21 മേയ് 2016

സൌണ്ട്സ് ഗുഡ്

എനിക്ക്‌ ഇംഗ്ലീഷ് ഒരു ദൗർബല്യമാണ്. വിശേഷേണയുള്ള ദൌർബല്യം അല്ല - സാമാന്യമായ ദൌർബല്യം.

ആദ്യത്തെ ആറ് വര്‍ഷം LKG മുതല്‍ നാലാം ക്ലാസ്സ് വരെ സായിപ്പിന്റെ പോലെ, ബാഡ്ജോടു കൂടിയ കണ്ഠകൗപീനവും, അരപ്പട്ടയും, ചരണാവരണത്തോട് കൂടിയ പാദരക്ഷയും  വേണ്ടുന്ന ഇംഗ്ലീഷ് സ്കൂളിലാണ് പഠിച്ചത്. അവിടെ ഇംഗ്ലീഷ് ആശയവിനിമയത്തിനായി ഉപയോഗിക്കണം എന്ന് ഇടയ്ക്ക് നിയമം വന്നു. അക്കാലത്ത് ഓരോന്നൊക്കെ ഇംഗ്ലീഷിൽ ചോദിക്കുന്നത് ചില ടീച്ചർമാർക്ക് ഗൌരവമേറിയ അജണ്ടയായിരുന്നു. ഇപ്പോചൈനീസ്  കേൾക്കുന്നത് പോലെ ആയിരുന്നു അന്ന് ഇംഗ്ലീഷ് കേട്ടിരുന്നത്.

അതുകൊണ്ടെന്തുണ്ടായി? സമാനചിന്താഗതിക്കാരായ മലയാളപ്പിള്ളേർ, അനായാസേന ഒഴുകിപ്പോകുന്ന തരം ഇംഗ്ലീഷിന്റെ ഒരു വകഭേദം, ദൈനംദിന ആശയവിനിമയത്തിനായി അവിടെ വെച്ച് വികസിപ്പിച്ചെടുത്തു.

എന്തെങ്കിലും പറ്റാത്തത് പറഞ്ഞാൽ..
"ഈസ്റ്റ് വണ്‍ മോസ്ക്.. ദേറ് ഗോ ഏന്‍ഡ് സേ"
(അങ്ങ് കെഴക്ക് ഒരു പള്ളി ഉണ്ട്. അവിടെ പോയി പറഞ്ഞാ മതി.)

രാവിലെ വന്ന പാടെ ഹോം വർക്ക് ചെയ്യാത്ത ഇണയെ തപ്പുന്നവർ പറയുന്നത്..
"യൂ ഹോം വര്‍ക്ക്? ഐ നോ ഹോംവര്‍ക്ക് .."
(നീ ഹോംവര്‍ക്ക് ചെയ്തോ? ഞാന്‍ ഹോംവര്‍ക്ക് ചെയ്തില്ല.)

കോണി ഓടിക്കയറിയഏതോ ആണ്‍കുട്ടിയുടെ കൈ പോകുന്ന വഴിക്ക് മേത്ത് തട്ടിപ്പോയതിന്‌ നാലാം ക്ലാസ് പെണ്‍കുട്ട്യോള്‍ പറഞ്ഞത്.
"ഹീ ടച്ച്?", "ഉം ടച്ച്", "ഓ മൈ ഗോഡ്"
(ആ ചെക്കൻ നിന്റെ കയ്യിമ്മല് തട്ട്യോ? ഉം.. തട്ടി. ന്റീശ്വരാ..)

ഇംഗ്ലീഷ് പറയണം എന്ന് ആഗ്രഹമില്ലാത്ത ചില പിള്ളേര്‍ അവിടെ പോയി കണ്ഠകൗപീനം കെട്ടാനും, ചരണാവരണത്തോട് കൂടിയ പാദരക്ഷ ഇടാനും, കാണാപ്പാഠം പഠിയ്ക്കാനും നന്നായി പഠിയ്ക്കും. ഇന്നത്തെ പോലെ ടിവിയും മറ്റു മാധ്യമങ്ങളും പ്രചാരത്തിൽ ഇല്ലായിരുന്നത് കൊണ്ട്, മലയാളം മാത്രം സംസാരിച്ച് പഴകിയ കുടുംബത്തിൽ നിന്ന് വന്നവർക്ക് ഇംഗ്ലീഷ് പറച്ചിൽ ഒരു പുതിയ അനുഭവം ആയിരുന്നു. നല്ല താൽപര്യം ഇല്ലാത്ത തരം പഠിപ്പ് പഠിക്കുന്നവരുടെ ഇംഗ്ലീഷ് പറച്ചിൽ "ദേറ് ഗോ ഏന്‍ഡ് സേ" ആയില്ലെങ്കിലല്ലേ അദ്‌ഭുതപ്പെടേണ്ടത്? തിയറി കുഴപ്പമില്ലാതെ മുന്നോട്ട് പോയി. പ്രാക്ടിക്കൽ മുമ്പ് പറഞ്ഞ ദേറ് ഗോ ഏന്‍ഡ് സേ.

പിന്നീട് അഞ്ച് മുതല്‍ പത്തു വരെ പഠിച്ച സ്കൂളിൽ ഇംഗ്ലീഷ് പറയണമെന്നേ ഇല്ലായിരുന്നു. വിഷയങ്ങള്‍ ഇംഗ്ലീഷില്‍ ആയത് കൊണ്ട് ഒരു പരിചയം വന്നു. "ഒരുവേള പഴക്കമേറിയാൽ ഇരുളും മെല്ലെ.." എന്ന് ആശാൻ പറഞ്ഞത് പോലെ  പഴകിപ്പഴകി ഇംഗ്ലീഷ് വെളിച്ചം കുറച്ച് കിട്ടി (ആശാൻ പറഞ്ഞത് സീത ആശ്രമത്തിൽ കഴിഞ്ഞപ്പോൾ ആണെന്ന് അമ്മയുടെ സാക്ഷ്യം!). പശു മൂത്രമൊഴിക്കുന്നതു പോലെ, ഇംഗ്ലീഷ് അനിർഗളം പുറത്തേക്ക് വരില്ലെങ്കിലും, ചാണകം വീഴുന്ന നിലവാരത്തിലൊക്കെ വരും. പ്രയോഗം കുറവായത് കൊണ്ട് ചാണകത്തിൽ നിന്ന് മൂത്രത്തിലേക്ക് കാലാന്തരേ പരിണമിച്ചുമില്ല, എന്നിലെ പശു മലയാളത്തിൽ മൂത്രമൊഴിച്ചും ഇംഗ്ലീഷിൽ ചാണകമിട്ടും സ്വസ്ഥമായി കഴിഞ്ഞു കൂടുകയാണ് ഉണ്ടായത്.

കഥയ്ക്ക് ട്വിസ്റ്റ്‌. വിവാഹം കഴിഞ്ഞു. പ്രിയതമ മുഴുനീളം മലയാളം സ്കൂളില്‍ പഠിച്ചു പോന്ന കുട്ടിരത്നമാണ് (ന്നെ സ്ത്രീന്ന് വിളിക്കല്ലേ.. ). അതിന്റെ ലാളിത്യം സദാ പ്രകടമായിരുന്നെങ്കിലും എസ്. എസ്. എല്‍‌. സി ക്കുള്ള മാര്‍ക്ക് വെച്ച് പല തവണ ഞാന്‍ പീഡിപ്പിക്കപ്പെട്ടിരുന്നു, സ്കൂൾ ജീവിതം അയവിറക്കുന്നതിനിടയിൽ ഇത്തരം സംഗതികൾ കടന്നു വരും..
"പിന്നെല്ലേ എസെല്‍സിക്ക് ഞാന്‍ കുത്തിയിരുന്ന് പഠിച്ചതാ സോഷ്യല്‌, ഓരോ പാഠോം തൊടക്കം മുതല്‌ അവസാനം വരെ കാണാണ്ട് പറയ്വായീനു. ഐല് ഇനിക്ക് ഐമ്പേല്‌ ഐമ്പേ കിട്ടി. കിരണ്‌ന് എത്തറ്യാ..?"

അവൾക്കും ഇംഗ്ലീഷ് ദൌർബല്യം ആയിരുന്നു. എനിക്ക് ആറ്‌ വർഷത്തെ ഇംഗ്ലീഷ് കാറ്റേറ്റ് അല്പസ്വല്പം പ്രയോഗങ്ങളൊക്കെ വശത്തായിരുന്നു.
എന്നിരുന്നാലും ജലാംശത്തിന്റെ ഏറ്റക്കുറച്ചിലുള്ള രണ്ടു തരം ചാണകമായിരുന്നു ഞങ്ങൾ ഇരുവരുടെയും ഇംഗ്ലീഷ്.

ജോലിയിൽ പരിഭാഷയ്ക്ക് ഒരു കൈത്താങ്ങ് വേണ്ടി വരുമ്പോഴൊക്കെ ഞാൻ ഓടിച്ചെന്ന്  മൂക്കില്ലാ രാജ്യത്തെ മുറിമൂക്കന്‍ സായിപിന്റെ ആ  വേഷമെടുത്തിട്ട്  എസ് എസ് എല്‍ സി പീഡനത്തിന്റെ ക്ഷീണമങ്ങ് തീര്‍ക്കും. ഒരു ഇംഗ്ലീഷ് മുല്ലയാണ്‌ ഞാന്‍ എന്നത്രേ അവളുടെ തെറ്റിധാരണ.

വിവാഹം കഴിഞ്ഞ് പുതിയ ജോലിയില്‍ പ്രവേശിച്ച കാലത്ത് മിക്കവാറും ദിവസങ്ങളില്‍ Client ആയിരുന്ന സായിപുമായി text chat ഉണ്ടാകുമായിരുന്നു അവള്‍ക്ക്. അത് കൈകാര്യം ചെയ്യുന്നതിനിടയില്‍ നടന്ന ഒരു കുഞ്ഞു കാര്യം പങ്കു വെക്കാനാണ്‌ ഇത്രയും വലിയ മുഖവുര!
(അല്ലെങ്കിലും  ഫ്രണ്ട്സിന്റെ ഒക്കെ മുന്നില് ന്നെ കരിവാരിത്തേക്കാൻ പ്രത്യേക താല്പര്യം ആണല്ലോ!
പൊന്നേ, ഒരു കുഞ്ഞ് നർമ്മം പങ്കു വെക്കലല്ലേ!)

ഒരു ദിവസം കാലത്ത് സായിപ് എന്തോ ജോലിയുടെ കാര്യം ചാറ്റ് ചെയ്തു ചോദിച്ചു. ഇന്ന ഇന്നതൊക്കെ ചെയ്തു തീർന്നു, ഇനി ഇതൊക്കെ ചെയ്യാനുണ്ട് എന്ന രീതിയിൽ അവൾ  മറുപടി പറഞ്ഞു.  എല്ലാം കഴിഞ്ഞപ്പോള്‍ സായിപ്  കഠിനമായ എന്തോ അവളോട് പറഞ്ഞത്രേ.എന്നിട്ട് ഗുഡ് ബൈ പറഞ്ഞ് ലോഗ്ഔട്ട് ചെയ്തു.

സംഭവം ഗുരുതരമായെന്ന് അവൾക്ക് ബോധ്യമായി. ജോലിയുടെ കാര്യത്തില്‍ എന്തോ വീഴ്ച സംഭവിച്ചോ? അതിനും മാത്രം ഒന്നും ഉണ്ടായും ഇല്ലല്ലോ. എവിടെയാണ്‌ വീഴ്ച എന്ന് വ്യക്തമായി മനസ്സിലാവുന്നില്ല. എന്തായാലും സായിപ്പ്  അത്ര രസത്തിലല്ല. ആവലാതിയോടെ സീറ്റില്‍ നിന്ന് എഴുന്നേറ്റു pantry യിലേക്ക് നടന്നു. കൂട്ടുകാരുമായി ഈ ആവലാതി പങ്കു വെക്കാമെന്നുറച്ചു. എന്തെങ്കിലും പ്രതിവിധി കിട്ടിയാലോ എന്നാ പ്രതീക്ഷയിൽ അവിടെയിരുന്ന് ചായ കുടിക്കുന്നവരുടെ അടുത്തെത്തി.

അവള്‍‌ :  "എന്റീശ്വരാ.." (ടെന്‍ഷന്‍ .. ) 

കൂട്ടുകാരി : "എന്താ.. എന്താ പറ്റിയേ.."

അവള്‍‌ : "കൊഴപ്പായെടോ.. രാവിലെത്തന്നെ സായിപിന്റെ അടുത്ത്ന്ന് കേട്ടു.."

കൂട്ടുകാരി : "എന്താ കാര്യം.. ഇമ്മക്ക് സമാധാനം ഇണ്ടാക്കാം."

അവള്‍‌ : "Client ഇന്നോട് ചൂടായി."

കൂട്ടുകാരി : "എന്തിന്.."

അവള്‍‌ : "അത് ഇനിക്കും മനസ്സിലാവുന്നില്ല.. ജോലി ഒക്കെ നന്നായി പോക്വായിരുന്നു..  ഞാന്‍ അങ്ങോട്ട് Update നേരത്തേ പറയാത്തത് കൊണ്ടാണോന്നാ സംശയം."

കൂട്ടുകാരി : "അപ്പോ Update കൊടുത്തില്ലേ?"

അവള്‍‌ : "അതൊക്കെ ചെയ്തതാ, ഇന്നലെ mail അയച്ചു. ഇന്ന് കാലത്ത്  chat ചെയ്തപ്പോഴാന്ന് നേരിട്ട് പറഞ്ഞത് എന്ന് മാത്രം. അതിന്‌ ചൂടാവണോ? ഇനി സാറിനോടെങ്ങാന്‍ പോയി പറഞ്ഞ് കൊഴപ്പാവോ ഈശ്വരാ?"

കൂട്ടുകാരി : "സായിപ് എന്താ നിന്നോട് പറഞ്ഞേ? വല്ല ചീത്തയോ മറ്റോ?"

അവള്‍ : "ചീത്ത പറഞ്ഞില്ലാന്നേ ഉള്ളൂ.."

കൂട്ടുകാരി : "പിന്നെ ?"

അവള്‍ : "ഇന്നോട് പറയ്വാ.."

കൂട്ടുകാരി : "പറഞ്ഞ കാര്യം പറയെടോ."

അവള്‍ : "Sounds good" ന്ന്

ഇത്തിരി നേരത്തെ ചിരിക്ക് മുന്നോടിയായുള്ള ലാഘവമുള്ള നിശബ്ദത. അതറിഞ്ഞ്, എന്തോ  അമളി പറ്റിയെന്ന് അവള്‍ ഉറപ്പിച്ചു. അമളിയാണെങ്കിലെന്താ പേടിക്കാനൊന്നുമില്ലല്ലോ എന്ന് സമാധാനിച്ചുകൊണ്ട് അവള്‍ ചോദിച്ചു :
"എന്താ.. അതിന്‌ വേറെ വല്ല അര്‍ത്ഥോം ണ്ടോ?"

കൂട്ടുകാരി : "അതിന്‌ ഒരു അര്‍ത്ഥമേ ഉള്ളൂ.."

അവള്‍ : "എന്തായാലും വേണ്ടില്ല.. നല്ലതല്ലേ മോളേ ആ അർത്ഥം?"

കൂട്ടുകാരി : "ഗുഡ് എന്ന് കേട്ടാ അറഞ്ഞൂടെ മണ്ടൂസേ നല്ലതാണ്‌ ന്ന്.."

അവള്‍ :   "അതെനിക്കറിയാം.. പക്ഷെ അതു മാത്രല്ലല്ലോ പറഞ്ഞേ.. സൌണ്ടും കൂടി ഇല്ലേ?"

കൂട്ടുകാരി : "നീയെന്ത്‌ അർത്ഥാ വിചാരിച്ചേ?"

അവള്‍ :  "Sound ന്ന് പറഞ്ഞാ ഒച്ചാന്നല്ലേ അര്‍ത്ഥം. Good ന്ന് പറഞ്ഞാ നല്ലത്. Sounds good എന്ന് പറയുമ്പോ - ഒച്ച എടുത്ത് ചോദിച്ചത് കൊണ്ട് കാര്യങ്ങളൊക്കെ നല്ല പോലെ മനസ്സിലാക്കാനായി, എന്നാ പറഞ്ഞത്‌ന്ന് വിചാരിച്ചു!

കൂട്ടുകാരി : "എന്റമ്മോ! ഇത്ര കടന്ന് ചിന്തിച്ചു പോയോ? നീ പറഞ്ഞത് കേട്ടിട്ട് നന്നായി തോന്നുന്നു എന്നാ അയാള്‍ പറഞ്ഞേ.."

(ആത്മഗതം - സായിപ് എന്ത് തങ്കപ്പെട്ട മനുഷ്യന്‍‌. വെറുതേ തെറ്റിധരിച്ചു, പേടിച്ചു! അല്ലെങ്കിലും ഇന്നോട് അയാള്‍ അങ്ങനെയൊന്നും പറയണ്ട കാര്യല്ലാന്ന് ഇനിക്കറിയാം..പെട്ടെന്ന് കേട്ടപ്പോ പിന്നെ....)

**കഥ എന്ന ലാബൽ  ധാരാളം മേമ്പൊടി ചേർത്തതു കൊണ്ട്.

10 മേയ് 2016

ക്യൂ

റോഡരികില്‍ ചിതറി നിര്‍ത്തിയ വണ്ടികളില്‍ നിന്ന് ബിവറേജ് ഷോപ്പിലെ വളഞ്ഞു പുളഞ്ഞ ക്യൂവിലേക്ക് വഴുതുന്നവര്‍, കുപ്പി വാങ്ങി പോകുന്നവരുടെ സന്തോഷത്തിലും ധൃതിയിലും കൗതുകത്തോടെ തിരയുകയാണ്‌, തനിക്ക് കിട്ടേണ്ടത്. അതുള്ളത്, കെട്ടിന്റെ ആരോഹണവും അവരോഹണവും കഴിഞ്ഞ് സ്വന്തം ജോലിയിലേക്ക് വഴുതുന്നവരുടെ ആലസ്യമുള്ള നിമിഷങ്ങളിലല്ലേ?

ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമയുടെ ട്രെയിലര്‍ ഓര്‍ത്തോര്‍ത്ത്, തീയേറ്ററില്‍ ക്യൂ നില്‍ക്കുന്നവര്‍, ടിക്കറ്റ് കിട്ടിയവരുടെ ആര്‍പ്പുവിളകളില്‍  കൗതുകത്തോടെ തിരയുകയാണ്‌, തനിക്ക് കിട്ടേണ്ടത്. അതുള്ളത്, സിനിമ കഴിഞ്ഞ് പതിഞ്ഞ സ്വരത്തില്‍ സംസാരിച്ച് കൊണ്ട് ധൃതിയില്ലാതെ ഒഴുകുന്ന  പുരുഷാരത്തിന്റെ മുഖങ്ങളിലല്ലേ? അവര്‍ വീട്ടിലെത്തി, "സിനിമ അവസാനിച്ച് ജീവിതം തുടങ്ങി" എന്ന ഉറക്കം കഴിഞ്ഞ് എഴുന്നേല്‍ക്കുന്ന നിമിഷങ്ങളിലല്ലേ?

01 മേയ് 2016

സമയം നില്‍ക്കുന്ന സന്ധ്യ

കടല്‍ത്തീരത്ത്‌ ഏതോ കളിയില്‍ മുഴുകിയിരുന്ന നമ്മോട്
ഒരുപാട് സ്നേഹം തോന്നിയ തിര സമ്മാനിച്ച ശംഖുകളല്ലേ ഈ ശരീരം!
അതുമായി "നമ്മൾ" എന്നാര്‍ത്ത് നീയും ഞാനും
എത്രകാലം ഈ തീരത്ത് ഓടിക്കളിച്ചു!

പൊള്ളയായ ആ ശംഖിലെ കടലിരമ്പം കേട്ട മാത്രയിൽ
നമുക്ക് ശംഖെന്നാല്‍ കടലിന്റെ മാറ്റൊലി മാത്രമായില്ലേ!

പ്രതീക്ഷിക്കാതെ ഒരു വലിയ തിരയതാ വന്നു,
അമ്പോ! നമ്മള്‍ ഭയന്ന് വിറച്ചു പോയി.
നഷ്ടപ്പെടാതിരിക്കാന്‍ മുറുകെ പിടിച്ചെങ്കിലും
"കഷ്ടം", നിന്റെ ശംഖ് മാത്രം തിരയില്‍ പെട്ടുപോയില്ലേ!

പ്രകാശം നൂലായും ഇരുട്ട് സൂചിയായും
പ്രപഞ്ചത്തിന്റെ കുപ്പായം തുന്നുന്നവനേ,
നിന്റെ നിമിഷസ്വപ്നമായിരുന്നോ ഞങ്ങളുടെ കേൾവി?

കടല്‍ത്തീരത്ത്‌ ഏതോ കളിയില്‍ മുഴുകിയിരുന്ന നമുക്ക്
ഒരു വലിയ തിര സമ്മാനിച്ച ശരീരം മാത്രമല്ലേ ഈ ശംഖുകള്‍‌!

നിന്റെയുള്ളിൽ ഞാനും എന്റെയുള്ളിൽ നീയും
കേട്ട കടലിരമ്പമല്ലേ നമ്മുടെ ജീവിതം!
ഉറങ്ങിയതും, ഉണർന്നതും, സ്വപ്നം കണ്ടതും,
ചിരിച്ചതും, കരഞ്ഞതും, ഇണങ്ങിയതും പിണങ്ങിയതും
ആ ശബ്ദത്തിന്റെ സ്വച്ഛന്ദതയിലല്ലേ!

നഷ്ടത്തിന്റെ ദുഃഖമെന്നാൽ നഷ്ടത്തിന്റെ സ്വീകാര്യതയെന്നല്ലേ?
നമ്മുടെ ആനന്ദമായിരുന്ന കേൾവിയുടെ നിരാസമെന്നല്ലേ?
നമ്മുടെ നിലനിൽപും, കേൾവിയും സ്വപ്നമാണെങ്കിൽക്കൂടി സംശയാതീതമാണ്.

ആകാശത്തിന്റെ സമയമില്ലായ്മയിലൂടെ
നമ്മൾ ഊർന്നു പോകുന്ന ആ സന്ധ്യയൊന്ന് വന്നിരുന്നെങ്കിൽ!
അന്നേരം നമ്മൾ സമയത്താൽ ബന്ധിതരല്ലാത്ത,
കളിയുടെ ആനന്ദത്താൽ ഭ്രാന്ത് പിടിച്ച,
എവിടെ നിന്നോ ഈ തീരത്ത് പൊട്ടി മുളച്ച രണ്ടു പിള്ളേരായിരിക്കണം.
അവരുടെ കളി എന്താണെന്ന് ഊഹിക്കാൻ കഴിയുമോ!
ഓടി നടന്ന് ശംഖുകൾ പെറുക്കിയെടുക്കുക,
പിന്നീട് ആർത്ത്  വിളിച്ച് അതൊക്കെ കടലിലേക്ക് വലിച്ചെറിയുക!

കടലിന്റെ കളിയിൽ പങ്കു ചേർന്ന് കടലിന്റെ ആനന്ദമറിഞ്ഞ് വേണമത്രേ
കടലിന്റെ ചില നേരമ്പോക്കുകളെ തോൽപിയ്ക്കാൻ!
അതിനായി കാത്തിരിപ്പിന്റെ എത്ര സന്ധ്യകൾ താണ്ടണം!
നമുക്ക്.

22 ജനുവരി 2015

തിമിരം

കഴിഞ്ഞ വര്‍ഷം ഒരു ശനിയാഴ്ച ദിവസം. അന്ന് അമ്മയ്ക്ക് തിമിരത്തിന്റെ ചെറിയ ഒരു ശസ്ത്രക്രിയ ഉണ്ടായിരുന്നു.
ആശുപത്രിയില്‍ കാലത്ത് നേരത്തേ എത്തണം, കീ ഹോള്‍ ആയതു കാരണം ഒരു മണിക്കൂര്‍ കൊണ്ട് മടങ്ങാം എന്ന് ഡോക്ടര്‍ നേരത്തേ പറഞ്ഞിരുന്നു. നാട്ടിലുള്ള തല നരച്ച ഭൂരിഭാഗം പേരും ചെയ്ത അഭിപ്രായം കേട്ടതു  കൊണ്ട് ലാഘവത്തോടെയാണ്‌ ആശുപത്രിയിലെത്തിയത്.

അവിടെ വെച്ച് "ബാധ്യത ഇല്ലായ്മ" പല വിധത്തില്‍ എഴുതിയ കടലാസ് ആശുപത്രിക്കാര്‍ ഒപ്പിടുവിച്ചു വാങ്ങി, അത് കണ്ടപ്പോള്‍ എനിക്ക് ഭയം തോന്നി, അമ്മയ്ക്ക് ഭയമില്ലായിരുന്നു. മഴയും ഇടിയും മിന്നലും ഉണ്ടാകുമ്പോള്‍ അത് ആസ്വദിച്ചുകൊണ്ട് അമ്മ വരാന്തയില്‍ ഇരിയ്ക്കാറുണ്ടായിരുന്നു. കാതടപ്പിയ്ക്കുന്ന ഇടിയും, മിന്നലും ആണെങ്കിലും അമ്മ അവിടെ കസേരയുമിട്ട് ഇരിയ്ക്കും. ഞാനായിരുന്നു അന്ന് അമ്മയെ വരാന്തയില്‍ നിന്ന് ഒരു വിധത്തില്‍ പിടിച്ചു വലിച്ചുകൊണ്ട് അകത്തേക്ക് ഓടിയിരുന്നത്.
അമ്മയുടെ പേരിന്റെ അര്‍ത്ഥം തന്നെ മിന്നല്‍‌പിണരെന്നാണെന്നും, അതു കൊണ്ടാണ്‌ മിന്നലിനെ പേടി ഇല്ലാത്തത് എന്നുമായിരുന്നു എന്നെ ചെറുപ്പത്തില്‍ ധരിപ്പിച്ചിരുന്നത്.

കണ്ണിനാണ്‌ ശസ്ത്രക്രിയയെങ്കിലും, പച്ച വസ്ത്രം ധരിയ്ക്കണം. ഒപ്പിടലൊക്കെ കഴിഞ്ഞ് അതിനു വേണ്ടിയുള്ള മുറിയിലേക്ക് കടന്നു. അകത്ത് ഒരു സിസ്റ്ററും അമ്മയും മാത്രം. ആ സിസ്റ്റര്‍ ആയിരുന്നു ഓരോരുത്തരെയും ശസ്ത്രക്രിയയ്ക്ക് തയ്യാറാക്കിയിരുന്നതും, കഴിഞ്ഞവരെ വേറെ മുറിയിലേക്ക് മാറ്റുന്നതിന്‌ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്തിരുന്നതും. തടിച്ച് ഉയരം കുറഞ്ഞ് സദാ ചിരിച്ചു കൊണ്ടിരിയ്ക്കുന്ന ഒരു മുപ്പതുകാരി സ്ത്രീ. ആകെ തിരക്കിലായിരുന്നു അവര്‍. മുകള്‍‌ഭാഗത്തെ വശങ്ങള്‍ തുറന്ന മുറിയായിരുന്നതുകൊണ്ട് സംഭാഷണം പുറത്തേക്ക് അവ്യക്തമായി കേള്‍ക്കാമായിരുന്നു. അകത്ത് ഫാന്‍ നല്ല സ്പീഡില്‍ കറങ്ങുന്നുണ്ടായിരുന്നു. ആ ശബ്ദമില്ലായിരുന്നെങ്കില്‍ എല്ലാം വ്യക്തമായി കേള്‍ക്കാമായിരുന്നെന്ന് തോന്നി.

തിരക്കുകാരിയായ സിസ്റ്റര്‍ ചുരുങ്ങിയത് അഞ്ചു പ്രാവശ്യമെങ്കിലും ഓരോ ആവശ്യത്തിനായി പുറത്തു പോയി വന്നു. അല്പനേരം കഴിഞ്ഞപ്പോള്‍, അകത്തു നിന്ന് അമ്മയുടെ സംഭാഷണം കേട്ടു..
"കുറയ്ക്ക് കുറയ്ക്ക്"
പതിഞ്ഞ സ്വരത്തില്‍ ആയതു കൊണ്ട് പിന്നീട് പറഞ്ഞതെന്താണെന്ന് മനസ്സിലായില്ല. പക്ഷെ കാര്യം എന്താണെന്ന് പെട്ടെന്ന് തന്നെ പിടികിട്ടി. അമ്മ ഫാനിന്റെ സ്പീഡ് കുറയ്ക്കാന്‍ പറയുകയായിരുന്നു.

ഫാനിന്റെ സ്പീഡ് കുറയുമെന്ന് കരുതി ഞാന്‍ മുകളിലേക്ക് നോക്കി. പക്ഷെ തിരക്കുകാരി സിസ്റ്റര്‍ ശ്രദ്ധിയ്ക്കാഞ്ഞതു കാരണം ഫാന്‍ നല്ല സ്പീഡില്‍ കറങ്ങിക്കൊണ്ടേയിരുന്നു.

അധികം വൈകാതെ അവര്‍ തിരക്കിട്ടു പുറത്തേക്ക് പോയി, മുപ്പതു സെക്കന്‍ഡ് കൊണ്ട് തന്നെ തിരിച്ചു വരികയും ചെയ്തു. അന്നേരം അവരുടെ മുഖത്തെ ചിരി കൂസലില്ലായ്മയായി തോന്നി. അത് ഒരു തരം അസ്വസ്ഥത ഉണ്ടാക്കി.




"ഒന്ന് കുറയ്ക്കിത് മോളേ...", അകത്ത് നിന്ന് വീണ്ടും അമ്മയുടെ ശബ്ദം.
ഫാനിന്റെ സ്പീഡ് ഇപ്പോള്‍ എന്തായാലും കുറയുമെന്ന് കരുതി ഞാന്‍ മുകളിലേക്ക് തന്നെ നോക്കി അല്പ നേരം കൂടി ഇരുന്നു, പക്ഷെ ഒരു മാറ്റവുമില്ല.

"ഒന്ന് ഫാന്‍ കുറയ്ക്കാന്‍ പോലും കഴിയാത്തത്ര തിരക്കുണ്ടോ?", എന്നൊക്കെ ചിന്തകള്‍ വന്നു. എന്തായാലും, ഇനിയും തിരക്കുകാരി സിസ്റ്റര്‍ സ്പീഡ് കുറയ്ക്കുന്നതും നോക്കി ഇരുന്നിട്ട് കാര്യമില്ല.  അകത്തു കയറി കുറച്ചിട്ടു തന്നെ കാര്യം. സിസ്റ്ററോട് ഒരു ഡയലോഗും കാച്ചണം. ഞാന്‍ എഴുന്നേറ്റു ചെന്ന് വാതിലില്‍ മുട്ടി.
സിസ്റ്റര്‍ വാതില്‍ തുറന്നപ്പോള്‍ നേരെ അകത്തു കയറി.
അമ്മ അവിടെ കസേരയില്‍ ഇരിയ്ക്കുന്നുണ്ടായിരുന്നു പച്ച വേഷത്തില്‍.

സിസ്റ്റര്‍ : "എന്തേ?"
ഞാന്‍: "ഈ ഫാനിന്റെ റെഗുലേറ്റര്‍ എവിടെയാ?"
സിസ്റ്റര്‍ : "ദാ അവിടെയാ.. എന്തേ?"
റെഗുലേറ്ററിന്റെ സ്പീഡ് നന്നായി കുറച്ചിട്ട് അമ്മയോട് ചോദിച്ചു : "ഇത്ര മതിയോ?"
സംഗതി പിടി കിട്ടാത്തതു പോലെ അമ്മ എന്നെ സംശയത്തോടെ നോക്കി.
ഞാന്‍ സിസ്റ്ററോട് പറഞ്ഞു : "അമ്മ കുറയ്ക്ക് കുറയ്ക്ക് എന്ന് പറയുന്നുണ്ടായിരുന്നു.. കുറച്ച് നേരായി. അതാ വന്നേ. തണുപ്പ് അധികം പറ്റില്ല."

അമ്മയും സിസ്റ്ററും ഒന്നു പരുങ്ങി. പെട്ടെന്ന് എന്തോ മനസ്സിലായിട്ടെന്നോണം സിസ്റ്റര്‍ ചിരിച്ചു തുടങ്ങി. പിന്നീട് അമ്മയും. എന്താ സംഭവമെന്ന് അറിയാതെ ഞാന്‍ പരുങ്ങി.

സിസ്റ്റര്‍ പറഞ്ഞു: "ന്റെ തടി കുറയ്ക്കുന്ന കാര്യമാണ്‌ അമ്മ പറഞ്ഞേ.. ഞാന്‍ പറയുകയായിരുന്നു, ഭക്ഷണം കഴിയ്ക്കാണ്ടുള്ള ഒരു പരിപാടിയ്ക്കും ഇല്ലാന്ന്.."

തടി കുറയ്ക്കുന്നതിനെപ്പറ്റിയായിരുന്നു അകത്ത് സംസാരം എന്ന് അപ്പോഴാണ്‌ പിടികിട്ടിയത്. പറ്റിയ അമളിയോര്‍ത്ത് വേഗം അവിടെ നിന്ന് മുങ്ങി. പതുക്കെ ഒന്നും സംഭവിയ്ക്കാത്തതു പോലെ ബെഞ്ചില്‍ പോയിരുന്നു.
പുറത്ത് ഊഴം കാത്തിരുന്ന ഒരു വല്യമ്മ അകത്തുനിന്ന് ഞാന്‍ വരുന്നത് ശ്രദ്ധിച്ചിരുന്നു.
വല്ല്യമ്മ - "എന്താ മോനേ പോയേ..?"
ഞാന്‍ പറഞ്ഞു - "ആവാറായോന്ന് നോക്ക്യേതാ.."
വല്ല്യമ്മ - "ന്നിട്ടോ..?"
ഞാന്‍ - "ആയിട്ടില്ല.. ഇത്തിരി കൂടി കഴിയും.."

22 സെപ്റ്റംബർ 2014

പാവര്‍ട്ടി മുതല്‍ സ്ഥാണുപൃഷ്ഠം വരെ

"ഉത്തരമഥുരാപുരിക്കുത്തരോപാന്തത്തിലുള്ള
വിസ്തൃതരാജവീഥിതൻ കിഴക്കരികിൽ" - എന്ന് തുടങ്ങി "കരുണ"യിലെ വരികള്‍ കാണാതെ പഠിച്ച്  അമ്മാമ്മ ഈണത്തോടെ ചൊല്ലുമായിരുന്നത്രേ. അമ്മ ഇത് പറഞ്ഞത് കേട്ടപ്പോള്‍ അതിശയം തോന്നി. ഒരു ബ്രൗണ്‍ ബ്ലൗസും, മുണ്ടും ഉടുത്ത് സദാ വീട്ടുപണികളിൽ മുഴുകി നടന്നിരുന്ന അമ്മാമ്മയെ മാത്രമേ ഞാൻ അറിഞ്ഞിരുന്നുള്ളൂ. ഞാന്‍ നാലാം ക്ളാസ്സില്‍ പഠിയ്ക്കുമ്പോള്‍ ഓര്‍മ്മയായ അമ്മാമ്മ കവിതകള്‍ ഹൃദിസ്ഥമാക്കി  ചൊല്ലുമായിരുന്നു എന്ന് കേട്ടപ്പോള്‍ സന്തോഷം തോന്നി. മിടുക്കി അമ്മാമ്മ!

"ഒരു നിശ്ചയമില്ലയൊന്നിനും വരുമോരോദശവന്നപോലെ പോം - ചിന്താവിഷ്ടയായ സീത - ആശാന്‍. അമ്മ പഠിച്ചിരുന്ന കാലത്ത് ഇതൊക്കെ എത്ര പാടി നടന്നിട്ടുള്ളതാണെന്ന് അറിയോ?", അമ്മ പഴമയിലേക്ക് മടങ്ങി.

"ഇപ്പൊ അതിനു പകരം സിനിമാപാട്ടുകൾ ആവും പാടി നടക്കുക. വന്ന് വന്ന് സിനിമാപാട്ടുകൾ പാടി നടക്കുന്നതും കാണാനില്ല, കേൾക്കുന്നത് കാണാം", ഞാനോർത്തു.

സ്കൂളിൽ പഠിയ്ക്കുന്ന കാലത്ത് അമ്മയായിരുന്നു മലയാളം പറഞ്ഞു തന്നിരുന്നത്. അന്നൊരു ദിവസം അമ്മ പഠിച്ച കോളേജിനെ പറ്റി പറഞ്ഞപ്പോൾ ഒരു വാക്ക് പരിചയപ്പെടുത്തിയിരുന്നു. ഞാൻ ആ വാക്ക് മനസ്സിൽ രേഖപ്പെടുത്തിയത് "പൃഷ്ഠലഗ്നം" എന്ന് !

"പൃഷ്ഠലഗ്നം എന്നല്ലേ അവിടുത്തെ മാഷ്‌ പറഞ്ഞ ആ വാക്ക്?", ഞാന്‍ സംശയത്തോടെ ചോദിച്ചു.

"പൃഷ്ഠ..ലഗ്നം എന്നല്ല.. ശോ.. ഞാന്‍ പറയാം..", അമ്മ കൗതുകത്തോടെ പഴയ ഒരു കവിതാശകലം ഓര്‍ത്തെടുത്തു - "സ്ഥാണു.. സ്ഥാണുപൃഷ്ഠം!"

അമ്മ പഠിച്ചിരുന്ന കോളേജിലെ നിമിഷകവിയായിരുന്ന ഒരു അധ്യാപകന്‍ നേരമ്പോക്കിനായി  ക്ലാസ്സില്‍ പങ്കു വെച്ച ഒരു കവിതയിലെ വ്യക്തമായി ഓര്‍മ്മയുള്ള ആദ്യത്തെ ഈരടികളിലാണ്‌  "സ്ഥാണുപൃഷ്ഠം" കടന്നു വരുന്നത്. ആ കവിതാശകലത്തിന്‌ അന്‍പത് വര്‍ഷത്തോളം പഴക്കമുണ്ട്. അതിലെ വാക്കുകളില്‍ പുരണ്ടിരിയ്ക്കുന്നത് ആ കാലഘട്ടത്തിന്റെ നിഷ്കളങ്കമായ ദിവസങ്ങളും, അത് വാര്‍ത്തെടുത്ത രസികനായ അധ്യാപകന്റെ നര്‍മ്മബോധവുമാണ്. ഒരു സന്ദര്‍ഭത്തിന്റെ നേരമ്പോക്കിനു ശേഷം ഇത്രയും നാൾ ഉറങ്ങുകയായിരുന്നു അതിലെ വാക്കുകൾ.

പതിനഞ്ച് മുതല്‍ പതിനെട്ട് വയസ്സ് വരെ - ഏതാണ്ട് അന്‍പത് വര്‍ഷം മുമ്പ് അമ്മ മലയാളം വിദ്വാന്‌ പാവര്‍ട്ടി സാഹിത്യ ദീപിക സംസ്കൃത കോളേജില്‍ പഠിയ്ക്കുന്ന കാലം. ഒരു കൂട്ടം ഗൗരവവും നര്‍മ്മബോധവുമുള്ള അധ്യാപകര്‍, ഭയഭക്തിബഹുമാനത്തോടെ മാത്രം അവരുമായി ഇടപഴകിയിരുന്ന വിദ്യാര്‍ത്ഥികള്‍. നിമിഷകവിതകള്‍ ചൊല്ലുന്നതില്‍ നിഷ്ണാദന്മാരായിരുന്നു  അധ്യാപകരില്‍ പലരും. അമ്മയുടെ വാക്കുകളില്‍ നിന്ന് വായിച്ചെടുക്കാം അവരോടുണ്ടായിരുന്ന ബഹുമാനത്തെക്കുറിച്ചും, അവരുടെ പാണ്ഡിത്യത്തെക്കുറിച്ചും. അധ്യാപകരിൽ രണ്ടു പേരായിരുന്നു ജോസ് മാഷും, ശ്രീകുമാരന്‍ മാഷും..

ശ്രീകുമാരന്‍‌ മാഷുടെ വീട് സ്കൂളില്‍ നിന്ന് ഏറെ ദൂരെയായിരുന്നു. സ്ഥലം ഏതാണെന്ന് പിന്നീട് പറയാം. ദിവസവും അവിടെ നിന്ന് പാവര്‍ട്ടി വരെ ബസ്സിനു പോയി വരാറായിരുന്നു പതിവ്.
ദൂരം കാരണം നാലുമണിയ്ക്ക് സ്കൂള്‍ വിട്ടാല്‍ മാഷിനു ബസ്സ് പിടിയ്ക്കാനുള്ള ധൃതിയായിരുന്നു.

ഒരു ദിവസം പതിവ് പോലെ സ്കൂള്‍ വിട്ട് വീട്ടിലേക്ക് പോകാന്‍ തിരക്കു പിടിച്ചു നില്‍ക്കുന്ന ശ്രീകുമാരന്‍ മാഷോട്  ജോസ് മാഷ്  അയത്നലളിതമായി ഇങ്ങനെ ചൊല്ലി..


"സ്ഥാണുപൃഷ്ഠ ഗമനോത്സുകസ്സദാ
പ്രാണഭാജന വിയോഗ വിഹ്വലാ
പ്രീണനായി നിഖിലാനി നിന്ദയന്‍
സ്ഥാണുവല്‍സ്ഥിമിത ഏഷ തിഷ്ഠതി"

ഈ കവിതാശകലം അടുത്ത ദിവസം ക്ലാസ്സില്‍ വെച്ച് വിദ്യാര്‍ത്ഥികളുമായി ജോസ് മാഷ് പങ്കുവെച്ചു. അങ്ങനെയാണ്‌ അമ്മ ഇത് കേള്‍ക്കുന്നത്.

"സ്ഥാണുപൃഷ്ഠ ഗമനോത്സുകസ്സദാ
പ്രാണഭാജന വിയോഗ വിഹ്വലാ"
സ്ഥാണുപൃഷ്ഠമൊഴികെ മറ്റെല്ലാം ഏതാണ്ട് കേള്‍ക്കുമ്പോള്‍ തന്നെ ബോധ്യമാകും.
ഗമനം, ഉത്സുകം, സദാ, പ്രാണഭാജനം, വിയോഗം, വിഹ്വലം.

"പ്രാണഭാജനത്തിന്റെ വിരഹത്താല്‍ ദുഃഖിതനായി, സദാ അവിടേക്കു പോകാനുള്ള ചിന്തയില്‍  ഉത്സുകനായവനേ.."
മാഷ് താമസിച്ചിരുന്നത് സ്ഥാണുപൃഷ്ഠത്തായിരുന്നു എന്ന് മനസ്സിലാക്കാം.

"എവിടെയാ ഈ സ്ഥാണുപൃഷ്ഠം?", അമ്മയോട് ചോദിച്ചു.
അമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു - "കുറ്റിപ്പുറം. മാഷുടെ വീട് കുറ്റിപ്പുറത്തായിരുന്നു. അവിടുന്നാ ദിവസവും വന്നു  പോയിരുന്നത്..".

സ്ഥാണു - കുന്തം, ശാഖകള്‍ ഇല്ലാത്ത കുറ്റി എന്നാണര്‍ത്ഥം.
പൃഷ്ഠം - ശരീരത്തിന്റെ പുറംഭാഗം, പുറം.
അങ്ങനെ കുറ്റിപ്പുറം സ്ഥാണുപൃഷ്ഠം ആയി.

"പ്രീണനായി നിഖിലാനി നിന്ദയന്‍
സ്ഥാണുവല്‍സ്ഥിമിത ഏഷ തിഷ്ഠതി"
ഈ വരികളിൽ സംസ്കൃതത്തിന്റെ പ്രസരം കാരണം, തീർത്തും നിശ്ചയമില്ല. അമ്മ പറഞ്ഞതും, വാക്കുകള്‍ ഗൂഗിൾ ചെയ്തു തപ്പിപ്പിടിച്ചു കണ്ടെത്തിയ അര്‍ത്ഥവുമാണ്‌ പറയുന്നത്. അറിയാവുന്നവര്‍ക്ക് സധൈര്യം തിരുത്താം!

"എല്ലാവരും എന്തൊക്കെ മോശമായി പറഞ്ഞാലും അതിലൊക്കെ സന്തോഷിച്ച് കുറ്റിപ്പുറത്തേക്ക് തന്നെ പോകാനുള്ള ദൃഢനിശ്ചയത്തോടെ ഇവന്‍ നില്‍ക്കുന്നു."

ഒരധ്യാപകന്‍ വേറൊരു അധ്യാപകനോട് ചൊല്ലിയ ഒരു കവിതാശകലം, അതേ അര്‍ത്ഥത്തില്‍, (ദുര്‍ധരാസുര വൈകല്യമില്ലാതെ!). എല്ലാവരും ഒരേ പോലെ രുചിയ്ക്കുന്നു. പഞ്ചസാര മധുരമാണെന്ന് അറിയുന്നത് പോലെ. അത് പഴമയുടെ സുകൃതമായിരിയ്ക്കും.

കോളേജിലെ ഘടികാരത്തിൽ സമയം നാലോടടുക്കുന്നു. ശ്രീകുമാരന്‍ മാഷ് ഇറങ്ങാനുള്ള ധൃതിയിലാണ്‌. ജോസ് മാഷുടെ മനസ്സില്‍ ഒരു നര്‍മ്മം രൂപപ്പെട്ടു തുടങ്ങിയിരിയ്ക്കുന്നു. സ്ഥാണുപൃഷ്ഠത്തേയ്കുള്ള ബസ് കിതപ്പ് മാറ്റി വിശ്രമിയ്ക്കുകയാണ്. ഒരു കവിത വിരിയാന്‍ നേരമായ പോലെ!