിയ്‌ക്കാന്‍.."
അവന്‍ - "പോയി പച്ചവെള്ളം കുടിച്ചിട്ട് വരാം.."

മാളിനകത്ത് കയറി എസ്കലേറ്ററിലൂടെ ഏറ്റവും മുകളിലെത്തി. മുകളില്‍ ജീന്‍സും ടോപ്പുമണിഞ്ഞ ഒരു അമ്മച്ചി ട്രേയില്‍ പെപ്സിയും അമേരിക്കന്‍ ചോപ്സിയുമായി അന്നനടയില്‍ നടന്നു പോകുന്നു.. കോട്ടിട്ട ജീവനക്കാര്‍ ഒരു പേനയും പിടിച്ച് സ്റ്റൈലില്‍ അവിടെയും ഇവിടെയുമൊക്കെ ചുറ്റിപ്പറ്റി നില്‍‌ക്കുന്നുണ്ട്‌..

പിന്നെ രണ്ട് കയറുകള്‍ (കൈ കൊളുത്തി പിടിച്ച് നടക്കുന്ന കപ്പിള്‍സ്) ഒഴിഞ്ഞ സീറ്റുകള്‍ ലക്ഷ്യമാക്കി നടക്കുന്നു.. അന്തരീക്ഷത്തില്‍ കോണ്ടിനെന്റല്‍ സ്മെല്‍..

അവന്‍ - "എന്നാടാ ഇങ്ങനെ ഒക്കെ?"
ഞാന്‍ - "ഹി ഹി"
അവന്‍ - "നീ നോക്കിക്കൊ.. ഒരു ദിവസം ഞാനിവടെ കയറായി വരും. അന്ന് നീ ഇവടെ വായേം
നോക്കി പച്ചവെള്ളം കുടിയ്‌ക്കാന്‍ ഇതു പോലെ വരും.."
ഞാന്‍ - "ഓ.. ആയിക്കോ.. എന്താന്ന്‌ വെച്ചാ.. ആയിക്കോ..."
അവന്‍ - "ഇനി എങ്ങോട്ടാ..?"
ഞാന്‍ - "ടൈം ഔട്ടിലേക്ക് പോകാം.."
അവന്‍ - "എനിക്ക് അവടെ വെറുതെ പോകുന്നത് കലിപ്പാ.."
ഞാന്‍ - "വെറുതെ അല്ല, കാര്യണ്ട്.."
അവന്‍ - "ഉം.."

ടൈം ഔട്ടില്‍ ബുക്കിന്റെ മായാപ്രപഞ്ചം..
ഞാന്‍ ഒരു ബുക്കെടുത്തു അവന്റെ നേരെ കാണിച്ചു - "ഇതാരാന്നറയുവോ?"
അവന്‍ - "ഓ.. ഇതു മറ്റേ സാമിയല്ലേ?"
ഞാന്‍ - "മറ്റേ സാമിയല്ല.. ഭയങ്കരനാ... Autobiography of a Yogi വായിച്ചിട്ടുണ്ടോ?"
അവന്‍ - "ഇല്ല, നീ വായിച്ചിട്ടുണ്ടോ?"
ഞാന്‍ - "ശകലം.."
അവന്‍ - "എന്നാ അധികം ചെലക്കണ്ട."

കുറേ സമയം അവിടെയൊക്കെ ചുറ്റിപ്പറ്റി നടന്നപ്പോഴേക്കും, മുടിവെട്ടാന്‍ പോയ
രണ്ട് പാര്‍ട്ടികളും സ്ഥലത്തെത്തി..

മൂന്നാമന്‍ - "ഒരു ഗിഫ്റ്റ് വാങ്ങണം.. പെണ്ണിന്‌ ഒരേ നിര്‍ബന്ധം വാലന്റയിന്‍സ്
ഡേ ഗിഫ്റ്റ് വേണമെന്ന്.."
നാലാമന്‍ - "എനിക്കൊരു ചെരുപ്പ് വേണം.."
ഞാന്‍ - "ആദ്യം ചെരുപ്പ്.. പിന്നെ ഗിഫ്റ്റ്...."

ചെരുപ്പ് കടയില്‍ (അങ്ങനെ വിളിച്ചാല്‍ അതു ആ കടയ്‌ക്കൊരു കുറച്ചിലാകും, സെറ്റപ്പ് സ്ഥലമാണ്‌..) കയറിയപ്പോള്‍ അവിടെ വന്‍ സ്വീകരണം..

"ഹലോ സാര്‍.. വാട് ഡു യു വാണ്ട്..?"

സാമാന്യം നല്ല ഒരു ചെരുപ്പും, പിന്നെ വുഡ്ലാൻഡ്സിന്റെ ഒരു ചെരുപ്പും ഷോർട്ട്ലിസ്റ്റ്‌ ചെയ്തു..
മൂന്നാമൻ - ഈ ചെരുപ്പെനിക്കിഷ്ടായി.. പക്ഷെ, ഇങ്ങനെ ഒരു ബ്രാൻഡ്‌ ഞാൻ കേട്ടിട്ടേയില്ലെടാ..
സെയിൽസ്‌ മേൻ - ഹായ്‌.. ഇത്‌ നല്ല ബ്രാൻഡ്‌ ആണ്‌..
മൂന്നാമൻ - ആണോ?
സെയിൽസ്‌ മേൻ - ഉം.. അതെ
ഞാൻ - ഉം.. ബ്രാൻഡ്‌.. നിനക്ക്‌ ഭ്രാന്താടാ ഭ്രാന്ത്‌..
മൂന്നാമൻ - വേണ്ടാ.. നിന്റെ കാലിലെന്തിനാടാ പിന്നെ ഈ പൂമ?
ഞാൻ - അതു ചുമ്മാ ജാഡയ്ക്ക്‌
മൂന്നാമൻ - എന്നാ ഇതും ജാഡയ്ക്കാ
സെയിൽസ്‌ മാൻ - വുഡ്ലാൻഡ്സ്‌ കൊള്ളാം..
മൂന്നാമൻ - രണ്ടായിരം രൂപയുടെ മുകളിലുണ്ടല്ലോ അല്ലേ..?
സെയിൽസ്‌ മേൻ - അതെ രണ്ടായിരത്തി മുന്നൂറിന്റെ അടുത്ത്‌ വരും..
മൂന്നാമൻ - ങ.. അത്‌ മതി പേക്ക്‌ ചെയ്തോ..

നാലാമൻ - ഇതിന്‌ ഫോട്ടോ എടുക്കുമ്പഴുള്ള സൗണ്ട്‌ എങ്ങനെയാണാവോ കളയുക?
ഇന്നലെ വാങ്ങിയ പുത്തൻ നോക്കിയ സി സിക്സ്‌ മൊബെയിൽ പുറത്തെടുത്തു കൊണ്ട്‌ നാലാമൻ ഷോ തുടങ്ങി.

ഞാൻ - ഉം..
അവൻ - ഉം.. ഞാൻ സി ഫൈവ്‌ വാങ്ങിയപ്പോ അവൻ സി സിക്സ്‌ വാങ്ങി.. ഡാ, നീ സി സെവൻ വാങ്ങണം...
ഞാൻ - തീർച്ചയായും..
നാലാമൻ - ഡാ നോക്കിയേ... കൊരട്ടി ആണ്‌ കൊരട്ടി..
ഞാൻ - അവന്റെ ഒരു കൊരട്ടി.. പണ്ട്‌ കീ പാഡ്‌ തേഞ്ഞ്‌ പോയ മൊബെയിലിൽ കുത്തി കുത്തി ഇരുന്ന ആളാ.. ഇപ്പോ കൊരട്ടി ആണത്രെ കൊരട്ടി..
നാലാമൻ - ഒന്നിങ്ങോട്ട്‌ തിരിഞ്ഞേ, ഒരു സ്നാപ്‌ എടുക്കട്ടെ..
ഞാൻ - ഉം..
നാലാമൻ - സെറ്റിംഗ്സിൽ പോയിട്ട്‌, അവടങ്ങനെ ഒരു ഓപ്ഷൻ കാണുന്നില്ലല്ലോ.. ഈ സ്നാപ്‌ സൗണ്ട്‌ ബയങ്കര ഡിസ്റ്റർബൻസ്‌..
ഞാൻ - ങാ.. എന്തൊക്കെ കാണണം....
അവൻ - കാലം പോയൊരു പോക്കേ.. പണ്ട്‌ മിഠായി തെരുവീന്ന് ചെരുപ്പ്‌ വാങ്ങി നടന്ന നമ്മളൊക്കെ ഇപ്പോ.. ഇതൊക്കെ ഭയങ്കര ആർഭാടമല്ലേടാ?
ഞാൻ - ആണോ?
അവൻ - ലുക്സ്‌ സംവാട്‌ ലൈക്‌ ദാറ്റ്‌..
ഞാൻ - റിയലി..?
അവൻ - യാ..
മൂന്നാമൻ - നിർത്തെടാ കൂതറകളേ... അവന്റെയൊക്കെ ഇംഗ്ലീഷ്‌.. സായിപ്പിനെ കാണുമ്പോ മുട്ടു വെറക്കുന്ന എനങ്ങളാ..
ഞാൻ - യൂ സോൾവ്ഡ്‌ യുവർ ഇഷ്യൂ വിത്‌ സൗണ്ട്‌?
മൂന്നാമൻ - വാ പോവാം.. ഒരു ഗിഫ്റ്റ്‌ വാങ്ങണം.. ആർക്കീസ്‌..
ഞാൻ - എടാ.. നിനക്ക്‌ പറ്റിയത്‌ അറുക്കീസിലാ ഉണ്ടാവുക..

മൂന്നാമൻ വുഡ്ലാൻഡ്സിന്റെ കടലാസു സഞ്ചിയുമായി പുറകിൽ വന്നു..

ആർക്കീസിൽ കയറിയപ്പോൾ നല്ല തിരക്ക്‌.. വാലന്റയിൻ മർക്കറ്റ്‌. കാമുകന്മാരെയും കാമുകിമാരെയും ആകർഷിക്കുന്ന പല പല സംഭവങ്ങളും പ്രദർശിപ്പിച്ചു വെച്ചിരിയ്ക്കുന്നു.. എല്ലാറ്റിലും ചുവപ്പിന്റെ അതിപ്രസര..

നാലാമൻ - കണ്ടാൽ നല്ല ലുക്കുണ്ടാവണം.. കാശൊരു പ്രശ്നമേ അല്ല..
അവൻ - ഡാ.. ഇത്‌ നോക്ക്‌, നല്ല ക്യൂട്ട്‌ ആയിട്ടുണ്ട്‌..
നാലാമൻ - കൊള്ളാലോ..
ഞാൻ - നല്ല ബൊമ്മ, നല്ല വലിപ്പോമുണ്ട്‌..
നാലാമൻ - കൊള്ളാം...

ബൊമ്മയുടെ ചന്തിയിലുള്ള ലാബൽ കണ്ടപ്പോൾ അവന്റെ തല കറങ്ങി..

ഞാൻ - ഉം.. ത്രീ തൗസൻഡ്‌ ഏൻഡ്‌ ടൂ ഹണ്ഡ്രഡ്‌.. ഇത്തിരി കൂടുതലാ അതിനു മാത്രം ഉള്ളതൊന്നുമില്ല..
നാലാമൻ - ഇത്തിരി അല്ല നല്ല പോലെ കൂടുതലാണ്‌..
അവൻ - കാശൊരു പ്രശ്നല്ല എന്നു പറഞ്ഞിട്ട്‌?
നാലാമൻ - എന്നു വെച്ച്‌..


അത്ര ലുക്ക്‌ ഇല്ലാത്ത ബൊമ്മകളുടെ നേരെ ചൂണ്ടിക്കൊണ്ട്‌ മൂന്നാമൻ - ഡാ. നിനക്ക്‌ പറ്റിയത്‌ ദേ ഈ ഭാഗത്തുണ്ട്‌..

നാലാമൻ - അത്‌ നീ നിന്റെ പെണ്ണിന്‌ കൊടുത്താ മതി.. അന്ന് നമ്മക്കിവടെ വന്നു തന്നെ വാങ്ങാം..

കുറേ നേരം വട്ടം കറങ്ങി ഒരു കൊട്ടയിലുള്ള നല്ല ചുവന്ന രണ്ട്‌ ടെഡ്ഡി ബിയറുകളെ അവൻ വാങ്ങി..

ഞാൻ - അപ്പോ ഇനി ചെരുപ്പിന്റെം മൊബെയിലിന്റെം ചെലവ്‌...

നാലാമനും മൂന്നാമനും നെറ്റി ചുളിച്ചു.
മൂന്നാമൻ - ഉം.. ചെലവ്‌. ദാ മുയുമനും തീർന്നു..
നാലാമൻ - എന്റേം ദേ തീർന്നു..
അവൻ - ഉം.. നമുക്ക്‌ ഓരോ സൂപ്പ്‌ കുടിച്ചിട്ട്‌ പോകാം.. വീട്ടിലുള്ള ചോറൊക്കെ വേസ്റ്റാകും..
മൂന്നാമൻ - സൂപ്പ്‌ മാത്രം കുടിച്ചിട്ട്‌ പോവാനോ?
അവൻ - അതെ..
നാലാമൻ - എന്നാ അങ്ങനെ ചെയ്യാം..
ഞാൻ - നിങ്ങള്‌ സൂപ്പ്‌ മാത്രം കുടിച്ചോ.. ഞാൻ വല്ലതും കഴിച്ചോളാം..
നാലാമൻ - അതെന്താടാ പട്ടീ അങ്ങനെ.. എന്നാ ഞാനും കഴിയ്ക്കും..
മൂന്നാമൻ - അങ്ങനെ ആണെങ്കി ഞാനും കഴിക്കും..
നാലാമൻ - വീട്ടിൽ പോയിട്ട്‌ കുറേ കഴിഞ്ഞിട്ട്‌ ചോറ്‌ കഴിക്കാം
അവൻ - ഇതൊക്കെ കഴിച്ചിട്ടു പിന്നെ വീട്ടിൽ പോയി ചോറ്‌ കഴിക്കാനൊന്നും എന്നെ കിട്ടൂല..
നാലാമൻ - എന്നാ വെള്ളമൊഴിച്ചിടാം..

ഹോട്ടലിലേക്കുള്ള കോണി കയറി മുകളിലെത്തി വാതിൽ തുറന്നപ്പോൾ ആകെ ചോപ്പ്‌ നിറം..

അവൻ - എന്തുവാടേ ഇത്‌? ആകെ ചൊമലനെറം? നമ്മള്‌ ബാറിലേക്കാണോ വന്നത്‌...?
നാലാമൻ - ഹോ എനിക്കിഷ്ടല്ല ഈ ചോപ്പ്‌ വെളിച്ചം.. കാണുമ്പോ തന്നെ എന്തോ പോലെ..
ഞാൻ - ഹായ്‌.. കൊള്ളാം നല്ല ആംബിയൻസ്‌
അവൻ - നമ്മള്‌ വല്ലോരേം കൊല്ലാൻ വന്നതാണോ..? സിനിമേലാണെങ്കിൽ ഒരു മാതിരി "തൂതു വരുമാ തൂതു വരുമാ" പാട്ടിന്റെ സെറ്റപ്പ്‌.. രമ്യാകൃഷ്ണന്റെ ഡാൻസ്‌ ഇല്ലാന്നു മാത്രം
മൂന്നാമൻ - ഡാ.. ചൈനീസാണ്‌..
അവൻ - ഹോ...

മൂന്നാമൻ - സൂപ്പിൽ തുടങ്ങാം..

ഞാൻ - എനിക്ക്‌ വെജ്‌ മതി
നാലാമൻ - ഞാൻ ആ ത്യാഗം ചെയ്യാം... നമ്മക്ക്‌ ഷെയർ ചെയ്യാം..

 ഞാൻ - ഓക്കെ

മൂന്നാമൻ - നമ്മക്ക്‌ ഹോട്ട്‌ ഏൻഡ്‌ സോർ..
അവൻ - ഉം..

ഓർഡറെടുക്കാൻ വന്ന പയ്യൻ എല്ലാം വെടിപ്പായിട്ട്‌ മനസ്സിലാക്കി എഴുതി എടുത്തു കൊണ്ട്‌ പോയി..
അടുത്ത ടേബിളിൽ ഇരുന്ന അമ്മച്ചിയും, കെട്ടിയോനും പകുതി ഇംഗ്ലീഷിലും മലയാളത്തിലും എന്തൊക്കെയോ കുടുംബ പ്രശ്നങ്ങൾ ചർച്ച ചെയ്യുകയാണ്‌..

മൂന്നാമൻ - കണ്ടോ കണ്ടോ.. അവടെ കണ്ടോ..
ഞാൻ - ഛെ.. നിനക്ക്‌ നാണല്ലേ.. അവര്‌ കുടുംബപ്രശ്നം ചർച്ച ചെയ്യുന്നത്‌ നോക്കി ഇരിക്കാൻ..?
മൂന്നാമൻ - എന്തോന്നാ എന്തോന്നാ..?
ഞാൻ - അവടെ വായേ നോക്കി ഇരിക്കാൻ നാണല്ലേന്ന്?
മൂന്നാമൻ - കുടുംബ പ്രശ്നാണെന്ന് നിനക്കെങ്ങനെ മനസ്സിലായി..?
ഞാൻ - എടയ്ക്കങ്ങനെ എന്തോ കേട്ടു..
മൂന്നാമൻ - കണ്ടോ.. ഞാൻ അതു പോലും കേട്ടില്ല.. വായേ നോക്കിയത്‌ ഞാനല്ല നീയാ..
ഞാൻ - അടങ്ങ്‌ അടങ്ങ്‌..
നാലാമൻ - വരട്ടെ വരട്ടെ.. ചെല ആൾക്കാർ ഇവടെ പന്ത്രണ്ട്‌ മണിക്ക് ഷിഫ്റ്റ്‌ കഴിഞ്ഞ്‌ നാല്‌ മണിക്കാണ്‌ വരാറ്‌..
മൂന്നാമൻ - അതാരാ?
നാലാമൻ - അങ്ങനെ ചെല ആൾക്കരൊക്കെ ഉണ്ട്‌...
അവൻ - ഫാ... നിങ്ങളെ മാതിരി പകൽ പണിയെടുക്കുന്ന പോലെ അല്ല.. ഉത്തരവാദിത്തമുള്ള പണിയാ..
മൂന്നാമൻ - പിന്നെ ഞങ്ങള്‌ കിളിമാസ്‌ കളിക്കാനല്ലേ പോണേ..
നാലാമൻ - എന്നാലും നാലു മണി വരെ എന്താണാവോ പണി..
ഞാൻ - രണ്ട്‌ മണിക്ക്‌ കഴിഞ്ഞു.. പിന്നെ ഒരു മണിക്കൂർ വർത്താനം പറഞ്ഞു ഇരുന്നു എന്നാ എന്നോട്‌ പറഞ്ഞത്‌..
നാലാമൻ - എന്താണാവോ നട്ടപുലർച്ചക്ക്‌ വർത്താനം പറയാനും വേണ്ടി ഉള്ളത്‌..
മൂന്നാമൻ - ആ.. ആർക്കറിയാം..
നാലാമൻ - ഉത്തരവാദിത്തം ഉള്ള പണിയല്ലേ.. അപ്പോ അങ്ങനെ ഒക്കെ ഉണ്ടാവുമെടാ..
മൂന്നാമൻ - ശരിയാ.. നമ്മക്കതു മനസ്സിലാവൂല..
ഞാൻ - അതെ അതെ..
അവൻ - നിർത്തെടാ അലവലാതികളേ...

സൂപ്പ്‌ കൊണ്ട്‌ വന്നത്‌ ചൈനീസ്‌ മുഖമുള്ള ഒരു പയ്യൻ എന്തോ ചോദിച്ചു.. ഒന്നും മനസ്സിലായില്ല..
ഞാൻ - വെജ്‌ വെജ്‌.. ഹിയർ.
വീണ്ടും അവൻ എന്തോ ഒന്ന് ചോദിച്ചു
ഞാൻ - വീ ബോത്‌ വെജ്‌. ദീസ്‌ ടു നോൺ വെജ്‌

എല്ലാം മനസ്സിലാക്കിയ പോലെ ചിരിച്ചപ്പോൾ ആശ്വാസമായി.. സൂപ്പുകൾ ഒച്ചയുണ്ടാക്കാതെ മേശയിൽ വെച്ച ശേഷം ചൈനീസ്‌ പയ്യൻ പോയി..

ഞാൻ - ഡാ കണ്ടോ.. എന്താല്ലേ.. അവൻ ചൈനേലാ.. കണ്ടോ ഇപ്പോ ഇവടെ വന്ന്.. ഒരു പിടിപാടും ഇല്ലാത്ത സ്ഥലത്ത്‌ വന്ന് പണിയെടുക്കുന്നത്‌ കണ്ടോ... എന്തായിരിക്കും അല്ലേ ഇങ്ങനെ ഒരു ഡിസിഷൻ എടുക്കുമ്പോ തോന്നിയിട്ടുണ്ടാവുക...?
നാലാമൻ - ചൈനയോ...
ഞാൻ - അതെ ചൈനീസ്‌ പറഞ്ഞത്‌ കേട്ടില്ലേ....
നാലാമൻ - പോടാ പോട്ടാ... അതു ചൈനീസല്ല ഹിന്ദിയാണ്‌ പറഞ്ഞേ..
ഞാൻ - ഹിന്ദ്യോ? പോടാ..
നാലാമൻ - ഇധർ ഹോട്ട്‌ ഏൻഡ്‌ സോർ ഹേനാ എന്ന്‌ അവരോട്‌ ചോദിച്ചത്‌ കേട്ടില്ലേ?
ഞാൻ - അവന്റെ മുഖം കണ്ടപ്പോൾ അവൻ പറയുന്നതൊക്കെ ചൈനീസായിട്ടാ എനിക്കു തോന്നിയത്‌.. ഒന്നും മനസ്സിലായില്ലാ..

സ്പൂൺ കൊണ്ട്‌ മുകളിൽ നിന്ന്‌ ചൂടോടെ ഒരിത്തിരി സൂപ്പ്‌ അകത്താക്കി. എന്തോ ഒരു ടേസ്റ്റ്‌ വ്യത്യാസം...
ഒരു കവിൾ കൂടി വായിൽ വെച്ചപ്പോൾ..... ഒരു കഷണം.. വായിൽ ഒരു മാംസ കഷണം..

ഞാൻ - എടാ ഇത്‌ നോൺവെജാടാ....
കുറേ കാലമായി നോൺവെജ്‌ കഴിക്കാതെ.... പകുതി വെന്ത മാംസം വായിൽ വെച്ച പോലത്തെ അനുഭവാമാണുണ്ടായത്‌.

ഞാൻ ടോയ്‌ലറ്റിനെ ലക്ഷ്യമാക്കി ധൃതിയിൽ നടന്നു..
അവടെ പോയി ആ ചുവ മാറുന്ന വരെ വായ കഴുകി തുപ്പി..

അപ്പോഴാണ്‌ ഓർത്തത്‌, അവടെ സീൻ ആയിട്ടുണ്ടാകുമോ... വെജിനു പകരം നോൺവെജ്‌ കൊണ്ട്‌ വന്നതിന്‌... നാലാമൻ അണെങ്കിൽ തൊട്ടാൽ തെറിക്കുന്ന പ്രകൃതമാണ്‌... ഇങ്ങനെ ഒരു സംഭവം ഉണ്ടായാൽ പിന്നെ അവിടെ എന്തൊക്കെ സംഭവിക്കും എന്ന്‌ ആർക്കും പറയാൻ പറ്റില്ല...

വല്ല വിധേനെയും സീൻ ആവാതെ ഒതുക്കണം എന്നൊക്കെ കരുതി ഞാൻ ധൃതിയിൽ ടേബിളിനടുത്ത്‌ ചെന്നു.. ആ കാഴ്ച കണ്ടു ഞെട്ടി.. ചൈനീസ്‌ മുഖമുള്ള ഹിന്ദിക്കാരനും നാലാമനും തമ്മിൽ കളിയും ചിരിയും...

നാലാമൻ - ദാറ്റ്സ്‌ ഓക്കെ, ബട്‌ യൂ ഷുഡ്‌ ബി കീയർഫുൾ... ഓക്കെ..
ചൈനീസ്‌ പയ്യൻ - റിയലി സോറി സർ.. ഐ വിൽ ചേഞ്ജ്‌ ദിസ്‌ ഫോർ യൂ..
നാലാമൻ - നോ പ്രോബ്ലം.. നോ നീഡ്‌ ടു ചേൻജ്‌ ദിസ്‌.. യൂ ഗിവ്‌ 1/ 2 വെജ്‌ ഫോർ ഹിം..

അപ്പോഴാണ്‌ സംഗതിയുടെ കിടപ്പു വശം എനിക്കു പിടി കിട്ടിയത്‌.. അവന്‌ ഓർക്കാപ്പുറത്ത്‌ നോൺ വെജ്‌ സൂപ്പ്‌ കിട്ടി.. 1/2 മാത്രമായി ഒരു സൂപ്പ്‌ കിട്ടില്ല ഒരെണ്ണം മുഴുവനായി വാങ്ങണം, അതു മാത്രമേ 1/2-1/2 ആയി തരാറുള്ളൂ.. എന്നാൽ ഈ കേസിൽ അവർക്ക്‌ ഒരക്ഷരം മറുത്തു പറയാനില്ല..

അവസാനം ഭക്ഷണം കഴിച്ചു കഴിഞ്ഞ്‌ പുറത്തേക്കിറങ്ങാൻ നേരവും ചൈനീസ്‌ പയ്യനും നാലാമനും തമ്മിൽ സൗഹൃദ സംഭാഷണങ്ങൾ..

ഞാൻ - എന്നാലും വല്ലാത്തൊരു ഏർപ്പാടായിപ്പോയി..
അവൻ - അനുഭവിച്ചോ.. പുറത്തുന്നു കഴിക്കാൻ എന്തൊരു ആവേശായിരുന്നു..
മൂന്നാമൻ - ഫുഡ്‌ കൊള്ളായിരുന്നു....

നാലാമൻ സൗഹൃദ സംഭാഷണം കഴിഞ്ഞ്‌ പിന്നാലെ ഓടി വന്നു ഞങ്ങളോടൊപ്പം ചേർന്നു -  എടാ.. നിന്നോട്‌ അവൻ പ്രത്യേകം സോറി പറയാൻ പറഞ്ഞു. അവനോട്‌ ഡിഷ്‌ മാറിപ്പോയതാണെന്ന്.. പാവം..


ഞാൻ - ഈശ്വാരാ..
അവൻ - always think പോസിറ്റിവ് പോസിറ്റിവ് പോസിറ്റിവ് പോസിറ്റിവ്
ഞാൻ -  ഉം... പോസിറ്റിവ് പോസിറ്റിവ്...

15 ജനുവരി 2011

ഇന്റര്‍‌വ്യൂ

പണ്ട് ഫിലിപ്പോസ് സാറ് പഠിപ്പിച്ചു തന്ന "ഏകതാന പ്രവേഗത്തിലുള്ള പിണ്ഡത്തെ" പോലെ, വാതില്‍ ഒരേ വേഗത്തില്‍ നീങ്ങി, പതുക്കെ പൂര്‍ണ്ണമായും അടഞ്ഞു..
ചില്ലുജാലകത്തിന്റെ അടുത്ത് ഇരുന്നിരുന്ന രണ്ടു പേര്‍ അവന്റെ ചേഷ്ടകള്‍ നിരീക്ഷിച്ചു കൊണ്ടിരിയ്ക്കുന്നു.. കാലില്‍ കാല്‍ കയറ്റി വെച്ചിരിയ്ക്കുന്ന ഒരാള്‍, പിന്നെ കണ്ണാടി വെച്ച വേറൊരാള്‍.. രണ്ടു പേരും ക്ലീന്‍ ഷേവ്, തണ്ടുകള്‍ ചെത്തി മാറ്റിയ ചെടി ആസകലം തളിര്‍ത്ത് പൊടിയ്ക്കുന്നതു പോലെ പച്ച നിറം വ്യാപിച്ചു തുടങ്ങിയിട്ടുണ്ട്, രണ്ടു പേരുടെയും കവിളുകളില്‍ ..

കാലില്‍ കാല്‍ കയറ്റി വെച്ചിരുന്നയാള്‍ - "ഗുഡ് ആഫ്റ്റര്‍നൂണ്‍.. പ്ലീസ് ടെയ്ക് യുവര്‍ സീറ്റ്.."

ഇരുന്നപ്പോള്‍ ആദ്യം താഴേക്ക് പോയ ഇരിപ്പിടം, പിന്നീട് അവന്റെ ഭാരവുമായി സമവായത്തിലായി.. മുന്നിലിരിയ്ക്കുന്ന രണ്ടാളുടെ ശ്വാസോച്ഛ്വാസവും, പിന്നെ അവന്റെ നെഞ്ചിടിപ്പും.. വേറേ ഒരു ശബ്ദവും മുറിയ്ക്കകത്തില്ല.. ടെക്‍നോളജിയുടെ അതിപ്രസരം ഉള്ള ശീതീകരിച്ച മുറി.. റൂംഫ്രെഷ്നറുടെ വില കൂടിയ ഗന്ധം അനര്‍ഹമായ ഒരു ഔദാര്യത്തിന്റെ ഗര്‍‌വ്വോടെ അവനെ ശ്വാസം മുട്ടിയ്ക്കുന്നുണ്ട്... കറുത്ത ചില്ലു ജാലകത്തിന്റെ പുറത്ത് ഏതോ സോഫ്റ്റ്‌വെയര്‍ കമ്പനിയുടെ പിരമിഡ് ആകൃതിയിലുള്ള സമുച്ചയങ്ങള്‍... അതിന്റെ വെണ്ണക്കല്‍ ചുമരുകളില്‍ വെള്ളിമേഘങ്ങളുടെ പരകായ പ്രവേശം...

കണ്ണാടി വെച്ച ആള്‍ അവന്റെ റെസ്യൂമേ പരിശോധിയ്ക്കുകയായിരുന്നു. പഠിത്തം കഴിഞ്ഞ് ആദ്യം ജോലിയില്‍ പ്രവേശിച്ച ചന്ദ്രു ആണ്‌ റെസ്യൂമേ ഉണ്ടാക്കാന്‍ അവനെ സഹായിച്ചത്‌. പേഴ്സണല്‍ ഡീറ്റെയില്‍സും, അക്കാഡമിക് ഡീറ്റെയില്‍സും മാത്രം മാറ്റിയാല്‍ മതി എന്നായിരുന്നു അവന്റെ നിര്‍ദ്ദേശം. അതിലെഴുതിയത്‌ ചോദിയ്ക്കുമ്പോള്‍ പറയാനുള്ള രീതി, മുഖഭാവം, ശബ്ദത്തിന്റെ ഘനം, ഇടേണ്ട കുപ്പായം എന്നു വേണ്ട ശ്രദ്ധിയ്ക്കേണ്ട എല്ലാ കാര്യങ്ങളും അവന്‍ വിശദമായി തന്നെ ഉപദേശിച്ചിരുന്നു.. നാലു കൊല്ലം എഞ്ചിനീയറിങ് കോളേജില്‍ പഠിച്ചെങ്കിലും റെസ്യൂമെ കാണുന്നത് ചന്ദ്രു അയച്ചു തന്നപ്പോള്‍ മാത്രമാണ്‌. ചന്ദ്രുവിന്റെ ആരൊക്കെയോ ബാംഗ്ലൂരിലും, കൊച്ചിയിലും, പുറത്തും ഒക്കെ ഐ.ടി. കമ്പനിയില്‍ വര്‍ക്ക് ചെയ്യുന്നുണ്ട്.. അതു കൊണ്ട് അവന്‍ പറഞ്ഞത് അക്ഷരം പ്രതി അനുസരിച്ചു..

കാലില്‍ കാല്‍ കയറ്റി വെച്ച ആള്‍ അവനെ ഇമ വെട്ടാതെ നോക്കി ഇരിയ്ക്കുന്നു. അതു കണ്ടപ്പോള്‍ ആകെ ഒരു വല്ലായ്മ. റംല മാത്രമേ അവനെ അതിനു മുമ്പ് അത്രയും നേരം ഇമ വെട്ടാതെ നോക്കിയിരുന്നിട്ടുള്ളൂ.. മേശയുടെ മുകളില്‍ വെച്ചിരുന്ന പളുങ്ക് പാത്രത്തില്‍ സ്വന്തം മുഖഭാവങ്ങള്‍ അവരറിയാതെ ഇടയ്ക്കിടയ്ക്ക് അവന്‍ നിരീക്ഷിയ്ക്കുന്നുണ്ട്... മുഖത്ത് ചന്ദ്രു പറഞ്ഞ ആ കോണ്‍ഫിഡന്‍സ് ഇല്ലേ...?

"ഓക്കെ.. പ്ലീസ് ഇന്‍‌ട്രൊഡ്യൂസ് യുവര്‍സെല്‍ഫ്..", റെസ്യൂമെയില്‍ ലോകസഞ്ചാരം നടത്തിക്കൊണ്ടിരുന്ന കണ്ണുകളെ വലിച്ചെടുത്ത് അയാള്‍ അവനെ സൂക്ഷിച്ചു നോക്കി..

അവന്റെ നെഞ്ച് പടപടാ ഇടിച്ചു. ഇപ്പോള്‍ പറയേണ്ടിയിരുന്ന "അയാം റിഷാദ്.. ബേസിക്കലി ഫ്രം കാലിക്കറ്റ്. " ഉം, ആവര്‍ത്തിച്ചു പഠിച്ച മറ്റെല്ലാ കാര്യങ്ങളും ശരീരമാസകലെയുള്ള ധമനികളിലൂടെ തലയ്ക്കകത്തേയ്ക്ക് ഇരച്ചു കയറി... പിന്നീട് പല പല ബിന്ദുക്കളില്‍ ചെന്ന് അതെല്ലാം അപ്രത്യക്ഷമായി... ഒരു മൂര്‍ച്ഛ..
ബാപ്പായുടെ മുറുക്കാന്റെയും, വിയര്‍പ്പിന്റെയും ഗന്ധം മുറിയ്ക്കകത്തേയ്ക്ക് അടിച്ചു കയറുന്നതു പോലെ.... റൂംഫ്രെഷ്നറുടെ വിലകൂടിയ ഗന്ധത്തിന്റെ രൂക്ഷത കുറഞ്ഞു..

"മോനേ റിഷാദേ..", ബാപ്പായുടെ ശബ്ദം
"വാപ്പാ......"
"ഇഞ്ഞിബഡെ ഇന്റഡുത്ത്‌ കുത്തിരിക്കി..."
"എന്താ ബാപ്പാ...?"
"അന്നോട് ഞമ്മക്ക് ചെലദ് പറയാന്‌ണ്ട്‌..."
"പറ ബാപ്പാ......"
"അന്നം മുട്ട്യാലും ഇഞ്ഞാരെ എടുത്തും തലേം കുനിച്ച് നിക്കണ്ടി വരര്‍ത്.. കേട്ടിക്കോ...?"
"കേട്ട് ബാപ്പാ....."
"പിന്നാ...... ഹറാമായിറ്റിള്ള കാര്യത്തിനൊന്നും ഇഞ്ഞ് പോഗൂലാന്ന് ഞമ്മക്കറയാ.. ഇന്നാലും.."
"ഇല്ല ബാപ്പാ......."
"സത്യം അന്റ സൈഡിലാണെങ്കില്‌ ഇഞ്ഞ്‌ ഒരിക്കലും ബേജാറഗര്‍ത്.. പടച്ചോനു നെരക്കാത്തതൊന്നും ഇഞ്ഞ് പറയ്വേം ചെയ്യ്വേം ചെയ്യര്‍ത്.."
"ഇല്ല ബാപ്പാ........"

വല്ലാത്ത ഒരു ആശ്വാസം.. നെഞ്ചിടിപ്പ് കുറഞ്ഞു കുറഞ്ഞ് സാധാരണത്തെ പോലെയായി.... വര്‍ത്തമാനം പറയുമ്പോള്‍ ഒച്ചയിടറി വിറയ്ക്കുമെന്ന് ഉറപ്പിച്ചതായിരുന്നു, പക്ഷെ ഇപ്പോള്‍... വീട്ടില്‍ ഉമ്മയോടും ബാപ്പയോടും സംസാരിയ്ക്കുന്നത് പോലെ സംസാരിയ്ക്കുവാന്‍ പറ്റുമെന്ന് ഒരു തോന്നല്‍.... അവന്റെ വിളറിയ മുഖഭാവങ്ങള്‍ പളുങ്കുപാത്രത്തില്‍ നിന്ന്‌ അപ്രത്യക്ഷമായി.. അവന്റെ കാതില്‍ ബാപ്പയുടെ വാക്കുകള്‍... അവന്റെ നാവിനിപ്പോള്‍ ബാപ്പായുടെ മുറുക്കാന്റെ ചൂര്‌...

അവന്‍ ഇന്‍‌ട്രൊഡ്യൂസ് ചെയ്തു തുടങ്ങി..
"ഞമ്മന്റെ പേര്‌ റിഷാദ്. പൊര കോയിക്കോട്ട്, കാട്ടിലപ്പീടിഗ - വെങ്ങളം ഓവര്‍ ബ്രിഡ്ജിന്റെ സെയ്ഡില്‌.. ബാപ്പായ്ക്ക് ഏലത്തൂരുള്ള ഈര്‍ച്ച മില്ലിലായിനും പണി.. ഇപ്പോ ഇല്ല.. കയിഞ്ഞ കൊല്ലം ബാപ്പാ മയ്യത്തായി... ഒര്‌ ഇത്താത്ത ണ്ട്‌.. സുഹറത്താത്ത.. ഓളെ നിക്കാഹ് കയിഞ്ഞ് ഇപ്പൊ തലശ്ശേരീലാണ്‌.. ഇപ്പോ പൊരേല് ഉമ്മേം ഞാനും മാത്തറം..
പ്ലസ് ടു കയിഞ്ഞേരത്ത് ഞമ്മള്‌ ഡിഗ്രി ഫിസിക്‍സ് എടുത്തുംകാണ്ടിറ്റ് പോഗാന്ന് ബെച്ചതായിനും.. നോക്കുമ്പൊ ഉമ്മാക്കും ബാപ്പാക്കും ഇന്നെക്കൊണ്ട് എഞ്ചിനിയര്‍ ന്റെ പടിത്തം പടിപ്പിയ്ക്കണന്ന് ബല്ലാത്ത പൂതി.. അങ്ങനെ കുറ്റിപ്പുറത്ത് ചേര്‍ന്ന്.. പടിച്ച്... ഇപ്പ ഇതാ ഇക്കൊല്ലം ഞമ്മള്‌ പാസ് ഔട്ട് ആയി.."

"ഓക്കെ.. ബിഫോര്‍ കണ്ടിന്യൂയിങ് ഫര്‍ദര്‍.. ഡോണ്ട് യു നോ ദാറ്റ് വി ആര്‍ ഏന്‍ എം.എന്‍.സി? ഏന്‍ഡ് ഔര്‍ ക്ലയന്റ്സ് ആര്‍ ഓഫ് ഇന്റര്‍‌നാഷനല്‍ സ്റ്റാന്‍‌ഡേര്‍ഡ്സ്? വീ എക്‍സ്പെക്‍റ്റ് ദാറ്റ് ഫ്രം യൂ ടൂ.."
"ഇങ്ങളെ രണ്ടാളേം മോന്തായം കണ്ടപ്പോ തോന്നി ഇങ്ങക്ക് മലയാളത്തില്‌ പറഞ്ഞാ തിരിയൂന്ന്.. അതോണ്ടാ ഞമ്മള്‌.. ഐ നോ ഇംഗ്ലീഷ്... ഓള്‍ദോ.. നോട് മച് ഫ്ലൂവന്റ്... "

"സൗണ്ട്സ് ഇന്റെറെസ്റ്റിങ്.. സോ, വാട്ട് ആര്‍ യുവര്‍ പേഷന്‍സ്?", ഇത്തവണ ചോദിച്ചത് കണ്ണട വെച്ച ആളാണ്‌.

"ഓരോ നേരത്തും പലേ പലേ പാഷന്‍സ് ആര്‍ന്ന്.. പണ്ട് നന്നെ ചെറുതായേരത്ത്, ഉസ്കൂള്‌ പൂട്ടുമ്പം.. പരപ്പനങ്ങാടീല്‌ള്ള ഉമ്മാന്റെ പൊരേലേക്ക് തീവണ്ടീല്‌ പോണതായിനും ഞമ്മന്റെ പാഷന്‍.. ലേശം പാടെ ബലുതായേരം പൊരേന്ന് ഉസ്കൂള് വരെ സന്ദീപിന്റെം, റംലേന്റെം കൂട്ടത്തില്‌ സൊറേം പറഞ്ഞ് നടക്ക്‌ന്നതായി പാഷന്‍.. പിന്ന..... ഒമ്പതില്‌ പടിയ്ക്കുമ്പളാണ്‌ റംലേമായിറ്റ് പിരിശത്തിലാവണത്.. അന്നൊക്കെ എടവയീന്ന് ഒറ്റയ്ക്ക് കാണുമ്പോ, ഓളെ കയ്യില്‌ പിച്ചുന്നതായിനും ഞമ്മന്റെ പാഷന്‍..... അപ്പൊ ഓള മൊകം ചോന്നു ബരും.. ഇനിപ്പോ പിച്ചില്ലെങ്കില്‌ ഓള്‌ ഞമ്മളക്കൊണ്ട് പിച്ചിക്കും.. ഞമ്മന്റെ ഹൂറി ആയിനു ഓള്‌..
പിന്ന ഓളെ ബാപ്പാ, ഓളെ നിക്കാഹ് ഒര്‌ ലോഹ്യക്കാരന്റെ ദോസ്തുആയിറ്റ് ഒറപ്പിച്ചപ്പോ... കൊറേ ദെവസം തലക്കണേന്റെ മേലെ മൊകോം ബെച്ച് കരയലായിരുന്ന് ഞമ്മന്റെ പാഷന്‍.. ഇന്റെ ബാപ്പാ മയ്യത്തായേരത്താണ്‌ ഓളെപ്പറ്റിള്ള ബെസമോം, ബിജാരോം കൊറഞ്ഞത്.. അപ്പഴേക്ക് ഓള്‌ ഒന്നു പെറ്വേം ചെയ്ത്.... ഇപ്പോ ഉമ്മാന്റെ ഇത്തിരി മോകങ്ങള്‌, അതാണ്‌ ഇന്റെ പാഷന്‍...."

"സൗണ്ട്സ് ഗുഡ്.. നവ്.. ഏന്‍സര്‍ ഏ സിമ്പിള്‍ ക്വെസ്റ്റ്യന്‍... വൈ ഷുഡ് വീ ഹയര്‍ യൂ?", കാലില്‍ കാല്‍ കയറ്റി വെച്ചയാള്‍ വിളിയ്ക്കാതെ വന്ന ഒരു അമ്പരപ്പ് വിഴുങ്ങിക്കൊണ്ട് ചോദിച്ചു.
"ഇങ്ങളെന്താണിപ്പറയണത്‌.. നേരത്ത ടെക്‍നിക്കല്‍ ഇന്റര്‍‌വ്യൂ ചെയ്തോര്‌ പറഞ്ഞീനല്ലോ, ഞമ്മളെ പെര്‍ഫോമന്‍സ് തരക്കേടില്ലാന്ന്‌.. ന്നിട്ടല്ലേ ഓല്‌ ഇങ്ങളടുത്തേക്ക് ഞമ്മള ബിട്ടേ... പിന്നെന്താണ്‌ ഇങ്ങളിങ്ങനെ കണ്ണീച്ചോരല്ലാത്ത ചോദ്യം ചോദിയ്ക്കണത്‌..?"

"ഐ മീന്‍.. വാട്ട് ബെനിഫിറ്റ് ഡു യു തിങ്ക് ദാറ്റ് യൂ ഹേവ്.. ദാറ്റ് വില്‍ ഹെല്പ് ഇന്‍ ദ ഗ്രോത് ഓഫ് ദ കമ്പനി?", അയാള്‍ തുടര്‍ന്നു.
"ഞമ്മക്ക് കായി കിട്ട്വാണെങ്കില്‌ ഇങ്ങളെ പണി ഞമ്മള്‌ ഉഷാറായിറ്റ്, മൊഞ്ചാക്കി‌ ചെയ്ത് തരും.. ഉമ്മാക്ക് കൊറച്ച് മോകങ്ങള്‌ണ്ട്‌... ഞമ്മക്കും.. ആദ്യം പുത്യേ ഒര്‌ പൊര, വയ്‌ത്താലെ ഒര്‌ സിഫ്റ്റ് കാറ്‌‌, പിന്ന കൊറേ കാണാത്ത സ്തലങ്ങള്‌ അയിന്റാത്ത്‌ ചുറ്റാന്‍ പോഗല്‌... ഐറ്റാല്‌ എന്തെല്ലം.. ഐനൊക്കെ നല്ലോണം കായി ബേണം.."

"സോ ദാറ്റ് മീന്‍സ് ഈഫ് യു ഗെറ്റ് ഏ ബെറ്റര്‍ ഓഫര്‍ യൂ വില്‍ ലീവ് അസ്..? ഏന്‍ഡ് യൂ ഡുനോട്ട് ഹേവ് എനി ഇന്റെറെസ്റ്റ് ഇന്‍ ദി കമ്പനി..?"
"ആ കാര്യത്തില്‌ ഇങ്ങക്ക് ഒര്‌ സംശോം ബേണ്ട.. ഇപ്പൊ ഞമ്മക്ക് കായാണ്‌ ബലുത്.. അത്‌ മറന്നിറ്റ്‌ള്ള ഒര്‌ പണിയ്ക്കും ഞമ്മള്‌ നിക്കൂല.. തോനെ കായി തരാന്ന് പറഞ്ഞ് ആരേലും ബിളിച്ചാ... പടച്ചോനാണെ ഞമ്മള്‌ പോഗും.. അദാണ്‌ ഞമ്മന്റെ അവസ്ത... ഇങ്ങക്കൊന്ന്‌ കേക്കണോ.. ഞമ്മള്‌ പാസ്പോര്‍ട്ട് ബരെ എടുത്ത് ബെച്ചിക്കി.. ലേശം പാടെ കയിഞ്ഞ് ഒര്‌ എക്‍സ്പീരിയന്‍സ് ഒക്ക ആയിറ്റ് മജീദിന്റെ ഇക്കാ കത്തറ്‌ല്‌ പണി നോക്കാന്ന്‌ പറഞ്ഞിറ്റ്‌ണ്ട്‌.. പിന്ന.. ഇനിക്ക് ഇന്ററസ്റ്റ് ഇണ്ടോന്ന് ഇങ്ങക്കെന്താ ഒരു സംശം? ഇങ്ങള്‌ ബേജാറാഗണ്ട.. ഇങ്ങള പണി നടക്കും.. ഞമ്മളെ ബിശ്വസിക്കിം..."

"വാട്ട് ആര്‍ യുവര്‍ പ്ലേന്‍സ് ഫോര്‍ ദ നെക്സ്റ്റ് റ്റൂ യിഏഴ്‌സ്?", വീണ്ടും കണ്ണട വെച്ചയാള്‍..
"റംലേനെ കെട്ട്‌ന്നത്‌ മൊതല്‌ക്ക് അങ്ങോട്ട്ള്ള ഞമ്മളെ ഒരുമാരിപ്പെട്ട സഗല പ്ലാന്വേളും പൊളിഞ്ഞ്..... അതോണ്ട്‌ ബല്യേ കിനാവും പ്ലാനിങ്ങും ഇപ്പോ ഞമ്മക്കില്ല.. മുന്ന പറഞ്ഞ പോലെ ഞമ്മള്‌ അങ്ങോട്ട് ചെയ്യാന്ന് ബിജാരിക്ക്‌ന്ന്ണ്ട്.. അങ്ങന ഒര്‌ ബിസ്വാസം ഞമ്മക്ക്‌ണ്ട്‌...
രണ്ട് കൊല്ലം പോയിറ്റ് ഒര്‌ കൊല്ലത്തേയ്ക്ക് ഇള്ള പ്ലാനിങ് പോലും ഞമ്മക്ക്‌ ഇപ്പോ ഇല്ല.. ഞമ്മള പ്ലാനിങ്ങിപ്പൊ ദാ ഈ മിനിറ്റിനാണ്‌... ഐലും കൂഡേല്‌ ഇല്ല..."

"ഓക്കെ റിഷാദ്.. വീ വില്‍ ഗെറ്റ് ബേക് ടു യു സൂണ്‍ ഐതര്‍ വേ...
വെല്‍.... ഡു യു ഹേവ് എനിതിങ് ടു നോ ഫ്രം അസ്?"
"ആദ്യങ്ങള്‌ ഗെറ്റ് ബാക്ക് ചെയ്യി.. ന്നിട്ട് ഞമ്മള്‌ ചോദിയ്ക്കാ.. മുന്നപ്പോയ രണ്ട് സ്തലത്തും പലേ കാര്യങ്ങള്‌ ഞമ്മള്‌ ചോദിച്ചറിഞ്ഞ്... എല്ലം ബെറുദനേ ആയിപ്പോയി.. ഞമ്മളെ എടുത്തില.. ന്തിനാ ഇപ്പോ ബെറുക്കനെ ഓരോ കാര്യങ്ങള്‌ അറയുന്നേ... പൈശേന്റെ കാര്യം അറയ്വാണെങ്കില്‌ തരക്കേടില്ലായിനും..."

"വീ ഹേവ് ടു തിങ്ക് ഓഫ് ദാറ്റ്.. വില്‍ ഗെറ്റ് ബേക് ടു യൂ.. താങ്ക്‌ യൂ ഫോര്‍ സ്പെന്റിങ് ടൈം വിത് അസ്.."
"ന്നാ.. അങ്ങനെ ആവട്ടെ.. അപ്പൊ ഞമ്മള്‌ പോണ്‌.."
അവന്‍ വാതില്‍ തുറന്ന് പുറത്ത് പോകുന്നത്‌ രണ്ട് പേരും അതിശയത്തോടെ നോക്കിയിരുന്നു..

ഏകതാന പ്രവേഗത്തില്‍ വാതില്‍ വീണ്ടും അടഞ്ഞു കഴിഞ്ഞപ്പോള്‍ കാലില്‍ കാല്‍ കയറ്റി വെച്ചിരുന്ന ആള്‍ ആ പോസ് മാറ്റി, കണ്ണട വെച്ച ആളോട്‌ പറഞ്ഞു...
"പടച്ചോനേ... പലേ ഹിമാറ്വേളേം ഇന്റര്‍‌വ്യൂ ചെയ്തിന്‌.. പക്കെങ്കില്‌ ഓനെപ്പോലൊര്‌ മനുസനെ ഞമ്മളിദ് ആദ്യായിറ്റാ.. ഓന്‍ പറഞ്ഞദ് മുയുക്കനും കേട്ടിനോ ഇഞ്ഞ്‌...?"
"കേട്ടിന്‌ മോനേ.. ഓനാളൊര്‌ നര്യാ....", ഇന്റര്‍‌വ്യൂ തുടങ്ങാന്‍ നേരം വലിച്ചെടുത്ത് സൂക്ഷിച്ച ദീര്‍ഘശ്വാസം പുറത്തേയ്ക്ക് വിട്ടുകൊണ്ട്‌ കണ്ണട വെച്ചയാള്‍ പ്രതികരിച്ചു.